മെൽബൺ സ്റ്റാർസ് സ്റ്റോയിനിസിനെ ക്യാപ്റ്റൻ ആയി നിയമിച്ചു

മാർക്കസ് സ്റ്റോയിനിസിനെ വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിലേക്കുള്ള മെൽബൺ സ്റ്റാർസിൻ്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. അഞ്ച് വർഷമായി ക്യാപ്റ്റൻ ആയിരുന്ന ഗ്ലെൻ മാക്സ്വെല്ലിൻ്റെ പിൻഗാമിയായാണ് സ്റ്റോയിനിസ് എത്തുന്നത്. 35 കാരനായ ഓൾറൗണ്ടർ സ്റ്റാർസിലെ ഒരു പ്രധാന അംഗമാണ്, ഫ്രാഞ്ചൈസിക്കായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അടുത്തിടെ മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തിലും ഒപ്പുവച്ചു.

കഴിഞ്ഞ സീസണിൽ മാക്‌സ്‌വെല്ലിൻ്റെ അഭാവത്തിൽ ടീമിനെ ഹ്രസ്വമായ കാലയളവിൽ സ്റ്റോയിനിസ് ടീമിനെ നയിച്ചിട്ടുണ്ട്.

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് മെഗ് ലാന്നിംഗ്

ഒക്ടോബര്‍ 13ന് ആരംഭിയ്ക്കുന്ന വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് മെഗ് ലാന്നിംഗ്സ്. ഈ വാര്‍ത്ത മെഗ് ലാന്നിംഗ്സിന്റെ ഫ്രാഞ്ചൈസിയായ മെൽബേൺ സ്റ്റാര്‍സ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പകരം താരത്തെ സ്റ്റാര്‍സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരം ഇന്ത്യയിലേക്കുള്ള പരമ്പരയിൽ ഉണ്ടാകുമോ എന്നതിലും അവ്യക്തതയുണ്ട്. ഇതിനെക്കുറിച്ച് താരത്തോട് സംസാരിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നാണ് ഓസ്ട്രേലിയന്‍ വനിത ടീം മുഖ്യ കോച്ച് ഷെല്ലി നിറ്റ്സ്ഷ്കേ പറഞ്ഞത്.

മാക്സ്വെൽ കോവിഡ് പോസിറ്റീവ്

മെൽബേൺ സ്റ്റാര്‍സ് നായകനും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്സ്വെൽ കോവിഡ് ബാധിതനായി. ബിഗ് ബാഷിനിടെ നടത്തിയ പരിശോധനയിലാണ് താരം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബിഗ് ബാഷിൽ പരക്കെ കോവിഡ് കേസുകള്‍ ഉയരുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഹീറ്റിന്റെ ഇന്നത്തെ മത്സരം ഉപേക്ഷിക്കുന്ന തരത്തിലേക്ക് ഹീറ്റ് നിരയിൽ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് ഇത്തരത്തിൽ പരക്കുന്നതിനിടെയും ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുവാനാണ് ബിഗ് ബാഷ് സംഘാടകര്‍ ശ്രമിക്കുന്നത്.

 

ആന്ദ്രേ റസ്സൽ ബിഗ് ബാഷിൽ മെൽബൺ സ്റ്റാർസിന് വേണ്ടി കളിക്കും

ഈ വർഷത്തെ ബിഗ് ബാഷിൽ മെൽബൺ സ്റ്റാർസിന് വേണ്ടി വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സൽ കളിക്കും. ബിഗ് ബാഷിൽ അഞ്ച് മത്സരങ്ങളിൽ ആവും ആന്ദ്രേ റസ്സൽ മെൽബൺ സ്റ്റാർസിനു വേണ്ടി കളിക്കുക. നേരത്തെ സിഡ്‌നി തണ്ടേഴ്സൈനു വേണ്ടി മൂന്ന് സീസൺ കളിച്ചിട്ടുള്ള താരമാണ് ആന്ദ്രേ റസ്സൽ.

വെള്ളിയാഴ്ച നടക്കുന്ന സിഡ്‌നി തണ്ടേഴ്സിനെതിരായ മത്സരത്തിൽ റസ്സൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റഹൂഫിനെയും മെൽബൺ സ്റ്റാർസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഡിസംബർ 27ന് മാത്രമാവും താരം ടീമിനൊപ്പം ചേരുക.

ജോ ബേൺസ് ഹീറ്റിൽ നിന്ന് സ്റ്റാര്‍സിലേക്ക്

ഓസ്ട്രേലിയന്‍ താരം ജോ ബോൺസിനെ സ്വന്തമാക്കി മെല്‍ബേൺ സ്റ്റാര്‍സ്. പുതിയ കരാറോടെ താരം 2023-24 സീസൺ അവസാനം വരെ സ്റ്റാര്‍സിൽ തുടരും. 9 വര്‍ഷം ഹീറ്റിന് വേണ്ടി കളിച്ചി ശേഷമാണ് ബേൺസ് സ്റ്റാര്‍സിലേക്ക് എത്തുന്നത്.

സ്റ്റാര്‍സിൽ നിന്ന് വിടവാങ്ങുന്നത് കഠിനമായ തീരുമാനം ആയിരുന്നുവെന്നും എന്നാൽ മെൽബേൺ സ്റ്റാര്‍സ് പോലെ ശക്തമായ ടീമിന് വേണ്ടി കളിക്കാനാകുന്നത് താന്‍ ഉറ്റുനോക്കുയാണെന്നും താരം പറഞ്ഞു.

അസഭ്യ ഭാഷ, ആഡം സംപയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

ബിഗ് ബാഷില്‍ നിന്ന് ഒരു മത്സരത്തിലെ വിലക്ക് നേരിട്ട് ആഡം സംപ. താരം അസഭ്യ ഭാഷ ഉപയോഗിച്ചതിനാണ് ഈ നടപടി. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വിവരം പുറത്ത് വിട്ടത്. സിഡ്നി തണ്ടറിനെതിരെയുള്ള മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ഡിസംബര്‍ 29ന് നടന്ന മത്സരത്തിലാണ് സംഭവം.

2500 ഡോളര്‍ പിഴയും ഒരു സസ്പെന്‍ഷന്‍ പോയിന്റും താരത്തിനെതിരെ ഏര്‍പ്പെടുത്തി. ഇതോടെ ജനുവരി 2ന് നടക്കുന്ന സ്റ്റാര്‍സിന്റെ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെയുള്ള മത്സരം ഇതോടെ ആഡം സംപയ്ക്ക് നഷ്ടമാകും.

സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും

ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലും കസറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.

ബെന്‍ ഡങ്ക്(16), നിക്ക് ലാര്‍ക്കിന്‍(15), ആന്‍ഡ്രേ ഫ്ലെച്ചര്‍(12) എന്നിവരും സ്റ്റാര്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ശ്രമിച്ചു. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

20 ഓവറില്‍ 147/9 എന്ന നിലയില്‍ സിഡ്നിയെ ഒതുക്കിയാണ് 22 റണ്‍സിന്റെ വിജയം മെല്‍ബേണ്‍ സ്റ്റാര്‍സ് നേടിയത്. അലെക്സ് ഹെയില്‍സ്-കാല്ലം ഫെര്‍ഗൂസണ്‍ കൂട്ടുകെട്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് മത്സരത്തില്‍ സിഡ്നിയുടെ പ്രതീക്ഷയായി നിന്നത്.

ഫെര്‍ഗൂസണ്‍ 54 റണ്‍സും ഹെയില്‍സ് 46 റണ്‍സും നേടി മടങ്ങിയ ശേഷം വലിയ വെല്ലുവിളിയുയര്‍ത്താതെ സിഡ്നി കീഴടങ്ങി. ലിയാം ഹാച്ചര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ തന്റെ നാലോവറില്‍ വെറും 10 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ആഡം സംപയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന് രണ്ട് വിക്കറ്റ് ലഭിച്ചു.

മെല്‍ബേണ്‍ സ്റ്റാര്‍സിന് ആറ് വിക്കറ്റ് വിജയം

ബിഗ് ബാഷില്‍ ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വിജയം. ബ്രിസ്ബെയിന്‍ ഹീറ്റിനെ 125 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 26 പന്തില്‍ 46 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍, 46 റണ്‍സുമായി പുറത്താകാതെ നിന്ന ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവരാണ് മെല്‍ബേണിന്റെ വിജയം ഒരുക്കിയത്. ബ്രിസ്ബെയിന് വേണ്ടി ജാക്ക് വുഡ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് 19.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ടോം കൂപ്പര്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ബ്രയന്റ്(20), ക്രിസ് ലിന്‍(20) എന്നിവര്‍ മാത്രമാണ് 20 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രീതിയില്‍ പുറത്തായപ്പോള്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ നാല് വിക്കറ്റ് നേടി. തന്റെ 3.5 ഓവറില്‍ താരം വെറും 10 റണ്‍സാണ് വിട്ട് നല്‍കിയത്. ദില്‍ബര്‍ ഹുസൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഹാരിസ് റൗഫ് മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരും

അന്താരാഷ്ട്ര ഷെഡ്യൂളിലെ മാറ്റം പാക്കിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ വീണ്ടും മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരുവാന്‍ സഹായിക്കും. ജനുവരി 2021ല്‍ ടീമിനൊപ്പം ചേരുന്ന താരം ഫെബ്രുവരിയുടെ തുടക്കം വരെ ടീമിനൊപ്പം ബിഗ് ബാഷില്‍ കളിക്കും. ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവര്‍ക്ക് പിന്നാലെ ടീമിലെത്തുന്ന മൂന്നാമത്തെ വിദേശ താരമാണ് ഹാരിസ് റൗഫ്. അതേ സമയം ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ടീം സ്വന്തമാക്കിയെന്നും അഭ്യൂഹം പരക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ടീമിനൊപ്പം തുടരുന്നതിനാല്‍ ഈ സീസണില്‍ താരം ബിഗ് ബാഷ് കളിക്കില്ലെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ കഴിഞ്ഞ ആഴ്ച അതില്‍ വ്യക്തത വന്നുവെന്നും താരം ടീമിനൊപ്പം ചേരുമെന്നും അറിയിക്കുകയായിരുന്നുവെന്നും സ്റ്റാര്‍സ് മാനേജ്മെന്റ് അറിയിച്ചു.

താരത്തിന്റെ വരവ് ടീമിന്റെ പേസ് ബൗളിംഗ് നിരയെ കരുത്തരാക്കുമെന്ന് സ്റ്റാര്‍സ് കോച്ച് ഡേവിഡ് ഹസ്സി വ്യക്തമാക്കി.

ഇംഗ്ലണ്ട് നായകനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ് ഓയിന്‍ മോര്‍ഗനുമായി കരാറിലെത്തിയെന്ന് വാര്‍ത്ത. താരത്തിനെ സ്വന്തമാക്കിയ പ്രഖ്യാപനം ഉടന്‍ ഫേസ്ബുക്ക് ലൈവില്‍ ഫ്രാഞ്ചൈസി പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തങ്ങളുടെ പരമ്പര ഉപേക്ഷിക്കപ്പെട്ട ശേഷം ഇംഗ്ലണ്ട് നായകന്‍ ഓസ്ട്രേലിയയില്‍ എത്തിയെന്നാണ് അറിയുന്നത്.

ഓയിന്‍ മോര്‍ഗന്‍ തന്റെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് സംഘത്തിനൊപ്പമെത്തും. ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പൂരന്‍ എന്നിവര്‍ക്കൊപ്പം ഓയിന്‍ മോര്‍ഗന്റെ വരവ് കൂടിയാകുമ്പോള്‍ ശക്തമായ നിരയെ ആണ് മെല്‍ബേണ്‍ സ്റ്റാര്‍സ് ഇറക്കുന്നത്.

ബൈര്‍സ്റ്റോയ്ക്ക് പകരം മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ പകരം താരമായി ആന്‍ഡ്രേ ഫ്ലെച്ചറെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഡ്യൂട്ടി ഉള്ളതിനാലാണ് ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

ഇപ്പോള്‍ വിന്‍ഡീസ് ടീമിനൊപ്പം ന്യൂസിലാണ്ടില്‍ ഉള്ള താരം ജനുവരി 26 വരെ സ്റ്റാര്‍സ് നിരയില്‍ കാണും. ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ ടീമിന് നിരാശയുണ്ടെങ്കിലും ഫ്ലെച്ചറിന്റെ വരവില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മെല്‍ബേണ്‍ സ്റ്റോര്‍സ് മുഖ്യ കോച്ച് ഡേവിഡ് ഹസ്സി പറയുന്നത്.

മെല്‍ബേണ്‍ സ്റ്റാര്‍സിനെ എറിഞ്ഞിട്ട് സിഡ്നി തണ്ടറിന് രണ്ടാം ബിഗ് ബാഷ് കിരീടം

വനിത ബിഗ് ബാഷിലെ പുതിയ ചാമ്പ്യന്മാരായ സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ 86/9 എന്ന സ്കോറിന് പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 13.4 ഓവറില്‍ മറികടന്നാണ് സിഡ്നി തണ്ടര്‍ തങ്ങളുടെ രണ്ടാം വനിത ബിഗ് ബാഷ് കിരീടത്തിലേക്ക് നീങ്ങിയത്.

ഷബ്നിം ഇസ്മൈലും സാമി-ജോ ജോണ്‍സണും കണിശതയോടെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. ടീമിന്റെ ടോപ് സ്കോറര്‍ 22 റണ്‍സ് നേടിയ കാത്തറിന്‍ ബ്രണ്ട് ആയിരുന്നു. അന്നാബെല്‍ സത്തര്‍ലാണ്ട് 20 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടറിന് വേണ്ടി ഹീത്തര്‍ നൈറ്റ്(26*), റേച്ചല്‍ ഹെയ്ന്‍സ്(21*), റേച്ചല്‍ ട്രെനാമാന്‍(23) എന്നിവരുടെ സംഭാവന ടീമിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

Exit mobile version