പാകിസ്ഥാൻ പുതിയ വൈറ്റ്-ബോൾ മുഖ്യ പരിശീലകനായി മൈക്ക് ഹെസ്സനെ നിയമിച്ചു



മുൻ ന്യൂസിലൻഡ് മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സനെ പാകിസ്ഥാൻ്റെ പുതിയ വൈറ്റ്-ബോൾ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ സ്ഥാനം വഹിക്കുന്ന ഒമ്പതാമത്തെ വ്യക്തിയാണ് അദ്ദേഹം. ടീമിൻ്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിന് ശേഷം പരിശീലക സംവിധാനം സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മെയ് 13 ന് പ്രഖ്യാപിച്ചു.


50 കാരനായ ഹെസ്സണിന് വിപുലമായ അന്താരാഷ്ട്ര അനുഭവമുണ്ട്. 2012 മുതൽ 2018 വരെ അദ്ദേഹം ന്യൂസിലൻഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കിവീസ് 2015 ലെ ലോകകപ്പ് ഫൈനലിൽ എത്തുകയും 11 ഹോം ടെസ്റ്റ് പരമ്പരകളിൽ 8 എണ്ണം വിജയിക്കുകയും ചെയ്തു. അദ്ദേഹം കെനിയയെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2024 മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു.


ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനത്തിനും ന്യൂസിലൻഡിലെ തുടർച്ചയായ പരമ്പര തോൽവികൾക്കും ശേഷം താൽക്കാലികമായി പരിശീലക സ്ഥാനം ഏറ്റെടുത്ത അക്വിബ് ജാവേദിന് പകരമാണ് ഹെസ്സൺ എത്തുന്നത്.


ഈ മാസം അവസാനം ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഹെസ്സൻ്റെ ആദ്യ വെല്ലുവിളി.

കളി വാങ്കഡേയിൽ എന്നത് ന്യൂസിലാണ്ടിന് നല്ല കാര്യം- മൈക്ക് ഹെസ്സൺ

ഇന്ത്യയെ നേരിടുവാന്‍ മറ്റേത് ഗ്രൗണ്ടിനെക്കാളും മികച്ചത് വാങ്കഡേ തന്നെന്ന് പറഞ്ഞ് മൈക്ക് ഹെസ്സൺ. ഐപിഎലില്‍ കോച്ചായും മറ്റും സഹകരിച്ച് അഞ്ച് വര്‍ഷത്തെ പരിചയം ഉള്ള വ്യക്തിയാണ് ന്യൂസിലാണ്ടുകാരനായ മൈക്ക ഹെസ്സൺ. ന്യൂസിലാണ്ട് ബൗളിംഗിന് അനുകൂലമായ ബൗൺസ് ഇവിടെ ലഭിയ്ക്കുമെന്നാണ് ഹെസ്സണിന്റെ പക്ഷം.

ബൗൺസുണ്ടെങ്കിൽ അത് വിക്കറ്റിലേക്ക് വഴിതെളിയ്ക്കുമെന്നും അതിനാൽ തന്നെ വാങ്കഡേയിൽ കളി നടക്കുന്നു എന്നത് ടീമിന് മനോവീര്യം നൽകേണ്ടതാണെന്നും ഹെസ്സൺ കൂട്ടിചേര്‍ത്തു. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യയെ ന്യൂസിലാണ്ട് വാങ്കഡേയിൽ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ശതകം നേടിയ ടോം ലാഥം ടീമിലുള്ളതും ന്യൂസിലാണ്ടിന് കരുത്തേകുമെന്നും ഹെസ്സൺ പറഞ്ഞു.

ടോസിന് വലിയ പ്രാധാന്യം ഇല്ലാത്തൊരു ഗ്രൗണ്ടാണ് വാങ്കഡേ എന്നും ഹെസ്സൺ സൂചിപ്പിച്ചു. ഇതൊക്കെയാണെങ്കിലും ഇന്ത്യയ്ക്ക് തന്നെയാണ് മേൽക്കൈ എന്നും ന്യൂസിലാണ്ട് അണ്ടര്‍ ഡോഗുകള്‍ ആണെന്നും ഹെസ്സൺ വ്യക്തമാക്കി.

അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍. വരുന്ന മെഗാ ലേലത്തിന് മുമ്പുള്ള റീട്ടന്‍ഷനുകള്‍ ആരെല്ലാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സഞ്ജയ് ബംഗാര്‍ അറിയിച്ചത്.

മൈക്ക് ഹെസ്സൺ ആണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജയ് ബംഗാറിന്റെ നിയമനം അറിയിച്ചത്. അടുത്ത സീസണില്‍ കരുത്തുറ്റ ടീം സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

അടുപ്പിച്ച് മൂന്ന് ടെസ്റ്റുകള്‍ കളിക്കേണ്ടത് ന്യൂസിലാണ്ടിന് തിരിച്ചടി – മൈക്ക് ഹെസ്സൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉൾപ്പെടെ അടുപ്പിച്ച് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നത് ന്യൂസിലാണ്ടിന് തിരിച്ചടിയാണെന്ന് പറഞ്ഞ് മൈക്ക് ഹെസ്സൺ. ജൂൺ 18ന് സൗത്താംപ്ടണിൽ ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റിൽ ന്യൂസിലാണ്ട് കളിക്കേണ്ടതുണ്ട്. സാഹചര്യങ്ങളുമായി ന്യൂസിലാണ്ടിന് പൊരുത്തപ്പെടാനാകുമന്ന് ഏവരും പറയുന്നുണ്ടെങ്കിലും 20 ദിവസത്തിനിടെ ഇത്രയധികം ടെസ്റ്റ് കളിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാണെന്നാണ് മുന്‍ കോച്ച് മൈക്ക് ഹെസ്സൺ പറയുന്നത്.

ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യേണ്ടത് ഇത്തരം സാഹചര്യത്തിൽ വളരെ വലിയ കാര്യമാണെന്നും ഹെസ്സൺ പറഞ്ഞു. ട്രെന്റ് ബോള്‍ട്ട് കളിക്കാന്‍ എത്തുമ്പോൾ പകരം ടിം സൗത്തി, നീൽ വാഗ്നര്‍, കൈൽ ജാമിസൺ എന്നിവരിൽ ഒരാളെ പുറത്തിരുത്തുവാനാണ് ഇപ്പോൾ ന്യൂസിലാണ്ട് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഓരോ ടെസ്റ്റിനും ഇടയ്ക്ക് നാല് ദിവസത്തെ ഇടവേള മാത്രമുള്ളതിനാൽ തന്നെ ഇത്തരത്തില്‍ വിശ്രമം നല്‍കി മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും ഹെസ്സൺ വ്യക്തമാക്കി.

ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് എത്തരത്തിൽ ബൗളര്‍മാരുടെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബൗളര്‍മാരുടെ പ്രകടനം എന്നും ഹെസ്സൺ കൂട്ടിചേര്‍ത്തു.

ബെസ്റ്റ് ഓഫ് ത്രി ഫൈനൽ പല ഘടങ്ങളെ പരിഗണിച്ച് മാത്രം സാധ്യമാകുന്ന കാര്യം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെസ്റ്റ് ഓഫ് ത്രി വേണമോ എന്ന ചോദ്യത്തിന് കൃത്യമായൊരു അഭിപ്രായം പറയാതെ മുൻ ന്യൂസിലാണ്ട് കോച്ച് മൈക്ക് ഹെസ്സൺ. ഈ സീസണിലെ ഫൈനൽ ഒറ്റ മത്സരമാണെന്നും ഭാവിയിൽ ഐസിസി അത് ബെസ്റ്റ് ഓഫ് ത്രി ആക്കുമോ എന്നത് താൻ ഉറ്റുനോക്കുകയാണന്നും മൈക്ക് ഹെസ്സൺ വ്യക്തമാക്കി. പല ഘടകങ്ങളെ പരിഗണിച്ചാവും ആ തീരുമാനത്തിലേക്ക് ഐസിസിയ്ക്ക് എത്താനാകുകയെന്നും സമയവും വേദിയും പ്ലേയിംഗ് കണ്ടീഷനുകളുമെല്ലാം ഇതിൽ ബാധകമാകുമെന്നും ഹെസ്സൺ പറ‍ഞ്ഞു.

ഫൈനൽ സമനിലയിലാണെങ്കിൽ ട്രോഫി പങ്കുവയ്ക്കുന്നത് നല്ല തീരുമാനം ആണെന്നും സമനിലയായാലും പോലും അത് നല്ല ഫലമാണന്നാണ് താൻ കരുതുന്നതെന്നും ഹെസ്സൺ തന്റെ അഭിപ്രായമായി പറ‍ഞ്ഞു.

കോഹ്‍ലിയുടെയും വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ

ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിയുടെയും ന്യൂസിലാണ്ട് നായകൻ കെയിൻ വില്യംസണിന്റെയും ക്യാപ്റ്റൻസിയുടെ പരീക്ഷണമായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് കോച്ചും ആര്‍സിബിയുടെ ക്രിക്കറ്റ് ഡയറക്ടറുമായ മൈക്ക് ഹെസ്സൺ. 2000ൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി വിജയിച്ചതാണ് ന്യൂസിലാണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. 2015, 2019 ലോകകപ്പുകളിൽ ഫൈനലിൽ കടന്നുവെങ്കിലും തോല്‍വിയായിരുന്നു ഇരു മത്സരങ്ങളിലും ടീമിന് ഏറ്റു വാങ്ങേണ്ടി വന്നത്.

ഒരു പ്രധാന കിരീടം നേടുവാനുള്ള ന്യൂസിലാണ്ടിന്റെ അവസരം ആണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇരു താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മൈക്കൽ ഹെസ്സൺ. ഇരുവരുംം മികച്ച നായകന്മാരാണെങ്കിലും വ്യത്യസ്തമായ ക്യാപ്റ്റൻസി ശൈലിയാണ് ഇരുവരുടെയും എന്ന് ഹെസ്സൺ പറ‍ഞ്ഞു.

ഈ രണ്ട് ശൈലികളുടെയും പരീക്ഷണമായിരിക്കും ഡബ്ല്യുടിസി ഫൈനലെന്ന് ഹെസ്സൺ വ്യക്തമാക്കി. വിക്കറ്റ് ഓരോ ദിവസവും മാറുമ്പോൾ ഇരുവരുടെയും ക്യാപ്റ്റൻസിയില്‍ വരുത്തുന്ന മാറ്റങ്ങൾ കാണുവാൻ രസമായിരിക്കുമെന്നും ഹെസ്സൺ സൂചിപ്പിച്ചു.

ആര്‍സിബിയുടെ മധ്യ നിരയെ മാക്സ്വെല്‍ ശക്തിപ്പെടുത്തും – മൈക്ക് ഹെസ്സണ്‍

രണ്ട് വില കൂടിയ താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലും ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണും ആണ് ഈ ഓള്‍റൗണ്ടര്‍മാര്‍.

വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവരോടൊപ്പം ദേവ്ദത്ത് പടിക്കലും എത്തിയപ്പോള്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ശക്തമാണെങ്കിലും പ്രശ്നം മധ്യ നിരയിലാണ്. തങ്ങളുടെ മധ്യനിരയെ ശക്തിപ്പെടുത്തുവാനുള്ള താരമാണ് ഗ്ലെന്‍ മാക്സ്വെല്‍ എന്നാണ് ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ പറയുന്നത്.

ചില എക്സ് – ഫാക്ടര്‍ താരങ്ങളെ വേണമെന്ന് ലേലത്തിന് മുമ്പ് തന്നെ തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അത്തരത്തിലുള്ള മധ്യ ഓവറുകള്‍ കളിക്കുവാന്‍ ശേഷിയുള്ള താരമാണ് മാക്സ്വെല്‍ എന്നും ഹെസ്സണ്‍ പറഞ്ഞു.

എബി ഡി വില്ലിയേഴ്സിനെ പോലെ മധ്യ – അവസാന ഓവറുകളില്‍ എതിരാളികളെ പരിഭ്രാന്തരാക്കുവാന്‍ പറ്റിയ ഒരു താരത്തെയാണ് തങ്ങള്‍ നോക്കിയതെന്നും അത് മാക്സ്വെല്ലിന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹെസ്സണ്‍ വ്യക്തമാക്കി.

ഐപിഎലിന്റെ ആദ്യ മത്സരത്തിന് ആഡം സംപ എത്തില്ല – മൈക്ക് ഹെസ്സണ്‍

ഐപിഎലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയുടെ സേവനം ലഭ്യമാകില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഐപിഎല്‍ 2021ന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആണ് ഏറ്റുമുട്ടുന്നത്.

ആഡം സംപ തന്റെ വിവാഹം കാരണം ആണ് ടീമിനൊപ്പം ചേരാതിരിക്കുന്നതാണ് ഹെസ്സണ്‍ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജഴ്സിയണിഞ്ഞത്.

കൊറോണ വൈറസ് ; ഇന്ത്യയിൽ കുടുങ്ങിയ ന്യൂസിലാൻഡ് പരിശീലകൻ നാട്ടിലേക്ക് തിരിച്ചു

കൊറോണ വൈറസ് മൂലം ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സൺ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സിന്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ മേധാവിയായ മൈക്ക് ഹെസ്സൺ മാർച്ച് 5നാണ് ഇന്ത്യയിൽ എത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 29ന് ആരംഭിക്കുന്നത് മുൻപിൽ കണ്ടുകൊണ്ടാണ് മൈക്ക് ഹെസ്സൺ ഇന്ത്യയിൽ എത്തിയത്. എന്നാൽ ഇന്ത്യയിൽ കൊറോണ വൈറസ് പടരുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ മൈക്ക് ഹെസ്സൺ ഇന്ത്യയിൽ കുടുങ്ങുകയായിരുന്നു. താരം തുടർന്ന് മുംബൈയിൽ നിന്നുള്ള ഫ്ലൈ എയർ ന്യൂസിലൻഡിന്റെ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ന്യൂസിലാൻഡ് പ്രധാന മന്ത്രി ജെസിണ്ട ആർഡൺ, ഇന്ത്യയിലെ ന്യൂസിലാൻഡ് എംബസി, ന്യൂസിലാൻഡ് വിദേശ കാര്യ മന്ത്രാലയം എന്നിവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മൈക്ക് ഹെസ്സൺ ഇന്ത്യ വിട്ടത്.

വിരാടിന്റെ ക്യാപ്റ്റന്‍സി ഒരു ചര്‍ച്ച വിഷയേയല്ല

2013ല്‍ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഇന്നിത് വരെ ഐപിഎല്‍ കിരീടം ടീമിനെ നേടിക്കൊടുക്കുവാന്‍ വിരാട് കോഹ്‍ലിയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും താരത്തെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനെ പൂര്‍ണ്ണമായും മാറ്റി തിരഞ്ഞെടുത്ത ഫ്രാഞ്ചൈസിയിലെ പുതിയ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മൈക്ക് ഹെസ്സണും ഇപ്പോള്‍ ഇത് തന്നെയാണ് പറയുന്നത്.

താരത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും തുടര്‍ന്നും ടീമിനെ നയിക്കുന്നത് വിരാട് കോഹ്‍ലി ആയിരിക്കുമെന്ന് മൈക്ക് ഹെസ്സണ്‍ പറഞ്ഞു. തന്റെ പഴയ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിരാട് ടീമിനെ മുന്നോട്ട് നയിക്കുമെന്നും അപ്രാപ്യമായ കിരീടത്തിലേക്ക് എത്തിക്കുമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഹെസ്സണ്‍ പറഞ്ഞു.

ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് മൈക്ക് ഹെസ്സൺ

ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന മൈക്ക് ഹെസ്സൺ. രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന ആളാണ് മൈക്ക് ഹെസ്സൺ. ഇന്ത്യൻ പരിശീലകനാവാൻ കഴിയാത്തതിൽ നിരാശ ഉണ്ടെന്നും എന്നാൽ ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള രീതികളിൽ താൻ സന്തുഷ്ട്ടനാണെന്നും ഹെസ്സൺ പറഞ്ഞു.

ഇന്ത്യൻ ടീമിനും പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്കും ഹെസ്സൺ ആശംസകൾ അറിയിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്നു ഹെസ്സൺ. നിലവിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ തലവനാണ്. നിലവിൽ റോയൽ ചാലഞ്ചേഴ്സിന്റെ പരിശീലകൻ സൈമൺ കാറ്റിച്ചാണ്.

സൈമണ്‍ കാറ്റിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പുതിയ മുഖ്യ കോച്ച്, മൈക്ക് ഹെസണ്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ മുഖ്യ കോച്ച്. ഗാരി കിര്‍സ്റ്റെന് പകരം സൈമണ്‍ കാറ്റിച്ചിനെ ടീം മുഖ്യ കോച്ചായി നിയമിച്ചപ്പോള്‍ ക്ലബില്‍ ഇതുവരെ ഇല്ലാതിരുന്ന പുതിയ തസ്തികയാണ് മൈക്ക് ഹെസ്സണ് വേണ്ടി ടീം സൃഷ്ടിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് എന്ന പദവിയേലക്കാണ് മുന്‍ ന്യൂസിലാണ്ട് കോച്ച് എത്തുന്നത്. കഴിഞ്ഞ സീസണില്‍ അവസാനക്കാരായണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍ എത്തിയത്.

മൈക്ക് ഹെസ്സണേ ഇന്ത്യന്‍ കോച്ചിംഗ് പദവിയിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും രവി ശാസ്ത്രിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുവാനെ താരത്തിന് സാധിച്ചുള്ളു. 2019 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപ പരിശീലകനായിരുന്നു സൈമണ്‍ കാറ്റിച്ച്. ഇത് കൂടാതെ പല ഫ്രാഞ്ചൈസി അധിഷ്ഠിത ടീമുകളുടെയും പരിശീലക റോളില്‍ തിളങ്ങിയ താരമാണ് സൈമണ്‍ കാറ്റിച്ച്.

Exit mobile version