ലോകകപ്പ് യോഗ്യത, അവസാന പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഖത്തറിന് എതിരെ

ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. ഇന്ത്യക്ക് ഏറെ നിർണായകമായ മത്സരത്തിൽ ഇന്ത്യക്ക് വിജയിച്ചേ പറ്റൂ‌. ഇപ്പോൾ രണ്ടാം സ്ഥാനത്ത് ഉള്ള ഇന്ത്യക്ക് വിജയിച്ചാൽ മാത്രമെ ആ രണ്ടാം സ്ഥാനം ഉറപ്പുള്ളൂ. ഖത്തറിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഖത്തർ ഇതിനകം തന്നെ അടുത്ത റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.

ഖത്തറിൽ ആയതു കൊണ്ട് തന്നെ ഇന്ത്യക്ക് ഇന്ന് വലിയ പ്രതീക്ഷകളില്ല. ഖത്തർ ഒരു യുവടീമുമായാകും ഇറങ്ങുന്നത് എന്നത് മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. സുനിൽ ഛേത്രി വിരമിച്ച ശേഷമുള്ള ആദ്യ മത്സരമാണ് ഇത്. ഗുപ്രീത് ആകും ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക.

ഇപ്പോൾ ഗ്രൂപ്പിൽ ഖത്തറിന് 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ഉള്ളത്. ഇന്ത്യ 5 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു‌. അഞ്ചു പോയിന്റുമായി അഫ്ഗാൻ 3ആമതും 4 പോയിന്റുമായി കുവൈറ്റ് നാലാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് രാത്രി 9.15ന് നടക്കുന്ന മത്സരം ഫാൻ കോഡ് ആപ്പ് വഴി തത്സമയം കാണാം.

ജോർദാൻ അത്ഭുതം നടന്നില്ല, 3 പെനാൾട്ടികളുടെ ബലത്തിൽ ഖത്തർ വീണ്ടും ഏഷ്യൻ ചാമ്പ്യന്മാർ

ഏഷ്യൻ കപ്പ് തുടർച്ചയായ രണ്ടാം തവണയും ഖത്തർ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ജോർദാനെ ആണ് ഖത്തർ തോൽപ്പിച്ചത്. ഈ ഏഷ്യൻ കപ്പിൽ അത്ഭുത യാത്ര നടത്തിയ ജോർദാന് കലാശ പോരാട്ടത്തിൽ മൂന്ന് പെനാൾട്ടി വിധികൾ ആണ് തിരിച്ചടിയായത്. 3-1 എന്ന സ്കോറിനായിരുന്നു ഖത്തറിന്റെ വിജയം. മൂന്ന് പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ച് അഫീഫ് ഹാട്രിക്ക് നേടി.

22ആം മിനുട്ടിൽ ആദ്യ പെനാൾട്ടി വന്നു. അഫീഫ് പതറാതെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ അൽ നൈമതിലൂടെ ജോർദാൻ സമനില നേടി. ജോർദാന് പ്രതീക്ഷ വന്നു എങ്കിലും 73ആം മിനുട്ടിൽ വീണ്ടും ഖത്തറിന് പെനാൾട്ടി ലഭിച്ചു. അഫീഫ് വീണ്ടുൻ അവരെ മുന്നിൽ എത്തിച്ചു.

അവസാനം ഇഞ്ച്വറി ടൈമിലും ഖത്തറിന് അനുകൂലമായി പെനാൾട്ടി കിട്ടി. ഇതോടെ 3-1ന്റെ വിജയവും കിരീടവും ഖത്തർ ഉറപ്പിച്ചു.

ഇറാനെ തോൽപ്പിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ

ഏഷ്യൻ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ വീണ്ടും ഫൈനലിൽ എത്തി. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഇറാനെ നേരിട്ട ആതിഥേയർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആവേശകരമായ മത്സരം 82ആം മിനുട്ടിലെ ഒരു ഗോളിലാണ് ഖത്തർ വിജയിച്ചത്. മികച്ച തുടക്കമാണ് കളിക്ക് ലഭിച്ചത്‌. നാലാം മിനുട്ടിൽ സർദർ അസ്മൗണിലൂടെ ഇറാൻ ലീഡ് എടുത്തു.

ഇതിന് 17ആം മിനുട്ടിൽ അബ്ദുൽസലാമിലൂടെ ഖത്തർ മറുപടി നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് അഫീഫിലൂടെ ഖത്തർ ലീഡും എടുത്തു. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ജഹനഭക്ഷ് പെനാൾട്ടിയിലൂടെ ഇറാൻ വീണ്ടും ഒപ്പം എത്തി. സ്കോർ 2-2.

അവസാനം 82ആം മിനുട്ടിൽ അസ്മൊൻ അലിയിലൂടെ ഖത്തർ വിജയ ഗോളും നേടി. ഇനി ഖത്തർ ജോർദാനെ ആകും ഫൈനലിൽ നേരിടുക. ഇന്നലെ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ആണ് ജോർദാൻ ഫൈനലിൽ എത്തിയത്‌

ഫിഫ ലോകകപ്പ് യോഗ്യത; ഖത്തറിന് എതിരെ ഇന്ത്യക്ക് പരാജയം

ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ ഖത്തറിന് മുന്നിൽ ഇന്ത്യക്ക് പരാജയം. ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ഖത്തർ വിജയിച്ചത്. ഇന്ത്യ പൊരുതി നോക്കി എങ്കിലും ഇരുടീമുകളും ക്വാളിറ്റിയുടെ കാര്യത്തിൽ വളരെ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ഖത്തർ ലീഡ് എടുത്തു. ആദ്യ പകുതിയിൽ 1-0ന്റെ ലീഡിൽ അവർ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ ഗോൾ വഴങ്ങി. അപ്പോൾ തന്നെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചിരുന്നു. എങ്കിലും ഇന്ത്യൻ താരങ്ങൾ അവരെ കൊണ്ട് ആകുന്നത് പോലെ ശ്രമിച്ചു. 83ആം മിനുട്ടിൽ അബ്ദുൽസിറാഗ് കൂടെ ഗോൾ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ഇന്ത്യ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈറ്റിനെ തോൽപ്പിച്ചിരുന്നു.

ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട് ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ഖത്തറും കുവൈത്തും!

2026 ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് കടുത്ത പരീക്ഷണം. രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് ഒപ്പം 2022 ലോകകപ്പ് നടത്തിയ ഖത്തർ, കുവൈത്ത് ടീമുകൾ ആണ് ഉള്ളത്. ഇവർക്ക് ഒപ്പം ആദ്യ റൗണ്ട് കളിച്ചു വരുന്ന അഫ്ഗാനിസ്ഥാൻ, മംഗോളിയ ടീമുകളിൽ ഒന്നു ചേരും.

ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടിൽ 9 ഗ്രൂപ്പുകളിൽ ആയി 36 ടീമുകൾ ആണ് മത്സരിക്കുക. ഇതിൽ നിന്നു ഓരോ ഗ്രൂപ്പുകളിൽ നിന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്നവർ മാത്രമാണ് മൂന്നാം റൗണ്ടിൽ എത്തുക. അതിനാൽ തന്നെ കടുത്ത ഗ്രൂപ്പിൽ നിന്നു ആദ്യ രണ്ടു സ്ഥാനങ്ങളിൽ സ്ഥാനം പിടിക്കുക എന്ന ലക്ഷ്യവും ആയാവും ഇന്ത്യ കളിക്കാൻ ഇറങ്ങുക. നവംബർ 16 മുതൽ ആണ് രണ്ടാം റൗണ്ട് യോഗ്യത മത്സരങ്ങൾ തുടങ്ങുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാനുള്ള അവസാന ബിഡുകൾ ഇന്ന്, പ്രതീക്ഷയിൽ ഖത്തറും റാറ്റ്ക്ലിഫും

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വാങ്ങാനായുള്ള അവസാന ബിഡുകൾ ഇന്ന് സമർപ്പിക്കപ്പെടും. ഷെയ്ക് ജാസിമിന്റെ നേതൃത്വത്തിൽ ഉള്ള ഖത്തർ ഗ്രൂപ്പും റാറ്റ്ക്ലിഫിഫിന്റെ INEOS ഗ്രൂപ്പും ആണ് യുണൈറ്റഡിനെ വാങ്ങാനായി രംഗത്ത് ഉള്ളത്. രണ്ടു ഗ്രൂപ്പും അവരുടെ ആദ്യ ബിഡ് സമർപ്പിക്കുകയും അതിനു ശേഷം ഓൾഡ്ട്രാഫോർഡിൽ വെച്ച് യുണൈറ്റഡ് മാനേജ്മെന്റുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നാണ് രണ്ട് ഗ്രൂപ്പും അവരുടെ അവസാന ബിഡ് സമർപ്പിക്കേണ്ട ദിവസം.

ഇരുവരും ഇപ്പോഴും വലിയ പ്രതീക്ഷയിലാണ്. ഖത്തർ ഗ്രൂപ്പാണ് ബിഡിൽ മുന്നിൽ എന്നാണ് റിപ്പോർട്ടുകൾ. അവർ ഒരു കടവും ഇല്ലാതെ യുണൈറ്റഡിന്റെ പൂർണ്ണമായും വാങ്ങാൻ ഒരുക്കമാണ്. റാറ്റ്ക്ലിഫിന് ബോണ്ടുകളും കടങ്ങളും വേണ്ടി വരും യുണൈറ്റഡിനെ വാങ്ങാൻ. ഇരുവരും ഇന്ന് ബിഡ് സമർപ്പിച്ച ശേഷം ആർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകണം എന്നതിൽ ഗ്ലേസേഴ്സ് അന്തിമ തീരുമാനം എടുക്കും. ഖത്തർ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങണം എന്നാണ് യുണൈറ്റഡിന്റെ ഏഷ്യൻ ആരാധകർ ആഗ്രഹിക്കുന്നത്. യൂറോപ്പിലെ യുണൈറ്റഡ് ആരാധകരിൽ ചിലർ റാറ്റ്ക്ലിഫ് യുണൈറ്റഡ് സ്വന്തമാക്കണം എന്നും ആഗ്രഹിക്കുന്നു.

പ്രതിഷേധത്തിൽ ശ്രദ്ധിച്ച് കളിക്കാൻ മറന്നു പോയ ജർമ്മനി!! | ഖത്തർ ലോകകപ്പ്

ജർമ്മനിയുടെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ ബെൽജിയൻ താരം ഹസാർഡ് ചോദിച്ച് ഒരു ചോദ്യം ഉണ്ട്. ഇവർ പ്രതിഷേധിക്കാതെ ഇരുന്ന് കളി ജയിക്കുന്നതിൽ ശ്രദ്ധ കൊടുത്തിരുന്നു എങ്കിൽ അവർക്ക് സന്തോഷവാന്മാരായി ഇരുന്നുകൂടായിരുന്നോ എന്ന്. ആദ്യ മത്സരത്തിൽ ജപ്പാനോട് ജർമ്മനി പരാജയപ്പെട്ട ശേഷം ആയിരുന്നു ഹസാർഡിന്റെ ഈ ചോദ്യം. ജപ്പാന് എതിരായ മത്സരത്തിനു മുമ്പ് ജർമ്മനി വായടച്ച് ഫിഫക്ക് എതിരെ പ്രതിഷേധിച്ചിരുന്നു.

ജർമ്മനിക്ക് പറ്റിയതും അതാണ് എന്ന് പറയേണ്ടി വരും. അവർ ഖത്തർ ലോകകപ്പിലെ കളിയിൽ അല്ല ഖത്തറിലെ രാഷ്ട്രീയത്തിൽ ആണ് ശ്രദ്ധ കൊടുത്തത്. ലോകകപ്പ് ആരംഭിക്കും മുമ്പ് തന്നെ ജർമ്മനിയിലും ജർമ്മൻ ആരാധകർക്ക് ഇടയിലും ഖത്തറിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജർമ്മനി ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പ്രസക്തമായിരുന്നു എങ്കിലും ഫുട്ബോൾ ആണ് പ്രധാനം രാഷ്ട്രീയം പറയാൻ വേറെ ആൾക്കാരുണ്ടല്ലോ എന്ന മറുവാദം ഫുട്ബോളിൽ ഉള്ളവർ ഉന്നയിച്ചു.

ഖത്തറിലെ രാഷ്ട്രീയ പ്രശ്നങ്ങൾ മാത്രം കാണുന്നത് യൂറോപ്യന്മാരുടെ ഇരട്ടതാപ്പാണ് എന്ന് ഫിഫ പ്രസിഡന്റ് തന്നെ പറഞ്ഞു. ജർമ്മനിയോട് പ്രതിഷേധിക്കണ്ട എന്നും ഫുട്ബോൾ കളത്തിൽ രാഷ്ട്രീയം പാടില്ല എന്നും ഫിഫ തറപ്പിച്ചു പറഞ്ഞു. വൺ ലവ് ആം ബാൻഡ് ഫിഫ വിലക്കിയപ്പോൾ ആയിരുന്നു ജർമ്മനി വാ മൂടി പ്രതിഷേധിച്ചത്. ആ കളി ജർമ്മനി പരാജയപ്പെട്ടു.

രണ്ടാം കളിയിൽ സ്പെയിനോട് സമനില നേടിയപ്പോൾ ആശ്വാസം ആയെങ്കിലും ജർമ്മനി അവരുടെ ഫോമിന്റെ അടുത്ത് ഒന്നും ഉണ്ടായിരിന്നില്ല. ഇന്ന് കോസ്റ്ററിക്കയ്ക്ക് എതിരെ ഒരു ഘട്ടത്തിൽ 2-1ന് പിറകിലായിരുന്നു ജർമ്മനി. അവസാനം ജയിച്ചെങ്കിലും ആ ജയം ഒരു ഉപകാരവും ഇല്ലാത്ത ജയമായി മാറി. 2 തുടർച്ചയായ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോകുന്ന വലിയ നാണക്കേട്. ഖത്തറിൽ ഉള്ളവരും ഫുട്ബോൾ ആരാധകരും ജർമ്മനിയോട് പറയുന്നത് രാഷ്ട്രീയത്തിന് ഒപ്പം കളി കൂടെ നോക്കിയിരുന്നെങ്കിൽ എന്നാകും.

ഖത്തറിൽ നിന്ന് ഖത്തർ പുറത്ത്!!

ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഗ്രൂപ്പ് എയിൽ ഉള്ള ഖത്തർ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വഡോറും നെതർലാന്റ്സും സമനിലയിൽ പിരിഞ്ഞതോടെയാണ് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായത് ഉറപ്പായത്. ഇതിനകം രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയ ഖത്തർ ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.

സെനഗലിനോടും ഇക്വഡോറിനോടും പരാജയപ്പെട്ട ഖത്തർ പൂജ്യം പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇക്വഡോറും നെതർലന്റ്സും ഇപ്പോൾ നാലു പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. സെനഗൽ മൂന്ന് പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ഈ മൂന്ന് ടീമുകൾക്കുമേ ഇനി നോക്കൗട്ട് റൗണ്ട് സാധ്യത ഉള്ളൂം

അടുത്ത ചൊവ്വാഴ്ച ഗ്രൂപ്പ് എയിലെ അവസാന റൗണ്ടിൽ ഇക്വഡോറും സെനഗലും ഏറ്റുമുട്ടും, അതേസമയം ലൂയിസ് വാൻ ഗാലിന്റെ ഡച്ച് ടീം ആതിഥേയരെയും നേരിടും. ഒരു സമനില മതി ഹോളണ്ടിന് നോക്കൗട്ട് ഘട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ.

സെനഗലിന് ആദ്യ ജയം, ഖത്തറിന് ആശ്വാസമായി ലോകകപ്പിലെ ആദ്യ ഗോൾ

ആതിഥേയരായ ഖത്തറിന് സെനഗലിനെതിരെ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സെനഗലിനോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌. ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ പരാജയം ആണ് ഖത്തർ വഴങ്ങിയത്. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് ഗോൾ നേടി എന്നത് ഈ മത്സരത്തിൽ ഖത്തറിന് ആശ്വാസമായി.

ഇന്ന് പതിയെ ആണ് സെനഗലും ഖത്തറും മത്സരം ആരംഭിച്ചത്. 16ആം മിനുട്ടിൽ സെനഗലിന്റെ ആദ്യ നല്ല അവസരം വന്നു. പക്ഷെ ഡിയാറ്റയുടെ ഷോട്ട് കാര്യമായ വെല്ലുവിളി ആയില്ല. സെനഗലിന്റെ ആദ്യ ഗോൾ വന്നത് 41ആം മിനുട്ടിൽ ആയിരുന്നു. ഖത്തർ ഡിഫൻഡറുടെ പിഴവ് മുതലെടുത്ത് ബൗലയെ ദിയ ഗോൾ നേടുക ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിലൂടെ സെനഗൽ രണ്ടാം ഗോൾ കണ്ടെത്തി. ഫ്രണ്ട് പോസ്റ്റിൽ പിറന്ന ഹെഡർ വഴി ഫമാര ദൈദിയോ ആണ് രണ്ടാം ഗോൾ നേടിയത്.

78ആം മിനുട്ടിൽ മൊഹമ്മദ് മുന്താരിയിലൂടെ ആണ് ഖത്തർ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തിയത്. ഈ ഗോളിന് ശേഷം കുറച്ച് സമയം ഖത്തർ കളിയിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയിൽ കളിച്ചു. പക്ഷെ 84ആം മിനുട്ടിലെ ബാംബ ദിയെങിന്റെ ഫിനിഷ് സെനഗലിന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു‌.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സെനഗലിന് മൂന്ന് പോയിന്റ് ആണുള്ളത്. ഖത്തറിന് പൂജ്യം പോയിന്റും. സെനഗൽ അടുത്ത മത്സരത്തിൽ ഇക്വഡോറിനെയും ഖത്തർ നെതർലാന്റ്സിനെയും നേരിടും.

വായ അടപ്പിക്കാൻ ആവില്ല! ‘വൺ ലവ്’ ആം ബാന്റ് അണിഞ്ഞു ജർമ്മൻ മന്ത്രി ഖത്തർ ലോകകപ്പ് ഗാലറിയിൽ

യൂറോപ്യൻ ടീമുകൾ ‘വൺ ലവ്’ ആം ബാന്റ് അണിയുന്നത് മഞ്ഞ കാർഡ് നൽകും എന്നതടക്കമുള്ള കടുത്ത ഭീക്ഷണികൾ ഉയർത്തി തടഞ്ഞ ഫിഫയുടെ നടപടിക്ക് എതിരെ പ്രതിഷേധം ഉയർത്തിയ ജർമ്മൻ ടീമിന് പിന്തുണ അർപ്പിച്ചു ജർമ്മൻ ആഭ്യന്തര മന്ത്രിയും. ഗാലറിയിൽ ഇന്ന് ജർമ്മനി ജപ്പാൻ മത്സരത്തിൽ ഗാലറിയിൽ എത്തിയ അവർ ‘വൺ ലവ്’ ആം ബാന്റ് കയ്യിൽ അണിഞ്ഞിരുന്നു.

ജർമ്മൻ ആഭ്യന്തര മന്ത്രിയായ നാൻസി ഫയെസറിന്റെ നടപടി ജർമ്മൻ നയം വിളിച്ചു പറയുന്നത് ആയി. തന്റെ അടുത്ത് ഇരുന്ന അവരോടുള്ള നീരസം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ മുഖത്ത് ഉണ്ടായിരുന്നു. സ്വവർഗ അനുരാഗത്തിനു എതിരെ കടുത്ത ശിക്ഷകൾ എടുക്കുന്ന ഖത്തറിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ഫിഫ ഈ നടപടി എടുത്തത് എന്ന വിമർശനത്തിന് ഇടയിൽ ആണ് ജർമ്മൻ മന്ത്രിയുടെ പരസ്യ രാഷ്ട്രീയ പ്രഖ്യാപനം.

ഫ്രാൻസ് എത്തുന്നു, കിരീടം നിലനിർത്താൻ; എതിരാളികൾ സോക്കറൂസ്

നാല് വർഷം മുൻപ് നേടിയ ലോകകിരീടം നിലനിർത്താൻ ഫ്രാൻസ് ഇറങ്ങുന്നു. റഷ്യയിലെ ആവർത്തനമെന്നോണം ഇത്തവണയും ഓസ്‌ട്രേലിയ തന്നെയാണ് ആദ്യ മത്സരത്തിൽ ലോകചാംപ്യന്മാരുടെ എതിരാളികൾ. പരിക്ക് മൂലം ചില പ്രമുഖ താരങ്ങളെ നഷ്ടമായങ്കിലും പ്രതിഭകൾക്ക് ഒട്ടും കുറവില്ലാത്ത ഫ്രഞ്ച് ടീമിന്റെ ശക്തി ചോർന്നിട്ടിലെന്ന് തെളിയിക്കാൻ തന്നെ ആവും അവർ ആദ്യ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുക.

എമ്പാപ്പെ തന്നെയാണ് ഇത്തവണയും ടീമിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കരീം ബെൻസിമ അവസാന നിമിഷം പിന്മാറിയതോടെ ഒലിവർ ജിറൂഡ് ആവും പകരം ആദ്യ ഇലവനിലേക്ക് എത്തുന്നത്. എൻകുങ്കുവിന്റെ പിന്മാറ്റവും മുൻനിരയിൽ തിരിച്ചടിയാണെങ്കിലും കോമാൻ, ഡെമ്പലെ എന്നിവർ ടീമിന് കരുത്തു പകരും. കളി മെനയാൻ ഗ്രീസ്മാൻ തന്നെ എത്തും. പോഗ്ബ, കാന്റെ എന്നിവർ ഇല്ലാതെ എത്തുന്ന മധ്യനിരയുടെ പ്രകടനം ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. റാബിയോട്ടിനൊപ്പം ചൗമേനിയോ കമാവിംഗയോ ആവും മധ്യനിരയിൽ എത്തുക. കിംപെമ്പേ ഇല്ലെങ്കിലും വരാൻ, ജൂൾസ് കുണ്ടേ, ലൂക്കാസ് ഹെർണാണ്ടസ്, വില്യം സാലിബ, ഉപമേങ്കാനോ, കൊനാറ്റെ എന്നിവർ അടങ്ങിയ ഡിഫെൻസ് കരുത്തുറ്റതാണ്.

സെൽറ്റിക് താരം ആരോൻ മൂയ് നയിക്കുന്ന മധ്യനിരയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ദേശിയ ടീമിന്റെ ടോപ്പ്സ്‌കോറർ മാത്യു ലെക്കിയും ചേരുമ്പോൾ ലോകചാംപ്യന്മാർക്കെതിരെ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കാം എന്നാവും സോക്കറൂസ് കണക്ക് കൂട്ടുന്നത്.

ഗംഭീരം! ഖത്തർ ലോകകപ്പിന് ആവേശത്തുടക്കം

ഖത്തർ ലോകകപ്പിന് ആവേശകരമായ തുടക്കം. ഖത്തറിന്റെ സംസ്കാരവും സാമ്പത്തിക സ്ഥിതിയും വിളിച്ചു പറഞ്ഞ തുടക്കം ആണ് ലോകകപ്പിന് ഉണ്ടായത്. വിഖ്യാത ഹോളിവുഡ് ഇതിഹാസം മോർഗൻ ഫ്രീമാൻ കാലുകൾ ഇല്ലാത്ത ഖത്തർ ബാലൻ ഗനീം അൽ അഫ്താഹ് എന്നിവരുടെ സംഭാഷണം കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.



എല്ലാവരെയും എല്ലാവർക്കും സ്വാഗതം നേർന്ന അവർ ഖത്തർ ലോകകപ്പ് എല്ലാവർക്കും ഉള്ളത് ആണെന്ന് ഓർമ്മിപ്പിച്ചു. തുടർന്ന് പ്രസിദ്ധ അറബ് പാട്ടുകാർക്ക് ഒപ്പം പ്രസിദ്ധ കൊറിയൻ പോപ്പ് ബ്രാന്റ് ആയ ബി.ടി.എസിന്റെ സംഗീതവും ചടങ്ങിന് വലിയ പൊലിമ നൽകി. ഇതിനു ശേഷം ഖത്തർ അമീൻ ഖത്തറിലേക്ക് ലോകത്തെ സ്വാഗതം ചെയ്തു ലോകകപ്പിന്റെ ഉത്ഘാടനം നിർവഹിച്ചത് ആയി പ്രഖ്യാപിച്ചു. 9.30 നു ഖത്തർ, ഇക്വഡോർ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കം കുറിക്കുക.

Exit mobile version