സായ് കിഷോർ കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേക്കായി കളിക്കും


ഇന്ത്യൻ, തമിഴ്നാട് സ്പിന്നർ ആർ. സായ് കിഷോർ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ് ടീമുകളിലൊന്നായ സറേയ്‌ക്കൊപ്പം കൗണ്ടി ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഈ മാസം അവസാനം നടക്കുന്ന രണ്ട് ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ ഈ ഇടംകൈയ്യൻ സ്പിന്നർ കളിക്കും.


ജൂലൈ 22-ന് സ്കാർബറോയിൽ യോർക്ക്ഷെയറിനെതിരെയാണ് കിഷോർ ആദ്യമായി കളിക്കുന്നത്. ഈ മത്സരത്തിൽ അദ്ദേഹം നിലവിൽ യോർക്ക്ഷെയറിനായി കളിക്കുന്ന മറ്റൊരു ഇന്ത്യൻ താരം റുതുരാജ് ഗെയ്ക്‌വാദിനെ നേരിടും. ജൂലൈ 29-ന് ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ ഡർഹാമിനെതിരെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മത്സരം.



ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കിഷോർ. 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 23.51 ശരാശരിയിൽ 192 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ 12 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ഐപിഎൽ 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി 15 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ നേടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ച, 142ന് പുറത്ത്

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകർച്ച. ആരും വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെട്ട മത്സരത്തിൽ 20 ഓവറിൽ 142 റണ്ണിന് പഞ്ചാബ് ഓളൗട്ട് ആയി.

21 പന്തൽ 35 റൺസ് എടുത്ത് പ്രബ്സിമ്രനും, അവസാനം 12 പന്തിൽ 29 റൺസ് എടുത്ത ഹാർപ്രീത് ബ്രാർ എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പഞ്ചാബനായി തിളങ്ങിയത്. ഗുജറാത്തിനായി സ്പിന്നർ സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 33 റൺസ് വാങ്ങിയായിരുന്നു സായ് കിഷോർ നാലു വിക്കറ്റുകൾ വീഴ്ത്തിയത്.

നൂർ അഹമ്മദ്, മോഹിത് ശർന്ന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വാഷിംഗ്ടൺ സുന്ദര്‍ ഉള്‍പ്പെടെ നാല് സ്പിന്നര്‍മാരെ നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരെ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ സുന്ദര്‍, സായി കിഷോര്‍ എന്നിവരുള്‍പ്പെടെ നാല് സ്പിന്നര്‍മാരെയാണ് ടീമിന്റെ നെറ്റ് ബൗളിംഗ് സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ചഹാറും സൗരഭ് കുമാറുമാണ് മറ്റു സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ടീമിൽ നിലവിൽ നാല് സ്പിന്നര്‍മാരാണ് ഉള്ളത്. ആര്‍ അശ്വിന്, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെയാണ് ഈ നാല് പേരെ നെറ്റ് ബൗളര്‍മാരായും ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് ആണ് ആദ്യ ടെസ്റ്റ് നാഗ്പൂരിൽ നടക്കുന്നത്.

വെസ്റ്റ് സോൺ 270 റൺസിന് ഓള്‍ഔട്ട്, സായി കിഷോറിന് അഞ്ച് വിക്കറ്റ്

ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 270 റൺസിന് അവസാനിപ്പിച്ച സൗത്ത് സോൺ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 87/2 എന്ന നിലയിൽ. 34 റൺസുമായി ബാബ ഇന്ദ്രജിത്തും 13 റൺസ് നേടിയ ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്.

വെസ്റ്റ് സോണിന്റെ 9ാം വിക്കറ്റ് കൂട്ടുകെട്ടിനെ ഇന്ന് രാവിലെ സായി കിഷോര്‍ ആണ് തകര്‍ത്തത്. ഹെത് പട്ടേലിനെ രണ്ട് റൺസ് കൂടി നേടുന്നതിനിടെ 98 റൺസിൽ കിഷോര്‍ പുറത്താക്കിയപ്പോള്‍ ചിന്തന്‍ ഗജയെയും താരം തന്നെ പുറത്താക്കി. സായി കിഷോര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് 47 റൺസുമായി പുറത്താകാതെ നിന്നു.

31 റൺസ് നേടിയ രോഹന്‍ കുന്നുമല്ലിനെയും 9 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെയും ആണ് സൗത്ത് സോണിന് നഷ്ടമായത്.

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ പതറിയ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്. 167/8 എന്ന നിലയിലേക്ക് വീണ വെസ്റ്റ് സോണിനെ 83 റൺസിന്റെ അപരാജിത എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ആദ്യ ദിവസം 250/8 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ ഹെത് പട്ടേൽ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടിന് സാധിക്കുകയായിരുന്നു.

16/3 എന്ന നിലയിലേക്ക് ചീപ്പുരപ്പള്ളി സ്റ്റീഫനും ബേസിൽ തമ്പിയും വെസ്റ്റ് സോണിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ നാലാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 48 റൺസുമായി ചെറുത്ത്നില്പ് സൃഷ്ടിക്കുകയായിരുന്നു.

എന്നാൽ 37 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയും 34 റൺസ് നേടിയ സര്‍ഫ്രാസ് ഖാനെയും വീഴ്ത്തിയ സായി കിഷോര്‍ ഷംസ് മുലാനിയെക്കൂടി വീഴ്ത്തിയതോടെ വെസ്റ്റ് സോൺ 101/6 എന്ന നിലയിലേക്ക് വീണു.

ഹെത് പട്ടേലും അതിത് സേഥും(25) ഏഴാം വിക്കറ്റിൽ 63 റൺസ് നേടിയെങ്കിലും ബേസിൽ തമ്പി സേഥിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നീടാണ് 9ാം വിക്കറ്റിൽ പട്ടേലും ഉനഡ്കടും വെസ്റ്റ് സോണിനെ തിരികെ ട്രാക്കിലെത്തിച്ചത്.

ഹെത് പട്ടേൽ 96 റൺസ് നേടിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് 39 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബേസിൽ തമ്പിയും ചീപ്പുരപ്പള്ളി സ്റ്റീഫനും രണ്ട് വീതം വിക്കറ്റാണ് നേടിയത്.

വീണ്ടും തിളങ്ങി കുന്നുമ്മൽ, സായി കിഷോറിന്റെ ഏഴ് വിക്കറ്റുകള്‍ക്ക് മുന്നിൽ തകര്‍ന്ന് നോര്‍ത്ത് സോൺ

ദുലീപ് ട്രോഫി സെമി ഫൈനലില്‍ പിടിമുറുക്കി സൗത്ത് സോൺ. ആദ്യ ഇന്നിംഗ്സ് 630/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം നോര്‍ത്ത് സോണിനെ വെറും 207 റൺസിനാണ് സൗത്ത് സോൺ എറിഞ്ഞിട്ടത്. സായി കിഷോറിന്റെ ഏഴ് വിക്കറ്റ് നേട്ടം ആണ് നോര്‍ത്ത് സോൺ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞത്.

67 ഓവര്‍ മാത്രം നീണ്ട് നിന്ന നോര്‍ത്ത് സോൺ ബാറ്റിംഗിൽ നിശാന്ത് സന്ധു ആണ് ടീമിന്റെ ടോപ് സ്കോറര്‍. താരം 40 റൺസ് നേടിയപ്പോള്‍ യഷ് ധുൽ 39 റൺസ് നേടി പുറത്തായി.

ഫോളോ ഓൺ നടപ്പിലാക്കാതെ ബാറ്റിംഗിനിറങ്ങിയ സൗത്ത് സോൺ രണ്ടാം ഇന്നിംഗ്സിൽ 151/1 എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മൽ 77 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ 53 റൺസ് നേടി പുറത്താകാതെ നിന്നു.

ഒരു ദിവസം അവശേഷിക്കെ 580 റൺസിന്റെ ലീഡാണ് സൗത്ത് സോണിന്റെ കൈവശമുള്ളത്.

ഹാര്‍ദ്ദിക്കിന്റെ മിന്നും ബൗളിംഗ് പ്രകടനം, ഫൈനലിൽ രാജസ്ഥാന്‍ ബാറ്റിംഗിന് താളം തെറ്റി, മതിയാകുമോ 130 റൺസ്?

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഫൈനൽ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസിന് ബാറ്റിംഗ് തകര്‍ച്ച. 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ടീം നേടിയത്. 4 ഓവറിൽ 30 റൺസ് ഓപ്പണര്‍മാര്‍ നേടിയ ശേഷം ടീം 60/1 എന്ന നിലയിൽ നിന്ന് തകരുന്ന കാഴ്ചയാണ് കണ്ടത്.

ജൈസ്വാള്‍(22), ജോസ് ബട്‍ലര്‍(39) എന്നിവര്‍ മാത്രമാണ് റൺസ് കണ്ടെത്തിയ താരങ്ങള്‍. ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികവാര്‍ന്ന ബൗളിംഗ് ആണ് രാജസ്ഥാനെ പ്രതിരോധത്തിലാക്കിയത്. 4 ഓവറിൽ 17 റൺസ് മാത്രം വിട്ട് നൽകി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സായി കിഷോര്‍ രണ്ട് വിക്കറ്റ് നേടി. എട്ടാം വിക്കറ്റിൽ 17 റൺസുമായി റിയാന്‍ പരാഗ് – ഒബേദ് മക്കോയി കൂട്ടുകെട്ട് 130 റൺസിലേക്ക് രാജസ്ഥാനെ എത്തിക്കുകയായിരുന്നു.

പരാഗ് 15 റൺസ് നേടി പുറത്തായപ്പോള്‍ മക്കോയി 8 റൺസ് നേടി. സഞ്ജു സാംസൺ(14), ദേവ്ദത്ത് പടിക്കൽ(2), ഷിമ്രൺ ഹെറ്റ്മ്യര്‍(11), രവിചന്ദ്രന്‍ അശ്വിന്‍(6) എന്നിവര്‍ക്കാര്‍ക്കും നിലയുറപ്പിക്കുവാന്‍ സാധിക്കാത്തതും രാജസ്ഥാന് തിരിച്ചടിയായി.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്കായി ആവശ്യക്കാരില്ല, സായി കിഷോറിന് 3 കോടി

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് ഐപിഎല്‍ മെഗാ ലേലത്തിൽ താല്പര്യക്കാരില്ല. 40 ലക്ഷത്തിന്റെ അടിസ്ഥാന വിലയുള്ള താരത്തിനെ വാങ്ങുവാന്‍ ആരുമില്ലായിരുന്നു. ഇന്ന് ലേലത്തിന്റെ ആദ്യ ദിവസം അവസാനമായാണ് താരത്തിന്റെ പേര് എത്തിയത്.

അതേ സമയം സായി കിഷോറിന് 3 കോടി രൂപ ലഭിച്ചു. താരത്തെ ഗുജറാത്ത് ആണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് രാജസ്ഥാന്‍ റോയൽസ് ആണ് ആദ്യമായി താരത്തിനായി രംഗത്തെത്തിയത്.

പിന്നീട് ഡല്‍ഹിയും ചെന്നൈയും പഞ്ചാബും സൺറൈസേഴ്സും ഗുജറാത്തിനൊപ്പം രംഗത്തെത്തിയെങ്കിലും അന്തിമ വിജയം ഗുജറാത്തിനൊപ്പം നിന്നു.

Exit mobile version