എന്റമ്മോ എന്താ ക്ലൈമാക്‌സ്! ബാസ്‌കറ്റ്‌ ബോൾ സ്വർണം നേടി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

പാരീസ് ഒളിമ്പിക്സിൽ ഓവറോൾ ജേതാക്കൾ ആയി അമേരിക്ക. ടോക്കിയോയിൽ ചൈനയെക്കാൾ ഒരു സ്വർണം കൂടുതൽ നേടിയ അമേരിക്കക്ക് പക്ഷെ ഇത്തവണ ചൈനയും ആയി സ്വർണ കണക്കിൽ തുല്യത പാലിക്കേണ്ടി വന്നു. 40 വീതം സ്വർണം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു എങ്കിലും വെള്ളി, വെങ്കല കണക്കിൽ ബഹുദൂരം മുന്നിൽ ആയത് ആണ് അമേരിക്കക്ക് തുണയായത്. ഇന്ന് ചൈന രണ്ടു സ്വർണം നേടി സ്വർണ നേട്ടം 40 തിൽ എത്തിച്ചപ്പോൾ വനിത വോളിബോളിൽ തോറ്റതോടെ അമേരിക്കൻ പ്രതീക്ഷ മങ്ങി.

എന്നാൽ ട്രാക്ക് സൈക്കിളിങിൽ ടോക്കിയോയിൽ സ്വർണം നേടിയ ജെന്നിഫർ വെലാന്റെ ഇത്തവണ അപ്രതീക്ഷിതമായി സ്വർണം നിലനിർത്തിയതോടെ അമേരിക്കൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. തുടർന്ന് നടന്ന വനിത ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്ക ഒളിമ്പിക് ജേതാക്കൾ ആവുക ആയിരുന്നു. അവിശ്വസനീയം ആയ മത്സരം ആണ് അമേരിക്കയും ഫ്രാൻസും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഫ്രാൻസ് 11 പോയിന്റ് മുന്നിൽ ആയപ്പോൾ അമേരിക്കൻ വനിതകൾ തിരിച്ചു വന്നു.

തുടർന്ന് അവസാന സെക്കന്റിൽ സ്‌കോർ 67-64 നിൽക്കുമ്പോൾ 3 പോയിന്റ് നേടാനുള്ള ഫ്രാൻസ് ജയം ജയിച്ചതോടെ അമേരിക്ക ഞെട്ടി. എന്നാൽ ഈ ശ്രമം ബോക്സിനു ലേശം സെന്റീമീറ്റർ ഉള്ളിൽ ആയതിനാൽ മാത്രം 2 പോയിന്റ് ഫ്രാൻസിന് ലഭിച്ചതോടെ 67-66 എന്ന സ്കോറിന് അമേരിക്ക സ്വർണം ഉറപ്പിച്ചു. മൊത്തം മെഡൽ പട്ടികയിൽ അമേരിക്കക്ക് 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകൾ ആണ് ഉള്ളത്. ചൈനക്ക് ആവട്ടെ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും അടക്കം 91 മെഡലുകൾ ഉണ്ട്. മൂന്നാമത് 20 സ്വർണവും ആയി ജപ്പാനും നാലാമത് 18 സ്വർണവും ആയി ഓസ്‌ട്രേലിയയും ആണ് ഉള്ളത്. നിലവിൽ 1 വെള്ളിയും 5 വെങ്കലവും അടക്കം 6 മെഡലുകളും ആയി 71 സ്ഥാനത്ത് ആണ് ഇന്ത്യ.

ബ്രസീലിനെ തോൽപ്പിച്ചു അമേരിക്കൻ വനിതകൾ ഒളിമ്പിക് സ്വർണം സ്വന്തമാക്കി

വനിത ഫുട്‌ബോളിൽ ബ്രസീൽ സ്വപ്നങ്ങൾ തകർത്തു സ്വർണം നേടി അമേരിക്കൻ വനിതകൾ. ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ടീം വനിത ഫുട്‌ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അമേരിക്ക ടൂർണമെന്റിൽ ഏറ്റവും അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ ബ്രസീലിനെ തോൽപ്പിച്ചത്. 2012 നു ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒളിമ്പിക് സ്വർണം നേടുന്നത്. തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ പ്രധാന നേട്ടം അമേരിക്കക്ക് എത്തിക്കാൻ പരിശീലക എമ്മ ഹെയ്സിന് ആയി.

മത്സരത്തിൽ ഇരു ടീമുകളും അതുഗ്രൻ ഫുട്‌ബോൾ ആണ് തുടക്കം മുതൽ കാഴ്ച വെച്ചത്. ഇടക്ക് പരിക്ക് ബ്രസീലിനു വില്ലൻ ആവുന്ന കാഴ്ചയും കാണാൻ ആയി. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ കോർബിൻ ആൽബർട്ടിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ നേടിയ മല്ലൊറി സ്വാൻസൻ ആണ് അമേരിക്കക്ക് വിജയം സമ്മാനിച്ചത്. ബ്രസീലിനു ആയി അവസാന മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം മാർത്ത ഇറങ്ങിയ ശേഷം ബ്രസീൽ സമനിലക്ക് ആയി പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കൻ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് മുന്നിൽ വില്ലനായി.

കോപ്പ അമേരിക്കയിൽ അമേരിക്കയെ വീഴ്ത്തി പനാമ

കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനൽ കളിക്കാനുള്ള ആതിഥേയരായ അമേരിക്കൻ സ്വപ്നങ്ങൾക്ക് തിരിച്ചടി നൽകി പനാമ. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ 2-1 എന്ന സ്കോറിന് ആണ് പനാമ ജയം കണ്ടത്. ഏഴാം മിനിറ്റിൽ വെസ്റ്റൺ മെക്കനി നേടിയ ഗോൾ വാർ നിഷേധിച്ചത് കണ്ടു തുടങ്ങിയ മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ടിം വിയ ചുവപ്പ് കാർഡ് കണ്ടത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം താരത്തിന് ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. എങ്കിലും 22 മത്തെ മിനിറ്റിൽ റോബിൻസന്റെ പാസിൽ നിന്നു ഗോൾ നേടിയ ബലോഗൻ അമേരിക്കക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ 4 മിനിറ്റിനുള്ളിൽ സെസാർ ബ്ലാക്മാനിലൂടെ പനാമ മത്സരത്തിൽ സമനില പിടിച്ചു. വിജയഗോളിന് ആയി നന്നായി ആക്രമിച്ചു കളിച്ച പനാമ രണ്ടാം പകുതിയിൽ വിജയഗോൾ കണ്ടെത്തി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അബിദൽ അയരസയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ഹോസെ ഫഹാർഡോയാണ് അവരുടെ വിജയഗോൾ നേടിയത്‌. 88 മത്തെ മിനിറ്റിൽ കരസ്ക്വിലക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ പനാമയും 10 പേരായി ചുരുങ്ങിയെങ്കിലും അവർ വിജയം കൈവിട്ടില്ല. നിലവിൽ ഗ്രൂപ്പ് സിയിൽ അമേരിക്ക രണ്ടാം സ്ഥാനത്തും പനാമ മൂന്നാമതും ആണ്. നിലവിൽ അവസാന മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിക്കാൻ പറ്റിയാലെ അമേരിക്കക്ക് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ ഉള്ളു.

ആരോൺ ജോൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, കാനഡയെ മറികടന്ന് യുഎസ് വിജയം

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ വിജയവുമായി യുഎസ്. ഗ്രൂപ്പ് എ മത്സരത്തിൽ കാനഡയെ 7 വിക്കറ്റിനാണ് യുഎസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 194 റൺസെന്ന മികച്ച സ്കോര്‍ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയെങ്കിലും 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി യുഎസ് വിജയം കുറിച്ചു.

40 പന്തിൽ നിന്ന് 94 റൺസ് നേടിയ ആരോൺ ജോൺസ് ആണ് യുഎസിന്റെ വിജയം എളുപ്പമാക്കിയത്. അന്‍ഡ്രിയസ് ഗൗസ് 65 റൺസ് നേടി മികച്ച പിന്തുണ ജോൺസിന് നൽകി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്കായി 44 പന്തിൽ 61 റൺസ് നേടിയ നവനീത് ദാലിവാലും 31 പന്തിൽ 51 റൺസ് നേടിയ നിക്കോളസ് കിര്‍ടണും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 16 പന്തിൽ 32 റൺസുമായി ശ്രേയസ് മോവ അതിവേഗ സ്കോറിംഗ് നടത്തി.

മുന്‍ ഓസ്ട്രേലിയന്‍ താരത്തെ കോച്ചായി പ്രഖ്യാപിച്ച് യുഎസ്എ

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന 2024 ടി20 ലോകകപ്പിനായുള്ള തങ്ങളുടെ പരിശീലകനെ പ്രഖ്യാപിച്ച് യുഎസ്എ. മുന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റുവര്‍ട് ലോയെ ആണ് യുഎസ്എ മുഖ്യ കോച്ചായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക.മുമ്പ് ബംഗ്ലാദേശിന്റെയും വെസ്റ്റിന്‍ഡീസിന്റെയും മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റുവര്‍ട് ലോ.

ലോകകപ്പിന് മുമ്പ് തന്നെ ചുമതലയേൽക്കുന്ന സ്റ്റുവര്‍ട് ലോയുടെ ആദ്യ പരീക്ഷണം ബംഗ്ലാദേശുമായുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ്. ക്രിക്കറ്റിലെ അസോസ്സിയേറ്റ് രാജ്യങ്ങളിൽ ശക്തമായ ഒരു ടീമാണ് യുഎസ്എയുടേതെന്നും അവരുമായി സഹകരിക്കുവാനുള്ള അവസരത്തിൽ അവരെ മികച്ച ടീമായി വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ഫവദ് അലം, ഇനി അമേരിക്കയിൽ അങ്കം

15 വര്‍ഷത്തെ പാക്കിസ്ഥാനിലെ കരിയറിന് വിരാമം കുറിച്ച് ഫവദ് അലം. താരം അമേരിക്കയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. 2007ൽ പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരത്തിന് പക്ഷേ ഡ്രസ്സിംഗ് റൂമിനപ്പുറം ടീമിലേക്ക് എത്തുക വളരെ അപൂര്‍വ്വമായി മാത്രം സാധിച്ച കാര്യമാണ്.

2009ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന് ഏതാനും അവസരത്തിന് ശേഷം ടീമിൽ നിന്ന് സ്ഥാനം നഷ്ടമായെങ്കിലും പിന്നീട് അവസരം ലഭിയ്ക്കുന്നത് 11 വര്‍ഷത്തിന് ശേഷമാണ്. പ്രാദേശിക ക്രിക്കറ്റിൽ വളരെ അധികം റൺസ് നേടിയ താരമാണെങ്കിലും പാക് ദേശീയ ടീമില്‍ താരത്തിന് ഇടം പിടിയ്ക്കുവാന്‍ സാധിച്ചില്ല.

ഒരു ഷൂട്ടൗട്ട് അപാരത!! ലോക ചാമ്പ്യന്മാരായ അമേരിക്കയെ പുറത്താക്കി സ്വീഡൻ ക്വാർട്ടറിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ അവസാന രണ്ട് ലോകകപ്പ് കിരീടവും നേടിയ അമേരിക്കയെ തോൽപ്പിച്ച് സ്വീഡൻ ക്വാർട്ടർ ഫൈനലിൽ. നാടകീയമായ പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിൽ 5-4ന്റെ വിജയമാണ് സ്വീഡൻ വിജയിച്ചത്. ആദ്യ 120 മിനുട്ടിൽ സ്വീഡിൻ കീപ്പർ ബൊസോവിച് നടത്തിയ പ്രകടനമാണ് സ്വീഡന് ഈ വലിയ വിജയം നൽകിയത്.

ഇന്ന് അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ എന്ന പോലെ അവരുടെ മുൻ ലോകകപ്പിലെ ആധിപത്യമുള്ള പ്രകടനം ഇന്നും ആവർത്തിക്കപ്പെട്ടില്ല. കൃതയമായ ഡിഫൻസീവ് ടാക്ടിക്സുനായി ഇറങ്ങി സ്വീഡൻ അമേരിക്കയെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു. നിശ്ചിത സമയത്തും അതു കഴിഞ്ഞ് എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.

സ്വീഡൻ ഗോൾ കീപ്പർ മുസോവിചിന്റെ മികച്ച പ്രകടനം അമേരിക്ക ഗോൾ കണ്ടെത്താതിരിക്കാനുള്ള പ്രധാന കാരണമായി. മുസോവിച് 120 മിനുട്ടിൽ 11 സേവുകളാണ് നടത്തിയത്. മറുവശത്ത് സ്വീഡന് കളിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.

ഷൂട്ടൗട്ടിൽ സ്വീഡന്റെ രണ്ട് പെനാൾട്ടി നഷ്ടമായപ്പോൾ മറുവശത്ത് അമേരിക്കയുടെ രണ്ട് പെനാൾട്ടികളും പാഴായി. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ സ്കോർ 3-3. തുടർന്ന കളി സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡത്തിലെ ആദ്യ കിക്ക് രണ്ട് ടീമും വലയിൽ എത്തിച്ചു. സ്കോർ 4-4. അമേരിക്കയുടെ ഏഴാം കിക്ക് എടുത്ത ഒഹാരക്ക് പിഴച്ചു. മറുവശത്ത് ഹർടിഗ് എടുത്ത് പെനാൾട്ടി അമേരിക്ക കീപ്പർ തടഞ്ഞു എങ്കിലും വാർ പരിശോധനയിൽ അത് ഗോൾ ആണെന്ന് തെളിഞ്ഞു. സ്വീഡൻ വിജയിച്ചു. ലോക ചാമ്പ്യന്മാർ പുറത്തേക്ക്. ജപ്പാനെയാകും ക്വാർട്ടറിൽ ഇനി സ്വീഡൻ നേരിടുക.

യുഎസ്എയെ 104 റൺസിലൊതുക്കി, 304 റൺസിന്റെ കൂറ്റന്‍ വിജയവുമായി സിംബാ‍ബ്‍വേ

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുഎസ്എയെ നിഷ്പ്രഭമാക്കി സിംബാബ്‍വേ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 408 റൺസ് നേടിയ ശേഷം യുഎസ്എയെ 104 റൺസിന് എറിഞ്ഞൊതുക്കിയാണ് സിംബാബ്‍വേ 304 റൺസ് വിജയം നേടിയത്. യുഎസ്എയുടെ ഇന്നിംഗ്സ് 25.1 ഓവറിലാണ് അവസാനിച്ചത്.

24 റൺസ് നേടിയ അഭിഷേക് പാര്‍ദ്കര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജസ്ദീപ് സിംഗ് 21 റൺസ് നേടി. സിംബാബ്‍വേയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് യുഎസ്എ ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ടായി.

174 റൺസ് നേടി ഷോൺ വില്യംസ്, സിംബാബ്‍വേയ്ക്ക് 400ന് മേലെ സ്കോര്‍

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ യുഎസ്എയ്ക്കെതിരെ റൺ മല തീര്‍ത്ത് സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 6 വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടുകയായിരുന്നു. ഷോൺ വില്യംസ് 101 പന്തിൽ 174 റൺസ് നേടിയപ്പോള്‍ ജോയലോര്‍ഡ് ഗംബി 78 റൺസ് നേടി.

സിക്കന്ദര്‍ റാസ 27 പന്തിൽ 48 റൺസും റയാന്‍ ബര്‍ള്‍ 16 പന്തിൽ 47 റൺസും നേടി അതിവേഗ സ്കോറിംഗ് നടത്തുകയായിരുന്നു. യുഎസ്എയ്ക്ക് വേണ്ടി അഭിഷേക് പരാദ്കര്‍ 3 വിക്കറ്റും ജസ്ദീപ് സിംഗ് 2 വിക്കറ്റും നേടി.

 

യുഎസ്എയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി നെതര്‍ലാണ്ട്സ്

ലോകകപ്പ് യോഗ്യത മത്സരത്തിൽ 5 വിക്കറ്റിന്റെ ജയവുമായി നെതര്‍ലാണ്ട്സ്. യുഎസ്എ നൽകിയ 212 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓറഞ്ച് പട 43.2 ഓവറിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കിയത്. 68/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് രണ്ട് വിക്കറ്റ് കൂടി മാത്രം നഷ്ടപ്പെടുത്തിയാണ് നെതര്‍ലാണ്ട്സ് വിജയം.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ തേജ നിദാമുനുരു(58), സ്കോട്ട് എഡ്വേര്‍ഡ്സ്(67*) എന്നിവരാണ് നെതര്‍ലാണ്ട്സിനായി വിജയം ഒരുക്കിയത്. യുഎസ്എയ്ക്ക് വേണ്ടി ജെസ്സി സിംഗ് 2 വിക്കറ്റ് നേടി.

യുഎസ്എയ്ക്ക് രണ്ടാം തോൽവി സമ്മാനിച്ച് നേപ്പാള്‍

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേപ്പാളിന് വിജയം. ഇന്ന് യുഎസ്എയ്ക്കെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 49 ഓവറിൽ 207 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേപ്പാള്‍ 211 റൺസാണ് നേടിയത്.

ഷയന്‍ ജഹാംഗീര്‍ 79 പന്തിൽ പുറത്താകാതെ 100 റൺസും സുഷാന്ത് മോദാനി 42 റൺസും നേടിയാണ് യുഎസ്എയ്ക്കായി തിളങ്ങിയത്. നേപ്പാളിനായി കരൺ കെസി നാലും ഗുൽസന്‍ ഷാ മൂന്ന് വിക്കറ്റും നേടിയാണ് യുഎസ്എയെ പ്രതിരോധത്തിലാക്കിയത്.

77 റൺസ് നേടിയ ഭിം ശാര്‍കി നേപ്പാളിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപേന്ദ്ര സിംഗ് എയറി(39*), കുശൽ ഭുര്‍ട്ടൽ(39) എന്നിവര്‍ നേപ്പാളിന്റെ വിജയം 43 ഓവറിൽ സാധ്യമാക്കി.

യുഎസ്എയ്ക്കെതിരെ വിജയം, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് വിജയത്തോടെ തുടക്കം കുറിച്ച് വെസ്റ്റിന്‍ഡീസ്

2023 ഏകദിന ലോകകപ്പിനുള്ള യോഗ്യതയ്ക്കായുള്ള പോരാട്ടങ്ങള്‍ക്ക് വിജയത്തോടെ തുടക്ക കുറിച്ച് വെസ്റ്റിന്‍ഡീസ്. ഇന്നലെ നടന്ന മത്സരത്തിൽ യുഎസ്എയ്ക്കെതിരെ 39 റൺസ് വിജയം ആണ് വെസ്റ്റിന്‍ഡീസ് നേടിയത്. ആദ്യ ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 49.3 ഓവറിൽ 297 റൺസിന് ഓള്‍ഔട്ട് ആയി.

66 റൺസ് നേടിയ ജോൺസൺ ചാള്‍സിനൊപ്പം ഷായി ഹോപ്(54), റോസ്ടൺ ചേസ്(55), ജേസൺ ഹോള്‍ഡര്‍(56), നിക്കോളസ് പൂരന്‍(43) എന്നിവരാണ് വെസ്റ്റിന്‍ഡീസിനായി മികവ് പുലര്‍ത്തിയത്. യുഎസ്എയ്ക്ക് വേണ്ടി നേത്രാവൽക്കര്‍, കൈൽ ഫിലിപ്പ്, സ്റ്റീവന്‍ ടെയിലര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

101 റൺസ് നേടി പുറത്താകാതെ നിന്ന ഗജാനന്ദ് സിംഗ് യുഎസ്എയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചുവെങ്കിലും ടീമിന് 7 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് മാത്രമേ നേടാനായുള്ളു. കൈൽ മയേഴ്സും അൽസാരി ജോസഫും വെസ്റ്റിന്‍ഡീസിനായി രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version