പരിക്ക് അവഗണിച്ച് ഇറങ്ങിയ നെയ്മറിന് ഗോളും അസിസ്റ്റും: സാന്റോസ് റിലഗേഷൻ സോണിൽ നിന്ന് കരകയറി


2025 നവംബർ 29-ന് സീരി എ-യിൽ നടന്ന മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ സാന്റോസ് 3-0ന്റെ നിർണ്ണായക വിജയം സ്വന്തമാക്കി. ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും കളിക്കാൻ ഇറങ്ങിയ നെയ്നർ 25-ാം മിനിറ്റിൽ ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത കളിയിലെ താരമായി. ജൊവാവോ ഷ്മിത്തും ഒപ്പം ലൂക്കാസ് കലിന്റെ സെൽഫ് ഗോളും ഹോം ടീമിന് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുകൾ നേടിയ സാന്റോസ്, അവസാന രണ്ട് മത്സരങ്ങൾക്ക് മുമ്പ് തരംതാഴ്ത്തൽ മേഖലയിൽ നിന്ന് കരകയറി.
ഇടത് കാൽമുട്ടിലെ പരിക്ക് കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടും, നിർബന്ധമായും ജയിക്കേണ്ട ഈ മത്സരത്തിൽ നെയ്മർ തന്റെ ക്ലബ്ബിനായി കളിക്കാനിറങ്ങുകയായിരുന്നു.


സാന്റോസിന് ഇത് ഒരു വഴിത്തിരിവാണ്. നെയ്മറുടെ ഈ കളിക്കാനുള്ള തീരുമാനം വലിയ വിജയമാണ് നൽകിയിരിക്കുന്നത്, ഈ വിജയം തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് ആവശ്യമായ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നെയ്മറിന് തിരിച്ചടി; പരിക്ക് കാരണം ദീർഘകാലം പുറത്ത്; ലോകകപ്പ് സാധ്യതകൾക്ക് മങ്ങൽ


സാൻ്റോസിനായി കളിക്കുന്നതിനിടെ ഇടത് കാൽമുട്ടിലെ മെനിസ്കസ് ലിഗമെൻ്റിന് ഗുരുതരമായി പരിക്കേറ്റതിനാൽ നെയ്മർക്ക് 2025-ലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. ഈ പരിക്ക് കാരണം അദ്ദേഹത്തിന് ശസ്ത്രക്രിയയും നീണ്ട വിശ്രമവും ആവശ്യമാണ്. മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ സാൻ്റോസ് നിലവിൽ തരംതാഴ്ത്തൽ മേഖലയിലാണ്, അതുകൊണ്ട് നെയ്മറിൻ്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കും.

ഈ പരിക്ക് 2026 ലോകകപ്പിൽ നെയ്മറിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് വലിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്. കാരണം, ലോകകപ്പിന് മുൻപ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യതകൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.


2025-ൽ ഹാംസ്ട്രിംഗ് പരിക്കും മറ്റ് പേശീ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെ നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നെയ്മർക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ബ്രസീൽ ദേശീയ ടീം കോച്ച് കാർലോ ആഞ്ചലോട്ടി ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് തെളിയിക്കാൻ നെയ്മറിന് ആറ് മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ, ഈ പുതിയ പരിക്ക് കാരണം ആ ലക്ഷ്യം കൈവരിക്കാൻ താരത്തിന് കഴിയാതെ വരും.

ഫിറ്റ്നസ് വീണ്ടെടുത്താൽ നെയ്മറിന് ലോകകപ്പ് ടീമിൽ ഇടം നൽകും: ആഞ്ചലോട്ടി


ഫിറ്റ്നസ് നിലനിർത്തുന്നതിൽ നെയ്മർക്ക് വീഴ്ച പറ്റിയാൽ ബ്രസീൽ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടം ലഭിക്കില്ലെന്ന് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി. ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് നെയ്മറിനെ ഒഴിവാക്കിയതിന് പിന്നാലെ ആൻസലോട്ടിയുടെ ഈ പ്രതികരണം.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പരിക്കുകൾ കാരണം ബുദ്ധിമുട്ടുന്ന നെയ്മറിൻ്റെ ഫിറ്റ്നസ് ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കോച്ച് വ്യക്തമാക്കി. പലപ്പോഴും താരത്തിൻ്റെ ഫിറ്റ്നസാണ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താകാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

“നെയ്മർ ഫിറ്റ്നസോടെ കളിക്കുകയാണെങ്കിൽ ബ്രസീൽ ടീമിൽ എത്താൻ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല,” ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ ശക്തമായ ഫിറ്റ്നസ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഒക്ടോബറിൽ കാൽമുട്ടിന് ഗുരുതരമായ പരിക്ക് പറ്റിയ നെയ്മർ ചികിത്സയ്ക്ക് ശേഷം സൗദി ക്ലബ് അൽ ഹിലാലിൽ നിന്ന് പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ചില മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫിറ്റ്നസ് ഇല്ലാത്തതിനാൽ പലപ്പോഴും കളിക്കളത്തിൽ നെയ്മർ പ്രയാസം അനുഭവിക്കുന്നത് കാണാനായി.

നെയ്മർ ഹീറോ ആയി: ഫ്ലെമെംഗോയെ ഞെട്ടിച്ച് സാന്റോസ്


ബ്രസീലിയറോ ലീഗ് ലീഡർമാരായ ഫ്ലെമെംഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സാന്റോസ് ഞെട്ടിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിൽ നെയ്മർ നേടിയ ഗോളാണ് സാന്റോസിന് ആവേശകരമായ വിജയം സമ്മാനിച്ചത്. സീസണിലെ തന്റെ നാലാം ഗോളാണ് വിലാ ബെൽമിറോയിലെ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ നെയ്മർ ഇന്ന് നേടിയത്.


മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. നിരവധി അവസരങ്ങൾ ഇരുഭാഗത്തും പിറന്നുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് സുരക്ഷിതമായിരുന്ന ഫ്ലെമെംഗോയ്ക്ക് സാന്റോസിന്റെ അച്ചടക്കമുള്ള പ്രതിരോധവും ഊർജ്ജവും തടസ്സമായി. നെയ്മർ തന്റെ സ്വതസിദ്ധമായ ശൈലിയും നിശ്ചയദാർഢ്യവും കൊണ്ട് രണ്ടാം പകുതിയുടെ അവസാനത്തിൽ വിജയഗോൾ നേടി.


ഈ വിജയത്തോടെ ലീഗിൽ സാന്റോസ് 14 പോയിന്റുമായി 13-ാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവിയുണ്ടായെങ്കിലും 27 പോയിന്റുമായി ഫ്ലെമെംഗോ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു‌.

നെയ്മർ 2025 അവസാനം വരെ സാന്റോസിൽ; ലോകകപ്പ് ലക്ഷ്യം വെച്ച് കരാർ നീട്ടി


2026 ലെ FIFA ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാനും മികച്ച ഫോമിലേക്ക് തിരിച്ചെത്താനും ലക്ഷ്യമിട്ട് സൂപ്പർ താരം നെയ്മർ സാന്റോസുമായി ആറ് മാസത്തെ കരാർ നീട്ടി. ഇതോടെ 33-കാരനായ ഈ ഫോർവേഡ് 2025 ഡിസംബർ വരെ ബ്രസീലിയൻ ക്ലബ്ബിൽ തുടരും.


സൗദി ക്ലബ്ബായ അൽ-ഹിലാലിലെ മോശം പ്രകടനത്തിനും പരിക്കുകൾ കാരണം 17 മാസത്തിനിടെ ഏഴ് മത്സരങ്ങളിൽ മാത്രം കളിച്ചതിനും ശേഷം ജനുവരിയിലാണ് നെയ്മർ സാന്റോസിലേക്ക് തിരിച്ചെത്തിയത്. സാന്റോസിൽ തിരിച്ചെത്തിയ ശേഷം 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.


പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ എന്ന് നെയ്മർ

പരിക്കിൽ നിന്ന് പൂർണ്ണമായി മോചിതനാവാത്തതിനാൽ ആണ് ഫിഫ ക്ലബ് ലോകകപ്പിനായി ഫ്ലുമിനെൻസിൽ ചേരാനുള്ള നീക്കം ഉപേക്ഷിച്ചത് എന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ വെളിപ്പെടുത്തി. നിലവിൽ സാന്റോസിലുള്ള നെയ്മർ, എത്രയും പെട്ടെന്ന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി.


“ഫിഫ ക്ലബ് ലോകകപ്പിനായി ഫ്ലുമിനെൻസിൽ ചേരുന്നതിന് ഞാൻ അടുത്തിരുന്നു, അത് ഒരു വലിയ അവസരമായിരുന്നു,” നെയ്മർ പറഞ്ഞു.

“എന്നാൽ ഞാൻ 100% ഫിറ്റ് അല്ലാത്തതിനാൽ ആ നീക്കവുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചു. എത്രയും പെട്ടെന്ന് എന്റെ മികച്ച അവസ്ഥയിൽ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.”


കഴിഞ്ഞ കുറച്ചുകാലമായി പരിക്കുകൾ കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന നെയ്മർ, പൂർണ്ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഫ്ലുമിനെൻസിയിൽ ചേരുന്നത് ക്ലബ് ലോകകപ്പിൽ കളിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നുവെങ്കിലും, തന്റെ ദീർഘകാല കരിയറിനാണ് താരം മുൻഗണന നൽകിയത്. ലോകകപ്പിനു മുന്നെ പരിപൂർണ്ണ ആരോഗ്യ സ്ഥിതിയിൽ എത്തുക ആണ് നെയ്മറിന്റെ ലക്ഷ്യം. അവസാന രണ്ടു വർഷമായി നെയ്മർ അധികം മത്സരം ഒന്നും കളിച്ചിട്ടില്ല.


നെയ്മറിന് കോവിഡ്-19 സ്ഥിരീകരിച്ചു, സാന്റോസിന്റെ മത്സരങ്ങളിൽ നിന്ന് പുറത്ത്


ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് കോവിഡ്-19 സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ക്ലബ്ബായ സാന്റോസ് ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അറിയിച്ചു. 33 വയസ്സുകാരനായ ഈ ഫോർവേഡിന് വ്യാഴാഴ്ച രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും, തുടർന്ന് ടീം പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.


എത്ര ദിവസത്തിനുള്ളിൽ നെയ്മർ സുഖം പ്രാപിക്കുമെന്ന് സാന്റോസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, വ്യാഴാഴ്ച ഫോർട്ടാലെസയ്‌ക്കെതിരായ ലീഗ് മത്സരത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. അച്ചടക്ക നടപടി കാരണം എന്തായാലും ഈ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുമായിരുന്നില്ല. ഈ മത്സരം ബ്രസീലിയൻ ലീഗിൽ ക്ലബ് ലോകകപ്പിനായി താൽക്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പുള്ള സാന്റോസിന്റെ അവസാന കളിയാണ്. ജൂൺ 14 മുതൽ ജൂലൈ 13 വരെ അമേരിക്കയിലാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്.


ജൂൺ 30-ന് നിലവിലെ കരാർ അവസാനിക്കുന്നതിനാൽ നെയ്മറിന്റെ ക്ലബ്ബിലെ ഭാവി അനിശ്ചിതത്വത്തിലാണ്. ബാല്യകാല ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിന് ശേഷം പരിക്ക് കാരണം അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

പരിക്ക് മാറി എത്തിയ നെയ്മറിന് വീണ്ടും പരിക്ക്


ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ നെയ്മർ ജൂനിയറിന്, ഇന്ന് പുലർച്ചെ നടന്ന സാന്റോസിന്റെ മത്സരത്തിൽ വീണ്ടും പരിക്ക്. 34 മിനിറ്റിനുള്ളിൽ താരം പരിക്ക് കാരണം കളം വിടേണ്ടിവന്നത് ഫുട്ബോളിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി. ഒരു മാസത്തെ പരിക്ക് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് നെയ്മർ തിരിച്ചെത്തിയത്.

അൽ ഹിലാലിൽ നിന്ന് Santos-ൽ തിരിച്ചെത്തിയതിന് ശേഷം ഫോമിൽ ആയെങ്കിലും പരിക്ക് കാരണം നെയ്മർ വീണ്ടും വലയുകയാണ്. നെയ്മറിന് നേരത്തെ ഏറ്റ പരിക്ക് തന്നെയാണ് വീണ്ടും ഏറ്റിരിക്കുന്നത്. പുതിയ പരിക്ക് എത്ര കാലം നെയ്മറിനെ പുറത്തിരുത്തും എന്ന് വ്യക്തമല്ല.

പരിക്ക് മാറി നെയ്മർ തിരിച്ചെത്തുന്നു

ഞായറാഴ്ച സാന്റോസ് വാസ്കോയെ നേരിടുമ്പോൾ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ആഴ്ച മുമ്പ് പരിക്കേറ്റ ബ്രസീലിയൻ താരം ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു. ഇപ്പോൾ താരം വേദന അനുഭവിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

Neymar

അർജന്റീനയ്‌ക്കെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം ഉൾപ്പെടെ ബ്രസീലിന്റെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പരിക്ക് കാരണം നെയ്മറിന് മാറി നിൽക്കേണ്ടി വന്നിരുന്നു.

ജനുവരിയിൽ അൽ ഹിലാലിൽ നിന്ന് സാന്റോസിലേക്ക് മാറിയതിനുശേഷം, അന്താരാഷ്ട്ര ഇടവേളയ്ക്ക് തൊട്ടുമുമ്പ് തിരിച്ചടി നേരിടുന്നത് വരെ, നെയ്മർ മികച്ച ഫോമിലായിരുന്നു. ഇപ്പോൾ, രോഗമുക്തി നേടിയതോടെ, അദ്ദേഹം വീണ്ടും ക്ലബ്ബിനൊപ്പം ചേരാനും തന്റെ മികച്ച പ്രകടനം തുടരാനും ഒരുങ്ങുകയാണ്. അതേസമയം, സാന്റോസുമായുള്ള കരാർ നീട്ടൽ സംബന്ധിച്ച ചർച്ചകൾ നെയ്മർ ആരംഭിച്ചിട്ടുണ്ട്‌

നെയ്മർ പരിക്ക് കാരണം ബ്രസീൽ ടീമിൽ നിന്ന് പുറത്ത്

ഈ മാസം കൊളംബിയയ്ക്കും അർജൻ്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് നെയ്മർ പുറത്ത്. പരിക്കേറ്റ നെയ്മറിന് പകരം കൗമാരക്കാരനായ റയൽ മാഡ്രിഡ് ഫോർവേഡ് എൻഡ്രിക്കിനെ ബ്രസീൽ ടീമിൽ എടുത്തു. നീണ്ട പരിക്കിന് ശേഷം തിരിച്ചുവരാനൊരുങ്ങിയ നെയ്മറിന് പേശികൾക്ക് വീണ്ടും പരിക്കേറ്റതിനാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

ഹെഡ് കോച്ച് ഡോറിവൽ ജൂനിയർ മറ്റ് രണ്ട് മാറ്റങ്ങൾ കൂടെ ടീമിൽ വരുത്തിയിട്ടുണ്ട്. ഡാനിലോയ്ക്ക് പകരം ഫ്ലെമെംഗോയുടെ അലക്സ് സാന്ദ്രോയെയും മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സണിന് പകരം ഒളിമ്പിക് ലിയോണൈസ് ഗോൾകീപ്പർ ലൂക്കാസ് പെറിയെയും ടീമിലേക്ക് വിളിച്ചു.

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി CONMEBOL സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ, മാർച്ച് 21 ന് കൊളംബിയയ്ക്ക് ആതിഥേയത്വം വഹിക്കും, മാർച്ച് 26 ന് അർജൻ്റീനയെ എവേ ഗ്രൗണ്ടിലും നേരിടും. മികച്ച ആറ് ടീമുകൾ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ

നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സാൻ്റോസിൻ്റെ അവസാന മത്സരത്തിൽ നെയ്മർ ജൂനിയർ കളിച്ചിരുന്നില്ല. വൈദ്യപരിശോധനയിൽ താരത്തിന് ചെറിയ പരിക്കുള്ളതായി ക്ലബ് സ്ഥിരീകരിച്ചു, നെയ്മറിനും സാൻ്റോസിനും ഈ പരിക്ക് കനത്ത പ്രഹരമാണ്. സീസൺ നിർണായക ഘട്ടത്തിൽ നിൽക്കെ ആണ് ഈ പരിക്ക്.

ജനുവരിയിൽ അൽ ഹിലാലിൽ നിന്ന് സാൻ്റോസിനൊപ്പം തിരിച്ചെത്തിയതിനുശേഷം, നെയ്മർ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച ഫോമിലായുരുന്നു. താറ്റം ബ്രസീൽ ദേശീയ ടീമിലും ഇടം നേടിയിരുന്നു. എന്നിരുന്നാലും, ഈ ഏറ്റവും പുതിയ പരിക്ക് നെയ്മറിനും അദ്ദേഹത്തിൻ്റെ ആരാധകർക്കും ആശങ്ക ഉയർത്തുന്നു. അവസാന വർഷങ്ങളിൽ പരിക്ക് കാരണം നെയ്മർ ദീർഘാകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു.

അർജന്റീനയെ നേരിടാനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു, നെയ്മർ തിരിച്ചെത്തി

കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. 17 മാസത്തിന്റെ ഇടവേളക്ക് ശേഷം നെയ്മറെ ബ്രസീൽ ടീമിൽ തിരികെയെത്തി. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരെ കാൽമുട്ടിന് പരിക്കേറ്റപ്പോഴാണ് സാന്റോസ് ഫോർവേഡ് അവസാനമായി ബ്രസീലിനായി കളിച്ചത്.

അൽ-ഹിലാൽ വിട്ട്, ജനുവരിയിൽ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് നെയ്മർ മടങ്ങിയിരുന്നു. അതിനുശേഷം ഏഴ് ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. 128 അന്താരാഷ്ട്ര മത്സരങ്ങൾ ബ്രസീലിനായി കളിച്ച താരം 79 ഗോളുകളുമായി രാജ്യത്തെ ടോപ് സ്കോററായി തുടരുന്നു.

കോൺമെബോൾ യോഗ്യതാ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ മാർച്ച് 21 ന് കൊളംബിയയെ നേരിടും, മാർച്ച് 26 ന് ഒന്നാം സ്ഥാനത്തുള്ള അർജന്റീനയെ നേരിടും.

Exit mobile version