മൺകോർട്ടിലെ എട്ടടി വീരന്മാർ

God is said to have formed the first man, from the dust. But only one man was made for clay! ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്ന സമയത്ത്, റോളണ്ട് ഗരോയിലെ സെന്റർ കോർട്ടിൽ നടന്ന അവിശ്വസനീയമായ ഒരു ആദരിക്കൽ ചടങ്ങു കണ്ട് എഴുതിയതാണ്. ക്ലേ കോർട്ടിൽ കളിക്കുന്ന ഒരേയൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പൺ, 14 തവണ ജയിച്ച സ്പാനിഷ് ടെന്നീസ് രാജകുമാരനായ റാഫേൽ നദാലിന്റെ പേരും കാൽപ്പാടും പതിച്ച ഫലകം ഫിലീപ്പ് ഷാട്രിയെ കോർട്ടിലെ കളിമണ്ണിൽ പതിപ്പിച്ച ചടങ്ങു കണ്ടു കണ്ണീരണിയാത്ത ഒരു ടെന്നീസ് ആരാധകൻ പോലുമില്ല. കഴിഞ്ഞ കൊല്ലം ടെന്നിസിൽ നിന്നും റാഫേൽ വിരമിച്ചപ്പോൾ സങ്കടപ്പെട്ട ആരാധകർ അന്ന് വീണ്ടും കരഞ്ഞു.

സ്റ്റേഡിയം നിറഞ്ഞ ആരാധകരെയും പ്രമുഖ ടെന്നീസ് കളിക്കാരെയും, നദാലിന്റെ ഒപ്പം ബിഗ് 4 എന്നറിയപ്പെട്ട ഫെഡറർ, ജോക്കോവിച്, മറെ എന്നിവരെ സാക്ഷി നിറുത്തി ഫ്രഞ്ച് ടെന്നീസ് പ്രസിഡന്റ് ജീൽസ് മോർടൺ കോർട്ടിലെ മണ്ണ് മാറ്റി ഫലകം ലോകത്തിനായി കാഴ്ചവച്ചപ്പോൾ ലോക സ്പോർട്സ് ആരാധകർ ശരിക്കും ഞെട്ടി.

പരമ്പരാഗത മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിൽ നിഷ്കർഷത പാലിക്കുന്ന ഫ്രഞ്ച് അധികൃതർ തങ്ങളുടെ ഏറ്റവും പാവനമായ ഒരു കളിക്കളത്തിൽ ഒരു അന്യ രാജ്യക്കാരനായ കളിക്കാരന്റെ പേര് എന്നന്നേക്കുമായി പതിപ്പിച്ചത് ആർക്കും വിശ്വസിക്കാനായില്ല. റാഫേൽ പോലും ആദ്യം കരുതിയത് ആ ഫലകം ഒരു ദിവസത്തേക്കോ, അല്ലെങ്കിൽ ഈ സീസണിലെ കളി കഴിയുന്നത് വരെ മാത്രമോ ഉണ്ടാകുള്ളൂ എന്നാണ്! അതായത് ഇന്ത്യൻ രീതിയിൽ പറഞ്ഞാൽ, ജബ് തക് റോളണ്ട് ഗാരോ രഹേഗ, നദാൽ തേര നാം രഹേഗ എന്നാണു ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. വൈകാരിതത്വത്തെ കുറിച്ച് ലോകത്തെ പഠിപ്പിച്ചത് ഫ്രഞ്ച്കാരാണ് എന്ന് കൂടി നമ്മൾ ഓർക്കണം.

പിന്നീട് ആ കോർട്ടിൽ കളിക്കാൻ വന്ന ഒട്ടുമിക്ക കളിക്കാരും ആ ഫലകത്തെ ആരാധനയോടെ കൂടി മാത്രമേ നോക്കിയിരുന്നുള്ളൂ എന്നും നാം കണ്ടതാണ്. പക്ഷെ അതിൽ പേർക്ക് ആ കോർട്ടിൽ പേരെഴുതി ചേർക്കാൻ സാധിക്കും എന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കാനാണ് സാധ്യത. ഫ്രഞ്ച് ഓപ്പൺ ഒരാഴ്ച പിന്നിടുമ്പോൾ, ഇത്തവണത്തെ ക്വാർട്ടർ ഫൈനൽ നിര തയ്യാറായി കഴിഞ്ഞു. കണക്കുകൾ പറയുന്നത് ഫ്രഞ്ച് ഓപ്പണിൽ ഓരോ പോയിന്റിനും ശരാശരി 8 ഷോട്സ് വീതം കളിക്കേണ്ടതായി വരുന്നുണ്ട് എന്നാണ്. ആദ്യ റൗണ്ടിൽ പുറത്തായ മെദ്വദേവ് ഒഴിച്ച് ഇപ്പോൾ ക്വാർട്ടറിൽ കടന്നിട്ടുള്ള മിക്ക കളിക്കാരും ഏതാണ്ട് തുടക്കത്തിൽ സ്പോർട്സ് പണ്ഡിതന്മാർ പ്രവചിച്ച 8 പേർ തന്നെയാണ്. ഓരോരോ പോയിന്റ് നേടാനായി എട്ടല്ല, പതിനെട്ടടവും എടുക്കാൻ അറിയാവുന്ന മുൻനിര കളിക്കാർ തന്നെയാണ് ഇത്തവണയും അവസാന എട്ടിൽ എത്തിയിരിക്കുന്നത്.

  • സിന്നർ vs ബുബ്ലിക്
  • ജോക്കോ vs സ്വേരേവ്
  • മുസെറ്റി vs ടൈഫോ
  • അൽകരാസ്‌ vs പോൾ

ഇതിൽ മുപ്പത് വയസ്സിന് മുകളിലുള്ളത് ഒരേയൊരാളാണ്, ജോക്കോവിച്. അടുത്ത ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ജോക്കർ ഉണ്ടാകുമോ എന്ന് നമുക്ക് ഉറപ്പു പറയാൻ പറ്റില്ല. അത് കൊണ്ട് തന്നെ, തന്നെക്കാൾ പത്ത് വയസ്സിനു താഴെയുള്ള സ്വേരേവ്മായുള്ള കളി നോവാക്കിന് വളരെ പ്രാധാന്യമുള്ളതാണ്. സെമിയിലേക്ക് കടക്കാൻ കൂടുതൽ സാധ്യത ഈ സെർബിയൻ താരത്തിന് തന്നെയാണ്. പക്ഷെ സെമിയിൽ മിക്കവാറും നൊവാക് നേരിടുക സിന്നറിനെയാകും. ഫൈനലിന് മുന്നേയുള്ള ഫൈനൽ എന്ന് ആ കളിയെ വിശേഷിപ്പിച്ചാലും അതിൽ അത്ഭുതമില്ല.

ഈ ലൈനപ്പിലെ ഒരു രസകരമായ മറ്റൊരു കാര്യം, കഴിഞ്ഞ പത്ത് വർഷത്തോളമായി ബിഗ് 4 കളിക്കാരുടെ തണലിൽ കളിച്ചിരുന്ന, ഇപ്പോൾ 27/28 വയസ്സായ സ്വേരേവ്, ടൈഫോ, ബുബ്ലിക് എന്നിവർക്ക് പഴയ തലമുറ മാറി എന്ന് കരുതി ശ്വാസം വിടാൻ സമയം കിട്ടിയില്ല എന്നതാണ്. തങ്ങളേക്കാൾ നാലും അഞ്ചും വയസ്സ് കുറവുള്ള പുതു തലമുറ കളിക്കാർ, കളം പിടിച്ചടക്കി കഴിഞ്ഞു എന്ന് അവർ മനസ്സിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് അവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. ലോക ടെന്നിസിൽ യോഗ്യമായ സ്ഥാനം വേണം എന്നുണ്ടെങ്കിൽ പണ്ട് കളിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ അവർ കളിക്കേണ്ടതുണ്ട്.

ഈ നാല് കളികളും ഒപ്പത്തിനൊപ്പം ഉള്ള കളിക്കാർ തമ്മിലാണെങ്കിലും, അർവ്വാചീനമായ ഫോം പരിശോദിച്ചാൽ, ഇതിൽ മൂന്ന് കളികളെങ്കിലും നമുക്ക് പ്രവചിക്കാൻ സാധിച്ചേക്കും. പക്ഷെ ആ നാല് കളികളും ആസ്വാദകരെ ആനന്ദത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തിച്ചു ആറാടിക്കും എന്നൊക്കെ പറയണമെങ്കിൽ, ഇത് കഴിഞ്ഞു സെമി ഫൈനലും ഫൈനലും ഉണ്ടാകില്ല എന്ന് കരുതേണ്ടി വരും. കാരണം, ഇത്രക്ക് കടുകട്ടി ലൈനപ്പ് ഉള്ള ക്വാർട്ടർ കഴിഞ്ഞാൽ, ഇനി വറപ്പോറത് യുദ്ധം എന്ന ചിന്തയിലാണ് കളിയാരാധകർ. ബ്യൂട്ടിഫുൾ ടെന്നീസിന്റെ ദിനങ്ങളാണ് വരുന്നത് എന്ന സന്തോഷത്തിൽ, ഇനിയുള്ള ഒരാഴ്ചത്തേക്ക് അടിയുണ്ടാക്കിയും അവർ റിമോട്ട് നേരത്തെ കൂട്ടി കയ്യടക്കി വച്ചിരിക്കുകയാണ്!

ഒടുവിൽ ഒന്നാമനായി മൂന്നാമൻ ജോക്കോവിച്

2023 ഫ്രഞ്ച് കപ്പ് ഒരൊറ്റ കളിക്കാരന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട ടൂര്ണമെന്റായി മാറി. തൻ്റെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തിക്കൊണ്ട്, നൊവാക് ജോക്കോവിച് മെൻസ് ടെന്നിസിൽ 23 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കളിക്കാരനായി മാറി. ഇപ്പോഴത്തെ ജോക്കോവിച്ചിന്റെ ഫോമും, പ്രായവും, എതിരാളികളുടെ നിരയിലുള്ള യോഗ്യന്മാരുടെ എണ്ണവും കൂട്ടിയും കുറച്ചും നോക്കുമ്പോൾ, ഗ്രാൻഡ്സ്ലാമുകൾ അഞ്ചോ ആറെണ്ണം കൂടി സെർബിയക്കാരനായ ഈ പിടിവാശിക്കാരൻ വരും വർഷങ്ങളിൽ അടിച്ചെടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ നേട്ടത്തോടൊപ്പം തന്നെ വീണ്ടും ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ മുപ്പത്താറുകാരനായ ആന്റിവാക്സർ. 2011ലാണ് ജോക്കോവിച് ആദ്യം റാങ്കിങ്ങിൽ ഒന്നാമതായതു എന്നോർക്കുമ്പോൾ ആ കളിക്കാരന്റെ ദീർഘമായ കളിക്കാലത്തെ അത്ഭുതത്തോടു കൂടി മാത്രമേ കാണാൻ കഴിയൂ.

ഒരു പക്ഷെ കോവിഡ് വാക്സിൻ എടുക്കില്ല എന്ന പിടിവാശി ഇല്ലായിരുന്നെങ്കിൽ ജോക്കോവിച് നേരത്തെ തന്നെ 23 ഗ്രാൻഡ്സ്ലാം എന്ന നേട്ടം കൈവരിച്ചേനെ. മാത്രവുമല്ല ഇന്നിപ്പോൾ 25 അല്ലെങ്കിൽ 26 ഗ്രാൻഡ്സ്ലാം നേടുന്ന താരമായേനെ.

2008ൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തിക്കൊണ്ടു നൊവാക് ഗ്രാൻഡ്സ്ലാം ആദ്യം നേടുമ്പോൾ ആരും കരുതിയില്ല ഇത്തരം ഒരു നേട്ടം ഈ കളിക്കാരൻ നേടും എന്ന്. കാരണം, നൊവാക് ഗ്രാൻഡ്സ്ലാം രംഗത്ത് സജീവമാകുന്നതിന് മുൻപ് തന്നെ മറ്റ് എതിരാളികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർത്തു കൊണ്ട് നദാലും ഫെഡററും അരങ്ങ് വാഴുന്ന കാലമായിരുന്നു അത്. അവരെ എതിർത്ത് തോൽപ്പിക്കാൻ വന്ന കളിക്കാരൊക്കെ തന്നെ ഒരു മിന്നായം പോലെ വന്നു പോകുന്ന കാഴ്ചയാണ് ലോകം കണ്ടത്. ആ രണ്ട് അതികായകന്മാരുടെ തേരോട്ടത്തിൽ ജോക്കോവിച്ചിന് ആരും അധികം സ്ഥാനം കൊടുത്തില്ല. പക്ഷെ ക്ഷമയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഈ തന്നിഷ്ടക്കാരൻ അതൊന്നും വകവച്ചില്ല.

ആൻഡി റോഡിക്, ആൻഡി മറെ, വാവറിങ്ക, സോങ്ക, മൊഫിൽസ് തുടങ്ങി അനവധി കളിക്കാർ ഈ രണ്ടു പതിറ്റാണ്ടുകളിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ഫെഡറർ-നദാൽ പോരാട്ടത്തിനിടയിൽ അവരെ അധികമാരും വകവച്ചില്ല. കുറച്ചെങ്കിലും മുന്നോട്ട് വന്നത് മറെ ആയിരിന്നു. അവിടെയാണ് ജോക്കോവിച് എന്ന ഈ തുറന്നു പറച്ചിലുകാരന്റെ മാഹാത്മ്യം. തനിക്കു ശരിയെന്നു തോന്നുന്നത് പറയാൻ ഒരിക്കലും മടിച്ചിട്ടില്ലാത്ത ഈ ചാമ്പ്യന് ടെന്നീസ് അധികാര കേന്ദ്രങ്ങളിൽ ആരാധകർ കുറവായിരുന്നു. സാധാരണക്കാരായ കളിസ്‌നേഹികൾക്കിടയിലും ആരാധകർ മറ്റ് രണ്ടു പേർക്കുമായിരിന്നു കൂടുതൽ. ടെന്നീസ് ലോകം ഫെഡറർക്കും നദാലിനും കൽപ്പിച്ചു നൽകിയിരുന്ന ദിവ്യത്വം നോവാക്കിന് അസ്പർശ്യമായിരിന്നു. എന്നും ജോക്കോവിച്ചിനെ മൂന്നാമനായാണ് ലോക ടെന്നീസ് എസ്റ്റാബ്ലിഷ്‌മെന്റ് കണ്ടിരുന്നത്. സെർബിയ പോലൊരു പിന്നോക്ക രാജ്യത്ത് നിന്ന് വന്നത് കൊണ്ട് തന്റെ സ്ഥാനം പുറകിലാണ് എന്ന് ടെന്നീസ് ലോകത്തെ പ്രഭുക്കന്മാർ പറയാതെ പറഞ്ഞു കൊണ്ടിരുന്നത് നോവാക്കിന് മനസ്സിലാകുന്നുണ്ടായിരുന്നു. അത്തരം പെരുമാറ്റങ്ങൾ ആ കളിക്കാരന്റെ വാശി കൂട്ടുകയാണ് ചെയ്തത്.

കളിക്കളത്തിലും പുറത്തും നേരിടേണ്ടി വന്ന ഇത്തരം എതിർപ്പുകളും എതിരാളികളും ആ കളിക്കാരനെ കൂടുതൽ ശക്തനാക്കുകയാണ് ചെയ്‌തത്‌. കഴിഞ്ഞ 20 വർഷത്തോളം കളിക്കളത്തിൽ നേരിടേണ്ടി വന്നത് ഫെഡറർ, നദാൽ എന്നീ കളിക്കാരെയായിരിന്നു എന്നത് ജോക്കോവിച്ചിന്റെ നേട്ടത്തെ ചരിത്രപരമാക്കുന്നു. ഫെഡറർക്ക് ശേഷം, അല്ലെങ്കിൽ നദാലിന് ശേഷം ആര് എന്ന ചോദ്യം ഉയർത്തുന്നവർ പോലും ജോക്കോവിച്ചിനെ കണക്കിൽ എടുത്തിരുന്നില്ല. പക്ഷെ, നൊവാക് നേടിയ ഈ 23 ഗ്രാൻഡ്സ്ലാമുകളിൽ ഭൂരിപക്ഷവും അവരോടു പൊരുതിയാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. ഈ കാലഘട്ടത്തെ അതിജീവിച്ചു നേടിയ ഈ കിരീടങ്ങളെ അവയുടെ തൂക്കത്തിലുള്ള പൊന്നു കൊണ്ട് അളന്നാലും മതിയാകില്ല. ഇനി മുന്നോട്ട് പോകുമ്പോൾ ജോക്കോവിച്ചിന് ശക്തരായ എതിരാളികളെ നിരനിർത്തേണ്ടത് ടെന്നീസ് ലോകമാണ്. അതിനുള്ള കഴിവ് നമുക്കുണ്ടോ എന്ന കാര്യം സംശയമാണ്.

ചോട്ടാ ചേതൻ

ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊതുവെ ബിസിസിഐ സംഘടനയിലെ ഏറ്റവും വെറുക്കപ്പെട്ട ആളുകളായിട്ടാണ് കരുതപ്പെടുന്നത്. കളി മോശമായൽ, കാണികൾ ആദ്യം കുറ്റം പറയുക അവരെയാണ്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത കളിക്കാരും സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ ഒളിഞ്ഞും തെളിഞ്ഞും അവരെ പള്ള് പറയാറുണ്ട് എന്നതും നമുക്ക് കളിയെ പിന്തുടരുന്നവർക്ക് അറിയാവുന്ന കാര്യമാണ്. സോഷ്യൽ മീഡിയയിൽ കളിക്കാരുടെ ഫാൻസ് അവർക്കെതിരെ ചൊരിയുന്ന വാക്കുകളും വേദനാജനകമാണ്.

പക്ഷെ ഇന്നിപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്, ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല എന്നു തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ബഹുമാന്യരായ പല കളിക്കാരും ഇരുന്ന ആ കസേരയിലേക്ക് ചേതന്റെ പേര് പറഞ്ഞു കേട്ടപ്പോൾ തന്നെ ഭൂരിഭാഗം കളിയാരാധകരും നെറ്റി ചുളിച്ചതാണ്. ചേതനെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നത് തന്നെ ഒരു പാവ ചെയർമാനെ വേണം എന്നുള്ളത് കൊണ്ടാണെന്നാണ് ഉയർന്ന ആരോപണം. എന്നാൽ കളിയെ വെറുതെ ഉപരിപ്ലവമായ കാഴ്ചയിൽ മാത്രം കാണാതെ, വിശദമായി വിശകലനം ചെയ്തിരുന്ന പലരും അത്ഭുതപ്പെട്ടത് ഇത്രയും വലിയ ഒരു ദൗത്യം നടപ്പിലാക്കാൻ വേണ്ട വിവേകം ആ മുൻ പേസർക്ക് ഉണ്ടോ എന്നായിരുന്നു. ഇന്ന് രാവിലെ ചേതന്റെ പുറത്തു വന്ന സ്റ്റിംഗ് വീഡിയോ കണ്ടപ്പോൾ ആ വിചാരം അക്ഷരം പ്രതി ശരിയായിരുന്നു എന്ന് മനസ്സിലായി.

മുന്നറിവിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള, വകതിരിവുള്ള ഒരാളായിട്ടല്ല ചേതൻ ശർമ്മയെ ആളുകൾ വിലയിരുത്തിയിട്ടുള്ളത്. അത് ശരിവയ്ക്കുന്ന നിലയിലാണ് ഇപ്പോൾ ശർമ്മയുടെ വാക്കുകൾ നാം കേൾക്കുന്നത്. ലോക ക്രിക്കറ്റിൽ ഏറ്റവും ബുദ്ധിമുട്ടുള്ള, അതിനാൽ തന്നെ ബൗദ്ധികമായി ഒരു ചെസ്സ് കളിക്കാരന്റെ മാനസ്സിക നിലയിൽ നിന്നു കൊണ്ടു വർത്തിക്കേണ്ട ഒരു സ്ഥാനമാണ്, ഒട്ടും തന്നെ പക്വതിയില്ലാത്ത രീതിയിൽ ശർമ്മ കൈകാര്യം ചെയ്തത്.

ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കു വേണ്ട മനോധൈര്യവും, ക്ഷമയും ഇല്ലാത്ത മനുഷ്യനാണ് എന്നു നേരത്തെ തെളിയിച്ചതാണ്. ഇപ്പോൾ അത് അടിവര ഇടുന്ന വാക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു, രാപകൽ കഷ്ടപ്പെടുന്ന യുവ കളിക്കാർക്ക് നിരാശയും, സംശയവും മാത്രമാണ്‌ ശർമ്മയുടെ ഈ വാവിട്ട സംസാരം നൽകുക. ശർമ്മയുടേതായി പുറത്ത് വന്ന വാക്കുകൾ, എത്ര ചെറിയ മനസ്സാണ് ആ മനുഷ്യനുള്ളത് എന്നു കാണിക്കുന്നു.

കളിക്കാരുടെ കളിയെ മാത്രം അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങൾ എടുക്കേണ്ട ആൾ, അവരുടെ പേരെടുത്തു പരാമർശിച്ചു, അനാവശ്യ വിവാദങ്ങളിലേക്ക് അവരെ വലിച്ചിഴയ്ക്കുകയാണ്. അതും, ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റ് സീരീസ് കളിക്കുന്ന സമയത്തു.

എതിർ ടീമും, അവരുടെ രാജ്യത്തെ മാധ്യമങ്ങളും ഇന്ത്യൻ ടീമിനെ എങ്ങനെ മാനസികമായി തളർത്താം എന്നു അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട, ഞങ്ങൾക്ക് ഇവിടെ സെലക്ഷൻ കമ്മിറ്റി ചെയർമാനുണ്ട് അതൊക്കെ ചെയ്യാൻ എന്ന് പറയേണ്ട ഗതികേടിലാണ് ടീം ഇന്ത്യ. ആ സ്ഥാനത്തേക്ക് ശർമ്മയെ തിരഞ്ഞെടുത്തവരുടെ യോഗ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ ശർമ്മ പേടിക്കേണ്ട, മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ മാത്രമേ കസേര തെറിക്കൂ!

ഫൗൾ കളിക്കുന്ന സ്പോർട്സ് അധികാരികൾ

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ തണുപ്പത്ത്, ഒരു കൂട്ടം അത്‌ലറ്റുകൾ സമരത്തിലാണ്. ഇന്ത്യക്ക് വേണ്ടി ലോക കായിക മേളകളിൽ ഒട്ടനവധി തവണ മെഡൽ വാങ്ങിയവരും, ദേശീയ ടീമിൽ വളർന്നു വരുന്നവരുമായ ഗുസ്തി താരങ്ങളാണ് തങ്ങൾക്ക് നേരെ അധികാരികളിൽ നിന്നും കോച്ചിങ് സ്റ്റാഫിൽ നിന്നും ഉണ്ടായ ലൈംഗിക ആക്രമണ ഉൾപ്പടെയുള്ള പരാതികൾ ഉയർത്തി ജന്ദർ മന്ദറിൽ നാല് ദിവസമായി സമരത്തിൽ പങ്കെടുക്കുന്നത്.

സർക്കാരിന്റെ മൂക്കിന് താഴെ നടക്കുന്ന ഈ സമരത്തെ ആദ്യ ദിവസങ്ങളിൽ അവർ കണ്ടില്ലെന്നു നടിച്ചില്ലെങ്കിലും, പിന്നീട് പ്രസ്താവനകൾ വന്നു. പക്ഷെ നടപടികൾ മാത്രം ഉണ്ടായില്ല. കാരണം, ഗുസ്തി ഫെഡറേഷന്റെ തലപ്പത്തു ഒരു ഭരണകക്ഷി എംപിയാണുള്ളത്. അയാൾ ഇതിന് മുൻപ് പരസ്യമായി ഒരു ഗുസ്തി താരത്തെ ആക്രമിച്ചിട്ടും നടപടിയുണ്ടായിട്ടില്ല എന്ന് ഓർക്കണം.

ഇന്ത്യൻ സ്പോർട്സ് നടത്തിപ്പിന്റെ ഒരു നേർക്കാഴ്ചയാണ് കഴിഞ്ഞ നാല് ദിവസത്തെ സംഭവങ്ങൾ. ഈ വാർത്തകൾ കണ്ടിട്ട് സാധാരണ ജനങ്ങൾക്ക് ഒരു അത്ഭുതവും തോന്നുന്നില്ല എന്ന ഒരൊറ്റ കാര്യം മതി നമ്മുടെ രാജ്യത്ത് എന്ത് കൊണ്ട് സ്പോർട്സ് രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കാൻ. പീഡന പരാതികൾ, ജീവഹാനി ഉയർത്തിയുള്ള ഭീഷണികൾ ഒക്കെ മാധ്യമങ്ങളിൽ വാർത്തയായിട്ടും, അധികാരികൾ ഒരാളെ പോലും അന്വേഷണവിധേയമായി പോലും മാറ്റി നിറുത്താൻ മെനക്കെട്ടിട്ടില്ല. ഈ സമരം താനേ അടങ്ങിക്കോളും എന്ന ചിന്തയിലാണ് സർക്കാർ. എന്നാൽ നാലാം നാൾ തങ്ങളെ കണ്ട പത്രക്കാരോട് അത്‌ലറ്റുകൾ പറഞ്ഞത്, തങ്ങൾ ഒരടി പോലും പിന്നോട്ടില്ല എന്നാണ്.

എന്ത് കൊണ്ടാണ് സ്പോർട്സ് രംഗത്തെ ഭരണാധികാരികൾ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന ഈ ചെറുപ്പക്കാരോട് കാലാകാലങ്ങളായി ഇത്തരത്തിൽ പെരുമാറുന്നത്? അത്‌ലറ്റുകളെ അടിമകളെ പോലെ കണ്ടു, തങ്ങളുടെ ഔദാര്യത്തിൽ കഴിയുന്നവരായി കണക്കാക്കി, മനുഷ്യാവകാശങ്ങൾ ലംഘിച്ചു നടത്തുന്ന ഈ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ മേഖലയിൽ ഭരണ സംവിധാനത്തിന് ശക്തമായ ചട്ടക്കൂടുകൾ ഉണ്ടാക്കി, പരാതി പരിഹാര സെല്ലുകൾ എല്ലാ കായിക മേഖലയിലും കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. ഇതിനു വേണ്ടി വന്നാൽ റിട്ടയേർഡ് ജഡ്ജിമാരെ തന്നെ നിയമിക്കണം. സ്പോർട്സ് മേഖലയിൽ സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ നിശ്ചിത കാലത്തേക്ക് മാത്രമായി അധികാരികളെ നിയമിക്കുക. നമ്മുടെ യുവതലമുറ ലോക നിലവാരത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ളവരാണ്, പക്ഷെ അതിനു അവരെ അതിൽ നിന്നും തടയുന്നത് അധികാര വർഗ്ഗം മാത്രമാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ഗുസ്തി താരങ്ങളുടെ ഈ സമരം അവരുടെ മാത്രമല്ല, രാജ്യത്തെ എല്ലാ സ്പോർട്സ് മേഖലയിലും ഒരു പൊളിച്ചെഴുത്തിന് തുടക്കമിടട്ടെ എന്ന് നമുക്ക് ആശിക്കാം.

ഫുട്ബോളിലെ ഗോൾഡൻ പ്ലെയർ (1940 – 2022 )

ഫുട്ബോൾ കളിക്കാരെ ഗോട്ട് എന്നു മുദ്രകുത്തുന്നതിനും, അത് കഴിഞ്ഞു അവരെ കട്ട്ഔട്ടുകളായി ഉയർത്തുന്നതിന് മുൻപേ കളിക്കളത്തിൽ നിറഞ്ഞാടിയ ഒരേയൊരു ലോക ഫുട്ബോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാന്റോസ് മുതൽ കോസ്മോസ് വരെയും, സാവോപോളോ മുതൽ ഭൂഗോളം മുഴുവനും നിറഞ്ഞു നിന്ന കറുത്ത മുത്ത്, പെലെ. ലോക ഫുട്ബാളിൽ ഇത്രയും അറിയപ്പെടുന്ന ഒരു കളിക്കാരൻ പിന്നീട് ഉണ്ടായോ എന്നത് തർക്കമുള്ള കാര്യമാണ്.

ഫുട്ബോൾ ഒരു ലോക കായിക വിനോദമായി വളരാൻ വരെ കാരണമായ ഒരാളെ, പിന്നീടുള്ള മികച്ച കളിക്കാരുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. മൂന്ന് ലോക കപ്പ് നേടിയ മറ്റൊരു കളിക്കാരനെ ചൂണ്ടിക്കാണിക്കാൻ ആകില്ല എന്നത് തന്നെ പെലെയുടെ ഔന്നത്യം വിളിച്ചു പറയുന്നു. ടെലിവിഷൻ, കളികളെ പിന്തുടരുന്നതിനു മുൻപേ കളിച്ചു തുടങ്ങിയത് കൊണ്ട് പെലെയുടെ കളി ജനം കാണാതെ പോയില്ല. പെലെ കളിക്കുന്ന ദിവസങ്ങളിൽ ബ്രസീൽ നഗരങ്ങൾ അവധി പ്രഖ്യാപിക്കാറുണ്ടായിരുന്നു എന്നത് ഇന്ന് നമുക്ക് അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കൂ. ആ കളിക്കാരൻ കളിക്കുന്നുണ്ടെങ്കിൽ, പിറ്റേ ദിവസത്തെ പത്രങ്ങളിൽ മുൻപേജിൽ സ്ഥലം നേരത്തെ മാറ്റി വയ്ക്കുമായിരുന്നു. പെലെയുടെ സിസ്സർ കട്ട് കയറാത്ത മുൻപേജുള്ള ഒരു പത്രവും ഈ ലോകത്തുണ്ടാകില്ല. ആ നിശ്ചല ചിത്രങ്ങളിലൂടെയാണ് നമ്മളിൽ ഭൂരിഭാഗവും പെലെ എന്ന കളിക്കാരനെ അറിഞ്ഞതും, അദ്ദേഹത്തിന്റെ കളികളിൽ ആവേശം കൊണ്ടതും.

പെലെ ഒരു ബ്രസീലിയൻ കളിക്കാരൻ എന്നതിലുപരി, എല്ലാ നാട്ടുകാരുടെയും കളിക്കാരനായിട്ടാണ് ലോകം കരുതി വന്നിരുന്നത്. കടലാസ്സ് പന്തും, സോക്സ് കുത്തി നിറച്ച തുണി പന്തുകളും, ബബ്ലൂസ് നാരങ്ങ കൊണ്ടും വരെ കളിച്ചു വളർന്ന സാവോപോളോയിലെ ദരിദ്ര കുടുംബത്തിലെ ആ ബാലൻ, ലോക കായിക മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന കളിക്കാരനായി, അതും ഇന്നത്തെയത്ര വാർത്താമാധ്യമങ്ങൾ ഇല്ലാത്ത കാലത്ത്. തെരുവുകളിൽ കളിച്ചു നടന്നു, പിന്നീട് ഫിഫയുടെ നൂറ്റാണ്ടിന്റെ കളിക്കാരനും, ഒളിമ്പിക് കമ്മിറ്റിയുടെ നൂറ്റാണ്ടിലെ കായിക താരവും, ടൈം മാഗസിനിലെ ലോകത്തെ 100 പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായും വളർന്ന പെലെയുടെ ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞ ഒന്നായിരുന്നില്ല.

പക്ഷെ, ലോക ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും നീണ്ട കാലം, അതായത് കളിച്ചു തുടങ്ങിയ കാലം മുതൽ, കളി നിറുത്തി കഴിഞ്ഞു മരണം വരെയും ഫുട്ബോൾ സംബന്ധിച്ചുള്ള ചർച്ചകളിൽ പരാമർശിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല. സാങ്കേതിക വിദ്യയുടെ സഹായത്താലും, ശാരീരിക ക്ഷമതയുടെ ശക്തിയാലും ഈ മനോഹര കളി പെലെയുടെ നാളുകളേക്കാൾ വളരെ മുന്നോട്ട് പോയി എന്ന കാര്യത്തിൽ സംശയമില്ല. പുത്തൻ താരങ്ങൾ ഒരുപാട് ഫുട്ബോൾ കളങ്ങളിൽ നിന്ന് ഉയരുകയും ചെയ്തു. അവർക്ക് ഗോൾഡൻ ബൂട്ടുകളും, ഗോൾഡൻ പന്തുകളും നൽകി നമ്മൾ ആദരിക്കുകയും ചെയ്തു. എന്നിരുന്നാൽ, ലോക ഫുട്ബാളിൽ ഗോൾഡൻ പ്ലെയർ എന്ന് അന്നും, ഇന്നും, എന്നും വിളിക്കാൻ അർഹനായ ഒരേ ഒരു കളിക്കാരൻ പെലെ എന്ന എഡ്സൺ ആരാന്റസ് ഡോ നാസിമെന്റോ മാത്രമാണ്. ഫുട്ബോൾ ലോകവും കായിക ലോകവും ഒരുപോലെ ഈ മന്ത്രികനോട് കടപ്പെട്ടിരിക്കുന്നു എന്ന് തീർച്ചയായും പറയാവുന്നതാണ്. നന്ദി പെലെ, താങ്കളുടെ കളിയടക്കത്തിനും ഫുട്ബോളിനും.

മറഡോണയുടെ മാലാഖമാർ കപ്പുയർത്തി

ഖത്തർ 2022 വേൾഡ് കപ്പ് ഫൈനലിൽ, പെനാൽറ്റി ഷൂട്ട് ഔട്ടിൽ, ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ട് അർജന്റീന ചാമ്പ്യന്മാരായി. കളി കണ്ടിരുന്ന എല്ലാവരുടെയും കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു. മെസ്സിയെ മിശിഹായായി വാഴ്ത്തപ്പെട്ട നിമിഷങ്ങളിൽ മറഡോണ മറ്റൊരു ലോകത്ത് തുള്ളിച്ചാടുന്നുണ്ടാകും.

കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കരിമരുന്നു കൊണ്ട് ആകാശം വർണ്ണാഭമായി. എമ്പാപ്പേ എന്ന ഒറ്റയാൾ പട്ടാളം കാരണം വിജയം റെഗുലേഷൻ സമയം കഴിഞ്ഞു, എക്സ്ട്ര ടൈമിലേക്ക് നീങ്ങിയെങ്കിലും, അവിടെയും എമ്പാപ്പേ തന്നെ അർജന്റീനയെ തടഞ്ഞു നിറുത്തി. പെനാൽറ്റിയിൽ വീണ്ടും എമ്പാപ്പേ സ്‌കോർ ചെയ്ത് തുടങ്ങിയെങ്കിലും, പ്രഷർ ഗെയിമിൽ കൂടെയുള്ളവർക്ക് വേണ്ട രീതിയിൽ ഒപ്പം നിൽക്കാൻ സാധിച്ചില്ല.

36 വർഷങ്ങൾക്ക് ശേഷം വീണ്ടും ലോക കപ്പിൽ അർജന്റീന മുത്തമിടുമ്പോൾ, അത് മെസ്സിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ ഫലം കൂടിയാകും. ഒരു കളിക്കാരന് വേണ്ടി ചരിത്രത്തിൽ ഇത്രയും അധികം ജനങ്ങൾ ഒന്നിച്ചു ഒരു ട്രോഫി ആഗ്രഹിച്ചിട്ടുണ്ടാകില്ല, ആ കളിക്കാരന്റെ കൈകളിൽ എത്താത്ത ഒരു കപ്പിനായി ഇത്രയധികം കാത്തിരിന്നിട്ടുണ്ടാകില്ല.

ഖത്തർ 2022 പല കാരണങ്ങൾ കൊണ്ടും ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും, ഇനിയുള്ള കാലത്ത് അറിയപ്പെടുക മെസ്സി കപ്പ് ഉയർത്തിയ വേൾഡ് കപ്പ് ആയിട്ടാകും. കാരണം ഇത്രയധികം ജനങ്ങൾ ഒരു ടീമിന് വേണ്ടിയും ഇതിന് മുമ്പൊരിക്കലും പിന്തുണ നല്കിയിട്ടുണ്ടാകില്ല. മെസ്സിക്ക് ഏറ്റവും കൂടുതൽ ആരാധകരായുള്ള മലയാളികൾ കൂടുതലായി നേരിട്ട് കളി കണ്ട ഈ വേൾഡ് കപ്പിൽ ഇത് സംഭവിച്ചത് കേരളീയരുടെ സുകൃതമായിരിക്കും.

മറക്കാന മുതൽ മൊറോക്കോ വരെയുള്ള ദൂരം

1950ൽ ബ്രസീലിലെ മറക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ രണ്ട് ലക്ഷം പേരെ സാക്ഷി നിറുത്തി വേൾഡ് കപ്പ് മത്സരം നടക്കുമ്പോൾ മൊറോക്കോ ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല. പിന്നെയും ആറോ ഏഴോ വർഷങ്ങൾക്ക് ശേഷമാണു ഫ്രഞ്ച് സർക്കാർ അവിടുന്ന് പിൻവാങ്ങിയത്. അപ്പോഴും ചെറിയൊരു ഭാഗം കയ്യടക്കി വച്ചിരുന്ന സ്‌പെയിൻ അവിടെ തുടർന്നു. പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണു അവരും സ്ഥലം വിട്ടത്. ഇന്നിപ്പോൾ ഖത്തറിൽ ഫിഫ വേൾഡ് കപ്പിന്റെ സെമിയിൽ അവരുടെ ടീം എത്തി നിൽക്കുമ്പോൾ, അത് ആ രാജ്യത്തിൻറെ മാത്രം ആഘോഷമായല്ല കൊണ്ടാടടപ്പെടുന്നത്.

2022 ഫിഫ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളിലേക്കുള്ള തീരുമാനമായപ്പോൾ എഫ് ഗ്രൂപ്പിൽ ഉൾപ്പെട്ട മൊറോക്കോക്ക് പ്രീക്വാർട്ടർ സാധ്യത പോലും ആരും കല്പിച്ചിരുന്നില്ല. അട്ടിമറികളുടെ ലോക കപ്പ് എന്നു ഇതിനകം പേര് കേട്ട ഖത്തർ വേൾഡ് കപ്പിൽ, പരമ്പരാഗത പവർ ഹൗസ് ടീമുകളെ തന്നെയാണ് വിദഗ്ദരും, സീസണൽ ആരാധകരും സെമിയിലേക്ക് മനസ്സാ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ഇന്നിപ്പോൾ ആഫ്രിക്കയുടെ, അറബ് ലോകത്തിന്റെ അഭിമാനമായി സെമിയിൽ എത്തിയിരിക്കുകയാണ് ഈ രാജ്യം.

ഈ യാത്ര മൊറോക്കോയെ സംബന്ധിച്ചു അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരു രാഷ്ട്രീയ സാംസ്‌കാരിക പ്രക്ഷോഭങ്ങൾ തുടർക്കഥയായ ഒരു പുതിയ രാജ്യം എന്ന നിലക്ക് കളിക്കളത്തിൽ അവർ അടുത്ത കാലം വരെ ഒരു ശക്തിയായി അറിയപ്പെട്ടിരുന്നില്ല. എങ്കിലും ആ ജനതയുടെ ഉള്ളിൽ ഈ കളിയോടുള്ള സ്നേഹം എക്കാലത്തും ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. അവിടത്തെ ഫുട്ബോൾ ക്ലബുകൾ ആഫ്രിക്കൻ ടൂർണമെന്റുകളിൽ പലതവണ ചാമ്പ്യന്മാരായിട്ടുണ്ട്. അവരുടെ ദേശീയ ടീം പക്ഷെ ആഫ്രിക്കൻ മത്സരങ്ങളിൽ വരവറിയിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. 2018 , 2020 ആഫ്രിക്കൻ ചാമ്പ്യന്മാരായിരിന്നു മൊറോക്കോ. ഫുട്ബോൾ മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ, ക്ലബ്ബ് ആയിക്കൊള്ളട്ടെ, യുറോപിയൻ മത്സരങ്ങൾ ആയിക്കൊള്ളട്ടെ, റബത്തിലെയും, കാസാബ്ലാങ്കയിലെയും, മറക്കീഷിലെയും തെരുവുകൾ ഒഴിഞ്ഞു കിടക്കുമായിരിന്നു. ആ വൈകുന്നേരങ്ങളിൽ അവിടുത്തെ ഷീഷ ബാറുകളിൽ ജനങ്ങൾ തിങ്ങി നിറയുമായിരിന്നു. 1970ൽ അവർ വേൾഡ് കപ്പിലേക്കു നേരിട്ട് കടക്കുന്ന ആദ്യ ആഫിക്കൻ ടീമായി, 1986ൽ പോർച്ചുഗൽ, ഇംഗ്ലണ്ട്, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിൽ ഒന്നാമതായി.

ആഫ്രിക്കയിൽ നിന്നും ആറ് തവണ ഫിഫ വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ അറ്റ്ലസ് സിംഹങ്ങൾ, പക്ഷെ ആദ്യമായിട്ടാണ് രണ്ടാം റൗണ്ടിന് അപ്പുറം കടക്കുന്നത്. ക്രൊയേഷ്യയുമായുള്ള സമനില ഒരു അട്ടിമറിയായി ലോകം കണക്കാക്കിയപ്പോൾ, യൂറോപ്യൻ ഫുട്ബാളിൽ തിളങ്ങി നിൽക്കുന്ന കളിക്കാരെ കൊണ്ട് നിറഞ്ഞ മൊറോക്കൻ ടീമിന്റെ മറുപടി, കളി ഇനിയും ബാക്കിയുണ്ട് സദീക്ക് എന്നായിരുന്നു. സെമിയിൽ എത്തുന്ന വരെയുള്ള എല്ലാ കളിയും അവർ ജയിച്ചു എന്ന് മാത്രമല്ല, ഒരു ഗോൾ മാത്രമേ ഈ ജൈത്രയാത്രയിൽ അവരുടെ സൂപ്പർമാൻ ഗോൾ കീപ്പർ യാസിൻ ബോണോ വഴങ്ങിയുള്ളൂ!

മൊറോക്കോ 0 ക്രോയേഷ്യ 0
മൊറോക്കോ 2 ബെൽജിയം 0
മൊറോക്കോ 2 കാനഡ 1
മൊറോക്കോ 0 സ്‌പെയിൻ 0 (3- 0 പെനാൽറ്റി)
മൊറോക്കോ 1 പോർച്ചുഗൽ 0

ഡിസംബർ 14ന് (ഇന്ത്യൻ സമയമനുസരിച്ചു ഡിസംബർ 15) ഖത്തറിന്റെ വടക്കേ അറ്റത്തുള്ള അൽ ഖോറിലെ അൽ ബൈയ്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ, തങ്ങളുടെ മുൻ കൊളോണിയൽ യജമാനന്മാരായ ഫ്രാൻസിനെ നേരിടുമ്പോൾ, ഈ റെക്കോർഡ് തുടരാൻ തന്നയെയാകും അവരുടെ ശ്രമം. അറേബ്യൻ കൂടാരത്തിന്റെ മാതൃകയിലുള്ള ഈ സ്റ്റേഡിയത്തിലാണ് ആദ്യമായി അറബ് രാജ്യത്ത് വച്ചു ഒരു വേൾഡ് കപ്പ് ഫൈനൽ മത്സരം നടന്നത് എന്നത് പോലെ, വീട് എന്ന് നാമകരണം ചെയ്ത ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ ആദ്യമായി ഒരു ആഫ്രിക്കൻ-അറബ് ടീം വേൾഡ് കപ്പ് ഫൈനൽ മത്സരം കളിക്കാൻ അർഹത നേടും എന്നാണ് ആ ദേശങ്ങളിൽ ഉള്ളവർ വിശ്വസിക്കുന്നത്.

ഈ വേൾഡ് കപ്പിലെ തന്നെ ഏറ്റവും ശക്തരായ ഫ്രാൻസിനെയാണ് സെമിയിൽ അവർ നേരിടുന്നത് എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ, ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്ന മൊറോക്കോ ജനതയുടെ അഭിപ്രായം ഖത്തറിലുള്ള സുഹൃത്തിന്റെ വാക്കുകളിലൂടെ ഞാൻ കേട്ടു, ഹം കിസി സെ കം നഹി! അതെ, ഈ കൊല്ലത്തെ ഫൈനൽ തങ്ങൾ കളിക്കും എന്ന് തന്നെയാണ് അവരുടെ തീരുമാനം. ഫ്രാൻസ് ടീമിൽ കളിക്കുന്ന പലരോടുമൊപ്പം ക്ലബ്ബ് ഫുട്ബോൾ കളിക്കുന്ന മൊറോക്കോ കളിക്കാർ തങ്ങളുടെ ഗെയിം പ്ലാൻ ഉറപ്പിച്ചു കഴിഞ്ഞു, ഫൈനൽ മാത്രമാണ് അവരുടെ ലക്ഷ്യം.

ഈ ലോക കപ്പിലെ സ്റ്റാർ കോച്ച് എന്ന് ഇതിനകം പേരെടുത്ത് കഴിഞ്ഞ മോറോക്കൻ കോച്ച് വലീദ് റെഗ്രഗുയി തൻ്റെ ടീമിനെ വിശേഷിപ്പിക്കുന്നത് ഈ വേൾഡ് കപ്പിലെ റോക്കി ബൽബോവ എന്നാണ്. മറ്റ് ടീമുകളുടെയത്ര കഴിവും, പരിചയവും ഇല്ലാതിരിന്നിട്ടു കൂടി, പ്രതിബദ്ധതയും, ഉത്സാഹവും, അർപ്പണബോധവും മാത്രമാണ് തങ്ങളെ നയിക്കുന്നത് എന്നാണ് കോച്ച് പറഞ്ഞത്. ആദ്യ അറബ് വേൾഡ് കപ്പിലൂടെ, ആദ്യ ആഫ്രിക്കൻ അറബ് ചാമ്പ്യൻ ആകാനുള്ള മോറോക്കാൻ ടീമിന്റെ ആഗ്രഹങ്ങൾക്ക് മൊറോക്കൻ ജനതയുടെ മാത്രം പ്രാർത്ഥനകൾ മാത്രമല്ല ഉള്ളത്, ഒട്ടനവധി രാജ്യങ്ങൾ അവർക്ക് പിന്നിലുണ്ട്. അവർ പറയുന്നുണ്ട്, ദിസ് ടൈം ഫോർ ആഫ്രിക്ക, ഡിസ ടൈം ഫോർ അറേബ്യ!

ലൗ ആൾ തൃശ്ശൂർ

ഇക്കൊല്ലത്തെ തൃശൂർ വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിന് നാളെ തുടക്കമാകും. ഹൈകോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് തൃശൂർ ടെന്നീസ് ട്രസ്റ്റ് അങ്കണത്തിൽ വച്ച് ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. ഈയ്യിടെ അന്തരിച്ച, നല്ലൊരു ടെന്നീസ് കളിക്കാരിയും, സംഘാടകയുമായിരുന്ന അഡ്വക്കേറ്റ് പുഷ്ക്കല ബഷീറിന്റെ ഓർമ്മക്കായി അഡ്വക്കേറ്റ് പുഷ്കല മെമ്മോറിയൽ വെറ്ററൻസ് ടെന്നീസ് ടൂർണമെന്റ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നും നൂറോളം കളിക്കാർ വരുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

ഡിസംബർ 10, 11 തിയ്യതികളിൽ നടക്കുന്ന മത്സരങ്ങൾ തൃശൂർ ടെന്നീസ് ട്രസ്റ്റിന്റെ കീഴിലുള്ള കിണറ്റിങ്കൽ ടെന്നീസ് കോർട്ടിൽ വച്ചാണ് തൃശൂർ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. വനിതകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഒരുക്കുന്ന മത്സരങ്ങളിൽ 35+, 45+, 55+, 65+ എന്നീ വിഭാഗങ്ങളിലാണ് കളിക്കാർ മാറ്റുരക്കുക.

കേരള ടെന്നീസ് ചരിത്രത്തിൽ എന്നും വാശിയേറിയ മത്സരങ്ങൾ നടക്കുന്ന വെറ്ററൻസ് ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇത്തവണ സാധാരണയിൽ കവിഞ്ഞുള്ള തിരക്കുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ടെന്നീസിലെ വന്മരങ്ങൾ പങ്കെടുക്കുന്ന ഈ മത്സര വേദി, കേരളത്തിലെ ടെന്നീസിനെ നയിക്കുന്നവരുടെയും, അഭ്യുതകാംഷികളുടെയും ഒരു സമ്മേളന വേദി കൂടിയാകും. ടെന്നിസിന് മാർഗ്ഗനിർദ്ദേശം നൽകി പോന്നിരുന്നവരുടെ അനൗദ്യോഗിക കൂടിക്കാഴ്ചകളിൽ, ടെന്നിസിന് ഗുണകരമാകുന്ന തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ടെന്നീസ് എന്ന ഈ മനോഹര ഗെയിമിനെ ഇപ്പോഴത്തെ സംവിധാനങ്ങളിലും, ചട്ടക്കൂടുകളിലും തളച്ചിടാതെ, കൂടുതൽ ജനകീയവൽക്കരിക്കാൻ ഉതകുന്ന അഭിപ്രായങ്ങൾ ഉയർന്നു വരും എന്നാണ് പറയപ്പെടുന്നത്. തൃശൂരിൽ എത്തുന്ന സംസ്ഥാന ടെന്നീസ് ഭാരവാഹികൾ ഈ നിർദ്ദേശങ്ങളെ തുറന്ന മനസ്സോടെ സമീപിച്ചു, ഈ കളിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും എന്ന് പ്രത്യാശിക്കാം. നാളെ കിണറ്റിങ്കൽ കോർട്ടുകളിൽ ആദ്യത്തെ ‘ലവ് ആൾ’ മുഴങ്ങുമ്പോൾ, കേരളത്തിലെ ടെന്നീസ് ആരാധകർ കാത്തിരിക്കും, ഒരു നല്ല നാളേക്കായി.

ചരിത്രത്തിലേക്ക് കളിച്ചു കയറുന്ന ഖത്തർ

2022 ഫിഫ വേൾഡ് കപ്പിന്റെ ക്വാർട്ടർ നിര തീരുമാനമായി. ഇനി ഏഴു കളികൾ മാത്രം ബാക്കി, പുതിയ ലോക ചാമ്പ്യൻമാരെ തീരുമാനിക്കാൻ. ഡിസംബർ 18ന്, ആതിഥേയരായ ഖത്തർ തങ്ങളുടെ ദേശീയ ദിനം ആചരിക്കുന്ന ദിവസം, ലുസൈൽ സ്റ്റേഡിയത്തിൽ ഈ വിശ്വ മാമാങ്കം ആരവങ്ങളോടെ അവസാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകം ഖത്തറിലേക്ക് ചുരുങ്ങുകയും, ഖത്തർ ഒരു പട്ടണമായി മാറുന്ന കാഴ്ചയുമാണ് കണ്ടത്. നോക്കെത്തും ദൂരത്തുള്ള എട്ട് ലോകോത്തര സ്റ്റേഡിയങ്ങളിൽ ഇത്തവണ ഒന്നിലേറെ കളികൾ കാണാൻ സാധിച്ച സന്തോഷത്തിലാണ് കളിയാരാധകർ. ആരും ശ്രദ്ധിക്കാത്ത ചില ലോകകപ്പ് കണക്കുകൾ കൂടി ഫിഫ പുറത്ത് വിടാനിരിക്കുകയാണ്. അതെല്ലാം ഖത്തർ വേൾഡ് കപ്പിനെ അടിസ്ഥാനമില്ലാതെ വിമർശിച്ചവർക്കുള്ള മറുപടിയാകും എന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ കാണികൾ ഒന്നിലേറെ കളികൾ കണ്ട വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കുട്ടികളും സ്ത്രീകളും സ്റ്റേഡിയത്തിൽ ഇരുന്നു കളി വീക്ഷിച്ച വേൾഡ് കപ്പ്, ഏറ്റവും കുറവ് ആക്രമ സംഭവങ്ങൾ നടന്ന വേൾഡ് കപ്പ്, ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത ലോക കപ്പ് തുടങ്ങി റെക്കോർഡുകൾ അനവധിയാണ്.

പാശ്ചാത്യ നഗരങ്ങളിൽ പാണന്മാർ 24 മണിക്കൂറും പത്രങ്ങളിലൂടെയും, ടിവിയിലൂടെയും പാടി നടന്ന അറബ് കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു നാടാണ് വിദേശീയരായ കാണികൾക്ക് ഖത്തറിൽ വീക്ഷിക്കാൻ സാധിച്ചത്. അറബ് സംസ്കാരത്തിന്റെ സൗന്ദര്യവും, ആതിഥേയത്തിന്റെ സ്നേഹവും നേരിൽ കണ്ട വിദേശിയർ പറയുന്നത്, ഇതല്ല ഞങ്ങൾ കേട്ടിരുന്ന ഖത്തർ എന്നാണ്. സഹായിക്കാൻ തയ്യാറായി നിൽക്കുന്ന തദ്ദേശീയർ, രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ ഏത് സമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതരായി യാത്ര ചെയ്യാൻ സാധിക്കുന്ന നഗര വീഥികൾ, കളി കാണാൻ വരുന്നവർക്ക് സ്റ്റേഡിയത്തിന് പുറത്തു ഭക്ഷണം വിതരണം ചെയ്യുന്ന നാട്ടുകാർ, എന്നിങ്ങനെ ലോകത്തെ മറ്റൊരു രാജ്യത്തും ലഭിക്കാത്ത ആതിഥേയ മര്യാദ നിറഞ്ഞ ഒരു ലോകകപ്പ് അനുഭവമാണ് അവർക്ക് ലഭിച്ചത്.

സ്റ്റേഡിയത്തിൽ മദ്യം വിളമ്പുന്നില്ല എന്ന പാരാതി ഉയർത്തിയ ആരെയും കാണികൾക്കിടയിൽ കാണാൻ സാധിച്ചില്ല എന്നതും ഒരു സത്യമായി. വന്നവർക്കെല്ലാം കളിയാണ് ലഹരിയായത്, ഇത്ര സൗകര്യപ്രദമായി ഫുട്‌ബോൾ ആസ്വദിക്കുന്ന തിരക്കിൽ മറ്റെല്ലാം അവർ മറന്നു. മദ്യം ഇല്ല എന്നത് അവർക്ക് ഒരു വിഷയമേയല്ല എന്ന നിലയിലാണ് അവർ പ്രതികരിച്ചത്.

കാണികളുടെ സാംസ്കാരിക, ആസ്വാദന വ്യത്യാസങ്ങളും ഈ വേൾഡ് കപ്പ് ഖത്തറിൽ നടന്നത് കൊണ്ട് നമുക്ക് കാണാനായി. വികാരം വിക്ഷോഭങ്ങൾ കൊണ്ട് പരിസരം മറന്നു നിറഞ്ഞാടുന്ന യൂറോപ്യൻ കാണികളെക്കാൾ എന്തു കൊണ്ടും വ്യത്യസ്തമായി ഫുട്ബോൾ ഒരു ആഘോഷമായി കണ്ട ഏഷ്യൻ കാണികൾ. അക്കൂട്ടത്തിൽ ജപ്പാൻ കാണികളെ ലോകം ഒരിക്കലും മറക്കുകയുമില്ല. അറബ്, ഇന്ത്യൻ കാണികളുടെ ബാഹുല്യം കൊണ്ട് വ്യത്യസ്തമായ ഗാലറികളിൽ ഇത്തവണ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടായില്ല.

ഒരു ഫുട്ബോൾ വേൾഡ് കപ്പ് എങ്ങനെയാണ് നടത്തേണ്ടത് എന്നതിന് ഒരു ടെക്സ്റ്റ് ബുക്ക് മാതൃകയാണ് ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഫൈനൽ വിസിൽ മുഴങ്ങാൻ നമുക്ക് കാത്തിരിക്കാം, ചാമ്പ്യനെയും റെക്കോർഡുകളുടെ നീണ്ട ലിസ്റ്റും കാണാൻ. ചരിത്രത്തിലെ ഏറ്റവും മനോഹരമായ വേൾഡ് കപ്പായിരുന്നു ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്നു സംശയമന്യേ ഉറപ്പിച്ച് പറയുവാൻ വേൾഡ് കപ്പുകളുടെ ചരിത്രം രേഖപ്പെടുത്തുന്നവർക്ക് സാധിക്കും. അപ്പോൾ നമുക്കും അഭിമാനത്തോടെ പറയാം, ഏറ്റവും അധികം മലയാളികൾ അണിയറയിലും ഗാലറിയിലും ഉണ്ടായിരുന്ന ഒരു വേൾഡ് കപ്പായിരുന്നു ഇത് എന്നു!

മരുഭൂ തണുപ്പിച്ച കാറ്റേ..

ഖത്തറിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് പത്ത് ദിവസം പിന്നിടുമ്പോൾ, ഫുട്ബോൾ എന്ന മാസ്മരിക കളിക്ക് ഏറെയുണ്ട് ആഹ്ലാദിക്കാൻ. സാധാരണ വേൾഡ് കപ്പ് വേദികളിൽ കാണാറുള്ള, ഏകപക്ഷീയമായ വിജയങ്ങൾ കൊണ്ട് വിരസമാകാറുള്ള ഗ്രൂപ്പ് മത്സരങ്ങളല്ല ഇത്തവണ നാം കണ്ടത്. ഒരു ടീമിനെ പോലും കുറച്ചു കാണാൻ സാധിക്കാത്തത്ര ഉദ്വേഗജനകമായ കളികളായിരിന്നു ഇതുവരെയും. പ്രീക്വാർട്ടറിൽ കടക്കുമോ എന്നറിയാൻ ഫുട്ബോളിന്റെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ടീമുകൾ പോലും അവസാന ഗ്രൂപ്പ് മത്സരത്തിനായി കാത്തിരിക്കേണ്ട സ്ഥിതിയാണ് ദോഹ കണ്ടത്.

ഇത് ഖത്തറിന്റെ പ്രത്യേകതയാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ലെങ്കിൽ കൂടിയും, ഇത് ഖത്തറിൽ വേൾഡ് കപ്പ് നടത്താൻ എടുത്ത തീരുമാനവുമായി ചേർന്ന് പോകുന്നതാണ് എന്നതാണ് സത്യം. വേൾഡ് കപ്പ് ആരുടെയും കുത്തകയല്ലെന്നും, വേൾഡ് കപ്പ് വേദിയാകാൻ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഖത്തർ വേൾഡ് കപ്പ് തെളിയിച്ചു കഴിഞ്ഞു. അത് തന്നെയാണ് പരമ്പരാഗത ടീമുകളോട് സൗദി, ഇറാൻ, സെനഗൽ, ടുണീഷ്യ, ജപ്പാൻ, കോസ്റ്ററിക്ക, ഘാന, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ പ്രകടനവും വിളിച്ചു പറയുന്നത്.

ഫുട്ബോൾ കളിയെ ഇടുങ്ങിയ മനസ്സുകൾ കൊണ്ടും, മുൻവിധി നിറഞ്ഞ ദൃഷ്ടിയോടെയും നോക്കി കണ്ടിരുന്നവർക്ക് ശക്തമായ സന്ദേശമാണ് 2022 വേൾഡ് കപ്പ് നൽകുന്നത്. അതായത് തഴമ്പിൽ കഴമ്പില്ല എന്നു. മുകളിൽ പേരെടുത്തു പറഞ്ഞ ടീമുകളിൽ ഭൂരിഭാഗവും അടുത്ത റൗണ്ട് കാണില്ല, പക്ഷെ അവരെ മറികടന്ന് പോകുന്നവർക്കെന്ന പോലെ അവർക്കും അഭിമാനിക്കാം, നിസ്സാര കളിക്കല്ല ഖത്തറിലെ ഗാലറികൾ സാക്ഷ്യം വഹിച്ചത്. ഇത് വരെ വേൾഡ് കപ്പ് ഫൈനൽസിൽ ഇടം കിട്ടാത്ത അനേകം രാജ്യങ്ങൾക്ക് ഇവരുടെ പ്രകടനം നൽകുന്ന പ്രത്യാശ, ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ അത്ഭുതങ്ങൾ നമുക്ക്‌ കാണിച്ചു തന്നേക്കാം എന്നു പ്രതീക്ഷിക്കാം.

ഖത്തർ വേൾഡ് കപ്പ് തീരാൻ ഇനിയുമുണ്ട് 18 ദിവസങ്ങൾ, പക്ഷെ കളിക്കാർക്കും കാണികൾക്കും ഒരു പരാതിക്കും ഇടം കൊടുക്കാതെ ഇത് വരെ നടന്ന ഈ മാമാങ്കത്തിലെ നിറ സ്റ്റേഡിയങ്ങൾ മറ്റ് പല കൊച്ചു രാജ്യങ്ങൾക്കും നൽകുന്ന ധൈര്യവും ചെറുതല്ല. തങ്ങൾ ചോദിച്ചാൽ നൽകില്ല, അല്ലെങ്കിൽ തങ്ങളെക്കൊണ്ട് സാധിക്കില്ല എന്നു പറഞ്ഞ് മാറി നിന്ന പല രാജ്യങ്ങളും ഇനിയുള്ള കാലങ്ങളിൽ വേൾഡ് കപ്പ് വേദിയാകാൻ മുന്നോട്ട് വരുന്ന സാധ്യതക്ക് ഖത്തർ നിമിത്തമായി എന്ന് നമുക്ക് തറപ്പിച്ചു പറയാം.

നവംബർ ഡിസംബർ മാസങ്ങളിൽ ഖത്തറിലെ മരുഭൂ തണുപ്പിച്ച കാറ്റാകുമോ കളികൾ ഇത്ര ആവേശകരമാകാൻ കാരണം? പറയാൻ പറ്റില്ല, അത്ഭുതങ്ങൾ നടന്നതായി പറയുന്ന മണലാരണ്യമാണ് അറേബ്യ മുഴുവൻ! വേൾഡ് കപ്പ് പതിനാറിന്റെ പടിക്കൽ എത്തി നിൽക്കുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തല കുലുക്കി സമ്മതിക്കുന്നുണ്ട്, ഇപ്പഴാണ് ഇതൊരു വിശ്വ കളിയായതെന്നു.

സൺ റൈസസ് ഇൻ ദി ഈസ്റ്റ്!

യൂറോപ്യൻ കരുത്തന്മാരെ ഓടി തോൽപ്പിച്ചു ജപ്പാൻ, ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന തന്ത്രം പയറ്റി ജർമനിയുടെ ഗോൾ വല ഒന്നിനെതിരെ രണ്ട് തവണ കുലുക്കി ജപ്പാൻ. എല്ലാ ദിവസവും ചക്ക വീഴില്ല എന്ന തമാശയിൽ ജാപ്പനീസ് വിജയം തള്ളിക്കളഞ്ഞ ജർമനിയെയും, കളി കാണാൻ ഇരുന്നവരെയുമെല്ലാം അമ്പരപ്പിച്ചു കൊണ്ട് വീണ്ടുമൊരു ഏഷ്യൻ അട്ടിമറി ഇന്ന് വേൾഡ് കപ്പിൽ അരങ്ങേറി.

ജർമനിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ ജർമനി മുന്നിൽ കടന്നെങ്കിലും, ജപ്പാൻ കളിക്കാർ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. കളിയുടെ 74% സമയത്തും പന്ത് കയ്യടക്കി വച്ചിരുന്ന ജർമനിക്ക് പക്ഷെ ഒരിക്കൽ പോലും ജാപ്പനീസ് പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. വലുപ്പത്തിലല്ല കാര്യം എന്ന തത്വം ഓർമ്മിപ്പിച്ചു കൊണ്ട്, ജാപ്പനീസ് ടീം കിട്ടിയ അവസരങ്ങളിലെല്ലാം ജർമൻ ഗോൾ മുഖത്ത് പാഞ്ഞു കയറി. അങ്ങനെ കളിയുടെ അവസാന ഇരുപതായപ്പോഴേക്കും ജർമനിയുടെ താളം തെറ്റിച്ച്, ജപ്പാൻ രണ്ട് ഗോളുകൾ നേടി.

ഏഷ്യൻ രാജ്യങ്ങളുടെ ഫുട്ബാളിനെ കുറച്ചു കണ്ടിരുന്ന, യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിന്റെ അഹങ്കാരത്തിൽ അഭിരമിച്ചിരുന്ന ആളുകൾക്കുള്ള ചുട്ട മറുപടിയായി ഇന്നത്തെ ജാപ്പനീസ് ജയം. ഇന്നലെ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ആയിരുന്നെങ്കിൽ, ഇന്ന് യൂറോപ്യൻ ഫുട്ബോളാണ് ഏഷ്യൻ ശക്തിയുടെ ചൂടറിഞ്ഞത്. ക്ലബ്ബ് ഫുട്ബാളിലൂടെ ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്ന ഈ കളിക്കാരേയും, അവരുടെ കളിയെയും വ്യക്തമായി മനസ്സിലാക്കി, മറുതന്ത്രങ്ങൾ മെനഞ്ഞതാണ് സൗദിക്കും ജപ്പാനും ഗുണമായത്.

പ്രധാന കളിക്കാരെ മാത്രമല്ല, ടീമിന്റെ സ്വാഭാവിക താളത്തിലുള്ള കളിയെയും ഈ ഏഷ്യൻ ടീമുകൾ തടഞ്ഞു നിർത്തുന്ന കാഴ്ചയാണ് കണ്ടത്. ഇത് വഴി എതിർ ഗോൾമുഖത്ത് കാര്യമായ നീക്കങ്ങൾ നടത്താൻ ഈ കരുത്തന്മാർക്ക് കഴിയാതെ പോയി. ഏഷ്യൻ ടീമുകളെ കുറച്ചു കണ്ടതാണ് ഇതിലേക്ക് വഴിവച്ചത്. വരുന്ന കാലങ്ങളിൽ ലോക ഫുട്ബോളിൽ ഏഷ്യൻ ടീമുകൾക്ക് വ്യക്തമായ സ്ഥാനം ഉണ്ടാകും എന്നു തന്നെയാണ് ഖത്തറിലെ കളികൾ സൂചിപ്പിക്കുന്നത്.

മരുഭൂമി പഴയ മരുഭൂമി തന്നെ, പക്ഷെ അറബി പഴയ അറബിയല്ല!

ഇന്നലെ അറബ് ദേശങ്ങളിൽ വസന്തത്തിന്റെ നിറമായിരുന്നു, ഊദിന്റെ സുഗന്ധമായിരിന്നു, സുറുമയെഴുതിയ കണ്ണുകൾക്ക് ചന്ദ്രികയുടെ തിളക്കമായിരുന്നു. ലോക ഫുട്ബോളിൽ ആരും കാര്യമായിട്ടെടുക്കാത്ത, ഒരു അട്ടിമറി പോലും പ്രതീക്ഷിക്കാത്ത, ഒരു സമനിലക്ക് പോലും കരുത്തുണ്ടെന്നു കരുതാത്ത സൗദി അറേബ്യ, ഇന്നലെ ലോക ഫുട്ബോൾ ശക്തിയായ അർജന്റീനയെയാണ് 2-1 എന്ന സ്കോറിന് തോൽപ്പിച്ചത്. മെസ്സിയുടെ കളി കാണാനും, ആ മെസ്സിഹ ഗോൾ നേടുന്നതിന് സാക്ഷ്യം വഹിക്കാനും ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർ ഈ കളി ഒരിക്കലും മറക്കില്ല.

ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും വലിയ ഈ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറബി ആരാധകർ പോലും മെസ്സിയുടെ കളി കാണാനാണ് എത്തിയത്. നീലയും വെള്ളയും ജേഴ്സികളും, തൊപ്പികളും കൊണ്ട് ആ ഗാലറികൾ ആവേശക്കടലായി മാറി. വാമോസ് വിളികൾ കൊണ്ട് അന്തരീക്ഷം മുഖരിതമായി. വാമപ്പിനായി ഇറങ്ങിയ മെസ്സിയെ കണ്ടതോടെ അണികളുടെ സന്തോഷം അണപൊട്ടി. അപ്പോഴും സ്റ്റേഡിയത്തിൽ അങ്ങിങ്ങായി പച്ചയണിഞ്ഞ സൗദി ആരാധകർ തങ്ങളുടെ കൊടി വീശി കളിക്കാൻ ഒരു ടീം കൂടിയുണ്ട് എന്നു അറിയിച്ചു കൊണ്ടിരുന്നു.

കളി തുടങ്ങി 10 മിനിറ്റായപ്പോൾ കിട്ടിയ പെനാൽറ്റിയിലൂടെ അർജന്റീനയെ മെസ്സി മുന്നിലെത്തിച്ചപ്പോൾ, ആ സ്റ്റേഡിയം ഉറപ്പിച്ച്, ഈ വേൾഡ് കപ്പ് തങ്ങളുടെ ആട് മേഞ്ഞു മദിക്കും.

പക്ഷെ സൗദി ടീമിന്റെ ഓഫ് സൈഡ് ട്രാപ്പുകളിൽ കുരുങ്ങി അർജന്റീനയുടെ ഗോളുകൾ ഒന്നിന് പുറകെ ഒന്നായി നിരാകരിക്കപ്പെട്ടപ്പോൾ, മെസ്സിയും കൂട്ടരും മാത്രമല്ല, ലോകം ഒന്നാകെ അമ്പരന്നു. തന്ത്രങ്ങളുടെ ആശാനായ ഹാവേ എന്ന സൗദി കോച്ചിനെ നോക്കി അവർ പറഞ്ഞു, ഹമ്പട കേമാ!

സൗദിയുടെ ചെറുത്തു നിൽപ്പ് അത്ഭുതകരമായിരുന്നു. അർജന്റീന എന്ന ടീമിനെതിരെ ആരും ഇത്തരമൊരു കളി സൗദിയുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. 48ആം മിനിറ്റിൽ അൽ ഷെഹ്‌റി സൗദിക്ക് വേണ്ടി വല കുലുക്കിയപ്പോൾ, ലോകം അതിനൊപ്പം കുലുങ്ങി. 5 മിനിറ്റിനു ശേഷം അൽ ഡാവ്സരി ഒരെണ്ണം കൂടി സൗദിക്ക് വേണ്ടി നേടിയപ്പോൾ, സ്റ്റേഡിയം മെല്ലെ സൗദിക്ക് വേണ്ടി ചെരിഞ്ഞു. കാണികൾ ബഹുമാനപൂർവ്വം അവർക്കൊപ്പമായി.

രണ്ട് ഗോളുകൾ നേടിയത് കൊണ്ട് മാത്രമല്ല, ആ ഗോളുകളുടെ സൗന്ദര്യം കൂടി കണ്ടാണ് കാണികൾ കൈയ്യടിച്ചത്. ഈ ലോകകപ്പിൽ ഇതു വരെ പിറന്ന ഗോളുകളിൽ ഏറ്റവും മനോഹരമായതായിരുന്നു അവ രണ്ടും. അറബി കമന്ററികൾ കരച്ചിലിന്റെ വക്കിലെത്തിയിരിന്നു. കളി കാണാൻ സൗദി പതാക ചുമലിൽ അണിഞ്ഞു വന്ന ഖത്തർ അമീർ ചാടിയെഴുന്നേറ്റു ആഹ്ലാദത്തിൽ പങ്ക് കൊണ്ടു. അധിനിവേശ പലസ്തീൻ തെരുവുകൾ മുതൽ മക്കയിലെ ഹറമിൽ വരെ ആ ഗോളുകളുടെ സന്തോഷം നിമിഷങ്ങൾക്കകം പടർന്നു. അറബ് ദേശങ്ങൾ ആഘോഷത്തിമർപ്പിലായി.

കളി കഴിയുന്നത് വരെ അർജന്റീന ശ്രമിച്ചു കൊണ്ടിരുന്നു, പക്ഷേ ഇന്നലത്തെ ദിവസം ഫുട്ബോൾ സൗദിക്ക് ഒപ്പമായിരുന്നു, ഫുട്ബാളിനെ സ്നേഹിക്കുന്നവരും അവരിൽ ഒരാളായി. മെസ്സിയുടെ ഗോളുകൾ കണ്ട കഥ തങ്ങളുടെ തലമുറകൾക്ക് പറഞ്ഞു കൊടുക്കാൻ ആകുമെന്ന് കരുതി സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് ഇനി പറയാൻ ഉണ്ടാവുക, അതിലും മനോഹരമായ കഥയാകും.

ഇതിന് ശേഷം നടന്ന ഡെൻമാർക്ക്‌ ടുണീഷ്യ മത്സരം കാണാൻ എത്തിയവരിലേക്കും സൗദിയുടെ ഈ വിജയാവേശം പടർന്നിരുന്നു. അതു കൊണ്ടു തന്നെ ടുണീഷ്യൻ ആരാധകരെ കൊണ്ടു ചെങ്കടലായി മാറിയ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം പ്രതീക്ഷയിലായിരുന്നു. ഈ കളിയും ആവേശം നിറഞ്ഞ ഒന്നായി മാറി. വിജയ സാധ്യത കൂടുതൽ ഉണ്ടായിരുന്ന ഡെന്മാർക്കിനെ ടുണീഷ്യ സമനിലയിൽ പിടിച്ചു കെട്ടി. വെറും സമനിലയല്ല, തികഞ്ഞ ഫുട്‌ബോൾ പുറത്തെടുത്തു തന്നെയാണ് അവർ ഡെന്മാർക്കിനെ തളച്ചത്. ടുണീഷ്യൻ ആരാധകർക്ക് ഇത് വിജയത്തിൽ കുറഞ്ഞ ഒന്നായിരുന്നില്ല.

ഈ അറബ് രാജ്യങ്ങളുടെ പ്രകടനങ്ങൾ, ഖത്തർ വേൾഡ് കപ്പിനെതിരെ ഫുട്ബാൾ പാരമ്പര്യം ചോദ്യം ചെയ്ത് വന്നവരുടെ വായടപ്പിക്കും എന്നു കരുതാം. ലോക ഫുട്ബോളിൽ പുതിയ നാമ്പുകൾക്ക് സാക്ഷ്യം വഹിക്കും എന്നു വിശ്വസിക്കാം. മരുഭൂമി പഴയ മരുഭൂമി തന്നെ, പക്ഷെ അറബി പഴയ അറബിയല്ല എന്ന് ലോകം മനസ്സിലാക്കട്ടെ.

Exit mobile version