കിരീടം സ്വന്തമാക്കാനുള്ള സുവർണ്ണാവസരം കളഞ്ഞ് പി എസ് ജി

ഫ്രഞ്ച് ലീഗിൽ എട്ടു മത്സരങ്ങൾ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം പി എസ് ജി കൈവിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റ്രാസ്ബൗർഗിനെ തോൽപ്പിച്ചിരുന്നു എങ്കിൽ പി എസ് ജി ലീഗ് ചാമ്പ്യന്മാരായേനെ. എന്നാൽ സംസ്റ്റ്രാസ്ബൗർഗിനെതിരെ മികവ് പുലർത്താൻ പി എസ് ജിക്ക് ആയില്ല. സൂപ്പർ താരങ്ങൾ ഇല്ലാതെ പി എസ് ജി 2-2ന്റെ സമനില ആണ് ഇന്നലെ വഴങ്ങിയത്.

ഒരു ഘട്ടത്തിൽ സ്റ്റർസ്ബൗർഗ് 2-1ന് മുന്നിൽ എത്തിയതായിരുന്നു. ആ ലീഡ് നില 82ആം മിനുട്ട് വരെ നിലനിർത്താനും അവർക്കായി. 82ആം മിനുട്ടിൽ ഡ്രാക്സലിന്റെ പാസിൽ നിന്ന് കെഹ്റർ ആണ് പി എസ് ജിക്കായി സമനില ഗോൾ നേടിയത്. ചോപോമോടിംഗ് ആയിരുന്നു പി ഈ ജിയുടെ ആദ്യ ഗോൾ നേടിയത്. സ്റ്റ്രാസ്ബൗർഗിനായി കോസ്റ്റയും ഗോൺസാല്വസും വല കുലുക്കി.

ഈ സമനിലയോടെ 30 മത്സരങ്ങളിൽ നിന്ന് പി എസ് ജിക്ക് 81 പോയിന്റായി. രണ്ടാമതുള്ള ലില്ലിക്ക് 31 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു രണ്ട് പോയിന്റ് കൂടെ നേടിയാൽ പി എസ് ജി ഔദ്യോഗികമായി ചാമ്പ്യന്മാരാകും.

വീണ്ടും എമ്പപ്പെ, കിരീടത്തിനരികെ പി.എസ്.ജി

ഫ്രാൻസിൽ പി.എസ്.ജി കിരീടത്തിനു ഒരു പടി കൂടി അടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി നിന്ന ടുളുസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് പി.എസ്.ജി ജയിച്ചത്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം എമ്പപ്പെയാണ് പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ എമ്പപ്പെയുടെ 31മത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പി.എസ്.ജി മാർക്വിഞ്ഞോസിലൂടെ ഗോൾ നേടിയെങ്കിലും ‘വാർ’ ഇടപെട്ട് ഗോൾ നിഷേധിക്കുകയായിരുന്നു. ലീഗ് 1ൽ പി.എസ്.ജിയുടെ എട്ടാമത്തെ തുടർച്ചയായ വിജയം കൂടിയായിരുന്നു ഇത്. ജയത്തോടെ ലീഗ് 1ൽ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ 20 പോയിന്റിന്റെ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി.

എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള താരമെന്നാണ് മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോ അഭിപ്രായപ്പെട്ടത്.

31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാൾഡോയേക്കാളും എമ്പപ്പെക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വിലയുള്ളതെന്നും മൗറിനോ പറഞ്ഞു. എമ്പപ്പെയുടെ പ്രകടനങ്ങൾ അവിശ്വസനീയമാണെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത എമ്പപ്പെ ഫ്രാൻസിന് ലോകകപ്പ് കിരീടം നേടികൊടുത്തിരുന്നു

മികച്ച ഫോമിലുള്ള എമ്പപ്പെ 30 ഗോളുകളും 17 അസിസ്റ്റുകളും പി.എസ്.ജിക്ക് വേണ്ടി ഈ സീസണിലും നേടിയിട്ടുണ്ട്. 2018ലെ ബലോൺ ഡി ഓർ പുരസ്കാരത്തിൽ എമ്പപ്പെ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

ബോർഡോയുടെ പുതിയ പരിശീലകനായി സോസ

ഫ്രഞ്ച് ക്ലബ്ബ് ബോർഡോയുടെ പരിശീലകനായി പൗലോ സോസ ചുമതലയേറ്റു. ലീഗ് വണ്ണിൽ പതിമൂന്നാം സ്ഥാനത്ത് കിതയ്ക്കുന്ന ബോർഡോയ്ക്ക് മുൻ യുവന്റസ്, ഡോർട്ട്മുണ്ട് താരത്തിന്റെ വരവ് ഗുണം ചെയ്യും. മൂന്നര വർഷത്തെ കരാറിലാണ് ബോര്ഡോയിലേക്ക് സോസ എത്തുന്നത്. എ എസ് റോമയുടെ പരിശീലകനാവാൻ ഉയർന്നു കേട്ട പേരുകളിൽ ഒന്നാണ് മുൻ പോർച്ചുഗീസ് ഗോൾഡൻ ജനറേഷൻ താരത്തിന്റേത്.

റോമയുടെ പരിശീലകനായി റാനിയേരി സ്ഥാനമേറ്റതിനു പിന്നാലെയാണ് സോസ ഫ്രാൻസിലേക്ക് പറന്നത്. ബ്രസീലിയൻ പരിശീലകൻ റിക്കാർഡോ ഗോമസിനു പകരക്കാരനായാണ് സോസ എത്തുന്നത്. ഇതിനു മുൻപ് സ്വാൻസി, മേക്കബി ടെൽ- അവീവ്, ഫിയോറെന്റീന, ബെസെൽ എന്നി ടീമുകളെ സോസ പരിശീലിപ്പിച്ചിട്ടുണ്ട്. കന്നവാരോയ്ക്ക് പകരക്കാരനായി ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ടൈയാൻജിൻ ക്വാൻജിനിലും പോർച്ചുഗീസ് റ്റാക്ട്ടീഷ്യൻ പരിശീലിപ്പിച്ചിരുന്നു.

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോൾ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മർ വ്യക്തമാക്കി.

“തങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും പരസ്പരം അസൂയ വെച്ച് പുലർത്തുന്നുമില്ല. ഞാൻ ഇപ്പോഴും ഗോൾഡൻ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഒരു നാൾ ലോകം കണ്ട മികച്ച ഫുട്ബോൾ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയിൽ താൻ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ട്” നെയ്മാർ പറഞ്ഞു.

മൊണാകോയിൽ നിന്ന് 2017ൽ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങൾ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു.  ഈ സീസണിൽ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോൾ എന്ന നേട്ടം എംബപ്പേ തികച്ചിരുന്നു.

ബൈസിക്കിൾ ഗോളും അടിച്ച്, കളിക്കിടെ ഇൻസ്റ്റഗ്രാമിൽ ലൈവ് സ്റ്റോറിയും ഇട്ട് ബാലോട്ടെല്ലി

ബാലോട്ടെല്ലി എന്നാൽ എപ്പോഴും ആരും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഗ്രൗണ്ടിൽ ചെയ്യുന്ന താരമാണ്. ഇന്നലെയും അങ്ങനെയൊരു നിമിഷത്തിന് ഫുട്ബോൾ ലോകം സാക്ഷിയായി.ഫ്രഞ്ച് ലീഗിൽ മാഴ്സെയും സെന്റ് എറ്റിനെയും തമ്മിലുള്ള മത്സരത്തിനിടയിൽ ആയിരുന്നു ബാലോട്ടെല്ലി ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നത്.

കളിയുടെ 12ആം മിനുട്ടിൽ ഒരു ബൈസൈക്കിൽ കിക്കിലൂടെ ഗോൾ നേടിയ ബാലോട്ടെല്ലി തന്റെ ഫോൺ കയ്യിലെടുത്ത് ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്റ്റോറി ഇട്ട് ഗോൾ ആഘോഷിക്കുകയായിരുന്നു. മുഴുവൻ മാഴ്സെ താരങ്ങളും ആഹ്ലാദത്തിൽ ബലോട്ടെല്ലിക്ക് ഒപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ വന്നു. ഫുട്ബോളിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച കാണുന്നത്. മുമ്പ് ടോട്ടി റോമയ്ക്കായി ഗോളടിച്ചപ്പോൾ ഇറ്റലിയിൽ വെച്ച് സെൽഫി എടുത്ത് ആഘോഷിച്ചിരുന്നു. അതിന്റെ അടുത്ത പടിയും കയറി ആയിരുന്നു ബാലൊട്ടെല്ലിയുടെ ആഹ്ലാദം.

https://twitter.com/squadxtra/status/1102305326773211136?s=19

ബാലോട്ടെല്ലി തുടർച്ചയായ നാലാം മത്സരത്തിലാണ് മാഴ്സെയുടെ ഹോം ഗ്രൗണ്ടിൽ ഗോൾ നേടുന്നത്.

പി എസ് ജിയെ ഒറ്റയ്ക്ക് തോളിലേറ്റി വീണ്ടും എമ്പപ്പെ

ഫ്രാൻസിൽ ഗോളടി നിർത്താൻ എമ്പപ്പെയ്ക്ക് ആകുന്നില്ല. ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന പോരിലും എമ്പപ്പെ തന്നെ ആയിരുന്നു പി എസ് ജിയെ ഒറ്റയ്ക്ക് തോളിലേറ്റിയത്. ഇന്ന് കയേനെ നേരിട്ട പി എസ് ജി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ രണ്ടു ഗോളുകളും എമ്പപ്പെയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്.

രണ്ടാം പകുതിയിൽ ആയിരുന്നു എമ്പപ്പെയുടെ ഗോളുകൾ. 59ആം മിനുട്ടിലും 87ആം മിനുട്ടിലും എമ്പപ്പെ വല കുലുക്കി. ആദ്യ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. എമ്പപ്പെ ഇതോടെ ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 24 ഗോളുകൾ ആയി. ആറ് അസിസ്റ്റുകളും എമ്പപ്പെയ്ക്ക് ഈ സീസണിൽ ഉണ്ട്.

ഈ വിജയത്തോടെ പി എസ് ജിക്ക് 26 മത്സരങ്ങളിൽ നിന്ന് 71 പോയന്റായി. ഇനി 16 പോയന്റു കൂടെ മതിയാകും പി എസ് ജിക്ക് ലീഗ് കിരീടം സ്വന്തമാക്കാൻ.

Exit mobile version