ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ വിജയം നേടിയത്.

115 റണ്‍സ് നേടി ഗില്ലിനൊപ്പം യുവരാജ് 48 റണ്‍സും മന്‍ദീപ്(39), ഗുര്‍കീരത്(31) എന്നിവരും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടുകയായിരുന്നു. ഹിമാച്ചലിനു വേണ്ടി ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി.

പ്രശാന്ത് ചോപ്ര(95), അന്‍കുഷ് ബൈന്‍സ്(56) എന്നിവരുടെ പോരാട്ട വീര്യത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഹിമാച്ചലിനു തിരിച്ചടിയായത്. 48.3 ഓവറില്‍ ടീം 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 4 വിക്കറ്റ് നേടി പഞ്ചാബ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചപ്പോള്‍ ആര്‍ഷദീപ് സിംഗ് രണ്ടും മന്‍പ്രീത് ഗോണി, മയാംഗ് മാര്‍ക്കണ്ടേ, ഗുര്‍കീരത് സിംഗ് മന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര

ഹിമാചല്‍ പ്രദേശിന്റെ പ്രശാന്ത് ചോപ്രയ്ക്ക് ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ ശതകം നഷ്ടമായി. ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഹരിയാനയുമായായിരുന്നു ഹിമാചലിന്റെ മത്സരം. ന്യൂ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രശാന്ത് ചോപ്രയുടെയും(99*) പരസ് ഡോഗ്രയുടെയും(47*) ബാറ്റിംഗ് മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടുകയായിരുന്നു.

11 ബൗണ്ടറി അടങ്ങിയ ഇന്നിംഗ്സില്‍ 64 പന്തുകളാണ് പ്രശാന്ത് നേരിട്ടത്. ഒരു സിക്സര്‍ പോലും അടിക്കാനായില്ലെങ്കിലും താരം ഈ സീസണില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. രഞ്ജി സീസണില്‍ ധരംശാലയില്‍ പഞ്ചാബിനെതിരെ 338 റണ്‍സ് നേടി പ്രശാന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഹിമാചല്‍ പ്രദേശിനു വേണ്ടി ആദ്യമായി ട്രിപിള്‍ സെഞ്ച്വറി അടിക്കുന്ന താരമെന്ന നേട്ടവും അന്ന് പ്രശാന്ത് സ്വന്തമാക്കിയിരുന്നു.

തന്റെ 25ാം ജന്മദിനത്തിന്റെ അന്നാണ് പ്രശാന്ത് ട്രിപ്പിള്‍ ശതകം തികച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version