ബലാത്സംഗ കേസിൽ പ്രതിയായ സന്ദീപ് ലാമിച്ചാനെയെ കളത്തിൽ അവഗണിച്ച് സ്കോട്ട്‌ലൻഡ് പ്രതിഷേധം

ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയ്ക്കിടെ ഇന്നലെ നടന്ന മൂന്നാം മത്സരത്തിന് ഇടയിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയുമായി ഹസ്തദാനം ചെയ്യാൻ സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീം വിസമ്മതിച്ചു. സ്കോട്ട്ലൻഡ് ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടൺ അടക്കമുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായാണ് ലാമിചാനെയെ അവഗണിച്ചത്. നമീബിയയും ഉൾപ്പെടുന്ന പരമ്പരയിൽ ലാമിച്ചാനെയുടെ സാന്നിദ്ധ്യം ഏറെ വിവാദം ആയിരുന്നു‌. നേരത്തെ നമീബയും താരത്തിന് കൈ നൽകാൻ വിസമ്മതിച്ചിരുന്നു.

നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ലാമിച്ചാനെ ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലാണ്. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ (CAN) താരത്തിന്റെ സസ്പെൻഷൻ പിൻവലിക്കുകയും പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്തുകയും ചെയ്തത് നേപ്പാളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നിട്ടും ക്രിക്കറ്റ് അസോസിയേഷൻ താരത്തെ ടീമിൽ ഇടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാൺ ലാമിച്ചനെ അറസ്റ്റ് ചെയ്യപ്പെട്ടത്.

17കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റന് അറസ്റ്റ് വാറണ്ട്

നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ സന്ദീപ് ലാമിച്ചനെക്ക് എതിരെ നേപ്പാളിൽ ബലാത്സംഗ കേസിൽ അറസ്റ്റ് വാറണ്ട്. കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് 17 കാരിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് സന്ദീപ് ലാമിച്ചനെയ്‌ക്കെതിരെ നേപ്പാളിലെ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ താരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. അടുത്തിടെ മാത്രമായിരുന്നു സന്ദീപ് നേപ്പാൾ ക്യാപ്റ്റൻ ആയത്. 22 കാരനായ ലാമിച്ചനെ കഴിഞ്ഞ മാസം പരാതിക്കാരിയായ പെൺകുട്ടിയെ കാഠ്മണ്ഡുവിലെയും ഭക്താപൂരിലെയും വിവിധ സ്ഥലങ്ങളിൽ സന്ദർശനത്തിനായി കൊണ്ടുപോവുകയും കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്കായി ആവശ്യക്കാരില്ല, സായി കിഷോറിന് 3 കോടി

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് ഐപിഎല്‍ മെഗാ ലേലത്തിൽ താല്പര്യക്കാരില്ല. 40 ലക്ഷത്തിന്റെ അടിസ്ഥാന വിലയുള്ള താരത്തിനെ വാങ്ങുവാന്‍ ആരുമില്ലായിരുന്നു. ഇന്ന് ലേലത്തിന്റെ ആദ്യ ദിവസം അവസാനമായാണ് താരത്തിന്റെ പേര് എത്തിയത്.

അതേ സമയം സായി കിഷോറിന് 3 കോടി രൂപ ലഭിച്ചു. താരത്തെ ഗുജറാത്ത് ആണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് രാജസ്ഥാന്‍ റോയൽസ് ആണ് ആദ്യമായി താരത്തിനായി രംഗത്തെത്തിയത്.

പിന്നീട് ഡല്‍ഹിയും ചെന്നൈയും പഞ്ചാബും സൺറൈസേഴ്സും ഗുജറാത്തിനൊപ്പം രംഗത്തെത്തിയെങ്കിലും അന്തിമ വിജയം ഗുജറാത്തിനൊപ്പം നിന്നു.

സന്ദീപ് ലാമിച്ചാനെയുമായി കരാര്‍ പുതുക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്, ജെയിംസ് ഫോക്നര്‍ ടീമിൽ നിന്ന് വിടവാങ്ങുന്നു

ബിഗ് ബാഷിന്റെ പുതിയ സീസണിൽ ഹോബാര്‍ട്ട് ഹറികെയന്‍സ് നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയുമായുള്ള കരാര്‍ പുതുക്കി ഹോബര്‍ട്ട് ഹറികെയന്‍സ്. ടൂര്‍ണ്ണമെന്റിന്റെ കഴിഞ്ഞ സീസണിൽ എട്ട് മത്സരങ്ങളിൽ താരം കളിച്ചിരുന്നു.

സന്ദീപ് ഇത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിക്കുന്നത്. അതേ സമയം ജെയിംസ് ഫോക്നര്‍ ഹറിയെന്‍സ് ടീമിൽ നിന്ന് വിടവാങ്ങുകയാണ്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണുകളിലായി 29 മത്സരങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ഫോക്നര്‍ ടീമിനായി കളിച്ചിട്ടുള്ളത്.

എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു

നേപ്പാളിലെ എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ ഷഹീദ് അഫ്രീദി എത്തുന്നു. കാത്‍മണ്ഠു കിംഗ്സ് ഇലവന് വേണ്ടിയാവും മുന്‍ പാക്കിസ്ഥാന്‍ താരം കളിക്കുക. സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്കൊപ്പമാവും ഷഹീദ് അഫ്രീദി കളിക്കുക. കാത്‍മണ്ഠുവിലേക്കുള്ള തന്റെ ആദ്യത്തെ സന്ദര്‍ശനമാണ് ഇതെന്നും താന്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് ഷഹീദ് അഫ്രീദി പറഞ്ഞത്.

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേപ്പാളിന് 9 വിക്കറ്റ് വിജയം

നെതര്‍ലാണ്ട്സിനെതിരെ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 വിക്കറ്റ് വിജയം നേടി നേപ്പാള്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 136/4 എന്ന സ്കോറിന് പിടിച്ചുകെട്ടിയ നേപ്പോള്‍ ലക്ഷ്യം 15 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

സന്ദീപ് ലാമിച്ചാനെ ആണ് നേപ്പാളിന് വേണ്ടി രണ്ട് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയത്. കരണ്‍ കെസി, സോംപാല്‍ കമി എന്നിവര്‍ കണിശതയോടെ പന്തെറിഞ്ഞു. 4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സോംപാല്‍ ഒരു വിക്കറ്റ് നേടിയത്. തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ 22 റണ്‍സ് ആണ് ലാമിച്ചാനെയും കരണും വഴങ്ങിയത്. 41 റണ്‍സ് നേടി ബാസ് ഡി ലീഡ് ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. സ്കോട്ട് എഡ്വേര്‍ഡ്സ് 30 റണ്‍സ് നേടി. സീലര്‍(23*), ടോണി സ്റ്റാല്‍(9 പന്തില്‍ 20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

നേപ്പാളിന് വേണ്ടി കുശല്‍ ബുര്‍ട്ടല്‍ 62 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പുറത്താകാതെ 54 റണ്‍സ് നേടിയ ആസിഫ് ഷെയിഖിനൊപ്പം ഒന്നാം വിക്കറ്റില്‍ 116 റണ്‍സാണ് നേപ്പാള്‍ ഓപ്പണര്‍ നേടിയത്.

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 186/2 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ പാട്രിയറ്റ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 18 റണ്‍സിന്റെ ജയമാണ് ട്രിഡന്റ്സ് നേടിയത്.

ലെനിക്കോ ബൗച്ചര്‍(62*), ജീന്‍ പോള്‍ ഡുമിനി(18 പന്തില്‍ 43*) എന്നിവര്‍ക്കൊപ്പം ജോണ്‍സണ്‍ ചാള്‍സ് 52 റണ്‍സുമായി തിളങ്ങിയപ്പോളാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ബാര്‍ബഡോസ് 186 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോകളെല്ലാം പരാജയപ്പെട്ടപ്പോള്‍ 62 റണ്‍സുമായി ലൗറി ഇവാന്‍സ് മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.

പത്താം വിക്കറ്റില്‍ 49 റണ്‍സ് നേടിയ ഡൊമിനിക്ക് ഡ്രേക്ക്സിന്റെയും അല്‍സാരി ജോസഫിന്റെയും പ്രകടനമാണ് ടീമിന്റെ തോല്‍വിയുടെ ആഴം കറച്ചത്. 14 പന്തില്‍ 34 റണ്‍സ് നേടി ഡ്രേക്ക്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ട്രിഡന്റ്സിന്റെ സന്ദീപ് ലാമിച്ചാനെയാണ് കളിയിലെ താരം. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് താരം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍ മന്‍ദീപിന്റെ കൂറ്റനടികളും

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി വലിയ സ്കോറിലേക്ക് പഞ്ചാബിനെ വിടാതെ പിടിച്ചുകെട്ടിയ ഡല്‍ഹി ബൗളര്‍മാര്‍ക്കാണ് ഈ സ്കോറില്‍ പഞ്ചാബിനെ ഒതുക്കിയതിന്റെ ക്രെ‍ഡിറ്റ് ലഭിക്കേണ്ടത്.

ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും തന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ വെറും 30 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങിയത്. കാഗിസോ റബാഡയും സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ വിശ്രമം നല്‍കി സാം കറനെ ഓപ്പണിംഗില്‍ ഇറക്കി നടത്തിയ പരീക്ഷണം ഒരു പരിധി വരെ വിജയം കണ്ടുവെങ്കിലും കെഎല്‍ രാഹുലിനും സാം കറനും ഏറെ നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് പഞ്ചാബിനു തിരിച്ചടിയാകുകയായിരുന്നു. 11 പന്തില്‍ നിന്ന് 15 റണ്‍സ് നേടി ലോകേഷ് രാഹുലിനെ ക്രിസ് മോറിസ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ സാം കറന്റെ വിക്കറ്റ് സന്ദീപ് ലാമിച്ചാനെ നേടി. ഫോമിലുള്ള മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 58/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് കണ്ടത് പഞ്ചാബിന്റെ തിരിച്ചുവരവായിരുന്നു. 62 റണ്‍സ് നാലാം വിക്കറ്റില്‍ നേടി സര്‍ഫ്രാസ്-മില്ലര്‍ കൂട്ടുകെട്ട് ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചപ്പോളാണ് സന്ദീപ് ലാമിച്ചാനെ വീണ്ടും അന്തകനായി അവതരിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ സര്‍ഫ്രാസ് ഖാനെയാണ് സന്ദീപ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം പഞ്ചാബിന്റെ പ്രതീക്ഷയായ ഡേവിഡ് മില്ലറുടെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തി. 30 പന്തില്‍ നിന്നാണ് 43 റണ്‍സ് മില്ലര്‍ നേടിയത്.

മില്ലറുടെ പുറത്താകല്‍ കൂടി സംഭവിച്ചതിനു ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. കാഗിസോ റബാഡ എറിഞ്ഞ അവസാന ഓവറുകളിലെ അവസാന രണ്ട് പന്തുകളില്‍ ഫോറും സിക്സും നേടി മന്‍ദീപ് പഞ്ചാബിന്റെ സ്കോര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലേക്ക് നയിച്ചു. 21 പന്തില്‍ നിന്ന് പുറത്താകാതെ മന്‍ദീപ് 29 റണ്‍സ് നേടി.

ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ ബൗളിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ താരം പങ്കുവെച്ചു. അത് തന്റെ കരിയറിനു വലിയ നേട്ടമായി മാറിയെന്നും സന്ദീപ് വ്യക്തമാക്കി.

എന്നാല്‍ വോണ്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം ധീരതയോടെ പന്തെറിയുക എന്നതാണ്, താന്‍ അത് എപ്പോളും പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിചേര്‍ത്തു. ഇത് കൂടാതെ സാമുവല്‍ ബദ്രീ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ കോച്ചായി എത്തുന്നതും തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും സന്ദീപ് വ്യക്തമാക്കി. തനിക്ക് ഐപിഎലില്‍ നിന്ന് ഏറെ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നും സന്ദീപ് തുറന്ന് സമ്മാനിച്ചു.

ഐപിഎല്‍ തന്നെപ്പോലുള്ള താരങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരം, ഈ സൗകര്യങ്ങളൊന്നും എനിക്ക് നാട്ടില്‍ ലഭിയ്ക്കില്ല

തന്നെ പോലുള്ള യുവതാരങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാണ് ഐപിഎല്‍ എന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ. ഐപിഎലില്‍ രണ്ടാം വര്‍ഷം കളിക്കാനെത്തുന്ന താരം ബിഗ് ബാഷില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് ഐപിഎലിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ അഭാവവും നാട്ടിലെ ലീഗുകള്‍ അത്ര മികച്ച നിലവാരത്തിലുള്ളതല്ലാത്തതും തന്നെ പോലെ ചെറു രാജ്യത്തില്‍ നിന്നുള്ള ക്രിക്കറ്റര്‍മാര്‍ക്ക് എന്നും വെല്ലുവിളിയാണെന്ന് സന്ദീപ് പറഞ്ഞു. ഞങ്ങള്‍ക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ അവസരങ്ങളാണ് ഇത്തരം ടി20 ലീഗുകള്‍.

ഇവിടെ ലഭിയ്ക്കുന്ന സൗകര്യങ്ങളൊന്നും തനിക്ക് നാട്ടില്‍ ലഭിയ്ക്കില്ലെന്നും ഈ പതിനെട്ട് വയസ്സുകാരന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ തനിക്ക് ലഭിയ്ക്കുന്ന ഓരോ അവസരവും താന്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും യുവതാരം വ്യക്തമാക്കി.

മാക്സ്വെല്‍ മികവില്‍ സെമി ഉറപ്പാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്, ബിഗ് ബാഷ് സെമി ലൈനപ്പുകള്‍ ആയി

ബിഗ് ബാഷ് എട്ടാം സീസണിന്റെ സെമി ഫൈനല്‍ ലൈനപ്പുകള്‍ ആയി. ഫെബ്രുവരി 14നു നടക്കുന്ന ആദ്യ സെമിയില്‍ ഹോബാര്‍ട്ട് ഹറികെയ്ന‍സ് മെല്‍ബേണ്‍ സ്റ്റാര്‍സിനു നേരിടും. വെള്ളിയാഴ്ച, ഫെബ്രുവരി 15നു മെല്‍ബേണ്‍ റെനഗേഡ്സും സിഡ്നി സിക്സേര്‍സും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. പോയിന്റ് ടേബിളില്‍ 20 പോയിന്റുമായി ഹോബാര്‍ട്ട് ഹറികെയന്‍സ് ഒന്നാം സ്ഥാനത്ത് എത്തിയാണ് സെമി യോഗ്യത നേടിയത്.

രണ്ടാം സ്ഥാനക്കാരായ മെല്‍ബേണ്‍ റെനഗേഡ്സിനും സിഡ്നി സിക്സേര്‍സിനു പോയിന്റുകള്‍ ഒപ്പമായിരുന്നുവെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ റെനഗേഡ്സ് മുന്നിലെത്തി. 16 പോയിന്റുകളാണ് ഇരു ടീമുകളും നേടിയത്. നാലാം സ്ഥാനക്കാരായ മെല്‍ബേണ്‍ സ്റ്റാര്‍സ് 14 പോയിന്റോടെയാണ് സെമി ഉറപ്പാക്കിയത്.

അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെ സിഡ്നി സിക്സേര്‍സിനെ 94 റണ്‍സിനു പരാജയപ്പെടുത്തിയാണ് മെല്‍ബേണ്‍ സെമിയില്‍ കടന്നത്. ഇതോടെ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ സാധ്യതകളാണ് ഇല്ലാതായത്. ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് 168/6 എന്ന സ്കോറിലേക്ക് നയിച്ചത്.

43 പന്തില്‍ 4 ബൗണ്ടറിയും 6 സിക്സും അടക്കം 82 റണ്‍സ് നേടിയ മാക്സ്വെല്ലിനു പിന്തുണയായി സ്റ്റോയിനിസ്(34), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(35) എന്നിവരും തിളങ്ങി. സന്ദീപ് ലാമിച്ചാനെയും ആഡം സംപയും സ്പിന്‍ കുരുക്കൊരുക്കിയപ്പോള്‍ 74 റണ്‍സിനു സിക്സേര്‍സ് പുറത്തായി. നേരത്തെ തന്നെ സെമി സിക്സേര്‍സ് ഉറപ്പാക്കിയിരുന്നു. ലാമിച്ചാനെ 3.4 ഓവറില്‍ 3 വിക്കറ്റാണ് 11 റണ്‍സിനു വീഴ്ത്തിയത്. ആഡം സംപ 15 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. ഡാനിയേല്‍ വോറാലിനു 2 വിക്കറ്റ് ലഭിച്ചു.

ഡേവിഡ് വാര്‍ണര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്, ഒപ്പം നേപ്പാള്‍ സ്പിന്‍ സെന്‍സേഷനും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കും. ബിപിഎല്‍ ഫ്രാഞ്ചൈസിയായ സില്‍ഹെറ്റ് സിക്സേഴ്സ് ആണ് ജനുവരി അഞ്ചിനു ആരംഭിക്കുന്ന പുതിയ സീസണിലേക്ക് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയെയും ടീമിലെ രണ്ടാമത്തെ വിദേശ താരമായി ഡ്രാഫ്ടിനു പുറത്ത് നിന്ന് ടീം കരാറിലെത്തുകയായിരുന്നു.

ഒക്ടോബര്‍ 26നാണ് താരങ്ങളുടെ ഡ്രാഫ്ട് അരങ്ങേറാനിരിക്കുന്നത്. സൊഹൈല്‍ തന്‍വീര്‍, നാസിര്‍ ഹൊസൈന്‍, സബ്ബിര്‍ റഹ്മാന്‍ എന്നിവരെ നേരത്തെ സിക്സേഴ്സ് നിലനിര്‍ത്തിയിരുന്നു. ഇതിനു പുറമേ ലിറ്റണ്‍ ദാസിനെയും ടീം സ്വന്തമാക്കി.

Exit mobile version