ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിങ്ങും ഉദിത കൗറും വിവാഹിതരാകുന്നു

ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫോർവേഡ് മൻദീപ് സിങ്ങും വനിതാ ടീം ഡിഫൻഡർ ഉദിത കൗറും മാർച്ച് 21 ന് ജലന്ധറിൽ വെച്ച് വിവാഹിതരാകും. രണ്ട് ഒളിമ്പ്യൻമാരും 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ടീമിൻ്റെ ഭാഗമായിരുന്നു, അവിടെ പുരുഷന്മാരുടെ ചരിത്രപരമായ വെങ്കല മെഡൽ വിജയത്തിൽ മൻദീപ് പ്രധാന പങ്ക് വഹിച്ചു, വനിതാ ടീം നാലാമതായും ഫിനിഷ് ചെയ്തു.

ജലന്ധറിലെ മിതാപൂർ ഗ്രാമത്തിൽ നിന്നുള്ള മൻദീപ്, 2024 ലെ പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യയുടെ ടീമിൻ്റെയും ഭാഗമായിരുന്നു, കഴിഞ്ഞ വർഷം പഞ്ചാബ് പോലീസിൽ ഡിഎസ്പിയായി നിയമിതനായി. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ഉദിത, 2017 ൽ ദേശീയതലത്തിൽ അരങ്ങേറ്റം കുറിച്ചു, അതിനുശേഷം 14 ഗോളുകൾ നേടി 127 മത്സരങ്ങൾ ഇന്ത്യക്ക് ആയി കളിച്ചു.

വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ മന്‍ദീപ് സിംഗും നിക്കോളസ് പൂരനുമെല്ലാം വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കിംഗ്സ് ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശര്‍ദ്ധുല്‍ താക്കൂറും റണ്‍സ് വിട്ട് നല്‍കാതെ ബ്രാവോയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

8.1 ഓവറില്‍ 61 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് സിംഗും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍സ് നേടി. 16 പന്തില്‍ 27 റണ്‍സ് നേടിയ മന്‍ദീപിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ നിന്ന് ബൗണ്ടറിയും നേടി. 17 പന്തില്‍ 33 റണ്‍സ് നേടിയ നിക്കോളസ് പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ താക്കൂറിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു.

അടുത്ത പന്തില്‍ രാഹുലിനെയും പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 152/2 എന്ന നിലയില്‍ നിന്ന് 152/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. 52 പന്തില്‍ നിന്ന് 63 റണ്‍സാണ് രാഹുലിന്റെ സ്കോര്‍. അടുത്ത പന്തില്‍ സര്‍ഫ്രാസിനെ എഡ്ജ് ചെയ്യിപ്പിക്കുവാന്‍ സര്‍ഫ്രാസിന് സാധിച്ചുവെങ്കിലും സ്ലിപ്പിലേക്ക് പന്ത് എത്താതിനാല്‍ താരത്തിന് ഹാട്രിക് നേടുവാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ മത്സരത്തില്‍ 200നടുത്തുള്ള സ്കോറിലേക്ക് എത്തുവാന്‍ പഞ്ചാബിന് സാധിച്ചില്ലെങ്കിലും മാക്സ്വെല്ലും സര്‍ഫ്രാസും ചേര്‍ന്ന് ടീം സ്കോര്‍ 178 ലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിനും കൊറോണ

ഇന്ത്യൻ ഹോക്കി ഫോർവേഡ് മൻദീപ് സിങ്ങിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യൻ ഹോക്കി ടീമിൽ ആറ് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗ്, സുരേന്ദർ കുമാർ, ജസ്‌കരൻ സിങ്, വരുൺ കുമാർ, കൃഷ്ണൻ ബഹദൂർ പഥക് എന്നിവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്പിൽ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് നേരത്തെ കോവിഡ് പോസറ്റീവ് ആയ താരങ്ങൾക്കൊപ്പം താരത്തെ ചികിത്സിക്കുന്നുണ്ടെന്ന് സായി അധികാരികൾ വ്യക്തമാക്കി. ഓഗസ്റ്റ് 20ന് മുൻപ് ദേശീയ ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായാണ് താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്.

ഐപിഎലിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് മന്‍ദീപ് സിംഗ്

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള ഐപിഎലിന്റെ 13ാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കാനിരിക്കുന്ന മന്‍ദീപ് സിംഗ് തന്റെ ഐപിഎലിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ബാറ്റിംഗ് താരങ്ങളെ തിരഞ്ഞെടുത്തു. തന്റഎെ മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‍ലിയാണ് പട്ടികയില്‍ ഒന്നാമത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ കോഹ്‍ലിയുടെ സഹതാരം എബി ഡി വില്ലിയേഴ്സ് ആണ് മന്‍ദീപിന്റെ രണ്ടാമത്തെ പ്രിയപ്പെട്ട താരം.

അടുത്തതായി മന്‍ദീപ് തിരഞ്ഞെടുത്തത് വെടിക്കെട്ട് വീരന്മാരായ ഡേവിഡ് വാര്‍ണറെയും ക്രിസ് ഗെയിലിനെയുമാണ്. അഞ്ചാമതായി താരം തിരഞ്ഞെടുത്തത് അപകടകാരിയായ കരീബിയന്‍ താരം ആന്‍ഡ്രേ റസ്സലിനെയാണ്. കഴിഞ്ഞ സീസണില്‍ മാത്രം 510 റണ്‍സാണ് റസ്സല്‍ നേടിയത്.

ഐപിഎലില്‍ ചെറിയ ഇന്നിംഗ്സുകളാണ് കളിച്ചിട്ടുള്ളതെങ്കിലും വേഗതയാര്‍ന്ന സ്കോറിംഗാണ് മന്‍ദീപും നടത്തുന്നത്. ഇതുവരെ 97 മത്സരങ്ങളില്‍ നിന്ന് താരം 1529 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടുന്നു.

പഞ്ചാബിനെ വട്ടം ചുറ്റി ഡല്‍ഹി ബൗളര്‍മാര്‍, തിളങ്ങിയത് മില്ലറും സര്‍ഫ്രാസും പിന്നെ അവസാന ഓവറുകളില്‍ മന്‍ദീപിന്റെ കൂറ്റനടികളും

കെഎല്‍ രാഹുലും സാം കറനും സര്‍ഫ്രാസ് ഖാനും ഡേവിഡ് മില്ലറുമെല്ലാം പ്രതീക്ഷ നല്‍കിയെങ്കിലും ലഭിച്ച തുടക്കം അധികം നേരം നീണ്ട് നില്‍ക്കാതെ എല്ലാവരും മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 166 റണ്‍സ് മാത്രം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി വലിയ സ്കോറിലേക്ക് പഞ്ചാബിനെ വിടാതെ പിടിച്ചുകെട്ടിയ ഡല്‍ഹി ബൗളര്‍മാര്‍ക്കാണ് ഈ സ്കോറില്‍ പഞ്ചാബിനെ ഒതുക്കിയതിന്റെ ക്രെ‍ഡിറ്റ് ലഭിക്കേണ്ടത്.

ആദ്യ രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും തന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ വെറും 30 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങിയത്. കാഗിസോ റബാഡയും സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ വിശ്രമം നല്‍കി സാം കറനെ ഓപ്പണിംഗില്‍ ഇറക്കി നടത്തിയ പരീക്ഷണം ഒരു പരിധി വരെ വിജയം കണ്ടുവെങ്കിലും കെഎല്‍ രാഹുലിനും സാം കറനും ഏറെ നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് പഞ്ചാബിനു തിരിച്ചടിയാകുകയായിരുന്നു. 11 പന്തില്‍ നിന്ന് 15 റണ്‍സ് നേടി ലോകേഷ് രാഹുലിനെ ക്രിസ് മോറിസ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 10 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ സാം കറന്റെ വിക്കറ്റ് സന്ദീപ് ലാമിച്ചാനെ നേടി. ഫോമിലുള്ള മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 58/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് കണ്ടത് പഞ്ചാബിന്റെ തിരിച്ചുവരവായിരുന്നു. 62 റണ്‍സ് നാലാം വിക്കറ്റില്‍ നേടി സര്‍ഫ്രാസ്-മില്ലര്‍ കൂട്ടുകെട്ട് ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചപ്പോളാണ് സന്ദീപ് ലാമിച്ചാനെ വീണ്ടും അന്തകനായി അവതരിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ സര്‍ഫ്രാസ് ഖാനെയാണ് സന്ദീപ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം പഞ്ചാബിന്റെ പ്രതീക്ഷയായ ഡേവിഡ് മില്ലറുടെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തി. 30 പന്തില്‍ നിന്നാണ് 43 റണ്‍സ് മില്ലര്‍ നേടിയത്.

മില്ലറുടെ പുറത്താകല്‍ കൂടി സംഭവിച്ചതിനു ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. കാഗിസോ റബാഡ എറിഞ്ഞ അവസാന ഓവറുകളിലെ അവസാന രണ്ട് പന്തുകളില്‍ ഫോറും സിക്സും നേടി മന്‍ദീപ് പഞ്ചാബിന്റെ സ്കോര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിലേക്ക് നയിച്ചു. 21 പന്തില്‍ നിന്ന് പുറത്താകാതെ മന്‍ദീപ് 29 റണ്‍സ് നേടി.

പൊരുതി നോക്കി മയാംഗും മില്ലറും മന്‍ദീപും, വലിയ കടമ്പ കടക്കാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്

ഒരു ചെറിയ അശ്രദ്ധ വലിയ പിഴവായി മാറുകയും ആന്‍ഡ്രേ റസ്സല്‍ അത് മുതലാക്കിയപ്പോള്‍ കൊല്‍ക്കത്ത പഞ്ചാബിനു മുന്നില്‍ നല്‍കിയ 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ 28 റണ്‍സിനു കീഴടങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാറ്റിംഗിലെ പോലെ ആന്‍ഡ്രേ റസ്സല്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയപ്പോള്‍ പഞ്ചാബിനു 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമേ നേടാനായുള്ളു.

7.3 ഓവറില്‍ 60/3 എന്ന നിലയില്‍ വീണ ശേഷം കിംഗ്സ് ഇലവനു വേണ്ടി മയാംഗ് അഗര്‍വാലും ഡേവിഡ് മില്ലറുമാണ് പടപൊരുതി നോക്കിയത്. നാലാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് മില്ലറുമായി നേടിയ ശേഷം 58 റണ്‍സ് നേടിയാണ് മയാംഗ് മടങ്ങിയത്. 34 പന്തില്‍ 6 ഫോറും 1 സിക്സും നേടിയ മയാംഗിനെ പിയൂഷ് ചൗള്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഡേവിഡ് മില്ലര്‍ പുറത്താകാതെ 40 പന്തില്‍ 59 റണ്‍സും മന്‍ദീപ് സിംഗ് 15 പന്തില്‍ നിന്ന് പുറത്താകാതെ 33 റണ്‍സും നേടി നിന്നു. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ രണ്ട് വിക്കറ്റ് നേടി മികച്ച രീതിയില്‍ പന്തെറിഞ്ഞു.

അവസാന മിനുട്ടില്‍ സമനില ഗോള്‍ വഴങ്ങി ഇന്ത്യ

സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയുടെ രണ്ടാം മത്സരത്തില്‍ ജയം കൈവിട്ട് ഇന്ത്യ. മത്സരത്തില്‍ വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ നിന്ന് ദക്ഷിണ കൊറിയ അവസാന മിനുട്ടില്‍ ഗോള്‍ മടക്കി ഇന്ത്യയ്ക്കൊപ്പം പിടിയ്ക്കുകയായിരുന്നു.അവസാന മിനുട്ടുകളില്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം കൊറിയ അഴിച്ചുവിട്ടപ്പോള്‍ ശ്രീജേഷും ഇന്ത്യന്‍ പ്രതിരോധവും കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലു അവസാന സെക്കന്‍ഡുകളില്‍ ഇന്ത്യന്‍ പ്രതിരോധം കീഴടങ്ങുകയായിരുന്നു.

28ാം മിനുട്ടില്‍ മന്‍ദീപ് സിംഗാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ ഈ ഗോളിനു ലീഡ് ചെയ്തു. ഇന്നലെ ഇന്ത്യ ആദ്യ മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ജപ്പാനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു.

217 റണ്‍സിനു ഓള്‍ഔട്ട് ആയി പഞ്ചാബ്, 96 റണ്‍സ് ലീഡ്, സന്ദീപ് വാര്യര്‍ക്ക് അഞ്ച് വിക്കറ്റ്

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 121 റണ്‍സിനെതിരെ 96 റണ്‍സ് ലീഡ് നേടി പഞ്ചാബ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് 135/2 എന്ന നിലയില്‍ പുനരാരംഭിച്ച പഞ്ചാബ് 217 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 89 റണ്‍സ് നേടിയ മന്‍ദീപ് സിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടി കേരളത്തിനായി തിളങ്ങി.

137/2 എന്ന നിലയില്‍ നിന്ന് 80 റണ്‍സ് കൂടി നേടുന്നതിനിടയില്‍ പഞ്ചാബിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റും കേരളം വീഴുത്തുകയായിരുന്നു.

യുവരാജിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി സന്ദീപ് വാര്യര്‍, പഞ്ചാബിന്റെ നെടുംതൂണായി മന്‍ദീപ് സിംഗ്

135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8 എന്ന നിലയിലാണ്. യുവരാജ് സിംഗ് 8 റണ്‍സ് നേടി പുറത്തായപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് ആണ് വിക്കറ്റ് ലഭിച്ചത്.

യുവരാജിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാര്യര്‍ ആണ് തമിഴ്നാടിനു പ്രഹരമേല്പിച്ചത്. തലേ ദിവസം മികച്ച രീതിയില്‍ ബാറ്റ് വീശിയ ജീവന്‍ജോത് സിംഗിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. 69 റണ്‍സ് നേടിയ താരത്തെ സന്ദീപ് പുറത്താക്കുമ്പോള്‍ 2 റണ്‍സ് കൂടിയാണ് പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിനോട് കൂട്ടിചേര്‍ക്കുവാന്‍ ടീമിനായത്.

ഒരേ ഓവറില്‍ യുവരാജിനെയും ഗുര്‍കീരത്ത് മന്നിനെയും സന്ദീപ് പുറത്താക്കിയപ്പോള്‍ 157/5 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. ഗിതാന്‍ഷ് ഖേരയെ നിധീഷ് എംഡി പുറത്താക്കിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ റണ്ണൗട്ടായി. ഒരു വശത്ത് 82 റണ്‍സുമായി മന്‍ദീപ് സിംഗ് പിടിച്ച് നിന്നപ്പോള്‍ 82 റണ്‍സ് ലീഡ് കൈക്കലാക്കുവാന്‍ പഞ്ചാബിനു സാധിച്ചിട്ടുണ്ട്. മന്‍പ്രീത് സിംഗ് ഗ്രേവാല്‍ 11 റണ്‍സ് നേടിയ ശേഷം റണ്ണൗട്ടായി മടങ്ങി.

താരങ്ങളെ കൈമാറി റോയല്‍ ചലഞ്ചേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും

ഐപില്‍ ട്രേഡിംഗ് ജാലകത്തിലൂടെ നടന്ന ആദ്യ കൈമാറ്റവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും. മന്‍ദീപ് സിംഗിനു പകരം ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസിനെയാണ് പഞ്ചാബില്‍ നിന്ന് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2018 പതിപ്പ് അവസാനിച്ചത് മുതല്‍ അടുത്ത ലേലത്തിനു ഒരു മാസം മുമ്പ് വരെയാണ് ഈ ട്രേഡിംഗ് ജാലകം തുറന്നിരിക്കുന്നത്.

2018 ലേലത്തില്‍ സ്റ്റോയിനിസിനെ ആര്‍സിബി സ്വന്തമാക്കിയെങ്കിലും തങ്ങളുടെ റൈറ്റ്-ടു-മാച്ച് കാര്‍ഡ് ഉപയോഗിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. 6.20 കോടിയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. അതേ സമയം കിംഗ്സ് ഇലവന്‍ നോട്ടമിട്ട മന്‍ദീപ് സിംഗിനെ 1.40 കോടി രൂപയ്ക്ക് ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു.

മത്സരം സമനിലയില്‍, സൂപ്പര്‍ ഓവറില്‍ പ‍ഞ്ചാബ്

കര്‍ണ്ണാടകയ്ക്കെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി പഞ്ചാബ്. സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തിലാണ് കര്‍ണ്ണാടകയെ പിന്തള്ളി പഞ്ചാബ് തങ്ങളുടെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. അനിരുദ്ധ ജോഷി (19 പന്തില്‍ പുറത്താകാതെ 40 റണ്‍സ്), രവികുമാര്‍ സമര്‍ത്ഥ്(31), സിഎം ഗൗതം(36) എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി തിളങ്ങിയത്. പഞ്ചാബിനായി ബല്‍തേജ് സിംഗ് മൂന്നും മന്‍പ്രീത് ഗോണി രണ്ടും വിക്കറ്റ് നേടി.

മന്‍ദീപ് സിംഗ്(45), ഹര്‍ഭജന്‍ സിംഗ്(33), യുവരാജ് സിംഗ്(29) എന്നിവരാണ് പഞ്ചാബിനായി തിളങ്ങിയത്. 9 വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിനു അവസാന പന്തില്‍ നിന്ന് 7 റണ്‍സ് ജയത്തിനായി നേടേണ്ട സാഹചര്യത്തില്‍ ടീം 6 റണ്‍സ് നേടുകയായിരുന്നു. കര്‍ണ്ണാടകയ്ക്കായി ശ്രീനാഥ് അരവിന്ദ് 4 വിക്കറ്റ് നേടി.

സൂപ്പര്‍ ഓവറില്‍ പഞ്ചാബ് 15 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 11 റണ്‍സ് മാത്രമേ നേടാനായുള്ളു. മന്‍ദീപ് സിംഗ്(10*), യുവരാജ് സിംഗ്(5*) എന്നിവര്‍ പഞ്ചാബിനായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ കരുണ്‍ നായര്‍(8*), അനിരുദ്ധ(2*) എന്നിരാണ് കര്‍ണ്ണാടകയ്ക്കായി ചേസിംഗിന് ഇറങ്ങിയത്.

സിദ്ധാര്‍ത്ഥ് കൗള്‍ ആണ് വിജയികള്‍ക്കായി പന്തെറിഞ്ഞത്. കര്‍ണ്ണാടകയുടെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് കെ ഗൗതം ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version