ഇന്ത്യയെ വിറപ്പിച്ച് വെയിൽസ്, ഒടുവിൽ രണ്ട് ഗോള്‍ വ്യത്യാസത്തിൽ വിജയം

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. 4-2 എന്ന സ്കോറിന് ആണ് വെയിൽസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 2-0ന് മുന്നിട്ട് നിൽക്കുകയായിരുന്ന ഇന്ത്യയയ്ക്കെതിരെ രണ്ട് ഗോളുകള്‍ മടക്കി വെയിൽസ് ഒപ്പമെത്തിയപ്പോള്‍ വീണ്ടും ആകാശ്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു.

മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ട് ബാക്കിയുള്ളപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആകാശ്ദീപ് സിംഗ് രണ്ടും, ഷംഷേര്‍ സിംഗ് രണ്ടും ഗോളുകളാണ് ഇന്ത്യയ്ക്കായി നേടിയത്. വെയിൽസിനായാി ഗാരത് ഫര്‍ലോംഗും ജേക്കബ് ഡ്രേപ്പറും ഓരോ ഗോള്‍ നേടി.

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് സ്പെയിനിനെ ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ പൂള്‍ ഡിയിലെ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യയാകട്ടെ ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലാണ്ടുമായി ക്രോസ് ഓവര്‍ മത്സരം വിജയിച്ചാൽ മാത്രമേ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയുള്ളു.

99ആം മിനുട്ടിൽ ഇറാൻ!! വെയിൽസും ഏഷ്യൻ കരുത്തറിഞ്ഞു

ഖത്തർ ലോകകപ്പിൽ ഒരു തകർപ്പൻ പ്രകടനവുമായി ഇറാൻ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം സ്വന്തമാക്കി. വെയിൽസിന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാ‌ണ് ഇറാൻ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇതാദ്യമായാണ് ഇറാൻ ഒരു യൂറോപ്യൻ ടീമിനെ പരാജയപ്പെടുത്തുന്നത്.

ഇന്ന് ഇറാനും വെയിൽസിനും ഒരു വിജയം അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ഇരു ടീമുകളും അവരുടെ എല്ലാം നൽകിയ വിജയിക്കാൻ വേണ്ടി പൊരുതുന്നതാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ ആയത്. പന്ത് കൈവശം വെച്ചും നല്ല അവസരങ്ങൾ സൃഷ്ടിച്ചും ഇറാൻ കളിയിൽ മുന്നോട്ട് പോയി. 17ആം മിനുട്ടിൽ സർദസ് അസ്മൗനും ഗൊലിസാദയും നടത്തിയ നീക്കത്തിന് ഒടുവിൽ ഗൊലിസാദ ഗോൾ നേടി. പക്ഷെ അസ്മൗൺ പാസ് ചെയ്യുമ്പോൾ ഗൊലിസാദ ഓഫ് സൈഡ് ആണെന്ന് വിധി വന്നു‌.

ആദ്യ പകുതിയുടെ അവസാനം അസ്മൗണും ഒരു അവസരം കിട്ടി എങ്കിലും നൂറുള്ളാഹിയുടെ ക്രോസ് മീറ്റ് ചെയ്യാൻ സ്ട്രൈക്കർക്ക് ആയില്ല. രണ്ടാം പകുതിയിൽ ഇറാൻ തുടരെ ആക്രമണങ്ങൾ നടത്തി. 52ആം മിനുട്ടിൽ 9 സെക്കൻഡിന് ഇടയിൽ രണ്ട് തവണയാണ് ഗോൾ പോസ്റ്റ് ഇറാന് വില്ലനായത്.

ആദ്യം അസ്മൗന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആ പന്ത് കൈക്കലാക്കി ഗൊലിസദ തൊടുത്ത ഒരു കേർലറും പോസ്റ്റിൽ തട്ടി മടങ്ങി. അപ്പോൾ കിട്ടിയ പന്ത് അസ്മൗൺ തൊടുത്തത് നേരെ ഗോൾ കീപ്പർ ഹെന്നസിയുടെ കയ്യിലും ആയി. എങ്ങനെ സ്കോർ ഗോൾ രഹിതമായി നിന്നു എന്നത് ഏവർക്കും അത്ഭുതമായി.

73ആം മിനുട്ടിൽ എസൊറ്റലാഹിയുടെ ഷോട്ടും ഹെന്നസി തടഞ്ഞു‌. മറുവശത്ത് ഗരെത് ബെയ്ലിന് ഇന്ന് കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. 84ആം മിനുട്ടിൽ ബെൻ ഡേവിസിന്റെ ഷോട്ട് ഹൊസൈനി തടഞ്ഞ് കളി ഗോളില്ലാതെ നിർത്തി.

85ആം മിനുട്ടിൽ വെയിൽസ് ഗോൾ കീപ്പർ ഹെന്നസി ചുവപ്പ് കണ്ട് പുറത്ത് പോയി‌. ഗോൾ ലൈൻ വിട്ട് വന്ന ഹെന്നസി തരെമിക്ക് എതിരെ ഹൈ ഫൂട്ട് ഫൗൾ ചെയ്താണ് ചുവപ്പ് വാങ്ങി പുറത്ത് പോയത്. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് ആയി ഇത്.

വെയിൽസ് പത്തു പേരായി ചുരുങ്ങിയതിന് പിന്നാലെ ഇറാന്റെ അറ്റാക്കുകൾക്ക് ശക്തി കൂടി. 89ആം മിനുട്ടിലെ തരെമിയുടെ ഷോട്ട് ഇഞ്ചുകൾക്കാണ് പുറത്തേക്ക് പോയത്. അവസാനം തുടർ ആക്രമണങ്ങൾക്ക് 99ആം മിനുറ്റിൽ ഫലം കിട്ടി.

99ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ചെഷ്മി തൊടുത്ത ഷോട്ട് ഗോൾ വലയുടെ വലതു മൂലയിൽ പതിച്ചു. ഇറാന്റെ വിജയം ഉറപ്പായ നിമിഷം. ഇതിനു ശേഷം തിരിച്ചടിക്കാൻ വെയിൽസ് ശ്രമിച്ചത് ഇറാന്റെ മൂന്നാം ഗോളിന് വഴി തെളിച്ചു. ഒരു കൗണ്ടറിൽ നിന്ന് റെസെയിന്റെ വക മൂന്നാം ഗോൾ. വിജയം ഉറച്ചു.

ഇന്നത്തെ വിജയം ഇറാന് നോക്കൗട്ട് പ്രതീക്ഷ നൽകും. അവർക്ക് 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് ആയി. വെയിൽസിന് ആകെ ഒരു പോയിന്റ് മാത്രമെ ഉള്ളൂ.

64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ഒരു ലോകകപ്പ് ഗോൾ നേടുമ്പോൾ അത് ഗാരത് ബെയിൽ അല്ലാതെ ആരു നേടാൻ!

64 വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ലോകകപ്പ് കളിക്കാൻ എത്തിയ വെയിൽസ് ആദ്യ മത്സരത്തിൽ അമേരിക്കയെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചു വന്നാണ് വെയിൽസ് സമനില കണ്ടത്തിയത്. 64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ലോകകപ്പിൽ ഗോൾ കണ്ടത്തിയപ്പോൾ അത് നേടിയത് പ്രായം തളർത്താത്ത ഗാരത് ബെയിൽ അല്ലാതെ മറ്റാരും ആയിരുന്നില്ല.

പെനാൽട്ടി നേടിയ ബെയിൽ ആ പെനാൽട്ടി അനായാസം ലക്ഷ്യം കണ്ടാണ് തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടത്തിയത്. മത്സരത്തിൽ താരമായും ബെയിൽ തിരഞ്ഞെടുക്കപ്പെട്ടു. വെയിൽസിന് ലോകകപ്പ് യോഗ്യത നേടി നൽകാൻ പ്ലെ ഓഫിൽ അടക്കം ഗോളുകൾ നേടി തിളങ്ങിയ ബെയിൽ ആണ് വെയിൽസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ. ബെയിൽ വെയിൽസിന് ആയി നേടിയ 41 ഗോളുകളിൽ ആറെണ്ണം മാത്രമാണ് സൗഹൃദ മത്സരങ്ങളിൽ നിന്നുള്ളത് എന്ന കണക്ക് തന്നെ താരത്തിന്റെ മൂല്യം വെയിൽസിന് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ തെളിവ് ആണ്.

അമേരിക്കയെ തടഞ്ഞ് ഗരെത് ബെയ്ല്!! | ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പ്; അമേരിക്കയുടെ വിജയം തടഞ്ഞ് ഗരെത് ബെയ്ല്. ഇന്ന് വെയിൽസിന് എതിരെ വിജയത്തിലേക്ക് പോവുക ആയിരുന്ന അമേരിക്കയെ ബെയ്ലിന്റെ ഗോളിൽ വെയിൽസ് സമനിലയിൽ തളച്ചു. 1-1 എന്ന നിലയിൽ ആണ് മത്സരം അവസാനിച്ചത്. 83ആം മിനുട്ടിൽ ആയിരുന്നു ബെയ്ലിന്റെ സമനില ഗോൾ വന്നത്.

ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ വെയിൽസ് തുടക്കത്തിൽ ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്‌. യുവ അറ്റാക്കിങ് താരങ്ങൾ നിറഞ്ഞ അമേരിക്ക തുടക്കം മുതൽ വെയിൽസിന് എതിരെ അറ്റാക്കുകൾ ചെയ്തു. നിരവധി അവസരങ്ങളും അവർ സൃഷ്ടിച്ചു കൊണ്ടിരുന്നു. 36ആം മിനുട്ടിൽ അമേരിക്കയുടെ അറ്റാക്കുകൾക്ക് ഉള്ള ഫലം ലഭിച്ചു‌.

തിമൊതി വിയയുടെ ഒരു ഫസ്റ്റ് ടച്ച് ഫിനിഷ് ആണ് അമേരിക്കയ്ക്ക് ലീഡ് നൽകിയത്. പുലിസ്ക് നൽകിയ ത്രൂ പാസ് സ്വീകരിച്ചായിരുന്നു വിയയുടെ ഗോൾ‌. ഇതിഹാസ താരവും പിതാവുമായ ജോർജ് വിയക്ക് എത്താൻ കഴിയാതിരുന്ന ലോകകപ്പ് ഗോൾ എന്ന സ്വപനത്തിലാണ് മകൻ തിമൊതി വിയ ഈ ഗോളോടെ എത്തിയത്. ആദ്യ പകുതി ഈ ഗോളിന്റെ ബലത്തിൽ അമേരിക്ക 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ സ്ട്രൈക്കർ മൂറിനെ കളത്തിൽ എത്തിച്ച് വെയിൽസ് അറ്റാക്കിലേക്ക് തിരിഞ്ഞു. അവർ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ബെൻ ഡേവിസിന്റെ ഒരു ഹെഡർ 64ആം മിനുട്ടിൽ അമേരിക്കൻ ഗോൾ കീപ്പർ ടർണർ തട്ടിയകറ്റിയത് സ്കോർ 1-0 എന്ന് തന്നെ നിർത്തി.

സമനില നേടാൻ ആഞ്ഞു ശ്രമിച്ച വെയിൽസിന് രക്ഷയായി 83ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു. ക്യാപ്റ്റൻ ഗരെത് ബെയ്ലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ബെയ്ല് തന്നെ ആണ് എടുത്തത്. ബെയ്ലിന്റെ പെനാൾട്ടി സ്പോടിൽ നിന്നുള്ള ഇടം കാലൻ കിക്ക് വലയുടെ ഒരു കോർണറിൽ പതിച്ചു. സ്കോർ 1-1

ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇനി ഇംഗ്ലണ്ടും ഇറാനും ആണ് വെയിൽസിന്റെയും അമേരിക്കയുടെയും മുന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉള്ളത്.

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. 2014 നു ശേഷം ആദ്യ ലോകകപ്പിന് എത്തുന്ന അമേരിക്കക്ക് ഇത് 11 മത്തെ ലോകകപ്പ് ആണ്. ഗാരത് ബെയിൽ എന്ന ഇതിഹാസം ആണ് വെയിൽസിന്റെ പ്രധാന കരുത്ത്. വെയിൽസ് ജെഴ്‌സിയിൽ എന്നും തിളങ്ങുന്ന ബെയിലിന്റെ മികവ് തന്നെയാണ് അവരെ ലോകകപ്പ് വേദിയിൽ എത്തിച്ചത്.

മുന്നേറ്റത്തിൽ ബെയിലിന് ഒപ്പം ഡാനിയേൽ ജെയിംസ്, ബ്രണ്ണൻ ജോൺസൻ എന്നീ യുവരക്തങ്ങളും അമേരിക്കക്കു പ്രശ്നങ്ങൾ സൃഷ്ടിക്കും. മധ്യനിരയിൽ പരിച്ചയസമ്പന്നനായ ആരോൺ റംസി തിളങ്ങേണ്ടത് വെയിൽസിന് പ്രധാനമാണ്. ഹെന്നസിക്ക് മുന്നിൽ പ്രതിരോധത്തിൽ നികോ വില്യംസ്, കോൾവിൽ തുടങ്ങിയ യുവതാരങ്ങളും അവർക്ക് ഉണ്ട്. മറുവശത്ത് യുവത്വം ആണ് അമേരിക്കയുടെ കരുത്ത്. മുന്നേറ്റത്തിൽ ക്രിസ്റ്റിയൻ പുലിസികിന് കൂട്ടായി ജിയോവാണി റെയ്‌ന എന്ന 19 കാരൻ ഉണ്ട്. ഡോർട്ട്മുണ്ടിലെ മികവ് ദേശീയ ടീമിൽ താരം പുറത്ത് എടുത്താൽ വെയിൽസ് പ്രതിരോധം താരത്തെ നേരിടാൻ വിയർക്കും.

വിങിൽ ടിം വിയ വെയിൽസിന് വലിയ തലവേദന ആവും നൽകുക. മധ്യനിരയിൽ മക്കെന്നി, ആരോൺസൺ, ടെയിലർ ആദംസ്, അക്കോസ്റ്റ തുടങ്ങി മികച്ച യുവ താരങ്ങളുടെ ഒരു നിര തന്നെ അമേരിക്കക്ക് ഉണ്ട്. മികച്ച വിങ് ബാക്കുകൾ ആണ് അമേരിക്കൻ കരുത്ത്. സെർജിനോ ഡെസ്റ്റ്, യെഡലിൻ തുടങ്ങി മികച്ച വേഗമുള്ള താരങ്ങൾ ഏത് പ്രതിരോധത്തിനും വെല്ലുവിളി ആണ്. ഗോൾ കീപ്പർ ആയി ആഴ്‌സണലിന്റെ മാറ്റ് ടർണർ ആവും അമേരിക്കൻ വല കാക്കുക. വെയിൽസ് ജെഴ്‌സി അണിഞ്ഞാൽ പ്രായം മറന്നു അസാധ്യ മികവിലേക്ക് ഉയരുന്ന ഗാരത് ബെയിൽ മുന്നിൽ നിന്നു നയിക്കുമ്പോൾ വെയിൽസ് അമേരിക്കൻ യുവടീമിനു വെല്ലുവിളി ആവും എന്നുറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 നു അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

ഫുട്‌ബോൾ ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ പേരു മാറ്റാൻ ഒരുങ്ങി വെയിൽസ്

ഫുട്‌ബോൾ ലോകകപ്പിന് ശേഷം ‘Cymru’ എന്ന പേര് ദേശീയ ടീമിനു ഉപയോഗിക്കാൻ ഒരുങ്ങി വെയിൽസ്. നിലവിൽ ഇതിനകം തന്നെ ഇതിനായി അവർ യുഫേഫയെ സമീപിച്ചു കഴിഞ്ഞു. പ്രാദേശിക തലത്തിൽ ‘Cymru’ എന്ന പേരിൽ ആണ് ഇതിനകം തന്നെ അവർ അറിയപ്പെടുന്നത്. സുഹൃത്തുക്കൾ/സഹ ജനങ്ങൾ എന്നു അർത്ഥം വരുന്ന വെൽഷ് ഭാഷയിലുള്ള ഈ പേരിൽ തങ്ങളുടെ ദേശീയ ടീം അറിയപ്പെടണം എന്ന ആഗ്രഹം ആണ് ഈ തീരുമാനത്തിന് പിറകിൽ. വെയിൽസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടണം എന്നു ആഗ്രഹിക്കുന്ന ദേശീയവാദികൾ ആണ് പ്രധാനമായും ഈ പേര് ഉപയോഗിക്കുന്നത്.

വിദേശികൾ/പുറത്ത് നിന്നുള്ളവർ എന്നു അർത്ഥമുള്ള വെയിൽസ് എന്ന വാക്ക് ബ്രിട്ടീഷുകാർ തങ്ങൾക്ക് ചാർത്തി നൽകിയ പദം ആണെന്നും അവർ ആരോപിക്കുന്നു. പലപ്പോഴും രാജ്യത്തിന്റെ പേര് ആയും അവർ ‘Cymru’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. 1958 നു ശേഷം 64 വർഷങ്ങൾക്ക് ശേഷമാണ് ഗാരത് ബെയിലിന്റെ നേതൃത്വത്തിൽ വെയിൽസ് ഒരു ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. യുഫേഫ പേര് മാറ്റാൻ സമ്മതിച്ചില്ലെങ്കിൽ തുർക്കി ചെയ്ത പോലെ തുർക്കിയെ എന്ന പേരിൽ രാജ്യത്തിന്റെ പേര് മാറ്റാൻ തന്നെ ചിലപ്പോൾ വെയിൽസ് തയ്യാറായേക്കും.

റോബർട്ട് പേജ് തന്നെ വെയ്ൽസിനെ മുന്നോട്ട് നയിക്കും, പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു

വെയ്ൽസ് ദേശിയ ടീം പരിശീലകൻ റോബർട്ട് പേജ് പുതിയ കരാർ ഒപ്പുവെച്ചു. അടുത്ത കാലത്ത് ടീമിന്റെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ച തങ്ങളുടെ മുൻ ദേശിയ താരം കൂടിയായ പെയ്ജിന് കരാർ പുതുക്കി നൽകുന്നതിന് വെയ്ൽസിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ നിലവിലെ കരാർ ഈ ലോകകപ്പോടെ അവസാനിക്കാൻ ഇരിക്കുകയിരുന്നു. പുതിയ കരാർ പ്രകാരം 2026 ലോകകപ്പ് വരെ അദ്ദേഹം തൽസ്ഥാനത്തു തുടരും.

https://twitter.com/Cymru/status/1569559121556283392?t=OOvwtHCjWBuCn2r49C7YMw&s=19

2020ലാണ് റയാൻ ഗിഗ്‌സിൽ നിന്നും പെയ്ജ് വെയിൽസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ടീം തങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. 1958ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടി. നാഷൻസ് ലീഗിലും ടീം മികച്ച പ്രകടനം പുറത്തെടുത്തു. ദേശിയ ടീമിനെ പരിശീലിപ്പിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം കരാർ ഒപ്പിട്ടുക്കൊണ്ട് പ്രതികരിച്ചു. അറുപതിനാല് വർഷത്തിന് ശേഷമുള്ള ടീമിന്റെ ആദ്യ ലോകകപ്പിനും തുടർന്നും ഉള്ള വെല്ലുവിളികൾക്ക് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെയിൽസിനെതിരെ വിജയം, ഇന്ത്യന്‍ പുരുഷ ടീമും സെമിയിൽ

വെയിൽസിനെതിരെയുള്ള വിജയത്തോടെ പൂള്‍ ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് വെയിൽസിനെതിരെ 4-1ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമമാക്കിയത്.

ഹര്‍മ്മന്‍പ്രീത് സിംഗിന്റെ ഹാട്രിക്കാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍.

വെയിൽസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ തുടങ്ങി

വനിത ജൂനിയര്‍ ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ച വിജയം. വെയിൽസിനെതിരെ ഇന്ത്യ ആദ്യ മത്സരത്തിൽ 5 – 1ന് ആണ് വിജയം കരസ്ഥമാക്കിത്. ലാല്‍റെംസിയാമി, മുംതാസ് ഖാന്‍, ദീപിക എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ ഗോള്‍ നേടിയപ്പോള്‍ ലാല്‍റിണ്ടിക്കി രണ്ട് ഗോള്‍ നേടി. മില്ലി ഹോം വെയിൽസിന്റെ ആശ്വാസ ഗോള്‍ നേടി.

ഇന്നത്തെ മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് അയര്‍ലണ്ടിനെയും(2-1) നെതര്‍ലാണ്ട്സ് കാനഡയെയും(11-0) യുണൈറ്റഡ് സ്റ്റേറ്റ്സ് സിംബാബ്‍വേയെയും(5-0) ജര്‍മ്മനി മലേഷ്യയെയും(10-0) പരാജയപ്പെടുത്തി.

ഏപ്രിൽ ഒന്നിന് നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും(3-0), നെതര്‍ലാണ്ട്സ് യുണൈറ്റഡ് സ്റ്റേറ്റ്സിനെയും(9-0), സിംബാബ്‍വേ കാനഡയെയും(2-1) കൊറിയ ഉറുഗ്വായേയും(1-0)) അര്‍ജന്റീന ഓസ്ട്രിയയെയും(8-0) പരാജയപ്പെടുത്തി.

വെയ്ൽസിനായി തുടർന്നും കളിക്കുമെന്ന് ഗാരെത് ബെയ്ൽ

ഫുട്ബാൾ കളിക്കുന്ന കലാത്തോളം രാജ്യത്തിനായി കളിക്കുമെന്ന് വെയ്ൽസ് താരം ഗാരെത് ബെയ്ൽ. കഴിഞ്ഞ ദിവസം ഡെന്മാർക്കിനോട്‌ തോറ്റ് വെയ്ൽസ് യൂറോ കപ്പിൽ നിന്ന് പുറത്ത്പോയിരുന്നു. തുടർന്ന് മത്സര ശേഷം വെയ്ൽസിൽ തന്റെ ഭാവിയെ പറ്റി പത്രപ്രവത്തകർ ചോദിച്ചപ്പോൾ ഗാരെത് ബെയ്ൽ പ്രതികരിക്കാതെ പോവുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് പ്രതികരണവുമായി ബെയ്ൽ രംഗത്തെത്തിയത്. താൻ ഫുട്ബോൾ കളിക്കുന്ന കാലത്തോളം വെയ്ൽസിന് വേണ്ടി കളിക്കുമെന്ന് താരം പറഞ്ഞു. തനിക്ക് ഇനിയും കളിക്കണമെന്നും വെയ്ൽസിനായി കളിക്കാൻ താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും ഗാരെത് ബെയ്ൽ പറഞ്ഞു. നേരത്തെ യൂറോ കപ്പിന് മുൻപ് യൂറോ കപ്പ് അവസാനിച്ചതിന് ശേഷം തന്റെ ഭാവിയെ പറ്റി പറയുമെന്നും ഗാരെത് ബെയ്ൽ പറഞ്ഞിരുന്നു.

ക്രൊയേഷ്യയെ സമനിലയിൽ കുരുക്കി വെയിൽസ്

യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയിൽസ്. ആവേശോജ്വലമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 9 ആം മിനുട്ടിൽ നിക്കോള വ്ലാസിച് ക്രൊയേഷ്യക്ക് വേണ്ടി ഗോളടിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ ഗാരെത് ബെയ്ലിലൂടെ വെയിൽസ് തിരിച്ചടിച്ചു. ഗ്രൂപ്പ് എഫ് ലീഡേഴ്സായ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ യൂറോപ്യൻ യോഗ്യത എന്ന കടമ്പ വെയിൽസിന്റെ അടുത്തെത്തിയെനെ.

എന്നാൽ ഗാരെത് ബെയ്ലും സംഘവും രണ്ടാം ഗോൾ അടിക്കാൻ പരാജയപ്പെട്ടതിനാൽ ഇനി ഗ്രൂപ്പിലെ മറ്റ് ടീമുകളെ ആശ്രയിച്ചാകും യോഗ്യത നേടാനാകുക. സ്ലോവക്യയെ നേരിടുന്ന ക്രൊയേഷ്യയുടെ സഹായമില്ലാതെ വെയിൽസിന് യോഗ്യത നേടാനാകില്ല. ക്രൊയേഷ്യയും യൂറോ കപ്പിനായുള്ള യോഗ്യത നേടിയിട്ടില്ല. ലൂക്ക മോഡ്രിച് പരിക്കേറ്റ് പുറത്ത് പോയത് ക്രൊയേഷ്യയേയും ബാധിച്ചു. ഹങ്കറിയും അസർബൈജാനുമാണ് വെയിൽസിന്റെ ഇനിയുള്ള എതിരാളികൾ. അതേ സമയം സ്ലോവാക്യക്ക് പുറമേ ജോർജിയയോട് ആണ് ക്രൊയേഷ്യ ഏറ്റുനുട്ടേണ്ടത്.

യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം, അയർലണ്ട് പുറത്തേക്ക്

ഡർബി താരം വിൽസൺ നേടിയ ഫ്രീകിക്ക് ഗോളിൽ യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അയർലണ്ടിനെതിരെ വെയിൽസിന്റെ ജയം. രണ്ടാം പകുതിയിലാണ് ലിവർപൂളിൽ നിന്ന് ലോണിലുള്ള വിൽസൺ ഫ്രീ കിക്കിലൂടെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ മാസം ഡെർബി കൗണ്ടിക്ക് വേണ്ടി മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയും വിൽസൺ ഫ്രീ കിക്കിലൂടെ ഗോൾ നേടിയിരുന്നു.

തോൽവിയോടെ യുവേഫ നേഷൻസ് ലീഗിലെ ബി4  ഗ്രൂപ്പിൽ നിന്ന് അയർലണ്ട് തരം താഴ്ത്തപ്പെടും. നേരത്തെ വെയിൽസിന്റെ സ്വന്തം ഗ്രൗണ്ടിൽ വെച്ചും 4-1ന് വെയിൽസ്‌ അയർലണ്ടിനെ തോൽപ്പിച്ചിരുന്നു. 13 വർഷത്തിനിടെ ആദ്യമായിട്ടാണ് ആരോൺ റാംസിയും ഗാരെത് ബെയ്‌ലും ഇല്ലാതെ വെയിൽസ്‌ ഒരു മത്സരം ജയിക്കുന്നത്.

Exit mobile version