അർജന്റീനയും മെസ്സിയും ലോകത്തിന്റെ നെറുകയിൽ എത്തിയിട്ട് ഒരു വർഷം

ലയണൽ മെസ്സിയും അർജന്റീനയും ലോക കിരീടം സ്വന്തമാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ഡിസംബർ 18ന് ലോകം ആ സുവർണ്ണ നിമിഷങ്ങൾ ആസ്വദിക്കുകകായിരിന്നു. 1986നു ശേഷം അർജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടം എന്ന സ്വപ്ന നിമിഷം. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് എന്ന സ്വപ്നം. എല്ലാം ഖത്തറിൽ പൂവണിഞ്ഞ രാത്രി.

ഖത്തർ ലോകകപ്പ് ഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആയിരുന്നു അർജന്റീന കിരീടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി മെസ്സി തന്നെയാണ് ഫൈനലിൽ അർജന്റീനയുടെ ഹീറോ ആയത്. ഒപ്പം വൻ സേവുകളുമായി എമി മാർട്ടിനസും. മെസ്സിയുടെ ഇരട്ട ഗോളിന് എംബപ്പെയുടെ ഹാട്രിക്ക് കൊണ്ടുള്ള മറുപടിയും അന്ന് കണ്ടു. അത്ര ആവേശകരമായിരുന്നു ആ ഫൈനൽ. അങ്ങനെ ഒരു ലോകകപ്പ് ഫൈനൽ ഇനി കാണുമോ എന്ന് തന്നെ സംശയമാണ്.

ലുസൈൽ സ്റ്റേഡിയത്തിൽ അന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.

ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0.

ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.

രണ്ടാം പകുതിയിലും ഫ്രാൻസ് നിരവധി മാറ്റങ്ങൾ നടത്തി. പക്ഷെ ഒരു മാറ്റവും അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കാൻ പോവുന്നത് ആയിരുന്നില്ല. ഫ്രാൻസിന് നല്ല ഒരു അവസരം പോലും നൽകാതെ പിടിച്ചു നിൽക്കാൻ അർജന്റീനക്കായി. പക്ഷെ 80ആം മിനുട്ടിൽ അർജന്റീന സമ്മാനിച്ച പെനാൾട്ടി ഫ്രാൻസിന് ആശ്വാസം നൽകി. ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

പിന്നെ ആവേശകരമായ അവസാന പത്തു മിനുട്ടുകൾ. അർജന്റീന ഡിഫൻസ് ശക്തമാക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ വക രണ്ടാം ഗോൾ. തുറാമിന്റെ പാസിൽ നിന്ന് എംബപ്പെയുടെ അപാര ഫിനിഷ്. 2-2. ഈ ലോകകപ്പിലെ എംബപ്പെയുടെ എഴാം ഗോൾ.

ഇതിനു ശേഷം ഫ്രാൻസ് നിരന്തരം അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. റാബിയോ കളിയുടെ ഇഞ്ച്വറി ടൈമിൽ വിജയ ഗോളിന് അടുത്ത് എത്തി എങ്കിലും മൂന്നാം ഗോൾ വന്നില്ല. 97ആം മിനുട്ടിൽ മെസ്സിയുടെ ഒരു സ്ക്രീമർ ലോരിസ് തടഞ്ഞത് ഫ്രാൻസിന് രക്ഷയായി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനം മെസ്സി ഒരുക്കിയ അവസരം ലൗട്ടാരോക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ട് വലിയ ബ്ലോക്കുകൾ ഉപമെകാനോ നടത്തിയപ്പോൾ കളി 2-2 എന്ന് തുടർന്നു.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും മുന്നിൽ. ഒരു മനോഹര നീക്കത്തിലൂടെ ആയിരുന്നു ഗോൾ വന്നത്. ലൗട്ടാരോയുടെ ഷോട്ട് ലോരിസ് തടഞ്ഞു എങ്കിലും മെസ്സി രക്ഷയ്ക്ക് എത്തി. റീബൗണ്ടിൽ പന്ത് വലയിൽ. അർജന്റീന 3-2 ഫ്രാൻസ്.

നാടകീയതകൾ അവസാനിക്കുന്നില്ല. 117ആം മിനുട്ടിൽ വീണ്ടും ഫ്രാൻസിന് പെനാൾട്ടി. ഇത്തവണ ഒരു ഹാൻഡ് ബോളിന്. എംബപ്പെ വീണ്ടും പെനാൾട്ടി സ്പോട്ടിൽ. എമി മാർട്ടിനസിനെ കീഴടക്കി എംബപ്പെയുടെ ഹാട്രിക്ക്. സ്കോർ 3-3. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ അന്ന് മാറി.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം എമി മാർട്ടിനസ് നടത്തിയ സേവ് അർജന്റീനയെ രക്ഷിച്ചു. ആ സേവ് ഇന്ന് ലോകകപ്പിലെ ഒരു ഐക്കോണിക് നിമിഷമായി മാറി. പിന്നീട് കളി പെനാൾട്ടിയിലേക്ക് നീങ്ങി.

ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുത്ത എംബപ്പെ വല കണ്ടു. അർജന്റീനക്കായി കിക്ക് എടുത്ത മെസ്സിക്കും പിഴച്ചില്ല. സ്കോർ 1-1. ഫ്രാൻസിനായി രണ്ടാം കിക്ക് എടുത്ത കോമാൻ. എമി രക്ഷകനായി. അർജന്റീനക്ക് മുൻതൂക്കം. അർജന്റീനയുടെ രണ്ടാം കിക്ക് എടുത്ത ഡിബാലയും ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-1ന് മുന്നിൽ.

ചൗമനിയുടെ കിക്ക് പുറത്ത്. കിരീടം ഫ്രാൻസിൽ നിന്ന് അകന്ന നിമിഷം.അവസാനം അഞ്ചാം കിക്ക് മോണ്ടിയൽ ലക്ഷ്യത്തിൽ എത്തിച്ചതോടെ അർജന്റീന ചാമ്പ്യനായി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന്റെ വിജയം.

അർജന്റീന അതിനു ശേഷം ലോക റാങ്കിംഗിൽ ഒന്നാമത് എത്തി. മെസ്സി ആ ലോകകപ്പ് പ്രകടനത്തിന്റെ ബലത്തിൽ ഒരു ബാലൻ ഡി ഓർ കൂടെ സ്വന്തമാക്കി. അങ്ങനെ അർജന്റീന ആരാധകർക്ക് സന്തോഷത്തിന്റെ മാത്രം ഒരു വർഷം ആണ് കഴിഞ്ഞു പോയത്.

ആവേശത്തിന്റെ നിറശീലകൾ

ലോകകപ്പിന് തിരശീല വീണു. അവസാന മിനുട്ടും അധികസമയവും അഗ്നിപരീക്ഷയും കടന്ന് അർജന്റീന കിരീടമുയർത്തിയപ്പോൾ, കളിയാവേശത്തിന്റെ പോരാട്ടത്തിൽ പതിവ് പോലെ കേരളം എതിരാളികളില്ലാതെ കപ്പടിച്ചു. കേരളത്തിന്റെ ആവേശത്തിന് അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ വരെയും കയ്യടിച്ചു. കേരളത്തിലുയർന്ന ലോകകപ്പ് ബാനറുകളെ ഒന്നോർത്തു നോക്കാനുള്ള ശ്രമമാണ് ഈയെഴുത്ത്.

ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുൻപേ കുറച്ചു കുട്ടികൾ ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന പ്രിന്റിങ് സ്ഥാപനത്തിലെത്തി: “ഒരു ബാനർ വേണം”
“എന്താ മാറ്റർ?”
“പോർച്ചുഗൽ”
“സൈസ്?”
“10×6″
വൈകിട്ട് അവരതിന്റെ പ്രിന്റും കൊണ്ട് പോയി. പിറ്റേന്ന് രാവിലെ വേറൊരു കൂട്ടം എത്തി. ഫ്‌ളക്‌സ് വേണം. മാറ്റർ അർജന്റീന”
“സൈസ്?’
“നിങ്ങൾ ഇന്നലെ പോർച്ചുഗലിന്റെ ബാനർ എത്ര സൈസിലാണ് അടിച്ചത്?”
“10×6”
“അതിന്റെ ഇരട്ടി എത്രയാ?”
“10×12”
“എന്നാൽ ആ സൈസിൽ അടിച്ചോ”. അഡ്വാൻസും തന്ന് അവർ പോയി. ലോകകപ്പ് കാലത്ത് കേരളത്തിലുടനീളം നടന്നതെന്താണോ അതിന്റെ തനിപ്പകർപ്പായിരുന്നു ഞങ്ങളുടെ ഓഫീസിലുമരങ്ങേറിയ ഈ രസകരമായ സംഭവം.

പ്രധാനപ്പെട്ട എലാ ടീമുകൾക്കും ബാനറുകൾ ഉയരാറുണ്ടെങ്കിലും പതിവില്ലാത്ത വിധം പോർച്ചുഗൽ ബാനറുകൾ ദൃശ്യമായ ലോകകപ്പായിരുന്നു ഇത്തവണത്തേത്‌. ശക്തമായ സ്ക്വാഡുള്ളതും ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് എന്ന പരിവേഷവും അതിന് നിദാനമായിട്ടുണ്ട്. ഇത്തവണത്തെ മറ്റൊരു സവിശേഷത കട്ടൗട്ടുകളുടെ ആധിക്യമാണ്. പതിവില്ലാത്ത വിധം, പതിവില്ലാത്ത സൈസുകളിൽ താര രാജാക്കന്മാരുടെ കട്ടൗട്ടുകൾ നാടുനീളെ ഉയർന്നു. കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ആഗോളശ്രദ്ധ നേടി. ലോകകപ്പ് കളിക്കളങ്ങൾക്ക് പുറത്തുള്ളവർക്കും കട്ടൗട്ടുകളുണ്ടായി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഖത്തർ അമീർ ശൈഖ് തമീം അൽതാനി എന്നിവരാണ് അതിലധികവും.

ഇന്ത്യ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ബാനറുകൾ പതിവിലേറെ ഈ ലോകകപ്പ് കാലത്ത് ദൃശ്യമായി. ഐ എസ് എല്ലിന്റെ തിളക്കം നമ്മെ ലോകകപ്പ് സ്വപ്നം കാണാൻ പഠിപ്പിച്ചിരിക്കുന്നു; അത് യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണെങ്കിലും. ഒരു നാൾ ലോകകപ്പ് വേദിയൊരുങ്ങും, അവിടെ ജനഗണമന മുഴങ്ങും എന്നിങ്ങനെയുള്ള ആശാകിരണങ്ങൾ ബാനറുകളിൽ മഷിപുരണ്ടു. ഇന്ത്യൻ ഫുട്ബോളിനെ ലോകശ്രദ്ധയിൽ എത്തിച്ചിട്ടും ലോകകപ്പ് കളിക്കാൻ യോഗമില്ലാതെ പോയ ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രിയെ, ഇതര ടീമുകളുടെ ആരാധകരും അവരുടെ ബാനറുകളിൽ പരിഗണിച്ചു. മലപ്പുറത്തും കണ്ണൂർ പാനൂരിലുമെല്ലാം ഛേത്രിയുടെ കൂറ്റൻ കട്ടൗട്ടുകളുയർന്നു.

ഖത്തർ
ഖത്തർ ഫുട്ബോൾ ടീമിന് പിന്തുണയർപ്പിച്ചുള്ള ബാനറുകളാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു സവിശേഷ വാർത്ത. പ്രവാസി കൂട്ടായ്മകൾ മിക്ക സ്ഥലങ്ങളിലും ഖത്തർ ടീമിനും ശൈഖ് തമീമിനും ആശംസകളറിയിച്ച് ബാനറുകളുയർത്തി. ‘അന്നം തരുന്ന നാട്’ എന്ന ക്ളീഷേ ഡയലോഗിനപ്പുറം പ്രതിസന്ധികളെ അതിജയിച്ച നാടെന്ന വിശേഷണം ബോർഡുകളിൽ ലിഖിതമായി. ചില യൂറോപ്യൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും എതിർപ്പിനേക്കാൾ, ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധത്തെ ഉറച്ച മനസ്സോടെ നേരിട്ട് ലോകകപ്പ് യാഥാർഥ്യമാക്കിയതിന് തമീമിന് നന്ദിയറിയിച്ച് കട്ടൗട്ടുകളും ഉയർന്നു.

ബാനറുകളിലെ മാറ്റർ ഓരോ കളി തീരുന്തോറും ചിരിയുണർത്തുന്നതായി. Hexa is coming എന്നും പറഞ്ഞുവന്ന ബ്രസീൽ പാതിവഴിക്ക് മടങ്ങി. പോർച്ചുഗലിനും കിരീടത്തിനടുത്തെത്താനായില്ല. എതിർ ടീം ഗോളടിക്കണമെങ്കിൽ തന്നെ കൊല്ലണമെന്ന എമി മാർട്ടിനസിന്റെ പ്രസ്താവനയും ഫ്ളക്സായി ഉയർന്നിരുന്നു. ആദ്യ മത്സരത്തിൽ തന്നെ സഊദിയോട് രണ്ട് ഗോളും തോൽവിയും വഴങ്ങിയതോടെ അതും കൂട്ടച്ചിരിയായി മാറി. ആൽപ്‌സ് മലനിരകളും കടന്ന് ഞങ്ങൾ വന്നത് എന്നു തുടങ്ങുന്ന ജർമ്മനിയുടെ ഫ്ളക്സുകൾ ഗ്രൂപ്പ് റൌണ്ട് തീർന്ന മുറയ്ക്ക് ആലയുടെ മുകളിലേക്ക് ചേക്കേറി. അതിനിടെ പുള്ളാവൂരിലെ മെസ്സി കട്ടൗട്ട് നീക്കം ചെയ്യാൻ നിയമത്തിന്റെ വഴിക്കിറങ്ങിയ വക്കീലിന്റെ പബ്ലിസിറ്റി നാടകത്തെ ഫുട്ബോൾ ആരാധകർ ഒന്നായി കൂവിയോടിച്ചു.

ഒടുവിൽ സർക്കാർ നിർദേശാനുസരണം നീക്കം ചെയ്യുന്ന അവസാനത്തെ ബോർഡുകൾ അർജന്റീനയുടേതായി. തെരുവുകളിൽ വീണ്ടും നിഴലുകളഴിഞ്ഞുവീണ് വെളിച്ചം വന്നു തുടങ്ങിയിട്ടും രസമുള്ള ലോകകപ്പോർമ്മകൾ ബാക്കിയാകുന്നു, കൂറ്റൻ കട്ടൗട്ടുകൾ കണക്കെ മനസ്സിലിപ്പോഴും ഇഷ്ടതാരങ്ങളുടെ ലോകകപ്പ് നിമിഷങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്നു.

ശുക്റൻ ഖത്തർ!!

“ദി വിന്നർ ഈസ് ഖത്തർ”

2010 ഡിസംബർ രണ്ടിന് ഫിഫ ആസ്ഥാനത്ത് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ പ്രഖ്യാപനത്തോടെ തുടങ്ങുന്നു ഖത്തർ ലോകകപ്പിലേക്കുള്ള നാൾവഴികൾ. ഒരു ഏഷ്യൻ-അറബ് രാജ്യമായത് കൊണ്ട് യൂറോപ്യൻ തത്പരകക്ഷികൾ സൃഷ്ടിച്ച പുകിലുകളെയെല്ലാം നിശ്ചയദാർഢ്യത്തോടെ മറികടന്നുകൊണ്ട് ഖത്തർ തങ്ങളിലേൽപിക്കപ്പെട്ട ദൗത്യത്തെ അതുല്യമായി പൂർത്തീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകൾ മുതൽ സമാപനം വരെയും നല്ല വിശേഷങ്ങൾ ഖത്തറിൽ നിന്ന് പുറത്തു വന്നുകൊണ്ടിരുന്നു. അതിന് ശേഷവും സുഗന്ധമുള്ള ഓർമ്മകൾ പ്രസരിച്ചു കൊണ്ടേയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം എന്ന ഖ്യാതിയുള്ള ഖത്തറിൽ നിന്ന് പലരും പ്രതീക്ഷിച്ചത് പനക്കൊഴുപ്പിന്റെ പ്രദർശനങ്ങൾ മാത്രമായിരുന്നു. എന്നാൽ സമ്പൽസമൃദ്ധിയേക്കാൾ സാംസ്കാരിക സമ്പന്നതയെ ഉയർത്തിക്കാട്ടാനാണ് ആതിഥേയരാഷ്ട്രം തുടക്കം മുതൽ ശ്രമിച്ചത്. വിഖ്യാത അഭിനേതാവ് മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഖത്തരി യുവസംരംഭകൻ ഗനീം അൽമുഫ്തഹും ചേർന്നുള്ള ഉദ്ഘാടന ചടങ്ങിലെ സംഭാഷണം അതിന്റെ മകുടോദാഹരണമായിരുന്നു. ലോകത്ത് നിലനിൽക്കുന്ന വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും, വിഘടനത്തിനും വർഗ്ഗീയതയ്ക്കും ഇന്ധനമാക്കുന്നതിനോടുള്ള സങ്കടമാണ് മോർഗന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. അതിന് പരിഹാരം തേടിക്കൊണ്ടായിരുന്നു ഗനീമിനോട് അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടിയായി ഗനീം ഒരു ഖുർആൻ സൂക്തം പാരായണം ചെയ്യുകയാണ്: “മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ പല രാജ്യങ്ങളും ഗോത്രങ്ങളും ആക്കിത്തീർത്തത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്” എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സൂക്തം. തുടർന്ന് നടക്കുന്നതും ഖത്തറിന്റെ ആതിഥേയത്വത്തെ കുറിച്ച് പലരും പ്രകടിപ്പിച്ച ആശങ്കകൾക്കുള്ള മധുരോദാത്തമായ മറുപടികളാണ്. അതിരുകൾക്കെല്ലാമപ്പുറം നമ്മളെല്ലാം സഹോദരങ്ങളാണ് എന്ന് ഗനീം വിളംബരം ചെയ്യുന്നു.

ഖത്തറിന് എങ്ങനെ ലോകകപ്പ് ആതിഥേയത്വം ലഭിച്ചു എന്നതിന്റെ ഉത്തരം അതിനായി ബിഡ് നൽകുമ്പോൾ ശൈഖ മോസ ബിൻത് നാസർ നടത്തിയ പ്രസംഗത്തിലുണ്ട്:
ബഹുമാനപ്പെട്ട കമ്മിറ്റി മുൻപാകെ എനിക്ക് ഉന്നയിക്കാനുള്ളത് ഒരു ചോദ്യമാണ്. മധ്യപൗരസത്യ ദേശത്തേക്ക് ഫുട്‌ബോൾ ലോകകപ്പ് എന്നാണ് വിരുന്നുവരിക? ഞങ്ങളുടെ ലോകത്തിന്, ഞങ്ങളുടെ പ്രദേശത്തിന് ഈ ലോകമാമാങ്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എപ്പോഴാണ് ബോധ്യപ്പെടുക?
ഖത്തറിനും റഷ്യക്കും ലോകകപ്പ് വേദികൾ അനുവദിക്കുമ്പോൾ, ഫുട്ബോളിന്റെ വികാസത്തെ പറ്റി പറഞ്ഞുകൊണ്ടും സന്തോഷം പങ്കുവെച്ചുമാണ് സെപ് ബ്ലാറ്റർ സംസാരിച്ചത്. റഷ്യക്കും ദക്ഷിണാഫ്രിക്കക്കും വേദി അനുവദിച്ച അതേ ന്യായത്താൽ തന്നെയാണ് ഖത്തറിനും വേദി ലഭിച്ചത്.

അവിടെ സങ്കുചിതത്വമുണ്ടോ? അസഹനീയമായ ചൂടുണ്ടോ? തീവ്രവാദമുണ്ടോ എന്നെല്ലാം ആശങ്കപ്പെട്ടാണ് ചിലരെങ്കിലും ഖത്തറിലേക്ക് കാലെടുത്തുവെച്ചത്. എല്ലാ ആശങ്കകളെയും ദൂരീകരിക്കുന്ന ആതിഥേയത്വമായിരുന്നു ഖത്തറിന്റേത്. സ്റ്റേഡിയത്തിന് സമീപത്ത് മിഠായിയും പാനീയങ്ങളുമായി, പുഞ്ചിരിയുമായി ഖത്തറിന്റെ ബാല്യം അതിഥികളെ എതിരേറ്റു. ഏറ്റവും മികച്ച സുരക്ഷയും താമസ സൗകര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കളിപ്രേമികൾക്കായി ഒരുക്കി. ചൂടിനെ തണുപ്പിക്കാൻ സ്റ്റേഡിയങ്ങൾക്കകത്ത് കേന്ദ്രീകൃത ശീതീകരണ സംവിധാനം സ്ഥാപിച്ച് ഏവരെയും അമ്പരപ്പിച്ചു. മദ്യം ആവശ്യമുള്ളവർക്ക് താമസ സ്ഥലത്തും ഫാൻ പാർക്കുകളിലും അതിനായി സൗകര്യമുണ്ടാക്കി. പ്രഗത്ഭ കളിയെഴുത്തുകാരൻ ഡോ: മുഹമ്മദ് അഷ്‌റഫിന്റെ ഭാഷ കടമെടുത്താൽ, “മതപരവും സാംസ്കാരികവുമായ ആചാരങ്ങൾ കാരണം മത്സരങ്ങൾ ഒഴിവാക്കണമെന്ന് വാശിപിടിച്ചവർക്ക് ഓരോ ഗ്ലാസ് ഷാംപെയിൻ ഒഴിച്ചുകൊടുത്തു കൊണ്ടവർ പറഞ്ഞത്, “അസഹിഷ്ണുതയുള്ളവരല്ല തങ്ങളുടെ ജനത” എന്നായിരുന്നു. അതിഥികളുടെ ഏതാവശ്യവും അവർ നിറവേറ്റും. സന്ദർശകർക്ക് താമസ സ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും മദ്യം ഉപയോഗിക്കാം.”

ആതിഥേയത്വത്തിന് പേരുകേട്ട അറബ് പാരമ്പര്യത്തെ ഖത്തർ വെളിവാക്കിയപ്പോൾ, മറ്റു ഏഷ്യൻ രാജ്യങ്ങൾ കളത്തിനകത്ത് കളിമികവിനാൽ വിസ്മയങ്ങൾ കാണിച്ചു. ഓസ്‌ട്രേലിയ അടക്കം 3 എ എഫ് സി രാജ്യങ്ങൾ നോകൗട്ട് റൗണ്ടിൽ പ്രവേശിച്ചത് അതിന്റെ തെളിവായിരുന്നു. ഇക്കുറി കിരീടമണിഞ്ഞ അർജന്റീനയെ ആദ്യമത്സരത്തിൽ തന്നെ തോൽപിച്ച് സൗദി അറേബ്യയാണ് വിപ്ലവങ്ങൾക്ക് തുടക്കമിട്ടത്. ജർമനിയെയും സ്പെയിനിനെയും തകർത്ത് ജപ്പാൻ സമുറായികൾ ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിനെ ഏഷ്യയുടെ പേരിലേക്ക് എഴുതിച്ചേർത്തു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് അടിയറവ് പറഞ്ഞത്. വെയിൽസിനെ ഇറാൻ മടക്കിയപ്പോൾ സൗത്ത് കൊറിയ പോർച്ചുഗലിനെ വീഴ്ത്തിയതും ആവേശകരമായി. കളത്തിൽ മികച്ചു നിന്ന ജപ്പാൻ ടീം ഡ്രസിങ് റൂം വൃത്തിയാക്കി മാതൃകയായപ്പോൾ, ഗാലറി മലിനമുക്തമാക്കാൻ ജപ്പാൻ ആരാധകരും രംഗത്തിറങ്ങി. ഏഷ്യൻ രാജ്യങ്ങളുടെ മഹിതമായ സംസ്കാരത്തെ ലോകത്തിന് മുന്നിൽ ഒന്നുകൂടി ഉയർത്തിക്കെട്ടിയാണ് ജാപ്പനീസ് പോരാളികൾ തിരികെ വണ്ടികയറിയത്.

സെമി ലൈനപ് വന്നപ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യം ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ആയിരുന്നു. യാസീൻ ബോണോ എന്ന ഗോൾകീപ്പറുടെ മികവിൽ സാക്ഷാൽ റൊണാൾഡോയെയും മടക്കിയയച്ചാണ് അവർ സെമി പ്രവേശം സാധ്യമാക്കിയത്. ആദ്യമായി ലോകകപ്പ് സെമിയിലെത്തുന്ന ആഫ്രിക്കൻ രാഷ്ട്രമെന്ന ഖ്യാതി അതോടെ മൊറോക്കോ നേടി. അശ്റഫ് ഹക്കീമിയും സോഫിയാൻ ബൗഫലും അവരുടെ അമ്മമാർക്കൊപ്പം ആഹ്ലാദനൃത്തം ചെയ്തത് ലോകകപ്പിലെ സുന്ദരമായ കാഴ്ചകളിലൊന്നായി.

സംഭവം നടന്നത് ഖത്തറിലാണെങ്കിലും അക്ഷരാർഥത്തിലത് മലയാളികളുടെ കൂടി ലോകകപ്പായി. മിക്ക മലയാള മാധ്യമങ്ങളുടെ പ്രതിനിധികളും ഖത്തറിലേക്ക് പറന്നു. പ്രവാസികൾ കൂട്ടത്തോടെ ഗാലറി കയ്യടക്കി. നിരവധി മലയാളി ചെറുപ്പക്കാർ വോളന്റിയർ ടാഗുമായി നഗരങ്ങൾ കീഴടക്കി. ടിവിയിലും ഫോണിലും മാത്രം കണ്ടിരുന്ന മെസ്സിയും റൊണാൾഡോയും നെയ്മറും എംബാപെയുമടങ്ങുന്ന നക്ഷത്രങ്ങൾ മലയാളികളുടെ കണ്മുന്നിൽ പൂർണ്ണശോഭയോടെ, ഉടലോടെ പ്രത്യക്ഷരായി. ജീവിതാഭിലാഷമായി പലരും കരുതിപ്പോന്നിരുന്ന ലോകോത്തര താരങ്ങളെ കാണലും അവരുടെ കളി കാണലും ഒരു ഫിഫ ലോകകപ്പ് കാണലുമെല്ലാം ഖത്തർ ലോകകപ്പോടെ സാധ്യമായി. ഇതിനെല്ലാം പുറമേ, അർജന്റീനയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള കേരളത്തിലുള്ളവർക്ക് അർജന്റീന ലോകകപ്പ് ജേതാക്കളാകുന്നത് നഗ്നനേത്രങ്ങളാൽ ദൃശ്യമായി.

യൂറോപ്പിന്റെ മുട്ടാപ്പോക്ക് വാദങ്ങളെല്ലാം എരിഞ്ഞടങ്ങിയ ഖത്തർ മണ്ണിൽ ഒടുക്കം ഒരു യൂറോപ്പേതര രാജ്യം കിരീടം ചൂടി. ലയണൽ മെസ്സിയെന്ന ലാറ്റിനമേരിക്കൻ ഫുട്ബോൾ ദേവൻ ഫിഫ ലോകകപ്പ് കിരീടം തൊട്ടു, ചുംബിച്ചു. ലോക ഫുട്ബോളിന്റെ പുതിയ ‘അമീറി’നെ പട്ടാഭിഷേകം ചെയ്യാൻ ഖത്തർ അമീർ തമീം അൽതാനി ‘ബിശ്ത്‌’ എന്ന പരമ്പരാഗത അറേബ്യൻ രാജകീയ മേൽക്കുപ്പായവുമായെത്തി. തമ്മിൽ തർക്കിക്കാനും തല്ലുകൂടാനുമല്ല, സംവദിക്കാനും ചേർന്നിരിക്കാനുമാണ് വൈവിധ്യങ്ങൾ എന്ന്, ഏഷ്യയും ലാറ്റിനമേരിക്കയും ചേർന്ന് ബിബിസി അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങളെ പഠിപ്പിച്ചു.

ഖത്തറിനെ ഉപരോധിച്ച് വിഷമവൃത്തത്തിലാക്കിയ ഗൾഫ് രാഷ്ട്രങ്ങളെ പരാമർശിക്കാതെ ഈ എഴുത്ത് പൂർണ്ണമാകില്ല. അന്ന് ഇച്ഛാശക്തി കൊണ്ട് പിടിച്ചുനിന്ന ഖത്തറിന് വേണമെങ്കിൽ ആ വിഷയം മനസ്സിൽ കൊണ്ടുനടക്കാമായിരുന്നു. എന്നാൽ സഊദി ജയിച്ചപ്പോൾ അവരുടെ സ്‌കാർഫ് ചുമലിലണിഞ്ഞ് ആഹ്ലാദത്തിൽ പങ്കുചേരുന്ന ഖത്തർ അമീർ ശൈഖ് തമീമിനെയാണ് ക്യാമറക്കണ്ണുകളിലൂടെ ലോകം ദർശിച്ചത്. സ്നേഹോഷ്മളതയുടെ, വിട്ടുവീഴ്ചയുടെ നയതന്ത്രപാഠങ്ങൾ കൂടിയാണ് ഖത്തർ ലോകത്തിന് പകർന്നത്.

മുൻധാരണകളുടെ മുഷിഞ്ഞ വാടയെ അകറ്റുന്ന സാംസ്കാരിക സുഗന്ധമാണ് ഖത്തറിൽ അതിഥികൾ അനുഭവിച്ചത്. സ്വദേശികളും പ്രവാസികളുമായ അവിടത്തുകാർ ആതിഥേയത്വത്തിന്റെ നവ്യാനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. ലോകമാമാങ്കത്തിന് തിരശീല വീഴുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അടക്കം ഗുഡ് സർട്ടിഫിക്കറ്റ് നേടിയാണ് ഖത്തർ മിഴിയടക്കുന്നത്. എക്കാലത്തെയും മികച്ച ലോകകപ്പാണിതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും അടിവരയിടുന്നു. അതിഥികൾക്കും നല്ലതല്ലാത്തതൊന്നും പറയാനില്ല. ആരോപണങ്ങൾക്കും ആശങ്കകൾക്കും ആ കൊച്ചു ഏഷ്യൻ രാജ്യം നമുക്ക് കൂടി അഭിമാനമായ് ഉത്തരമേകിയിരിക്കുന്നു. സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം ആവർത്തിക്കാം: “ദി വിന്നർ എസ് ഖത്തർ!”. ഹൃദയം ജയിച്ചവരേ, ശുക്റൻ!

റഫറൻസ്: ഖത്തർ ലോകകപ്പ് ഫുട്ബോൾ: കനൽവഴികൾ താണ്ടിയ വിസ്മയം/ഡോ: മുഹമ്മദ് അഷ്റഫ്

അവസാന നിമിഷം പെനാൾട്ടി ദാനം ചെയ്ത് ജംഷദ്പൂർ

ജംഷദ്പൂർ എഫ് സിക്ക് എ ടി കെ മോഹൻ ബഗാനെതിരെയും പരാജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. മത്സരത്തിന്റെ 89ആം മിനുട്ടിൽ ജംഷദ്പൂർ ക്യാപ്റ്റൻ ഹാർട്ലി സമ്മാനിച്ച പെനാൾട്ടിയിൽ ആണ് മോഹൻ ബഗാൻ വിജയിച്ചത്. ഗോൾരഹിത സമനിലയിലേക്ക് പോകുന്ന മത്സരത്തിൽ ബോൾ പോലും ഇല്ലാത്ത സ്ഥലത്ത് വെച്ച് ഹാർട്ലി ഫൗൾ ചെയ്യുക ആയിരുന്നു.

ഹാർട്ലി ചെയ്ത ഫൗൾ പെനാൾട്ടിക്ക് ഒപ്പം ചുവപ്പ് കാർഡ് താരത്തിന് വാങ്ങി കൊടുക്കുകയും ചെയ്തു. ഈ പെനാൾട്ടി ഹ്യുഗോ ബൗമസ് ലക്ഷ്യത്തിൽ എത്തിച്ച് അവർക്ക് വിജയം നൽകി. ഈ വിജയത്തോടെ 19 പോയിന്റുമായി എ ടി കെ മൂന്നാം സ്ഥാനത്ത് എത്തി. ജംഷദ്പൂർ പത്താം സ്ഥാനത്താണ്‌

“ലൗട്ടാരോ വേദനസംഹാരി കുത്തിവെച്ചാണ് അർജന്റീനക്കായി കളിക്കുന്നത്”

കണങ്കാലിൽ വേദന ഉള്ള ലൗട്ടാരോ മാർട്ടിനസ് പരിക്കിനോട് പോരാടിയാണ് അർജന്റീനക്കായി കളിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഏജംറ്റ് കമാചോ വ്യക്തമാക്കി. 25 കാരൻ വേദനസംഹാരി കുത്തിവയ്പ്പുകൾ എടുത്താണ് കളിക്കുന്നത് എന്നും കാമാച്ചോ വെളിപ്പെടുത്തി.

കണങ്കാലിന് വേദനയുള്ളതിനാൽ ലൗട്ടാരോ കുത്തിവയ്പ്പ് എടുക്കുന്നുണ്ട്‌‌. ആ വേദന ഇല്ലാതാക്കാൻ അവൻ കഠിനമായി പരിശ്രമിക്കുന്നു, പരിക്ക് മാറിയാൽ അവൻ പിച്ചിൽ പറക്കും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മാർട്ടിനെസ്. ഏജന്റ് പറഞ്ഞു.

ലൗട്ടാരോ മാനസ്സികമായി വളരെ ശക്തനാണ്, പക്ഷേ സൗദി അറേബ്യയ്‌ക്കെതിരെ ഗോളുകൾ നിഷേധിക്കപ്പെട്ടതും അദ്ദേഹത്തിന് തിരിച്ചടിയായി. എന്നും ഏജന്റ് പറഞ്ഞു.

ചരിത്രത്തിലേക്ക് കളിച്ചു കയറുന്ന ഖത്തർ

2022 ഫിഫ വേൾഡ് കപ്പിന്റെ ക്വാർട്ടർ നിര തീരുമാനമായി. ഇനി ഏഴു കളികൾ മാത്രം ബാക്കി, പുതിയ ലോക ചാമ്പ്യൻമാരെ തീരുമാനിക്കാൻ. ഡിസംബർ 18ന്, ആതിഥേയരായ ഖത്തർ തങ്ങളുടെ ദേശീയ ദിനം ആചരിക്കുന്ന ദിവസം, ലുസൈൽ സ്റ്റേഡിയത്തിൽ ഈ വിശ്വ മാമാങ്കം ആരവങ്ങളോടെ അവസാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകം ഖത്തറിലേക്ക് ചുരുങ്ങുകയും, ഖത്തർ ഒരു പട്ടണമായി മാറുന്ന കാഴ്ചയുമാണ് കണ്ടത്. നോക്കെത്തും ദൂരത്തുള്ള എട്ട് ലോകോത്തര സ്റ്റേഡിയങ്ങളിൽ ഇത്തവണ ഒന്നിലേറെ കളികൾ കാണാൻ സാധിച്ച സന്തോഷത്തിലാണ് കളിയാരാധകർ. ആരും ശ്രദ്ധിക്കാത്ത ചില ലോകകപ്പ് കണക്കുകൾ കൂടി ഫിഫ പുറത്ത് വിടാനിരിക്കുകയാണ്. അതെല്ലാം ഖത്തർ വേൾഡ് കപ്പിനെ അടിസ്ഥാനമില്ലാതെ വിമർശിച്ചവർക്കുള്ള മറുപടിയാകും എന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ കാണികൾ ഒന്നിലേറെ കളികൾ കണ്ട വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കുട്ടികളും സ്ത്രീകളും സ്റ്റേഡിയത്തിൽ ഇരുന്നു കളി വീക്ഷിച്ച വേൾഡ് കപ്പ്, ഏറ്റവും കുറവ് ആക്രമ സംഭവങ്ങൾ നടന്ന വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത ലോക കപ്പ് തുടങ്ങി റെക്കോർഡുകൾ അനവധിയാണ്.

പാശ്ചാത്യ നഗരങ്ങളിൽ പാണന്മാർ 24 മണിക്കൂറും പത്രങ്ങളിലൂടെയും, ടിവിയിലൂടെയും പാടി നടന്ന അറബ് കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു നാടാണ് വിദേശീയരായ കാണികൾക്ക് ഖത്തറിൽ വീക്ഷിക്കാൻ സാധിച്ചത്. അറബ് സംസ്കാരത്തിന്റെ സൗന്ദര്യവും, ആതിഥേയത്തിന്റെ സ്നേഹവും നേരിൽ കണ്ട വിദേശിയർ പറയുന്നത്, ഇതല്ല ഞങ്ങൾ കേട്ടിരുന്ന ഖത്തർ എന്നാണ്. സഹായിക്കാൻ തയ്യാറായി നിൽക്കുന്ന തദ്ദേശീയർ, രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ ഏത് സമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതരായി യാത്ര ചെയ്യാൻ സാധിക്കുന്ന നഗര വീഥികൾ, കളി കാണാൻ വരുന്നവർക്ക് സ്റ്റേഡിയത്തിന് പുറത്തു ഭക്ഷണം വിതരണം ചെയ്യുന്ന നാട്ടുകാർ, എന്നിങ്ങനെ ലോകത്തെ മറ്റൊരു രാജ്യത്തും ലഭിക്കാത്ത ആതിഥേയ മര്യാദ നിറഞ്ഞ ഒരു ലോകകപ്പ് അനുഭവമാണ് അവർക്ക് ലഭിച്ചത്.

സ്റ്റേഡിയത്തിൽ മദ്യം വിളമ്പുന്നില്ല എന്ന പാരാതി ഉയർത്തിയ ആരെയും കാണികൾക്കിടയിൽ കാണാൻ സാധിച്ചില്ല എന്നതും ഒരു സത്യമായി. വന്നവർക്കെല്ലാം കളിയാണ് ലഹരിയായത്, ഇത്ര സൗകര്യപ്രദമായി ഫുട്‌ബോൾ ആസ്വദിക്കുന്ന തിരക്കിൽ മറ്റെല്ലാം അവർ മറന്നു. മദ്യം ഇല്ല എന്നത് അവർക്ക് ഒരു വിഷയമേയല്ല എന്ന നിലയിലാണ് അവർ പ്രതികരിച്ചത്.

കാണികളുടെ സാംസ്കാരിക, ആസ്വാദന വ്യത്യാസങ്ങളും ഈ വേൾഡ് കപ്പ് ഖത്തറിൽ നടന്നത് കൊണ്ട് നമുക്ക് കാണാനായി. വികാരം വിക്ഷോഭങ്ങൾ കൊണ്ട് പരിസരം മറന്നു നിറഞ്ഞാടുന്ന യൂറോപ്യൻ കാണികളെക്കാൾ എന്തു കൊണ്ടും വ്യത്യസ്തമായി ഫുട്ബോൾ ഒരു ആഘോഷമായി കണ്ട ഏഷ്യൻ കാണികൾ. അക്കൂട്ടത്തിൽ ജപ്പാൻ കാണികളെ ലോകം ഒരിക്കലും മറക്കുകയുമില്ല. അറബ്, ഇന്ത്യൻ കാണികളുടെ ബാഹുല്യം കൊണ്ട് വ്യത്യസ്തമായ ഗാലറികളിൽ ഇത്തവണ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടായില്ല.

ഒരു ഫുട്ബോൾ വേൾഡ് കപ്പ് എങ്ങനെയാണ് നടത്തേണ്ടത് എന്നതിന് ഒരു ടെക്സ്റ്റ് ബുക്ക് മാതൃകയാണ് ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഫൈനൽ വിസിൽ മുഴങ്ങാൻ നമുക്ക് കാത്തിരിക്കാം, ചാമ്പ്യനെയും റെക്കോർഡുകളുടെ നീണ്ട ലിസ്റ്റും കാണാൻ. ചരിത്രത്തിലെ ഏറ്റവും മനോഹരമായ വേൾഡ് കപ്പായിരുന്നു ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്നു സംശയമന്യേ ഉറപ്പിച്ച് പറയുവാൻ വേൾഡ് കപ്പുകളുടെ ചരിത്രം രേഖപ്പെടുത്തുന്നവർക്ക് സാധിക്കും. അപ്പോൾ നമുക്കും അഭിമാനത്തോടെ പറയാം, ഏറ്റവും അധികം മലയാളികൾ അണിയറയിലും ഗാലറിയിലും ഉണ്ടായിരുന്ന ഒരു വേൾഡ് കപ്പായിരുന്നു ഇത് എന്നു!

താരം ഖത്തറിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചു കള്ളന്മാർ! റഹീം സ്റ്റർലിംഗ് നാട്ടിലേക്ക് മടങ്ങി

ഇംഗ്ലണ്ട് ലോകകപ്പ് ക്യാമ്പ് വിട്ട് റഹീം സ്റ്റർലിംഗ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. ചെൽസി താരം ഖത്തറിൽ ലോകകപ്പ് കളിക്കുന്ന സമയത്ത് ആയുധങ്ങളും ആയി ഒരു വിഭാഗം കള്ളന്മാർ അദ്ദേഹത്തിന്റെ ചെറിയ കുട്ടികളും ഭാര്യയും ഉള്ളിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചത് അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ കാരണം. സംഭവത്തിനു ശേഷം മാനസികമായി തകർന്ന കുടുംബത്തിന് ഒപ്പം എത്താൻ താരം തീരുമാനിക്കുക ആയിരുന്നു.

ശനിയാഴ്ച ആണ് സംഭവം നടന്നത്. താരത്തിന് ഇംഗ്ലീഷ് ടീമും ഫുട്‌ബോൾ അസോസിയേഷനും പരിശീലകൻ ഗാരത് സൗത്ത്ഗേറ്റും പൂർണ പിന്തുണ നൽകി. തുടർന്ന് ആണ് താരം ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇനി താരം ലോകകപ്പ് ടീമിലേക്ക് തിരിച്ചു എത്തുമോ എന്നു അദ്ദേഹം തന്നെ തീരുമാനിക്കും. ഇംഗ്ലണ്ടിന് ആയി ആദ്യ മത്സരത്തിൽ ഇറാന് എതിരെ സ്റ്റർലിംഗ് ഗോൾ നേടിയിരുന്നു. നേരത്തെ പുറത്ത് വിടാത്ത കുടുംബ പ്രശ്നങ്ങൾ കാരണം മറ്റൊരു ഇംഗ്ലണ്ട് താരം ബെൻ വൈറ്റും നാട്ടിലേക്ക്‌ മടങ്ങിയിരുന്നു.

എംബപ്പെ എന്ന അത്ഭുതം! എല്ലാ റെക്കോർഡുകളും ഇവന് മുന്നിൽ തകരും

ലോകം കിലിയൻ എംബപ്പെ എന്ന അത്ഭുതത്തിന് മുന്നിൽ തല കുനിക്കുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനു എതിരെ ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് 3-1 ന്റെ വിജയം കുറിക്കുമ്പോൾ 2 ഉഗ്രൻ ഗോളുകളും 1 അസിസ്റ്റും കുറിച്ച എംബപ്പെ ആണ് അവരുടെ വിജയ ശിൽപി ആയത്. കഴിഞ്ഞ ലോകകപ്പിൽ നാലു ഗോളുകൾ നേടിയ എംബപ്പെ ഈ ലോകകപ്പിൽ ഇത് വരെ 5 ഗോളുകൾ ആണ് കുറിച്ചത്. ഫ്രാൻസിന് ആയി രണ്ടു ലോകകപ്പുകളിൽ നാലോ അതിൽ അധികം ഗോൾ നേടുന്നതോ ആയ ആദ്യ താരം ആയി മാറിയ പി.എസ്.ജി താരം ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ സിനദിൻ സിദാനെയും മറികടന്നു.

23 കാരനായ എംബപ്പെ 24 വയസ്സ് ആവുന്നതിനു മുമ്പ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുക എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഫുട്‌ബോൾ രാജാവ് സാക്ഷാൽ പെലെയെ ആണ് ഈ നേട്ടത്തിൽ താരം മറികടന്നത്. ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം എത്തിയ എംബപ്പെ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെ ഈ നേട്ടത്തിൽ മറികടക്കുകയും ചെയ്തു. വെറും രണ്ടേ രണ്ടു ലോകകപ്പുകളിൽ നിന്നാണ് 1998 ൽ ജനിച്ച എംബപ്പെ ഇത്രയും റെക്കോർഡുകൾ പഴയ കഥ ആക്കിയതിനാൽ തന്നെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാവാനുള്ള കുതിപ്പിൽ റൊണാൾഡോയെയും ക്ലോസെയെയും എല്ലാം ഈ പ്രതിഭാസം ഫുട്‌ബോളിൽ നിന്നു വിരമിക്കും മുമ്പ് മറികടക്കും എന്നു ഏതാണ്ട് ഉറപ്പാണ്.

ഒൻറിയെ മറികടന്നു ജിറൂദ്, ഫ്രാൻസിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി

ഫ്രാൻസിന് ആയി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഒളിവർ ജിറൂദ്. പോളണ്ടിനു എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതിയിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ ആണ് താരം റെക്കോർഡ് കുറിച്ചത്. ഇതോടെ ഫ്രാൻസിന് ആയി ജിറൂദ് നേടിയ ഗോളുകൾ 52 ആയി.

ഇതിഹാസതാരം തിയറി ഒൻറിയെ ആണ് 36 കാരനായ ജിറൂദ് 117 മത്തെ മത്സരത്തിൽ ഈ ഗോളോടെ മറികടന്നത്. ഈ ലോകകപ്പിൽ ജിറൂദ് നേടുന്ന മൂന്നാം ഗോൾ കൂടിയായിരുന്നു ഇത്. 2018 ലോകകപ്പിൽ ഫ്രാൻസ് ലോകകിരീടം നേടിയപ്പോൾ ഒരു ഗോൾ പോലും നേടാതിരുന്ന ജിറൂദ് പക്ഷെ ഈ ലോകകപ്പിൽ മൂന്നു ഗോളോടെ ടോപ്പ് സ്‌കോറർ പട്ടികയിൽ ആണ് ഉള്ളത്.

ഗബ്രിയേൽ ജീസുസിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരം എന്നു സൂചന

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവും എന്നു ഉറപ്പിച്ച ബ്രസീലിന്റെ ആഴ്‌സണൽ താരം ഗബ്രിയേൽ ജീസുസിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരം എന്നു സൂചന. നിലവിൽ താരത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരം എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ് എങ്കിലും പുറത്ത് വരുന്ന സൂചനകൾ അത്ര നന്നല്ല.

നിലവിൽ താരത്തിന് ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കും എന്നും അങ്ങനെ എങ്കിൽ മൂന്നു മാസത്തോളം താരം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് ബ്രസീൽ ക്യാമ്പിൽ നിന്നുള്ള സൂചന. ആഴ്‌സണലിന് വലിയ തിരിച്ചടി ആവും ഇത് നൽകുക. ഖത്തറിൽ നിന്നു ലണ്ടനിലേക്ക് മടങ്ങുന്ന ജീസുസിന്റെ പരിക്കിൽ കൂടുതൽ പരിശോധനകൾക്ക് മാത്രം ആവും താരത്തിന്റെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനം എടുക്കുക.

97 മത്തെ മിനിറ്റിൽ അർജന്റീനയെ അവസാന എട്ടിൽ എത്തിച്ച എമി മാർട്ടിനസ് സേവ്!!!

തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി 2 ഗോളുകൾ നേടി എങ്കിലും അവസാന നിമിഷങ്ങളിൽ അർജന്റീനക്ക് ഓസ്‌ട്രേലിയക്ക് എതിരെ കടുത്ത വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വന്നത്. അത് വരെ ഒന്നും ചെയ്യാനില്ലാത്ത അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വലയിലേക്ക് നിർഭാഗ്യം കൊണ്ട് എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ പിറന്നതോടെ ഓസ്‌ട്രേലിയക്ക് ആവേശമായി. തൊട്ടു പിന്നാലെ ലിസാൻഡ്രോ മാർട്ടിനസിന്റെ അവിശ്വസനീയ ബ്ലോക്ക് സമനില ഗോൾ തടയുന്നതും കണ്ടു.

ഗോൾ വഴങ്ങിയ ശേഷം അപാരമായി കളിക്കുന്ന അർജന്റീനയെ ആണ് പിന്നീട് കണ്ടത്. കൂടുതൽ തുറന്നു കിട്ടിയ ഓസ്‌ട്രേലിയൻ പോസ്റ്റിലേക്ക് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ മെസ്സി ഒരുക്കി നൽകിയ മൂന്നു സുവർണ അവസരങ്ങൾ പകരക്കാരനായി ഇറങ്ങിയ ലൗടാര മാർട്ടിനസ് പാഴാക്കുന്നത് അവിശ്വസനീയ കാഴ്ച ആയിരുന്നു. ഇടക്ക് മെസ്സിയുടെ ഷോട്ട് ബാറിന് മുകളിലൂടെയും പോയി. ഇതോടെ ഓസ്‌ട്രേലിയ സമനില കണ്ടത്താനുള്ള സൂചനയാണോ ഇതെന്ന് അർജന്റീന ആരാധകർ സംശയിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്തെ അവസാന നിമിഷം 97 മത്തെ മിനിറ്റിൽ ഓസ്‌ട്രേലിയക്ക് ലഭിച്ചത് സുവർണ അവസരം തന്നെ ആയിരുന്നു.

പകരക്കാരനായി ഇറങ്ങിയ ഗരങ് ഗുവോൾ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ക്രോസിൽ നിന്നു മികച്ച ഷോട്ട് ആണ് ഉതിർത്തത്. എന്നാൽ മത്സരത്തിൽ നേരിട്ട ആദ്യ വെല്ലുവിളി അവിശ്വസനീയം ആയി എമി മാർട്ടിനസ് ശാന്തത കൈവിടാതെ രക്ഷിക്കുന്നത് ആണ് അവിടെ ലോകം കണ്ടത്. പന്ത് എമി മാർട്ടിനസ് സേവ് ചെയ്ത ശേഷം നിലത്ത് കിടന്ന മാർട്ടിനസിനെ അർജന്റീന താരങ്ങൾ കിടന്നു കെട്ടിപ്പിടിച്ച രംഗത്തിൽ ഈ സേവ് എത്രത്തോളം പ്രധാനപ്പെട്ടത് ആണെന്ന് ഉണ്ടായിരുന്നു. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ വലിയ തിരിച്ചടിക്ക് ശേഷം മാർട്ടിനസും അർജന്റീന പ്രതിരോധവും അവസരത്തിനു ഒത്ത് ഉണരുന്ന കാഴ്‌ചയാണ്‌ കാണുന്നത്. ഇന്ന് 97 മത്തെ മിനിറ്റിൽ എമി മാർട്ടിനസിന്റെ സേവ് ആണ് അർജന്റീനയുടെ പ്രീ ക്വാർട്ടർ ജയം ഉറപ്പിച്ചത്.

റൊണാൾഡോയെ മറികടന്നു ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് ആയി മെസ്സി

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിയിലെ കേമൻ ആവുന്ന താരമായി മാറി ലയണൽ മെസ്സി. ഓസ്‌ട്രേലിയക്ക് എതിരെ ഇന്ന് പ്രീ ക്വാർട്ടറിൽ മെസ്സി നടത്തിയ അവിസ്മരണീയ പ്രകടനം ആണ് താരത്തിന് പുരസ്‌കാരം നേടി നൽകിയത്.

ഈ ലോകകപ്പിൽ മെസ്സി രണ്ടാം തവണയാണ് കളിയിലെ കേമൻ ആവുന്നത്. മൊത്തം 8 തവണ മെസ്സി ലോകകപ്പിൽ കളിയിലെ കേമൻ ആയിട്ടുണ്ട്. ലോകകപ്പിൽ 7 തവണ കളിയിലെ കേമൻ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ആറു തവണ കളിയിലെ കേമൻ ആയ ആര്യൻ റോബൻ എന്നിവരെ ആണ് മെസ്സി മറികടന്നത്.

Exit mobile version