Picsart 22 11 25 20 26 22 628

സെനഗലിന് ആദ്യ ജയം, ഖത്തറിന് ആശ്വാസമായി ലോകകപ്പിലെ ആദ്യ ഗോൾ

ആതിഥേയരായ ഖത്തറിന് സെനഗലിനെതിരെ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സെനഗലിനോട് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌. ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളിന്റെ പരാജയം ആണ് ഖത്തർ വഴങ്ങിയത്. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് ഗോൾ നേടി എന്നത് ഈ മത്സരത്തിൽ ഖത്തറിന് ആശ്വാസമായി.

ഇന്ന് പതിയെ ആണ് സെനഗലും ഖത്തറും മത്സരം ആരംഭിച്ചത്. 16ആം മിനുട്ടിൽ സെനഗലിന്റെ ആദ്യ നല്ല അവസരം വന്നു. പക്ഷെ ഡിയാറ്റയുടെ ഷോട്ട് കാര്യമായ വെല്ലുവിളി ആയില്ല. സെനഗലിന്റെ ആദ്യ ഗോൾ വന്നത് 41ആം മിനുട്ടിൽ ആയിരുന്നു. ഖത്തർ ഡിഫൻഡറുടെ പിഴവ് മുതലെടുത്ത് ബൗലയെ ദിയ ഗോൾ നേടുക ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിലൂടെ സെനഗൽ രണ്ടാം ഗോൾ കണ്ടെത്തി. ഫ്രണ്ട് പോസ്റ്റിൽ പിറന്ന ഹെഡർ വഴി ഫമാര ദൈദിയോ ആണ് രണ്ടാം ഗോൾ നേടിയത്.

78ആം മിനുട്ടിൽ മൊഹമ്മദ് മുന്താരിയിലൂടെ ആണ് ഖത്തർ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ കണ്ടെത്തിയത്. ഈ ഗോളിന് ശേഷം കുറച്ച് സമയം ഖത്തർ കളിയിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷയിൽ കളിച്ചു. പക്ഷെ 84ആം മിനുട്ടിലെ ബാംബ ദിയെങിന്റെ ഫിനിഷ് സെനഗലിന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു‌.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സെനഗലിന് മൂന്ന് പോയിന്റ് ആണുള്ളത്. ഖത്തറിന് പൂജ്യം പോയിന്റും. സെനഗൽ അടുത്ത മത്സരത്തിൽ ഇക്വഡോറിനെയും ഖത്തർ നെതർലാന്റ്സിനെയും നേരിടും.

Exit mobile version