കാനറികളുടെ ചിറകരിഞ്ഞ് സെനഗൽ!! ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി

ബ്രസീലിന് ഷോക്ക് കൊടുത്ത് സെനഗൽ. ഇന്ന് പോർച്ചുഗലിൽ സെനഗലിനെ നേരിട്ട ബ്രസീൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കാനറികൾ വീണത്. 11ആം മിനുട്ടിൽ ഒരു ക്രോസിൽ നിന്ന് ഹെഡറിലൂടെ ലൂകാസ് പക്വേറ്റയ അണ് ബ്രസീലിന് ലീഡ് നൽകിയ്ത്.

ഈ ഗോളിന് 22ആം മിനുട്ടിൽ ഡിയാലോ സമനില ഗോൾ നേടി. ഒരു മനോഹര വോളിയിലൂടെ ആയിരുന്നു ഡിയലോയുടെ ഫിനിഷ്. രണ്ടാം പകുതിൽ 52ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ സെനഗൽ ലീഡ് എടുത്തു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം സെനഗൽ സാഡിയോ മാനെയിലൂടെ മൂന്നാം ഗോളും നേടി.

58ആം മിനുട്ടിൽ മാർക്കിനസ് ഒരു ഗോൾ ബ്രസീലിനായി നേടി സ്കോർ 3-2 എന്ന് ആക്കി എങ്കിലും സമനിലയിലേക്ക് എത്താൻ അവർക്ക് ആയില്ല. മത്സരത്തിന്റെ അവസാന മിനുട്ടിൽ വീണ്ടും മാനെ ഗോൾ നേടിയതോടെ സെനഗൽ 4-2ന്റെ വിജയം ഉറപ്പിച്ചു. അവസാന ഒമ്പതു വേഷങ്ങളിൽ ആദ്യമായാണ് ബ്രസീൽ ഒരു കളിയിൽ 4 ഗോളുകൾ വഴങ്ങുന്നത്.

ഇംഗ്ലീഷ് സിംഹങ്ങൾക്ക് മുന്നിൽ സെനഗൽ വീര്യം

വൻകരകളുടെ പോരാട്ടമായി മാറുന്ന ഖത്തർ ലോകകപ്പ് നാലാം പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ടും സെനെഗലും നേർക്കുനേർ. നിലവിലെ ആഫ്രിക്കൻ ചാമ്പ്യന്മാർക്കെതിരെ ഇംഗ്ലീഷ് പട ഇറങ്ങുമ്പോൾ, ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യൻ സമയം തിങ്കളാഴ്‌ച്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.

ഗ്രൂപ്പ് എയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സെനെഗൽ എത്തുന്നത്. നെതർലാന്റ്സിന് മുന്നിൽ വീണെങ്കിലും ഖത്തറിനെയും ഇക്വഡോറിനേയും വീഴ്ത്തി നോകൗട്ട് ഉറപ്പിച്ചു. മുന്നേറ്റത്തിൽ സാദിയോ മാനെയുടെ അഭാവം ടീം നേരിടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സൂപ്പർ താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്വം ആഫ്രിക്കൻ ചാംപ്യന്മാർക്കുണ്ട്. കരുത്തനായ കുളിബാലി അടക്കം പ്രതിരോധത്തിൽ ഉണ്ടെങ്കിലും ഗ്രൂപ്പ്‌ ഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും മെന്റി വല കാത്ത പോസ്റ്റിലേക്ക് ഗോൾ എത്തിയിരുന്നു. ഇസ്മയില സാറും, ഇദ്രിസ ഗ്വിയെയും അടക്കം പ്രമുഖ താരങ്ങൾ എല്ലാം ആദ്യ ഇലവനിൽ എത്തും. വൻകരയുടെ ജേതാക്കൾക്കൊത്ത പ്രകടനം തന്നെ ടീം പുറത്തെടുത്താൽ ഇംഗ്ലണ്ട് വിയർക്കും

സൗത്ത്ഗേറ്റിന് കീഴിൽ തുടർച്ചയായ മൂന്നാം തവണയാണ് ഒരു മേജർ ടൂർണമെന്റ് നോകൗട്ട് ഘട്ടത്തിലേക്ക് ഇംഗ്ലണ്ട് കടക്കുന്നത്. പക്ഷെ ഇത്തവണയും കിരീടം ഇല്ലെങ്കിൽ വിമർശങ്ങൾക്ക് മൂർച്ച കൂടും എന്നുള്ളത് ഉറപ്പാണ്. ഗ്രൂപ്പ് ബിയിൽ തോൽവി അറിയാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്.

ഇറാനെതിരെ വമ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും യുഎസ്എക്കെതിരെ വീണ്ടും “സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ടിനെ” കാണാൻ ആയി. സുപ്രധാന മത്സരങ്ങളിൽ ആരാധകരെ ആധി പിടിപ്പിക്കുന്നതും ഇതാണ്. വെയിൽസിനെതിരെ ഇറങ്ങിയ ഹെൻഡേഴ്‌സൻ ബെഞ്ചിലേക്ക് മടങ്ങിയേക്കും. ഇരട്ട ഗോളുകൾ നേടിയ റഷ്ഫോഡ് തന്നെ ആദ്യ ഇലവനിൽ എത്തിയേക്കും. സ്റ്റർലിങ്ങോ ഫോഡനോ ഈ സ്ഥാനത്ത് എത്താനും സാധ്യത ഉണ്ട്. വെയിൽസിനെതിരെ വിശ്രമം ലഭിച്ച മേസൻ മൗണ്ടും സാകയും ടീമിലേക് തിരിച്ചെത്തും.

ആദ്യ പ്രീക്വാർട്ടറുകൾ തീരുമാനമായി, ഇനി കളി മാറും

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ച് തുടങ്ങിയതോടെ ലോകകപ്പ് പ്രീക്വാർട്ടർ ലൈനപ്പുകൾ അറിഞ്ഞു തുടങ്ങി. ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും ടീമുകളുടെ അടുത്ത എതിരാളികൾ ആണ് തീരുമാനം ആയിരിക്കുന്നത്‌. എ ഗ്രൂപ്പിൽ നിന്ന് നെതർലാൻഡ്സും സെനഗലും ആണ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ എത്തി.

എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അമേരിക്കയെ ആകും നേരിടുക. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സെനഗൽ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയും നേരിടും. ഡിസംബർ 3ന് ആണ് നെതർലന്റ്സും അമേരിക്കയും തമ്മിലുള്ള മത്സരം. ഡിസംബർ 4ന് സെനഗലും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

അന്ന് ക്യാപ്റ്റൻ ആയി, ഇന്ന് പരിശീലകൻ ആയി! 20 വർഷങ്ങൾക്ക് ശേഷം സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ

ലോകകപ്പിൽ ചരിത്രത്തിൽ രണ്ടാം തവണ സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ. 2002 ൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച സെനഗൽ അന്ന് ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസിനെ അടക്കം അട്ടിമറിച്ചു ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് അവർ അവസാന പതിനാറിൽ എത്തുന്നത്. 2002 ലോകകപ്പിൽ ക്യാപ്റ്റൻ ആയി അവരെ ലോകകപ്പ് അവസാന പതിനാറിൽ എത്തിച്ച അലിയോ സിസെ ഇത്തവണ പരിശീലകൻ ആയാണ് അവരെ അവസാന പതിനാറിൽ എത്തിച്ചത്.

2002 ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്യാപ്റ്റൻ ആയി ടീമിനെ ഫൈനലിൽ എത്തിച്ചു എന്നും അന്ന് പെനാൽട്ടി പാഴാക്കി സിസെ വില്ലൻ ആയിരുന്നു. 2018 ൽ ലോകകപ്പിൽ സെനഗലിന് വെറും രണ്ടാം തവണ യോഗ്യത നേടി നൽകിയ സിസെക്ക് പക്ഷെ റഷ്യയിൽ നിർഭാഗ്യം വില്ലനായി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമപ്രകാരം ആണ് അന്ന് സെനഗൽ ലോകകപ്പിൽ നിന്നു പുറത്ത് പോയത്. 2019 ൽ 17 വർഷങ്ങൾക്ക് ശേഷം ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ രാജ്യത്തെ എത്തിക്കാൻ സിസെക്ക് ആയെങ്കിലും ഫൈനലിൽ അന്ന് അൾജീരിയക്ക് മുന്നിൽ അവർ ഒരു ഗോളിന് വീണു. എന്നാൽ 2022 ൽ ഈജിപ്തിനെ പെനാൽട്ടിയിൽ മറികടന്നു സെനഗലിന് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കിരീടം നേടി നൽകിയ സിസെ അന്ന് തന്റെ പെനാൽട്ടി പാഴാക്കിയതിന് പരിഹാരം ചെയ്തിരുന്നു.

ഇപ്പോൾ സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും ടീമിനെ ചരിത്രത്തിൽ വെറും രണ്ടാം തവണ ഗ്രൂപ്പ് ഘട്ടം കടത്താനും സിസെക്ക് ആയി. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ വിറപ്പിച്ച അവർ ഖത്തർ, ഇക്വഡോർ ടീമുകളെ തോൽപ്പിച്ചു ആണ് അവസാന പതിനാറിൽ എത്തുന്നത്. അവസാന പതിനാറിൽ മിക്കവാറും ഇംഗ്ലണ്ട് ആവും ആഫ്രിക്കൻ ചാമ്പ്യന്മാരുടെ എതിരാളികൾ. 7 വർഷമായി സെനഗലിന് തന്ത്രങ്ങൾ ഒരുക്കുന്ന സിസെ ആഫ്രിക്കൻ പരിശീലകർക്ക് തന്നെ വലിയ മാതൃക ആണ് സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടിന് മാനെയുടെ അഭാവത്തിലും സിസെയുടെ പോരാടാൻ അറിയാവുന്ന സംഘം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.

സെനഗൽ!! ആഫ്രിക്കൻ പ്രതീക്ഷകളുമായി പ്രീക്വാർട്ടറിൽ!!

ഗ്രൂപ്പ് എയിൽ ഹോളണ്ടിനു പിന്നിൽ രണ്ടാം സ്ഥാനക്കാർ ആയി ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗൽ അവസാന പതിനാറിൽ. നിർണായക മത്സരത്തിൽ ആവേശപോരാട്ടത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു ആണ് അവർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. പന്ത് കൈവശം വക്കുന്നതിൽ ഇക്വഡോർ ആധിപത്യം കണ്ട മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഹിൻകാപി തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി മാനെയുടെ അഭാവത്തിൽ അനായാസം ലക്ഷ്യം കണ്ട ഇസ്മായില സാർ 44 മത്തെ മിനിറ്റിൽ സെനഗലിന് മുൻതൂക്കം സമ്മാനിച്ചു.രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി പൊരുതുന്ന ഇക്വഡോറിനെ ആണ് കാണാൻ ആയത്. അടുത്ത റൗണ്ടിൽ എത്താൻ സമനില മതി ആയിരുന്ന അവർ പരിക്ക് മറികടന്നു കളിക്കുന്ന എന്നർ വലൻസിയയെ മുന്നിൽ നിർത്തി പൊരുതി. അതിനു ഫലം ആയി 67 മത്തെ മിനിറ്റിൽ അവർ സമനില ഗോൾ കണ്ടത്തി.

കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ടോറസിന്റെ ഹെഡറിൽ നിന്നു ലഭിച്ച പന്ത് മോയിസസ് കായിസെഡോ ലക്ഷ്യം കണ്ടു ഇക്വഡോറിന് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. എന്നാൽ 3 മിനിറ്റിനുള്ളിൽ സെനഗൽ മുൻതൂക്കം തിരിച്ചു പിടിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ചെൽസി പ്രതിരോധതാരം കൊലിബാലി ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് വിജയഗോൾ സമ്മാനിച്ചു. അവസാനം സമനിലക്ക് ആയി ഇക്വഡോർ പൊരുതിയെങ്കിലും സെനഗൽ പ്രതിരോധം വിട്ടു കൊടുത്തില്ല. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ ആയ ഹോളണ്ടിനു 7 പോയിന്റുകൾ ഉള്ളപ്പോൾ സെനഗലിന് 6 പോയിന്റും ഇക്വഡോറിന് 4 പോയിന്റും ആണ് ഉള്ളത്. 2002 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് സെനഗൽ ലോകകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.

ഖത്തറിൽ നിന്ന് ഖത്തർ പുറത്ത്!!

ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഗ്രൂപ്പ് എയിൽ ഉള്ള ഖത്തർ ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇക്വഡോറും നെതർലാന്റ്സും സമനിലയിൽ പിരിഞ്ഞതോടെയാണ് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായത് ഉറപ്പായത്. ഇതിനകം രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയ ഖത്തർ ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.

സെനഗലിനോടും ഇക്വഡോറിനോടും പരാജയപ്പെട്ട ഖത്തർ പൂജ്യം പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇക്വഡോറും നെതർലന്റ്സും ഇപ്പോൾ നാലു പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. സെനഗൽ മൂന്ന് പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ഈ മൂന്ന് ടീമുകൾക്കുമേ ഇനി നോക്കൗട്ട് റൗണ്ട് സാധ്യത ഉള്ളൂം

അടുത്ത ചൊവ്വാഴ്ച ഗ്രൂപ്പ് എയിലെ അവസാന റൗണ്ടിൽ ഇക്വഡോറും സെനഗലും ഏറ്റുമുട്ടും, അതേസമയം ലൂയിസ് വാൻ ഗാലിന്റെ ഡച്ച് ടീം ആതിഥേയരെയും നേരിടും. ഒരു സമനില മതി ഹോളണ്ടിന് നോക്കൗട്ട് ഘട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ.

സെനഗലിന് ആദ്യ ജയം, ഖത്തറിന് ആശ്വാസമായി ലോകകപ്പിലെ ആദ്യ ഗോൾ

ആതിഥേയരായ ഖത്തറിന് സെനഗലിനെതിരെ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സെനഗലിനോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌. ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ പരാജയം ആണ് ഖത്തർ വഴങ്ങിയത്. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് ഗോൾ നേടി എന്നത് ഈ മത്സരത്തിൽ ഖത്തറിന് ആശ്വാസമായി.

ഇന്ന് പതിയെ ആണ് സെനഗലും ഖത്തറും മത്സരം ആരംഭിച്ചത്. 16ആം മിനുട്ടിൽ സെനഗലിന്റെ ആദ്യ നല്ല അവസരം വന്നു. പക്ഷെ ഡിയാറ്റയുടെ ഷോട്ട് കാര്യമായ വെല്ലുവിളി ആയില്ല. സെനഗലിന്റെ ആദ്യ ഗോൾ വന്നത് 41ആം മിനുട്ടിൽ ആയിരുന്നു. ഖത്തർ ഡിഫൻഡറുടെ പിഴവ് മുതലെടുത്ത് ബൗലയെ ദിയ ഗോൾ നേടുക ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിലൂടെ സെനഗൽ രണ്ടാം ഗോൾ കണ്ടെത്തി. ഫ്രണ്ട് പോസ്റ്റിൽ പിറന്ന ഹെഡർ വഴി ഫമാര ദൈദിയോ ആണ് രണ്ടാം ഗോൾ നേടിയത്.

78ആം മിനുട്ടിൽ മൊഹമ്മദ് മുന്താരിയിലൂടെ ആണ് ഖത്തർ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തിയത്. ഈ ഗോളിന് ശേഷം കുറച്ച് സമയം ഖത്തർ കളിയിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയിൽ കളിച്ചു. പക്ഷെ 84ആം മിനുട്ടിലെ ബാംബ ദിയെങിന്റെ ഫിനിഷ് സെനഗലിന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു‌.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സെനഗലിന് മൂന്ന് പോയിന്റ് ആണുള്ളത്. ഖത്തറിന് പൂജ്യം പോയിന്റും. സെനഗൽ അടുത്ത മത്സരത്തിൽ ഇക്വഡോറിനെയും ഖത്തർ നെതർലാന്റ്സിനെയും നേരിടും.

ആദ്യ പകുതിയിൽ സെനഗലും ഹോളണ്ടും ഒപ്പത്തിന് ഒപ്പം | ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പ്: ഇന്ന് ദോഹയിൽ ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സും സെനഗലും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.

ഇന്ന് ദോഹയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിൽക്കുന്നതാണ് കണ്ടത്. നെതർലന്റ്സിന്റെ ആധിപത്യം പ്രതീക്ഷിച്ചവർ ആഫ്രിക്കൻ ചാമ്പ്യന്മാരെ വില കുറച്ച് കണ്ടു പോയെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു കാണും. ഇന്ന് മത്സരത്തിന്റെ 9ആം മിനുട്ടിൽ സെനഗലിൽ നിന്നാണ് ആദ്യ ഗോൾ ശ്രമം വന്നത്. സാർ എടുത്ത ഇടം കാലൻ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി.

മറുവശത്ത് നെതർലന്റ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവരുടെ ഫൈനൽ ബോളുകൾ ദയനീയമായത് അവസരങ്ങൾ എവിടെയും എത്താതിരിക്കാൻ കാരണമായി. 24ആം മിനുട്ടിൽ ഒരിക്കൽ കൂടെ സാറിന്റെ നല്ല ഷോട്ട് കാണാൻ ആയി. ഇത്തവണ വാൻ ഡൈകിന്റെ തല കൊണ്ടുള്ള ബ്ലോക്ക് നെതർലന്റ്സിനെ രക്ഷിച്ചു.

ഇരു ടീമുകളും ആദ്യ പകുതിയിൽ കാര്യമായി ഗോൾ കീപ്പർമാരെ പരീക്ഷിച്ചില്ല എന്ന് പറയാം. ടാർഗറ്റിലേക്ക് എന്ന് പറയാൻ മാത്രം ഒരു ഷോട്ട് ടാർഗറ്റിലേക്ക് വന്നതുമില്ല. ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് വന്നത്. രണ്ടാം പകുതിയിൽ കുറച്ചു കൂടെ തുറന്ന ഒരു പോരാട്ടം പ്രതീക്ഷിക്കാം.

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ മാനെക്ക് വേണ്ടി ഡച്ച് പടയെ പിടിച്ചു കെട്ടാൻ സെനഗൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ യൂറോപ്യൻ വമ്പന്മാർ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗലിനെ നേരിടും. ലോകകപ്പിൽ ഇത് വരെ ആഫ്രിക്കൻ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇത് വരെ സെനഗൽ യൂറോപ്യൻ രാജ്യങ്ങളോട് പരാജയം അറിഞ്ഞിട്ടില്ല. 2002 ൽ ഫ്രാൻസിനെ അട്ടിമറിച്ച അവർ കഴിഞ്ഞ ലോകകപ്പിൽ പോളണ്ടിനെയും തോൽപ്പിച്ചിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വാൻ ഹാളിനു കീഴിൽ മികച്ച ടീമും ആയി ഇറങ്ങുന്ന ഹോളണ്ട് 1994 നു ശേഷം ഇത് വരെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താൻ ആവും ഇന്ന് ഇറങ്ങുക.

മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പരിചയാസമ്പത്തും ഹോളണ്ടിനു ആവോളം ഉണ്ട്. ക്യാപ്റ്റൻ വാൻ ഡെയ്കും ഒപ്പം ഡിലിറ്റും നയിക്കുന്ന പ്രതിരോധം മറികടക്കുക ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് അത്ര എളുപ്പമുള്ള പണി ആവില്ല. മധ്യനിരയിൽ ഫ്രാങ്കി ഡിയോങിന് ഒപ്പം യുവതാരം സാവി സിമൻസിന്റെ പ്രകടനം ആവും പലരും ഉറ്റു നോക്കുന്ന ഒന്നു. മധ്യനിരയിൽ ഡിയോങ് തിളങ്ങിയാൽ ഓറഞ്ചു പടക്ക് കാര്യങ്ങൾ എളുപ്പമാകും. മുന്നേറ്റത്തിൽ ഡീപായിയുടെ അഭാവത്തിൽ യുവതാരം കോഡി ഗാക്പോ ആവും സെനഗലിന് പ്രധാന വെല്ലുവിളി ആവുക. മെന്റി ഗോളിലും കോലുബാലി പ്രതിരോധത്തിലും നിൽക്കുമ്പോൾ സെനഗൽ പ്രതിരോധം അത്ര എളുപ്പം വീഴും എന്നു കരുതുക വയ്യ.

എന്നാൽ സെനഗലിന്റെ പ്രധാന നഷ്ടം മുന്നേറ്റത്തിൽ അവരുടെ എല്ലാം എല്ലാമായ സാദിയോ മാനെയുടെ അഭാവം ആണ്. ടീമിന്റെ ഹൃദയം ആയ മാനെയുടെ അസാന്നിധ്യത്തിൽ ഇസ്മായില സാർ അടക്കമുള്ള താരങ്ങൾക്ക് ഡച്ച് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താൻ ആവുമോ എന്നത് ആവും മത്സരഫലം നിർണയിക്കുന്ന ഘടകം. അലിയോ സീസെ എന്ന പരിശീലകൻ കൊണ്ടു വരുന്ന മാജിക്കും ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് കരുത്ത് പകരും. മറുവശത്ത് 2014 ൽ മൂന്നാമത് ആയത് ഇത്തവണ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം ആയി മാറ്റാൻ ഇറങ്ങുന്ന വാൻ ഹാലിന് ഇന്ന് വിജയത്തുടക്കം അനിവാര്യമാണ്. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് ഈ മത്സരം തുടങ്ങുക.

മാനെ ഉണ്ടാകില്ല, സെനഗലിനും ഖത്തർ ലോകകപ്പിനും തിരിച്ചടി

ഖത്തർ ലോകകപ്പിൽ സെനഗലിന്റെ സൂപ്പർ സ്റ്റാർ സാഡിയോ മാനെ ഉണ്ടാകില്ല. നേരത്തെ സെനഗൽ പരിക്ക് ഉണ്ടായിരുന്നു എങ്കിലും മാനെയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാനെ ടീമിനൊപ്പം ഖത്തറിൽ ഉണ്ടാകില്ല എന്ന് ടീം അറിയിച്ചു. മാനെയുടെ പരിക്ക് സാരമുള്ളതാണ് എന്നും അതുകൊണ്ട് താരത്തിന് ലോകകപ്പ് കഴിയുന്നതിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകില്ല എന്നും സെനഗൽ അറിയിച്ചു.

ബയേണായി കളിക്കുമ്പോൾ ആയിരുന്നു മാനെക്ക് പരിക്കേറ്റിരുന്നത്. മാനെയുടെ അഭാവത്തിൽ സെനഗൽ എങ്ങനെ ലോകകപ്പിൽ തിളങ്ങും എന്ന് ആകും ഇനി ഉറ്റു നോക്കുന്നത്. മാനെ ഇല്ലായെങ്കിലും പൊരുതാൻ ഉള്ള ടീം സെനഗലിന് ഉണ്ട്. ഗ്രൂപ്പ് എയിൽ നെതർലന്റ്സ്, ഖത്തർ, ഇക്വഡോർ എന്നിവക്ക് ഒപ്പം ഉള്ള സെനഗൽ പ്രീക്വാർട്ടറിൽ കുറഞ്ഞത് ഒന്നും ഇപ്പോഴും മുന്നിൽ കാണുന്നില്ല.

സന്തോഷ വാർത്ത!! സാഡിയോ മാനേ ഖത്തർ ലോകകപ്പിൽ കളിക്കും!!

ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന വാർത്തയാണ് സെനഗലിൽ നിന്ന് വരുന്നത്. അവരുടെ ഏറ്റവും പ്രധാന താരമായ സാഡിയോ മാനെ ഖത്തർ ലോകകപ്പിൽ കളിക്കും. പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്താകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മാനെയെ ലോകകപ്പ് സ്ക്വാഡിൽ സെനഗൽ ഉൾപ്പെടുത്തി.ഇന്ന് സെനഗൽ പ്രഖ്യാപിച്ച 26 അംഗ സ്ക്വാഡിൽ അവരുടെ ക്യാപ്റ്റൻ ആയി തന്നെ മാനെ ഉണ്ട്.

മാനെയുടെ പരിക്ക് ഇനിയും ഭേദമായില്ല എങ്കിലും താരത്തെ ടീമിനൊപ്പം കൂട്ടാൻ രാജ്യം തീരുമാനിക്കുക ആയിരുന്നു. സെനഗൽ ടീമിന്റെ നട്ടെല്ലായ മാനെയുടെ സാന്നിദ്ധ്യം അദ്ദേഹം കളിച്ചില്ല എങ്കിൽ പോലും ടീമിന് കരുത്താകും. ഡ്രെസിങ് റൂമിലെ വലിയ സാന്നിദ്ധ്യം കൂടിയാണ് അദ്ദേഹം. മാനെയെ കൂടാതെ ചെൽസി താരങ്ങളായ കൗലിബലി, മെൻഡി എന്നിവരും സെനഗൽ സ്ക്വാഡിൽ ഉണ്ട്.

സെനഗലിന് ഇരുട്ടടി! സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായേക്കും എന്നു റിപ്പോർട്ടുകൾ

ഖത്തർ ലോകകപ്പ് കളിക്കാൻ എത്തുന്ന ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് ഇരുട്ടടിയായി സാദിയോ മാനെയുടെ പരിക്ക്. ഇന്നലെ ബയേണിന്റെ ബ്രമനു എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ മാനെയെ ഇരുപതാം മിനിറ്റിൽ അവർ പിൻ വലിക്കുക ആയിരുന്നു.

MUNICH, GERMANY – NOVEMBER 08: Sadio Mane is replaced by Leroy Sane of Bayern Munich during the Bundesliga match between FC Bayern Muenchen and SV Werder Bremen at Allianz Arena on November 08, 2022 in Munich, Germany. (Photo by Adam Pretty/Getty Images)

30 കാരനായ താരത്തിന് ഈ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവും എന്നു ജർമ്മൻ, സെനഗൽ പത്രങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 21 നു ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ നേരിടുന്ന സെനഗലിന് തങ്ങളുടെ എല്ലാം എല്ലാമായ മാനെയുടെ അഭാവം വലിയ തിരിച്ചടിയാണ് നൽകുക. ഇന്നലെ ആയിരുന്നു സെനഗൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്.

Exit mobile version