ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല, അർജന്റീന ടീം അംഗങ്ങൾക്ക് ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാൻ മെസ്സി

ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല. ലോകകപ്പ് നേടിയ അർജന്റീന ടീം അംഗങ്ങൾക്കും സ്റ്റാഫിനും ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാനൊരുങ്ങി സൂപ്പർ താരം ലയണൽ മെസ്സി. സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 24 കാരറ്റ് ഗോൾഡൺ ഐ ഫോണുകൾ മെസ്സിക്ക് വേണ്ടി പാരിസീൽ എത്തിക്കഴിഞ്ഞു. ലോകകപ്പ് നേടി ചരിത്രമെഴുതിയ അർജന്റീനയുടെ താരങ്ങൾക്കും സ്റ്റാഫിനും അടക്കം 35 ഐ ഫോണുകളാണ് തയ്യാറായിരിക്കുന്നത്. ഐ ഗോൾഡ് ഡിസൈൻ പാട്രിക്ക് ഗ്രൂപ്പുമായി സഹകരിച്ചാണ് ഫോണുകൾ ഉണ്ടാക്കിയത്.

 

താരങ്ങളുടെ പേരും നമ്പറും അർജന്റീന ദേശീയ ടീമിന്റെ ലോഗോയും ഉൾപ്പെടുന്നതാണ് ഈ സ്പെഷൽ ഐ ഫോൺ. ലോകകപ്പ് ജയത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലയണൽ മെസ്സി, ഗോൾഡൺ ഐ ഫോണുകൾ ലോകകപ്പ് ജയം നേടിയ ടീമിനായി സമ്മാനിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് കോടിയോളം രൂപ മുടക്കിയാണ് മെസ്സി ഗോൾഡൻ ഐ ഫോണുകൾ സഹതാരങ്ങൾക്ക് നൽകുന്നത്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2ന് പരാജയപ്പെടുത്തിയാണ് ഖത്തർ ലോകകപ്പ് അർജന്റീന ഉയർത്തിയത്‌.

ലോകകപ്പിലെ ഒരു മോശം ഓർമ്മയുമായി ഖത്തർ

ഇന്ന് നെതർലന്റ്സിനോടു കൂടെ പരാജയപ്പെട്ടതോടെ ഖത്തറിന്റെ ആദ്യ ലോകകപ്പ് യാത്ര അവസാനിച്ചു. ഇന്ന് 2-0ന്റെ പരാജയം ആണ് ഖത്തർ നേരിട്ടത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെടുന്ന ആദ്യ ആതിഥേയരായി ഖത്തർ മാറി. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീമും ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിട്ടില്ല. ഈ മോശം റെക്കോർഡും ഖത്തർ ലോകകപ്പിന്റെ ഓർമ്മയായി ബാക്കിയാകും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഖത്തർ ഇക്വഡോറിനോട് 2-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നും രണ്ടാം മത്സരത്തിൽ അവർ സെനഗലിനോട് 3-1നും പരാജയപ്പെട്ടു. സെനഗലിന് എതിരായ മത്സരത്തിൽ തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്യാൻ ആയതാണ് ഖത്തറിന്റെ ഏക ആശ്വാസം. കഴിഞ്ഞ ഏഷ്യൻ കപ്പിൽ ഖത്തർ പുറത്തെടുത്ത പോലൊരു നല്ല പ്രകടനം ലോകകപ്പിൽ ഖത്തറിൽ നിന്ന് കാണാൻ ആയില്ല എന്നതാണ് സത്യം.

സെനഗലിന് ആദ്യ ജയം, ഖത്തറിന് ആശ്വാസമായി ലോകകപ്പിലെ ആദ്യ ഗോൾ

ആതിഥേയരായ ഖത്തറിന് സെനഗലിനെതിരെ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സെനഗലിനോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌. ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ പരാജയം ആണ് ഖത്തർ വഴങ്ങിയത്. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് ഗോൾ നേടി എന്നത് ഈ മത്സരത്തിൽ ഖത്തറിന് ആശ്വാസമായി.

ഇന്ന് പതിയെ ആണ് സെനഗലും ഖത്തറും മത്സരം ആരംഭിച്ചത്. 16ആം മിനുട്ടിൽ സെനഗലിന്റെ ആദ്യ നല്ല അവസരം വന്നു. പക്ഷെ ഡിയാറ്റയുടെ ഷോട്ട് കാര്യമായ വെല്ലുവിളി ആയില്ല. സെനഗലിന്റെ ആദ്യ ഗോൾ വന്നത് 41ആം മിനുട്ടിൽ ആയിരുന്നു. ഖത്തർ ഡിഫൻഡറുടെ പിഴവ് മുതലെടുത്ത് ബൗലയെ ദിയ ഗോൾ നേടുക ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിലൂടെ സെനഗൽ രണ്ടാം ഗോൾ കണ്ടെത്തി. ഫ്രണ്ട് പോസ്റ്റിൽ പിറന്ന ഹെഡർ വഴി ഫമാര ദൈദിയോ ആണ് രണ്ടാം ഗോൾ നേടിയത്.

78ആം മിനുട്ടിൽ മൊഹമ്മദ് മുന്താരിയിലൂടെ ആണ് ഖത്തർ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തിയത്. ഈ ഗോളിന് ശേഷം കുറച്ച് സമയം ഖത്തർ കളിയിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയിൽ കളിച്ചു. പക്ഷെ 84ആം മിനുട്ടിലെ ബാംബ ദിയെങിന്റെ ഫിനിഷ് സെനഗലിന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു‌.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സെനഗലിന് മൂന്ന് പോയിന്റ് ആണുള്ളത്. ഖത്തറിന് പൂജ്യം പോയിന്റും. സെനഗൽ അടുത്ത മത്സരത്തിൽ ഇക്വഡോറിനെയും ഖത്തർ നെതർലാന്റ്സിനെയും നേരിടും.

ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോളണ്ടിനു ആയിരുന്നു ജയം എങ്കിലും സമീപകാലത്തെ പ്രകടനങ്ങൾ മെക്സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ 8 ലോകകപ്പുകളിൽ തുടർച്ചയായി ഗ്രൂപ്പ് ഘട്ടം കടക്കാനും അവർക്ക് ആയി. ഗോൾ കീപ്പർ ഒച്ചോവ, ആന്ദ്രസ് ഗുഡാർഡോ എന്നിവർക്ക് മെക്സിക്കൻ ജെഴ്സിയിൽ ഇത് അഞ്ചാം ലോകകപ്പ് ആണ്.

മുന്നേറ്റത്തിലെ മികച്ച താരങ്ങൾ ആണ് മെക്സിക്കോയുടെ കരുത്ത്. ഉഗ്രൻ ഫോമിലുള്ള നാപോളി താരം ഹിർവിങ് ലൊസാനോ, ഗോൾ കണ്ടത്താൻ ലേശം ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോൾവ്സിന്റെ റൗൾ ഹിമനസ് എന്നിവർ പോളണ്ട് പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ അയാക്‌സ് താരമായ അൽവാരസും പ്രതിരോധത്തിൽ മറ്റൊരു അയാക്‌സ് താരമായ സാഞ്ചസും മെക്സിക്കൻ കരുത്ത് ആണ്. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചത് അടക്കം നിരവധി വീരഗാഥകൾ ഉള്ള മെക്സിക്കോക്ക് ലോകകപ്പിൽ എന്നും ഫോമിലേക്ക് ഉയരുന്ന ഒച്ചോവയുടെ സാന്നിധ്യവും കരുത്ത് ആണ്.

അതേസമയം കളിച്ച ഏക ലോകകപ്പിൽ മൂന്നു മത്സരവും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത ക്ഷീണം മെക്സിക്കോക്ക് എതിരെ മാറ്റാൻ ആവും റോബർട്ട് ലെവൻഡോസ്കി ഇന്ന് ഇറങ്ങുക. ലെവൻഡോസ്കിക്ക് ഒപ്പം സിലൻസ്കി, മിൽക് തുടങ്ങിയ മികച്ച താരങ്ങളും പോളണ്ട് മുന്നേറ്റത്തിൽ ഉണ്ട്. ഗിലിക്, ബെഡ്നറക്, മാത്യു കാശ് തുടങ്ങിയ അനുഭവ സമ്പന്നരായ പ്രതിരോധം ആണ് ചെസ്നിക്ക് മുന്നിൽ പോളണ്ട് അണിനിരത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നല്ല തുടക്കം കൊണ്ടു മായിച്ചു കളയണം എന്ന ഉദ്ദേശവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോളണ്ട് ടീമിന് ഉണ്ട്. തുല്യശക്തികളുടെ മികച്ച പോരാട്ടം തന്നെ ഇന്ന് ഗ്രൂപ്പ് സിയിൽ ഈ പോരാട്ടത്തിൽ പ്രതീക്ഷിക്കാം.

ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ മെസ്സിയും അർജന്റീനയും ഇറങ്ങുന്നു, സൗദി അറേബ്യ എതിരാളികൾ

ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ അർജന്റീന ഇന്ന് ഖത്തറിൽ ആദ്യ മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് സിയിൽ ഏഷ്യൻ കരുത്തർ ആയ സൗദി അറേബ്യ ആണ് അർജന്റീനയുടെ നാളത്തെ എതിരാളികൾ. പരിക്കുകൾ കാരണം ലൊ സെൽസ, ജോക്വലിൻ കൊറെയ താരങ്ങളെ നഷ്ടമായി എങ്കിലും ശക്തമായ നിരയും ആയി 36 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് അർജന്റീന ലോകകപ്പിന് എത്തുന്നത്. മുമ്പ് പരസ്പരം ഏറ്റുമുട്ടിയ നാലു തവണ രണ്ടു തവണ അർജന്റീനയെ സൗദി സമനിലയിൽ തളച്ചു എങ്കിലും ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഇരു ടീമുകളും ആദ്യമായി ആണ് ഏറ്റുമുട്ടുന്നത്. രണ്ടു തവണ ലോകകപ്പ് നേടിയ അർജന്റീനക്ക് 1986 നു ശേഷം ഒരു ലോകകപ്പ് എന്ന സ്വപ്നം ആണ് ഇത്തവണ. 2014 ൽ ഫൈനലിൽ കൈവിട്ട കിരീടം ആണ് മെസ്സിയുടെയും ലക്ഷ്യം.

പതിറ്റാണ്ടുകൾ കാത്തിരുന്ന കിരീടം കോപ്പ അമേരിക്ക കിരീടത്തിലൂടെ സാധ്യമാക്കിയ ലയണൽ സ്കലോണിയുടെ ടീം അതിശക്തമാണ്. ഗോളിന് മുന്നിൽ എമി മാർട്ടിനസ് ഇറങ്ങുമ്പോൾ ഒട്ടമെന്റിക്ക് ഒപ്പം പരിക്കിൽ നിന്നു മുക്തൻ അല്ലാത്ത ക്രിസ്റ്റിയൻ റൊമേറോക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങുന്ന ലിസാൻഡ്രോ മാർട്ടിനസ് ആവും ഇറങ്ങുക. അക്യുനയുടെ അഭാവത്തിൽ ടാഗ്ലിയഫകോ ആവും ലെഫ്റ്റ് ബാക്ക് ആവുക, മോളീന റൈറ്റ് ബാക്ക് ആയും എത്തും. മധ്യനിരയിൽ പരഡസ്, ഡി പോൾ എന്നീ വിശ്വസ്ഥർക്ക് ഒപ്പം ബ്രൈറ്റണിന്റെ അലക്‌സ് മക് അലിസ്റ്റർ ആവും ഇറങ്ങാൻ സാധ്യത. മുന്നേറ്റത്തിൽ ഏഞ്ചൽ ഡി മരിയ എന്ന എന്നത്തേയും വിശ്വസ്ഥനോട് ഒപ്പം ലൗടോറോ മാർട്ടിനസ് ആവും ഇറങ്ങുക. പകരക്കാരുടെ ബെഞ്ചിൽ ആവും ഡിബാല, ജൂലിയൻ അൽവാരസ് തുടങ്ങിയ അപകടകാരികളുടെ സ്ഥാനം.



ടീം പൂർത്തിയാകാൻ ഉറപ്പായിട്ടും അർജന്റീനയുടെ നായകനെ മിശിഹായെ വേണം. തന്റെ അഞ്ചാം ലോകകപ്പ് ആണ് ലയണൽ മെസ്സിക്ക് ഇത്. ലോകകപ്പുകളിൽ ആറു ഗോളുകൾ ഇത് വരെ നേടിയ മെസ്സി കഴിഞ്ഞ നാലു ലോകകപ്പുകളിലും അസിസ്റ്റ്‌ നൽകിയ ഏകതാരമാണ്. മറുവശത്ത് പരിചിതമായ സാഹചര്യങ്ങളും കോട്ട കെട്ടി പ്രതിരോധിക്കാം എന്ന പ്രതീക്ഷയിലും ആണ് സൗദി വരിക. മുന്നേറ്റത്തിൽ അൽ ഹിലാലിന്റെ പരിചയസമ്പന്നരായ സലേഹ് അൽ-ഷെഹ്റി, അൽ-ഫറാജ് എന്നിവരും ഉണ്ട്. അർജന്റീനയെ ബുദ്ധിമുട്ടിക്കാൻ പോന്നവർ തന്നെയാണ് ഇവർ. 2018 ൽ മൊറോക്കയെ ലോകകപ്പിൽ എത്തിച്ച പരിചയമുള്ള സൗദി പരിശീലകൻ ഹെർവ റെനാർഡ് മെസ്സിയെയും സംഘത്തെയും ഗോൾ അടിക്കാതെ പൂട്ടാൻ ആവും ശ്രമിക്കുക. 2006 ൽ കളിക്കാരനായി അർജന്റീനക്ക് ഒപ്പം ലോകകപ്പ് കളിച്ച സ്കലോണിക്ക് ഇന്ന് അർജന്റീനക്ക് ഒപ്പം ലോകകപ്പിൽ പരിശീലകൻ ആയുള്ള അരങ്ങേറ്റം കൂടിയാണ്. മെസ്സിക്ക് കീഴിൽ എല്ലാം മറന്നു പൊരുതുന്ന അർജന്റീന ഒറ്റക്കെട്ടായി ആണ് കളിക്കുന്നത്. അതിനാൽ തന്നെ അർജന്റീനയെ തടയുക സൗദിക്ക് എളുപ്പമാവില്ല. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 3.30 നു ആണ് ഈ മത്സരം നടക്കുക.

കുരിശിൽ തറച്ചവർ കാണുക അവൻ, ബുകയോ സാക ഉയിർത്തെഴുന്നേറ്റു ഖത്തറിൽ ആകാശം മുട്ടെ നിൽക്കുന്നത്

മൂന്നു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2021 ജൂലൈ 11 നു 55 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ആദ്യ യൂറോ കപ്പ് കിരീടം ഉയർത്താൻ ലഭിച്ച അവസരം ഇംഗ്ലണ്ടിന് നഷ്ടമായ ദിനം ആയിരുന്നു. അന്ന് ഇറ്റലിക്ക് എതിരെ ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ അവസാന പെനാൽട്ടി എടുക്കാൻ പല പരിചയസമ്പന്നരായ താരങ്ങളും വിസമ്മതം പ്രകടിച്ചപ്പോൾ മുന്നോട്ട് വന്നത് ബുകയോ സാക എന്ന 19 കാരൻ ആയിരുന്നു. പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്റെ ഭാരം സമ്മർദ്ദം ആയപ്പോൾ സാകയുടെ പെനാൽട്ടി ഡോണരുമ തടഞ്ഞു. ഇറ്റലിക്ക് യൂറോ കിരീടം ഇംഗ്ലണ്ടിന് ആവട്ടെ വീണ്ടും ഒരു പെനാൽട്ടി ശാപം. കണ്ണീർ വാർത്ത സാകയെ ചേർത്തു നിർത്തി ഇംഗ്ലീഷ് താരങ്ങൾ ആശ്വസിപ്പിച്ചു. എന്നാൽ അതിനു ശേഷം സാക എന്ന 19 കാരൻ നേരിട്ടത് കടുത്ത വംശീയ അധിക്ഷേപങ്ങൾ ആയിരുന്നു.

അവൻ കുരിശിൽ തറക്കപ്പെട്ടു, അധിക്ഷേപങ്ങൾ അവന് മേൽ ക്രൂരമായി ചൊരിഞ്ഞു. അവനും സാഞ്ചോക്കും റാഷ്ഫോർഡിനും പിറകിൽ ഫുട്‌ബോൾ ലോകം ഒന്നാകെ അണിനിരന്നു. തൊലി കറുത്തവൻ ആയത് കൊണ്ട് മാത്രം കുരിശിൽ തറക്കപ്പെട്ട സാകയെ ആഴ്‌സണൽ ആരാധകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അവനായി അവർ ആർത്തു വിളിച്ചു, തങ്ങളുടെ ‘സ്റ്റാർ ബോയി’ അവൻ ആണെന്ന് അവർ ആർത്തു വിളിച്ചു. യൂറോ കപ്പ് കഴിഞ്ഞു പ്രീമിയർ ലീഗിൽ കളിക്കാൻ എത്തിയപ്പോൾ അവനായി കയ്യടിക്കാൻ എന്തിനു ടോട്ടനം ആരാധകരും ചെൽസി ആരാധകരും വരെ മുന്നിട്ട് നിന്നു. പിന്നീട് വംശീയതയെ തോൽപ്പിച്ചു ആർട്ടെറ്റയുടെ ഏറ്റവും വിശ്വസ്തൻ ആയി ആഴ്‌സണലിന്റെ ഉയർച്ചയുടെ ഏറ്റവും വലിയ പങ്കും വഹിക്കുന്ന അവനെ ആണ് ലോകം കണ്ടത്.

പിന്നീട് ഒരിക്കൽ പോലും പെനാൽട്ടി പാഴാക്കാത്ത സാകയെ ആണ് ലോകം കണ്ടത്. ചെൽസിയുടെ മെന്റിക്ക് എതിരെ, ലിവർപൂളിന്റെ ആലിസണിനു എതിരെ, ടോട്ടനത്തിന്റെ ലോറിസിന് എതിരെ എല്ലാം അവൻ അനായാസം പെനാൽട്ടികൾ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്നിപ്പോൾ അവൻ അവന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാൻ ഖത്തറിൽ ഇറങ്ങി. അന്നത്തെ യൂറോ കപ്പ് പെനാൽട്ടി പാഴാക്കിയ ശേഷം ഒരു പ്രധാന ടൂർണമെന്റിൽ അവന്റെ പ്രധാന മത്സരം. ഫുട്‌ബോളിന് പുറത്ത് മാനങ്ങൾ ഉള്ള മത്സരത്തിൽ ഇറാന് എതിരെ ഇംഗ്ലണ്ട് 6-2 ന്റെ വലിയ ജയം കുറിക്കുമ്പോൾ സാകയുടെ ഇടത് കാലിൽ നിന്നു പിറന്നത് രണ്ടു അതുഗ്രൻ ഗോളുകൾ ആയിരുന്നു. 43 മത്തെ മിനിറ്റിൽ മഗ്വയറിന്റെ ഹെഡറിൽ നിന്നു ലഭിച്ച പന്തിൽ നിന്നു മനോഹരമായ വോളിയിലൂടെ ആണ് സാക തന്റെ ആദ്യ ഗോൾ നേടിയത്.

പെർഫെക്റ്റ് എന്നു പറയാവുന്ന മനോഹരമായ അടി ആയിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിൽ സ്റ്റെർലിങിന്റെ പാസിൽ നിന്നു സാക നേടിയ ഗോളും അതുഗ്രൻ ആയിരുന്നു. പന്ത് സ്വീകരിച്ച സാക മൂന്നു ഇറാൻ താരങ്ങളെയും ഗോൾ കീപ്പറെയും കാഴ്ചക്കാർ നിർത്തിയ മനോഹരമായ ചലനങ്ങളിലൂടെ പന്ത് വലയിൽ ആക്കുക ആയിരുന്നു. ഗോൾ നേട്ടത്തോടെ ഇംഗ്ലണ്ടിന് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും സാക മാറി. മത്സരത്തിലെ താരവും മറ്റാരും അല്ലായിരുന്നു. ഇനിയുള്ള ഇംഗ്ലണ്ട് മത്സരങ്ങളിലും സാക തന്നെയാവും ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്. ഉറപ്പായിട്ടും ഒന്നര വർഷം മുമ്പ് അവനു മേൽ വംശീയ അധിക്ഷേപങ്ങൾ ചൊറിഞ്ഞവർക്ക് കുരിശിൽ തറച്ചവർക്ക് അവൻ കളത്തിൽ മറുപടി നൽകുമ്പോൾ ഖത്തർ ലോകകപ്പിൽ അവൻ ആകാശം മുട്ടെ ഉയർന്നു ഉയിർത്തെഴുന്നേറ്റു നിൽക്കുക ആണ്. ഉറപ്പായിട്ടും വംശീയതക്ക് എതിരെയുള്ള ജയം കൂടിയാണ് സാകയുടെ ഈ ഉയിർത്തെഴുന്നേപ്പ്.

ഇന്നത്തെ കളികൾക്കുള്ളിലെ കളികൾ | ഖത്തർ ലോകകപ്പ്

ഇന്നത്തെ ലോകകപ്പ് കളികളിലെ രാഷ്ട്രീയം അധികം ആരും കാണാൻ സാധ്യതയില്ല. ശ്രദ്ധിച്ചാൽ തന്നെ, കൂടുതൽ പേരും കാണുക ആദ്യ കളിയിലെ പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള രാഷ്ട്രീയമാകും. അതും ഇറാനിലെ ഇപ്പോഴത്തെ ഹിജാബ് സമരങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകും. അതിനാൽ തന്നെ ടൂർണമെന്റ് സംഘാടകർ വളരെ ജാഗരൂകരാണ്. സ്റ്റേഡിയത്തിനു അകത്തു ഒരു വിധത്തിലുള്ള പ്രതിഷേധ, പ്രകോപന നടപടികളും കാണികളുടെ ഭാഗത്തു നിന്നുണ്ടാകാൻ അവർ സമ്മതിക്കില്ല. ഖത്തറിനെ സംബന്ധിച്ചു, സൗഹൃദ രാഷ്ട്രവും, അയൽ രാജ്യവുമായി ഇറാനെ പിണക്കുന്ന ഒന്നും അനുവദിക്കാൻ സാധിക്കില്ല. ആപൽഘട്ടങ്ങളിൽ ഒപ്പം നിന്ന രാജ്യം എന്ന നിലക്ക് കൂടി ഖത്തറിന് ഇറാനെ പിന്തുണച്ചേ മതിയാകൂ.

എങ്കിലും കാണികളിൽ നിന്ന്, പ്രത്യേകിച്ച് കുപ്രസിദ്ധരായ ഇംഗ്ലണ്ട് ഫാൻസിന്റെ ഭാഗത്തു നിന്നും, പ്രകടനങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഈ കളി ഇംഗ്ലണ്ടിന് ജയിച്ചേ മതിയാകൂ, എതിരാളി ഇറാൻ ആയതു കൊണ്ട് മാത്രമല്ല. ഇന്നത്തെ മൂന്നാമത്തെ കളിയിൽ തങ്ങളുടെ സഹോദരങ്ങളായ വെയ്ൽസ് അറ്റ്ലാന്റിക്കിനു അപ്പുറത്തുള്ള ബന്ധുക്കളുമായുള്ള കളിയുണ്ട്. സഹോദരങ്ങൾ എന്നൊക്കെ പറയാമെന്നേയുള്ളൂ, കിട്ടുന്ന അവസരങ്ങളിൽ ഒക്കെ, രാഷ്ട്രീയത്തിലും, കളിക്കളത്തിലും, സായ്യിപ്പുമാരുടെ ഇടയിലെ ഇന്ത്യയും പാകിസ്ഥാനുമായാണ് ഇവർ പെരുമാറാറ്.

വെയ്ൽസിനെ എതിരിടുന്നത് യുഎസ് ആയത് കൊണ്ട് ആ കളിയിൽ ആര് ജയിച്ചാലും അത് ഇംഗ്ലണ്ടിന് പ്രശ്നമാണ്. അത് കൊണ്ട് അവർക്ക് ഇറാനെതിരെ ഒരു ജയം അനിവാര്യമാണ്. ഇറാനെതിരെ തോൽക്കുന്നത് ഇംഗ്ലണ്ടിന് ഇറാൻ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ചിന്തിക്കാനും സാധിക്കില്ല. ഇറാനെ സംബന്ധിച്ചു ലോകകപ്പ് പോലൊരു അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ ശത്രു നിരയിൽ മുന്നിലുള്ള ഇംഗ്ലണ്ടിനോട് തോൽക്കുന്നത് ദേശീയ തലത്തിലും ക്ഷീണം ചെയ്യും. ഇതെല്ലാം കൊണ്ട് ആ കളി തീ പാറുന്ന ഒന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട. കളിത്തൂക്കം വച്ച് നോക്കുമ്പോൾ ഒരു ഇംഗ്ലണ്ട് ജയം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്, പക്ഷെ അവസാന വിസിൽ വരെ ഒന്നും പറയാൻ പറ്റില്ല.

വെയിൽസ് – യുഎസ് മത്സരത്തിൽ ഇതേ കാരണങ്ങളാൽ രണ്ട് കൂട്ടർക്കും ജയിച്ചേ മതിയാകൂ. ഇറാൻ ജയിച്ചാലും, ഇംഗ്ലണ്ട് ജയിച്ചാലും അതിനേക്കാൾ മുകളിലോ ഒപ്പമോ നിന്നില്ലെങ്കിൽ, മനസ്സുകൾ കൊണ്ടുള്ള കളികളിൽ അതൊരു ക്ഷീണമാകും. ഈ നാല് ഗ്രൂപ്പ് ബി ടീമുകൾ തമ്മിലുള്ള കളികളും അത് കൊണ്ട് കാണികൾക്കു രസകരമാകാനാണ് അവസരമൊരുക്കുന്നത്.

ഇതൊക്കെയാണെങ്കിലും, ഇന്നത്തെ രണ്ടാമത്തെ കളിയിൽ സെനഗലും നെതെർലൻഡ്സും തമ്മിലും കളി കടുക്കും. യൂറോപ്യൻ മേൽക്കോയ്മ കാണിക്കാൻ നെതെർലാൻഡ്‌സ് രണ്ടും കല്പിച്ചാകും ഇറങ്ങുക. മാനെ ഇല്ലെങ്കിലും, മറ്റ് പുള്ളി മാനുകൾ ആ കുറവ് കളിക്കളത്തിൽ കാണിക്കാതിരിക്കാൻ ശ്രമിക്കും എന്ന് തന്നെയാണ് സെനഗൽ ക്യാമ്പിൽ നിന്നും വരുന്ന വാർത്ത. മാനെയ്ക്ക് വേണ്ടിയാകും ഇന്ന് അവരുടെ കളി എന്നാണ് കേൾക്കുന്നത്. അടുപ്പിച്ചു അടുപ്പിച്ചുള്ള കളി കാണൽ കാണികളെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടാകും. പിന്നെ ജിയോ സിനിമ ഉണ്ടല്ലോ എന്ന ഒരു സമാധാനം മാത്രമാണ് ഒരു പ്രതീക്ഷ!

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 2014 നു ശേഷം ആദ്യ ലോകകപ്പിന് എത്തുന്ന അമേരിക്കക്ക് ഇത് 11 മത്തെ ലോകകപ്പ് ആണ്. ഗാരത് ബെയിൽ എന്ന ഇതിഹാസം ആണ് വെയിൽസിന്റെ പ്രധാന കരുത്ത്. വെയിൽസ് ജെഴ്‌സിയിൽ എന്നും തിളങ്ങുന്ന ബെയിലിന്റെ മികവ് തന്നെയാണ് അവരെ ലോകകപ്പ് വേദിയിൽ എത്തിച്ചത്.

മുന്നേറ്റത്തിൽ ബെയിലിന് ഒപ്പം ഡാനിയേൽ ജെയിംസ്, ബ്രണ്ണൻ ജോൺസൻ എന്നീ യുവരക്തങ്ങളും അമേരിക്കക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. മധ്യനിരയിൽ പരിച്ചയസമ്പന്നനായ ആരോൺ റംസി തിളങ്ങേണ്ടത് വെയിൽസിന് പ്രധാനമാണ്. ഹെന്നസിക്ക് മുന്നിൽ പ്രതിരോധത്തിൽ നികോ വില്യംസ്, കോൾവിൽ തുടങ്ങിയ യുവതാരങ്ങളും അവർക്ക് ഉണ്ട്. മറുവശത്ത് യുവത്വം ആണ് അമേരിക്കയുടെ കരുത്ത്. മുന്നേറ്റത്തിൽ ക്രിസ്റ്റിയൻ പുലിസികിന് കൂട്ടായി ജിയോവാണി റെയ്‌ന എന്ന 19 കാരൻ ഉണ്ട്. ഡോർട്ട്മുണ്ടിലെ മികവ് ദേശീയ ടീമിൽ താരം പുറത്ത് എടുത്താൽ വെയിൽസ് പ്രതിരോധം താരത്തെ നേരിടാൻ വിയർക്കും.

വിങിൽ ടിം വിയ വെയിൽസിന് വലിയ തലവേദന ആവും നൽകുക. മധ്യനിരയിൽ മക്കെന്നി, ആരോൺസൺ, ടെയിലർ ആദംസ്, അക്കോസ്റ്റ തുടങ്ങി മികച്ച യുവ താരങ്ങളുടെ ഒരു നിര തന്നെ അമേരിക്കക്ക് ഉണ്ട്. മികച്ച വിങ് ബാക്കുകൾ ആണ് അമേരിക്കൻ കരുത്ത്. സെർജിനോ ഡെസ്റ്റ്, യെഡലിൻ തുടങ്ങി മികച്ച വേഗമുള്ള താരങ്ങൾ ഏത് പ്രതിരോധത്തിനും വെല്ലുവിളി ആണ്. ഗോൾ കീപ്പർ ആയി ആഴ്‌സണലിന്റെ മാറ്റ് ടർണർ ആവും അമേരിക്കൻ വല കാക്കുക. വെയിൽസ് ജെഴ്‌സി അണിഞ്ഞാൽ പ്രായം മറന്നു അസാധ്യ മികവിലേക്ക് ഉയരുന്ന ഗാരത് ബെയിൽ മുന്നിൽ നിന്നു നയിക്കുമ്പോൾ വെയിൽസ് അമേരിക്കൻ യുവടീമിനു വെല്ലുവിളി ആവും എന്നുറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

മുട്ടു കുത്തിയിരുന്നു വംശീയതക്ക് എതിരായ സന്ദേശം നൽകുന്ന രീതി ഇംഗ്ലണ്ട് ലോകകപ്പിലും തുടരും

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നാളെ ഇറാനെ നേരിടാൻ ഒരുങ്ങുമ്പോൾ മത്സരത്തിനു മുമ്പ് താരങ്ങൾ മുട്ടു കുത്തിയിരുന്നു വംശീയതക്ക് എതിരായ സന്ദേശം നൽകുന്ന ശീലം തുടരുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. 2020 ൽ ജോർജ് ഫ്ലോയിഡ് അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട ശേഷം തുടങ്ങിയ ശീലം ലോകകപ്പിലും തുടരാൻ ആണ് ഇംഗ്ലണ്ട് തീരുമാനം. നേരത്തെ ഈ പ്രതിഷേധം ഇനി നടത്തേണ്ടതില്ല എന്നു പ്രീമിയർ ലീഗ് തീരുമാനിച്ചിരുന്നു.

ഒരു ടീം എന്ന നിലയിൽ തങ്ങളുടെ നിലപാട് ആണ് ഇതെന്നും ഇത് ഒരുപാട് നാളുകൾ ആയി ചെയ്തു വരുന്ന പ്രതിഷേധരീതിയാണ് എന്നും പറഞ്ഞ സൗത്ത്ഗേറ്റ് ലോകകപ്പ് പോലെ ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ അത്തരം ഒരു പ്രതിഷേധം ലോകം മൊത്തം കാണും എന്നും കൂട്ടിച്ചേർത്തു. ഒപ്പം അത് നല്ലൊരു സന്ദേശം ആവും ലോകത്തിനു പ്രത്യേകിച്ച് യുവ തലമുറയ്ക്ക് നൽകുക എന്നും ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു. അതേസമയം നാളെ ‘വൺ ലവ്’ ആം ബാന്റ് ഇംഗ്ലണ്ട് അണിയുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നിലവിൽ 3 ഐക്യരാഷ്ട്ര സംഘനകളും ആയി ചേർന്നു സന്ദേശങ്ങൾ എഴുതിയ ആം ബാന്റ് ഫിഫ തന്നെ നേരിട്ട് ടീമുകൾക്ക് നൽകുന്നുണ്ട്. ഇതിനെക്കുറിച്ച് ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ ഫിഫയോട് അഭിപ്രായം ചോദിച്ചിട്ടും ഉണ്ട്.

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ മാനെക്ക് വേണ്ടി ഡച്ച് പടയെ പിടിച്ചു കെട്ടാൻ സെനഗൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെ നേരിടും. ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ സെനഗൽ യൂറോപ്യൻ രാജ്യങ്ങളോട് പരാജയം അറിഞ്ഞിട്ടില്ല. 2002 ൽ ഫ്രാൻസിനെ അട്ടിമറിച്ച അവർ കഴിഞ്ഞ ലോകകപ്പിൽ പോളണ്ടിനെയും തോൽപ്പിച്ചിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വാൻ ഹാളിനു കീഴിൽ മികച്ച ടീമും ആയി ഇറങ്ങുന്ന ഹോളണ്ട് 1994 നു ശേഷം ഇത് വരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താൻ ആവും ഇന്ന് ഇറങ്ങുക.

മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പരിചയാസമ്പത്തും ഹോളണ്ടിനു ആവോളം ഉണ്ട്. ക്യാപ്റ്റൻ വാൻ ഡെയ്കും ഒപ്പം ഡിലിറ്റും നയിക്കുന്ന പ്രതിരോധം മറികടക്കുക ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് അത്ര എളുപ്പമുള്ള പണി ആവില്ല. മധ്യനിരയിൽ ഫ്രാങ്കി ഡിയോങിന് ഒപ്പം യുവതാരം സാവി സിമൻസിന്റെ പ്രകടനം ആവും പലരും ഉറ്റു നോക്കുന്ന ഒന്നു. മധ്യനിരയിൽ ഡിയോങ് തിളങ്ങിയാൽ ഓറഞ്ചു പടക്ക് കാര്യങ്ങൾ എളുപ്പമാകും. മുന്നേറ്റത്തിൽ ഡീപായിയുടെ അഭാവത്തിൽ യുവതാരം കോഡി ഗാക്പോ ആവും സെനഗലിന് പ്രധാന വെല്ലുവിളി ആവുക. മെന്റി ഗോളിലും കോലുബാലി പ്രതിരോധത്തിലും നിൽക്കുമ്പോൾ സെനഗൽ പ്രതിരോധം അത്ര എളുപ്പം വീഴും എന്നു കരുതുക വയ്യ.

എന്നാൽ സെനഗലിന്റെ പ്രധാന നഷ്ടം മുന്നേറ്റത്തിൽ അവരുടെ എല്ലാം എല്ലാമായ സാദിയോ മാനെയുടെ അഭാവം ആണ്. ടീമിന്റെ ഹൃദയം ആയ മാനെയുടെ അസാന്നിധ്യത്തിൽ ഇസ്മായില സാർ അടക്കമുള്ള താരങ്ങൾക്ക് ഡച്ച് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ആവുമോ എന്നത് ആവും മത്സരഫലം നിർണയിക്കുന്ന ഘടകം. അലിയോ സീസെ എന്ന പരിശീലകൻ കൊണ്ടു വരുന്ന മാജിക്കും ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് കരുത്ത് പകരും. മറുവശത്ത് 2014 ൽ മൂന്നാമത് ആയത് ഇത്തവണ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം ആയി മാറ്റാൻ ഇറങ്ങുന്ന വാൻ ഹാലിന് ഇന്ന് വിജയത്തുടക്കം അനിവാര്യമാണ്. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് ഈ മത്സരം തുടങ്ങുക.

കരുത്തറിയിക്കാൻ ഇറാൻ, കിരീടം എന്ന സ്വപ്നവുമായി ഇംഗ്ലണ്ട് | ഖത്തർ ലോകകപ്പ്

പതിവ് പോലെ കിരീട പ്രതീക്ഷകളും വമ്പൻ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിന് ലോകകപ്പ് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ എതിരാളികൾ ഇറാൻ. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്കുമായിട്ടാണ് ഇറാൻ ഖത്തറിലേക്ക് എത്തുന്നത്. കൂടാതെ ടീമിനെ അടിമുടി അറിയുന്ന മുൻ പരിശീലകൻ കാർലോസ് കുയ്റോസ് കൂടി തിരിച്ചെത്തിയതോടെ ഇരട്ടി ആത്മവിശ്വാസത്തോടെയാണ് ഇറാൻ ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം 6.30നാണ് പന്തുരുണ്ടു തുടങ്ങുക.

എല്ലാത്തവണയും എന്ന പോലെ വമ്പൻ താരങ്ങൾക്ക് ഇത്തവണയും ഇംഗ്ലണ്ട് ടീമിൽ ഒരു കുറവും ഇല്ല. ഗോളടി വീരൻ ഹാരി കെയ്‌നിൽ തുടങ്ങുന്ന ടീമിൽ, ബുകയോ സാക, സ്റ്റർലിങ്, ഫിൽ ഫോഡൻ, ഗ്രീലിഷ്, റഷ്ഫോഡ് എന്നിവർ അടങ്ങിയ മുൻനിരക്ക് കരുത്തു പകരാൻ മാഡിസനും ഡെക്ലാൻ റൈസും മേസൻ മൗണ്ടും അടങ്ങിയ മധ്യനിരക്ക് കഴിയും. ഇതിലേക്ക് കളി മെനയാനും ഗോളടിക്കാനും ഒരുപോലെ വിരുതുള്ള ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്നതോടെ ഇറാനെതിരെ വിജയത്തോടെ തുടങ്ങാൻ കഴിയും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇംഗ്ലണ്ട്.

വിങ്‌ബാക്കുകളെ ഉപയോഗിക്കുന്ന കോച്ച് സൗത്ത് ഗേറ്റിന് ന്യൂകാസിൽ ക്യാപ്റ്റൻ ട്രിപ്പിയറിന്റെ ഫോമും കാര്യങ്ങൾ എളുപ്പമാക്കും. മാഡിസൻ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നില്ല. പരിക്കിന്റെ ആശങ്കയുള്ള താരം ആദ്യ മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യം സംശയമാണ്.

ലോകകപ്പിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച ഏഷ്യൻ ടീമാണ് ഇറാൻ. സൗത്ത്കൊറിയയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമത്തെത്താനും അവർക്കായി. ഈ ഫോം തന്നെയാണ് ഇത്തവണ പ്രതീക്ഷ നൽകുന്നത്. ഏഴു വർഷത്തോളം ടീമിന്റെ പരിശീലകൻ ആയിരുന്ന കുയ്റോസിന്റെ തന്ത്രങ്ങളും കൂടെ “ഇറാനിയൻ മെസ്സി” ലെവർകൂസൻ താരം സർദാർ അസ്‌മോനും അടക്കമുള്ള താരങ്ങളും കൂടി ചേരുമ്പോൾ, വമ്പന്മാരെ വിറപ്പിക്കാം എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇത്തവണ ഇറാൻ ലോകകപ്പിന് എത്തുന്നത്. കറുത്ത കുതിരകൾ ആവാൻ കരുത്തുള്ള ഇറാന്റെ മുൻനിരക്ക് ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരക്ക് മുകളിൽ കാര്യമായ തലവേദന സൃഷ്ടിക്കാൻ കഴിഞ്ഞേക്കും.

ഇക്വഡോറിന് ആയി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി എന്നർ വലൻസിയ

ലോകകപ്പിൽ ഇക്വഡോറിന് ആയി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി എന്നർ വലൻസിയ മാറി. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ വലൻസിയയുടെ ഇരട്ടഗോൾ മികവിൽ ആണ് ഇക്വഡോർ ഖത്തറിനെ മറികടന്നത്. മത്സരത്തിൽ മൂന്നു ഗോളുകൾ താരം നേടിയെങ്കിലും ഒരു ഗോൾ വാർ ഓഫ് സൈഡ് ആയി കണ്ടത്തുക ആയിരുന്നു.

ഒരു ഗോൾ പെനാൽട്ടിയിലൂടെയും ഒരെണ്ണം ഹെഡറിലൂടെയും ആണ് താരം നേടിയത്. ഇതോടെ ലോകകപ്പിൽ താരത്തിന്റെ ഗോൾ നേട്ടം അഞ്ചെണ്ണം ആയി. ലോകകപ്പിൽ ഇക്വഡോർ നേടിയ കഴിഞ്ഞ അഞ്ചു ഗോളുകളും വലൻസിയ ആണ് നേടിയത്.ഇതിൽ മൂന്നും ഹെഡറുകൾ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇക്വഡോർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും വലൻസിയ ആണ്. ഖത്തറിനു എതിരെ ഇന്ന് കളിയിലെ താരവും വലൻസിയ ആയിരുന്നു.

Exit mobile version