ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണം – ലക്ഷ്മൺ

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ശുഭ്മന്‍ ഗിൽ തന്റെ ഫുട് മൂവ്മെന്റ് ശരിയാക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ താരത്തെ ഈ പ്രശ്നം കാരണം ബുദ്ധിമുട്ടിച്ചുവെന്നും അത് പരിഹരിച്ചില്ലെങ്കില്‍ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും അത് ആവര്‍ത്തിക്കുമെന്ന് വിവിഎസ് ലക്ഷ്മൺ പറഞ്ഞു.

ഇന്‍കമിംഗ് ഡെലിവറികള്‍ക്ക് മുന്നിൽ ഫുട് മൂവ്മെന്റ് ഇല്ലാതെ ശുഭ്മന്‍ ഗിൽ പതറുന്നുണ്ടെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഗില്ലിന് ആവശ്യത്തിന് സമയം ഉണ്ട് ഈ പിഴവ് തിരുത്തുവാനെന്നും ലക്ഷ്മൺ സൂചിപ്പിച്ചു. ഗില്ലിൽ നിന്ന് മികച്ച പ്രകടനം വരുന്നില്ലെങ്കിൽ ഇന്ത്യ മയാംഗ് അഗര്‍വാള്‍, കെഎൽ രാഹുല്‍ എന്നിവരെ പരീക്ഷിക്കുവാനും കാരണമായേക്കാമെന്നും ലക്ഷ്മൺ സൂചിപ്പിച്ചു.

മയാംഗിന്റെ പ്രകടനങ്ങള്‍ മറക്കാനാകില്ല – വിവിഎസ് ലക്ഷ്മൺ

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശുഭ്മന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മയെയും ഓപ്പണര്‍മാരായി ഇറക്കുമെന്നാണ് കരുതുന്നതെങ്കിലും മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ ഒരിക്കലും മറക്കാനാകുയില്ലെന്ന് ലക്ഷ്മൺ വ്യക്തമാക്കി. രോഹിത്തിന്റെ കൂടെ ആരാകും ഓപ്പൺ ചെയ്യുക എന്നതാണ് വലിയ ചോദ്യം. അത് ശുഭ്മന്‍ ഗില്ലാകാനാണ് സാധ്യതയെങ്കിലും നമ്മള്‍ മയാംഗ് അഗര്‍വാളിന്റെ പ്രകടനങ്ങളെ മറന്ന് കൂടായെന്നും വിവിഎസ് പറഞ്ഞു.

2018ൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മയാംഗ് പല മിന്നും പ്രകടനങ്ങളാണ് ഇന്ത്യയ്ക്കായി പുറത്തെടുത്തത്. ടെസ്റ്റ് അരങ്ങേറ്റത്തിലും ഓസ്ട്രേലിയയ്ക്കെതിരെ താരം മികവ് പുലര്‍ത്തിയിരുന്നുവെന്ന് വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി.

മേല്‍ക്കൈ ന്യൂസിലാണ്ടിന് – വിവിഎസ്

സൗത്താംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മേല്‍ക്കൈ ന്യൂസിലാണ്ടിനെന്ന് പറ‍ഞ്ഞ് വിവിഎസ് ലക്ഷ്മൺ. ജൂൺ 18 മുതൽ 22 വരെയാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ഫൈനൽ നടക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഇപ്പോൾ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നു എന്നത് ഇന്ത്യയ്ക്ക് മേൽ ന്യൂസിലാണ്ടിന് മേൽക്കൈ നൽകുന്നുണ്ടെന്നും അത് സാഹചര്യവുമായി കൂടുതൽ പൊരുത്തപ്പെടുവാൻ അവരെ സഹയിക്കുമെന്നും വിവിഎസ് പറഞ്ഞു.

എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ പിടിച്ചെടുത്ത വിജയം അവരെ മികച്ച പോരാളികളാക്കുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു. ഇന്ത്യയുടെ ക്യാരക്ടറിന്റെയു പോസിറ്റീവ് മൈന്‍ഡ്സെറ്റിന്റെയും ഉദാഹരണം ആണ് അവിടുത്തെ വിജയം എന്നും കഠിന പരിശീലനത്തിലൂടെ ഇന്ത്യ ന്യൂസിലാണ്ട് നേടിയ മേൽക്കൈ മറികടക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു.

വെരി വെരി സ്പെഷ്യൽ ലക്ഷ്മണും രാഹുൽ ദ്രാവിഡും തനിക്ക് ഒപ്പം ടെസ്റ്റ് കളിക്കുവാനാഗ്രഹമുള്ള താരങ്ങൾ – അസ്ഹർ അലി

വിവിഎസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും ആണ് തനിക്ക് ഒപ്പം കളിക്കുവാൻ ആഗ്രഹമുള്ള രണ്ട് ഇന്ത്യൻ താരങ്ങളെന്ന് പറഞ്ഞ് അസ്ഹർ അലി. പാക്കിസ്ഥാൻ താരത്തോട് സോഷ്യൽ മീഡിയയിൽ ഒപ്പം കളിക്കുവാനാഗ്രഹമുള്ള ഒരു താരത്തിന്റെ പേര് പറയാൻ പറഞ്ഞപ്പോളാണ് ഈ രണ്ട് ഇന്ത്യൻ മഹാരാഥന്മാരുടെ പേര് താരം പറഞ്ഞത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് നിര കളിച്ചിരുന്ന സമയത്ത് നിന്നാണ് ഈ രണ്ട് പേരെ പാക്കിസ്ഥാൻ താരം തിരഞ്ഞെടുത്തത്. സച്ചിൻ, സൌരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സേവാഗ് എന്നിവരടങ്ങിയ ബാറ്റിംഗ് നിര ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരുന്നു. 2000ങ്ങളിൽ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് മഹാരഥന്മാരുടെ നിര തന്നെയായിരുന്നു ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നത്.

പാക്കിസ്ഥാന് വേണ്ടി 2021ൽ മികച്ച ഫോമിൽ കളിക്കുന്ന അസ്ഹർ അലി ഇതുവരെ ഒരു ശതവും രണ്ട് അർദ്ധ ശതകവും ഉൾപ്പെടെ എട്ട് ടെസ്റ്റിൽ നിന്ന് 407 റൺസ് നേടിയിട്ടുണ്ട്.

ഐപിഎല്‍ വേദികളെക്കുറിച്ച് ഇപ്പോളും വ്യക്തതയില്ല – വിവിഎസ് ലക്ഷ്മണ്‍

ഐപിഎല്‍ വേദികള്‍ എവിടെയായിരിക്കുമെന്നതില്‍ ഇപ്പോളും വ്യക്തതയില്ലെന്ന് അറിയിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍. ബിസിസിഐ പല സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള ഒരുക്കങ്ങള്‍ ബിസിസിഐ നടത്തുമെന്നും എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അറിയാമെന്നും വിവിഎസ് വ്യക്തമാക്കി.

വേദി എവിടെ ആയാലും സണ്‍റൈസേഴ്സിന്റെ 25 അംഗ സ്ക്വാഡിന് മികച്ച രീതിയില്‍ സാഹചര്യവുമായി പൊരുത്തപ്പെട്ട് മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിഎസ് സൂചിപ്പിച്ചു. 25 അംഗ സ്ക്വാഡ് ടീമുകള്‍ എടുക്കുന്നതിന്റെ കാരണം തന്നെ വിവിധ സാഹചര്യം അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കുവാന്‍ കൂടിയാണെന്നും വിവിഎസ് വ്യക്തമാക്കി.

സാധാരണ രീതിയില്‍ ഇന്ത്യയിലാണ് മത്സരം നടക്കുന്നതെങ്കില്‍ പോലും ഓരോ സ്റ്റേഡിയത്തില്‍ ചെല്ലുമ്പോളും വിവിധ തരം വിവിധ തരം സാഹചര്യങ്ങളാണ് ടീമുകളെ കാത്തിരിക്കുന്നതെന്ന് വിവിഎസ് സൂചിപ്പിച്ചു.

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പരാതി നല്‍കുകയും ചെയ്തു.

ഇന്ന് സിറാജിനെതിരെ വീണ്ടും സംഭവം ഉയര്‍ന്നപ്പോള്‍ താരം അമ്പയറോട് കാര്യം സൂചിപ്പിക്കുകയും ആ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എസ്‍സിജി പോലുള്ള ഐതിഹാസിക വേദിയില്‍ ഇത്തരം കാഴ്ച കാണേണ്ടി വരുന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് ഒരു സ്ഥാനവും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കാണികള്‍ സ്പോര്‍ട്സ് താരങ്ങളെ സ്പോര്‍ട്ടിംഗ് ഫീല്‍ഡില്‍ അസഭ്യം പറയുന്നത് തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അവര്‍ കളി ആസ്വദിക്കുവാനും താരങ്ങളെ ബഹുമാനിക്കുവാനും വയ്യെങ്കില്‍ എന്തിനാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും വിവിഎസ് വ്യക്തമാക്കി.

“ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ ഭയമായിരുന്നു”

ദുലീപ് ട്രോഫിയിൽ മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ദ്രാവിഡിനെതിരെയും വി.വി.എസ് ലക്ഷ്മണിനെതിരെയും ബൗൾ ചെയ്യാൻ തനിക്ക് ഭയമായിരുന്നെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. തന്റെ കരിയറിന്റെ തുടക്കത്തിൽ ദുലീപ് ട്രോഫി മത്സരത്തിൽ ദ്രാവിഡിനെതിരെയും ലക്ഷ്മണിനെതിരെയുമാണ് ബൗൾ ചെയ്യേണ്ടത് എന്നറിഞ്ഞപ്പോൾ താൻ ഭയപെട്ടുവെന്നും ഉമേഷ് യാദവ് പറഞ്ഞു.

ഇത്രയും സമ്മർദ്ദ ഘട്ടത്തിൽ മികച്ച സ്പെൽ എറിയാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. അന്നത്തെ സൗത്ത് സോൺ മത്സരത്തിൽ താൻ അഞ്ച് വിക്കറ്റ് നേടുകയും മത്സരത്തിൽ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും വിക്കറ്റ് നേടുകയും ചെയ്തത് തന്റെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്‌തെന്ന് ഉമേഷ് യാദവ് പറഞ്ഞു.

എല്ലാവർക്കും കഠിനമായ ജീവിതമാണെന്നും ആർക്കും കാര്യങ്ങൾ എളുപ്പമല്ലെന്നും ഉമേഷ് യാദവ് പറഞ്ഞു. എന്നാൽ ജീവിതത്തിൽ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് പ്രവർത്തിച്ചാൽ ജയം തേടിയെത്തുമെന്നും ഉമേഷ് യാദവ് പറഞ്ഞു.

ദുലീപ് ട്രോഫിയില്‍ ദ്രാവിഡിനും ലക്ഷ്മണിനും എതിരെ പന്തെറിയാനായത് തന്റെ വഴിത്തിരിവായി

ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ദുലീപ് ട്രോഫിയില്‍ നേടാനായത് തന്റെ കരിയറിലെ വഴിത്തിരിവായെന്ന് പറഞ്ഞ് ഉമേഷ് യാദവ്. വിദര്‍ഭയ്ക്ക് വേണ്ടി തന്നെ കളിക്കുവാന്‍ തിരഞ്ഞെടുത്തതിന് ഒരു കാരണം തന്റെ പേസ് ആയിരുന്നു, എന്നാല്‍ താന്‍ ഒരിക്കലും കൃത്യതയോടെ സ്ഥിരമായി പന്തെറിഞ്ഞില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ് വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെ പന്തെറിയുവാനായത് വഴിത്തിരിവായെന്ന് ഉമേഷ് വ്യക്തമാക്കി.

അന്നത്തെ മത്സരത്തില്‍ തനിക്ക് അഞ്ച് വിക്കറ്റാണ് നേടാനായത്. അതില്‍ ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും വിക്കറ്റുണ്ടായിരുന്നു. സമ്മര്‍ദ്ദത്തിലായിരുന്നു തന്റെ മികച്ച സ്പെല്ലെന്നും താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഈ പ്രകടനം എന്ന് ഉമേഷ് യാദവ് വ്യക്തമാക്കി. സൗത്ത് സോണിന് വേണ്ടി താന്‍ അന്ന് അഞ്ച് വിക്കറ്റ് നേടി. അതിന് ശേഷം തനിക്ക് വളരെ അധികം ആത്മവിശ്വാസം ഉണ്ടായെന്നും ഉമേഷ് സൂചിപ്പിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗ് : ലക്ഷ്മൺ

മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ടെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണറാണ് വിരേന്ദർ സെവാഗാണെന്ന് ലക്ഷ്മൺ പറഞ്ഞു. വിരേന്ദർ സെവാഗിന്റെ പോസിറ്റിവിറ്റിയും തന്റെ കഴിവിലുള്ള വിശ്വാസവും തനിക്ക് അത്ഭുതകരമായി തോന്നിയെന്നും ലക്ഷ്മൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ കൂടെ കളിച്ചവരെക്കുറിച്ചും തനിക്ക് പ്രചോദനമായവരെകുറിച്ചും സോഷ്യൽ മീഡിയയിൽ ഓർമ്മ പങ്കുവെക്കവേയാണ് വിരേന്ദർ സേവാഗിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ടെസ്റ്റിൽ 104 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച സെവാഗ്  49.34 ആവറേജിൽ   8586 റൺസും നേടിയിട്ടുണ്ട്. ഇതിൽ 23 സെഞ്ചുറിയും 32 അർദ്ധ സെഞ്ചുറികളും ഉൾപെടും. കൂടാതെ 251 ഏകദിന മത്സരങ്ങളും 19 ടി20 മത്സരങ്ങളും സെവാഗ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.  2015ലാണ് സെവാഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഇന്ത്യയിൽ ഫാസ്റ്റ് ബൗളിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ചത് ജവഗൽ ശ്രീനാഥ് ആണെന്ന് ലക്ഷ്മൺ

ഇന്ത്യയിൽ ഫാസ്റ്റ് ബൗളിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ചത് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് ആണെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. ബൗളിങ്ങിന് അനുകൂലമല്ലാത്ത സാഹചര്യത്തിൽ പോലും ടീമിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മികച്ച പ്രകടനം ശ്രീനാഥ് നടത്തിയിട്ടുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തീക്ഷണമായ ആഗ്രഹമായിരുന്നു ശ്രീനാഥിന്റെ കരുത്തെന്നും ലക്ഷ്മൺ പറഞ്ഞു.  ഇന്ത്യക്ക് വേണ്ടി 1991ൽ അരങ്ങേറ്റം നടത്തിയ ജവഗൽ ശ്രീനാഥ് 67 ടെസ്റ്റുകളും 229 ഏകദിന മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 236 വിക്കറ്റും ഏകദിനത്തിൽ 315 വിക്കറ്റുമാണ് ശ്രീനാഥിന്റെ സമ്പാദ്യം. തന്റെ കൂടെ കളിച്ചതും തനിക്ക് പ്രചോദനം നൽകുകയും ചെയ്ത താരങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച വരികളിലാണ് ശ്രീനാഥിനെ ലക്ഷ്മൺ പുകഴ്ത്തിയത്.

“ക്രിക്കറ്റിലെ ഏറ്റവും ആത്മാർത്ഥത കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ്”

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ആത്മാർത്ഥ കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ് എന്നാണ് വി.വി.എസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്.

തനിക്ക് നേരെ വന്ന വെല്ലുവിളികളെയെല്ലാം തികഞ്ഞ ആത്മാർത്ഥയോടെ രാഹുൽ ദ്രാവിഡ് നേരിട്ടുവെന്നും താരം ആത്യന്തികമായി ഒരു ടീം മാൻ ആയിരുന്നെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു. ഏകദിനത്തിൽ വിക്കറ്റ് കീപ്പറായ സമയത്തും ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ സമയത്തും അതിനെതിരെ പറ്റില്ലെന്ന് പറയാനുള്ള സാഹചര്യത്തിൽ പോലും അങ്ങേയറ്റം ഉത്സാഹത്തോടെ രാഹുൽ ദ്രാവിഡ് അത് ചെയ്തിട്ടുണ്ടെന്നും ലക്ഷ്മൺ പറഞ്ഞു.

“ദി വാൾ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് 2012ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റ് മത്സരങ്ങളും 344 ഏകദിന മത്സരങ്ങളും ഒരു ടി20യും രാഹുൽ ദ്രാവിഡ് കളിച്ചിട്ടുണ്ട്.

ലക്ഷ്മണ്‍ ഇത്ര മാത്രം ദേഷ്യപ്പെട്ട് താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, പ്രഖ്യാന്‍ ഓജയോട് ദേഷ്യപ്പെട്ട വിവിഎസ് ലക്ഷ്മണിനെ ഓര്‍ത്ത് സുരേഷ് റെയ്‍ന

താന്‍ വളരെ അപൂര്‍വ്വമായി വിവിഎസ് ലക്ഷ്മണ്‍ ദേഷ്യപ്പെട്ട് കണ്ട ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് സുരേഷ് റെയ്‍ന. 2010 മൊഹാലി ടെസ്റ്റിലാണ് സംഭവം നടക്കുന്നത്. 216 റണ്‍സ് ചേസ് ചെയ്യുന്ന ഇന്ത്യ 124/8 എന്ന മോശം അവസ്ഥയിലേക്ക് വീഴുകയും ഒമ്പതാം വിക്കറ്റില്‍ 81 റണ്‍സ് നേടി ലക്ഷ്മണ്‍ ഇഷാന്ത് ശര്‍മ്മ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയുമായിരുന്നു.

മത്സരത്തില്‍ ഇഷാന്ത് പുറത്തായ ശേഷം പ്രഖ്യാന്‍ ഓജയ്ക്കൊപ്പം വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ലക്ഷ്മണിന് സാധിച്ചു. എന്നാല്‍ ഇതിനിടെ കടുത്ത പുറം വേദന കാരണം താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് റണ്ണറായി സുരേഷ് റെയ്‍നയായിരുന്നു ക്രീസിലെത്തിയിരുന്നത്. അനാവശ്യമായ ഒരു റണ്ണിന് ശ്രമിച്ച ഓജയോട് വളരെ അധികം ചൂടാവുന്ന വിവിഎസിനെ താന്‍ അന്ന് കണ്ടുവെന്നും അതിന് മുമ്പോ പിമ്പോ താന്‍ ലക്ഷ്മണിനെ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

ഓജ റണ്ണൗട്ടായിരുന്നേല്‍ ഇന്ത്യ പരാജയപ്പെട്ടേനെ എന്നതാവാം ഇത്രയും അധികം വിവിഎസിനെ അരിശനാക്കിയതെന്നും തനിക്ക് തോന്നിയതായും റെയ്‍ന പറഞ്ഞു. ലക്ഷ്മണ്‍ 79 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഓജയാണ് വിജയ റണ്‍സ് നേടിയത്.

പിന്നീട് പരമ്പരയില്‍ ബാംഗ്ലൂരിലെ അടുത്ത മത്സരത്തിലും ഇന്ത്യ തന്നെ വിജയം കുറിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Exit mobile version