ലാമിച്ചാനെ ബിഗ് ബാഷിലേക്ക്

നേപ്പാള്‍ സ്പിന്‍ ബൗളര്‍ സന്ദീപ് ലാമിച്ചാനെ ബിഗ് ബാഷ് ലീഗിലേക്ക്. ഐപിഎലില്‍ ഡല്‍ഹിയ്ക്ക് വേണ്ടിയും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു വേണ്ടിയും കളിച്ച താരം ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടിയാവും കളിക്കുക. ഡിസംബര്‍ പത്തിനു സ്റ്റാര്‍സിനു വേണ്ടി കളിക്കാന്‍ ഓസ്ട്രേലിയയില്‍ എത്തുന്ന താരം സീസണ്‍ മുഴുവനുണ്ടാകില്ല. ജനുവരി 5നു അരംഭിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സില്‍ഹെറ്റ് സിക്സേഴ്സിനു വേണ്ടി കളിക്കുവാനായി താരം ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങും.

എന്നാല്‍ ഫെബ്രുവരിയില്‍ താരം തിരികെ ബിഗ് ബാഷിലേക്ക് എത്തും. സന്ദീപ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ പകരം താരമായി ലാങ്കാഷയറിന്റെ മാറ്റ് പാര്‍ക്കിന്‍സണ്‍ മെല്‍ബേണ്‍ സ്റ്റാര്‍സിലെത്തും. ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഈ നേപ്പാള്‍ യുവ താരം.

നേപ്പാള്‍ സ്പിന്‍ സെന്‍സേഷന്‍ ഗെയിലിനൊപ്പം കേരള കിംഗ്സില്‍ കളിക്കും

ക്രിസ് ഗെയിലിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനും സ്പിന്‍ പ്രതിഭയുമായ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും കേരള കിംഗ്സിലേക്ക്. ടി10 ലീഗ് പ്ലേയര്‍ ഡ്രാഫ്ടിലാണ് കേരളത്തിന്റെ ഫ്രാഞ്ചൈസി സന്ദീപിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2018ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ സന്ദീപ് ലാമിച്ചാനെ പ്രമുഖ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് ലീഗിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍.

സെപ്റ്റംബര്‍ 24നു നടന്ന പ്ലേയര്‍ ഡ്രാഫ്ടിലെ മൂന്നാം റൗണ്ടിലാണ് നേപ്പാള്‍ താരത്തെ കേരള കിംഗ്സ് സ്വന്തമാക്കിയത്.

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനു വേണ്ടി പരസ് ഖഡ്ക(51), സോംപാല്‍ കാമി(61) എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48.5 ഓവറില്‍ ടീം 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

സന്ദീപ് ലാമിച്ചാനെയ്ക്കും ലളിത് ഭണ്ഡാരിയ്ക്കും ഒപ്പം മറ്റു താരങ്ങളും അവസരത്തിനൊത്തുയര്‍ന്നനപ്പോള്‍ നെതര്‍ലാണ്ട്സിനെ 50 ഓവറില്‍ 215 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു നേപ്പാള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് കൈവശമുള്ളപ്പോള്‍ 6 റണ്‍സായിരുന്നു ജയിക്കാന്‍ നെതര്‍ലാണ്ട്സിനു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിനു എന്നാല്‍ റണ്ണൗട്ട് രൂപത്തില്‍ അവസാന വിക്കറ്റ് നഷ്ടമായപ്പോള്‍ ഒരു റണ്‍സിന്റെ ചരിത്ര വിജയം നേപ്പാള്‍ കൈക്കലാക്കി. അവസാന ഓവര്‍ എറിഞ്ഞത് ക്യാപ്റ്റന്‍ പരസ് ഖഡ്കയായിരുന്നു.

71 റണ്‍സ് നേടിയ വെസ്‍ലി ബാരെസ്സിയാണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ഡാനിയേല്‍ ടെര്‍ ബ്രാക്ക് 39 റണ്‍സ് നേടി. നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റും ലളിത് ഭണ്ഡാരി രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാറ്റിംഗില്‍ തിളങ്ങി സുനില്‍ നരൈന്‍, മോണ്ട്രിയല്‍ ടൈഗേഴ്സിനു ജയം

തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ് ബോര്‍ഡ് ടീം. ആദ്യ ഘട്ടത്തിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരാജയമറിയാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ടീമിനു റൗണ്ടിലെ അവസാന മത്സരത്തിലും രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സ്ഥിതിയാണിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനോടാണ് ടീമിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയെങ്കിലും 17.3 ഓവറില്‍ ടൈഗേഴ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷമര്‍ സ്പ്രിംഗര്‍(62) മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ടൈഗേഴ്ലിനു വേണ്ടി നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് വിജയത്തിന്റെ അടിത്തറ പാകിയത് സുനില്‍ നരൈന്റെ വെടിക്കെട്ടാണ്. 25 പന്തില്‍ 9 സിക്സ് അടക്കം 61 റണ്‍സ് നേടിയ സുനിലിനു പിന്തുണയായി മോയിസസ് ഹെന്‍റിക്കസ്(32), സിക്കന്ദര്‍ റാസ(32), നജീബുള്ള സദ്രാന്‍ എന്നിവരും ചേര്‍ന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയം നേടി. 12 പന്തില്‍ 29 റണ്‍സ് നേടി സദ്രാനാണ് റാസയ്ക്കൊപ്പം ടീമിന്റെ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചത്.

ബോര്‍ഡ് ടീമിനായി ഖാരി പിയറി രണ്ടും ഫാബിയന്‍ അലന്‍, ദെര്‍വാല്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെനിയയെ ഞെട്ടിച്ച് നേപ്പാള്‍

ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2ല്‍ അട്ടിമറി ജയവുമായി നേപ്പാള്‍. തങ്ങളെക്കാള്‍ പരിചയസമ്പന്നരും ലോകകപ്പില്‍ വരെ കളിച്ച് പാരമ്പര്യവുമുള്ള കെനിയെയാണ് ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാള്‍ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെനിയ സന്ദീപ് ലാമിച്ചാനെയുടെ ബൗളിംഗിനു മുന്നില്‍ പതറുകയായിരുന്നു. സന്ദീപ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കെനിയ 177 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണര്‍മാരായ അലക്സ് ഒബാണ്ട(41), ഇര്‍ഫാന്‍ കരീം(42) എന്നിവരാണ് പ്രധാന റണ്‍ സ്കോറര്‍മാര്‍. ഷെം നോഗ്ചേ 15 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം കൂട്ടായി 24 റണ്‍സുമായി നെല്‍സണ്‍ ഒദിയാമ്പോയും ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ക്രീസിലുണ്ടായിരന്നു.

തിരിച്ച് 14/3 എന്ന നിലയിലേക്കും പിന്നീട് 82/5 എന്ന നിലയിലേക്കും വീണ നേപ്പാളിനെ ആറാം വിക്കറ്റില്‍ 87 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖ്(42)-രോഹിത്ത് കുമാര്‍ കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. വിജയം 9 റണ്‍സ് അകലെ വെച്ച് കൂട്ട് കെട്ട് തകരുകയും ഏറെ വൈകാതെ രോഹിത്തും(47) റണ്‍ഔട്ട് ആയെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി നേപ്പാള്‍ വിജയം ഉറപ്പിച്ചു. രോഹിത്ത് പുറത്താകുമ്പോള്‍ രണ്ട് പന്തില്‍ രണ്ട് ആയിരുന്നു വിജയ ലക്ഷ്യം. തൊട്ടടുത്ത പന്തില്‍ കാമിയ്ക്ക് റണ്ണെടുക്കാനായില്ലെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി കാമി ടീമിനെ വിജയത്തിലെത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version