“സ്വന്തം രാജ്യക്കാർ തന്നെ ജീവിക്കാൻ പേടിക്കുന്ന പാകിസ്താനിൽ ഇന്ത്യ എന്തിനു പോകണം” – ഹർഭജൻ സിംഗ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ചർച്ചകളും രാഷ്ട്രീയമാവുകയാണ്‌. കഴിഞ്ഞ ദിവസം പി സി ബി ചെയർമാൻ സേതി എന്തിനാണ് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ ഭയപ്പെടുന്നത് എന്ന് ചോദിച്ചിരുന്നു‌. ഇന്ന് ഇപ്പോൾ ആ ചോദ്യത്തിന് മറുപടിയുമായി ഹർഭജൻ സിംഗ് രംഗത്ത് എത്തിയിരിക്കുകയാണ്‌.

ഏഷ്യൻ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോയില്ല എങ്കിൽ പാക്സിതാൻ ലോകകപ്പിനായി ഇന്ത്യയിലേക്കും വരില്ല എന്ന് ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ആണ് പ്രതികരണങ്ങൾ. ANI-യോട് സംസാരിക്കവേ, ഇന്ത്യ പാകിസ്ഥാനിലേക്ക് പോകേണ്ടതില്ല എന്ന് 42കാരനായ ക്രിക്കറ്റ് താരം പറഞ്ഞു. പാകിസ്താന് ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കിൽ ചെയ്യാം എന്നും അവർ വരുന്നില്ല എങ്കിൽ ഇന്ത്യ അത് കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ പാകിസ്ഥാനിലേക്ക് പോകരുത്, അവിടെ സുരക്ഷിതമല്ല, അവരുടെ രാജ്യത്ത് ഉള്ള ആളുകൾക്ക് അവരുടെ രാജ്യത്ത് സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ ഞങ്ങൾ എന്തിനാണ് പിന്നെ അവിടേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നത്?” ഹർഭജൻ പറഞ്ഞു. “അവർ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വരട്ടെ, അവർ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് അത് പ്രശ്നമല്ല. ഒരുപക്ഷേ പാകിസ്ഥാൻ ക്രിക്കറ്റിന് ഇന്ത്യയെ ആവശ്യമായിരിക്കാം, പക്ഷേ അവരെ ഞങ്ങൾക്ക് ആവശ്യമില്ല” ഹർഭജൻ എഎൻഐയോട് പറഞ്ഞു

ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും എ വിഭാഗം കരാര്‍ നല്‍കി പാക്കിസ്ഥാന്‍

2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഹസന്‍ അലിയ്ക്കും മുഹമ്മദ് റിസ്വാനും കേന്ദ്ര കരാറിന്റെ എ വിഭാഗം കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ ലഭിച്ചപ്പോള്‍ ഇത്തവണ 20 താരങ്ങള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഇത് കൂടാതെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുള്ള മാച്ച് ഫീസ് ഏകോപിപ്പിക്കുവാനും ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ എത്രയായാലും താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീസാവും നല്‍കുകയെന്നും ബോര്‍ഡ് അറിയിച്ചു. ഹസന്‍ അലിയ്ക്ക് പരിക്ക് കാരണം കഴി‍ഞ്ഞ വര്‍ഷം കേന്ദ്ര കരാര്‍ ലഭിച്ചിരുന്നില്ല. അതേ സമയം ഗ്രേഡ് ബി കരാര്‍ ഉള്ള റിസ്വാനെ ഗ്രേഡ് എ യിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഗ്രേഡ് എ- Babar Azam, Hasan Ali, Mohammad Rizwan and Shaheen Shah Afridi

ഗ്രേഡ് ബി – Azhar Ali, Faheem Ashraf, Fakhar Zaman, Fawad Alam, Shadab Khan and Yasir Shah

ഗ്രേഡ് സി – Abid Ali, Imam-ul-Haq, Haris Rauf, Mohammad Hasnain, Mohammad Nawaz, Nauman Ali and Sarfaraz Ahmed

എമേര്‍ജിംഗ് വിഭാഗം – Imran Butt, Shahnawaz Dahani and Usman Qadir

ശ്രീലങ്ക 212 റണ്‍സിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് 263 റണ്‍സിന്റെ വിജയം

അഞ്ചാം ദിവസം ഏതാനും ഓവറുകള്‍ക്കുള്ളില്‍ തന്നെ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ശ്രീലങ്കയെ തലേ ദിവസത്തെ സ്കോറില്‍ നിന്ന് ഒരു റണ്‍സ് പോലും നേടാനാകുന്നതിന് മുമ്പാണ് പാക്കിസ്ഥാന്‍ എറിഞ്ഞിട്ടത്. നസീം ഖാന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ യസീര്‍ ഷാ ശതകം നേടിയ ഒഷാഡയെ(102) പുറത്താക്കി.

62.5 ഓവറിലാണ് ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 212 റണ്‍സില്‍ അവസാനിച്ചത്. ഇതോടെ പാക്കിസ്ഥാന്‍ 263 റണ്‍സിന്റെ വിജയം നേടി. 13 മാസത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി ആബിദ് അലി തിരഞ്ഞെടുക്കപ്പെട്ടു.

അത് അത്യപൂര്‍വ്വമായ കാഴ്ച, പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോഹ്‍ലി

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ വിജയം കുറിച്ചതോടെ ഇന്നത്തെ മത്സരഫലം പാക്കിസ്ഥാന് ഏറെ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ വിജയത്തിനായി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാവും പാക് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്നലെ റമീസ് രാജ ഒരു വീഡിയോ പങ്കുവെച്ചതില്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഈ മത്സരത്തില്‍ പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് കാണാമായിരുന്നു. സമാനമായ ഒട്ടനവധി വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

അതിനെക്കുറിച്ച് ഇന്ന് ടോസ് സമയത്ത് വിരാട് കോഹ്‍ലിയും പറഞ്ഞിരുന്നു. ചിരിച്ച് കൊണ്ടാണ് കോഹ്‍ലി ഇക്കാര്യത്തെ പരാമര്‍ശിച്ചത്. പാക് ആരാധകര്‍ ഇന്ത്യന്‍ വിജയത്തിനായി ആഗ്രഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

ജോ-ജോസ് സഖ്യത്തിന്റെ വിഫലമായ ചെറുത്ത് നില്പ്, ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ റൂട്ടിന്റെയും ജോസ് ബട്‍ലറുടെയും ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും 249 റണ്‍സെന്ന വിജയ ലക്ഷ്യത്തിനു 14 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. ഇംഗ്ലണ്ടിനു 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടാനായത്.

മുഹമ്മദ് ഹഫീസിന്റെ നിര്‍ണ്ണായക ക്യാച്ച് കൈവിട്ട ജേസണ്‍ റോയ് തന്റെ തെറ്റ് തിരുത്തുവാനുള്ള അവസരം മുതലാക്കാതെ വേഗം മടങ്ങിയ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് നേടിയെങ്കിലും ബൈര്‍സ്റ്റോയെ വഹാബ് റിയാസ് പുറത്താക്കി. ഓയിന്‍ മോര്‍ഗനെ ഹഫീസും ബെന്‍ സ്റ്റോക്സിനെ ഷൊയ്ബ് മാലിക്കും പുറത്താക്കിയതോടെ 118/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് വലിയ തോല്‍വിയാണ് മുന്നില്‍ കണ്ടത്.

എന്നാല്‍ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിലൂടെ ജോ റൂട്ട്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ഷദബ് ഖാന്‍ ശതകം നേടിയ ജോ റൂട്ടിനെ പുറത്താക്കുമ്പോള്‍ 130 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. 104 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് ജോ റൂട്ടിന്റെ മടക്കം.

ജോ റൂട്ട് പുറത്തായ ശേഷവും തന്റെ പതിവു ശൈലിയില്‍ ജോസ് ബട്‍ലര്‍ ബാറ്റ് വീശിയപ്പോള്‍ അവസാന എട്ടോവറില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് വിക്കറ്റ് കൈവശം ഇരിക്കവെ 81 റണ്‍സായിരുന്നു. തുടര്‍ന്നു ജോസ് ബട്‍ലര്‍ അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ക്യാമ്പ് പരിഭ്രാന്തരായെങ്കിലും  75 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ജോസ് ബട്‍ലര്‍ അടുത്ത പന്തില്‍ പുറത്തായതോടു കൂടി ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ കഷ്ടത്തിലാവുകയായിരുന്നു. 103 റണ്‍സാണ് ജോസ് ബട്‍ലര്‍ 76 പന്തില്‍ നിന്ന് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു നേടേണ്ടിയിരുന്നത്. ക്രീസില്‍ മോയിന്‍ അലിയും ക്രിസ് വോക്സും.

ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 32 റണ്‍സ് നേടിയെങ്കിലും 19 റണ്‍സ് നേടിയ മോയിന്‍ അലിയെ വഹാബ് റിയാസ് പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിനു ലക്ഷ്യം 13 പന്തില്‍ നിന്ന് 29 റണ്‍സായിരുന്നു. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നും മുഹമ്മദ് അമീര്‍, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല, പാക് താരത്തിന്റെ വ്യത്യസ്ത പ്രതിഷേധം

ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് വ്യത്യസ്ത പ്രതിഷേധവുമായി പാകിസ്ഥാൻ താരം ജുനൈദ് ഖാൻ രംഗത്ത്. തന്റെ വായ കറുത്ത ടേപ്പ്കൊണ്ട് ഒട്ടിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് താരം ലോകകപ്പ് ടീമിൽ ഉൾപെടുത്തതിന്റെ പ്രധിഷേധം അറിയിച്ചത്. ഒന്നും പറയാൻ ഇല്ലെന്നും സത്യം ഇപ്പോഴും കയ്പേറിയതാണെന്നും പറഞ്ഞാണ് ജുനൈദ് ഖാൻ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടർന്ന് താരം സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു .

Photo:twitter

പാകിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ച സാധ്യത പട്ടികയിൽ ജുനൈദ് ഖാൻ ഉൾപ്പെട്ടിരുന്നു. 2017ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ടൂർണമെന്റിൽ 8 വിക്കറ്റ് വീഴ്ത്തി ജുനൈദ് ഖാൻ മികച്ച ഫോമിലായിരുന്നു. ഈ അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ജുനൈദ് ഖാന് കഴിഞ്ഞിരുന്നില്ല. രണ്ട് മത്സരങ്ങൾ കളിച്ച ജുനൈദ് ഖാൻ വെറും 2 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. കഴിഞ്ഞ ദിവസമാണ് മുഖ്യ സെലക്ടർ ഇൻസമാമുൽ ഹഖ് ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചത്.

തീരുമാനം ബിസിസിയുടേത്, ആ രണ്ട് പോയിന്റുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗൗതം ഗംഭീര്‍

ഇന്ത്യ പാക് മത്സരം ഇന്ത്യ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന ആദ്യ റൗണ്ട് അഭിപ്രായങ്ങള്‍ താരങ്ങളും മുന്‍ താരങ്ങളും രാഷ്ട്രീയക്കാരും ആരാധകരുമെല്ലാം പങ്കുവെച്ച ശേഷം തന്നോട് ഇതേ ചോദ്യം വീണ്ടും ചോദിച്ച റിപ്പോര്‍ട്ടര്‍മാരോട് മനസ്സ് തുറന്ന് ഗൗതം ഗംഭിര്‍. അന്തിമ തീരുമാനം അത് ബിസിസിഐയുടേതാണെന്ന് പറഞ്ഞ ഗംഭീര്‍ തന്നെ സംബന്ധിച്ച് ആ രണ്ട് പോയിന്റ് അത്ര പ്രാധാന്യമുള്ളതല്ലെന്നും ഇന്ത്യ മത്സരം ഉപേക്ഷിക്കണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞു.

ഏതൊരു ക്രിക്കറ്റ് മത്സരത്തെക്കാളും തനിക്ക് പ്രാധാന്യം ജവാന്മാരാണെന്നും രാജ്യം തന്നെയാണ് ആദ്യ സ്ഥാനം അര്‍ഹിക്കുന്നതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. പാക്കിസ്ഥാനെ ഐസിസി ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും അത് സാധ്യമല്ലെന്ന് ഐസിസി അറിയിക്കുകയുണ്ടായിരുന്നു.

ഒന്നുകില്‍ പാക്കിസ്ഥാനുമായി കളിക്കുന്നത് നിരോധിക്കുക അല്ലേല്‍ ടീമുകള്‍ തമ്മിലുള്ള പരമ്പര പുനരാരംഭിക്കുക

ഐസിസി ടൂര്‍ണ്ണമെന്റുകളിലോ ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റുകളിലോ മാത്രമായി ചുരുങ്ങിയ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീര്‍. ഒന്നുകില്‍ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കുന്നതില്‍ പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ പുനരാരംഭിക്കണമെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. ഉപാധികളോടെയുള്ള വിലക്കുകള്‍ ആര്‍ക്കും ഗുണം ചെയ്യുന്നില്ലെന്നാണ് ഗൗതം ഗംഭീറിന്റെ ഭാഷ്യം.

ഏഷ്യ കപ്പിലും ഐസിസി ടൂര്‍ണ്ണമെന്റുകളിലും മാത്രമായി പാക്കിസ്ഥാനെ കളിക്കുന്നതിനു പിന്നില്‍ എന്താണ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നതെന്നും താരം ചോദിച്ചു. പാക്കിസ്ഥാനുമായി മത്സരങ്ങള്‍ കളിക്കണോ വേണ്ടയോ എന്നതില്‍ ഇന്ത്യ തീരുമാനമെടുക്കണം. വേണ്ടെന്നാണ് തീരൂമാനമെങ്കില്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ നിര്‍ത്തുക അഥവാ കളിക്കാമെന്നാണ് തീരൂമാനമെങ്കില്‍ പരമ്പരകളും പുനരാരംഭിക്കണമെന്നും ഗൗതം ഗംഭീര്‍ കൂട്ടിചേര്‍ത്തു.

ഏഷ്യ കപ്പ് കഴിഞ്ഞാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആവും ഏറ്റുമുട്ടുക. 2012-13 കാലഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് പാക്കിസ്ഥാന്‍ ഇന്ത്യ സന്ദര്‍ശിക്കുകയായിരുന്നു.

Exit mobile version