മികച്ച തുടക്കത്തിന് ശേഷം ഒഡീഷയെ പിടിച്ചുകെട്ടി കേരളം, ഒഡീഷയുടെ രക്ഷയ്ക്കെത്തി കാര്‍ത്തിക് ബിസ്വാല്‍

ഓപ്പണര്‍മാര്‍ നില്‍കിയ മികച്ച തുടക്കത്തിന് ശേഷം ഒഡീഷയുടെ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഒഡീഷ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്.

ഒഡീഷയുടെ ഒപ്പണര്‍മാരായ ഗൗരവ് ചൗധരിയും സന്ദീപ് പട്നായിക്കും ചേര്‍ന്ന് 119 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് 57 റണ്‍സ് നേടിയ ഗൗരവിനെ പുറത്താക്കി കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ സന്ദീപിനെ(66) പുറത്താക്കി ശ്രീശാന്തും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

പിന്നിട് തുടരെ വിക്കറ്റുകള്‍ നേടി കേരളം തിരിച്ചടിച്ചപ്പോള്‍ 119/0 എന്ന നിലയില്‍ നിന്നും 134/3 എന്ന നിലയിലേക്കും പിന്നീട് 176/6 എന്ന നിലയിലേക്കും ഒഡീഷ വീണു. പിന്നീട് ഏഴാം വിക്കറ്റില്‍ കാര്‍ത്തിക് ബിസ്വാലും ദേബ്രത പ്രധാനും(27) ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടുമായി ഒഡീഷയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

നിതീഷ് എംഡി ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. കാര്‍ത്തിക് ബിസ്വാല്‍ പുറത്താകാതെ 45 റണ്‍സ് നേടിയപ്പോള്‍ ഒഡീഷ 45 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി.

ഗ്രൗണ്ടിലെ നനവ് കാരണം മത്സരം വൈകി തുടങ്ങിയതിനാല്‍ 45 ഓവറാക്കി ഇന്നിംഗ്സ് ചുരുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്സേന, ശ്രീശാന്ത്, നിതീഷ് എംഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version