മാജിക്കൽ സ്പെല്ലുമായി മോയിസസ് ഹെന്‍റിക്സ്, പഞ്ചാബിന്റെ പിടിയിൽ നിന്ന് ആര്‍സിബിയെ രക്ഷിച്ച് മാക്സ്വെൽ

68/0 എന്ന നിലയിൽ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കൽ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെൽ. മാക്സ്വെല്ലിന്റെ തീപാറും ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

Moiseshenriques

ഓപ്പണിംഗ് കൂട്ടുകെട്ടിൽ 68 റൺസ് കൂട്ടിചേര്‍ക്കുവാന്‍ വിരാട് കോഹ്‍ലിയ്ക്കും ദേവ്ദത്ത് പടിക്കലിനും സാധിച്ചുവെങ്കിലും ഇന്നിംഗ്സിന് വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ഇതിനിടെ സ്റ്റംപിംഗും ക്യാച്ചും പഞ്ചാബ് നായകന്‍ കെഎൽ രാഹുല്‍ കൈവിട്ടത് ആര്‍സിബിയ്ക്ക് ഗുണമായി.

തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ മോയിസസ് ഹെന്‍റിക്സ് അടുത്തടുത്ത പന്തുകളിൽ വിരാട് കോഹ്‍ലിയെയും(25), ഡാനിയേൽ ക്രിസ്റ്റ്യനെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ ദേവ്ദത്ത് പടിക്കലും(40) മടങ്ങി. പിന്നീട് 73 റൺസിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് എബിഡിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് നേടിയത്.

23 റൺസ് നേടിയ എബിഡി റണ്ണൗട്ടിലൂടെ പുറത്തായപ്പോള്‍ അവസാന ഓവറിൽ മാക്സ്വെല്ലിനെ ഷമി പുറത്താക്കി. 33 പന്തിൽ 57 റൺസ് നേടിയ മാക്സ്വെൽ 4 സിക്സാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. 4 ഓവറിൽ 12 റൺസ് മാത്രം വിട്ട് നല്‍കിയാണ് ഹെന്‍റിക്സ് തന്റെ സ്പെൽ പൂര്‍ത്തിയാക്കിയത്. അവസാന ഓവറിൽ ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി ഹാട്രിക്കിനടുത്ത് എത്തിയപ്പോള്‍ തന്റെ സ്പെല്ലിൽ താരം 3 വിക്കറ്റ് നേടി.

ഓസ്ട്രേലിയയെന്നാൽ മാര്‍ഷ്, രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയം

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ നേടാനായുള്ളു. 45 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മോസസ് ഹെന്‍റിക്സ് 30 റൺസ് നേടി.

ബംഗ്ലാദേശിന് വേണ്ടി മൂന്ന് വിക്കറ്റുമായി മുസ്തഫിസുര്‍ റഹ്മാന്‍ ആണ് തിളങ്ങിയത്.  പുറത്താകാതെ 10 പന്തിൽ 13 റൺസ് നേടിയ സ്റ്റാര്‍ക്ക് ആണ് ഓസ്ട്രേലിയയുടെ സ്കോര്‍ 121ലേക്ക് എത്തിച്ചത്.

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് താരത്തിനെ സ്വന്തമാക്കുവാന്‍ പ്രീതി സിന്റയുടെ ടീമിന് സാധിച്ചത്.

താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന 1 കോടിയില്‍ ആരംഭിച്ച ലേലം ചൂട് പിടിച്ചപ്പോള്‍ താരത്തിന് 4.20 കോടി രൂപയാണ് ലഭിച്ചത്.

അഡിലെയ്ഡ് ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഹെന്‍റിക്സിനെയും ഉള്‍പ്പെടുത്തി

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ഉള്‍പ്പെടുത്തി. ഷോണ്‍ അബോട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ന്യൂ സൗത്ത് വെയില്‍സ് ഓള്‍റൗണ്ടറെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. അഡിലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റ് നഷ്ടമാകുമെങ്കിലും ബോക്സിംഗ് ഡേ ടെസ്റ്റിന് ഷോണ്‍ അബോട്ട് തയ്യാറായിരിക്കുമെന്നാണ് അറിയുന്നത്.

സിഡ്നിയില്‍ നടന്ന ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിലാണ് ഷോണ്‍ അബോട്ടിന് പരിക്കേറ്റത്. ചെറിയ തോതിലുള്ള ഹാംസ്ട്രിംഗ് സ്ട്രെയിന്‍ കാരണം ആണ് ഹെന്‍റിക്സ് ഓസ്ട്രേലിയ എയുടെ മത്സരങ്ങളില്‍ നിന്ന് ഹെന്‍റിക്സ് വിട്ട് നിന്നിരുന്നു.

ഏറെ നാളായി ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായിട്ടില്ലാത്ത താരമാണ് ഹെന്‍റിക്സ്. ഓസ്ട്രേലിയയ്ക്കായി താരം അവസാന ടെസ്റ്റ് കളിച്ചത് നാല് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ ആയിരുന്നു. ഇതുവരെ നാല് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

രാഹുലിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന ഇന്ത്യയുടെ സ്കോറിന് മാന്യത പകര്‍ന്ന് രവീന്ദ്ര ജഡേജ

ലോകേഷ് രാഹുലിന്റെ മികച്ചൊരു അര്‍ദ്ധ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 161 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(1) നഷ്ടമായ ഇന്ത്യയ്ക്ക് പവര്‍പ്ലേ അവസാനി‍ച്ച് അധികം വൈകാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും(9) നഷ്ടമായി. 48/2 എന്ന നിലയില്‍ നിന്ന് മികച്ചൊരു മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രാഹുലും സഞ്ജുവും ചേര്‍ന്ന് നേടിയത്.

15 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ സഞ്ജു മികച്ചൊരു ഇന്നിംഗ്സ് പടുത്തുയര്‍ത്തുമെന്ന് തോന്നിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു. രാഹുലും സഞ്ജുവും ചേര്‍ന്ന് 38 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അധികം വൈകാതെ മനീഷ് പാണ്ടേയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ടീം 90/4 എന്ന നിലയില്‍ ആയി.

അധികം വൈകാതെ രാഹുലും(51) മടങ്ങിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായി. 86/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ 92/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 17 പന്തിനിടെ ആറ് റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഹാര്‍ദ്ദിക് പാണ്ഡ്യ(16) പുറത്തായപ്പോള്‍ 114/6 എന്ന നിലയിലായിരുന്ന ഇന്ത്യയെ രവീന്ദ്ര ജഡേജ ഒറ്റയ്ക്കാണ് കരകയറ്റിയത്. 23 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ താരം ഇന്ത്യയുടെ സ്കോര്‍ 161ലേക്ക് എത്തിയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മോയിസസ് ഹെന്‍റിക്സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.

ഏഴ് റണ്‍സിനു 3 വിക്കറ്റ്, ബെന്‍ ഡ്വാര്‍ഷൂയിസ് സിക്സേര്‍സിന്റെ വിജയശില്പി

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 8 വിക്കറ്റ് വിജയവുമായി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനു വേണ്ടി ബെന്‍ ഡ്വാര്‍ഷൂയിസ് നടത്തിയ മാന്ത്രിക ബൗളിംഗ് സ്പെല്ലാണ് സ്ട്രൈക്കേഴ്സിനെ വരിഞ്ഞു കെട്ടിയത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിനു സ്ട്രൈക്കേഴ്സ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 46 റണ്‍സ് നേടിയ ജേക്ക് ലേമാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മൈക്കല്‍ നീസെര്‍ 31 റണ്‍സ് നേടി. ഡ്വാര്‍ഷൂയിസ് 7 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റുമായി തന്റെ സ്പെല്‍ അവസാനിപ്പിച്ചപ്പോള്‍ ഷോണ്‍ അബോട്ടിനു 2 വിക്കറ്റ് ലഭിച്ചു.

സിഡ്നിയ്ക്കായി 31 പന്തില്‍ നിന്ന് 5 ബൗണ്ടറിയും 4 സിക്സും സഹിതം 61 റണ്‍സ് നേടിയ മോസസ് ഹെന്‍റിക്സും 51 റണ്‍സ് നേടിയ ഡാനിയേല്‍ ഹ്യൂജ്സുമാണ് ടീമിന്റെ വിജയത്തിനായി ബാറ്റ് വീശിയത്. 14.1 ഓവറിലാണ് ടീം വിജയം കുറിച്ചത്. മൂന്നാം വിക്കറ്റില്‍ 106 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍ വിജയത്തിനു തൊട്ടരികെ എത്തി ഇരുവരും പുറത്തായപ്പോള്‍ ടീം പതറുമോയെന്ന് തോന്നിപ്പിച്ചുവെങ്കിലും 3 പന്ത് ബാക്കി നില്‍ക്കെ വിജയം ഉറപ്പിക്കുകയായിരുന്നു സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 20 ഓവറില്‍ നിന്ന് 164/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.3 ഓവറില്‍ 165/5 എന്ന സ്കോര്‍ നേടി സിക്സേര്‍സ് വിജയം ഉറപ്പാക്കി.

ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഹീറ്റ് 164 റണ്‍സ് നേടിയത്. 55 പന്തില്‍ 5 സിക്സിന്റെയും 3 ഫോറിന്റെയും ബലത്തില്‍ 84 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. മാക്സ് ബ്രയന്റ് 34 റണ്‍സ് നേടിയത് വെറും 18 പന്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ടോം കറന്‍ സിക്സേര്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 23 റണ്‍സ് നേടിയ ജിമ്മി പിയേര്‍സണെയും ടോം കറന്‍ തന്നെയാണ് പുറത്താക്കിയത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ രണ്ടക്കം നേടുവാനായില്ല. ജോ ഡെന്‍ലി, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷിയസ്, സ്റ്റീവ് ഒക്കേഫെ എന്നിവരും ടോം കറനൊപ്പം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

57 റണ്‍സ് നേടിയ മോസസ് ഹെന്‍റികസ്(37 പന്തില്‍), 25 പന്തില്‍ 46 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്ക് എന്നിവര്‍ക്കൊപ്പം 30 റണ്‍സ് നേടി ജസ്റ്റിന്‍ അവെന്‍ഡാനോ, ജോഷ് ഫിലിപ്പ്(14*) എന്നിവരും നിര്‍ണ്ണായക പ്രകടനം സിഡ്നി സിക്സേര്‍സിനു വേണ്ടി പുറത്തെടുത്തു.

രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കിയതില്‍ സന്തോഷം: മൈക്ക് ഹെസ്സണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചായി പുതുതായി എത്തിയ മൈക്ക് ഹെസ്സണിനു ഐപിഎല്‍ ലേലത്തില്‍ തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സന്തുഷ്ടനാണെന്ന് അറിയിച്ചു. അതില്‍ തന്നെ രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കുവാനായതില്‍ ഏറ്റവും സന്തോഷമുണ്ടെന്നും മുന്‍ ന്യൂസിലാണ്ട് കോച്ച് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സെന്‍സേഷനായ സാം കറനും ഓസ്ട്രേലിയയുടെ മോസെസ് ഹെന്‍റികസുമാണ് പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍. നേരത്തെ ലേലത്തിനു മുമ്പ് ടീമിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനെ ബാംഗ്ലൂരിനു കൈമാറിയിരുന്നു പഞ്ചാബ്. പകരം മന്‍ദീപ് സിംഗിനെയാണ് ടീമിലേക്ക് എത്തിച്ചത്.

Exit mobile version