സയ്യദ് മുഷ്താഖ് അലി മാത്രമല്ല, ഇറാനിയും രഞ്ജിയും വിജയിക്കണമെന്നാണ് ലക്ഷ്യം – ശ്രീശാന്ത്

കേരളത്തിന് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവിന് ഒരുങ്ങുകയാണ് വിവാദ താരം ശ്രീശാന്ത്. സയ്യദ് മുഷ്താഖ് അലി ട്രോഫി വിജയിച്ച് അത് തനിക്കുള്ള മടങ്ങി വരവ് സമ്മാനമായി നല്‍കുവാനാണ് ആഗ്രഹമെന്നാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണും കോച്ച് ടിനു യോഹന്നാനും തന്നോട് പറഞ്ഞതെന്ന് ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ താന്‍ ലക്ഷ്ം വയ്ക്കുന്നത് മുഷ്താഖ് അലി ട്രോഫി മാത്രം ജയിക്കുന്നതല്ലെന്നും തനിക്ക് ഇറാനി ട്രോഫിയും രഞ്ജി ട്രോഫിയും വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി. താന്‍ മികവ് പുലര്‍ത്തിയാല്‍ തനിക്ക് ഇനിയും അവസരം ലഭിയ്ക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

താന്‍ ഈ സീസണ്‍ മാത്രമല്ല അടുത്ത മൂന്ന് സീസണുകളിലെ മികവാര്‍ന്ന പ്രകടനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അത് വഴി 2023 ലോകകപ്പ് ടീമില്‍ ഇടം നേടി കപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ 37 വയസ്സുള്ള താരത്തിന് ദേശീയ ടീമില്‍ ഇനി സ്ഥാനമുണ്ടോ എന്നത് സംശയത്തില്‍ ആണ്.

സഞ്ജു ക്യാപ്റ്റന്‍, ശ്രീശാന്ത് ടീമില്‍, കേരളത്തിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടീം അറിയാം

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ടീമിനെ നയിക്കുക. കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരളത്തിനെ നയിച്ച സച്ചിന്‍ ബേബിയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. ബിസിസിഐയുടെ വിലക്ക് കഴിഞ്ഞ് ശ്രീശാന്തും ടീമിലേക്ക് എത്തുന്നു.

ജനുവരി 10 മുതലാണ് സയ്യദ് മുഷ്താഖ് അലി ട്രോഫി ആരംഭിയ്ക്കുന്നത്.

Keralateam

സയ്യദ് മുഷ്താഖ് അലി ട്രോഫി, സാധ്യത പട്ടികയില്‍ ശ്രീശാന്തും

ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയുട കേരള ടീമിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ ഇന്ത്യന്‍ താരവും വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്ന ശ്രീശാന്ത് സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടിനു യോഹന്നാന്‍ ആണ് മുഖ്യ കോച്ച്.

കേരളത്തിന്റെ സാധ്യത പട്ടികയില്‍ 26 അംഗങ്ങളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സാധ്യത സംഘം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമേല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, ശ്രീശാന്ത്, നിധീഷ് എംഡി, ബേസില്‍ എന്‍പി, അക്ഷയ് ചന്ദ്രന്‍, സിജോ മോന്‍ ജോസഫ്, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹര്‍, മിഥുന്‍ പികെ, ശ്രീരൂപ്, അക്ഷയ് കെസി, റോജിത്, അരുണ്‍ എം

ശ്രീശാന്തിന്റെ മടങ്ങിവരവ് അടുത്ത് തന്നെയെന്ന് സൂചന

ബിസിസിഐയുടെ വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെയെന്ന് സൂചന. ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. കേരള ക്രിക്കറ്റ് അസോസ്സിയേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ ടൂര്‍ണ്ണമെന്റ് നടക്കുകയുള്ളു. അതിനാല്‍ തന്നെ തീയ്യതികളൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മേയ് 9 2013ല്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്.

ആലപ്പുഴയിലെ ഒരു ഹോട്ടലിലാവും എല്ലാ താരങ്ങളും ബയോ ബബിളില്‍ കഴിയുക എന്ന് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗ്ഗീസ് വ്യക്തമാക്കി. ഡിസംബര്‍ ആദ്യ വാരം ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സാധ്യതകളാണ് അസോസ്സിയേഷന്‍ പരിഗണിച്ച് വരുന്നതെന്നും സാജന്‍ വ്യക്തമാക്കി.

ഡ്രീം ഇലവന്റെ സ്പോണ്‍സര്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പിനുണ്ടാകുമെന്നും സാജന്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് എവിടെയും ക്രിക്കറ്റ് കളിക്കാൻ താൻ തയ്യാർ : ശ്രീശാന്ത്

ലോകത്ത് എവിടെയും ക്രിക്കറ്റ് കളിക്കാൻ താൻ തയ്യാറാണെന്ന് ഫാസ്റ്റ് ബൗളർ ശ്രീശാന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ബി.സി.സി.ഐ താരത്തിന് ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. 2013ലാണ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിയത്. അന്ന് ബി.സി.സി.ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയെങ്കിലും തുടർന്ന് കോടതി ഇടപെട്ട് വിലക്ക് 7 വർഷമായി കുറക്കുകയായിരുന്നു.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഏജന്റുമാരുമായി താൻ സംസാരിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളിലെ ക്ലബ് ക്രിക്കറ്റിൽ കളിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. 2023 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധികരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കൂടാതെ ലോർഡ്‌സിൽ റസ്റ്റ് ഓഫ് ദി വേൾഡ് – എം.സി.സി മത്സരത്തിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. ഇന്ത്യക്ക് വേണ്ടി 27 റെസുകളും 53 ഏകദിനങ്ങളും 10ടി20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്.

ശ്രീശാന്തിനെ കേരള ടീമിലേക്ക് സ്വാഗതം ചെയ്ത് ടിനു യോഹന്നാൻ

മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെ കേരള ടീമിലേക്ക് സ്വാഗതം ചെയ്ത് കേരള ടീം പരിശീലകൻ ടിനു യോഹന്നാൻ. ഫിറ്റ്നസ് തെളിയിക്കുകയാണെങ്കിൽ ശ്രീശാന്തിനെ ആഭ്യന്തര സീസണിലേക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്തുമെന്നും ടിനു യോഹന്നാൻ പറഞ്ഞു. ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനായി പരിശീലനം നടത്തുന്നുണ്ടെന്നും ടിനു യോഹന്നാൻ പറഞ്ഞു.

ശ്രീശാന്തുമായി താൻ ബന്ധപെടുന്നുണ്ടെന്നും എന്നാൽ ടീമിൽ എത്തണമെങ്കിൽ ശ്രീശാന്ത് ഫിറ്റ്നസ് തെളിയിക്കണമെന്നും കേരള പരിശീലകൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ബി.സി.സി.ഐ വിലക്കിയ ശ്രീശാന്തിന്റെ വിലക്ക് കലാവധി അവസാനിച്ചത്. കേരള അണ്ടർ 23 ടീമിന്റെ കൂടെ നേരത്തെ തന്നെ ശ്രീശാന്ത് പരിശീലനം ആരംഭിച്ചിരുന്നു.

ശ്രീശാന്തിന്റെ ഏഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിക്കുന്നു, ഇനി താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങാം

ഏഴ് വര്‍ഷത്തെ ശ്രീശാന്തിന്റെ കാത്തിരിപ്പിന് അവസാനം. ഐപിഎല്‍ കോഴ വിവാദത്തിന്റെ പേരില്‍ താരത്തെ ബിസിസിഐ വിലക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതാണ് ശുഭകരമായ വാര്‍ത്ത. തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, ക്രിക്കറ്റ് കളിക്കുവാനുള്ള സ്വാതന്ത്ര്യം, ഇത് വലിയൊരു ആശ്വാസമാണെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.

തന്റെ ഫിറ്റ്നെസ്സ് തെളിയിച്ച് താന്‍ കേരള ക്രിക്കറ്റിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി താരത്തെ വെറുതേ വിട്ടുവെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് മാറ്റുവാന്‍ തയ്യാറായിരുന്നില്ല. ഏറെ നാളത്തെ നിയമനടപടിയ്ക്ക് ശേഷമാണ് സുപ്രീം കോടതി താരത്തിന്റെ വിലക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിക്കുമെന്ന് അറിയിച്ചത്.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബിസിസിഐ ശ്രീശാന്തിനെ ഇനി തങ്ങളുടെ ടീമിലേക്ക് പരിഗണിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

സ്മിത്തിന്റെ പരിശ്രമത്തെ അഭിനന്ദിക്കണം, പക്ഷേ വിരാട് കോഹ്‍ലി തന്നെ മികച്ച താരം

വിരാട് കോഹ്‍ലിയും സ്റ്റീവ് സ്മിത്തും തമ്മില്‍ മികച്ച ബാറ്റ്സ്മാനാരെന്ന താരതമ്യം ആവശ്യമില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. വര്‍ക്ക് എത്തിക്സ് പരിഗണിക്കുമ്പോള്‍ അത് വേറെ ആരുമല്ല വിരാട് കോഹ്‍ലിയാണ് മുമ്പിലെന്ന് പറഞ്ഞു. സ്റ്റീവ് സ്മിത്തും കഠിന പരിശ്രമം നടത്തുന്നുണ്ടെങ്കിലും വിരാട് കോഹ്‍‍ലി വേറെ നിലയില്‍ തന്നെയുള്ള താരമാണെന്ന് ശ്രീശാന്ത് പറഞ്ഞു.

സ്പിന്നറില്‍ നിന്ന് ഇത്രയും മികവാര്‍ന്ന ബാറ്റ്സ്മാനായി വളര്‍ന്ന സ്റ്റീവ് സ്മിത്തിന്റെ പരിശ്രമത്തെ അഭിനന്ദിക്കേണ്ടതാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സ്മിത്തിന്റെ വിക്കറ്റ് നേടിയിട്ടുള്ള താന്‍ ഇതുവരെ വിരാട് കോഹ‍്‍ലിയുടെ വിക്കറ്റ് നേടിയിട്ടില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സച്ചിന്‍ ഡ്രസ്സിംഗ് റൂമില്‍ ഉള്ള മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹം

ബിസിസിഐ വിലക്ക് അവസാനിച്ച ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ തയ്യാറെടുക്കുന്ന ശ്രീശാന്ത് തന്റെ ഐപിഎല്‍ സ്വപ്നങ്ങളും പങ്കുവെച്ചിരുന്നു. ഇതില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാനായാല്‍ അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ചില ടീമുകള്‍ തന്നെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. അടുത്ത ഐപിഎല്‍ ലേലത്തില്‍ തന്റെ പേരും നല്‍കുവാന്‍ ഒരുങ്ങുകയാണ് മലയാളി താരം. രഞ്ജി സാധ്യത ലിസ്റ്റില്‍ ശ്രീശാന്തിനെയും കേരളം അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.

മുംബൈ ഇന്ത്യന്‍സ് പോലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകള്‍ക്കായും കളിക്കുവാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി തസ്കേഴ്സ് കേരള എന്നിവയാണ് ശ്രീശാന്ത് ഐപിഎലില്‍ കളിച്ചിട്ടുള്ള ടീമുകള്‍.

മുംബൈ ഇന്ത്യന്‍സിന് കളിക്കുവാനുള്ള തന്റെ ആഗ്രഹത്തിന് പിന്നില്‍ സച്ചിനോടുള്ള ഇഷ്ടവും ബഹുമാനവുമാണെന്ന് ശ്രീശആന്ത് വ്യക്തമാക്കി. എന്നാല്‍ ലേലത്തില്‍ ഏത് ടീം തന്നെ സ്വന്തമാക്കിയാലും തനിക്ക് കളിക്കുവാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. ധോണിയുടെ കീഴില്‍ ചെന്നൈയിലോ വിരാടിന് കീഴില്‍ ബാംഗ്ലൂരിലോ തനിക്ക് അവസരം ലഭിച്ചാലും സന്തോഷമേയുള്ളുവെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ചെന്നൈ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ ശ്രീശാന്തിന്റെ ശ്രമം

ബി.സി.സി.ഐ ഏർപെടുത്തിയ 7 വർഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ മലയാളി ഫാസ്റ്റ് ബൗളർ ശ്രീശാന്തിന്റെ ശ്രമം. ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ലഭിച്ച 7 വർഷത്തെ വിലക്ക് ഈ സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ചെന്നൈ ലീഗിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ശ്രീശാന്ത് ശ്രമിക്കുന്നത്.

നേരത്തെ ചെന്നൈയിലാണ് ശ്രീശാന്ത് തന്റെ ബൗളിംഗ് കഴിവ് മിനുക്കിയെടുത്തത്. ചെന്നൈയെ കുറിച്ച് തനിക്ക് നല്ല ഓർമ്മകളാണ് ഉള്ളതെന്നും ഡെന്നിസ് ലില്ലിക്ക് കീഴിലും ടി.എ ശേഖറിന് കീഴിലുമാണ് താൻ ബൗളിംഗ് പഠിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ കളിച്ചതിന്റെ നല്ല ഓർമ്മകൾ തന്റെ മനസ്സിലുണ്ടെന്നും വീണ്ടും ചെന്നൈ ലീഗിൽ കളിക്കാൻ ആഗ്രഹം ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

നേരത്തെ ചെന്നൈ ലീഗിൽ ഗ്ലോബ് ട്രോറ്റേഴ്‌സിന്റെ താരമായിരുന്ന ശ്രീശാന്ത് നിലവിൽ ചെന്നൈ ലീഗിലെ ഏതു ടീമിലും കളിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.സി.സി.ഐയുടെ വിലക്ക് കഴിഞ്ഞാൽ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കിയിരുന്നു.

ഐപിഎലില്‍ തന്നെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകളുണ്ട് – ശ്രീശാന്ത്

ഐപിഎലില്‍ താന്‍ വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് അഭിപ്രായപ്പെട്ട് മലയാളി താരം ശ്രീശാന്ത്. 2013ല്‍ ഐപിഎലിലെ കോഴ വിവാദത്തിനെത്തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പടുത്തിയ താരത്തിന് കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിയ്ക്കുകയായിരുന്നു. 2020 സെപ്റ്റംബറില്‍ തന്റെ വിലക്ക് നീങ്ങി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഇപ്പോള്‍ കേരളം തങ്ങളുടെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ തനിക്ക് ഐപിഎലിലേക്കും മടങ്ങിയെത്താനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. തന്നെ ടീമിലുള്‍പ്പെടുത്തുവാന്‍ താല്പര്യമുള്ള ഫ്രാഞ്ചൈസികളുണ്ടെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയത്.

തന്റെ പേര് താന്‍ ലേലത്തിന് നല്‍കുമെന്നും താന്‍ മികച്ച പ്രകടനം രഞ്ജിയിലും മറ്റും നടത്തുകയാണെങ്കില്‍ സ്വാഭാവികമായി തന്നെ ടീമുകള്‍ തന്നെ സ്വന്തമാക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. താന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ഐപിഎലില്‍ തിരികെ എത്തി മാത്രമാവും തനിക്ക് തന്റെ നേര്‍ക്കുള്ള കോഴ ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുവാനാകൂ എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

ബാസ്കറ്റ്ബാൾ ഇതിഹാസം മൈക്കിൾ ജോർദാന്റെ പരിശീലകൻ ശ്രീശാന്തിനെ പരിശീലിപ്പിക്കും

ബാസ്കറ്റ്ബാൾ ഇതിഹാസങ്ങളായ മൈക്കിൾ ജോർദാനെയും കോബി ബ്രയന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവർ മലയാളി താരം ശ്രീശാന്തിന്റെ പരിശീലകനാകും. ഏഴ് വർഷത്തെ ബി.സി.സി.ഐ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ശ്രീശാന്തിനെ സഹായിക്കാനാണ് ടിം ഗ്രോവർ എത്തുന്നത്. നിലവിൽ ആഴ്ചയിൽ രാവിലെ 5.30 മുതൽ 8.30 വരെ താൻ ടിം ഗ്രോവറിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും തുടർന്ന് ഉച്ചക്ക് 1.30 മുതൽ 6 വരെ എറണാകുളത്തെ ഇൻഡോർ നെറ്റ്സിൽ കേരള ടീമിന്റെ അണ്ടർ 23 താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും ശ്രീശാന്ത് അറിയിച്ചു. പരിശീലനത്തിന് മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയും പങ്കെടുക്കാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

താൻ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ 2021ലെ ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചില ടീമുകൾക്ക് തന്നെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടാവുമെന്നും തന്നെ പുറത്താക്കിയ ഐ.പി.എല്ലിൽ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. ആഴ്ചയിലെ ആറ് ദിവസവും താൻ മൂന്ന് മണിക്കൂർ വീതം ബൗളിംഗ് പരിശീലനം നടത്തുന്നുണ്ടെന്നും 2 മണിക്കൂർ ചുവന്ന പന്തുകൊണ്ടും ഒരു മണിക്കൂർ വെള്ള പന്തുകൊണ്ടുമാണ് താൻ പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

Exit mobile version