സാം കറനെ പൊന്നും വിലകൊടുത്ത് വാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസ് താരത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറാവാതിരുന്നതോടെ ഇംഗ്ലീഷ് താരം ചെന്നൈയുടെ തട്ടകത്തിൽ എത്തുകയായിരുന്നു.

അടിസ്ഥാന വിലയായ ഒരു കോടിയിൽ നിന്ന് ലേലം വിളി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചര കോടി രൂപയോളം മുടക്കിയാണ് താരത്തെ ടീമിൽ എത്തിച്ചത്. 5.25 കോടി രൂപ വരെ ഡൽഹി ക്യാപിറ്റൽസ് ലേലം വിളിച്ചുനോക്കിയെങ്കിലും അവസാനം താരം ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ എത്തുകയായിരുന്നു. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു കറന്‍.  അവർക്ക് വേണ്ടി 9 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

കില്ലര്‍ മില്ലര്‍ ഇനി പഞ്ചാബില്‍ ഇല്ല, യുവ പ്രതിഭ സാം കറനെയും റിലീസ് ചെയ്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പല മത്സരങ്ങളിലും രക്ഷിച്ച സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ റിലീസ് ചെയ്ത് ടീം. നാല് വിദേശ താരങ്ങളെ ഇനി ആവശ്യമായ ടീമിന് 42.70 കോടി രൂപയാണ് കൈവശമുള്ളത്. കഴിഞ്ഞ സീസണില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ വിട്ട് നല്‍കിയതാണ് മറ്റൊരു ഞെട്ടിക്കുന്ന തീരുമാനം. ആന്‍ഡ്രൂ ടൈ, മോയിസസ് ഹെന്‍റിക്സ് എന്നിവരെയും ടീം വിട്ട് നല്‍കി.

കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരം മാത്രം കളിച്ച സ്പിന്‍ സെന്‍സേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന വരുണ്‍ ചക്രവര്‍ത്തിയെയും ടീം റിലീസ് ചെയ്തു. 9 താരങ്ങളെയാണ് പഞ്ചാബ് ടീമില്‍ എടുക്കേണ്ടതായിട്ടുള്ളത്. പ്രഭ്സിമ്രന്‍ സിംഗ്, അഗ്നിവേഷ് അയാച്ചി എന്നിവരും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് സംഭവബഹുലമായ തുടക്കം, രണ്ടാം ദിവസത്തെ താരങ്ങളായി ജോഫ്രയും സ്റ്റീവന്‍ സ്മിത്തും

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയിലാണ്. മത്സരത്തില്‍ 78 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. ഹാസല്‍വുഡിന്റെ പന്തില്‍ അനായാസ ക്യാച്ച് മാര്‍ക്കസ് ഹാരിസ് കൈവിട്ടത് ജോ ഡെന്‍ലിയ്ക്ക് അക്കൗണ്ട് തുറക്കുവാന്‍ സഹായകരമാകുകയായിരുന്നു. അതേ ഓവറില്‍ അവസാന പന്തില്‍ റോറി ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും റിവ്യൂവില്‍ താരം രക്ഷപ്പെടുകയായിരുന്നു.

ഇതോടെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി നാല് റണ്‍സുമായി റോറി ബേണ്‍സും 1 റണ്‍ നേടി ജോ ഡെന്‍ലിയുമാണ് ക്രീസിലുള്ളത്. ക്യാച്ച് കൈവിടുന്നതിനിടെ കൈവിരലിന് പരിക്കേറ്റ മാര്‍ക്കസ് ഹാരിസിന് ഇനി ബാറ്റ് ചെയ്യാനാകുമോ എന്നതാണ് ഓസീസ് ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്.

രണ്ടാം ദിവസത്തെ താരങ്ങളായത് 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 6 വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറുമാണ്. നാല് വിക്കറ്റ് നേടിയ സാം കറനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

ജോഫ്രയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് പ്രഹരങ്ങളേല്പിച്ച് സാം കറന്‍, ഏകനായ പോരാളിയായി സ്റ്റീവ് സ്മിത്ത്

ചുറ്റും വിക്കറ്റുകള്‍ വീഴുമ്പോളും തനിക്ക് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നല്‍കിയ അവസരം ഇരു കൈയ്യാല്‍ സ്വീകരിച്ച് ബാറ്റ് വീശി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് സ്റ്റീവന്‍ സ്മിത്ത്. ജോഫ്ര ആര്‍ച്ചറും സാം കറനും ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തി മുന്നേറിയപ്പോളും ടീമിന് തലവേദനയായി സ്റ്റീവന്‍ സ്മിത്ത് നിലകൊള്ളുകയായിരുന്നു. സ്കോര്‍ 66ല്‍ നില്‍ക്കെ ജോ റൂട്ട് കൈവിട്ട അവസരത്തിന് ശേഷവും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ സ്മിത്ത് 16 റണ്‍സ് കൂടി നേടി 80 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ജോഫ്ര ആറും സാം കറന്‍ നാല് വിക്കറ്റും നേടിയപ്പോള്‍ 80 റണ്‍സ് നേടിയ സ്മിത്തിന്റെ വിക്കറ്റ് ക്രിസ് വോക്സിനായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പിന്തുണ നല്‍കിയ മാര്‍നസ് ലാബൂഷാനെ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലയണും പീറ്റര്‍ സിഡിലും ചേര്‍ന്ന് 37 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് നേടിയിരുന്നു.

25 റണ്‍സ് നേടിയ ലയണിനെ പുറത്താക്കിയാണ് ജോഫ്ര തന്റെ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. അധികം വൈകാതെ പീറ്റര്‍ സിഡിലിനെയും(18) പുറത്താക്കി ജോഫ്ര ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റ് നേടിയപ്പോള്‍ ഓസ്ട്രേലിയ 225 റണ്‍സിന് ഓള്‍ഔട്ട് ആയി. 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ലീഡ് കുറച്ച് കൊണ്ടുവരാന്‍ ഓസ്ട്രേലിയയ്ക്കായത് വലിയ നേട്ടം തന്നെയാണ്.

ചരിത്രം കുറിയ്ക്കാനാകുമോ അയര്‍ലണ്ടിന്, ഇംഗ്ലണ്ട് ഓള്‍ഔട്ടിന്റെ വക്കിലെത്തിയപ്പോള്‍ രണ്ടാം ദിവസത്തെ കളിമുടക്കി മഴ

അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ മഴ രണ്ടാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു. 21 റണ്‍സുമായി സ്റ്റുവര്‍ട് ബ്രോഡും റണ്ണൊന്നുമെടുക്കാതെ ഒല്ലി സ്റ്റോണുമാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഇനിയും ഉയര്‍ത്തുവാനുള്ള ശ്രമവുമായി ക്രീസില്‍ നില്‍ക്കുന്നത്. 181 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമിപ്പോളുള്ളത്. ഏത്രയും വേഗം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ചരിത്ര വിജയം കുറിക്കാനാകുമോ എന്നാവും അയര്‍ലണ്ട് ശ്രമിക്കുക.

171/1 എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത് ജേസണ്‍ റോയ്-ജാക്ക് ലീഷ് കൂട്ടുകെട്ടാണ്. 72 റണ്‍സ് നേടിയ ജേസണ്‍ റോയി പുറത്തായ ശേഷം പിന്നീട് ഇംഗ്ലണ്ട് തകരുന്ന കാഴ്ചയാണ് കണ്ടത്. ജാക്ക് ലീഷ് 92 റണ്‍സ് നേടി അര്‍ഹമായ ശതകത്തിന് അകലെ പുറത്തായപ്പോള്‍ ജോ റൂട്ട് 31 റണ്‍സ് നേടി. സാം കറന്‍ നേടിയ 37 റണ്‍സാണ് ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ വലിയ പരിതാപകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. 219/6 എന്ന നിലിയിലും പിന്നീട് 248/8 എന്ന നിലയിലേക്കും വീണ ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് നേടി സാം കറന്‍-സ്റ്റുവര്‍ട് ബ്രോഡ് കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍ മൂന്നും ബോയഡ് റാങ്കിന്‍, സ്റ്റുവര്‍ട് തോംപ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 58.2 ഓവറില്‍ 207 റണ്‍സിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് അയര്‍ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. മോയിന്‍ അലിയ്ക്കാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ്.

55 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 36 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ ഒബ്രൈന്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാലറ്റത്തില്‍ ആന്‍ഡി മക്ബ്രൈന്‍(11), ടിം മുര്‍ടാഗ്(16) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഒരോവര്‍ കൂടി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആ ഓവര്‍ ഒരു റണ്‍സും എടുക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

20 വിക്കറ്റുകള്‍ വീണ ആദ്യ ദിവസത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനായി ഇംഗ്ലണ്ട് ഗംഭീര രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുറത്തെടുക്കേണ്ടതായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം മുര്‍ടാഗ്, ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ഔട്ട്

അയര്‍ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയുമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലണ്ടിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ടിം മുര്‍ടാഗ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് അഡൈറും ബോയഡ് റാങ്കിനും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയില്‍ വെറും മൂന്ന് താരങ്ങളാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയത്. അവസാന വിക്കറ്റില്‍ പൊരുതിയ ഒല്ലി സ്റ്റോണിനു പുറമെ ജോ ഡെന്‍ലിയും(23) സാം കറനും(18) ആണ് ഇരട്ടയക്കത്തിലേക്ക് തങ്ങളുടെ സ്കോര്‍ നീക്കിയത്.

ഒല്ലി സ്റ്റോണ്‍ 19 റണ്‍സ് നേടിയ അവസാന വിക്കറ്റില്‍ നിര്‍ണ്ണായകമായ 18 റണ്‍സ് നേടുകയായിരുന്നു. 23.4 ഓവറില്‍ 85 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ ശതകം

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ ബലത്തില്‍ 183 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍.

സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും തിരിച്ചയച്ചപ്പോള്‍ പഞ്ചാബ് 4.1 ഓവറില്‍ 22 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍- മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് പഞ്ചാബിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. പാര്‍ട് ടൈം ബൗളര്‍ നിതീഷ് റാണയെ ആശ്രയിക്കേണ്ടി വരുകയായിരുന്നു ദിനേശ് കാര്‍ത്തിക്കിനു. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനം. ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ആണ് നിര്‍ണ്ണായകമായ ക്യാച്ച് നേടിയത്.

20 റണ്‍സ് കൂടി നേടുന്നതിനിടെ മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. 26 പന്തില്‍ 36 റണ്‍സാണ് മയാംഗ് നേടിയത്. അഞ്ചാ വിക്കറ്റില്‍ 38 റണ്‍സ് നേടി മന്ദീപ്-സാം കറന്‍ കൂട്ടുകെട്ട് മത്സരം വീണ്ടും പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിയ്ക്കുമെന്ന് കരുതിയപ്പോള്‍ ഹാരി ഗുര്‍ണേ മന്ദീപിനെ(25) പുറത്താക്കി.

17 റണ്‍സില്‍ സാം കറന്റെ ക്യാച്ച് റിങ്കു സിംഗ് കൈവിട്ടതിനു ശേഷം താരം അത് മുതലാക്കി  55 റണ്‍സ് നേടുകയായിരുന്നു. 24 പന്തില്‍ നിന്നാണ് താരത്തിന്റെ 55 റണ്‍സ്. ഏഴ് ഫോറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

ഏഴാം വിക്കറ്റില്‍ 11 പന്തില്‍ നിന്ന് 32 റണ്‍സാണ് സാം കറന്‍ നേടിയത്. മറുവശത്ത് ആന്‍ഡ്രൂ ടൈ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നു. ആദ്യ മൂന്നോവറുകളില്‍ മികച്ച രീതിയില്‍ സുനില്‍ നരൈന്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില‍് കറന്‍ 16 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്. അതേ ഓവറിലാണ് റിങ്കു സിംഗ് കറന്റെ ക്യാച്ച് കൈവിട്ടത്.

ഹാട്രിക്ക് നേടിയത് താന്‍ അറിഞ്ഞിരുന്നില്ല

കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഹാട്രിക്ക് നേടിയത് താന്‍ അറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞ് സാം കറന്‍. മത്സരത്തിന്റെ ആവേശത്തിലായിരുന്നതിനാല്‍ താന്‍ അത് അത്ര ചിന്തിച്ചില്ല. മത്സരം വിജയിച്ച ആവേശത്തിലായിരുന്നു താന്‍. ടീമിനു ജയിക്കാനായതില്‍ ഭാഗ്യമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും സാം കറന്‍ വ്യക്തമാക്കി. ആറ് ബൗളര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത് അതാണ് ടീമിനു 166 എന്ന സ്കോര്‍ വിട്ട് നല്‍കാതിരിക്കുവാന്‍ സാധിച്ചത്.

താന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഓപ്പണിംഗ് ഇറങ്ങിയട്ടുണ്ടെങ്കിലും തനിക്ക് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഇത് പുതിയ അനുഭവമായിരുന്നുവെന്ന് സാം കറന്‍ വ്യക്തമാക്കി. ടീം ഇനിയും മത്സരങ്ങള്‍ തുടര്‍ന്നും ജയിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും സാം കൂട്ടിചേര്‍ത്തു.

സാം കറന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരം

കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരമായാണ് ഇന്നലത്തെ തന്റെ ഹാട്രിക്ക് പ്രകടനത്തിലൂടെ സാം കറന്‍ മാറിയത്. ഇതിനു മുമ്പ് മൂന്ന് തവണയാണ് ഹാട്രിക്ക് നേട്ടം പഞ്ചാബ് താരങ്ങള്‍ നേടിയിട്ടുള്ളത്. അതില്‍ യുവരാജ് സിംഗ് രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കി. 2009ല്‍ ഒരേ സീസണിലാണ് യുവിയുടെ രണ്ട് ഹാട്രിക്കുകളും. ഡര്‍ബനില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും ജോഹാന്നസ്ബര്‍ഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയുമായിരുന്നു യുവിയുടെ നേട്ടം.

അക്സര്‍ പട്ടേലാണ് നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. 2016ല്‍ രാജ്കോട്ടില്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു അക്സര്‍ പട്ടേലിന്റെ ഹാട്രിക്ക് പ്രകടനം.

12ാം സീസണിലെ ആദ്യ ഹാട്രിക്ക്, അത് സാം കറന് സ്വന്തം

മൊഹാലിയില്‍ പരാജയമറിയാതെയുള്ള പഞ്ചാബിന്റെ കുതിപ്പ് ഇന്നും തുടര്‍ന്നപ്പോള്‍ അതിന്റെ ഇന്നത്തെ വിജയ ശില്പി അത് ഇംഗ്ലണ്ടില്‍ നിന്നുള്ള യുവതാരം സാം കറനായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ തന്റെ നാല് വിക്കറ്റ് വെറും 2.2 ഓവറില്‍ 11 റണ്‍സ് വിട്ട് നല്‍കി നേടിയപ്പോള്‍ ഇത് രണ്ടാം മത്സരത്തിലാണ് താരം ടീമിനെ തിരിച്ചുവരവിന്റ പാതയിലേക്ക് കൊണ്ടു വരുന്നത്. പന്ത്രണ്ടാം സീസണിലെ ആദ്യ ഹാട്രിക്ക് കൂടിയാണ് താരം ഇന്ന് സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ സമാനമായ സ്ഥിതിയില്‍ സ്റ്റീവന്‍ സ്മിത്തിനെയും സഞ്ജു സാംസണെയും പുറത്താക്കി സാം കറന്‍ പഞ്ചാബിനെ ജയത്തിലേക്ക് പിടിച്ച് കയറ്റിയപ്പോള്‍ ഇന്ന് പതിനെട്ടാം ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിനെയും ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കിയ താരം അവസാന ഓവറില്‍ റബാഡയെയും നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയെയും പുറത്താക്കി തന്റെ ഹാട്രിക്കും സ്വന്തമാക്കി.

അവസാന 17 പന്തുകള്‍ എട്ട് റണ്‍സ്, 7 വിക്കറ്റുകള്‍, ഇത് പഞ്ചാബിന്റെ തിരിച്ചുവരവിന്റെ കഥ

ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിട്ട മത്സരമായിരുന്നു ഇത്. ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രാമും മത്സരിച്ച് കളിച്ച മത്സരത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. 144/3 എന്ന നിലയില്‍ നിന്ന് 152 റണ്‍സിനു ‍ഡല്‍ഹി ഓള്‍ഔട്ട് ആവുമ്പോള്‍ പഞ്ചാബ് തങ്ങളുടെ മൊഹാലിയെന്ന കോട്ട കാത്ത് രക്ഷിക്കുകയായിരുന്നു.

16.4ാം ഓവറില്‍ മുഹമ്മദ് ഷമി പന്തിനെ പുറത്താക്കിയതോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ചയുടെ ആരംഭം. അവിടെ നിന്ന് 17 പന്തിനുള്ളില്‍ എട്ട് റണ്‍സ് നേടുന്നതിനിടെ ഡല്‍ഹിയുടെ 7 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ സാം കറന്റെ ഹാട്രിക്കും ഉള്‍പ്പെടുന്നു. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായി രംഗത്തെത്തിയപ്പോള്‍ നിര്‍ണ്ണായകമായൊരു റണ്ണൗട്ടുമായി അശ്വിനും കളം നിറഞ്ഞു.

Exit mobile version