എംബാപ്പെയുടെ ഗോളിൽ റയൽ മാഡ്രിഡ് ഡോർട്ട്മുണ്ടിനെ വീഴ്ത്തി ക്ലബ് ലോകകപ്പ് സെമിയിൽ


മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-2ന് കീഴടക്കി റയൽ മാഡ്രിഡ് സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ അവർ പാരീസ് സെന്റ് ജെർമെയ്‌നുമായി ഏറ്റുമുട്ടും. 76,000-ത്തിലധികം കാണികൾക്ക് മുന്നിൽ കടുത്ത ചൂടിൽ നടന്ന മത്സരത്തിൽ, യുവ സ്ട്രൈക്കർ ഗോൺസാലോ ഗാർസിയ 10-ാം മിനിറ്റിൽ റയലിനായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. അർദ ഗുലറുടെ ക്രോസ് വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ നാലാം ഗോളാണ് ഗാർസിയ നേടിയത്.

പത്ത് മിനിറ്റിന് ശേഷം, ജൂഡ് ബെല്ലിംഗ്ഹാമും ട്രെന്റ് അലക്സാണ്ടർ-അർനോൾഡും ഉൾപ്പെട്ട മികച്ച മുന്നേറ്റത്തിനൊടുവിൽ ഫ്രാൻ ഗാർസിയ റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലർത്തിയിട്ടും റയലിന് അവസാന നിമിഷങ്ങളിൽ സമ്മർദ്ദം നേരിടേണ്ടി വന്നു.

പകരക്കാരനായി ഇറങ്ങിയ മാക്സിമിലിയൻ ബെയർ ഇൻജുറി ടൈമിൽ ഡോർട്ട്മുണ്ടിനായി ഒരു ഗോൾ മടക്കി വിജയപ്രതീക്ഷ നൽകി. എന്നാൽ അസുഖം കാരണം ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കാതിരുന്ന കിലിയൻ എംബാപ്പെ, ഒരു അക്രൊബാറ്റിക് ഓവർഹെഡ് കിക്കിലൂടെ റയലിന്റെ രണ്ട് ഗോൾ ലീഡ് പുനഃസ്ഥാപിച്ച് തന്റെ പ്രതിഭ തെളിയിച്ചു. മത്സരത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളും സീസണിലെ 44-ാമത്തെ ഗോളുമായിരുന്നു ഇത്.


സെർഹൗ ഗ്വിറാസിയെ വീഴ്ത്തിയതിന് പ്രതിരോധ താരം ഡീൻ ഹ്യൂയിസന് ചുവപ്പ് കാർഡ് കണ്ട് അവസാനം പുറത്ത് പോകേണ്ടി വന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി ഗ്വിറാസി ഗോളാക്കി മാറ്റി സ്കോർ 3-2 ആക്കി. എങ്കിലും ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ റയൽ മാഡ്രിഡിന് ജയം ഉറപ്പായി. എംബാപ്പെയുടെ മുൻ ക്ലബ്ബായ പിഎസ്ജിയെ ആകും സെമി ഫൈനലിൽ റയൽ നേരിടുക.

എംബപ്പെ കോപ്പ ഡെൽ റേ സെമിയിൽ കളിക്കില്ല

തിങ്കളാഴ്ച വിസ്‌ഡം ടൂത്ത് എക്‌സ്‌ട്രാക്‌ഷന് വിധേയനായതിനാൽ ഇന്ന് രാത്രി റയൽ സോസിഡാഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനൽ കൈലിയൻ എംബാപ്പെ കളിക്കില്ല. ഫ്രഞ്ച് ഫോർവേഡിന് വിശ്രമം നൽകാൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി തീരുമാനിച്ചു.

എംബാപ്പെയ്‌ക്കൊപ്പം ഫെഡെ വാൽവെർഡെ, തിബോ കോർട്ടോയ എന്നിവരും ഇന്ന് ആദ്യ പാദ സെമിക്ക് ആയി യാത്ര ചെയ്യില്ല.

എംബപ്പെ ഹാട്രിക്!! റയൽ മാഡ്രിഡിന്റെ ലാ ലിഗയിൽ ലീഡ് ഉയർത്തി

റയൽ മാഡ്രിഡ് ലാലിഗയിൽ വ്യക്തമായ ലീഡിലേക്ക്. അവർ റയൽ വയ്യഡോയിനെ 3-0 ന് പരാജയപ്പെടുത്തി. കൈലിയൻ എംബാപ്പെയുടെ ഹാട്രിക് പ്രകടനമാണ് റയൽ മാഡ്രിഡിനെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് നിർത്തിയത്. അത്ലറ്റിക്കോ മാഡ്രിഡിനെക്കാൽ നാല് പോയിന്റ് മുന്നിലാണ് അവർ ഇപ്പോൾ.

മികച്ച ഫോമിലുള്ള എംബാപ്പെ ഇപ്പോൾ ഈ സീസണിൽ 15 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്, ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്‌സ്കിയെക്കാൾ ഒരു ഗോൾ മാത്രം പിന്നിലാണ് അദ്ദേഹം ഇപ്പോൾ. സസ്‌പെൻഡ് ചെയ്യപ്പെട്ട താരം വിനീഷ്യസ് ജൂനിയർ ഇല്ലാതിരുന്നിട്ടും റയൽ മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി. മാഡ്രിഡിനായുള്ള എംബപ്പെയുള്ള ആദ്യ ഹാട്രിക്കാണ് ഇത്.

റയലിന് 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് ഉള്ളത്. അത്ലറ്റിക്കോ മാഡ്രിഡ് 45 പോയിന്റിലും 20 മത്സരങ്ങൾ കളിച്ച ബാഴ്സലോണ 39 പോയിന്റിലും നിൽക്കുന്നു.

മോശമായി കളിച്ചതിനാണ് വിമർശനം നേരിട്ടത് – എംബപ്പെ

റയൽ മാഡ്രിഡിൽ തനിക്ക് നേരിട്ട വിമർശനങ്ങളെ കാര്യമാക്കുന്നില്ല എന്ന് എംബപ്പെ. താൻ മോശമായി കളിച്ചത് കൊണ്ടാണ് വിമർശനം നേരിട്ടത് എന്ന് ഫ്രഞ്ച് സ്ട്രൈക്കർ പറഞ്ഞു. റയൽ മാഡ്രിഡിനായി കളിക്കുന്നത് ഒരു സ്വപ്നം പോലെയാണെന്നും എംബപ്പെ പറഞ്ഞു.

“റയൽ മാഡ്രിഡിൽ ആയിരിക്കുക എന്നത് എല്ലാ ദിവസവും ഒരു സ്വപ്നം പോലെയാണ്. പരിശീലനത്തിലെ എല്ലാ ദിവസവും, ബെർണബ്യൂവിൽ കളിക്കുന്നതും, ഈ ജേഴ്സി ധരിക്കുന്നതും… അതൊരു സ്വപ്നമാണ്.” – എംബപ്പെ പറഞ്ഞു.

“വിമർശനങ്ങൾ ഉണ്ടായിരുന്നപ്പോൾ പോലും, അത് ആരാധകരുടെയോ റയലിനെ സ്നേഹിക്കുന്നവരുടേയോ പ്രശ്നം എല്ല എന്ന് എനിക്കറിയാമായിരുന്നു… ഞാൻ മോശമായി കളിക്കുകയായിരുന്നു. അത് എന്റെ തെറ്റ് മാത്രമാണ്.”- അദ്ദേഹം പറഞ്ഞു.

ക്ലബ്ബിൽ താൻ നിലവിൽ തന്റെ ഏറ്റവും മികച്ച ഫോമിലാണെന്ന് എംബാപ്പെ വിശ്വസിക്കുന്നു. “എനിക്ക് ഇപ്പോൾ ഞാൻ വളരെ മികച്ച നിലയിലാണെന്ന് തോന്നുന്നു. റയൽ മാഡ്രിഡിൽ ഞാൻ എന്റെ ഏറ്റവും മികച്ച നിമിഷത്തിലാണ്… ഞാൻ വളരെ ശാന്തനാണ്, വിമർശനം സാധാരണമാണ്.” അദ്ദേഹം പറഞ്ഞു.

എംബപ്പെ ഗോൾ അടിക്കാത്തതിൽ ആശങ്ക ഇല്ല എന്ന് ആഞ്ചലോട്ടി

സീസണിലെ ആദ്യ രണ്ട് ലാ ലിഗ മത്സരങ്ങളിൽ എംബപ്പെ ഗോൾ അടിച്ചില്ല എന്നതിൽ തനിക്ക് യാതൊരു ആശങ്കയും ഇല്ല എന്ന് റയൽ മാഡ്രിഡ് ബോസ് കാർലോ ആഞ്ചലോട്ടി. കൈലിയൻ എംബാപ്പെയോ വിനീഷ്യസ് ജൂനിയറോ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടതിൽ ആശങ്കപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

യുവേഫ സൂപ്പർ കപ്പിൽ അറ്റലാൻ്റയ്‌ക്കെതിരായ മത്സരത്തിൽ എംബപ്പെ ഗോളടിച്ചു എങ്കിലും മയ്യോർക്കയ്ക്ക് എതിരെയും വയ്യഡോയിഡിന് എതിരെയും എംബപ്പെ ലക്ഷ്യം കണ്ടിരുന്നില്ല. വിനീഷ്യസും ഈ സീസണിലെ ആദ്യ 3 കളിയിൽ ഗോളടിച്ചിട്ടില്ല.

“എംബപ്പെയുടെ അവസാന ഗോൾ ഓഗസ്റ്റ് 14 ന് ആയിരുന്നു. അതിനുശേഷം രണ്ടാഴ്ചയേ ആയിട്ടുള്ളൂ, അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഒരു ക്ലബ്ബെന്ന നിലയിൽ ഞങ്ങളോ അവനോ വിഷമിക്കുന്നില്ല,” പത്രസമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞു.

“എംബപ്പെ ഇവിടെ വളരെ സന്തോഷവാനാണ്, സന്തോഷവാനാണ്, അടുത്ത മത്സരത്തിൽ അവൻ സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ഈ സീസണിൽ ഇതുവരെ സ്കോർ ചെയ്യാനാകാത്ത വിനീഷ്യസും ഗോളടിക്കാത്തതിൽ വിഷമിക്കുന്നതായി ഞാൻ കാണുന്നില്ല.”

എംബപ്പെക്ക് റയൽ മാഡ്രിഡിൽ സ്വപ്ന തുല്യമായ തുടക്കം

എംബപ്പെയുടെ റയൽ മാഡ്രിഡ് കരിയർ ഗംഭീരമായി തന്നെ ആരംഭിച്ചു. യുവേഫ സൂപ്പർ കപ്പ് കിരീടവും ഒപ്പം ഒരു ഗോളുമായി എംബപ്പെ അരങ്ങേറ്റം ആഘോഷിച്ചു. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്‌. ഇതിൽ ഒരു ഗോൾ എംബപ്പെയുടെ ആയിരുന്നു‌.

റയൽ മാഡ്രിഡിനായി സൂപ്പർ കപ്പിൽ ഗോളടിച്ച വാല്വെർദെയും എംബപ്പെയും

ഇന്നലെ ആദ്യ പകുതിയിൽ ഗോൾ വന്നിരുന്നില്ല. 59ആം മിനുട്ടിൽ ഫെഡെ വാല്വെർദെ ആണ് റയലിനായി ഗോളടി തുട‌ങ്ങിയത്. 68ആം മിനുട്ടിൽ എംബപ്പെ ലീഡ് ഇരട്ടിയാക്കി. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. എംബപ്പെയുടെ റയൽ കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ ട്രോഫി. എംബപ്പെയുടെ കരിയറിലെ 19ആം കിരീടമാണ് ഇത്.

റയൽ മാഡ്രിഡിനായി കളിക്കുക എന്ന ഒരു വിവരിക്കാൻ ആകാത്ത ഫീൽ ആണെൻ‌ മത്സര ശേഷം എംബപ്പെ പറഞ്ഞു.

എംബപ്പെ റയൽ മാഡ്രിഡിൽ നമ്പർ 9 ജേഴ്സി അണിയും

എംബപ്പെ റയൽ മാഡ്രിഡിനായി നമ്പർ 9 ജേഴ്സി ധരിക്കുമെന്ന് റയൽ മാഡ്രിഡ് അറിയിച്ചു. ഫ്രഞ്ച് സൂപ്പർ താരത്തെ ജൂലൈ 26 ന് സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കും എന്നും റയൽ മാഡ്രിഡ് അറിയിച്ചു. പി എസ് ജിയിൽ നമ്പർ 10 ജേഴ്സി ആയിരുന്നു എംബപ്പെ അണിഞ്ഞിരുന്നത്. റയൽ മാഡ്രിഡിൽ മോഡ്രിച് ആണ് ആ ജേഴ്സി അണിയുന്നത്.

റയൽ മാഡ്രിഡിൻ്റെ മുൻ സ്‌ട്രൈക്കർ കരിം ബെൻസേമയ്‌ക്ക് ശേഷം ആദ്യമായാണ് റയലിൽ ഒരു താരം 9ആം നമ്പർ ജേഴ്സി അണിയുന്നത്. നാച്ചോ ഫെർണാണ്ടസ് ഒഴിഞ്ഞ 6ആം നമ്പർ ജേഴ്‌സി മിഡ്‌ഫീൽഡർ എഡ്വേർഡോ കാമവിംഗ അണിയും. ടോണി ക്രൂസ് അനിഞ്ഞിരുന്ന എട്ടാം നമ്പർ ജേഴ്സി വാല്വെർദെ ആകും അണിയുക.

എംബപ്പെ ഗോളടിച്ചിട്ടും ഫ്രാൻസിന് സമനില

യൂറോ കപ്പ് 2024ൽ ഫ്രാൻസിന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില. ഇന്ന് പോളണ്ടിനെ നേരിട്ട ഫ്രാൻസ്‌ 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരം ഫ്രാൻസ് നഷ്ടപ്പെടുത്തി. 5 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എംബപ്പെ ഇന്ന് മാസ്ക് അണിഞ്ഞ് കൊണ്ട് കളത്തിൽ ഇറങ്ങി.

ഇന്ന് ആദ്യ പകുതിയിൽ ഫ്രാൻസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നു വന്നില്ല. എംബപ്പെക്ക് മാത്രം മൂന്നോളം നല്ല അവസരങ്ങൾ ലഭിച്ചു. ഒന്നിം ഗോളായില്ല. അവസാനം ഒരു പെനാൾട്ടിയിലൂടെ ഫ്രാൻസിന് ലീഡ് എടുക്കാൻ ആയി. 56ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ഗോളിന് 79ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ തന്നെ പോളണ്ട് മറുപടി നൽകി. ലെവൻഡോസ്കി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും റഫറി പിഴവ് കണ്ടെത്തി വീണ്ടും പെനാൾട്ടി എടുക്കാൻ ആവശ്യപ്പെടുകയും അപ്പോൾ ലെവൻഡോസ്കി ലക്ഷ്യത്തിൽ പന്ത് എത്തിക്കികയും ആയിരുന്നു. ഇരുടീമുകൾക്കും വിജയ ഗോൾ നേടാൻ ആയില്ല.

പോളണ്ട് 1 പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ നെതർലണ്ട്സിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി.

എംബപ്പെ വീണ്ടും പി എസ് ജി ടീമിൽ, ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തും

പാരീസ് സെന്റ് ജെർമെയ്‌ൻ എംബപ്പെയെ അവരുടെ ഫസ്റ്റ് ടീമിലേക്ക് തിരികെയെടുത്തു. ഇന്നലെ നടന്ന ചർച്ചകൾക്ക് ശേഷമാണ് എംബപ്പെയെ ടീമിനൊപ്പം പരിശീലനം നടത്താൻ ക്ലബ് അനുവദിച്ചത്. അടുത്ത മത്സരം മുതൽ എംബപ്പെ പി എസ് ജിക്ക് ആയി കളിക്കാനും സാധ്യതയുണ്ട്.

ക്ലബ്ബുമായുള്ള കരാർ നീട്ടാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പ്രീ-സീസൺ പര്യടനത്തിനുള്ള ടീമിൽ എംബപ്പെയെ ഉൾപ്പെടുത്തിയിരുന്നില്ല‌. അവസാന ഒരു മാസമായി എംബപ്പെ ഫസ്റ്റ് ടീമിനൊപ്പം ആയിരുന്നില്ല പരിശീലനം നടത്തുന്നത്. അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നതിനാൽ എംബപ്പെ പുതിയ കരാർ ഒപ്പുവെക്കാനോ മറ്റു ക്ലബിലേക്ക് പോകാനോ തയ്യാറായിരുന്നില്ല. .

ലോറിയന്റിനെതിരായ പിഎസ്ജിയുടെ ലീഗ് 1 ഓപ്പണറിൽ എംബപ്പെ കളിച്ചിരുന്നില്ല. ആ മത്സരം ജയിക്കാൻ പി എസ് ജിക്ക് ആയുമില്ല. എംബപ്പെ പരിശീലനം പുനരാരംഭിച്ചാലും താരം ക്ലബിൽ തുടരുമോ എന്നോ ഇനി പി എസ് ജിക്കായി കളിക്കുമെന്നോ ഉറപ്പില്ല.

ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് എംബാപ്പെയെ അറിയാവുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി മോദി

ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയ്ക്ക് ഇന്ത്യൻ ഗ്രാമങ്ങൾ ഫ്രാൻസിനെക്കാൾ ആരാധകർ ഉണ്ടെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാന മന്ത്രി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടയിൽ ഒരു ചടങ്ങിൽ ആണ് എംബപ്പെയെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റാണ് എംബപ്പെ എന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് എംബാപ്പെയെ അറിയാവുന്നത് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി മോദി പാരീസിൽ പറഞ്ഞു.

പ്രസംഗം കേട്ട ജനം വലിയ കയ്യടിയോടെ ആണ് ഈ പ്രസ്താവനയെ വരവേറ്റത്. എന്നാൽ പ്രധാനമന്ത്രി എംബപ്പെയുടെ പേര് കിലിയൻ മാപ്പെ എന്ന് തെറ്റായി പറഞ്ഞത് ട്രോളായും മാറുന്നുണ്ട്.

ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ എന്നിവരുമായുള്ള വലിയ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തി. അതിനു ശേഷം പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആണ് മോദി എംബപ്പെയെ കുറിച്ച് പറഞ്ഞത്.

എംബപ്പെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ല എന്ന് ഗ്വാർഡിയോള

പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയ്‌ക്കായി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ല ർന്ന് പെപ് ഗാർഡിയോള അറിയിച്ചു.. “അവന് എവിടേക്കാണ് പോകേണ്ടതെന്ന് നിങ്ങൾക്കറിയാം,” എന്നും ഗ്വാർഡിയോള പറഞ്ഞു. എംബപ്പെ റയൽ മാഡ്രിഡ് ആണ് തന്റെ അടുത്ത ക്ലബായി സ്വയം ലക്ഷ്യമിടുന്നത്. PSG ഫോർവേഡിന് 2024 വരെ ഒരു കരാർ ഉണ്ടെങ്കിലും എന്നാൽ അത് നീട്ടില്ലെന്ന് തന്റെ ക്ലബിനോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പി എസ് ജി ഇപ്പോൾ എംബപ്പെയെ വിൽക്കാൻ ആയി ശ്രമിക്കുകയാണ്.

റയൽ മാഡ്രിഡ് അല്ലാതെ മാഞ്ചസ്റ്റർ സിറ്റിക്ക് മാത്രമാണ് എംബപ്പെയെ സ്വന്തമാക്കാൻ മാത്രം ബഡ്ജറ്റ് ഇപ്പോൾ യൂറോപ്പിൽ കയ്യിൽ ഉള്ളത്. എന്ന ഹാളണ്ട് ഉള്ളത് കൊണ്ട് തന്നെ എംബപ്പെയെ കൂടെ സ്വന്തമാക്കാൻ സിറ്റി ശ്രമിക്കില്ല. മാത്രമല്ല താരം റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ഗ്വാർഡിയോള തന്നെ ചൂണ്ടികാണിക്കുന്നു.

ബാഴ്‌സലോണ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗനെ നിലനിർത്താൻ സിറ്റി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

“മെസ്സിക്ക് ഫ്രാൻസിൽ അർഹിച്ച ബഹുമാനം കിട്ടിയില്ല, പലരും മെസ്സി ക്ലബ് വിട്ടതിൽ സന്തോഷിക്കികയായിരുന്നു” – എംബപ്പെ

ലയണൽ മെസ്സിക്ക് പി എസ് ജിയിലും ഫ്രാൻസിലും അർഹിച്ച ബഹുമാനം കിട്ടിയില്ല എന്ന് എംബപ്പെ. ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് അറിഞ്ഞപ്പോൾ പി എസ് ജിയിലെ പലരും ആശ്വസിക്കുകയായിരുന്നു എന്നും അത് തനിക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നും എംബപ്പെ പറഞ്ഞു. പി എസ് ജി മാനേജ്മെന്റുമായി ഉടക്കിയ എംബപ്പെ ഗസറ്റെക്ക് നൽകിയ അഭിമുഖത്തിലാണ് ക്ലബിനെ രൂക്ഷമായി വിമർശിച്ചത്.

“മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മെസ്സിയെപ്പോലൊരാൾ ക്ലബ് വിട്ട് പോയാൽ അതൊരു നല്ല വാർത്തയല്ല.” എംബപ്പെ പറയുന്നു.

“അദ്ദേഹം പോയതിൽ ഇത്രയധികം ആളുകൾ പി എസ് ജിയിൽ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല. ഫ്രാൻസിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ല, ” എംബപ്പെ പറഞ്ഞു. എംബപ്പെ ഈ ട്രാൻസ്ഫർ വിൻഡോയോടെ പി എസ് ജി വിടും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version