വോണിനെ ഓര്‍ത്ത് ലോര്‍ഡ്സ്, 23 സെക്കന്‍ഡ് നീണ്ട കൈയ്യടി!!!

അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ അനുസ്മരിച്ച് ലോര്‍ഡ്സ്. ലോര്‍ഡ്സിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലാണ്ട് ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ആണ് ഷെയിന്‍ വോണിന് വേണ്ടി 23 സെക്കന്‍ഡ് കൈയ്യടിയുമായി കളിക്കാരും കാണികളും ഒത്തുചേര്‍ന്നത്.

ഷെയിന്‍ വോണിന്റെ ടീ ഷര്‍ട്ട് നമ്പര്‍ 23 ആയിരുന്നു. അതിനാലാണ് 23 സെക്കന്‍ഡ് കൈയ്യടിയുമായി ഷെയിന്‍ വോണിന്റെ അനുസ്മരണം നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.

രാജസ്ഥാനെ വലിയ നേട്ടങ്ങള്‍ ആഗ്രഹിക്കുവാനും അതിൽ വിശ്വസിക്കുവാനും പഠിപ്പിച്ചത് ഷെയിന്‍ വോൺ – ജോസ് ബട്‍ലര്‍

14 വര്‍ഷത്തിനിപ്പുറം രാജസ്ഥാന്‍ വീണ്ടും ഒരു ഐപിഎൽ ഫൈനൽ കളിക്കുമ്പോള്‍ രാജസ്ഥാന്‍ റോയൽസിനെ വലിയ നേട്ടങ്ങള്‍ ആഗ്രഹിച്ച് ആ ആഗ്രഹത്തിൽ വിശ്വസിക്കുവാനും പഠിപ്പിച്ചത് ഷെയിന്‍ വോൺ ആണെന്ന് പറഞ്ഞ് ജോസ് ബട്‍ലര്‍. രാജസ്ഥാന്‍ കുടുംബത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ആദ്യ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഷെയിന്‍ വോൺ, അദ്ദേഹത്തിനെ ഫ്രാഞ്ചൈസി വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

എന്നാൽ അങ്ങ് ദൂരെ ഞങ്ങളുടെ പ്രകടനത്തെ നോക്കി വോൺ അഭിമാനം കൊള്ളുന്നുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയാം എന്നും രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ നിര ബാറ്റ്സ്മാന്‍ വ്യക്തമാക്കി.

വോൺ ഇത് നിനക്കായി!!! 14 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഫൈനൽ

ഐപിഎല്‍ 2022ൽ രാജസ്ഥാന്‍ റോയൽസ് കപ്പ് നേടുമോ ഇല്ലയോ എന്നറിയുവാന്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടതുണ്ട്. എന്നിരുന്നാലും അവരുടെ ആദ്യ കിരീടത്തിലേക്ക് നയിച്ച ഷെയിന്‍ വോൺ ഈ മണ്ണിൽ നിന്ന് വിടപറഞ്ഞ വര്‍ഷം തന്നെ 14 വര്‍ഷത്തിന് ശേഷം വോൺ നയിച്ച ആ നേട്ടത്തിലേക്ക് ഒരു പടിയകലത്തിൽ എത്തിക്കുവാന്‍ ഇന്ന് രാജസ്ഥാന്‍ റോയൽസ് ടീം മാനേജ്മെന്റിന് സാധിച്ചപ്പോള്‍ അതിന് നേതൃത്വം കൊടുക്കുവാനുള്ള ഭാഗ്യം ലഭിച്ചത് സഞ്ജു സാംസണിനാണ്.

Shanewarne

“ദി ഫസ്റ്റ് റോയൽ” എന്നാണ് ഷെയിന്‍ വോണിനെ രാജസ്ഥാന്‍ ഫ്രാഞ്ചൈസിയും ഓര്‍ക്കുന്നത്. ഐപിഎൽ ആരംഭിയ്ക്കുന്നതിന് മുമ്പ് വോൺ മരിച്ചപ്പോള്‍ അതേ വര്‍ഷം തന്നെ ഐപിഎൽ പ്ലേ ഓഫിലേക്ക് രാജസ്ഥാന്‍ കടന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം ആയിരുന്നു.

ആദ്യ ക്വാളിഫയറിൽ കാലിടറിയെങ്കിലും രണ്ടാം ക്വാളിഫയറിൽ ശക്തമായ തിരിച്ചുവരവ് നടത്തി വീണ്ടും ഗുജറാത്തുമായി ഒരു കലാശപ്പോരാട്ടത്തിനൊരുങ്ങുമ്പോള്‍ വോൺ നേടിയ ആ ഐപിഎൽ നേട്ടം രാജസ്ഥാന് ആവര്‍ത്തിക്കുവാന്‍ സാധിക്കട്ടേ എന്നാണ് ആശംസിക്കുന്നത്.

താന്‍ കണ്ടതിൽ ഏറ്റവും ആത്മവിശ്വാസം ഉള്ള വ്യക്തി ഷെയിന്‍ വോണാണ് – വിരാട് കോഹ്‍ലി

അടുത്തിടെ നിര്യാതനായ ഓസ്ട്രേലിയയുടെ ഇതിഹാസം സ്പിന്നര്‍ ഷെയിന്‍ വോൺ ആണ് താന്‍ കണ്ടതിൽ ഏറ്റവും വലിയ ആത്മവിശ്വാസം ഉള്ള വ്യക്തിയെന്ന് പറ‍‍ഞ്ഞ് വിരാട് കോഹ്‍ലി.

ഷെയിന്‍ വോണുമായി കളിക്കളത്തിന് പുറത്ത് പരിചയം ഉണ്ടായി എന്നതിൽ താന്‍ അഭിമാനം കൊള്ളുന്നുവെന്നും വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെബ് സൈറ്റിൽ നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

എന്നെന്നേക്കും ഞങ്ങളുടെ ക്യാപ്റ്റൻ!! വോണിനെ ഓർമ്മിച്ച് രാജസ്ഥാൻ റോയൽസ്

ഇതിഹാസ താരം ഷെയ്ൻ വോണിന്റെ ഏക ഐപിഎൽ ഫ്രാഞ്ചൈസി ആയിരുന്നു രാജസ്ഥാൻ റോയൽസ്. വെള്ളിയാഴ്ച (മാർച്ച് 4, 2022) 52 ആം വയസ്സിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ ഇതിഹാസ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തിന് രാജസ്ഥാൻ റോയൽസ് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.

“ഷെയ്ൻ വോൺ. ആ പേര് മാന്ത്രികതയെ സൂചിപ്പിക്കുന്നു. അസാധ്യമാണെന്ന് നമ്മെ വിശ്വസിപ്പിച്ച മനുഷ്യൻ. ആരു റേറ്റ് ചെയ്യാതിരുന്ന ഞങ്ങൾർ ചാമ്പ്യന്മാരാക്കിയ നേതാവ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മെന്റർ.” രാജസ്ഥാൻ ഔദ്യോഗിക കുറിപ്പിൽ വോണിനെ കുറിച്ച് പറയുന്നു.

“ഈ നിമിഷം നമുക്ക് ശരിക്കും തോന്നുന്നത് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ല, പക്ഷേ നമുക്കറിയാവുന്നത് ലോകം ഇന്ന് ദരിദ്രമാണ്, കാരണം അവന്റെ പുഞ്ചിരിയും തിളക്കവും അതിന്റെ പൂർണ്ണതയിൽ ജീവിക്കാനുള്ള അവന്റെ മനോഭാവവും ഇല്ലാതെ അത് നിലനിൽക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെപ്പോലെ ഞങ്ങളും പൂർണ്ണമായും തകർന്നിരിക്കുന്നു. വോൺ, നിങ്ങൾ എന്നേക്കും ഞങ്ങളുടെ ക്യാപ്റ്റൻ ആയിരിക്കും” രാജ്സ്ഥാൻ പറഞ്ഞു‌

2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ വോൺ രാജസ്ഥാൻ റോയൽസിനെ ഐ‌പി‌എൽ കിരീടത്തിലേക്ക് നയിച്ചിരുന്നു. 2008 നും 2011 നും ഇടയിൽ റോയൽസിനായി 55 മത്സരങ്ങൾ കളിച്ച വോൺ, ആ കാലയളവിൽ റോയൽസ് ടീമിന്റെ ഭാഗമായിരുന്ന നിരവധി യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കും വഹിച്ചു.

ഇതിഹാസത്തിന്റെ ഓര്‍മ്മയിൽ കറുത്ത ആംബാന്‍ഡ് അണിയുവാന്‍ ഇന്ത്യയും ശ്രീലങ്കയും

നാളെ മൊഹാലി ടെസ്റ്റിന്റെ രണ്ടാം ദിവസം കളത്തിലിറങ്ങുമ്പോള്‍ കറുത്ത ആംബാന്‍ഡ് അണിയുവാന്‍ തീരുമാനിച്ച് ഇന്ത്യയും ശ്രീലങ്കയും. ക്രിക്കറ്റ് ഇതിഹാസം ഓസ്ട്രേലിയക്കാരന്‍ ഷെയിന്‍ വോണിന്റെ നിര്യാണത്തിൽ അനുശോചിക്കുവാനാണ് ഈ തീരുമാനത്തിലേക്ക് ബിസിസിഐയും ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡും എത്തിയിരിക്കുന്നത്.

52 വയസ്സുകാരന്‍ ഷെയിന്‍ വോൺ തായ്‍ലാന്‍ഡിൽ വെച്ച് ഹൃദയാഘാതം കാരണം ആണ് മരണപ്പെട്ടത്.

ജോഷ് ഇംഗ്ലിസിന് ടെസ്റ്റ് കീപ്പറാകുവാന്‍ കഴിയുവുണ്ട് – ഷെയിന്‍ വോൺ

ഓസ്ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന് ടെസ്റ്റിലും ഗ്ലൗസ് ഏന്തുവാന്‍ പ്രാപ്തിയുണ്ടെന്ന് പറഞ്ഞ് ഷെയിന്‍ വോൺ. സെക്സ്റ്റിംഗ് വിവാദത്തോടെ ടിം പെയിന്‍ സ്ഥാനം ക്യാപ്റ്റന്‍ സ്ഥാനം ഒഴി‍ഞ്ഞുവെങ്കിലും ടെസ്റ്റിൽ സെലക്ഷന് താന്‍ ഇപ്പോളും പരിഗണനയിലുണ്ടെന്നാണ് പെയിന്‍ അറിയിച്ചിരിക്കുന്നത്.

അതേ സമയം ടിം പെയിനിൽ നിന്ന് കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ പ്രാപ്തനായ താരമാണ് ജോഷ് ഇംഗ്ലിസ് എന്നാണ് ഷെയിന്‍ വോൺ അഭിപ്രായപ്പെട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന താരം വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്.

ബാറ്റിംഗിൽ താരം ഒരു 360 ഡിഗ്രി പ്ലേയര്‍ ആണെന്നും മികച്ച കീപ്പര്‍ കൂടിയാണ് താരമെന്നും വോൺ കൂട്ടിചേര്‍ത്തു. ടിം പെയിന്‍ 2018ലെ കേപ് ടൗൺ വിവാദത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ റൺസ് കണ്ടെത്താത്ത താരത്തിന്റെ സ്ഥാനം നേരത്തെ തന്നെ സംശയത്തിലായിരുന്നുവെന്ന് ഷെയിന്‍ വോൺ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും സാധ്യത – ഷെയിന്‍ വോൺ

ടി20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് പറഞ്ഞ് ഷെയിന്‍ വോൺ. സന്നാഹ മത്സരത്തിൽ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സമയം ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ടിനെ കീഴടക്കി.

ഒക്ടോബര്‍ 23ന് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഒക്ടോബര്‍ 24ന് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാൽ ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, വിന്‍ഡീസ് എന്നീ ടീമുകള്‍ക്കാണ് വോൺ സാധ്യത കല്പിക്കുന്നത്. ഇത് കൂടാതെ ന്യൂസിലാണ്ട് പൊതുവേ വലിയ ടൂര്‍ണ്ണമെന്റുകളിൽ മികവ് പുലര്‍ത്തുന്ന ടീമാണെന്നും വോൺ വ്യക്തമാക്കി.

 

മലന്റെ വരവോട് കൂടി ഇംഗ്ലണ്ട് കരുത്തരായി – ഷെയിന്‍ വോൺ

ദാവിദ് മലനെ ഇംഗ്ലണ്ട് ലീഡ്സ് ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്തിയതോടെ അവര്‍ കരുത്തരായി എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വോൺ. മലന്റെ വരവോട് കൂടി ഇംഗ്ലണ്ട് ബാറ്റിംഗിന്റെ കെട്ടുപാട് തന്നെ മാറിയെന്നും വോൺ പറഞ്ഞു.

ലീഡ്സിലെ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 76 റൺസിനുമാണ് ഇംഗ്ലണ്ട് ഇന്ത്യയെ തറപറ്റിച്ചത്. കെന്നിംഗ്ടൺ ഓവലിലെ ടെസ്റ്റിൽ സ്പിന്നര്‍മാര്‍ക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ തന്നെ സാം കറന് പകരം ജാക്ക് ലീഷിനെയോ മാറ്റ് പാര്‍ക്കിന്‍സണിനെയോ ഇംഗ്ലണ്ട് കളിപ്പിക്കണമെന്ന അഭിപ്രായവും വോൺ പങ്കുവെച്ചു.

മികച്ച ക്രിക്കറ്ററാണ് സാം കറനെങ്കിലും താരത്തിന് കാര്യമായി ഒരു പ്രകടനവും ഈ ടെസ്റ്റ് പരമ്പരയിൽ നേടുവാന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റിൽ സാം കറന്‍ ഒരു ബിറ്റ്സ് ആന്‍ഡ് പീസസ് ക്രിക്കറ്ററാണെന്നാണ് വോൺ അഭിപ്രായപ്പെട്ടത്.

ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്

ലണ്ടന്‍ സ്പിരിറ്റ്സ് മുഖ്യ കോച്ച് ഷെയിന്‍ വോൺ കോവിഡ് പോസിറ്റീവ്. വോണിനെയും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയെയും ടീം ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. വോണിന്റെ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. അദ്ദേഹത്തിന്റെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ ഫലത്തിനായാണ് ഇനി കാത്തിരിപ്പ്.

നേരത്തെ ട്രെന്റ് റോക്കറ്റ്സിന്റെ മുഖ്യ കോച്ച് ആന്‍ഡി ഫ്ലവര്‍ കോവിഡ് ബാധിതനായിരുന്നു. ഇപ്പോള്‍ ടീമിന്റെ കോച്ചിന്റെ ചുമതല വഹിക്കുന്നത് പോള്‍ ഫ്രാങ്ക്സ് ആണ്.

ജോണി ബൈര്‍സ്റ്റോയെ ടെസ്റ്റിൽ പരിഗണിക്കാത്തത് വിഡ്ഢിത്തരം – ഷെയിന്‍ വോൺ

ജോണി ബൈര്‍സ്റ്റോയെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് മണ്ടത്തരമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോൺ. താരത്തെ തിരഞ്ഞെടുക്കാത്ത ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ സാധ്യത കളയുകയായിരുന്നുവെന്നും ഷെയിന്‍ വോൺ പറഞ്ഞു. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ സംഘത്തിന്റെ അവിഭാജ്യ ഘടകമായ താരത്തിന് എന്നാൽ ടെസ്റ്റ് ടീമിൽ അത്ര അവസരം ലഭിച്ചിട്ടില്ല.

ബൈര്‍സ്റ്റോയെ തിരഞ്ഞെടുത്താൽ ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്ക് കരുത്താകുമെന്നാണ് താന്‍ കരുതുന്നതെന്നും ഷെയിന്‍ വോൺ വ്യക്തമാക്കി. താരം മികച്ച രീതിയിലാണ് ഏകദിനത്തിൽ കളിക്കുന്നതെന്നും ഇംഗ്ലണ്ടിന്റെ ഇപ്പോളത്തെ മധ്യനിരയെക്കാളും താരം മികവ് പുലര്‍ത്തുമെന്നും റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായെങ്കിലും താരത്തിന് അവസരം ടെസ്റ്റിൽ നല്‍കണമെന്നും വോൺ ആവശ്യപ്പെട്ടു.

ഐപിഎൽ കളിക്കാന്‍ സമയം കണ്ടെത്തുന്ന എന്നാൽ രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ താല്പര്യമില്ലാതെ പിന്മാറുന്ന താരങ്ങളെ പിന്നീട് പരിഗണിക്കരുത്

ഓസ്ട്രേലിയയുടെ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ നിന്ന് പിന്മാറിയ പ്രധാന താരങ്ങളെ വിമര്‍ശിച്ച് ഷെയിന്‍ വോൺ. രാജ്യത്തിന് വേണ്ടി കളിക്കേണ്ട സമയം വരുമ്പോള്‍ വിശ്രമവും എടുത്ത് ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റുകള്‍ക്ക് കളിക്കാനും ചെല്ലുന്നവരെ വീണ്ടും ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വോൺ പറഞ്ഞു.

ഐപിൽ കളിക്കുന്നതും പൈസയുണ്ടാക്കുന്നതും ഒരു തെറ്റായ കാര്യമല്ല എന്നാൽ രാജ്യത്തിന് വേണ്ടി കളിക്കാനെത്തുമ്പോള്‍ വിശ്രമമെടുക്കുന്നതും ഇത്തരം ടൂര്‍ണ്ണമെന്റുകള്‍ക്ക് പോകുവാന്‍ യാതൊരു അമാന്തവുമില്ലാത്ത സ്ഥിതിയാണെങ്കിൽ അവരെ പരിഗണിക്കുന്നത് നിര്‍ത്തണമെന്നും വോൺ വ്യക്തമാക്കി.

Exit mobile version