ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി പയെറ്റ്

ഫ്രഞ്ച് ലീഗിൽ ചരിത്രമെഴുതി ദിമിത്രി പയെറ്റ്. ലീഗ് വണ്ണിൽ 100ഗോളുകളും 100 അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറി മാഴ്സെയുടെ പയെറ്റ്. ഫ്രഞ്ച് ലീഗിൽ സിദാൻ, പ്ലാറ്റിനി എന്നിങ്ങനെ ഇതിഹാസ താരങ്ങൾക്ക് നേടാനാവാത്ത ഒരു റെക്കോർഡ് ആണ് പയെറ്റ് സ്വന്തം പേരിൽ കുറിച്ചത്.

നാന്റെസ്,ലില്ലെ,സെന്റ് എറ്റീൻ മാഴ്സെ എന്നീ ടീമുകൾക്ക് വേണ്ടി പയെറ്റ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ട് സീസണിൽ വെസ്റ്റ് ഹാമിന് വേണ്ടിയും പയെറ്റ് ബൂട്ടണിഞ്ഞു. 35കാരനായ പയെറ്റ് യൂറോപ്പ ലീഗ് ഫൈനൽ കളിച്ച മാഴ്സെ ടീമിലംഗമായിരുന്നു.
എന്നാൽ ലീഗ് വൺ കിരീടം നേടാൻ ഇതുവരെ പയെറ്റിന് സാധിച്ചിട്ടില്ല.

കരിയറിലെ 28 മത്തെ ചുവപ്പ് കാർഡ് കണ്ടു സെർജിയോ റാമോസ്, പി.എസ്.ജിക്ക് സമനില

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയെ സമനിലയിൽ തളച്ചു റെയിംസ്. ഗോൾ രഹിത സമനിലയിൽ ആണ് പതിനാലാം സ്ഥാനക്കാർ ആയ റെയിംസ് പാരീസിനെ തളച്ചത്. 2021 ഡിസംബറിനു ശേഷം ഇത് ആദ്യമായാണ് പാരീസ് ഒരു മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങുന്നത്. മെസ്സിക്ക് വിശ്രമം നൽകി എത്തിയ പാരീസ് എമ്പപ്പെ ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു. നെയ്മർ പകരക്കാരനായും ഇറങ്ങി. മത്സരത്തിൽ ആദ്യമെ തന്നെ പാരീസിനെ റെയിംസ് പരീക്ഷിച്ചു. പരുക്കൻ മത്സരത്തിൽ 8 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് പിറന്നത്.

41 മത്തെ മിനിറ്റിൽ തനിക്ക് നൽകിയ മഞ്ഞ കാർഡിൽ സെർജിയോ റാമോസിനു നേരെ റഫറി രണ്ടാം മഞ്ഞ കാർഡ് വീശിയതോടെ പാരീസ് പത്ത് പേരായി ചുരുങ്ങി. കരിയറിൽ ഇത് 28 മത്തെ തവണയാണ് മുൻ റയൽ മാഡ്രിഡ് താരം ചുവപ്പ് കാർഡ് മേടിക്കുന്നത്. പത്ത് പേരായി ചുരുങ്ങിയ പാരീസിന് നേരെ കൂടുതൽ ആക്രമണങ്ങൾ റെയിംസ് ഉതിർത്തു എങ്കിലും ഡോണരുമയുടെ മികവ് പാരീസിന് വിജയം സമ്മാനിച്ചു. മത്സരത്തിൽ 24 ഷോട്ടുകൾ ആണ് റെയിംസ് ഉതിർത്തത്. സമനില വഴങ്ങിയെങ്കിലും രണ്ടാമതുള്ള മാഴ്സെയെക്കാൾ 3 പോയിന്റ് മുന്നിൽ ഒന്നാമത് ആണ് പാരീസ് ഇപ്പോൾ. ഇന്ന് വഴങ്ങിയ തോൽവിയാണ് മാഴ്സെക്ക് വിനയായത്.

മെസ്സിയുടെ ഫ്രീകിക്കും, പിന്നെ സബ്ബായി വന്ന് രക്ഷകനായ എംബപ്പെയും, പി എസ് ജി ഒന്നാമത്

പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ ഒരു വിജയം കൂടെ‌. അവർ ഇന്ന് ഒ ജി സി നീസിനെ ആയിരുന്നു നേരിട്ടത്. നീസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പി എസ് ജി പരാജയപ്പെടുത്തി. സബ്ബായി എത്തി ഗോൾ അടിച്ച് എംബപ്പെയാണ് പി എസ് ജിയുടെ ജയം ഉറപ്പിച്ചത്.

ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ പി എസ് ജി എമ്പപ്പെയെ ബെഞ്ചിൽ ഇരുത്തി നെയ്മറിനെയും മെസ്സിയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് കളി ആരംഭിച്ചത്. മത്സരത്തിന്റെ 27ആം മിനുട്ടിൽ മെസ്സി നേടിയ ഒരു ഫ്രീകിക്ക് ആണ് ആദ്യ ഗോളിലേക്കുള്ള വഴി തെളിച്ചത്. ഡി ബോക്സിന്റെ വരയിൽ ലഭിച്ച പെനാൾട്ടി മെസ്സി തന്നെ എടുത്തു. മെസ്സി അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

ഈ ഗോളിന് ആദ്യ പകുതിയിൽ നീസിന് മറുപടി ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ തുടക്കത്തി തന്നെ നീസ് സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസിൽ നിന്ന് ലബോർദെ ആണ് നീസിന് സമനില നൽകിയത്. ഇതിനു ശേഷം പി എസ് ജി എമ്പപ്പെയെ കൂടെ കളത്തിൽ ഇറക്കി.

അവസാനം എമ്പപ്പെ തന്നെ വിജയ ഗോൾ നേടി. 83ആം മിനുട്ടിൽ മുകിയേലെയുടെ പാസിൽ നുന്നായിരുന്നു എമ്പപ്പെയുടെ വിജയ ഗോൾ.

ഈ ജയത്തോടെ പി എസ് ജി ലീഗിൽ 2 പോയിന്റിന്റെ ലീഡുമായി ഒന്നാമത് തുടരുകയാണ്. 25 പോയിന്റാണ് പി എസ് ജിക്ക് ഉള്ളത്.

പെനാൽട്ടി ഗോളുകൾ ഇല്ലാതെ 672 ഗോളുകൾ! മറ്റൊരു റെക്കോർഡ് സ്വന്തം പേരിലാക്കി ലയണൽ മെസ്സി

മറ്റൊരു ഫുട്‌ബോൾ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി. പെനാൽട്ടി ഗോളുകൾ ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടിയ മെസ്സി ചരിത്രത്തിൽ പെനാൽട്ടി അല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഫുട്‌ബോൾ താരമായി മാറി. 671 ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസ്സി പഴയ കഥ ആക്കിയത്.

റൊണാൾഡോയെക്കാൾ 150 തിൽ അധികം മത്സരം കുറച്ചു കളിച്ചിട്ടും മെസ്സി റെക്കോർഡ് തകർക്കുക ആയിരുന്നു. ഇന്ന് ലിയോണിനു എതിരെ എതിരാളികളെ വെട്ടി മാറി മുന്നേറിയ മെസ്സി നെയ്മറും ആയ കൊടുക്കൽ വാങ്ങലിന് ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മികച്ച ഒരു ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങിയെങ്കിലും പി.എസ്.ജി ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടക്കുക ആയിരുന്നു.

മെസ്സിയുടെ ചിറകിലേറി പി എസ് ജി, ലീഗിൽ ഒന്നാമത് തുടരുന്നു

ലയണൽ മെസ്സി ഈ സീസണിൽ തന്റെ പഴയ ഫോമിലേക്ക് ഉയരുന്നതാണ് കാണാൻ കഴിയുന്നത്. അവസരങ്ങൾ സൃഷ്ടിക്കുകയും ഗോളടിക്കുകയും തുടരുന്ന മെസ്സി ഇന്ന് പി എസ് ജിയുടെ രക്ഷകനായി. ലീഗിൽ ഇന്ന് ലിയോണിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഈ ഗോൾ വന്നത് മെസ്സിയുടെ ബൂട്ടിൽ നിന്ന് ആയിരുന്നു.

ലിയോണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ പി എസ് ജിയെ മുന്നിൽ എത്തിക്കാൻ ലയണൽ മെസ്സിക്ക് ആയി. നെയ്മറും ഒത്തുള്ള ഒരു നീക്കമായിരുന്നു ഗോളായി മാറിയത്. മെസ്സിയുടെ ഈ സീസണിലെ നാലാം ലീഗ് ഗോളാണ് ഇത്. നെയ്മറിന്റെ സീസണിലെ ഏഴാം അസിസ്റ്റും. ഈ ഗോളിന് മറുപടി നൽകാൻ ലിയോണിന് ആയില്ല.

പി എസ് ജി ഈ വിജയത്തോടെ 8 മത്സരങ്ങളിൽ 22 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ലിയോൺ 13 പോയിന്റുമായി ആറാം സ്ഥാനത്തും നിൽക്കുന്നു.

ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ വെറും ഒമ്പതാം സെക്കന്റിൽ ചുവപ്പ് കാർഡ് കണ്ടു നീസ് താരം

ഫ്രഞ്ച് ലീഗ് 1 ൽ നീസ്, ആഞ്ചേഴ്‌സ് മത്സരത്തിന് ഇടയിൽ മത്സരം തുടങ്ങി വെറും ഒമ്പതാം സെക്കന്റിൽ തന്നെ ചുവപ്പ് കാർഡ് കണ്ടു നീസ് പ്രതിരോധ താരം ജീൻ ടോഡിബോ. മത്സരം തുടങ്ങിയ ഉടൻ ആഞ്ചേഴ്‌സ് നടത്തിയ മുന്നേറ്റം തടയാൻ അബ്ദല്ല സിമയെ ഫൗൾ ചെയ്തത് ആണ് മുൻ ബാഴ്‌സലോണ താരത്തിന് വിനയായത്. ഉറച്ച ഗോൾ അവസരം നിഷേധിച്ചത് കാണിച്ചു റഫറി ഒമ്പതാം സെക്കന്റിൽ തന്നെ താരത്തിന് ചുവപ്പ് കാർഡ് നൽകി.

ഫ്രഞ്ച് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാർഡ് ആണ് ഇത്. ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാർഡ് ആണ് ഇത്. നബീൽ ബെന്തലബ്‌ നേടിയ ഗോളിൽ ആഞ്ചേഴ്‌സ് മത്സരത്തിൽ ജയിച്ചുരുന്നു. രണ്ടാം പകുതിയിൽ സോഫിയാനെ ബൗഫലിനും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരുമായി ആണ് മത്സരം അവസാനിപ്പിച്ചത്.

മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമങ്ങൾ ആരംഭിക്കുന്നു

ലയണൽ മെസ്സിയെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശ്രമിച്ചേക്കും. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ’എക്വിപെയാണ് ഇത് സംബന്ധിച്ച് ആദ്യ സൂചനകൾ നൽകിയിരിക്കുന്നത്. മെസ്സിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ താരത്തെ രണ്ടു വർഷത്തേക്ക് കൂടി ടീമിൽ നിലനിർത്താനുള്ള സാധ്യതയാണ് പിഎസ്ജി പരിഗണിക്കുന്നത്. താരവുമായി ഔദ്യോഗിക ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. നിലവിൽ മെസ്സി തന്റെ മികച്ച ഫോമിൽ തന്നെയാണ് പിഎസ്‌ജിക്ക് വേണ്ടി പന്തു തട്ടുന്നത്.

എന്നാൽ തന്റെ കരിയറിലെ തന്നെ സുപ്രധാനമായ ലോകകപ്പ് അടുത്തിരിക്കെ പിഎസ്ജിയുമായി ഉടനെ കരാർ ചർച്ചകളിലേക്ക് താരം കടന്നേക്കില്ല. ലോകകപ്പിന് ശേഷമാകും താരം തന്റെ ഭാവി തീരുമാനിക്കുക. അതേ സമയം മെസ്സിയെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന സൂചനകൾ ബാഴ്‌സ പ്രെസിഡന്റ് ലപോർട അടുത്ത കാലത്ത് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ താരത്തെ ടീമിൽ നിലനിർത്താൻ പിഎസ്ജി ശക്തമായി തന്നെ ശ്രമിച്ചേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. മാത്രവുമല്ല കരാറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നാൽ താരത്തിന് മറ്റ് ടീമുകളുമായി ചർച്ച നടത്താം എന്നതിനാൽ പിന്നെ കരാർ പുതുക്കുന്ന ചർച്ചകൾ പിഎസ്ജിക്ക് വലിയ ബുദ്ധിമുട്ട് ആവും.

ഫ്രഞ്ച് ലീഗ് വൺ പോരാട്ടത്തിൽ ലിയോണിനെ വീഴ്ത്തി എ.എസ് മൊണാക്കോ

ഫ്രഞ്ച് ലീഗ് വൺ വമ്പൻ പോരാട്ടത്തിൽ ഒളിമ്പിക് ലിയോണിനെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.എസ് മൊണാക്കോ. ലിയോണിന്റെ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത് എങ്കിലും മൊണാക്കോ ആണ് ആദ്യം ഗോളുകൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ ആദ്യ ഗോൾ പിറന്നു.

ഹെൻറിക്വയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബെനോയിറ്റ് ആണ് ഗോൾ നേടിയത്. 63 മത്തെ മിനിറ്റിൽ ഹെൻറിക്വയുടെ ബുദ്ധിപൂർവ്വമായ ഫ്രീകിക്കിൽ നിന്ന്7 ഹെഡറിലൂടെ ഗോൾ നേടിയ ഗില്ലർമോ മാരിപാൻ മൊണാക്കോക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 81 മത്തെ മിനിറ്റിൽ റയാൻ ചെർകിയുടെ പാസിൽ നിന്നു കാൾ ടോകോ എകാമ്പിയാണ് ലിയോണിന്റെ ആശ്വാസഗോൾ നേടിയത്. നിലവിൽ ലീഗിൽ ലിയോൺ അഞ്ചാമതും മൊണാക്കോ ഏഴാം സ്ഥാനത്തും ആണ്.

ലില്ലെയും വീഴ്ത്തി ജയം തുടർന്ന് മാഴ്സെ,പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പം

ഫ്രഞ്ച് ലീഗ് വണ്ണിൽ കരുത്തരുടെ പോരാട്ടത്തിൽ ലില്ലെയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഒളിമ്പിക് മാഴ്സെ. ജയത്തോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് ഒപ്പവും അവർ എത്തി. നിലവിൽ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് മാഴ്സെ രണ്ടാമത് നിൽക്കുന്നത്. മാഴ്സെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇസ്മാലിയുടെ ഗോളിൽ ലില്ലെയാണ് മുന്നിൽ എത്തിയത്.

26 മത്തെ മിനിറ്റിൽ സീസണിൽ ടീമിൽ എത്തിയ അലക്സിസ് സാഞ്ചസ് ചെങ്കിസ് ഉണ്ടറുടെ പാസിൽ നിന്നു മാഴ്സെക്ക് സമനില സമ്മാനിച്ചു. സീസണിൽ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ സെയ്ദ് കൊലാസിനാകിന്റെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ ഗോൾ നേടിയ സാമുവൽ ഗിഗോറ്റ് മാഴ്സെക്ക് ജയം സമ്മാനിക്കുക ആയിരുന്നു. മാഴ്സെ ലീഗിൽ രണ്ടാമത് നിൽക്കുമ്പോൾ ലില്ലെ ആറാം സ്ഥാനത്ത് ആണ് നിലവിൽ.

നെയ്മറിന്റെ പത്താം ഗോൾ, മെസ്സിയുടെ ഏഴാം അസിസ്റ്റ്, എങ്കിലും ജയിക്കാൻ പി എസ് ജിക്ക് ഡൊണ്ണരുമ്മയുടെ പെനാൾട്ടി സേവ് വേണ്ടി വന്നു

പി എസ് ജിക്ക് തുടർച്ചയായ നാലാം വിജയം. ഇന്ന് ലീഗ് വണിൽ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് ബ്രെസ്റ്റെനെ നേരിട്ട പി എസ് ജി മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കില്ലും ഒരു ഗോൾ മാത്രമെ നേടിയുള്ളൂ എന്നത് പി എസ് ജിക്ക് വിജയത്തിലും നിരാശ നൽകും. നെയ്മറാണ് പി എസ് ജിയുടെ ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ 30ആം മിനുട്ടിൽ ആയിരുന്നു ഗോൾ. പെനാൾട്ടി ബോക്സിൽ ഉണ്ടായിരുന്ന നെയ്മറിന് മെസ്സി നൽകിയ ഏരിയൽ ബോൾ സ്വീകരിച്ച് ഗംഭീര ഫിനിഷിലൂടെ നെയ്മർ ലീഡ് എടുക്കുക ആയിരുന്നു. നെയ്മറിന് 9 മത്സരങ്ങൾക്ക് ഇടയിൽ പത്താം ഗോളാണിത്. ഇത് കൂടാതെ ഏഴ് അസിസ്റ്റും നെയ്മറിന് ഈ സീസണിൽ സ്വന്തം പേരിൽ ഉണ്ട്. ഈ ഗോൾ ഒരുക്കിയ മെസ്സിക്ക് ഇത് സീസണിലെ ഏഴാം അസിസ്റ്റ് ആണ്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഗോൾ മടക്കാൻ ബ്രെസ്റ്റിന് അവസരം വന്നു. എന്നാൽ പെനാൾട്ടി കിക്ക് എടുത്ത് സ്ലിമാനിക്ക് പിഴച്ചു. ഡൊണ്ണരുമ്മ മികച്ച സേവിലൂടെ പി എസ് ജിയുടെ ലീഡ് നിലനിർത്തി. ഇതിനു ശേഷവും ഡൊണ്ണരുമ്മയുടെ നല്ല സേവ് കാണാൻ ആയി. അതുകൊണ്ട് തന്നെ മൂന്ന് പോയിന്റും ഉറപ്പായി.

ഈ വിജയത്തോടെ പി എസ് ജിക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റായി. അവർ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

പി എസ് ജിയുടെ പുതിയ മൂന്നാം ജേഴ്സി എത്തി

ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ മൂന്നാം ജേഴ്സി അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. വെള്ളയും നീലയും നിറത്തിലുള്ള ഡിസൈനിലാണ് ജേഴ്സി.

അസിസ്റ്റ് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തി മെസ്സി, ഇരട്ട ഗോളുകളുമായി എമ്പപ്പെ

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വിജയം. എമ്പപ്പെയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ അവർ ഇന്ന് നാന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകളിന് പരാജയപ്പെടുത്തി. ഇരട്ട അസിസ്റ്റുമായി മെസ്സി ഇന്നും തിളങ്ങി. ലീഗിൽ ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് മെസ്സിക്ക് ആറ് അസിസ്റ്റ് ഉണ്ട്.

ഇന്ന് നെയ്മറിനെ ബെഞ്ചിൽ ഇരുത്തിയാണ് പി എസ് ജി കളി ആരംഭിച്ചത്. 18ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പയുടെ ആദ്യ ഗോൾ. മെസ്സി പന്തുമായി കുതിച്ച് പെനാൾട്ടി ബോക്സിന് മുന്നിൽ വെച്ച് എമ്പപ്പക്ക് കൈമാറുകയും എമ്പപ്പെ ഗോൾ നേടുകയും ആയിരുന്നു.

ഇതിനു പിന്നാലെ ഫാബിയോ ചുവപ്പ് കണ്ടതോടെ നാന്റസ് 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ രണ്ടാം അസിസ്റ്റും എമ്പപ്പെയുടെ രണ്ടാം ഗോളും വന്നത്. ഇതിനു ശേഷം 68ആം മിനുട്ടിൽ നുനോ മെൻഡസ് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം പൂർത്തിയായി.

6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പി എസ് ജി ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Exit mobile version