വീണ്ടും ഗെയിം ചേഞ്ചറായി സാം കറന്‍, ഹാട്രിക്ക്, മൊഹാലി കോട്ട കാത്ത് പഞ്ചാബ്

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ‍‍ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത് പോലെ അവസാന നാലോവറില്‍ എതിരാളികള്‍ക്ക് നേടുവാനുള്ള ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് തിരികെ എത്തുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറാണ് മത്സരം തിരികെ കൊണ്ടുവന്നത്. ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിന്റെ ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് കറന്‍ നേടിയത്. ഋഷഭ് പന്തിന്റെ വിക്കറ്റുകള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി സാം കറന്‍ ഹാട്രിക് നേടിയപ്പോള്‍ മത്സരം 14 റണ്‍സിനു വിജയം കുറിച്ചു. 19.2 ഓവറില്‍ 152 റണ്‍സിനു ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം പൃഥ്വി ഷായെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡല്‍ഹിയെ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. അശ്വിനായിരുന്നു ഷായുടെ വിക്കറ്റ്.

61 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടില്‍ അയ്യരാണ്(28) ആദ്യം പുറത്തായത്. 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ടീമിനു ധവാനെയും നഷ്ടമായി. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാം ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

പന്തിനെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ സ്കോറിംഗ് നടത്തുന്ന ഇന്‍ഗ്രാമിനെയാണ് പിന്നീടുള്ള ഓവറുകളില്‍ കണ്ടതെങ്കിലും പന്തും ഇന്നിംഗ്സിന്റെ അവസാനത്തോടെ വലിയ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി.

അവസാന നാലോവറില്‍ ജയിക്കുവാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ നേടിയ പന്തിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തിരിച്ചടിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും 2 സിക്സും സഹിതമായിരുന്നു പന്തിന്റെ പ്രകടനം. അടുത്ത പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് മോറിസിനെ റണ്ണൗട്ടാക്കി അശ്വിന്‍ വീണ്ടും മത്സരം മാറ്റി മറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിയ്ക്കായി ഇറങ്ങിയ കൂട്ടുകെട്ടിന്റെ പുറത്തായി പിന്നീട് വിജയം ഉറപ്പാക്കേണ്ട ദൗത്യം. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ 18 പന്തില്‍ 23 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഗ്രാം വലിയ ഷോട്ടിനു മുതിരുകയും ബൗണ്ടറി ലൈനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി കരുണ്‍ നായര്‍ ഇന്‍ഗ്രാമിനെ പുറത്താക്കുകയായിരുന്നു.

ഇതോടെ ക്രീസില്‍ രണ്ട് പുതിയ താരങ്ങളായി പഞ്ചാബിനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കി സാം കറന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിഞ്ഞ തരത്തിലുള്ള ഗെയിം ചേഞ്ചിംഗ് ഓവര്‍ എറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

12 പന്തില്‍ 20 റണ്‍സ് വേണ്ട ഘട്ടത്തില്‍ മുഹമ്മദ് ഷമി വെറും 5 റണ്‍സ് നല്‍കി പഞ്ചാബിനു വേണ്ടി വിഹാരിയെ പുറത്താക്കി അവസാന ഓവറിലെ ലക്ഷ്യം 15 ആക്കി മാറ്റി. അവസാന ഓവറില്‍ സാം കറന്‍ ആദ്യ പന്തില്‍ തന്നെ കാഗിസോ റബാഡയെ പുറത്താക്കി. അടുത്ത പന്തില്‍ സന്ദീപ് ലാമിച്ചാനയെയും പുറത്താക്കി സാം കറന്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 11 റണ്‍സിനാണ് കറന്‍ 4 വിക്കറ്റ് നേടിയത്.

മോയിന്‍ അലിയ്ക്ക് വിശ്രമം, പകരം സാം കറന്‍ ടീമില്‍

വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ ഇടം പിടിച്ച് സാം കറന്‍. മോയിന്‍ അലിയ്ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സാം കറനു നറുക്ക് വീണത്. ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമായതിനാലും മോയിന്‍ അലിയെപ്പോലെ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍ എന്നിവരും ഐപിഎല്‍ കളിക്കാനിരിക്കുന്നതിനാലാണ് ഇവര്‍ക്ക് വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ വിശ്രമം നല്‍കുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. മോയിന്‍ അലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ബെന്‍ സ്റ്റോക്സും ജോസ് ബട‍്‍ലറും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമാണ് ഐപിഎലില്‍ കളിക്കുന്നത്.

അതേ സമയം സാം കറനെ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരം ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാത്തതിനാലാണ് ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 23നു ഐപിഎല്‍ ആരംഭിക്കുവാനിരിക്കെ ഇംഗ്ലണ്ടിന്റെ കരിബീയന്‍ ടൂര്‍ മാര്‍ച്ച് 10ന് ആണ് അവസാനിക്കുന്നത്.

സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം കറനും തങ്ങളുടെ കരാറുകള്‍ പുതുക്കിയത്. ഇരുവരും 2021 വരെയും സാം കറന്‍ 2020 വരെയും കൗണ്ടിയില്‍ തുടരും.

കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനങ്ങള്‍ ദേശീയ ടീമിനുവേണ്ടി നടത്തി വരികയാണ് സാം കറനും ബെന്‍ ഫോക്സും. കറന്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അതിന്റെ ബലത്തില്‍ ഐപിഎലില്‍ 7.2 കോടിയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ എത്തുകയായിരുന്നു. ബെന്‍ ഫോക്സ് ശ്രീലങ്കയില്‍ 3-0നു ചരിത്ര പരമ്പര വിജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ട്രോഫി കരസ്ഥമാക്കി. ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് സാം കറന്‍.

രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കിയതില്‍ സന്തോഷം: മൈക്ക് ഹെസ്സണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചായി പുതുതായി എത്തിയ മൈക്ക് ഹെസ്സണിനു ഐപിഎല്‍ ലേലത്തില്‍ തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സന്തുഷ്ടനാണെന്ന് അറിയിച്ചു. അതില്‍ തന്നെ രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കുവാനായതില്‍ ഏറ്റവും സന്തോഷമുണ്ടെന്നും മുന്‍ ന്യൂസിലാണ്ട് കോച്ച് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സെന്‍സേഷനായ സാം കറനും ഓസ്ട്രേലിയയുടെ മോസെസ് ഹെന്‍റികസുമാണ് പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍. നേരത്തെ ലേലത്തിനു മുമ്പ് ടീമിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനെ ബാംഗ്ലൂരിനു കൈമാറിയിരുന്നു പഞ്ചാബ്. പകരം മന്‍ദീപ് സിംഗിനെയാണ് ടീമിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിനായി പൊരുതി നോക്കി സാം കറന്‍, ദില്‍രുവന്‍ പെരേരയ്ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കയുടെ ബൗളര്‍മാര്‍. ദില്‍രുവന്‍ പെരേരയും മലിന്‍ഡ പുഷ്പകുമാരയും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നാം ദിവസം തന്നെ തകരുകയായിരുന്നു. പെരേര നാലും പുഷ്പകുമാര മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

75.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയത് സാം കറന്‍ ആണ്. വാലറ്റത്തില്‍ ആദില്‍ റഷീദിനൊപ്പം എട്ടാം വിക്കറ്റില്‍ 45 നിര്‍ണ്ണായക റണ്‍സ് ആണ് കറന്‍ നേടിയത്. കറന്‍ 64 റണ്‍സ് നേടിയപ്പോള്‍ ആദില്‍ റഷീദ് 31 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കറന്‍ പുറത്തായത്.

ജോസ് ബട്‍ലര്‍ 63 റണ്‍സ് നേടിയപ്പോള്‍ റോറി ബേണ്‍സ് 43 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 26/1 എന്ന നിലയിലാണ്. ജാക്ക് ലീഷ് 6 റണ്‍സ് നേടിയ കൗശല്‍ സില്‍വയെ പുറത്താക്കിയപ്പോള്‍ ദിമുത് കരുണാരത്നേ(19*), മലിന്‍ഡ പുഷ്പകുമാര(1*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

രക്ഷകരായി ഫോക്സും സാം കറനും, തകര്‍ച്ചയില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്

103/5 എന്ന നിലയില്‍ നിന്ന് ഒന്നാം ദിവസം 321/8 എന്ന നിലയില്‍ അവസാനിപ്പിക്കുക വഴി ഇംഗ്ലണ്ട് ഗോള്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍. ബെന്‍ ഫോക്സിന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകവും സാം കുറന്റെ പോരാട്ട് വീര്യവുമാണ് ഇംഗ്ലണ്ടിനു അനുകൂലമായി മത്സരത്തെ മാറ്റിയത്. ഒരു ഘട്ടത്തില്‍ 200നുള്ളില്‍ ഓള്‍ഔട്ട് ആകുമെന്ന് പ്രതീക്ഷിച്ച ടീമാണ് ഇപ്പോള്‍ 321 എന്ന ആദ്യ ദിവസത്തെ സ്കോറിലേക്ക് നീങ്ങിയത്. അവസാന പത്തോവറില്‍ വിക്കറ്റുകള്‍ നഷ്ടമായതൊഴിച്ചാല്‍ മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. 87 റണ്‍സ് നേടി നില്‍ക്കുന്ന ബെന്‍ ഫോക്സ് തന്റെ അരങ്ങേറ്റ ശതകം നേടുമോയെന്നതാണ് ക്രിക്കറ്റ് ആരാധകര്‍ രണ്ടാം ദിവസം ഉറ്റുനോക്കുന്നത്. 14 റണ്‍സുമായി ജാക്ക് ലീഷാണ് ക്രീസില്‍ ഫോക്സിനു കൂട്ടായിയുള്ളത്.

10/2 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ കീറ്റണ്‍ ജെന്നിംഗ്സ്(46)-ജോ റൂട്ട്(35) കൂട്ടുകെട്ടാണ് വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജോ റൂട്ടിനെ പുറത്താക്കി രംഗന ഹെരാത്ത് ഗോളില്‍ തന്റെ നൂറാം വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 72/3 എന്ന നിലയിലായിരുന്നു. ഏറെ വൈകാതെ ജെന്നിംഗ്സും ബെന്‍ സ്റ്റോക്സും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.

ആറാം വിക്കറ്റില്‍ 61 റണ്‍സ് നേടി ജോസ് ബട്‍ലര്‍(38)-ബെന്‍ ഫോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിനു അടിത്തറ പാകിയത്. 38 റണ്‍സ് നേടി ജോസ് ബട്‍ലറെ പുറത്താക്കി ദില്‍രുവന്‍ പെരേര മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ 88 റണ്‍സ് നേടിയ ഫോക്സ-കറന്‍ കൂട്ടുകെട്ടിനെ തകര്‍ത്തത് അകില ധനന്‍ജയയായിരുന്നു. തന്റെ അര്‍ഹമായ അര്‍ദ്ധ ശതകത്തിനു രണ്ട് റണ്‍സ് അകലെ സാം കറന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 252 റണ്‍സായിരുന്നു. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കുമ്പോളാണ് ഇംഗ്ലണ്ടിനു ഈ പ്രഹരം ലഭിയ്ക്കുന്നത്.

എട്ടാം വിക്കറ്റില്‍ ഫോക്സും-ആദില്‍ റഷീദും ഒത്തുചേര്‍ന്നതോടെ ടീം മുന്നുറും കടന്ന് മുന്നോട്ട് നീങ്ങി. ഇരുവരും ചേര്‍ന്ന് 54 റണ്‍സ് കൂട്ടുകെട്ടാണ് ഇതുവരെ നേടിയിട്ടുള്ളത്. ആദ്യ ദിവസത്തെ കളി അവസാനിക്കുവാന്‍ 14 പന്തുകള്‍ മാത്രം അവശേഷിക്കെ ആദില്‍ റഷീദിനെയും ഇംഗ്ലണ്ടിനു നഷ്ടമായി. 35 റണ്‍സ് നേടിയ താരത്തെയും ദില്‍രുവന്‍ പെരേരയാണ് പുറത്താക്കിയത്.

ദില്‍രുവന്‍ പെരേരയുടെ നാല് വിക്കറ്റിനു പുറമേ സുരംഗ ലക്മല്‍ രണ്ടും രംഗന ഹെരാത്ത്, അകില ധനന്‍ജയ എന്നിവര്‍ ഓരോ വിക്കറ്റും ശ്രീലങ്കയ്ക്കായി നേടി.

ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനങ്ങള്‍ക്ക് സാം കറന് പാരിതോഷികം, ടെസ്റ്റില്‍ കേന്ദ്ര കരാര്‍

ഇംഗ്ലണ്ടിനു വേണ്ടി ഇന്ത്യയ്ക്കെതിരെ അതിശയിപ്പിക്കുന്ന പ്രകടനം നടത്തി കുറഞ്ഞത് രണ്ട് ടെസ്റ്റിലെങ്കിലും ടീമിനെ രക്ഷിച്ച യുവ താരം സാം കറന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക പാരിതോഷികം. താരത്തിനു ടെസ്റ്റില‍ ഇംഗ്ലണ്ടിന്റെ കേന്ദ്ര കരാര്‍ നല്‍കിയാണ് താരത്തിന്റെ പ്രകടനത്തിനെ വില കല്പിച്ചിരിക്കുന്നത്. ഇന്ന് ടെസ്റ്റിലും ഏകദിനങ്ങളിലും കേന്ദ്ര കരാര്‍ നല്‍കിയ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടപ്പോളാണ് സാം കറന്റെ പേരും അതില്‍ ഉള്‍പ്പെട്ടത്.

ജോസ് ബട്‍ലര്‍, ആദില്‍ റഷീദ് എന്നിവര്‍ക്കും ടെസ്റ്റ്-പരിമിത ഓവര്‍ ക്രിക്കറ്റ് കരാര്‍ ഇംഗ്ലണ്ട് നല്‍കി. സാം കറന്റെ സഹോദരന്‍ ടോം കറനും ഇംഗ്ലണ്ട് ഇന്‍ക്രിമെന്റല്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഈ കരാറിന്റെ അര്‍ത്ഥം താരം ടെസ്റ്റിലെ സ്ഥിര അംഗമല്ലെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരമായി ഇംഗ്ലണ്ടിനു കളിക്കുവാന്‍ സാധ്യതയുള്ള താരമെന്നാണ്.

പത്ത് താരങ്ങള്‍ക്ക് ടെസ്റ്റ് കരാറും, 13 താരങ്ങള്‍ക്ക് വൈറ്റ് ബോള്‍ കരാറുമാണ് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്.

സാം കറനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 20 വയസ്സുകാരന്‍ താരം ബുദ്ധിയോടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന താരമാണെന്നാണ് സച്ചിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെ പരമ്പര വിജയത്തില്‍ അനുമോദിച്ച സച്ചിന്‍ അലിസ്റ്റര്‍ കുക്കിനു റിട്ടയര്‍മെന്റിനു ശേഷം എല്ലാവിധ ഭാവുകളും നേര്‍ന്ന് ശേഷം സാം കറനെ “സ്മാര്‍ട്ട് തിങ്കര്‍” എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.

എഡ്ജ്ബാസ്റ്റണില്‍ തന്റെ രണ്ടാം ടെസ്റ്റില്‍ മാത്രം ഇറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സ് നേടിയ പ്രകടനവുമായി സാം കറന്‍ മത്സരം മാറ്റി മറിയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ ബൗളിംഗില്‍ നാല് വിക്കറ്റും നേടി കറന്‍ ഇംഗ്ലണ്ടിനു 13 റണ്‍സ് ലീഡ് നേടിക്കൊടുത്തിരുന്നു. 31 റണ്‍സിനു മത്സരം ജയിച്ച ശേഷം മാന്‍ ഓഫ് ദി മാച്ചായും കറന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബെന്‍ സ്റ്റോക്സിനും ഫോമിനുള്ള ക്രിസ് വോക്സിനും വേണ്ടി താരത്തെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മത്സരം ഇംഗ്ലണ്ട് 203 റണ്‍സിനു പരാജയപ്പെടുകയും ചെയ്തു.

ഈ ഇംഗ്ലണ്ട് താരം വജ്രം: ആന്‍ഡേഴ്സണ്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ വജ്രമെന്ന് വിശേഷിപ്പിച്ച് സീനിയര്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. പാക്കിസ്ഥാനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് പരമ്പരയിലെ താരമായി വിരാട് കോഹ്‍ലിയ്ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മായാജാലം കാണിച്ചാണ് കറന്‍ ഈ നേട്ടം കൈവരിച്ചത്.

നാല് ഇന്നിംഗ്സുകളില്‍ നിന്ന് 272 റണ്‍സ് നേടിയ കറന്‍ രണ്ട് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് കരയറ്റി. എഡ്ജ്ബാസ്റ്റണിലും സൗത്താംപ്ടണിലും താരം അര്‍ദ്ധ ശതകങ്ങളോടു കൂടി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം നടത്തി ഇംഗ്ലണ്ടിന്റെ വിജയത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു.

11 വിക്കറ്റും പരമ്പരയില്‍ നിന്ന് സാം കറന്‍ നേടിയിരുന്നു. ഇംഗ്ലണ്ട് വജ്രത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞത്. ഏത് പ്രതികൂല സാഹചര്യത്തിലും റണ്‍സ് കണ്ടെത്തുക പന്ത് കൊണ്ട് മാന്ത്രിക പ്രകടനം നടത്തുക, ഇത് ചെയ്യുന്ന താരത്തെ വജ്രമെന്ന് തന്നെ വിശേഷിപ്പിക്കണമെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു.

കുക്ക് കെന്നിംഗ്ടണ്‍ ഓവലിലെ താരം, പരമ്പരയിലെ താരങ്ങളായി വിരാട് കോഹ്‍ലിയ്ക്കൊപ്പം സാം കറനും

പ്രതീക്ഷിച്ച പോലെ വിടവാങ്ങല്‍ ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് അലിസ്റ്റര്‍ കുക്ക്. ആദ്യ ഇന്നിംഗ്സിലെ 71 റണ്‍സിനൊപ്പം രണ്ടാം ഇന്നിംഗ്സില്‍ നേടിയ 147 റണ്‍സിന്റെയും ബലത്തില്‍ അലിസ്റ്റര്‍ കുക്ക് തന്റെ ടെസ്റ്റ് കരിയറിനു വിരാമം കുറിക്കുമ്പോള്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കിയാണ് മടങ്ങുന്നത്. അരങ്ങേറ്റത്തിലും വിടവാങ്ങലിലും അര്‍ദ്ധ ശതകവും ശതകവും നേടുന്ന താരമായി മാറിയ കുക്കിനു ഇരട്ടി മധുരമാണ് ഈ കളിയിലെ താരം പദവി.

പരമ്പരയിലെ താരങ്ങളായി ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്‍ലിയും ഇംഗ്ലണ്ടിന്റെ സാം കറനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ബാറ്റിംഗ് നെടുംതൂണായി വിരാട് മാറിയപ്പോള്‍ സാം കറന്‍ രണ്ട് ടെസ്റ്റിലെങ്കിലും ഇംഗ്ലണ്ടിനു തന്റെ ഓള്‍റൗണ്ട് മികവിനാല്‍ വിജയം നേടിക്കൊടുത്തിരുന്നു.

സാം കറന്‍, ഐപിഎലില്‍ എത്തുമോ?

ഇംഗ്ലണ്ടിന്റെ പുതിയ ക്രിക്കറ്റിംഗ് താരോദയമായ ഓള്‍റൗണ്ടര്‍ സാം കറന്‍ ഐപിഎല്‍ അടുത്ത സീസണില്‍ എത്തിയേക്കുമെന്ന് സൂചനകള്‍. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനെത്തുടര്‍ന്ന് വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ താരവുമായി പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുവാന്‍ സാധിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കറനെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കണ്ണിലുണ്ണിയാക്കി മാറ്റിയിരിക്കുന്നത്.

പരമ്പരയില്‍ പല ഘട്ടത്തിലും താരത്തിന്റെ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനു തുണയായിട്ടുള്ളത്. മൂന്ന് ടെസ്റ്റില്‍ നിന്നായി എട്ട് വിക്കറ്റും 251 റണ്‍സുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ ഫ്രാഞ്ചൈസികളും താരത്തിനു പിന്നാലെയാണെന്നാണ് ലഭിക്കുന്ന വിവരം.

937 റേറ്റിംഗ് പോയിന്റുകളോടെ കോഹ്‍ലി തന്നെ മുന്നില്‍, പുജാര ആറാം സ്ഥാനത്ത്

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിലും മുന്നില്‍ വിരാട് കോഹ്‍ലി തന്നെ. ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും തന്റെ ഏറ്റവും മികച്ച പോയിന്റ് നേട്ടമായ 937 റേറ്റിംഗ് പോയിന്റുകളുമായി വിരാട് കോഹ്‍ലി തന്നെ ഒന്നാം സ്ഥാനം കൈയ്യാളുന്നു. ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനു തൊട്ടു പിന്നിലായി ചേതേശ്വര്‍ പുജാര ആറാം സ്ഥാനത്തെത്തി നില്‍ക്കുന്നു. സൗത്താംപ്ടണില്‍ ആദ്യ ഇന്നിംഗ്സിലെ 132 പോയിന്റാണ് പുജാരയ്ക്ക് മികച്ച നേട്ടമുണ്ടാക്കുവാന്‍ സഹായകരമായത്.

സൗത്താംപ്ടണില്‍ ഇരു ഇന്നിംഗ്സുകളിലായി 78, 46 റണ്ണുകള്‍ നേടിയ സാം കറന്‍ 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 43ാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആയ 32ാം റാങ്കിലേക്ക് 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എത്തിയിട്ടുണ്ട്. കോഹ്‍ലിയും പുജാരയെയും മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രകടനം ബാറ്റിംഗ് റാങ്കില്‍ പുലര്‍ത്താനായിട്ടില്ല.

Exit mobile version