കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ആദ്യ ദിവസം തലകുമ്പിട്ട് വിരാട് കോഹ്‍ലിയും സംഘവും

ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശക്തമായ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. ഇന്ത്യയെ 78 റൺസിന് പുറത്താക്കിയ ശേഷം 42 റൺസ് ലീഡോടു കൂടി ഇംഗ്ലണ്ട് ഒന്നാം ദിവസം 120/0 എന്ന നിലയിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

റോറി ബേൺസും ഹസീബ് ഹമീദും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അപരാജിതമായ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് 120 റൺസ് നേടിക്കൊടുത്തിട്ടുണ്ട്. ഹസീബ് 58 റൺസും ബേൺസ് 52 റൺസും നേടിയാണ് ഇന്ത്യയ്ക്ക് ദുരിതപൂര്‍ണ്ണമായ ആദ്യ ദിനം സമ്മാനിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയുടെ സ്കോര്‍ മറികടന്ന് ഇംഗ്ലണ്ട്

ലീഡ്സിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 78 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഹസീബ് ഹമീദും റോറി ബേൺസും ചേര്‍ന്ന് 32 ഓവറിൽ 86 റൺസ് നേടിയാണ് ഇംഗ്ലണ്ടിനെ ലീഡിലേക്കുയര്‍ത്തിയത്.

32 ഓവറുകള്‍ പിന്നിടുമ്പോള്‍ ബേൺസ് 38 റൺസും ഹസീബ് 40 റൺസുമാണ് നേടിയിട്ടുള്ളത്.

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല – മൈക്കൽ വോൺ

മൂന്നാം ടെസ്റ്റിന് മുമ്പായി ഇംഗ്ലണ്ട് തങ്ങളുടെ ടോപ് ഓര്‍ഡറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍ മൈക്കൽ വോൺ. മോശം ഫോമിലുള്ള റോറി ബേൺസിനെയും ഡൊമിനിക്ക് സിബ്ലേയെയും ഏറെക്കാലം ഇങ്ങനെ ചുമന്ന് കൊണ്ട് പോകാനാകില്ലെന്നും അവര്‍ക്ക് പകരം താരങ്ങളെ ടീമിലെടുക്കണമെന്നും വോൺ സൂചിപ്പിച്ചു.

തുടര്‍ച്ചയായ പരാജയമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മാറുകയാണെന്നും ഇനിയും ഇതുമായി മുന്നോട്ട് പോകുവാനാകില്ലെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ലോര്‍ഡ്സിലെ കഴിഞ്ഞ ടെസ്റ്റിൽ ഇംഗ്ലണ്ട് സാക്ക് ക്രോളിയെ ടീമിൽ നിന്ന് ഒഴിവാക്കി ഹസീബ് ഹമീദിന് അവസരം നല്‍കിയെങ്കിലും താരത്തിന് മികവ് പുലര്‍ത്താനായില്ല.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ഹസീബ് എത്തിയത്. മൂന്നാം നമ്പറിൽ ദാവിദ് മലനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും വോൺ പറഞ്ഞു. എന്നാൽ ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ ആരെ പുറത്താക്കണമെന്ന് വോൺ വ്യക്തമാക്കിയില്ല.

മൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ജോ റൂട്ടിൽ

ലോര്‍ഡ്സിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/3 എന്ന നിലയിൽ. ചായയ്ക്ക് ശേഷം ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയിൽ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേൺസും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയ 85 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.

49 റൺസ് നേടിയ ബേൺസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഇന്ത്യയുടെ സ്കോറിന് 245 റൺസ് പിന്നിലായി നില്‍ക്കുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ 48 റൺസ് നേടിയ ജോ റൂട്ടിലാണ്. 6 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസിലുള്ളത്.

 

ചായയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്

ലോര്‍ഡ്സിൽ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസ് നേടി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഇന്നിംഗ്സ് 364 റൺസിൽ അവസാനിപ്പിച്ച ശേഷമാണ് ഇംഗ്ലണ്ടിന്റെ കരുതലോടെയുള്ള തുടക്കം.

11 വീതം റൺസ് നേടിയ ഡൊമിനിക്ക് സിബ്ലേയും റോറി ബേൺസും ക്രീസിൽ മെല്ലെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ചില എഡ്ജുകള്‍ നേടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ അടുത്ത് വരെ എത്തുവാന്‍ മാത്രം വേഗം പിച്ചിനുണ്ടായിരുന്നില്ല.

രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടം, മികച്ച ഫോം തുടര്‍ന്ന് റോറി ബേൺസിന്റെ അര്‍ദ്ധ ശതകം

വിക്കറ്റ് നഷ്ടമില്ലാത്ത ആദ്യ സെഷന് ശേഷം രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റിൽ 72 റൺസ് ഓപ്പണര്‍മാര്‍ നേടിയ ശേഷം ഡൊമിനിക് സിബ്ലേയെ(35) ആണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്‍റിയാണ് വിക്കറ്റ് വീഴ്ത്തിയത്.

തൊട്ടടുത്ത ഓവറിൽ നീൽ വാഗ്നര്‍ സാക്ക് ക്രോളിയെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ 72/0 എന്ന നിലയിൽ നിന്ന് 73/2 എന്ന നിലയിലേക്കും പിന്നീട് ജോ റൂട്ടിനെ(4) പുറത്താക്കി മാറ്റ് ഹെന്‍റി തന്റെ രണ്ടാം വിക്കറ്റും നേടുകയായിരുന്നു.

പിന്നീട് നാലാം വിക്കറ്റിൽ റോറി ബേൺസും ഒല്ലി പോപും ചേര്‍ന്ന് 42 റണ്‍സ് നേടി രണ്ടാം സെഷനിൽ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ അജാസ് പട്ടേൽ 19 റൺസ് നേടിയ പോപിനെ പുറത്താക്കി ഇംഗ്ലണ്ടിന് നാലാമത്തെ പ്രഹരം നല്‍കി.

രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 152/4 എന്ന നിലയിലാണ്. 73 റൺസുമായി റോറി ബേൺസും 11 റൺസ് നേടി ഡാനിയേൽ ലോറൻസുമാണ് ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 25 റൺസാണ് ഇതുവരെ നേടിയത്.

ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി, റോറിയുടെ ഇന്നിംഗ്സ് പ്രശംസനീയം – ക്രിസ് സില്‍വര്‍വുഡ്

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി എന്ന് പറഞ്ഞ് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ്. മോശം ഷോട്ട് സെലക്ഷനാണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്നും സില്‍വര്‍വുഡ് പറഞ്ഞു. പല സമയങ്ങളിലും ബാറ്റ്സ്മാന്മാര്‍ അച്ചടക്കമില്ലാതെ മോശം ഷോട്ടുകൾ കളിച്ച് പുറത്താകുന്നത് കണ്ടുവെന്നും അതിന്റെ വില ഇംഗ്ലണ്ട് നല്‍കേണ്ടി വന്നുവെന്നും ഇംഗ്ലണ്ട് കോച്ച് വ്യക്തമാക്കി.

ഇത് മുമ്പും ഡ്രസ്സിംഗ് റൂമിൽ ചര്‍ച്ച ചെയ്ത കാര്യമാണെന്നും ടീം പ്രതിസന്ധി ഘട്ടത്തെ നേരിട്ട് മോശം ദിവസത്തെ അതിജീവിക്കുന്നത് കാണുവാനാണ് തനിക്ക് താല്പര്യമെന്നും സില്‍വര്‍വുഡ് സൂചിപ്പിച്ചു.

Roryburns

അതേ സമയം പോസിറ്റീവ് വശമായി റോറി ബേണ്‍സിന്റെ ഇന്നിംഗ്സ് ഉണ്ടെന്നും ഇന്ത്യന്‍ ടൂറിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം ശക്തമായ തിരിച്ചുവരവാണ് ആദ്യ ഇന്നിംഗ്സിലെ ശതകത്തിലൂടെ നടത്തിയതെന്നും ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. താരം ശതകം നേടിയതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മികച്ച രീതിയിലാണ് ബേൺസ് ബാറ്റ് ചെയ്തതെന്ന് താന്‍ കരുതുന്നുവെന്നും സിൽവര്‍വുഡ് വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ ഡൊമിനിക് സിബ്ലേയും അച്ചടക്കത്തോടെയാണ് ബാറ്റ് വീശിയതെന്നും ക്രീസിൽ സമയം ചെലവാക്കി മത്സരത്തിൽ ഇംഗ്ലണ്ടിന് സമനിലയുറപ്പാക്കിയ പ്രകടനം ആയിരുന്നു അതെന്നും ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി.

ആറ് വിക്കറ്റുമായി ടിം സൗത്തി, റോറി ബേണ്‍സിന് ശതകം 275 റൺസിന് ഓൾഔട്ട് ആയി ഇംഗ്ലണ്ട്

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 275 റൺസിന് പുറത്തായി. ടിം സൗത്തിയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 132 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായ റോറി ബേൺസ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസിന്റെ ലീഡാണ് മത്സരത്തിൽ ന്യൂസിലാണ്ട് നേടിയത്.

കൈൽ ജാമിസൺ മൂന്ന് വിക്കറ്റ് നേടി. ഒല്ലി റോബിൻസണുമായി ബേൺസ് ഏഴാം വിക്കറ്റിൽ നേടിയ 63 റൺസ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റി. 42 റൺസാണ് തന്റെ അരങ്ങേറ്റ ഇന്നിംഗ്സിൽ റോബിൻസൺ നേടിയത്. അവസാന വിക്കറ്റിൽ ജെയിംസ് ആന്‍ഡേഴ്സണേ കൂട്ടുപിടിച്ച് ബേൺസ് 52 റൺസ് കൂടി നേടിയെങ്കിലും ടിം സൗത്തി താരത്തെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി അശ്വിന്‍

ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ശേഷം ഫോളോ ഓണിന് വിധേയരാക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് മുമ്പുള്ള രണ്ടോവറില്‍ തന്നെ തിരിച്ചടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിന്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏല്പിക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ രണ്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. റണ്ണെടുക്കാതെ ഡൊമിനിക്ക് സിബ്ലേയും ഡാനിയേല്‍ ലോറന്‍സും ആണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ലീഡ് നേടുവാന്‍ സാധിച്ചിരുന്നു.

ബ്രോഡ് 500 വിക്കറ്റ് നേടുന്നത് സവിശേഷമായ നേട്ടം- റോറി ബേണ്‍സ്

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇനി ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഒരു ചരിത്ര നേട്ടത്തിന് അര്‍ഹനാവും സ്റ്റുവര്‍ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം താരം സ്വന്തമാക്കും. മിക്കവാറും അത് ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്ന് തന്നെ സംഭവിക്കും. ഇംഗ്ലണ്ട് സഹതാരം റോറി ബേണ്‍സ് പറയുന്നത് ബ്രോഡ് 500 വിക്കറ്റിന് അടുത്തെത്തി എന്നത് തനിക്ക് ഒരിക്കലും അറിയില്ലായിരുന്നുവെന്നാണ്.

സ്പിപ്പില്‍ നിന്ന ഡൊമിനിക് സിബ്ലേ ബ്രോഡ് 497 വിക്കറ്റിലാണ് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോളാണ് താന്‍ അത് മനസ്സിലാക്കുന്നതെന്നും ബ്രോഡിന്റെ 500 വിക്കറ്റ് നേട്ടം ഏറെ സവിശേഷമായ നേട്ടം തന്നെയാണെന്നും ജോ ബേണ്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബൗള്‍ ചെയ്യുന്നതും ബ്രോഡിന് വേണ്ടി സ്ലിപ്പില്‍ തങ്ങള്‍ ആ ക്യാച്ച് പൂര്‍ത്തിയാക്കുമായിരിക്കുമെന്നും ബേണ്‍സ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ സര്‍വ്വാധിപത്യം, 226 റണ്‍സില്‍ ഡിക്ലറേഷന്‍

വെസ്റ്റിന്‍ഡീസിനെതിരെയുള്ള മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടി ഇംഗ്ലണ്ട്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 226 റണ്‍സ് നേടിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയാണ്. 56 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയെ ടീമിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ജോ ബേണ്‍സിന് കൂട്ടായി എത്തിയ ജോ റൂട്ടും റണ്‍സ് കണ്ടെത്തുവാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ട് പടുകൂറ്റന്‍ ലീഡിലേക്ക് ഉയരുകയായിരുന്നു.

90 റണ്‍സ് നേടിയ റോറി ബേണ്‍സിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ഡിക്ലറേഷന്‍ നടത്തിയത്. 398 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിന് മുന്നില്‍ 399 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് നല്‍കിയത്. ജോ റൂട്ട് 68 റണ്‍സുമായി പുറത്താകാതെ നിന്നു.

2016ന് ശേഷം നാട്ടില്‍ ശതകക്കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

2016ല്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും അലെക്സ് ഹെയില്‍സും നാട്ടില്‍ നേടിയ ശതക കൂട്ടുകെട്ടിന് ശേഷം അത്തരം ഒരു നേട്ടം കൊയ്ത് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും റോറി ബേണ്‍സും. ഓഗസ്റ്റ് 2016ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ ഇത്തരത്തിലുള്ള നേട്ടം.

ഇന്ന് വിന്‍ഡീസിനെതിരെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശതക കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡൊമിനിക് സിബ്ലേയും നേടിയത്. 56 റണ്‍സ് നേടിയ സിബ്ലേയെ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത്.

റോറി ബേണ്‍സ് 50 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ 40.5 ഓവറില്‍ 114 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ടീമിന് ഇപ്പോള്‍ 286 റണ്‍സ് ലീഡാണ് കൈവശമുള്ളത്.

Exit mobile version