ഐ.പി.എൽ ഈ വർഷം തന്നെ നടക്കുമെന്ന് അനിൽ കുംബ്ലെയും ലക്ഷ്മണും

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഈ വർഷം തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും. മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി ഐ.പി.എൽ ഈ വർഷം തന്നെ നടത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനിൽ കുംബ്ലെ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരു താരങ്ങളും.

3-4 സ്റ്റേഡിയങ്ങളിലേക്കായി മത്സരങ്ങൾ ചുരുക്കുകയും കാണികൾ ഇല്ലാതെ മത്സരം നടത്താൻ ശ്രമിക്കുകയും ചെയ്താൽ ഈ വർഷം തന്നെ ഐ.പി.എൽ നടത്താൻ കഴിയുമെന്ന് കുംബ്ലെ പറഞ്ഞു. ഐ.പി.എല്ലിലെ ടീമുകൾ എല്ലാം ചേർന്ന് യാത്രക്ക് എളുപ്പമായ ഒരു വേദി തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഈ വർഷം തന്നെ ഐ.പി.എൽ നടത്താൻ കഴിയുമെന്ന് ലക്ഷ്മൺ പറഞ്ഞു. എയർപോർട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും അതുകൊണ്ട് ഐ.പി.എൽ ടീമുകളും ബി.സി.സി.ഐയും ചേർന്ന് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും ലക്ഷ്മൺ പറഞ്ഞു.

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണുമായാണ് മൊര്‍തസ ഉപമിച്ചത്.

മഹമ്മദുള്ള ലക്ഷ്മണിനെ പോലെ ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തുന്ന താരമാണെന്ന് മൊര്‍തസ പറഞ്ഞു. മറ്റു താരങ്ങള്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ മഹമ്മദുള്ളയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരില്ലായിരിക്കാം എന്നാല്‍ ടീം പ്രതിസന്ധിയിലുള്ളപ്പോള്‍ എന്നും മുന്നില്‍ നിന്ന് ടീമിനെ രക്ഷിച്ചിട്ടുള്ളവരാണ് വിവിഎസ് ലക്ഷ്മണും മഹമ്മദുള്ളയും എന്ന് മൊര്‍തസ വ്യക്തമാക്കി.

മഹമ്മദുള്ള നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഏകദിനത്തില്‍ അനായാസം ഏഴായിരത്തിലധികം റണ്‍സ് നേടുമായിരുന്നുവെന്നും എന്നാല്‍ ടീമിന്റെ ആവശ്യം അനുസരിച്ച് താരം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും മൊര്‍തസ സൂചിപ്പിച്ചു.

188 ഏകദിനത്തില്‍ നിന്ന് മൂന്ന് ശതകങ്ങളും 21 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടെ 4070 റണ്‍സാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്. 49 ടെസ്റ്റില്‍ നിന്ന് 2764 റണ്‍സും 87 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 1475 റണ്‍സുമാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്.

ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്‌നിക് മനോഹരമെന്ന് ബ്രെറ്റ് ലീ

മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്റെ ബാറ്റിംഗ് ടെക്നിക് വളരെ മനോഹരമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. അദ്ദേഹത്തിന്റെ ബാറ്റിംഗ് സമീപനം വളരെ അപൂർവമാണെന്നും താരത്തെ പുറത്താക്കുക എളുപ്പയിരുന്നില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ലക്ഷ്മൺ പന്തിനെ പേടിയുള്ള താരമല്ലായിരുന്നുവെന്നും ബൗളിനെ നേരിടുമ്പോൾ താരത്തിന് ഒരുപാട് സമയം ലഭിക്കാറുണ്ടായിരുന്നുവെന്നും ബ്രെറ്റ് ലീ പറഞ്ഞു. താരത്തിന്റെ ഫുട് വർക്ക് വളരെ മികച്ചതായിരുന്നുവെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലീ.

ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്ത താരമാ വി.വി.എസ് ലക്ഷ്മൺ. 2001ൽ  ഓസ്‌ട്രേലിയക്കെതിരെ കൊൽക്കത്തയിൽ ലക്ഷ്മൺ നേടിയ ഡബിൾ സെഞ്ചുറി ഇന്നും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ്. അന്ന് ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ലക്ഷ്മൺ നേടിയ 281 റൺസിന്റെ പിൻബലത്തിൽ മത്സരം ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

1998ലെ ചെന്നൈ ടെസ്റ്റില്‍ വാണിന് വിക്കറ്റ് നല്‍കി മടങ്ങിയ സച്ചിന്‍ സ്വയം മുറിയില്‍ പൂട്ടി ഇരുന്നു – വിവിഎസ് ലക്ഷ്മണ്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കരിയറില്‍ പല ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഒരു ഇതിഹാസ താരമാണ്. അത്തരത്തില്‍ പേരുകേട്ട ഒരു പോരാട്ടമാണ് സച്ചിന്‍-വോണ്‍ പോരാട്ടം. 1998ല്‍ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ എന്നാല്‍ സച്ചിന് ആദ്യ ഇന്നിംഗ്സില്‍ അത്ര മികവ് പുറത്തെടുക്കുവാനായിരുന്നുല്ല. പല വട്ടം വോണിനെ മികച്ച രീതിയില്‍ നേരിട്ട സച്ചിന് എന്നാല്‍ അന്ന് പിഴച്ചു.

അന്ന് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 257 റണ്‍സിന് പുത്തായപ്പോള്‍ സച്ചിന് നേടിയത് വെറും 4 റണ്‍സായിരുന്നു. അന്ന് വോണിനെ ബൗണ്ടറി നേടിയ ശേഷം അടുത്ത പന്തില്‍ മാര്‍ക്ക് വോ പിടിച്ച് സച്ചിന്‍ പുറത്താകുകയായിരുന്നു. അന്ന് ഫിസിയോയുടെ റൂമില്‍ ചെന്ന് സച്ചിന്‍ മുറി പൂട്ടി ഇരിക്കുകയായിരുന്നുവെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് താരം പുറത്തിറങ്ങിയതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

അന്ന് തിരിച്ചിറങ്ങിയപ്പോള്‍ സച്ചിന്റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നുവെന്നും താരം കരയുകയാണെന്ന് തനിക്ക് തോന്നിയെന്നും ലക്ഷ്മണ്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സച്ചിന്‍ പുറത്താകാതെ 155 റണ്‍സ് നേടുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യ 418/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ സച്ചിന്‍ വോണിനെ തല്ലിതകര്‍ക്കുകയായിരുന്നുവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇതാണ് സച്ചിന്‍ – വോണ്‍ പോരാട്ടത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച പോരാട്ടമെന്നും ലക്ഷ്മണ്‍ സൂചിപ്പിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ ബംഗാൾ ബാറ്റ്സ്മാൻമാരെ സഹായിക്കാൻ ലക്ഷ്മൺ

കൊറോണ വൈറസ് ബാധമൂലം മത്സരങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും വീഡിയോ കോൺഫെറെൻസിങ് വഴി ബംഗാൾ രഞ്ജി ട്രോഫി താരങ്ങൾക്ക് ബാറ്റിംഗ് പരിശീലനം നൽകാനൊരുങ്ങി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ താരങ്ങളുടെ വീഡിയോ കാണിച്ചുകൊണ്ടാണ് വി.വി.എസ് ലക്ഷ്മൺ ബംഗാൾ താരങ്ങൾക്ക് ഓൺലൈൻ വഴി പരിശീലനം നൽകാൻ ഒരുങ്ങുന്നത്. ഓരോരുത്തരെയും വ്യക്തിപരമായി ഓൺലൈൻ വഴി ബന്ധപ്പെട്ട് ലക്ഷ്മൺ ഇത് പ്രകാരം നിർദേശങ്ങൾ നൽകും.

കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ ബംഗാൾ സൗരാഷ്ട്രയോട് ഫൈനലിൽ തോൽക്കുകയായിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായാണ് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയിരുന്നത്. ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയെങ്കിലും ബാറ്റിംഗ് നിര പലപ്പോഴും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. വിഷൻ പ്രോഗ്രാം പ്രൊജക്റ്റ് പ്രകാരം നേരത്തെ ലക്ഷ്മണിനെ ബംഗാൾ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ട്ടാവായി നിയമിച്ചിരുന്നു.

ആരോടെങ്കിലും നന്നായി പെരുമാറിയാല്‍ കിട്ടുന്നതല്ല ഐപിഎല്‍ സ്ഥാനം, ക്ലാര്‍ക്കിന് മറുപടിയായി വിവിഎസ് ലക്ഷ്മണ്‍

വിരാട് കോഹ്‍ലി ഓസ്ട്രേലിയന്‍ താരങ്ങള്‍ സ്ലെഡ്ജ് ചെയ്യാത്തത് ഐപിഎല്‍ കരാര്‍ നഷ്ടമാകുമോയെന്ന ഭയത്താലാണെന്ന് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍. ഒരാളോട് നന്നായി പെരുമാറിയാല്‍ ലഭിയ്ക്കുന്നതല്ല ഐപിഎല്‍ ടീമിലെ സ്ഥാനം എന്ന് വിവിഎസ് ലക്ഷ്മണ്‍ ക്ലാര്‍ക്കിന്റെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

ക്ലാര്‍ക്കിന്റെ ആ പരമാര്‍ശത്തോട് ഒരു തരത്തിലും തനിക്ക് യോജിക്കാനാകുന്നില്ലെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. കളിക്കാരന്റെ കഴിവ് നോക്കിയാണ് ഏത് ടീമും താരങ്ങള തിരഞ്ഞെടുക്കുന്നത്. കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്നത്, അല്ലാതെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരത്തോട് സൗഹൃദം കാത്ത് സൂക്ഷിച്ചുവെന്ന് കരുതി ആര്‍ക്കും ഐപിഎല്‍ കരാര്‍ ലഭിച്ചിട്ടില്ല. ഐപിഎല്‍ ലേലത്തില്‍ സണ്‍റൈസേഴ്സിന്റെ മെന്റര്‍ എന്ന നിലയില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ നോക്കുന്ന മാനദണ്ഡം ക്ലാര്‍ക്ക് പറഞ്ഞത് പോലെയല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തിയ താരങ്ങളെയും കഴിവുള്ള താരങ്ങളെയുമാണ് തങ്ങളെ പോലെ ഏത് ഫ്രാഞ്ചൈസിയും തിരഞ്ഞെടുക്കുക എന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ന്യൂസിലാൻഡ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് വി.വി.എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ഇന്ത്യൻ നിരയിൽ ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും വളരെയധികം വൈവിധ്യമുള്ള താരങ്ങൾ ഉണ്ടെന്നും ലക്ഷ്മൺ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരുപാട് അനുഭവ സമ്പത്തും ഉണ്ടെന്നും ഇതെല്ലം വിദേശം ടൂറുകളിൽ ഇന്ത്യക്ക് ജയം നേടികൊടുക്കുമെന്നും ലക്ഷ്മൺ പറഞ്ഞു.

ന്യൂസിലാൻഡ് പരമ്പര മുതൽ ഇന്ത്യ വിദേശത്ത് ജയിച്ചു തുടങ്ങുമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന ഐ.സി.സി ചാംപ്യൻഷിപ്പുകളിൽ ഇന്ത്യ കിരീടം നേടാത്തത് കാര്യമാക്കേണ്ടെന്നും ഇന്ത്യൻ ടീമിൽ ഒരു ജേതാക്കളുടെ ഒരു സംസ്കാരം ഉണ്ടെന്നും ട്രോഫികൾ പിറകെ വരുമെന്നും ലക്ഷ്മൺ പറഞ്ഞു.

ഇന്ത്യൻ ടീം 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും ന്യൂസിലാൻഡിൽ കളിക്കും. ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ മത്സരം നാളെ ടി20 മത്സരത്തോടെ തുടങ്ങും.

ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഉയരങ്ങൾ കീഴടക്കുമെന്ന് വി.വി.എസ് ലക്ഷ്മൺ

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഉന്നതിയിൽ എത്തുമെന്നും ലക്ഷ്മൺ പറഞ്ഞു. തനിക്ക് അഭിനന്ദനം അറിയിച്ച ലക്ഷ്മണ് സൗരവ് ഗാംഗുലി നന്ദി പറയുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി 113 ടെസ്റ്റ് മത്സരങ്ങളും 311 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഗാംഗുലി. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ ഗാംഗുലി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായത്. നിലവിൽ ചുമതലയേറ്റത് മുതൽ 10 മാസമാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തുടരുക. ഇത് പ്രകാരം 2020 ജൂലൈയിൽ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരും.

ഫോം കണ്ടെത്താൻ റിഷഭ് പന്ത് നാലാം സ്ഥാനത്ത് നിന്ന് മാറണമെന്ന് ലക്ഷ്മൺ

ഫോം വീണ്ടുടുക്കാൻ പാടുപെടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. നഷ്ടപെട്ട ഫോം വീണ്ടുടുക്കാൻ റിഷഭ് പന്ത് നാലാം സ്ഥാനത്ത് നിന്ന് മാറി ബാറ്റ് ചെയ്യണം എന്നാണ് ലക്ഷ്മൺ അഭിപ്രായപ്പെട്ടത്. റിഷഭ് പന്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലി നാലാം നമ്പറിന് യോജിച്ചതല്ലെന്നും ലക്ഷ്മൺ പറഞ്ഞു.

അത് കൊണ്ട് തന്നെ പന്ത് നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ബാറ്റ് ചെയ്യണമെന്നും ആ സ്ഥാനങ്ങളിൽ കുറച്ചുകൂടി ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവെക്കാമെന്നും ലക്ഷ്മൺ പറഞ്ഞു. നിലവിൽ നാലാം നമ്പറിൽ സ്കോർ നേടാനുള്ള കഴിവ് റിഷഭ് പന്തിന് ഇല്ലെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു. 21കാരനായ റിഷഭ് പന്തിന്റെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത് നല്ലതല്ലെന്നും പന്തിന് പകരം ഹർദിക് പാണ്ട്യയെയോ ശ്രേയസ് അയ്യരെയോ ആ സ്ഥാനത്ത് കളിപ്പിക്കണമെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ റിഷഭ് പന്തിന്റെ പ്രകടനം ചർച്ച വിഷയമായിരുന്നു. പലപ്പോഴും മോശം ഷോട്ടുകൾ കളിച്ച് താരം പുറത്തുപോവുന്നത് വിമർശനത്തിന് ഇടവരുത്തിയിരുന്നു.

ഐപിഎല്‍ അവസരം തന്നെ മെച്ചപ്പെടുത്തി, സ്പിന്‍ കളിക്കുവാന്‍ വിവിഎസ് ലക്ഷ്മണിന്റെ ഉപദേശങ്ങള്‍ ഗുണകരമായി

ഐപിഎലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സിന് മിന്നും തുടക്കം നല്‍കിയെങ്കിലും ചില മത്സരങ്ങളില്‍ താരങ്ങളെ കുടുക്കുവാന്‍ എതിര്‍ ടീമുകള്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നര്‍മാരെ ഇറക്കിയിരുന്നു. അത് പലപ്പോഴും വിജയം കാണുകയും ചെയ്തു. ഇന്നലെ ഇന്ത്യയ്ക്കെതിരെ പത്തോവറിന് ശേഷം അടിച്ച് തകര്‍ത്ത് തുടങ്ങിയ ബൈര്‍സ്റ്റോയ്ക്കെതിരെ ഇന്ത്യ യൂസുവേന്ദ്ര ചഹാലിനെ ഇറക്കിയെങ്കിലും താരത്തിന് യാതൊരു പ്രഭാവവും മത്സരത്തിലുണ്ടാക്കാനായില്ല.

ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും പലയാവര്‍ത്തി ചഹാലിനെ ബൗണ്ടി കടത്തുകയായിരുന്നു. താന്‍ സ്പിന്‍ കളിക്കുന്നതില്‍ മെച്ചപ്പെട്ടതിന് ബൈര്‍സ്റ്റോ നന്ദി പറയുന്നത് ഐപിഎലിനോടാണ്. സണ്‍റൈസേഴ്സിനായി കളിക്കാനെത്തിയ തനിക്ക് സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന വിവിഎസ് ലക്ഷ്മണിന്റെ ഉപദേശങ്ങള്‍ വലിയ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നാണ് ജോണി ബൈര്‍സ്റ്റോ പറയുന്നത്.

തുടക്കത്തില്‍ ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും തങ്ങളുടെ ബാറ്റിന്റെ എഡ്ജ് പലപ്പോഴും കണ്ടെത്തിയെങ്കിലും മത്സരത്തില്‍ പിന്നീട് മേല്‍ക്കൈ നേടുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ബൈര്‍സ്റ്റോ പറഞ്ഞു.

ഋഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി

ഐപിഎലില്‍ ഈ സീസണില്‍ മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് വിശേഷിപ്പിച്ച് വിവിഎസ് ലക്ഷ്മണ്‍. എലിമിനേറ്ററിലെ പ്രകടനം താരത്തിനു രണ്ടാം ക്വാളിഫയറില്‍ പുറത്തെടുക്കുവാനായില്ലെങ്കിലും 38 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയത് പന്ത് തന്നെയായിരുന്നു.

21 വയസ്സുകാരന്‍ താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നാണ് സണ്‍റൈസേഴ്സേ് മെന്റര്‍ കൂടിയായ വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. തന്റെ ടീം താരത്തിന്റെ പ്രഹരമേല്‍ക്കേണ്ടി വന്നുവെങ്കിലും പന്ത് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നത് കാണുവാന്‍ ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മികച്ചൊരു അനുഭവമാണെന്നാണ് വിവിഎസ് പറഞ്ഞത്.

അടിച്ച് കളിയ്ക്കുവാന്‍ മാത്രമല്ല പക്വതയോടെയുള്ള ഇന്നിംഗ്സുകളും താരത്തില്‍ നിന്ന് ഈ സീസണിലുണ്ടായിരുന്നു.

വാര്‍ണര്‍ ഈ സീസണില്‍ 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നു

സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിലെ സൂപ്പര്‍ താരവും ടീമിന്റെ ഈ സീസണിലെ ബാറ്റിംഗ് നെടുംതൂണുമായ ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കുറഞ്ഞത് 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്‍. ടീമിന്റെ മെന്റര്‍ കൂടിയായ ലക്ഷ്മണ്‍ വാര്‍ണര്‍ കോച്ച് ടോം മൂഡിയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയായിരുന്നു. താന്‍ ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന സീസണില്‍ 500 റണ്‍സ് ടീമിനായി നേടിയിരിക്കുമെന്നാണ് വാര്‍ണര്‍ ഉറപ്പ് നല്‍കിയത്.

പറഞ്ഞത് പോലെ 692 റണ്‍സ് നേടിയാണ് വാര്‍ണര്‍ ഈ സീസണ്‍ അവസാനിപ്പിച്ച് മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയോടൊപ്പം ഓപ്പണിംഗിനെത്തിയ വാര്‍ണര്‍ ഒരു ശതകം അടക്കം 8 അര്‍ദ്ധ ശതകങ്ങളും ഈ സീസണില്‍ നേടി. ഇരുവരും ഈ സീസണിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് കൂട്ടുകെട്ടായി മാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരു താരങ്ങളും മടങ്ങിയതോടെ സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ശക്തി പൂര്‍ണ്ണമായും ക്ഷയിച്ചു കഴിഞ്ഞുവെന്ന് വേണം പറയുവാന്‍. ടീമില്‍ ഫോമിലുള്ള ഏക താരം മനീഷ് പാണ്ടേയാണ്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും അധികം മികവ് പുലര്‍ത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 14 പോയിന്റുള്ള ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും ഒരു ജയം കൂടി ഉറപ്പാക്കിയാലെ ടീമിനു പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കുവാനാകൂ.

ഡേവിഡ് വാര്‍ണര്‍ ടോം മൂഡിയ്ക്ക് മെസ്സേജ്ജായി ആണ് ഈ 500 റണ്‍സിന്റെ കാര്യം അറിയിച്ചത്. അതിനു വേണ്ടി ദൃഢനിശ്ചയത്തോടെയാണ് വാര്‍ണര്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതും. താരം വിലക്ക് നേരിട്ട 2018 ഒഴികെ എല്ലാ സീസണിലും 500ലധികം റണ്‍സ് വാര്‍ണര്‍ നേടിയിരുന്നു. നിലവില്‍ 692 റണ്‍സോടെ ഓറഞ്ച് ക്യാപ് ഉടമ കൂടിയാണ് ഡേവിഡ് വാര്‍ണര്‍.

Exit mobile version