അമേരിക്കയെ തോൽപ്പിച്ച് മെക്സിക്കോ പത്താം ഗോൾഡ് കപ്പ് കിരീടം ഉയർത്തി


ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന കോൺകാകാഫ് ഗോൾഡ് കപ്പ് ഫൈനലിൽ ചിരവൈരികളായ യുഎസ്എയെ 2-1ന് തോൽപ്പിച്ച് മെക്സിക്കോ തങ്ങളുടെ റെക്കോർഡ് വർധിപ്പിച്ച് പത്താം കിരീടം നേടി.
നാലാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൾട്ടറുടെ ഫ്രീ കിക്കിൽ നിന്ന് ക്രിസ് റിച്ചാർഡ്സ് ഹെഡറിലൂടെ യുഎസ്എയെ മുന്നിലെത്തിച്ചു.


എന്നാൽ 27-ാം മിനിറ്റിൽ മാർസെൽ റൂയിസിന്റെ മികച്ച പാസിൽ നിന്ന് റൗൾ ഹിമെനസ് ഗോൾ നേടി മെക്സിക്കോയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഈ ആഴ്ച ആദ്യം ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട തന്റെ മുൻ വോൾവ്സ് സഹതാരം ഡിയോഗോ ജോട്ടക്ക് ഹിമെനെസ് ഈ ഗോൾ സമർപ്പിച്ചു. ജോട്ടയുടെ പേരെഴുതിയ മെക്സിക്കൻ ജേഴ്സി ഉയർത്തിപ്പിടിച്ച് ഹിമെനെസ് ആദരാഞ്ജലികൾ അർപ്പിച്ചു.


പന്ത് കൈവശം വെക്കുന്നതിൽ മെക്സിക്കോ ആധിപത്യം പുലർത്തുകയും യുഎസ്എ പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുകയും ചെയ്തതോടെ അവർക്ക് അനുകൂലമായി മത്സരം തുടർന്നു. 77-ാം മിനിറ്റിൽ എഡ്സൺ അൽവാരസ് ഹെഡറിലൂടെ വിജയഗോൾ നേടി. ആദ്യം ഓഫ്‌സൈഡ് എന്ന് വിധിച്ചെങ്കിലും, വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു, ഇത് മെക്സിക്കോയ്ക്ക് വിജയവും കിരീടവും നൽകി.

93ആം മിനുട്ടിൽ മെക്സിക്കോ സമനില, 96ആം മിനുട്ടിലെ ബ്രസീൽ വിജയ ഗോൾ!!

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ബ്രസീൽ മെക്സിക്കോക്ക് എതിരെ ആവേശകരമായ വിജയം നേടി. ഇന്ന് ടെക്സാസിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ബ്രസീൽ വിജയിച്ചത്. 94ആം മിനുട്ടിൽ സമനില വഴങ്ങിയ ബ്രസീൽ 96ആം മിനുട്ടിൽ തിരിച്ചടിച്ചാണ് വിജയം നേടിയത്. ഇന്ന് മത്സരം ആരംഭിച്ച അഞ്ചാം മിനിറ്റിൽ തന്നെ ഫുൾഹാം താരം ആൻഡ്രെസ് പെരേരയിലൂടെ ബ്രസീൽ ലീഡ് എടുക്കുകയായിരുന്നു. സവിഞ്ഞോ ആയിരുന്നു ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയത്.

ആദ്യ പകുതിയിൽ അത്ര മികച്ച പ്രകടനം അല്ല ബ്രസീൽ കാഴ്ചവച്ചത് എങ്കിലും അവർ 1-0ന്റെ ലീഡിൽ തുടർന്നു. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആഴ്സണൽ താരം മാർട്ടിനെല്ലിയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. കൗട്ടോയുടെ ഒരു മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

73ആം മിനുട്ടിൽ കിനോസിനെ ഗോളിൽ മെക്സിക്കോ ഒരു ഗോൾ തിരിച്ചടിച്ചു. ഇത് മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. അവസാനം 94ആം മിനുട്ടിൽ ഗുയിലെമോ മാർട്ടിനസിന്റെ ഒരു ഷോട്ട് നിയർ പോസ്റ്റിൽ അലിസണെ കീഴ്പ്പെടുത്തി വലയിൽ എത്തി. സ്കോർ 2-2. ഇനി ഒരു വിജയ ഗോൾ നേടാൻ സമയം ഇല്ലായെന്ന് തോന്നിയ സമയത്ത് 96ആം മിനുട്ടിൽ എൻഡ്രിക് ബ്രസീലിനായി വിജയ ഗോൾ നേടി. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു യുവതാരത്തിന്റെ ഗോൾ.

ബ്രസീൽ ഇനി കോപ്പ അമേരിക്കയ്ക്ക് മുന്നേ അമേരിക്കക്കെതിരെയും ഒരു സൗഹൃദ മത്സരം കളിക്കും.

ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ മെക്സിക്കൻ പരിശീലകന്റെ ജോലി തെറിച്ചു

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു പിന്നാലെ മെക്സിക്കോ അവരുടെ പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോയുടെ കരാർ റദ്ദാക്കി. അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ പോളണ്ടിനു പിന്നിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ആണ് മെക്സിക്കോ ലോകകപ്പിൽ നിന്നു പുറത്തായത്.

പോളണ്ടിനും മെക്സിക്കോക്കും ഒരേ പോയിന്റുകൾ ആയിരുന്നു എങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ പുറത്ത് പോവുക ആയിരുന്നു. 1978 നു ശേഷം ഇത് ആദ്യമായാണ് മെക്സിക്കോ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോവുന്നത്. ഇതിനെ തുടർന്ന് ആണ് മണിക്കൂറുകൾക്ക് അകം ദേശീയ ടീം പരിശീലകനെ മെക്സിക്കോ പുറത്താക്കിയത്. റഫറി അവസാന വിസിൽ അടിച്ചപ്പോൾ തന്റെ കരാർ അവസാനിച്ചു എന്നാണ് മാർട്ടിനോ പ്രതികരിച്ചത്.

മെക്സിക്കൻ ഹൃദയം തകർത്തു സൗദി ഗോൾ, ജയിച്ചിട്ടും മെക്സിക്കോ ലോകകപ്പിൽ നിന്നു പുറത്ത്

ഖത്തർ ലോകകപ്പിൽ നിന്നു മെക്സിക്കോ പുറത്ത്. ഗ്രൂപ്പ് സിയിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് ജയിച്ചു പോയിന്റ് നിലയിൽ പോളണ്ടിനു ഒപ്പം എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ പിറകിൽ ആയതോടെ മെക്സിക്കോ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് ആവുക ആയിരുന്നു. ഇരു ടീമുകളും ജയം തേടി ഇറങ്ങിയ മത്സരത്തിൽ മെക്സിക്കോ ആണ് കൂടുതൽ ആധിപത്യം കാണിച്ചത്. മത്സരത്തിൽ 26 ഷോട്ടുകൾ ഉതിർത്ത അവർ 11 എണ്ണം ലക്ഷയത്തിലേക്കും അടിച്ചു. ആദ്യ പകുതിയിൽ എന്നാൽ സൗദി പ്രതിരോധം ഭേദിക്കാൻ മെക്സിക്കോക്ക് ആയില്ല.

എന്നാൽ രണ്ടാം പകുതിയിൽ മെക്സിക്കോ ഗോളുകൾ കണ്ടത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സെസർ മോണ്ടസിന്റെ പാസിൽ നിന്നു ഹെൻറി മാർട്ടിൻ മെക്സിക്കോക്ക് ഗോൾ സമ്മാനിച്ചു. 52 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്കിലൂടെ ചാവസ് മെക്സിക്കോക്ക് നിർണായകമായ രണ്ടാം ഗോളും സമ്മാനിച്ചു.

ഈ സമയത്ത് ഒരു ഗോൾ അടിച്ചാൽ മെക്സിക്കോക്ക് പോളണ്ടിനെ മറികടക്കാം ആയിരുന്നു. അതിനായി അവർ ആക്രമിച്ചു തന്നെ കളിച്ചു. ഇടക്ക് അടിച്ച ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചു. പലപ്പോഴും സൗദി ഗോൾ കീപ്പർ മെക്സിക്കോക്ക് മുന്നിൽ വില്ലനായി. ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ വീണു കിട്ടിയ അവസരം ഗോൾ ആക്കി മാറ്റിയ സലം അൽ-ദസരി മെക്സിക്കോ ഹൃദയങ്ങൾ തകർത്തു. ബഹ്‌ബ്രിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.

അർജന്റീന ഈസ് ബാക്ക്!! മെസ്സിക്ക് ഒപ്പം അവതരിച്ച് എൻസോയും!!

ലയണൽ മെസ്സി എന്ന ഇതിഹാസം ഒരിക്കൽ കൂടെ അർജന്റീനയുടെ രക്ഷകനായി അവതരിച്ചു.ഒപ്പം യുവതാരം എൻസോയുടെ മാന്ത്രിക ഗോളും. മെക്സിക്കോക്ക് എതിരായ അർജന്റീനയുടെ ജീവന്മരണ പോരാട്ടത്തിൽ അർജന്റീന ഒരു ഗോൾ കണ്ടെത്താൻ പതറുന്നതിനിടയിൽ ആണ് മെസ്സി മാജിക്കിൽ ഒരു ഗോൾ പിറന്നതും അർജന്റീന വിജയ വഴിയിലേക്ക് യാത്ര തുടങ്ങിയതും. മെസ്സിയുടെയും എൻസോയുടെയും ഗോളുകളിടെ ബലത്തിൽ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടാൻ അർജന്റീനക്ക് ആയി.ഇതോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായിം

ഇന്ന് ജീവന്മരണ പോരാട്ടം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയാണ് അർജന്റീന ആദ്യ പകുതിയെ സമീപിച്ചത്. മെക്സിക്കോ കാണിച്ചത്ര ധൈര്യം ആദ്യ പകുതിയിൽ അർജന്റീന കാണിക്കുന്നത് കാണാൻ ആയില്ല. മെക്സിക്കോ അവരുടെ വേഗത ഉപയോഗിച്ച് അർജന്റീന ഡിഫൻസിനെതിരെ തുടക്കത്തിൽ കുതിച്ചു എങ്കിലും ആദ്യ പകുതിയിൽ അർജന്റീനയിൽ നിന്ന് അത്തരം നീക്കങ്ങൾ കാണാൻ ആയില്ല.

ആദ്യ പകുതിയിൽ ഒചോവയെ ഒന്ന് കാര്യമായി പരീക്ഷിക്കാൻ പോലും അർജന്റീനക്ക് ആയില്ല. 34 മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക് ആയിരുന്നു ആദ്യമായി ഒചോവ ഇടപെടേണ്ടി വന്ന സന്ദർഭം. അത് വലിയ വെല്ലുവിളി ആകാതെ ഒഴിഞ്ഞു. 45ആം മിനുട്ടിൽ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീകിക്ക് മാർട്ടിനസ് തടഞ്ഞത് കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിർത്തി.

രണ്ടാം പകുതിയിൽ അർജന്റീന കുറച്ചു കൂടെ തുറന്ന സമീപനത്തോടെ കളിയെ സമീപിച്ചു. തുടക്കത്തിൽ മെസ്സി പറ്റിയ പൊസിഷനിൽ നിന്ന് ഒരു ഫ്രീകിക്ക് ലഭിച്ചു എങ്കിലും മെസ്സിയുടെ കിക്ക് ടാർഗറ്റിലേക്ക് പോയില്ല.

64 മിനുട്ട് കഴിഞ്ഞപ്പോൾ മെസ്സി തന്നെ അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഡി മറിയയിൽ നിന്ന് പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഗ്രൗണ്ടർ ഷോട്ട്‌. ഒചോവ ഫുൾ ഡൈവ് ചെയ്തിട്ടും തടയാൻ ആവാത്ത ഷോട്ട്. അർജന്റീന 1-0 മെക്സിക്കോ.

ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോളും മൊത്തത്തിൽ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളും ആയി ഇത്. ഈ ഗോളിന് ശേഷം അർജന്റീന വർധിത ഊർജ്ജത്തോടെയാണ് കളിച്ചത്. 75ആം മിനുട്ടിൽ മെസ്സിയുടെ ഒരു ഇടം കാലൻ ഷോട്ട് ഒചോവ തടഞ്ഞത് അർജന്റീനയുടെ ലീഡ് ഇരട്ടിയാകുന്നതിന് തടസ്സമായി.

88ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. മെസ്സിയിൽ നിന്ന് പാസ് സ്വീകരിച്ച യുവതാരം പന്ത് എടുത്ത് ഡ്രിബിൾ ചെയ്ത് മുന്നേറി തൊടുത്ത ഷോട്ട് ഈ ലോകകപ്പിൽ പിറന്ന മികച്ച ഗോളുകളിൽ ഒന്നായിരുന്നു‌.

ഈ വിജയത്തോടെ അർജന്റീന രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റിൽ എത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെ ആണ് അർജന്റീന നേരിടേണ്ടത്. ആ മത്സരം കൂടെ വിജയിച്ചാൽ അർജന്റീനയുടെ പ്രീക്വാർട്ടർ യോഗ്യത ഉറപ്പാകും‌. മെക്സിക്കോക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് ആണുള്ളത്‌

യുദ്ധക്കളം പോലെ ആദ്യ പകുതി, ഗോൾ കണ്ടെത്താൻ ആകാതെ അർജന്റീന

അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായിൽ നിൽക്കുകയാണ്. അർജന്റീന പന്ത് കൂടുതൽ കൈവശം വെച്ചു എങ്കിലും നല്ല അവസരങ്ങൾ അവരിൽ നിന്ന് വന്നില്ല. കടുത്ത ടാക്കിളുകളും ഫൗളുകളും നിറഞ്ഞ ആദ്യ പകുതി ഗോളില്ല എങ്കിലും ആവേശം നിറഞ്ഞതായിരുന്നു.

ഇന്ന് ജീവന്മരണ പോരാട്ടം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയാണ് അർജന്റീന ആദ്യ പകുതിയെ സമീപിച്ചത്. മെക്സിക്കോ കാണിച്ചത്ര ധൈര്യം ആദ്യ പകുതിയിൽ അർജന്റീന കാണിക്കുന്നത് കാണാൻ ആയില്ല. മെക്സിക്കോ അവരുടെ വേഗത ഉപയോഗിച്ച് അർജന്റീന ഡിഫൻസിനെതിരെ തുടക്കത്തിൽ കുതിച്ചു എങ്കിലും ആദ്യ പകുതിയിൽ അർജന്റീനയിൽ നിന്ന് അത്തരം നീക്കങ്ങൾ കാണാൻ ആയില്ല.

ആദ്യ പകുതിയിൽ ഒചോവയെ ഒന്ന് കാര്യമായി പരീക്ഷിക്കാൻ പോലും അർജന്റീനക്ക് ആയില്ല. 34 മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക് ആയിരുന്നു ആദ്യമായി ഒചോവ ഇടപെടേണ്ടി വന്ന സന്ദർഭം. അത് വലിയ വെല്ലുവിളി ആകാതെ ഒഴിഞ്ഞു. 45ആം മിനുട്ടിൽ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീകിക്ക് മാർട്ടിനസ് തടഞ്ഞത് കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിർത്തി.

അർജന്റീന ഇന്ന് പരാജയപ്പെട്ടാൽ പുറത്താകും. സമനില ആയാലും അർജന്റീനയുടെ ലോകകപ്പ് പ്രീക്വാർട്ടർ പ്രതീക്ഷകൾ മങ്ങും. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിൽ വിജയത്തിനായി തന്നെ അർജന്റീന പൊരുതും എന്നാകും അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്‌.

ഒചോവ തിളങ്ങാതെ എന്ത് ലോകകപ്പ്!! ലെവൻഡോസ്കിയുടെ പെനാൾട്ടി തടഞ്ഞു, സമനിലയിൽ തൃപ്തി

ഒചോവ എന്ന മെക്സിക്കൻ ഗോൾ കീപ്പർ ലോകകപ്പിൽ എന്നും ലെജൻഡ് മോഡിൽ ആണെന്ന് ഫുട്ബോൾ പ്രേമികൾ പറയും. ഒചോവ കയ്യടി വാങ്ങാത്ത ഒരു ലോകകപ്പ് ഒചോവ കളിക്കാൻ തുടങ്ങിയത് മുതൽ കടന്നു പോയിട്ടില്ല. ഇന്ന് മെക്സിക്കോ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടിനെ നേരിടാൻ ഇറങ്ങിയപ്പോഴും ഒചോവ ആയിരുന്നു ഹീറോ ആയത്‌. ലെവൻഡോസ്കിയുടെ പെനാൾട്ടി ഒചോവ തടഞ്ഞ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്.

ഇന്ന് ഗ്രൂപ്പ് സിയിൽ പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരം പതിയെ ആണ് തുടങ്ങിയത്. കാര്യമായ അവസരങ്ങൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്നില്ല. ആദ്യ പകുതിയിൽ ഇത്തിരി ഭേദപ്പെട്ട പ്രകടനം മെക്സിക്കോയിൽ നിന്ന് ആണ് ഉണ്ടായത് എങ്കിലും ആ നല്ല പ്രകടനങ്ങൾ അടയാളപ്പെടുത്താനുള്ള ഒന്നും മെക്സിക്കോ സൃഷ്ടിച്ചില്ല. ആദ്യ പകുതി വിരസമായി അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലൊസാനോയുടെ ഒരു ഷോട്ട് ഗോൾകീപ്പർ ചെസ്നി അനായാസം തടഞ്ഞു. മത്സരത്തിന്റെ 55ആം മിനുട്ടിൽ മൊറേനോ ലെവൻഡോസ്കിയെ വീഴ്ത്തിയതിന് പോളണ്ടിന് അനുകൂലമായ പെനാൾട്ടി വിധി വന്നു. ലെവൻഡോസ്കി തന്നെ പെനാൾട്ടി എടുത്തു. പക്ഷെ തടയാൻ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ഒചോവ ആയിരുന്നു.

തന്റെ ഇടതു ഭാഗത്തേക്ക് ചാടി കൊണ്ട് ഒചോവ ലെവൻഡോസ്കിയെ തടഞ്ഞു. സ്കോർ ഗോൾ രഹിതമായി തന്നെ തുടർന്നു. ഇതിനു പിന്നാലെ 64ആം മിനുട്ടിൽ ചെസ്നിയുടെ സേവ് മറുവശത്തും വന്നു. ഇരു ടീമുകളും മാറ്റങ്ങൾ വരുത്തി നോക്കിയിട്ടും ഗോൾ മാത്രം ഇന്ന് വന്നില്ല.

ഇനി സൗദി അറേബ്യയും അർജന്റീനയും ആണ് ഒരു ടീമുകൾക്കും മുന്നിൽ ഉള്ളത്.

ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോളണ്ടിനു ആയിരുന്നു ജയം എങ്കിലും സമീപകാലത്തെ പ്രകടനങ്ങൾ മെക്സിക്കോയുടെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ 8 ലോകകപ്പുകളിൽ തുടർച്ചയായി ഗ്രൂപ്പ് ഘട്ടം കടക്കാനും അവർക്ക് ആയി. ഗോൾ കീപ്പർ ഒച്ചോവ, ആന്ദ്രസ് ഗുഡാർഡോ എന്നിവർക്ക് മെക്സിക്കൻ ജെഴ്സിയിൽ ഇത് അഞ്ചാം ലോകകപ്പ് ആണ്.

മുന്നേറ്റത്തിലെ മികച്ച താരങ്ങൾ ആണ് മെക്സിക്കോയുടെ കരുത്ത്. ഉഗ്രൻ ഫോമിലുള്ള നാപോളി താരം ഹിർവിങ് ലൊസാനോ, ഗോൾ കണ്ടത്താൻ ലേശം ബുദ്ധിമുട്ട് ഉണ്ടെങ്കിലും വോൾവ്സിന്റെ റൗൾ ഹിമനസ് എന്നിവർ പോളണ്ട് പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ അയാക്‌സ് താരമായ അൽവാരസും പ്രതിരോധത്തിൽ മറ്റൊരു അയാക്‌സ് താരമായ സാഞ്ചസും മെക്സിക്കൻ കരുത്ത് ആണ്. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ചത് അടക്കം നിരവധി വീരഗാഥകൾ ഉള്ള മെക്സിക്കോക്ക് ലോകകപ്പിൽ എന്നും ഫോമിലേക്ക് ഉയരുന്ന ഒച്ചോവയുടെ സാന്നിധ്യവും കരുത്ത് ആണ്.

അതേസമയം കളിച്ച ഏക ലോകകപ്പിൽ മൂന്നു മത്സരവും കളിച്ചിട്ടും ഗോൾ കണ്ടത്താൻ ആവാത്ത ക്ഷീണം മെക്സിക്കോക്ക് എതിരെ മാറ്റാൻ ആവും റോബർട്ട് ലെവൻഡോസ്കി ഇന്ന് ഇറങ്ങുക. ലെവൻഡോസ്കിക്ക് ഒപ്പം സിലൻസ്കി, മിൽക് തുടങ്ങിയ മികച്ച താരങ്ങളും പോളണ്ട് മുന്നേറ്റത്തിൽ ഉണ്ട്. ഗിലിക്, ബെഡ്നറക്, മാത്യു കാശ് തുടങ്ങിയ അനുഭവ സമ്പന്നരായ പ്രതിരോധം ആണ് ചെസ്നിക്ക് മുന്നിൽ പോളണ്ട് അണിനിരത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നല്ല തുടക്കം കൊണ്ടു മായിച്ചു കളയണം എന്ന ഉദ്ദേശവും ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോളണ്ട് ടീമിന് ഉണ്ട്. തുല്യശക്തികളുടെ മികച്ച പോരാട്ടം തന്നെ ഇന്ന് ഗ്രൂപ്പ് സിയിൽ ഈ പോരാട്ടത്തിൽ പ്രതീക്ഷിക്കാം.

ഗോൾ പോസ്റ്റിനു മുന്നിൽ ഒച്ചോവ തന്നെ, ലോകകപ്പിനുള്ള മെക്സിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. അനുഭവസമ്പതും യുവത്വവും ചേർന്ന ടീമിൽ നിരവധി പ്രമുഖ താരങ്ങൾ ആണ് പരിക്ക് കാരണം ഇടം പിടിക്കാത്തത്. ഗോളിന് മുന്നിൽ ലോകകപ്പിൽ എന്നും മതിൽ ആവുന്ന ഗില്ലെർമോ ഒച്ചോവയും പ്രതിരോധത്തിൽ അയാക്‌സിന്റെ ജോർജ് സാന്റോസും അടങ്ങുന്ന ടീമിന്റെ മധ്യനിരയും മുന്നേറ്റവും ശക്തമാണ്.

പി.എസ്.വിയുടെ എറിക് ഗുയിട്ടറസ്‌, അയാക്‌സിന്റെ എഡ്സൺ അൽവരാസ്, റയൽ ബെറ്റിസിന്റെ ആന്ദ്രസ് ഗുയേർഡാഡോ എന്നിവർ അടങ്ങിയ ശക്തമായ മധ്യനിരയാണ് മെക്സിക്കൻ ടീമിന് ഉള്ളത്. നാപോളിയിൽ മിന്നും ഫോമിലുള്ള ഹിർവിങ് ലൊസാനോ, വോൾവ്സ് മുന്നേറ്റതാരം റൗൾ ഹിമനസ് എന്നിവർ അടങ്ങിയ മുന്നേറ്റവും മികച്ചത് ആണ്. ഗുയേർഡാഡോ, ഒച്ചോവ എന്നിവർക്ക് ഇത് അഞ്ചാം ലോകകപ്പ് ആണ്. അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നിവർ അടങ്ങിയ ഗ്രൂപ്പ് സിയിൽ ആണ് മെക്സിക്കോയുടെ സ്ഥാനം.

മെക്‌സിക്കൻ ക്ലബ്ബിൽ സുപ്രധാന ചുമതലയിൽ റയൽ മാഡ്രിഡ് ഇതിഹാസം

റയൽ മാഡ്രിഡ് ഇതിഹാസം ഫെർണാണ്ടോ ഹിയെറോ കരിയറിൽ പുതിയ വേഷങ്ങളിലേക്ക്. മെക്സിക്കൻ ക്ലബ്ബ് ആയ ഷിവാസിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയി മുൻ സ്പാനിഷ് താരം ചുമതലയേറ്റു. മെക്സിക്കൻ ലീഗിൽ തിരിച്ചടി നേരിട്ടതോടെയാണ് ഷാവേസ് ഡേ ഗ്വാഡലഹാഡ ടീമിന്റെ തലപ്പത്ത് അഴിച്ചു പണിക്ക് ഒരുങ്ങിയത്. മികച്ച താരങ്ങളെ പുതുതായി ക്ലബ്ബിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഹിയെറോയുടെ സാന്നിധ്യം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ടീം.

മുൻപ് സ്പാനിഷ് ടീമായ മലാഗയിൽ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് ഇരുന്ന പരിചയം അദ്ദേഹത്തിനുണ്ട്. ആൻസലോട്ടിക്കൊപ്പം 2014ൽ റയൽ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്നു. 2018ൽ സ്പാനിഷ് ദേശിയ ടീമിൽ കോച്ച് ലോപറ്റ്യുഗിയെ പുറത്താക്കണ്ടേ അസാധാരണ സംഭവങ്ങൾ ഉണ്ടായപ്പോൾ ടീം അഭയം പ്രാപിച്ചതും ഹിയെറോയെ ആയിരുന്നു. 1989 നും 2003 നും റയലിനായി നാന്നൂറ്റി മുപ്പതോളം മത്സരങ്ങളിൽ ബൂട്ട് കെട്ടി. സ്പാനിഷ് ഫുട്ബാൾ അസോസിയേഷന്റെ ഡയറക്ടർ ചുമതലയിലും പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്.

ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച് അമേരിക്കയും മെക്സിക്കോയും

ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ച് അമേരിക്കയും മെക്സിക്കോയും. അവസാന യോഗ്യത മത്സരത്തിൽ കോസ്റ്റാറിക്കയോട് 0-2ന് തോറ്റെങ്കിലും അമേരിക്ക ലോകകപ്പ് യോഗ്യത ഉറപ്പിക്കുകയായിരുന്നു. CONCAF യോഗ്യത മത്സരത്തിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന അമേരിക്ക ഇത്തവണ ലോകകപ്പ് കളിയ്ക്കാൻ യോഗ്യത ഉറപ്പിക്കുകയായിരുന്നു.

എൽ സാൽവഡോറിനെതിരെ ഏകപക്ഷീയമായ 2 ഗോളിന്റെ ജയം സ്വന്തമാക്കിയത് മെക്സിക്കോ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് മെക്സിക്കോ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.. അതെ സമയം നാലാം സ്ഥാനത്ത് എത്തിയ കോസ്റ്ററിക്ക ന്യൂസിലാൻഡുമായുള്ള പ്ലേ ഓഫ് മത്സരത്തിന് യോഗ്യത നേടി. ഇതിലെ വിജയികളാവും ഖത്തർ ലോകകപ്പിന് യോഗ്യത നേടുക. നേരത്തെ കാനഡ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.

മെക്സിക്കോയോ തോൽപ്പിച്ച് ഗോൾഡ് കപ്പ് കിരീടം സ്വന്തമാക്കി അമേരിക്ക

എക്സ്ട്രാ ടൈമിൽ മെക്സിക്കോയെ പരാജയപ്പെടുത്തി ഗോൾഡ് കപ്പ് കിരീടം സ്വന്തമാക്കി അമേരിക്ക. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അമേരിക്കയുടെ ജയം. എക്സ്ട്രാ ടൈമിന്റെ 117മത്തെ മിനുറ്റിൽ മിൽസ് റോബിൻസൺ ആണ് മത്സരത്തിൽ അമേരിക്കയുടെ വിജയം ഗോൾ നേടിയത്. 2017ന് ശേഷം തങ്ങളുടെ ആദ്യ ഗോൾഡ് കപ്പ് കിരീടം നേടാനും അമേരിക്കക്കായി.

ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഗോളിലാണ് മത്സരത്തിന്റെ വിധി നിർണയിക്കപ്പെട്ടത്. കഴിഞ്ഞ ജൂൺ മാസത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്തി അമേരിക്ക നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. എന്നാൽ അന്ന് ഇറങ്ങിയ ടീമിൽ നിന്ന് വ്യത്യസ്‍തമായി രണ്ടാം നിര ടീമുമായാണ് അമേരിക്ക മെക്സിക്കോയെ നേരിടാനായി ഇറക്കിയത്.

Exit mobile version