ഗൗതം ഗംഭീർ ഇന്ത്യയിൽ, ആദ്യ ടെസ്റ്റിന്റെ ഒരുക്കങ്ങൾക്ക് വി.വി.എസ്. ലക്ഷ്മൺ നേതൃത്വം നൽകും


കുടുംബപരമായ ഒരു അടിയന്തര സാഹചര്യത്തെ തുടർന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയ സാഹചര്യത്തിൽ, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീം ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് വി.വി.എസ്. ലക്ഷ്മൺ നേതൃത്വം നൽകും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂൺ 20-ന് ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ ആരംഭിക്കും.


വ്യാഴാഴ്ചയാണ് ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ അമ്മ സീമ ഗംഭീറിന് ഹൃദയാഘാതമുണ്ടാവുകയും ഡൽഹിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണിത്. അമ്മയുടെ നില മെച്ചപ്പെട്ടാൽ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ഗംഭീർ യുകെയിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.


ഗംഭീറിന്റെ അഭാവത്തിൽ, നിലവിൽ ഇന്ത്യയുടെ അണ്ടർ-19 ടീമിനൊപ്പം അവരുടെ യുകെ പര്യടനത്തിനായി ലണ്ടനിലുള്ള ലക്ഷ്മൺ ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ലക്ഷ്മണ്, 2024-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 പരമ്പരയിലും സിംബാബ്‌വെ പര്യടനത്തിലും സീനിയർ ടീമിനെ നയിച്ച പരിചയസമ്പത്തുണ്ട്.


നിലവിൽ ഇന്ത്യയും ഇന്ത്യ എയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഇൻട്രാ-സ്ക്വാഡ് മത്സരത്തിൽ, അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോസ്കേറ്റ്, ബൗളിംഗ് കോച്ച് മോർനെ മോർക്കൽ, ബാറ്റിംഗ് കോച്ച് സിതാംശു കോട്ടക് എന്നിവരാണ് സ്ക്വാഡിനെ നിയന്ത്രിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ച്

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി20 പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ മുഖ്യപരിശീലകനാകും. ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് ഗൗതം ഗംഭീർ പോകുന്നതിനാലാണ് ലക്ഷ്മൺ താൽക്കാലികമായി ചുമതലയേൽക്കുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) സ്റ്റാഫ് അംഗങ്ങളായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരും ഒപ്പം ഉണ്ടാകും. നവംബർ 8 മുതൽ 15 വരെ ഡർബൻ, ഗ്കെബെർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലെ വേദികളിൽ നടക്കുന്ന നാല് ടി20 മത്സരങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത്.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് വിവിഎസ് ലക്ഷ്മൺ തുടരും

മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിവിഎസ് ലക്ഷ്മൺ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് തുടരും. അദ്ദേഹത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടും. അദ്ദേഹത്തിൻ്റെ നിലവിലെ കരാർ ഈ സെപ്തംബറിൽ ആണ് അവസാനിക്കേണ്ടത്. ലക്ഷ്മൺ തൽ സ്ഥാനത്ത് തുടരും എന്ന് ജയ് ഷാ പറഞ്ഞു.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖരായ ശിതാൻഷു കൊട്ടക്, സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെ ടീം ലക്ഷ്മണൊപ്പക് എൻ സി എയിൽ ഉണ്ട്. ബെംഗളൂരുവിൻ്റെ പുതിയ അത്യാധുനിക എൻസിഎ കാമ്പസിൻ്റെ ഉദ്ഘാടനം അടുത്ത മാസം നടക്കാൻ ഇരിക്കെ ആണ് ലക്ഷ്മണ് പുതിയ കരാർ നൽകുന്നത്.

സിംബാബ്‌വെക്ക് എതിരെ ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും

അടുത്ത മാസം ആദ്യം നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെക്ക് എതിരായ പരമ്പരയിൽ വി വി എസ് ലക്ഷ്മൺ പരിശീലകൻ ആകും. വിവിഎസ് ലക്ഷ്മണും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ അദ്ദേഹത്തിൻ്റെ സപ്പോർട്ട് സ്റ്റാഫും ആകും ജൂലൈ 6 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കുള്ള ഇന്ത്യൻ ടീമിനെ അനുഗമിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ പരിശീലകനായി നിയമിക്കപ്പെടുന്ന ഗൗതം ഗംഭീർ ശ്രീലങ്കൻ പര്യടനത്തിലൂടെ ആകും തന്റെ ജോലി ആരംഭിക്കുക. സിംബാബ്‌വേ പരമ്പരയ്ക്കുള്ള ടീമിനെ ജൂൺ 22-നോ 23-നോ പ്രഖ്യാപിക്കും. മുമ്പ് ദ്രാവിഡിന്റെ അഭാവത്തിൽ ഒന്നിൽ അധികം പരമ്പരകളിൽ ലക്ഷ്മൺ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.

ദ്രാവിഡ് ഐ പി എല്ലിലേക്ക്, ലക്ഷ്മൺ ഇന്ത്യയുടെ അടുത്ത പരിശീലകനാകാൻ സാധ്യത

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരില്ല എന്ന് സൂചന. ഈ ലോകകപ്പോടെ കരാർ അവസാനിച്ച രാഹുൽ ദ്രാവിഡ് ടീം വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദ്രാവിഡിനെ പരിശീലകനായി എത്തിക്കാൻ ഒരു ഐ പി എൽ ക്ലബ് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ഐ പി എൽ ക്ലബ് രണ്ട് വർഷത്തെ കരാർ ആണ് രാഹുൽ ദ്രാവിഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

താൻ ഇന്ത്യൻ ടീമിൽ തുടരുമോ എന്നത് ഇനിയും ചിന്തിച്ചിട്ടില്ല എന്നായിരുന്നു ദ്രാവിഡ് ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം സംസാരിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്താൻ ഇരിക്കുന്ന ഇന്ത്യയെ അന്ന് ആരാകും പരിശീലിപ്പിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല.

ദ്രാവിഡ് ലോകകപ്പിനു ശേഷം സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. ലക്ഷ്മൺ ആണ് ഇപ്പോൾ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. മുമ്പും ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ഇന്ത്യൻ പരിശീലകനായിട്ടുണ്ട്‌.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ വി വി എസ് ലക്ഷ്മൺ പരിശീലിപ്പിക്കും

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോൾ പരിശീലകനായി ഉണ്ടാവുക വി വി എസ് ലക്ഷ്മൺ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഒരു രണ്ടാം നിര ടീമിനെയാകും ഏഷ്യൻ ഗെയിംസിനെ അയക്കുക. ഇന്ത്യയുടെ പ്രധാന ടീമും കോച്ച് ദ്രാവിഡും ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്‌. അതാണ് ലക്ഷ്മണെ പരിശീലകനാക്കാനുള്ള കാരണം. മുമ്പും ദ്രാവിഡിന്റെ അഭാവത്തിൽ ലക്ഷ്മൺ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ യുവനിരയെ റുതുരാജ് ഗെയ്‌ക്‌വാദ് ആകും നയിക്കക. ബൗളിംഗ് പരിശീലകനായി സായിരാജ് ബഹുതുലെയും ഫീൽഡിംഗ് കോച്ചായി മുനിഷ് ബാലിയും ഏഷ്യൻ ഗെയിംസ് ടീമിനൊപ്പം ഉണ്ടാകും.

ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിന് ഇന്ത്യ നെയിൻ ടീമിനെ തന്നെ ഇറക്കും. ഹൃഷികേശ് കനിത്കർ ഇടക്കാല മുഖ്യ പരിശീലകനായും റജിബ് ദത്തയും ശുഭദീപ് ഘോഷും യഥാക്രമം ബൗളിംഗ് പരിശീലകനായും ഫീൽഡിംഗ് പരിശീലകനായും പ്രവർത്തിക്കും.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം രാഹുൽ ദ്രാവിഡിന് വിശ്രമം

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും വിശ്രമം ലഭിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന ഓൾ ഫോർമാറ്റ് പര്യടനത്തിനായി ഇന്ത്യൻ ടീം നിലവിൽ കരീബിയൻ ദ്വീപിലാണ്. ആഗസ്റ്റ് 13ന് പര്യടനം സമാപിക്കും.

ദ്രാവിഡിനൊപ്പം ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും ഫ്ലോറിഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്കായി അയർലണ്ടിലേക്ക് ഇവർ പോകില്ല.

ഇവരുടെ അഭാവത്തിൽ, ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 23 വരെ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിന്റെ ചുമതല നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പരിശീലകർ ഏറ്റെടുക്കും. വിവിഎസ് ലക്ഷ്മൺ ആയിരിക്കും മുഖ്യ പരിശീലകനായി എത്തുക. കഴിഞ്ഞ വർഷം അയർലൻഡ്, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളിൽ ലക്ഷ്മൺ പരിശീലകനായി ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു.

ദ്രാവിഡ് തിരിച്ചെത്തുന്നത് വരെ ഏഷ്യ കപ്പിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ച്

കോവിഡ് ബാധിച്ച രാഹുല്‍ ദ്രാവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടി ടീമിനൊപ്പം തിരിച്ചെത്തുന്നത് വരെ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ചായി ചുമതല വഹിക്കും. സിംബാബ്‍വേയിൽ ഏകദിന പരമ്പരയ്ക്ക് പോയ ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് ദൗത്യം ലക്ഷ്മണിനായിരുന്നു.

രാഹുല്‍ ദ്രാവിഡ് യുഎഇയിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലുള്ള ദ്രാവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

ഓഗസ്റ്റ് 27 മുതൽ ആണ് ഏഷ്യ കപ്പ് യുഎഇയിൽ ആരംഭിയ്ക്കുന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവന്‍ ആണ് വിവിഎസ് ലക്ഷ്മൺ.

 

Story Highlights: VVS Laxman named interim Head Coach for Asia Cup 2022

അയര്‍ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീമിനൊപ്പം ചേതന്‍ ശര്‍മ്മയും

ഇന്ത്യയുടെ അയര്‍ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയും യാത്ര ചെയ്യും. ഈ മാസം അവസാനം ആരംഭിയ്ക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം അയര്‍ലണ്ടിലേക്ക് പറക്കുന്നത്.

ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ മുഖ്യ കോച്ചിന്റെ ചുമതല വിവിഎസ് ലക്ഷ്മണിനാണ്. ഡബ്ലിനിൽ ജൂൺ 26ന് ആണ് രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

അയര്‍ലണ്ട് ടൂറിനുള്ള സംഘത്തിൽ ലക്ഷ്മണിനെ സഹായിക്കുവാന്‍ സിതാന്‍ഷു കോട്ടക്കും സായിരാജ് ബഹ്തുലേയും

ഇന്ത്യയുടെ വരാനിരിക്കുന്ന അയര്‍ലണ്ട് ടൂറിനുള്ള കോച്ചിംഗ് സംഘത്തിൽ വിവിഎസ് ലക്ഷ്മണിന് സഹായികളായി എന്‍സിഎ കോച്ചുമാര്‍ എത്തും. സിതാന്‍ഷു കോട്ടക്(ബാറ്റിംഗ്), സായിരാജ് ബഹ്തുലേ(ബൗളിംഗ്), മുനീഷ് ബാലി(ഫീൽഡിംഗ്) എന്നിവരാണ് ലക്ഷ്മണിന്റെ കോച്ചിംഗ് സംഘത്തിലുണ്ടാകുക.

ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിൽ രാഹുല്‍ ദ്രാവിഡ് കോച്ചിംഗ് ദൗത്യം വഹിക്കുമ്പോള്‍ സമാന്തരമായി നടക്കുന്ന അയര്‍ലണ്ട് ടൂറിൽ ലക്ഷ്മൺ ആവും ചുമതല വഹിക്കുക.

ഇന്ത്യയുടെ ടെസ്റ്റ് സംഘം ജൂൺ 15ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ഈ മൂവര്‍ സംഘം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡിനൊപ്പം ചേര്‍ന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഓവലിൽ വിഹാരിയും അശ്വിനും കളിക്കണമെന്ന് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഹനുമ വിഹാരിയും രവിചന്ദ്ര അശ്വിനും ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മൺ. ലീഡ്‌സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കനത്ത തോൽവിക്ക് പിന്നെലെയാണ് ടീമിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് ലക്ഷ്മൺ പറഞ്ഞത്.

തുടർച്ചയായി മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ട് തന്നെ അശ്വിൻ ഇന്ത്യക്ക് വേണ്ടി ഇറങ്ങണമെന്നും ലക്ഷ്മൺ പറഞ്ഞു. ഇംഗ്ലണ്ടിന്റെ ടോപ് ഓർഡറിൽ മൂന്ന് ഇടം കയ്യൻ ബാറ്റ്സ്മാൻമാർ ഉള്ളത് അശ്വിന് ഗുണം ചെയ്യുമെന്നും ലക്ഷ്മൺ പറഞ്ഞു.

ബാറ്റിങ്ങിൽ ഒരു മാറ്റത്തിനുള്ള സമയമാണ് ഇതെന്നും ആറാം നമ്പറിൽ ഹനുമ വിഹാരിയെ ഇന്ത്യ ഇറക്കണമെന്നും വി.വി.എസ് ലക്ഷ്മൺ ആവശ്യപ്പെട്ടു.

തന്റെ ടീമിൽ സഞ്ജുവിനിടം – ലക്ഷ്മൺ

ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ താന്‍ സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. നാലാം നമ്പറിൽ താന്‍ സഞ്ജുവിനെ ഏകദിനത്തിൽ കളിപ്പിക്കുമെന്നും വിവിഎസ് വ്യക്തമാക്കി. ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരായും മൂന്നാം നമ്പറിൽ സൂര്യകുമാര്‍ യാദവിനെയും തിരഞ്ഞെടുത്ത ലക്ഷ്മൺ അഞ്ചാം നമ്പറിൽ മനീഷ് പാണ്ടേയ്ക്കും അടുത്ത രണ്ട് സ്ഥാനങ്ങളിൽ പാണ്ഡ്യ സഹോദരന്മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

രണ്ട് പേസ് ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറിനെയും ദീപക് ചഹാറിനെയും തിരഞ്ഞെടുത്ത ലക്ഷ്മൺ സ്പിന്നര്‍മാരായി യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. ലക്ഷ്മണിന്റെ ടീമിനോട് ഒരു വിയോജിപ്പാണ് പത്താന്‍ പ്രകടിപ്പിച്ചത്.

പത്താന്‍ ക്രുണാൽ പാണ്ഡ്യയ്ക്ക് പകരം നിതീഷ് റാണയ്ക്ക് അവസരം നല്‍കി. ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതൽ ഓവറുകള്‍ മത്സരത്തിൽ എറിയണമെന്നും ഇര്‍ഫാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

Exit mobile version