ലെവൻഡോവ്സ്കിക്ക് ഹാട്രിക്; സെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ


ലീഗ് ലീഡർമാരായ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറച്ച് ബാഴ്സലോണ. സെൽറ്റാ വിഗോയെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ 4-2ന് വിജയിക്കാൻ അവർക്കായി. റോബർട്ട് ലെവൻഡോവ്സ്കി നേടിയ തകർപ്പൻ ഹാട്രിക്കാണ് ബാഴ്സലോണയ്ക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.

ലെവൻഡോവ്സ്കി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി, രണ്ടാം പകുതിയിൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. കൗമാര താരം ലാമിൻ യമാൽ ആദ്യ പകുതിയിൽ നേടിയ മറ്റൊരു ഗോളും കൂടെ ആയതോടെ വിജയം പൂർത്തിയായി. മാർക്കസ് റാഷ്‌ഫോർഡ് രണ്ട് അസിസ്റ്റുകളോടെ മത്സരത്തിൽ നിർണായക പങ്ക് വഹിച്ചു.


സെർജിയോ കാരീര, ബോർജ ഇഗ്ലേഷ്യസ് എന്നിവർ ആദ്യ പകുതിയിൽ സെൽറ്റാ വിഗോയ്ക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി ആതിഥേയരെ മത്സരത്തിൽ നിലനിർത്തി. എന്നിരുന്നാലും, അവരുടെ പ്രതിരോധത്തിലെ പിഴവുകളും ലെവൻഡോവ്സ്കിയെ തടയാൻ കഴിയാത്തതും അവർക്ക് തിരിച്ചടിയായി.


ലീഗ് സീസണിലെ ലെവൻഡോവ്സ്കിയുടെ ഏഴാമത്തെ ഗോളാണ് ഇത്. ഈ ജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം 3 ആക്കി കുറക്കാൻ ബാഴ്സക്ക് ആയി.

എൽ ക്ലാസിക്കോയ്ക്ക് ലെവൻഡോസ്‌കിയില്ല; പരിക്ക് കാരണം പുറത്ത്



പോളിഷ് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്ക് ഒക്ടോബർ 26-ന് നടക്കുന്ന ചിരവൈരികളായ റയൽ മാഡ്രിഡിനെതിരായ ആവേശകരമായ എൽ ക്ലാസിക്കോ മത്സരം നഷ്ടമാകും. ലിത്വാനിയക്കെതിരായ പോളണ്ടിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്.


37-കാരനായ ഈ മുന്നേറ്റനിര താരത്തിന്റെ ഇടതു തുടയിലെ പേശിക്കാണ് പരിക്കേറ്റത്. നാല് മുതൽ ആറ് ആഴ്ച വരെ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന എൽ ക്ലാസിക്കോ, ഒളിമ്പിയാക്കോസ്, ക്ലബ്ബ് ബ്രൂജെ തുടങ്ങിയ ടീമുകൾക്കെതിരായ പ്രധാനപ്പെട്ട ലാ ലിഗ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ, മറ്റ് ആഭ്യന്തര ലീഗ് മത്സരങ്ങൾ എന്നിവ ലെവൻഡോസ്‌കിക്ക് നഷ്ടമാകും.

ലാ ലിഗയിൽ നിലവിൽ റയൽ മാഡ്രിഡിനെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് ബാഴ്സലോണ. ഈ നിർണായക സമയത്താണ് താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാകുന്നത്. ലെവൻഡോസ്‌കിക്ക് പുറമേ ഗോൾകീപ്പർ ഗാർസിയ, മിഡ്ഫീൽഡർ ഡാനി ഓൽമോ എന്നിവരും പരിക്കുകൾ കാരണം എൽ ക്ലാസിക്കോയിൽ കളിക്കുന്ന കാര്യത്തിൽ സംശയത്തിലാണ്.


അതേസമയം, യുവ വിംഗർ ലമിൻ യമാൽ ഗ്രോയിൻ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടി പരിശീലനത്തിലേക്ക് തിരിച്ചെത്തി എന്നത് ബാഴ്‌സയ്ക്ക് ആശ്വാസകരമാണ്. സ്ട്രൈക്കർ ഫെറാൻ ടോറസിന് പേശീ സംബന്ധമായ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല.

വിജയം തുടർന്ന് ബാഴ്സലോണ, റയലിന് തൊട്ടു പിറകിൽ


റിയൽ ഒവിയേഡോക്കെതിരെ കഠിനമായ പോരാട്ടത്തിനൊടുവിൽ 3-1 ന്റെ വിജയം നേടി ബാഴ്‌സലോണ. ലീഗിൽവ് ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് മേലുള്ള സമ്മർദ്ദം നിലനിർത്താൻ ഈ വിജയം അവരെ സഹായിച്ചു. ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ പിഴവ് മുതലെടുത്ത് ആൽബെർട്ടോ റെയ്‌നയുടെ അതിമനോഹരമായ ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ പ്രതിരോധ ചാമ്പ്യന്മാരായ ബാഴ്‌സലോണ ആദ്യ പകുതിയിൽ പിന്നിലായി.

എന്നാൽ, രണ്ടാം പകുതിയിൽ മികച്ച മാറ്റങ്ങളിലൂടെ ഹാൻസി ഫ്ലിക്കിന്റെ ടീം ശക്തമായി തിരിച്ചുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എറിക് ഗാർഷ്യ സമനില ഗോൾ നേടി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ റോബർട്ട് ലെവൻഡോവ്സ്കി തന്റെ ഈ സീസണിലെ ആദ്യ ലാ ലിഗ ഗോൾ നേടി ബാഴ്‌സലോണക്ക് ലീഡ് നൽകി. മാർക്കസ് റാഷ്‌ഫോർഡിന്റെ കോർണറിൽ നിന്ന് റൊണാൾഡ് അറൗഹോ 88-ാം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു. കൗമാര താരമായ ലാമിൻ യമാലിന്റെ അഭാവത്തിലും ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണ തുടർച്ചയായ നാലാം വിജയം നേടി.


പോളിഷ് പരിശീലകനുമായുള്ള തർക്കത്തെ തുടർന്ന് ദേശീയ ടീമിനായി കളിക്കുന്നത് ബഹിഷ്കരിച്ച് ലെവൻഡോസ്കി


മിഖാൽ പ്രോബിയേഴ്സ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായി തുടരുന്നിടത്തോളം കാലം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റോബർട്ട് ലെവൻഡോവ്സ്കി പ്രഖ്യാപിച്ചു. 36 വയസ്സുകാരനായ ബാഴ്സലോണ സ്ട്രൈക്കർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.


“സാഹചര്യങ്ങളും പരിശീലകനോടുള്ള വിശ്വാസനഷ്ടവും കണക്കിലെടുത്ത്, അദ്ദേഹം ചുമതലയിൽ തുടരുന്നിടത്തോളം കാലം പോളണ്ട് ദേശീയ ടീമിനായി കളിക്കുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കാൻ തീരുമാനിച്ചു,” ലെവൻഡോവ്സ്കി എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.


രാജ്യത്തിനായി 158 ക്യാപ്പുകളും 85 ഗോളുകളും നേടിയ ലെവൻഡോവ്സ്കിയെ അടുത്തിടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി പിയോറ്റർ സീലിൻസ്കിയെ നിയമിച്ചിരുന്നു. ഈ തീരുമാനം പ്രയാസകരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ഒരു തിരിച്ചുവരവിനുള്ള സാധ്യത അദ്ദേഹം തുറന്നിട്ടു:


“ലോകത്തിലെ ഏറ്റവും മികച്ച ആരാധകർക്കായി വീണ്ടും കളിക്കാൻ എനിക്ക് മറ്റൊരു അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.


2023-ൽ ചുമതലയേറ്റ പരിശീലകൻ മിഖാൽ പ്രോബിയേഴ്സ് പോളണ്ടിനെ യൂറോ 2024-ലേക്ക് നയിച്ചെങ്കിലും ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. ഒരു മത്സരം പോലും ജയിക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായി.
പോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ദേശീയ ടീം സംവിധാനവും തമ്മിലുള്ള ഈ വലിയ വിള്ളൽ ലെവൻഡോവ്സ്കിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

ലെവൻഡോവ്സ്കി ഇന്ററിന് എതിരെ ബെഞ്ചിൽ ഉണ്ടാകും എന്ന് ഹാൻസി ഫ്ലിക്ക്


ഇന്റർ മിലാനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സലോണയുടെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബെഞ്ചിൽ ഉണ്ടാകും എന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് തിങ്കളാഴ്ച സ്ഥിരീകരിച്ചു. സെൽറ്റാ വിഗോയ്ക്കെതിരായ മത്സരത്തിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം കളത്തിന് പുറത്തായിരുന്ന പോളിഷ് താരം, കാറ്റലോണിയയിൽ നടന്ന ത്രില്ലിംഗ് 3-3 സമനിലയിൽ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സാൻ സിറോയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്താൻ താരം ഫിറ്റാണ് എന്ന് കോച്ച് പറഞ്ഞു.


“അവൻ ഇപ്പോൾ സുഖമായിരിക്കുന്നു, പ്രതീക്ഷിച്ചതിലും വളരെ മികച്ച നിലയിലാണ്, ബെഞ്ചിലിരിക്കാൻ തയ്യാറാണ്. ഞങ്ങൾക്ക് ആവശ്യമെങ്കിൽ അവൻ കളത്തിലിറങ്ങും” ഫ്ലിക്ക് പറഞ്ഞു.


ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 40 ഗോളുകൾ നേടിയ ലെവൻഡോവ്സ്കിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഒരു വലിയ ആശ്വാസമാണ്. മിലാനിൽ വിജയിക്കുകയാണെങ്കിൽ അവർക്ക് മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാം. ആദ്യം പാദം 3-3 എന്ന നിലയിൽ അവസാനിച്ചിരുന്നു.


ബാഴ്സലോണക്ക് ആശ്വാസം, ലെവൻഡോവ്‌സ്‌കി ഇന്ററിനെതിരെ കളിക്കും


ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി ബാഴ്‌സലോണയ്ക്ക് സന്തോഷവാർത്ത. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി ഫിറ്റ്നസ് വീണ്ടെടുത്തു. സെൽറ്റ വിഗോയ്‌ക്കെതിരായ 4-3 വിജയത്തിനിടെ തുടയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് പോളിഷ് താരം രണ്ടാഴ്ചയായി പുറത്തായിരുന്നു. ലെവൻഡോവ്‌സ്‌കി പരിശീലനം പുനരാരംഭിച്ചു. സാൻ സിറോയിൽ നടക്കുന്ന നിർണായക മത്സരത്തിൽ രണ്ടാം പാദത്തിൽ അദ്ദേഹം കളിക്കാനിറങ്ങും എന്നാണ് പ്രതീക്ഷ.


ലെവൻഡോവ്‌സ്‌കിക്ക് കളത്തിലിറങ്ങാൻ സാധിക്കുന്നത് ബാഴ്‌സലോണയുടെ ആക്രമണത്തിന് ഊർജ്ജം നൽകും. അതേസമയം, പ്രതിരോധ താരം അലഹാന്ദ്രോ ബാൽഡെക്ക് ഈ മത്സരം നഷ്ടമാകും. ആദ്യ പാദത്തിൽ സ്പെയിനിൽ വന്ന് ഇന്റർ മിലാൻ 3-3 എന്ന സമനില നേടിയിരുന്നു.

ലെവൻഡോസ്കിക്ക് പരിക്ക്; കോപ്പ ഡെൽ റേ ഫൈനൽ നഷ്ടമാകും



ബാഴ്സലോണയുടെ മുന്നേറ്റനിരയിലെ താരം റോബർട്ട് ലെവൻഡോസ്കിക്ക് ഇടത് കാൽ തുടയിലെ സെമിടെൻഡിനോസസ് പേശികൾക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സെൽറ്റാ വിഗോയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ അദ്ദേഹത്തെ നേരത്തെ പിൻവലിക്കേണ്ടിവന്നു.


പ്രാഥമിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പരിക്ക് മൂലം ഏകദേശം മൂന്നാഴ്ചയോളം ലെവൻഡോസ്കിക്ക് കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇത് റയൽ മാഡ്രിഡിനെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനൽ അദ്ദേഹത്തിന് നഷ്ടമാകും എന്ന് ഉറപ്പാണ്. കാഡെന സെർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ററിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയും കുറവാണ്.
സീസണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ബാഴ്സലോണക്ക് ഇത് വലിയ തിരിച്ചടിയാണ്.

ലെവൻഡോസ്കിക്ക് ഇരട്ട ഗോൾ, വിജയം തുടർന്ന് ബാഴ്സലോണ

ലാലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ഇന്ന് ജിറോണയെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ നാലു ഗോളുകളുടെ മികച്ച വിജയം ആണ് നേടിയത്‌. ഇരട്ടഗോളുമായി ലവൻഡോസ്കി ഇന്ന് തിളങ്ങി.

ആദ്യ പകുതിയുടെ അവസാനം ഒരു സെൽഫ് ഗോൾലൂടെയാണ് ബാഴ്സലോണ ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്രോണവെൽഡിലൂടെ ജിറോണ സമനില പിടിച്ചു. ഇതിനു ശേഷം ലെവൻഡോസ്കി ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ബാഴ്സയെ ലീഡിലേക്ക് കൊണ്ടുവന്നു. 61ആം മിനിട്ടിലും 77ആം മിനിട്ടിലും ആയിരുന്നു ലവൻഡോസ്കിയുടെ ഗോളുകൾ.

പിന്നീട് അവസാനം ഫെറാൻ ടോറസ് കൂടെ ഗോൾ നേടിയതോടെ ബാഴ്സലോണ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബാഴ്സലോണ ലാലിഗയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുകയാണ്. രണ്ടാമത് ഉള്ള റയൽ മാഡ്രിഡിനെക്കാൾ മൂന്നു പോയിന്റിന്റെ ലീഡ് ബാഴ്സലോണക്ക് ഉണ്ട്.

ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി റോബർട്ട് ലെവൻഡോസ്കി

യുഫേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ഗോൾ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ബാഴ്‌സലോണയുടെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. തന്റെ 125 മത്തെ ചാമ്പ്യൻസ് മത്സരത്തിൽ ബ്രസ്റ്റിന് എതിരെ പെനാൽട്ടിയിലൂടെ ഈ നേട്ടം കൈവരിച്ച ലെവൻഡോസ്കി തുടർന്ന് 101 മത്തെ ഗോളും നേടി. സീസണിൽ ഉഗ്രൻ ഫോമിലുള്ള താരത്തിന്റെ 23 മത്തെ കളിയിലെ 23 മത്തെ ഗോളും ആയിരുന്നു ഇത്.

ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, എഫ്.സി ബാഴ്‌സലോണ ക്ലബുകൾക്ക് ആയി കളിച്ചു ആണ് ലെവൻഡോസ്കി ഈ നേട്ടത്തിൽ എത്തിയത്. ഇതിന് മുമ്പ് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചവർ. ചാമ്പ്യൻസ് ലീഗിൽ 129 ഗോളുകൾ നേടിയ മെസ്സിയും 140 ഗോളുകൾ നേടിയ റൊണാൾഡോയും മാത്രമാണ് നിലവിൽ 101 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് മുന്നിൽ ഉള്ളവർ.

ബാഴ്സലോണയുടെ യമാലും ലെവൻഡോവ്‌സ്‌കിയും പരിക്കേറ്റ് പുറത്ത്

ബാഴ്സലോണയുടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. പ്രധാന കളിക്കാരായ ലാമിൻ യമലും റോബർട്ട് ലെവൻഡോവ്‌സ്‌കിയും ആണ് പരിക്കേറ്റ് പുറത്തായത്. വലത് കണങ്കാലിന് പരിക്കേറ്റതിനാൽ യമാൽ സ്പെയിനിൻ്റെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. യുവ ഫോർവേഡ് മൂന്നാഴ്ച വരെ പുറത്തായേക്കാം.

അതേസമയം, ലാലിഗയുടെ ടോപ് സ്‌കോററായ ലെവൻഡോവ്‌സ്‌കിക്ക് നടുവിനു പരിക്കേറ്റതിനാൽ പോളണ്ടിൻ്റെ നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കില്ല. താരം പത്ത് ദിവസത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രെങ്കി ഡി യോങിനും മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ബാഴ്‌സലോണ അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഒക്ടോബറിലെ ലാ ലിഗയിലെ മികച്ച കളിക്കാരനായി റോബർട്ട് ലെവൻഡോസ്കി

ബാഴ്‌സലോണയുടെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി ഒക്‌ടോബറിലെ ലാ ലിഗ പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ കഴിഞ്ഞ മാസം വെറും 3 മത്സരങ്ങളിൽ നിന്ന് ലെവൻഡോവ്സ്കി ശ്രദ്ധേയമായ 7 ഗോളുകൾ ലാലിഗയിൽ നേടിയിരുന്നു. റയൽ മാഡ്രിഡിനെതിരെ രണ്ട് തവണ വല കുലുക്കിയ ലെവൻഡോസ്കി , അലാവസിനെതിരെ ഹാട്രിക്കും, സെവിയ്യക്കെതിരെ രണ്ട് ഗോളുകളും നേടി. ഈ സീസണിൽ അദ്ദേഹം ആകെ 17 ഗോളുകളും 2 അസിസ്റ്റുകളും ബാഴ്സക്ക് ആയി നേടി.

തുടർച്ചയായി മൂന്നാം മാസമാണ് ബാഴ്‌സലോണ താരങ്ങൾ തന്നെ ഈ പുരസ്കാരം നേടുന്നത്. സെപ്റ്റംബറിൽ ഈ അവാർഡ് യമാലും ഓഗസ്റ്റിൽ റാഫിഞ്ഞയും ആയിരുന്നു നേടിയത്.

വേറെ ലെവൽ ലെവൻഡോസ്കി!! ബാഴ്സലോണക്ക് തകർപ്പൻ ജയം

ആദ്യ പകുതിയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ഡിപോർട്ടീവോ അലാവെസിനെ ബാഴ്സലോണ 3-0ന് പരാജയപ്പെടുത്തി.

ഏഴാം മിനിറ്റിൽ, വലതുവശത്ത് നിന്ന് ബാഴ്‌സലോണ ഒരു ഫ്രീ-കിക്ക് നേടി, റഫിഞ്ഞ ബോക്സിലേക്ക് കൃത്യമായ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ ഓട്ടം കൃത്യമായി ടൈം ചെയ്ത് താഴത്തെ മൂലയിലേക്ക് ഒരു ഹെഡറിലൂടെ പന്തെത്തിച്ച് കാറ്റാലൻസിന് 1-0ന്റെ ലീഡ് നൽകി.

22-ാം മിനിറ്റിൽ, ഒരു അലാവസ് ഡിഫൻഡറെ മറികടന്ന് റഫിഞ്ഞ ഒരിക്കൽ കൂടി വലത് വിങ്ങിലൂടെ വന്ന് 6 യാർഡ് ബോക്‌സിലേക്ക് ഒരു ലോ ക്രോസ് നൽകി. ലെവൻഡോവ്‌സ്‌കി തൻ്റെ രാത്രിയിലെ തൻ്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-0.

എറിക് ഗാർസിയ, 32-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയുടെ പാതയിലേക്ക് ഒരു സമർത്ഥമായ പാസ് ചെയ്തു. നേരിയ ഇടർച്ചയുണ്ടായെങ്കിലും, പോളിഷ് സ്‌ട്രൈക്കർക്ക് പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് നയിക്കാൻ കഴിഞ്ഞു, തൻ്റെ ഹാട്രിക്ക് തികച്ച് ഹാഫ്ടൈമിന് മുമ്പ് ബാഴ്‌സലോണ 3-0 ന് മുന്നിലെത്തി.

വിജയം ബാഴ്‌സലോണയെ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിർത്തുന്നു. 21 പോയിന്റുമായി റയൽ തൊട്ടു പിറകിലുണ്ട്.

Exit mobile version