പരിശീലന മത്സരങ്ങളിലെ ഫോം കാരണമാണ് വിജയ് ശങ്കറെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത് – ട്രെവര്‍ ബെയിലിസ്സ്

കൊല്‍ക്കത്തയുടെ സ്കോറായ 187 റണ്‍സ് ചേസ് ചെയ്തിറങ്ങിയ സണ്‍റൈസേഴ്സിന് 20 ഓവറില്‍ നിന്ന് 177 റണ്‍സേ 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. മത്സരം 10 റണ്‍സിന് കൊല്‍ക്കത്ത ജയിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഹൈദ്രാബാദിന് 24 പന്തില്‍ 57 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വിജയ് ശങ്കറിനെ അബ്ദുള്‍ സമദിന് മുന്നേ ഇറക്കിയതാണ് മത്സരത്തില്‍ ടീമിന് പാളിപ്പോയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വിജയ് ശങ്കര്‍ 7 പന്തില്‍ 11 റണ്‍സ് മാത്രം നേടിയപ്പോള്‍ അബ്ദുള്‍ സമദ് 8 പന്തില്‍ 19 റണ്‍സാണ് നേടിയത്. ഇതില്‍ പാറ്റ് കമ്മിന്‍സിനെതിരെ നേടിയ 2 സിക്സുകളും ഉള്‍പ്പെടുന്നു. അബ്ദുള്‍ സമദിന് മുമ്പ് വിജയ ശങ്കറിനെ ഇറക്കിയത് താരത്തിന്റെ പരിശീലന മത്സരങ്ങളിലെ ഫോം പരിഗണിച്ചാണെന്നാണ് ട്രെവര്‍ ബെയിലിസ്സ് വ്യക്തമാക്കിയത്.

Abdulsamad

ഏതാനും ദിവസം മുമ്പ് നടത്തിയ സന്നാഹ മത്സരത്തില്‍ വിജയ് ആയിരുന്നു ഏറ്റവും മികച്ച താരമെന്നും ഒരു മത്സരത്തില്‍ 95 റണ്‍സാണ് താരം നേടിയതെന്നും ബെയിലിസ്സ് പറഞ്ഞു. സമദിന് കഴിഞ്ഞ ഐപിഎലിലും മികവ് പുലര്‍ത്താനായിരുന്നുവെന്നും താരത്തിന് കൂടുതല്‍ അനുഭവസമ്പത്ത് വരുമ്പോള്‍ കൂടുതല്‍ അവസരം ലഭിയ്ക്കുമെന്നും ബെയിലിസ്സ് വ്യക്തമാക്കി.

Exit mobile version