ഫിഫ ലോകകപ്പ് 2026, മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടക്കും

ഫിഫ ലോകകപ്പ് 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കും എന്ന് ഫിഫ അറിയിച്ചു. മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസിക സ്റ്റേഡിയമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഉദ്ഘാടന മത്സരം നടക്കുമെന്നും ഫിഫ അറിയിച്ചു. 48 ടീമുകളുടെ ലോകകപ്പ് ടൂർണമെൻ്റിന് മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവരാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.

1970ലും 1986ലും ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഗ്രൗണ്ടാണ് ആസ്ടെക്ക സ്റ്റേഡിയം. ന്യൂയോർക്ക്/ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. 82,500 സീറ്റുകളുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയം NFL-ലെ ന്യൂയോർക്ക് ജയൻ്റ്‌സിൻ്റെയും ന്യൂയോർക്ക് ജെറ്റ്‌സിൻ്റെയും ഗ്രൗണ്ടാണ്. 2016 കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ ഫൈനൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഫുട്‌ബോൾ ഗെയിമുകൾ അവിടെ നടന്നിട്ടുണ്ട്.

ഓസ്ട്രേലിയ പിന്മാറി, 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പാകുന്നു

ഫിഫ ലോകകപ്പ് വീണ്ടും മിഡിൽ ഈസ്റ്റിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ഫിഫ 2034 ലോകകപ്പിനായി ബിഡ് സമർപ്പിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കുകയാണ്. ഓസ്‌ട്രേലിയ അവരുടെ ബിഡിൽ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ മാത്രമായി ഇപ്പോൾ 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉള്ളത്.

2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്. അതാണ് ഓസ്ട്രേലിയയും പിന്മാറിയത്.

“ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഞങ്ങൾ വിശകലനം ചെയ്തു – എല്ലാ ഘടകങ്ങളും പരിഗണിച്ച് – 2034 ലെ ലോകകപ്പിനായു മുന്നോട്ട് വരേണ്ടതില്ല എന്ന് നിഗമനത്തിലെത്തി,” ഫുട്ബോൾ ഓസ്‌ട്രേലിയ ഒരു പ്രസ്താവനയിൽ പറയുന്നു.

2030 ഫുട്ബോൾ ലോകകപ്പ്, ആതിഥേയരായി പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ!!

2030 ഫുട്ബോൾ ലോകകപ്പ് ആര് ആതിഥ്യം വഹിക്കും എന്ന കാര്യത്തിൽ തീരുമാനം ആയി. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ ആകും 2030 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. കൂടാതെ ലോകകപ്പിന്റെ 100 വർഷം എന്ന ആഘോഷത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കയിലും മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആദ്യ മൂന്ന് മത്സരങ്ങൾ ആകും ലാറ്റിനമേരിക്കയിൽ നടക്കുക. ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ ആകും ഈ മത്സരം.

ചരിത്രത്തിൽ ആദ്യമായാകും മൂന്ന് ഭൂഖണ്ഡങ്ങളിൽ ഒരു ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പായിരിക്കും ഇത്. പോർച്ചുഗലും മൊറോക്കോയും ഇതാദ്യമായാകും ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്‌‌. 2026ൽ നടക്കുന്ന ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ ആണ് ആതിഥ്യം വഹിക്കുന്നത്.

സ്പാനിഷ് വസന്തം!! വനിതാ ഫുട്ബോൾ ലോകകപ്പ് സ്പെയിൻ സ്വന്തമാക്കി!! ഇംഗ്ലണ്ടിന് കണ്ണീർ

വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് സിഡ്നിയിൽ നടന്ന ഫൈനലിൽ യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കുന്നത്. ആദ്യ പകുതിയിൽ ക്യാപ്റ്റൻ കാർമോണ ആണ് സ്പെയിന്റെ വിജയ ഗോൾ നേടിയത്.

ഇന്ന് തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിച്ച സ്പെയിൻ ആയിരുന്നു. എന്നാൽ മറുവശത്ത് ഇംഗ്ലണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചു. ഇംഗ്ലണ്ടിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. 29ആം മിനുട്ടിൽ ആയിരുന്നു ഒൾഗ കാർമോണയുടെ ഗോൾ. മരിയ കാൾഡെന്റിയിൽ നിന്ന് പാസ് സ്വീകരിച്ച് തന്റെ ഇടം കാലു കൊണ്ട് കാർമോണ പന്ത് വലയിൽ എത്തിച്ചു. കാർമോണ സെമി ഫൈനലിലും സ്പെയിനായി ഗോൾ നേടിയിരുന്നു.

ഈ ഗോളിന് ശേഷം കളി നിയന്ത്രിക്കാൻ സ്പെയിനായി. ഇംഗ്ലണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ലോറൻ ജെയിംസിനെ കളത്തിൽ ഇറക്കി തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു എങ്കിലും അവരുടെ നിരാശ തുടർന്നു.

65ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് സ്പെയിന് സമനില ലഭിച്ചു. ഹെർമോസോയുടെ പെനാൾട്ടി മേരി എർപ്സ് സേവ് ചെയ്തത് ഇംഗ്ലണ്ടിനെ കളിയിൽ നിർത്തി. ഇത് ഇംഗ്ലണ്ടിനു ഊർജ്ജം നൽകി. അവർ തുടർ ആക്രമണങ്ങൾ നടത്തി. എങ്കിലും സ്പെയിൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് കിരീടത്തിലേക്ക് മാർച്ച് ചെയ്തു. മേരി എർപ്സിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിന്റെ പരാജയ ഭാരം കുറക്കാനും സഹായകമായി.

ഇന്ന് വനിതാ ലോകകപ്പ് ഫൈനൽ, ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും സ്പെയിനും നേർക്കുനേർ

2023 വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം ആർക്കെന്ന് ഇന്ന് അറിയാം. ഇന്ന് സിഡ്‌നിയിൽ നടക്കുന്ന ഫൈനലിൽ സ്പെയിൻ വനിതകൾ ഇംഗ്ലണ്ട് വനിതകളെ നേരിടും ഇരുവരും ആദ്യ ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് വൈകുന്നേരം 3.30നാണ് മത്സരം. കളി തത്സമയം ഡി ഡി സ്പോർട്സിലും ഫാൻകോട് ആപ്പ് വഴിയും കാണാം.

ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ടീമാണ് സ്പെയിൻ. കോസ്റ്റാറിക്കയ്‌ക്കെതിരെയും സാംബിയയ്‌ക്കെതിരെയും എകപക്ഷീയ വിജയങ്ങളോടെ ആണ് സ്പെയിൻ ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജപ്പാനിൽ നിന്ന് ഒരു വലിയ തോൽവി സ്പെയിൻ ഏറ്റുവാങ്ങി. ആ ഫലത്തിൽ നിന്ന് കരകയറിയ സ്പെയിൻ സ്വിറ്റ്‌സർലൻഡിനെതിരായ അവരുടെ പ്രീക്വാർട്ടർ മത്സരത്തിൽ ആധിപത്യത്തോടെ തന്നെ വിജയിച്ചു.

നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിൽ നന്നായി പൊരുതേണ്ടി വന്നു സ്പെയിന് ജയിക്കാൻ‌. അതു കഴിഞ്ഞ് സെമിയിൽ അവർ സ്വീഡനെയും വീഴ്ത്തി.

യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഈ ലോകകപ്പിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പരമാവധി പോയിന്റുകൾ നേടിയ ശേഷം, പ്രീക്വാർട്ടറിൽ നൈജീരിയെ അവർ തോൽപ്പിച്ചു. ക്വാർട്ടറിൽ 2-1ന് കൊളംബിയയയെ മറികടന്ന ഇംഗ്ലണ്ട് സെമിയിൽ ആതിഥേയരായ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി.

സാം കെറിനും ഓസ്ട്രേലിയക്കും കണ്ണീർ!! ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫൈനലിൽ

ആതിഥേയരായ ഓസ്ട്രേലിയയെ സെമി ഫൈനലിൽ തോൽപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഇംഗ്ലണ്ട് വിജയം. ഇംഗ്ലണ്ട് ഇതാദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. അവർ ഇപ്പോൾ നിലവിലെ യൂറോ ചാമ്പ്യന്മാരാണ്.

ഇന്ന് ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഇംഗ്ലണ്ട് കൂടുതൽ പന്ത് കൈവശം വെച്ചു എങ്കിലും ഓസ്ട്രേലിയയും മികച്ച നീക്കങ്ങളുമായി കളിയിൽ സജീവമായിരുന്നു. 36ആം മിനുട്ടിൽ എല്ലാ ടൂണിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു‌. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ഈ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സാം കെറിലൂടെ ഓസ്ട്രേലിയ സമനില നേടി.സ്കോർ 1-1

71ആം മിനുട്ടിൽ ഓസ്ട്രേലിയയുടെ ഒരു ഡിഫൻസീവ് എറർ മുതലെടുത്ത് ലോറൻ ഹമ്പിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് നേടി. പിന്നെ ഓസ്ട്രേലിയ പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. 86ആം മിനുട്ടിൽ അലീസ റുസ്സോ മൂന്നാം ഗോൾ കൂടെ നേടിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പായി. ഫൈനലിൽ അവർ ഇനി സ്പെയിനെ ആകും നേരിടുക.

സ്പെയിൻ വനിതാ ലോകകപ്പ് ഫൈനലിൽ!! 90ആം മിനുട്ടിൽ വിജയ ഗോൾ!!

സ്പെയിൻ ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ സ്പെയിൻ സ്വീഡനെയാണ് പരാജയപ്പെടുത്തിയത്. അവസാന 10 മിനുട്ടുകൾക്ക് ഇടയിൽ പിറന്ന മൂന്ന് ഗോളുകൾ മത്സരത്തിന് ത്രില്ലിംഗ് ഫിനിഷ് ആണ് നൽകിയത്. 2-1 എന്ന സ്കോറിന് സ്പെയിൻ വിജയിക്കുകയും ചെയ്തു. ഫൈനലിൽ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ആകും സ്പെയിനിന്റെ എതിരാളികൾ.

ഇന്ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ 81ആം മിനുട്ട് വരെ ഗോൾ പിറന്നിരുന്നില്ല. 81ആം മിനുട്ടിൽ പരെയെലോയുടെ ഫിനിഷ് സ്പെയിന് ലീഡ് നൽകി. സ്വീഡൻ ഒരിക്കൽ കൂടെ സെമി ഫൈനലിൽ പുറത്ത് പോവുകയാണെന്ന് തോന്നിയ നിമിഷം. എന്നാൽ സ്വീഡൻ പൊരുതി. അവർ 89ആം മിനുട്ടിൽ ബ്ലോംക്വിസ്റ്റിലൂടെ സമനില നേടി. സ്പെയിൻ ഞെട്ടിയെങ്കിലും അവർക്ക് എക്സ്ട്രാ ടൈമിന് മുന്നെ തന്നെ കളി ജയിക്കാനുള്ള ടാലന്റ് ഉണ്ടായിരുന്നു.

90ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ഒൾഗ കാർമോണയുടെ സ്ട്രൈക്ക് സ്പെയിന് വിജയം നൽകി. കാർമോണയുടെ സ്പാനിഷ് കരിയറിലെ രണ്ടാം ഗോൾ മാത്രമായിരുന്നു.

ആവേശം!! പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഓസ്ട്രേലിയ സെമിയിൽ

വനിതാ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആതിഥേയരായ ഓസ്ട്രേലിയ സെമി ഫൈനലിൽ. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ ഓസ്ട്രേലിയ ഫ്രാൻസിനെ മറികടക്കുകയായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ പത്ത് പെനാൾട്ടികൾ ഇരു ടീമും എടുക്കേണ്ടി വന്നു വിജയികളെ തീരുമാനിക്കാൻ. ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് സെമി ഫൈനൽ പ്രവേശമാണിത്.

ഇന്ന് ഓസ്ട്രേലിയയും ഫ്രാൻസും തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോൾ വീണില്ല എങ്കിലും ഒരു ഗംഭീര എന്റർടെയ്നറായിരുന്നു ഇന്നത്തെ മത്സരം. അറ്റാക്ക് ചെയ്ത് കളിച്ച ഓസ്ട്രേലിയ തന്നെ കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. പക്ഷെ പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മാത്രം ഓസ്ട്രേലിയക്ക് ആയില്ല. സാം കെർ ഇന്ന് ആദ്യ ഇലവനിൽ ഇല്ലാതിരുന്നതും ഓസ്ട്രേലിയയുടെ ഫിനിഷിംഗിനെ ബാധിച്ചു.

യുവതാരം മേരി ഫൗളർ നല്ല പ്രകടനം ഓസ്ട്രേലിയക്ക് ആയി കാഴ്ചവെച്ചു. എലിസ ദി അൽമേഡയുടെ ഒരു മികച്ച ബ്ലോക്ക് ഫ്രാൻസിനെ ഗോൾ വഴങ്ങാതെ കാത്തു. രണ്ടാം പകുതിയിൽ ഓസ്ട്രേലിയ ക്യാപ്റ്റൻ സാം കെർ കളത്തിൽ ഇറങ്ങി‌. 90 മിനുട്ടും ഗോൾ വീഴാതായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിലേക്ക് കളി നീങ്ങിയപ്പോൾ ഫ്രാൻസ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഓസ്ട്രേലിയൻ കീപ്പർ മക്കെൻസി അർനോൾഡിന്റെ നല്ല സേവുകൾ വേണ്ടി വന്നു കളി സമനിലയിൽ നിൽക്കാൻ. അവസാനം പെനാൾട്ടിക്ക് മുമ്പ് ഫ്രാൻസ് ഗോൾ കീപ്പർ ഡുറാണ്ടിനെ കളത്തിൽ എത്തിച്ചു. കളി പെനാൾട്ടിയിലേക്കും നീങ്ങി.

സെൽമ ബാഷ എടുത്ത ആദ്യ കിക്ക് മക്കെൻസി അർനോൾഡ് തടഞ്ഞു. ഫൂർഡ് ഓസ്ട്രേലിയയുടെ ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ഓസ്ട്രേലിയ 1-0ന് മുന്നിൽ. ഫ്രാൻസിന്റെ രണ്ടാം കിക്ക് ഡിയാനി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ഓസ്ട്രേലിയയുടെ കാറ്റ്ലിയുടെ കിക്ക് ഡുറാണ്ട് തടഞ്ഞു. സ്കോർ 1-1.

വെൻഡി എടുത്ത പെനാൾട്ടി കിക്കുൻ സാം കെർ എടുത്ത കിക്കും ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 2-2 ആയി. ലെ സൊമ്മറിന്റെ കിക്ക് വലയിൽ എത്തിയതോടെ ഫ്രാൻസ് 3-2ന് മുന്നിൽ എത്തി. മേരി ഫൗളർ എടുത്ത ഓസ്ട്രേലിയയുടെ നാലാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-3.

ഫ്രാൻസിന്റെ അഞ്ചാം കിക്ക് എടുത്ത പെരിസെക്ക് ലക്ഷ്യം കാണാൻ ആയില്ല. മക്കെൻസി അർനോൾഡിന്റെ കൈവിരലുകളും പോസ്റ്റും ചേർന്ന് തടഞ്ഞും സ്കോർ 3-3 തന്നെ. അഞ്ചാം കിക്ക് എടുക്കാൻ മക്കെൻസി തന്നെ വന്നു. കിക്ക് ലക്ഷ്യത്തിൽ എത്തിയിരുന്നു എങ്കിൽ ഓസ്ട്രേലിയ സെമിയിൽ എത്തിയേനെ. പക്ഷെ മക്കെൻസിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. സ്കോർ 3-3 തന്നെ. കളി സഡൻ ഡെത്തിലേക്ക്.

ഗെയോരോയും കത്രിന ഗോരിയും സ്കോർ ചെയ്തു. സ്കോർ 4-4. കർഷോയിയും യെല്ലോപും അടുത്ത കിക്കുകൾ വലയിൽ എത്തിച്ചു. 5-5. ഫ്രാംസിന്റെ എട്ടാമത്തെ കിക്ക് ലക്രാർ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 6-5. ഓസ്ട്രേലിയക്ക് ആയി കാരൊഎന്ററും ലക്ഷ്യം കണ്ടു. 6-6. പെനാൾട്ടി കിക്ക് ഒമ്പതാം കിക്കിലേക്ക്. ഒമ്പാതാം കിക്ക് മക്കെൻസി ആദ്യം സേവ് ചെയ്തപ്പോൾ അവർ ഗോൾ ലൈൻ വിട്ടെന്ന് വാർ വിധിച്ചു. ആ കിക്ക് വീണ്ടും എടുത്തപ്പോൾ മക്കെൻസി വീണ്ടും തടഞ്ഞു‌. ഓസ്ട്രേലിയക്ക് വീണ്ടും വിജയം കയ്യെത്തും ദൂരത്ത്‌.

വിജയ ഗോളാകുമായിരുന്ന കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ഹണ്ടിനായില്ല. സ്കോർ തുല്യം. പത്താം കിക്ക് എടുത്ത ഫ്രാൻസ് വീണ്ടും ലക്ഷ്യം കണ്ടില്ല. വീണ്ടും ഓസ്ട്രേലിയക്ക് മുന്നിൽ അവസരം. അവസാനം കോർട്നി വൈൻ ആ അവസരം മുതലെടുത്ത് ഓസ്ട്രേലിയയെ സെമി ഫൈനലിലേക്ക് എത്തിച്ചു.

19കാരിയുടെ ഗോളിൽ നെതർലന്റ്സിനെ തോൽപ്പിച്ച് സ്പെയിൻ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ അവരുടെ സ്വപ്ന കുതിപ്പ് തുടരുന്നു‌. ഇന്ന് സ്പെയിൻ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായിരുന്ന നെതർലന്റ്സിനെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് മുന്നേറി. എക്സ്ട്രാ ടൈമിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഇതാദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പ് സെമിയിൽ എത്തുന്നത്.

ഇന്ന് മത്സരം അവസാനിക്കാൻ 9 മിനുട്ട് മാത്രം ബാക്കിയിരിക്കെ ഒരു പെനാൾട്ടിയിൽ നിന്നാണ് സ്പെയിൻ ഇന്ന് ആദ്യ ഗോൾ കണ്ടെത്തിയത്‌. പെനാൾട്ടി മരിയ കാൾഡെന്റ്ലി ലക്ഷ്യത്തിൽ എത്തിച്ചു. സ്പെയിൻ വിജയത്തിലേക്ക് എന്ന് കരുതി എങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ വെറ്ററം താരം വാൻ ഡെ ഗ്രാഗ്റ്റ് നെതർലന്റ്സിന് സമനില നൽകി. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ടീനേജ് താരം സൽമ പരയേലോ ഇടതു വിങ്ങിലൂടെ കുതിച്ച് വന്ന് നടത്തിയ ഫിനിഷ് സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. ഇത് വിജയ ഗോളായി മാറി. ജപ്പാനും സ്വീഡനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ സെമി ഫൈനലിൽ നേരിടുക.

വനിതാ ലോകകപ്പ്; ജമൈക്കയെ തോല്പ്പിച്ച് കൊളംബിയ ക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ജമൈക്കയെ തോല്പ്പിച്ച് ആയിരുന്നു കൊളംബിയ ക്വാർട്ടറിൽ കടന്നത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയൻ വിജയം. 51ആം മിനുട്ടിൽ ഉസ്മെ പിനേദയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്.

ഇടതുവിങ്ങിൽ നിന്ന് സപാറ്റ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഉസ്മെയുടെ ഫിനിഷ്‌. ഈ ഗോൾ അവരുടെ വിജയ ഗോളായി മാറി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഈ ഒരു ഗോൾ മാത്രമെ അവർക്ക് തമ്മിൽ വ്യത്യാസമായുള്ളൂ. പൊസഷനും ടാർഗറ്റിലേക്ക് തൊടുത്ത ഷോട്ടുകൾ എല്ലാം ഇരു ടീമുകൾക്കുൻ തുല്യമായിരുന്നു‌. ഇനി ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ ആകും കൊളംബിയ നേരിടുക.

കരുത്തറിയിച്ച് ഓസ്‌ട്രേലിയ; ഡെന്മാർക്കിനെ തകർത്ത് ആതിഥേയർ ക്വർട്ടർ ഫൈനലിൽ

വനിതാ ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയയുടെ കുതിപ്പ്. ഡെൻമാർക്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കൊണ്ട് അവർ അവസാന എട്ടിലേക്ക് മാർച്ച് ചെയ്തു. കൈറ്റ്ലിൻ ഫൂർഡ്, ഹാലെയ് റാസോ എന്നിവർ വല കുലുക്കി. ജയത്തിന് പുറമെ സൂപ്പർ താരം സാം കെർ പരിക്ക് ഭേദമായി കളത്തിലേക്ക് തിരിച്ചു വന്നത് ടീമിന് കൂടുതൽ ഊർജം പകരും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നഷ്ടമായ താരത്തിന്റെ സേവനം നിർണായകമായ നോക്ഔട്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയക്ക് ലഭിക്കും.

ആതിഥേയരുടെ നീക്കങ്ങൾക്ക് മധ്യനിരയിൽ തന്നെ തടയിടനുള്ള തന്ത്രങ്ങളുമായാണ് ഡെന്മാർക്ക് കളത്തിൽ ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ ഓസ്‌ട്രേലിയക്ക് ഒത്ത എതിരാളികൾ ആണ് തങ്ങളെന്ന സൂചന അവർ നൽകി. എന്നാൽ മികച്ചൊരു കൗണ്ടർ അറ്റാക്ക് ഗോളുമായാണ് ഓസ്‌ട്രേലിയൻ ഇതിന് മറുപടി നൽകിയത്. ഡെന്മാർക്ക് മുന്നേറ്റത്തിന് തടയിട്ട ഓസ്‌ട്രേലിയൻ പ്രതിരോധം ഫൗളറിലൂടെ മറു നീക്കം ആരംഭിച്ചു. താരം കൃത്യമായി ഓടിക്കയറിയ ഫൂർഡിന് ബോൾ കൈമാറി. ആഴ്‌സനൽ താരം കീപ്പറേ മറികടന്ന് മത്സരത്തിലെ ആദ്യ ഗോൾ കുറിച്ചു. 29ആം മിനിറ്റിലാണ് ഗോൾ പിറന്നത്. 38 ആം മിനിറ്റിൽ താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പന്ത് കൂടുതൽ കൈവശം വെക്കാനുള്ള ഡെന്മാർക്കിന്റെ ശ്രമം പക്ഷെ കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ പൊന്നതായിരുന്നില്ല. 70 ആം മിനിറ്റിൽ ഓസ്‌ട്രേലിയ രണ്ടാം ഗോൾ നേടി. ഡെന്മാർക്ക് ബോസ്‌കിലേക്ക് കയറിയ മുന്നേറ്റം ഒഴിഞ്ഞു നിന്ന റസോയിലേക്ക് എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. 77 ആം മിനിറ്റിൽ ഡെന്മാർക്ക് ഫ്രീകിക്ക് ഓസ്‌ട്രേലിയൻ പ്രതിരോധം രക്ഷപ്പെടുത്തി. 78ആം മിനിറ്റിൽ സാം കെർ കളത്തിൽ എത്തി. കാനഡക്കെതിരെ ജീവൻമരണ പോരാട്ടത്തോട് പ്രീ ക്വർട്ടറിലേക്ക് കടന്ന ഓസ്ട്രേലിയക്ക് ഇന്നത്തെ ഫലവും നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല.

പെനാൾട്ടി ഷൂട്ടൗട്ട് വരെ പൊരുതി നൈജീരിയ കീഴടങ്ങി, ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ

വനിതാ ലോകകപ്പ് ഫുട്ബോളിൽ യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സറ്റത്തിൽ നൈജീരിയയെ തോൽപ്പിച്ച് ആണ് ഇംഗ്ലണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിതമായിരുന്നു. 4-2 എന്ന സ്കോറിനാണ് പെനാൾട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വിജയിച്ചത്.

ഇന്ന് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം തന്നെ നൈജീരിയ കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെ അധികം അറ്റാക്ക് ചെയ്യാൻ വിടാതെ ഗോൾ രഹിതമായി കളി നിർത്താൻ അവർക്ക് ആയി. മത്സരത്തിന്റെ 87ആം മിനുട്ടിൽ ലൗറെൻ ജെയിംസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പത്തു പേരുമായി എക്സ്ട്രാ ടൈം കളിച്ച ഇംഗ്ലണ്ട് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിച്ചു.

ഇംഗ്ലണ്ടിന്റെ ആദ്യ കിക്ക് എടുത്ത സ്റ്റാന്വേ വലിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഡെസ്റെ എടുത്ത നൈജീരിയയുടെ ആദ്യ കിക്കും സമാനമായ രീതിയിൽ പുറത്ത് പോയി. ബെതനിയുടെ കിക്ക് വലയിൽ ആവുകയും നൈജീരിയൻ താരം അലോസിയുടെ കിക്ക് പുറത്ത് പോവുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് മുൻതൂക്കമായി.

റാഷേൽ ഡാലി ഇംഗ്ലണ്ടിന്റെ മൂന്നാം കിക്ക് വലയിൽ എത്തിച്ചു. അജിബാദെ നൈജീരിയക്ക് ആയും സ്കോർ ചെയ്തു. 3 കിക്ക് കഴിഞ്ഞപ്പോൾ സ്കോർ 2-1. ഇംഗ്ലണ്ടിന് അനുകൂലം. പിന്നാലെ ഗ്രീൻവുഡും പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1. ഉഷെബിയും ഗോൾ നേടി. സ്കോർ 3-2. കെല്ലിയുടെ അഞ്ചാം കിക്ക് വലയിൽ എത്തിയതോടെ ഇംഗ്ലണ്ട് വിജയിച്ചു. ജമൈക്കയും കൊളംബിയയും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ആകും ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.

Exit mobile version