ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.

ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന താരങ്ങളെയാണ് തിരഞ്ഞെടുത്തതെന്നും ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നു ഈ നാല് താരങ്ങളെ തിരഞ്ഞെടുക്കുക എന്നും ഷംസി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, 41 വയസ്സായെങ്കിലും ഇപ്പോളും തികഞ്ഞ പോരാളിയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഇമ്രാന്‍ താഹിര്‍, ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍, പാക്കിസ്ഥാന്റെ ഷദബ് ഖാന്‍ എന്നിവരാണ് പട്ടികയിലെ താരങ്ങള്‍.

ഷദബ് ഖാന്റെയും ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകള്‍ റദ്ദാക്കി സറേ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുലുകള്‍ തുടരുകയാണ്. ഇപ്പോള്‍ സറേ പുതുതായി രണ്ട് താരങ്ങളുടെ കരാറുകള്‍ കൂടി റദ്ദാക്കുകയാണന്ന് അറിയിച്ചു. പാക്കിസ്ഥാന്‍ താരം ഷദബ് ഖാന്റെയും ഓസ്ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകളാണ് സറേ റദ്ദാക്കിയത്.

ടി20 ബ്ലാസ്റ്റ് നീട്ടി വെക്കുവാനുള്ള തീരുമാനം ഇംഗ്ലീഷ് ബോര്‍ഡ് കൈക്കൊണ്ടതോടെയാണ് കൗണ്ടി ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇരു താരങ്ങളുടെയും സമ്മതത്തോടെയാണ് ഈ നീക്കമെന്നും കൗണ്ടി വ്യക്തമാക്കി. ഈ താരങ്ങള്‍ ദി ഹണ്ട്രെഡിലും ടീമിനെ പ്രതിനിധീകരിക്കുവാനിരുന്നതായിരുന്നുവെങ്കില്‍ ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ സറേ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മൈക്കല്‍ നീസെറിന്റെ കരാര്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചിരുന്നു.

താന്‍ പന്തെറിയുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ള താരങ്ങള്‍ രോഹിത് ശര്‍മ്മയും സ്റ്റീവ് സ്മിത്തും

തന്റെ ഇതുവരെയുള്ള കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസമായി തോന്നിയത് രോഹിത് ശര്‍മ്മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും എതിരെയാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍. പാക്കിസ്ഥാന്‍ ടീമിലെത്തി മൂന്ന് വര്‍ഷമായിട്ടുള്ള ഈ 21 വയസ്സുകാരന്‍ താരം ബാറ്റ് കൊണ്ടും ബോള് കൊണ്ടും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

തന്നോട് പന്തെറിയുവാന്‍ ഏറ്റവും പ്രയാസമുള്ള താരത്തെ തിരഞ്ഞെടുക്കുവാന്‍ പറഞ്ഞപ്പോള്‍ ഷദബ് ഇന്ത്യയുടെ രോഹിത് ശര്‍മ്മയെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ സ്പിന്നിന് അനുകൂലമല്ലാത്ത സാഹചര്യമാണെന്നത് സ്മിത്തിനെതിരെ പന്തെറിയുവാന്‍ പ്രയാസമാണെന്ന് പറഞ്ഞു.

അതേ സമയം രോഹിത്തിനെതിരെ ചെറിയ വീഴ്ച പറ്റിയാല്‍ തന്നെ താരം കണക്കറ്റ് പ്രഹരിക്കുമെന്നും വളരെ പ്രയാസമാണ് ഇന്ത്യന്‍ താരത്തിനെതിര പന്തെറിയുവാനെന്നും ഷദബ് വ്യക്തമാക്കി.

ടി20 ബ്ലാസ്റ്റിന് സറേയ്ക്കൊപ്പം ഷദബ് ഖാന്‍

2020 വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിക്കുവാന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാനും എത്തുന്നു. 21 വയസ്സ് മാത്രമുള്ള താരത്തിന് 117 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുവാനായിട്ടുണ്ട്. ഇന്ന് രണ്ട് താരങ്ങളെയാണ് സറേ പ്രഖ്യാപിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ താരമാണ് ഷദബ് ഖാന്‍. പാക്കിസ്ഥാനായി 2017ല്‍ അരങ്ങേറ്റം നടത്തിയ താരം 35 ടി20കളിലും 43 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

2019 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിന് പുറമെ ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ശ്രദ്ധേയമായ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.

പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി സര്‍ഫ്രാസും സംഘവും

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 32 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്ന ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയുടെ ആഴം കുറച്ചത്.

ഹഷിം അംലയെ തുടക്കത്തില്‍ നഷ്ടമായ ശേഷം ക്വിന്റണ്‍ ഡി കോക്ക്-ഫാഫ് ഡു പ്ലെസി സഖ്യം നേടിയ 87 റണ്‍സ് കൂട്ടുകെട്ടിനെ ഷദബ് ഖാന്‍ തകര്‍ത്ത ശേഷം ഒരു കൂട്ടുകെട്ടിനെയും അധിക സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രശ്നം സൃഷ്ടിക്കുകായയിരുന്നു. ഷദബ് ഖാനും മുഹമ്മദ് അമീറും ടോപ് ഓര്‍ഡറില്‍ പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ വഹാബ് റിയാസ് ആണ് വാലറ്റത്തെ തകര്‍ത്തെറിഞ്ഞത്.

ഡി കോക്ക് 47 റണ്‍സും ഫാഫ് ഡു പ്ലെസി 63 റണ്‍സും നേടിയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(36), ഡേവിഡ് മില്ലര്‍(31) എന്നിവര്‍ക്ക് ലഭിച്ച തുടക്കം അധികം മുന്നോട്ട് കൊണ്ടുപോകാനായില്ല. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാനും വഹാബ് റിയാസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

ജോ-ജോസ് സഖ്യത്തിന്റെ വിഫലമായ ചെറുത്ത് നില്പ്, ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ റൂട്ടിന്റെയും ജോസ് ബട്‍ലറുടെയും ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും 249 റണ്‍സെന്ന വിജയ ലക്ഷ്യത്തിനു 14 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ഇംഗ്ലണ്ടിനു 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടാനായത്.

മുഹമ്മദ് ഹഫീസിന്റെ നിര്‍ണ്ണായക ക്യാച്ച് കൈവിട്ട ജേസണ്‍ റോയ് തന്റെ തെറ്റ് തിരുത്തുവാനുള്ള അവസരം മുതലാക്കാതെ വേഗം മടങ്ങിയ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് നേടിയെങ്കിലും ബൈര്‍സ്റ്റോയെ വഹാബ് റിയാസ് പുറത്താക്കി. ഓയിന്‍ മോര്‍ഗനെ ഹഫീസും ബെന്‍ സ്റ്റോക്സിനെ ഷൊയ്ബ് മാലിക്കും പുറത്താക്കിയതോടെ 118/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് വലിയ തോല്‍വിയാണ് മുന്നില്‍ കണ്ടത്.

എന്നാല്‍ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ജോ റൂട്ട്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ഷദബ് ഖാന്‍ ശതകം നേടിയ ജോ റൂട്ടിനെ പുറത്താക്കുമ്പോള്‍ 130 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. 104 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് ജോ റൂട്ടിന്റെ മടക്കം.

ജോ റൂട്ട് പുറത്തായ ശേഷവും തന്റെ പതിവു ശൈലിയില്‍ ജോസ് ബട്‍ലര്‍ ബാറ്റ് വീശിയപ്പോള്‍ അവസാന എട്ടോവറില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് വിക്കറ്റ് കൈവശം ഇരിക്കവെ 81 റണ്‍സായിരുന്നു. തുടര്‍ന്നു ജോസ് ബട്‍ലര്‍ അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ക്യാമ്പ് പരിഭ്രാന്തരായെങ്കിലും  75 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ജോസ് ബട്‍ലര്‍ അടുത്ത പന്തില്‍ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ കഷ്ടത്തിലാവുകയായിരുന്നു. 103 റണ്‍സാണ് ജോസ് ബട്‍ലര്‍ 76 പന്തില്‍ നിന്ന് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു നേടേണ്ടിയിരുന്നത്. ക്രീസില്‍ മോയിന്‍ അലിയും ക്രിസ് വോക്സും.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും 19 റണ്‍സ് നേടിയ മോയിന്‍ അലിയെ വഹാബ് റിയാസ് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിനു ലക്ഷ്യം 13 പന്തില്‍ നിന്ന് 29 റണ്‍സായിരുന്നു. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഷദബ് ഖാന്‍ തിരിച്ചുവരുന്നത് പാക്കിസ്ഥാനെ കൂടുതല്‍ ശക്തരാക്കും

ഷദബ് ഖാന്റെ തിരിച്ചുവരവ് പാക്കസിസ്ഥാന്‍ ടീമിനെ സന്തുലിതമാക്കുമെന്നും കൂടുതല്‍ ശക്തമാക്കുമെന്നും അഭിപ്രായപ്പെട്ട് മിക്കി ആര്‍തര്‍. താരം തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കുവാന്‍ കുറച്ച് സമയം എടുക്കുമെങ്കിലും മേയ് 31നു ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു കളിയ്ക്കാനുണ്ടാകുമെന്നാണ് മിക്കി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. രണ്ടാഴ്ച ഫോമും പൂര്‍ണ്ണ ഫിറ്റ്നെസ്സും എടുക്കുവാന്‍ താരത്തിനുണ്ടെന്നുള്ളതും മികച്ച കാര്യമാണെന്ന് മിക്കി കൂട്ടി ചേര്‍ത്തു.

താരം ഫിറ്റ്നെസ്സും ഫോമും വീണ്ടെടുക്കുവാനായി നടത്തിയ കഠിന പ്രയത്നങ്ങള്‍ താരത്തിന്റെ സമീപനമാണ് കാണിക്കുന്നതെന്നും മിക്കി ആര്‍തര്‍ പറഞ്ഞു. താരത്തിന്റെ ഓള്‍റൗണ്ട് കഴിവുകള്‍ പാക്കിസ്ഥാന്‍ ബാറ്റിംഗിനു കൂടുതല്‍ ആഴവും മൂന്ന് പേസര്‍മാരെ കളിപ്പിയ്ക്കുവാനുള്ള അവസരവും ടീമിനു നല്‍‍കുന്നു എന്നതും ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവ് ഏറെ പ്രാധാന്യമുള്ളതാണ്.

ഷദബ് ഖാന്‍ മാച്ച് ഫിറ്റ്, ലോകകപ്പിനുണ്ടാകും

2019 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍ കളിയ്ക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം അസുഖം മൂലം പങ്കെടുക്കുന്നില്ലായിരുന്നു. ഇപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ രക്തത്തില്‍ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത്.

താരം ഉടന്‍ തന്നെ ലണ്ടനിലെത്തി ഇവിടെ ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മേയ് 20നകം പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ക്ക് താരത്തിന്റെ ലഭ്യത ആ സമയത്ത് മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്.

ക്രിസ് മോറിസ് 29 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ പൊരുതിയെങ്കിലും മുഹമ്മദ് അമീറും ഷദബ് ഖാനും വീഴ്ത്തിയ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. 55 റണ്‍സ് നേടിയ മോറിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 41 റണ്‍സ് നേടി പുറത്തായി.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാനും ഫഹീം അഷ്റഫും രണ്ടും വിക്കറ്റാണ് നേടിയത്.

107 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര തൂത്തുവാരി

ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാനെതിരെ 107 റണ്‍സ് വിജയം നേടുക വഴി ടെസ്റ്റ് പരമ്പര 3-0നു തൂത്തുവാരി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 273 റണ്‍സിനു അവസാനിപ്പിച്ചാണ് ടീമിന്റെ ഈ വിജയം. 153/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 120 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

65 റണ്‍സ് നേടിയ അസാദ് ഷഫീക്ക് ടോപ് സ്കോറര്‍ ആയപ്പോള്‍ 47 റണ്‍സുമായി ഷദബ് ഖാന്‍ പുറത്താകാതെ നിന്നു. ഹസന്‍ അലി 22 റണ്‍സും ബാബര്‍ അസം 21 റണ്‍സും നേടി. 65.4 ഓവറിലാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്. ഡുവാനെ ഒളിവിയര്‍, കാഗിസോ റബാഡ എന്നിവര്‍ മൂന്നും ഡെയില്‍ സ്റ്റെയിന്‍ രണ്ടും വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയത്.

ക്വിന്റണ്‍ ഡി കോക്ക് കളിയിലെ താരവും ഡുവാനെ ഒളിവിയര്‍ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച് ഫിറ്റ് ആകുവാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ഇത് അറിയിക്കുകയായിരുന്നു. ലെഗ് സ്പിന്നര്‍ ഷദബ് ഖാനും ടീമിനു വേണ്ടി ആദ്യ മത്സരത്തില്‍ കളിക്കില്ല. താരവും പരിക്കിനെത്തുടര്‍ന്നാണ് കളത്തിനു പുറത്തിരിക്കുന്നത്.

അതേ സമയം ഓപ്പണര്‍ ഫകര്‍ സമന്‍ പരിക്ക് ഭേദമായി തിരികെ ടീമിലെത്തുമെന്നാണ് അറിയുന്നത്. ഷദബ് ഖാനും മുഹമ്മദ് അബ്ബാസും രണ്ടാം ടെസ്റ്റില്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20യും സ്പിന്‍ ബൗളര്‍മാരുടെ ആധിപത്യവും

ടി20 ബൗളര്‍മാരുടെ റാങ്കിംഗ് എടുത്ത് നോക്കിയാല്‍ അവിടെ സ്പിന്നര്‍മാരുടെ ആധിപത്യം മാത്രമാണുള്ളത്. 20ല്‍ 13 സ്ഥാനങ്ങളും സ്വന്തമാക്കി മുന്നേറുന്നത് സ്പിന്നര്‍മാരാണ്. ഏറ്റവും പുതിയ റാങ്കിംഗ് എത്തിയപ്പോള്‍ ജസ്പ്രീത് ബുംറയെയും മുസ്തഫിസുര്‍ റഹ്മാനെയും ആദ്യ 20 സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി സ്പിന്നര്‍മാര്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

ടി20 ബൗളിംഗില്‍ ആദ്യ 20 സ്ഥാനക്കാരില്‍ 7 സ്ഥാനം മാത്രമാണ് പേസ് ബൗളര്‍മാര്‍ക്കുള്ളത്. ആദ്യ പത്തില്‍ ഒരു പേസ് ബൗളര്‍ ഉള്ളത് പാക്കിസ്ഥാന്റെ ഫഹീം അഷ്റഫാണ്. അഷ്റഫിനു 652 പോയിന്റുമായി ഏഴാം സ്ഥാനത്താണ് എത്തി നില്‍ക്കുവാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പേസ് ബൗളര്‍മാരില്‍ 20ാം സ്ഥാനത്ത് നില്‍ക്കുന്നത് ഭുവനേശ്വര്‍ കുമാറാണ്. ജസ്പ്രീത് ബുംറ 21ാം സ്ഥാനത്ത് നില്‍ക്കുന്നു.

Exit mobile version