മൂന്ന് വിക്കറ്റുമായി ഷംസി, ദക്ഷിണാഫ്രിക്കയുമായുള്ള നിര്‍ണ്ണായക മത്സരത്തിൽ 135 റൺസ് നേടി വെസ്റ്റിന്‍ഡീസ്

സൂപ്പര്‍ 8 ഗ്രൂപ്പ് 2 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റിന്‍ഡീസിന് നേടാനായത് 135 റൺസ്. റോസ്ടൺ ചേസ് അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഓപ്പണര്‍ കൈൽ മയേഴ്സ് 35 റൺസ് നേടി ടീമിലെ രണ്ടാമത്തോ ടോപ് സ്കോറര്‍ ആയി.

മറ്റ് താരങ്ങള്‍ക്കാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 5/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ കൈൽ മയേഴ്സ് – റോസ്ടൺ ചേസ് കൂട്ടുകെട്ട് 81 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും മയേഴ്സ് പുറത്തായ ശേഷം ടീം വീണ്ടും തകര്‍ച്ച നേരിട്ടു.

86/2 എന്ന നിലയിൽ നിന്ന് ടീം പൊടുന്നനെ 97/6 എന്ന നിലയിലേക്ക് വീഴുന്നതാണ് പിന്നീട് കണ്ടത്. ചേസ് 52 റൺസ് നേടി പുറത്തായപ്പോളാണ് ടീമിന് 6ാം വിക്കറ്റ് നഷ്ടമായത്. 9 പന്തിൽ 15 റൺസ് നേടിയ ആന്‍ഡ്രേ റസ്സൽ റണ്ണൗട്ട് രൂപത്തിൽ പുറത്തായതും വെസ്റ്റിന്‍ഡീസിന് അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുന്നതിൽ തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയുടെ തകര്‍പ്പന്‍ സ്പെല്ലാണ് ടീമിന് മികവ് പുലര്‍ത്തുവാന്‍ സഹായിച്ചത്.

118/8 എന്ന നിലയിൽ നിന്ന് അൽസാരി ജോസഫ് (11*) – ഗുഡകേഷ് മോട്ടി (4*) എന്നിവര്‍ ചേര്‍ന്ന് നേടിയ 17 റൺസിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 135/8 എന്ന സ്കോറിലെത്തിച്ചത്.

വമ്പന്‍ വിജയം, ഇംഗ്ലണ്ട് നിഷ്പ്രഭം, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. ഇന്ന് മൂന്നാമത്തെയും നിര്‍ണ്ണായകമായ അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 191 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 101 റൺസിലൊതുക്കി 90 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

ലിയാം ലിവിംഗ്സ്റ്റണിനെയും പിന്നീടുള്ള നാല് വിക്കറ്റുകള്‍ തബ്രൈസ് ഷംസി നേടിയപ്പോള്‍ നേരത്തെ തുടക്കം തന്നെ ഇംഗ്ലണ്ടിന് പാളിയിരുന്നു. 59/4 എന്ന നിലയിലേക്ക് കേശവ് മഹാരാജും പേസര്‍മാരും ഇംഗ്ലണ്ടിനെ തള്ളിയിട്ടിരുന്നു.

അവസാന വിക്കറ്റായി വീണ ജോണി ബൈര്‍സ്റ്റോ 27 റൺസുമായി പൊരുതി നോക്കിയെങ്കിലും വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിയ്ക്കുവാന്‍ താരത്തിനും സാധിച്ചില്ല. 16.4 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക, 58 റൺസ് വിജയം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 207/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറിൽ 149 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 58 റൺസ് വിജയം ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.

55 പന്തിൽ പുറത്താകാതെ 96 റൺസ് നേടിയ റൈലി റൂസ്സോയും 53 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സും ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ റൺസ് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും ആന്‍ഡിലെ ഫെഹ്ലക്വായോയും മൂന്ന് വീതം വിക്കറ്റും ലുംഗി എന്‍‍ഗിഡി രണ്ട് വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 30 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് ടീമിന്റെ ടോപ് സ്കോറര്‍. 14 പന്തിൽ 29 റൺസ് നേടിയ ജോസ് ബട്ലറും 28 റൺസ് നേടിയ മോയിന്‍ അലിയും ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ടി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരന്‍ ബൗളറെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

ടി20 ക്രിക്കറ്റില്‍ ഒന്നാം റാങ്കിലുള്ള ബൗളര്‍ തബ്രൈസ് ഷംസിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ആന്‍ഡ്രൂ ടൈയ്ക്ക് പകരമാണ് ദക്ഷിണാഫ്രിക്കന്‍ താരത്ത സ്വന്തമാക്കിയ കാര്യം രാജസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം 2016ലെ സീസണിൽ മൂന്ന് വിക്കറ്റ് നേടിയിട്ടുണ്ട്. അടുത്തിടെ അവസാനിച്ച ദി ഹണ്ട്രെഡിൽ 5 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റാണ് താരം നേടിയത്.

39 ടി20 മത്സരങ്ങളിൽ നിന്നായി 45 വിക്കറ്റ് നേടിയിട്ടുള്ള ഷംസി അടുത്തിടെയായി മികച്ച ഫോമിലാണ് കളിക്കുന്നത്. നേരത്തെ ജോസ് ബട്‍ലറിന് പകരം ന്യൂസിലാണ്ട് താരം ഗ്ലെന്‍ ഫിലിപ്പ്സിനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു.

അനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക

ബാറ്റിംഗിലെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മില്ലര്‍ – മുള്‍ഡര്‍ കൂട്ടുകെട്ടിന്റെ ബലത്തിൽ 159 റൺസ് നേടിയ ദക്ഷിണാഫ്രിക്ക അയര്‍ലണ്ടിനെ 117 റൺസിന് ഒതുക്കി 42 റൺസ് വിജയം നേടി. 3 വിക്കറ്റ് നേടിയ തബ്രൈസ് ഷംസിയ്ക്കൊപ്പം ജോൺ ഫോര്‍ട്ടുയിനും അത്രയും തന്നെ വിക്കറ്റ് നേടിയാണ് അയര്‍ലണ്ടിന്റെ നടുവൊടിച്ചത്.

24 റൺസ് നേടിയ ഷെയിന്‍ ഗെറ്റ്കേറ്റ് ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ജോര്‍ജ്ജ് ഡോക്രെൽ 20 റൺസ് നേടി.19.3 ഓവറിൽ അയര്‍ലണ്ട് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ ടി20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ഷംസിയ്ക്ക് മുന്നിൽ പതറി അയര്‍ലണ്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 33 റൺസ് വിജയം

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ 165/7 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ അയര്‍ലണ്ടിന് തോല്‍വി. തങ്ങളുടെ ഇന്നിംഗ്സ് 132/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ അയര്‍ലണ്ട് ദക്ഷിണാഫ്രിക്കന്‍ സ്കോറിന് 33 റൺസ് അകലെ വരെ എത്തിയുള്ളു.

36 റൺസ് നേടിയ ഹാരി ടെക്ടറും പുറത്താകാതെ 30 റൺസ് വാലറ്റത്തിൽ നേടിയ ബാരി മക്കാര്‍ത്തിയും മാത്രമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. 88/9 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടീമിനെ പത്താം വിക്കറ്റിൽ 44 റൺസ് നേടി മക്കാര്‍ത്തി – ജോഷ്വ ലിറ്റിൽ (15*) കൂട്ടുകെട്ടാണ് തോല്‍വിയുടെ ആഘാതം കുറച്ച് കൊണ്ടുവന്നത്. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 22 റൺസ് നേടി.

മറ്റാര്‍ക്കും രണ്ടക്ക സ്കോര്‍ പോലും നേടാനാകാതെ പോയതാണ് ടീമിന്റെ തിരിച്ചടിയായി മാറിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരിൽ തബ്രൈസ് ഷംസി തന്റെ മികച്ച ഫോം തുടര്‍ന്ന് നാല് വിക്കറ്റ് നേടിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ, ലുംഗി എന്‍ഗിഡി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

പുറത്ത് ചാടുന്ന നോൺ സ്ട്രൈക്കർമാരെ റണ്ണൌട്ടാക്കണം – അശ്വിന് പിന്തുണയുമായി തബ്രൈസ് ഷംസി

ക്രീസിന് പുറത്ത് കടക്കുന്ന നോൺ സ്ട്രൈക്കർമാരെ മങ്കാഡ് ചെയ്ത് പുറത്താക്കണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസി. ഈ വിഷയത്തിൽ താൻ രവിചന്ദ്രൻ അശ്വിന് പിന്തുണ നൽകുന്നുവെന്നാണ് ഷംസി പറഞ്ഞത്. ഐപിഎൽ 2019 സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർക്ക് മുന്നറിയിപ്പ് പോലും നൽകാതെ മങ്കാഡിംഗ് ചെയ്ത് പുറത്താക്കി അശ്വിന്റെ നീക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. താരത്തിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് പണ്ഡിതന്മാരും സോഷ്യൽ മീഡിയയും രണ്ട് തട്ടിൽ നിൽക്കുകയായിരുന്നു.

മത്സരത്തിന്റെ സുപ്രധാന ഘട്ടത്തിലുള്ള ഈ പുറത്താകൽ രാജസ്ഥാന്റെ സാധ്യതകളെ ബാധിക്കുകയും പഞ്ചാബ് കടന്ന് കൂടുകയും ചെയ്തത് വിവാദത്തിന് ആക്കം കൂട്ടി. ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരെ എന്ന് പറഞ്ഞ് അന്ന് ഏവരും അശ്വിനെ വിമർശിച്ചിരുന്നു. ബാറ്റ്സ്മാന്മാർ അനാവശ്യമായ മുതലെടുപ്പ് എടുക്കുന്നത് തടയുവാൻ ബൌളർമാർ ഇത്തരത്തിൽ ഭയമില്ലാതെ പുറത്താക്കലുകൾ നടത്തണമെന്നും ഇങ്ങനെ പുറത്താക്കിയ ശേഷമുള്ള വിമർശനങ്ങളെ ഭയന്നാണ് പലരും ഇത് ചെയ്യാത്തതെന്നും ഷംസി വ്യക്തമാക്കി.

നിയമത്തിനുള്ളിലുള്ള കാര്യമായതിനാൽ തന്നെ ബൌളർമാർ ഇതിൽ ഭയം വിചാരിക്കേണ്ട കാര്യമില്ലെന്നും ഷംസി കൂട്ടിചേർത്തു.

ഇംഗ്ലണ്ടിന് രണ്ടാം ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി ഇംഗ്ലണ്ട്. 147 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ദാവിദ് മലന്‍ ആണ് അര്‍ദ്ധ ശതകവുമായി മികച്ച പ്രകടനം പുറത്തെടുത്തത്. കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും മലനോടൊപ്പം ചേര്‍ന്ന ഓയിന്‍ മോര്‍ഗന്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ടീമിനെ വിജയത്തിന് അടുത്ത് വരെ എത്തിയ്ക്കുകയായിരുന്നു.

51 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും നേടിയത്. അവസാന ഓവറില്‍ ലക്ഷ്യത്തിന് 3 റണ്‍സ് അകലെ സാം കറന്റെ വിക്കറ്റ് കൂടി ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ജയം ഒരു പന്ത് അവശേഷിക്കെ ടീം നേടി. 3 പന്തില്‍ 6 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദനാണ് വിജയ റണ്‍സ് ബൗണ്ടറി നേടി സ്വന്തമാക്കിയത്. വിജയ സമയത്ത് ഓയിന്‍ മോര്‍ഗന്‍ പുറത്താകാതെ 26 റണ്‍സ് നേടി ക്രീസിലുണ്ടായിരുന്നു.

ജേസണ്‍ റോയ്(14), ജോസ് ബട്ലര്‍(22), ബെന്‍ സ്റ്റോക്സ്(16) എന്നിവരും ഇംഗ്ലണ്ടിനായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രൈസ് ഷംസി മൂന്നും ലുംഗിസാനി ഗിഡി രണ്ടും വിക്കറ്റ് നേടി. വിജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി.

ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്.

ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന താരങ്ങളെയാണ് തിരഞ്ഞെടുത്തതെന്നും ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നു ഈ നാല് താരങ്ങളെ തിരഞ്ഞെടുക്കുക എന്നും ഷംസി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, 41 വയസ്സായെങ്കിലും ഇപ്പോളും തികഞ്ഞ പോരാളിയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഇമ്രാന്‍ താഹിര്‍, ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാല്‍, പാക്കിസ്ഥാന്റെ ഷദബ് ഖാന്‍ എന്നിവരാണ് പട്ടികയിലെ താരങ്ങള്‍.

വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാന്‍, നേടിയത് 203 റണ്‍സ്

ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഹസന്‍ അലിയും സര്‍ഫ്രാസ് അഹമ്മദു. ഒമ്പതാം വിക്കറ്റില്‍ നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 203 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ 46ാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആന്‍ഡിലെ ഫെഹ്ലുക്വായോ പാക്കിസ്ഥാന്റെ ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

കൃത്യമായ ഇടവേളകളില്‍ പാക്കിസ്ഥാന്‍ വിക്കറ്റുകള്‍ വീണപ്പോള്‍ ഡര്‍ബനില്‍ ബാറ്റിംഗ് ദുര്‍ബലമെന്ന് തോന്നിപ്പിക്കുകയായിരുന്നു പാക് ബാറ്റിംഗ്. ഫെഹ്ലുക്വായോ 4 വിക്കറ്റും തബ്രൈസ് ഷംസി 3 വിക്കറ്റും നേടിയപ്പോള്‍ 59 റണ്‍സ് നേടിയ ഹസന്‍ അലി പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയി. സര്‍ഫ്രാസ് അഹമ്മദ് 41 റണ്‍സും നേടി. ഫകര്‍ സമന്‍ 26 റണ്‍സും ഷൊയ്ബ് മാലിക് 26 റണ്‍സും പാക്കിസ്ഥാനു വേണ്ടി നേടി.

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ് ഇന്ന് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 363 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ റീസ ഹെന്‍ഡ്രിക്സ്(102), ജീന്‍ പോള്‍ ഡുമിനി(90), ഹാഷിം അംല(59), ഡേവിഡ് മില്ലര്‍(51) എന്നിവരാണ് തിളങ്ങിയത്. ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും ലഹിരു കുമര രണ്ടും വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ ശ്രീലങ്ക 45.2 ഓവറില്‍ 285 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 84 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. അകില ധനന്‍ജയ 37 റണ്‍സും കുശല്‍ മെന്‍ഡിസ് 31 റണ്‍സും നേടി പുറത്തായി. നാല് വിക്കറ്റുമായി ലുംഗിസാനി ഗിഡിയും മൂന്ന് വിക്കറ്റ് നേടിയ ആന്‍ഡിലേ ഫെഹ്ലുക്വായോയുമാണ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. തബ്രൈസ് ഷംസി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ഏകദിനത്തിലെ പിച്ച് നാട്ടിലേതിനു സമാനം: ഷംസി

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ തബ്രൈസ് ഷംസി പറയുന്നത് ഡാംബുള്ളയിലെ പിച്ച് ദക്ഷിണാഫ്രിക്കയില്‍ കാണുന്നതിനു സമാനമായ പിച്ചായിരുന്നുവെന്നാണ്. ഷംസി നാലും കാഗിസോ റബാഡ നാലും വിക്കറ്റ് നേടിയ മത്സരത്തില്‍ 193 റണ്‍സിനു ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയിരുന്നു. പിച്ചില്‍ നിന്ന് കാര്യമായ സ്പിന്‍ ലഭിച്ചില്ലെങ്കിലും ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിനെ കാഗിസോ റബാഡ എറിഞ്ഞിടുകയായിരുന്നു.

36/5 എന്ന നിലയില്‍ നിന്ന് കുശല്‍ പെരേര-തിസാര പെരേര കൂട്ടുകെട്ടാണ് ലങ്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത്. റബാഡയ്ക്ക് ശേഷം ഷംസിയും സമ്മര്‍ദ്ദം നിലനിര്‍ത്തി നാല് വിക്കറ്റുകള്‍ നേടി. ആദ്യ ഏകദിനത്തില്‍ തനിക്ക് വിക്കറ്റുകള്‍ക്കായി ശ്രമിക്കുവാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. ചില മത്സരങ്ങളില്‍ തന്നോട് റണ്‍സ് വിട്ട് നല്‍കാതെ പന്തെറിയാനായി ആവും ആവശ്യപ്പെടുക.

ഓരോ മത്സരത്തിലും ഓരോ ആവശ്യമാണെങ്കിലും താന്‍ 100 ശതമാനം ആത്മാര്‍ത്ഥയോടെയാണ് മത്സരത്തെ സമീപിക്കുന്നതെന്ന് ഷംസി പറഞ്ഞു. റബാഡയും ഗിഡിയും ചേര്‍ന്ന് ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷം തനിക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നുവെന്ന് പറഞ്ഞ ഷംസി 200നടുത്ത് സ്കോര്‍ ചെയ്തതില്‍ ശ്രീലങ്ക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version