കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ്, ബുംറയുടെ മാന്ത്രിക സ്പെല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റുമായി വിജയ് ശങ്കര്‍, ഇന്ത്യന്‍ സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ

ഇന്ത്യന്‍ ബൗളര്‍മാരുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും പൊരുതിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞും വിക്കറ്റ് വീഴ്ത്തിയും ഇന്ത്യ ഒരുക്കിയ സമ്മര്‍ദ്ദത്തില്‍ ഓസ്ട്രേലിയ കുരുങ്ങുകയായിരുന്നു. 251 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ടീമിനു 242 റണ്‍സാണ് നേടാനായത്. 8 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0നു മുന്നിലെത്തി.

ഏറെക്കാലത്തിനു ശേഷം ആരോണ്‍ ഫിഞ്ച് ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടത്തിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ ഓസ്ട്രേലിയ 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഫിഞ്ച് 37 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉസ്മാന്‍ ഖവാജയും(38) സ്കോര്‍ ബോര്‍ഡില്‍ അതേ നിലയില്‍ പുറത്താകുകയായിരുന്നു. 83/0 എന്ന നിലയില്‍ നിന്ന് 83/2 എന്ന നിലയിലേക്ക് വീണ് ഓസ്ട്രേലിയ പിന്നീട് 132/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്-സ്റ്റോയിനിസ് കൂട്ടുകെട്ട് വീണ്ടും ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയേകി.

39 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ റണ്ണൗട്ട് രൂപത്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് പുറത്തായശേഷം സ്റ്റോയിനിസും അലക്സ് കാറെയുമാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. 47 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി ഇരുവരും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് കാറെയുടെ വിക്കറ്റുമായി കുല്‍ദീപ് യാദവ് എത്തുന്നത്.

അടുത്ത ഓവറില്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനെയും പാറ്റ് കമ്മിന്‍സിനെയും ബുംറ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. അവസാന മൂന്നോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 21 റണ്‍സായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. കൈയ്യില്‍ രണ്ട് വിക്കറ്റ് മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും സ്റ്റോയിനിസ് ക്രീസില്‍ നില്‍ക്കുന്നത് ടീമിനു പ്രതീക്ഷയായിരുന്നു. എന്നാല്‍ 48ാം ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് അനുകൂലമായി മത്സരം മാറ്റി. തന്റെ പത്തോവറില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമാണ് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റിനായി വിട്ട് നല്‍കിയത്.

മുഹമ്മദ് ഷമി എറിഞ്ഞ 49ാം ഓവറില്‍ തന്റെ അര്‍ദ്ധ ശതകം സ്റ്റോയിനിസ് തികച്ചപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ലയണും ഒപ്പം കൂടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 9 റണ്‍സ്. അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 11 റണ്‍സും രണ്ട് വിക്കറ്റും. ഓവര്‍ എറിയുവാന്‍ വിജയ് ശങ്കറെയാണ് കോഹ്‍ലി ദൗത്യമേല്പിച്ചത്.

എറിഞ്ഞ ആദ്യ പന്തില്‍ സ്റ്റോയിനിസ്(52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ താരം റിവ്യൂവിനു ശ്രമിച്ചുവെങ്കിലും താരത്തിനു രക്ഷയില്ലായിരുന്നു. അടുത്ത പന്തില്‍ ആഡം സംപ രണ്ട് റണ്‍സ് നേടിയെങ്കിലും ഓവറിലെ മൂന്നാം പന്തില്‍ തന്റെ രണ്ടാം വിക്കറ്റും നേടി വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം നല്‍കി.

ശതകവുമായി നിന്ന കോഹ്‍ലിയ്ക്ക് പിന്തുണ നല്‍കിയത് വിജയ് ശങ്കര്‍ മാത്രം, ഇന്ത്യ നേടിയത് 250 റണ്‍സ്

നാഗ്പൂരില്‍ ഇന്നത്തെ ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സ് നേടി. വിരാട് കോഹ്‍ലി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ താരം 116 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. കോഹ്‍ലി തന്റെ 40ാം ശതകം നേടിയ മത്സരത്തില്‍ വിജയ് ശങ്കര്‍ ഒഴികെ മറ്റാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയതും ഇന്ത്യയുടെ വലിയ സ്കോറെന്ന മോഹത്തിനു തിരിച്ചടിയായി. കോഹ്‍ലിയ്ക്ക് പിന്തുണയായി വിജയ് ശങ്കര്‍ 46 റണ്‍സുമായി തിളങ്ങിയെങ്കിലും താരം റണ്ണൗട്ടായി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായ ശേഷം ശിഖര്‍ ധവാനും വേഗം മടങ്ങിയപ്പോള്‍ പ്രതിരോധത്തിലായ ഇന്ത്യയെ കോഹ്‍ലി-വിജയ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ കൂട്ടുകെട്ടിനു അന്ത്യമായത് അപ്രതീക്ഷിതമായ റണ്ണൗട്ടായിരുന്നു. കോഹ്‍ലി ആഡം സംപയെ ഡ്രൈവ് ചെയ്ത പന്ത് ബൗളറുടെ കൈയ്യില്‍ തട്ടി ബൗളിംഗ് എന്‍ഡിലെ വിക്കറ്റില്‍ പതിയ്ക്കുമ്പോള്‍ ശങ്കറിന്റെ ബാറ്റ് ക്രീസിനു പുറത്തായിരുന്നു.

പിന്നീട് അമ്പാട്ടി റായിഡുവിനും(18) കേധാര്‍ ജാഥവിനും(11) അധികം ക്രീസില്‍ നില്‍ക്കാനാകാതെ പോയപ്പോള്‍ ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 67 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി കോഹ്‍ലി-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ 250നു അടുത്തേക്ക് എത്തിക്കുന്നത്. ജഡേജയെയും(21) കോഹ്‍ലിയെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി കമ്മിന്‍സ് നാലും ആഡം സംപ രണ്ടും വിക്കറ്റ് നേടി തിളങ്ങി. ഗ്ലെന്‍ മാക്സ്വെല്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സന്ദര്‍ശകര്‍ക്കായി നേടി.

ധോണിയെ രണ്ടാം ടി20യില്‍ പുറത്തിരുത്തി വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ഹേമംഗ് ബദാനി

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് രണ്ടാം മത്സരത്തില്‍ വിശ്രമം നല്‍കി പകരം വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹേമംഗ് ബദാനി. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വലിയ വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെന്ന സാഹചര്യം നിലനില്‍ക്കെ ധോണിയുടെ ബാറ്റിംഗിനു പരക്കെ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പരാമര്‍ശം. ഇന്ത്യ ആദ്യ ടി20യില്‍ 80/3 എന്ന നിലയില്‍ നിന്ന് 126/7 റണ്‍സില്‍ മാത്രമാണ് എത്തി നിന്നത്.

വിക്കറ്റുകള്‍ വീണ സമയത്ത് ക്രീസിലെത്തി പതിവു ശൈലിയില്‍ നിലയുറപ്പിച്ച ധോണിയ്ക്ക് എന്നാല്‍ വലിയ ഷോട്ടുകള്‍ അവസാന ഓവറുകളില്‍ ഉതിര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയാണ് ധോണി ക്രീസില്‍ പുറത്താകാതെ നിന്നത്. പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പുറകില്‍ പോയ ഇന്ത്യ 2015നു ശേഷം ആദ്യമായി നാട്ടില്‍ ഒരു പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തി നില്‍ക്കുമ്പോളാണ് മുന്‍ ഇന്ത്യന്‍ താരം ധോണിയെ അവസാന ഇലവനില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ ധോണിയുടെ മോശം ഫോമല്ല ബദാനിയുടെ ഈ പ്രസ്താവനയ്ക്ക് കാരണം. ധോണി ലോകകപ്പിനു സ്ഥാനം ഉറപ്പായ താരമാണെന്നും അതിനാല്‍ തന്നെ ഇന്ത്യ വിജയ് ശങ്കറെ പരീക്ഷിച്ച് തെളിയിക്കുവാന്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കണം അതിനാല്‍ തന്നെ ധോണിയ്ക്ക് മത്സരത്തില്‍ നിന്ന് വിശ്രമം നല്‍കണമെന്നാണ് ബദാനി പറയുന്നത്. ഋഷഭ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ രണ്ടാം കീപ്പറായി പരീക്ഷിക്കുവാനും ഈ പരമ്പര ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് ബദാനി പറഞ്ഞു.

ജഡേജയയെല്ല താന്‍ തിരഞ്ഞെടുക്കുക വിജയ് ശങ്കറെ

ഇംഗ്ലണ്ടിലേക്കുള്ള ലോകകപ്പ് സ്ക്വാഡിലേക്ക് താന്‍ തിരഞ്ഞെടുക്കുക വിജയ് ശങ്കറെയെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. താന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ശേഷം ടീമിലെ ഓള്‍റൗണ്ടറായി പരിഗണിക്കുക രവീന്ദ്ര ജഡേജയെ അല്ല പകരം വിജയ് ശങ്കറെ ആയിരിക്കുമെന്നാണ് ഗവാസ്കറുടെ ഉത്തരം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളാണ് തന്നെ ഈ തീരുമാനത്തിനു പ്രേരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് രണ്ട് പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരെ തിരഞ്ഞെടുക്കുവാനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്ന് ഗവാസ്കര്‍ പറയുന്നു.

നേരത്തെ ഗവാസ്കര്‍ പന്തിനു പകരം ദിനേശ് കാര്‍ത്തികിനെ ടീമിലെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദിനേശ് കാര്‍ത്തിക്കിനെ വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെയും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിരുന്നു.

വരുന്ന പരമ്പരകളില്‍ ബൗളിംഗിലും ശ്രദ്ധയൂന്നണമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ബാറ്റിംഗിനെക്കാള്‍ തനിക്ക് കൂടുതല്‍ ശ്രദ്ധ വരുന്ന പരമ്പരകളില്‍ ബൗളിംഗില്‍ ചെലുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ന്യൂസിലാണ്ടിനെതിരെ ബൗളിംഗില്‍ അവസരം ലഭിക്കാതിരുന്ന വിജയ് ശങ്കര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കയില്‍ നിദാഹസ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി കളിച്ച താരം അന്ന് ബൗളിംഗിലൂടെയായിരുന്നു മികവ് പുലര്‍ത്തിയത്. തനിക്ക് ലഭിച്ച ഏക മാന്‍ ഓഫ് ദി മാച്ച് തന്റെ ബൗളിംഗ് പ്രകടനത്തിനായിരുന്നുവെന്ന് പറഞ്ഞ വിജയ് ശങ്കര്‍ തനിക്ക് ബൗളിംഗിലും ശ്രദ്ധയൂന്നുവാന്‍ അവസരം വരുന്ന പരമ്പരകളില്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ലോകകപ്പിനു തന്റെ സാധ്യത നിലനിര്‍ത്തുവാന്‍ ഇരു മേഖലകളിലും തനിക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് വിജയ് ശങ്കറുടെ അഭിപ്രായം. നിദാഹസ് ട്രോഫിയില്‍ വിക്കറ്റുകള്‍ നേടുക എന്നതായിരുന്നു തന്റെ ശ്രദ്ധ. എന്നാല്‍ അടുത്തിടെ താന്‍ ബൗളിംഗില്‍ വിക്കറ്റെന്നതിലുപരി റണ്‍സ് വഴങ്ങാതെ മികച്ച ബൗളിംഗ് പുറത്തെടുക്കുക എന്നതിലായിരുന്നു ശ്രദ്ധ. വരുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ തനിക്ക് വിക്കറ്റിനായി ശ്രമിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് അഭിപ്രായപ്പെട്ടു.

ലോകകപ്പിനു വിജയ് ശങ്കറിനെയും പരിഗണിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അഭിപ്രായപ്പെട്ടത്. ശങ്കറിന്റെ അടുത്തിടെയുള്ള പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ടീമിനു കൂടുതല്‍ ഉപാധികളെ നില്‍കിയിരിക്കുകയാണെന്ന് പറഞ്ഞ പ്രസാദ് താരത്തിന്റെ പ്രകടനം വരുന്ന മൂന്ന് നാല് മത്സരങ്ങളില്‍ കൂടി വിലയിരുത്തിയ ശേഷമാവും തീരുമാനം കൈക്കൊള്ളുക എന്നും അറിയിച്ചു.

“എനിക്ക് മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെന്ന് ലോകത്തോട് തെളിയിക്കണം” – വിജയ് ശങ്കര്‍

ന്യൂസിലാണ്ട് ടൂറില്‍ ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തിയ താരമാണ് വിജയ് ശങ്കര്‍. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ അല്ലെങ്കിലും നിര്‍ണ്ണായക പ്രകടനങ്ങളാണ് താരം ന്യൂസിലാണ്ടില്‍ പുറത്തെടുത്തത്. അവസാന ഏകദിനത്തില്‍ നിര്‍ണ്ണായകമായ 45 റണ്‍സ് നേടിയതിനു ശേഷം ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താരത്തിനു പ്രമോഷനും കിട്ടിയിരുന്നു. രവിശാസ്ത്രിയുടെയും എംഎസ്കെ പ്രസാദിന്റെയും പ്രശംസ പിടിച്ചുപറ്റിയ താരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തനിക്കും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇപ്പോള്‍ നടത്തിയ പ്രകടനമല്ല താന്‍ അതിലും മികച്ച പ്രകടനമാണ് തന്നില്‍ നിന്ന് പ്രതീക്ഷിച്ചതെന്നാണ് വിജയ് ശങ്കര്‍ സ്വയം വിലയിരുത്തുന്നത്. തനിക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാനാകുമെന്ന് താന്‍ പലരോടും ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നതിനു മുമ്പ് പറഞ്ഞിരുന്നു എന്നാല്‍ അതിനു തനിക്ക് സാധിച്ചില്ല. ഇന്ത്യ എ യ്ക്ക് വേണ്ടി ഇത്തരം ചില പ്രകടനങ്ങള്‍ താന്‍ പുറത്തെടുത്തിട്ടുണ്ട് എന്നാല്‍ തനിക്ക് ഇന്ത്യയ്ക്കായും ഇതിനു സാധിക്കുമെന്ന് താന്‍ തെളിയിക്കേണ്ടതുണ്ടെന്ന് വിജയ് പറഞ്ഞു.

താന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ യോഗ്യനാണെന്ന ടീമിന്റെ ചിന്തയാണ് തന്നോട് മൂന്നാം നമ്പറില്‍ ടി20യില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെടുവാന്‍ കാരണമെന്ന് വിജയ് ശങ്കര്‍ പറ‍ഞ്ഞു. അഞ്ചാം ഏകദിനത്തിലെ 45 റണ്‍സ് തനിക്കും ടീമിനും തന്നിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും താരം കൂട്ടിചേര്‍ത്തു. ആ ഏകദിനം തനിക്കായി കാര്യങ്ങള്‍ മാറ്റി മറിച്ചുവെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

രഹാനെയെ ഉള്‍പ്പെടുത്തണം, ജഡേജയ്ക്ക് പകരം വിജയ് ശങ്കര്‍ അഭിപ്രായം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് ഇന്ത്യ അജിങ്ക്യ രഹാനെയെയും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. ഇന്ത്യന്‍ മധ്യ നിരയില്‍ റായിഡു മികച്ച പ്രകടനം നടത്തി തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മധ്യ നിരയിലെ മറ്റു സ്ഥാനമോഹികള്‍.

രഹാനെയെ ഇംഗ്ലണ്ടില്‍ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്ന് താന്‍ പറയുന്നില്ലെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപ നായകനെന്നാണ് ദിലീപിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ഏകദിനം കളിച്ച താരം പിന്നീട് ടീമിലേക്ക് തിരികെ എത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.

ആര്‍ക്ക് പകരമാണ് രഹാനെ ടീമില്‍ എത്തേണ്ടതെന്ന് വെംഗ്സര്‍ക്കാര്‍ പറയുന്നില്ലെങ്കിലും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ജഡേജയല്ല രണ്ടാം ഓള്‍റൗണ്ടര്‍ അത് വിജയ് ശങ്കര്‍ ആയിരിക്കണമെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ പറയുന്നത്. കേധാര്‍ ജാഥവിനു പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ ഏറ്റെടുക്കാമെന്നതിനാല്‍ ഇംഗ്ലണ്ടില്‍ ജഡേജയെക്കാള്‍ കൂടുതല്‍ ഫലപ്രദമാകുക വിജയ് ശങ്കര്‍ ആയിരിക്കുമെന്നും ദിലീപ് വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

അടിച്ച് തകര്‍ത്ത് വിജയ് ശങ്കറും കൂട്ടരും, തമിഴ്നാടിനു 130 റണ്‍സ് ജയം

വിജയ് ശങ്കര്‍ ശതകവും ബാബ ഇന്ദ്രജിത്ത്, അഭിനവ് മുകുന്ദ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ 130 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി തമിഴ്നാട്. ആസാമിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത തമിഴ്നാട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. വിജയ് ശങ്കര്‍(129), ബാബ ഇന്ദ്രജിത്ത്(92), അഭിനവ് മുകുന്ദ്(71) എന്നിവര്‍ക്കൊപ്പം ഓപ്പണര്‍ എന്‍ ജഗദീഷന്‍ 37 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 334 റണ്‍സ് നേടി.

7 സിക്സും 7 ബൗണ്ടറിയും അടക്കം 99 പന്തില്‍ നിന്നാണ് വിജയ് ശങ്കറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അമിത് സിന്‍ഹ രണ്ടും അരൂപ് ദാസ്, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ ആസാമിനായി ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസാം 44.1 ഓവറില്‍ 204 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. യോ മഹേഷ്, ബാബ അപരാജിത്ത്, വരുണ്‍ ചക്രവര്‍ത്തി, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എം മുഹമ്മദ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും തമിഴ്നാടിനായി നേടി.

45 റണ്‍സ് നേടിയ റയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. ഗോകുല്‍ ശര്‍മ്മ 42 റണ്‍സും വസീഖുര്‍ റഹ്മാന്‍ 43 റണ്‍സും നേടി.

വിജയ് ശങ്കറിനു ചതുര്‍ രാഷ്ട്ര പരമ്പര നഷ്ടമാകും

ഇന്ത്യ എ,ബി ടീമുകളഉം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമുകളും പങ്കെടുക്കുന്ന ചതുര്‍ര രാഷ്ട്ര പരമ്പരയില്‍ നിന്ന് വിജയ് ശങ്കര്‍ പുറത്ത്. താരത്തിന്റെ പരിക്ക് പേശിവലിവ് മൂലമുണ്ടായതാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. നിദാഹസ് ട്രോഫിയിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ വിജയ് ശങ്കര്‍ പരമ്പരയിലേക്കുള്ള ഇന്ത്യ ബി ടീമിന്റെ അംഗമായിരുന്നു. ബിസിസിഐ താരത്തിനു പകരം താരത്തിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓഗസ്റ്റ് 17നു വെള്ളഇയാഴ്ച് വിജയവാഡയിലാണ് മത്സരങ്ങള്‍ ആരംഭിക്കുവാനിരുന്നത്. താരം ഇപ്പോള്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളിലൂടെ കടന്ന് പോകുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version