പന്തിനെയും അഗര്‍വാളിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്

ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും ഇല്ലാത്ത പകരം വയ്ക്കലുകളാണ് ഇവയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റപ്പോള്‍ ടീമിലേക്ക് വിളിച്ചത് മധ്യനിര ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയും പിന്നീട് മധ്യനിര താരം വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത മയാംഗ് അഗര്‍വാളിനെയാണ് ടീം ഉള്‍പ്പെടുത്തിയത്.

ഈ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് പ്രസാദ് പറയുന്നത്. ധവാന് പരിക്കേറ്റപ്പോള്‍ ടീമില്‍ മൂന്നാം ഓപ്പണറായി കെഎല്‍ രാഹുലുണ്ടായിരുന്നു. ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് ഒരു ഇടംകൈയ്യന്‍ ബാറ്റ്സ്മാനെയായിരുന്നു, പന്ത് അല്ലാതെ ഒരു ഉപാധി നമ്മുക്ക് പകരം ഇല്ലായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. പന്തിന് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അതാണ് പന്തിനെ തിരഞ്ഞെടുക്കുവാന്‍ കാരണം, എന്നാല്‍ ആളുകള്‍ അതിനെ ഓപ്പണര്‍ക്ക് പകരം മധ്യ നിര ബാറ്റ്സ്മാനെ എടുത്തുവെന്നു കരുതിയെന്ന് പ്രസാദ് പറഞ്ഞു.

സമാനമായ രീതിയിലായിരുന്നു വിജയ് ശങ്കറിന്റെ പകരക്കാരനും എത്തിയത്. ശങ്കര്‍ പരിക്കേറ്റതിന് ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിംഗിനിടെ വീഴുകയും പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുവാനായിരുന്നില്ല, ആ സമയത്ത് ഒരു കരുതല്‍ ഓപ്പണര്‍ ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ പല ഓപ്പണര്‍മാരെയും പരിഗണിച്ചു, എന്നാല്‍ പലരും പരിക്കിന്റെ പിടിയിലും ഫോമില്ലാതെയും ആയിരുന്നു. അതിനാല്‍ തന്നെ ഫോമിലുള്ള മയാംഗിനെ ടീം പരിഗണിച്ചുവെന്നും അതില്‍ വലിയ അവ്യക്തതയൊന്നുമില്ലായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി.

വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, പകരം മയാംഗ് അഗര്‍വാളിനെ വിളിക്കുവാനൊരുങ്ങി ബിസിസിഐ

നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് കൊണ്ട് കാലിന് പരിക്കേറ്റ വിജയ് ശങ്കറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അവസാനം. താരത്തിന് പകരം മയാംഗ് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള ശ്രമമാണ് ബിസിസിഐ വൃത്തങ്ങള്‍ നടത്തുന്നത്. മയാംഗിനെ ഓപ്പണറായി പരിഗണിച്ച് കെഎല്‍ രാഹുലിനെ തിരികെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള നീക്കം കൂടിയാകാം വിജയ് ശങ്കറിന് പകരം മയാംഗിനെ ടീമിലേക്ക് വിളിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍.

അമ്പാട്ടി റായിഡുവിനെ പിന്തള്ളി നാലാം നമ്പറിലേക്ക് ഇന്ത്യന്‍ ടീം പരിഗണിച്ച താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന താരം ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് അരങ്ങേറ്റത്തിനവസരം കിട്ടി. അന്ന് ഭുവനേശ്വര്‍ കുമാറിന് കളിയ്ക്കിടെ പരിക്കേറ്റ ശേഷം ബൗളിംഗിനെത്തിയ താരം തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റും നേടിയിരുന്നു.

പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് അരങ്ങേറ്റം പ്രത്യേകത നിറ‍ഞ്ഞത്

തന്റെ പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് അരങ്ങേറ്റം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടാനായത് തന്റെ ആത്മവിശ്വാസത്തെ ഏറെ ഉയര്‍ത്തിയെന്നും പറഞ്ഞ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. സമ്മര്‍ദ്ദത്തിലാണ് താന്‍ മത്സരത്തിനെത്തിയത്, ലോകകപ്പിലെ ആദ്യ മത്സരം, അതും പാക്കിസ്ഥാനെതിരെ, തീര്‍ച്ചയായും സമ്മര്‍ദ്ദം നിറഞ്ഞ മത്സരമായിരുന്നു തനിക്ക് അത്, ടീം മത്സരത്തില്‍ ജയിച്ചപ്പോള്‍ കൂടുതല്‍ സന്തോഷവുമായിയെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് തൊട്ട് മുമ്പ് വിജയ് ശങ്കറും ഭുവനേശ്വര്‍ കുമാറും ഫിറ്റ്നെസ്സ് ടെസ്റ്റിനായി എത്തിയിരുന്നു. ഭുവി പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് പരിക്കേറ്റ് പുറത്ത് പോയതെങ്കില്‍ വിജയ് ശങ്കര്‍ക്ക് നെറ്റ്സില്‍ ജസ്പ്രീത് ബുംറയുടെ പന്ത് കാല്പാദത്തില്‍ കൊണ്ടതിനാല്‍ വന്ന പരിക്കാണ് പ്രശ്നമായത്.

എന്നാല്‍ താന്‍ ഏറെ മെച്ചപ്പെട്ടുവെന്നും കളിക്കാനാകുമെന്നുമാണ് താരം പ്രത്യാശ പ്രകടിപ്പിച്ചത്. നെറ്റ്സില്‍ ബുംറയ്ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ ഇത്തരം പരിക്കുകള്‍ പ്രതീക്ഷിച്ചാണ് ഏവരും കളിക്കുന്നതെന്നും വിജയ് ശങ്കര്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യക്ക് വീണ്ടും പരിക്ക് ആശങ്ക

പരിക്കിനെ തുടർന്ന് ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയതിനു പിന്നാലെ ഇന്ത്യൻ നിരയിൽ മറ്റൊരു താരത്തിന് കൂടി പരിക്ക് ഭീഷണി. നാലാം നമ്പർ ബാറ്സ്മാനായി ഇന്ത്യൻ ടീമിലെത്തിയ വിജയ് ശങ്കറിനാണ് പരിക്ക് ഭീഷണിയായത്. ശനിയാഴ്ച ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിരിക്കെയാണ് താരത്തിന്റെ പരിക്ക്.

പരിശീലനത്തിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ യോർക്കർ കാലിന് കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്. നാലാം നമ്പർ ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ എത്തിയ വിജയ് ശങ്കർ പാകിസ്ഥനെതിരായ മത്സരത്തിൽ പന്ത് കൊണ്ടും മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു.

ശിഖർ ധവാൻ ടീമിൽ നിന്ന് പുറത്തായതിന് പുറമെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനും പരിക്കേറ്റിരുന്നു. താരം അടുത്ത രണ്ടു മത്സരങ്ങൾക്ക് ടീമിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. താരത്തിന്റെ പരിക്ക് കൂടുതൽ ഗുരുതരമല്ലെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.

കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും

ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ അടുത്ത മൂന്ന് മത്സരങ്ങളിലെങ്കിലും ചുരുങ്ങിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പേശി വലിവ് കാരണം ഇന്നലെ തന്റെ സ്പെല്ലിലെ വെറും 2.4 ഓവറുകള്‍ മാത്രമാണ് ഭുവി എറിഞ്ഞത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ പരിക്കേറ്റ് താരം പവലിയനിലേക്ക് മടങ്ങിയ ശേഷം പിന്നീട് മത്സരത്തില്‍ പന്തെറിയാനാകില്ലെന്ന് അറിയിപ്പ് വരുകയായിരുന്നു.

തന്റെ മൂന്നാം ഓവറിന്റെ ഇടയ്ക്കാണ് ഭുവിയുടെ പരിക്ക്. ഫുട്മാര്‍ക്കില്‍ തെന്നി വീണതാണ് താരത്തിന്റെ പരിക്കിന് കാരണമായത്. ഇപ്പോള്‍ അത് അത്ര ഗുരുതരമായ പരിക്കായി തോന്നുന്നില്ല, രണ്ട് മൂന്ന് മത്സരങ്ങള്‍ക്കിടയില്‍ താരം പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തേണ്ടതാണെന്ന് ഇന്നലത്തെ മത്സര ശേഷം വിരാട് കോഹ്‍‍ലി വ്യക്തമാക്കി.

ടീമിന്റെ വളരെ പ്രധാന്യമേറിയ ഘടകമാണ് ഭുവിയെന്നും താരം ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും എന്നാല്‍ മുഹമ്മദ് ഷമി ടീമിനൊപ്പം ഉള്ളതിനാല്‍ ഈ പരിക്ക് ടീമിനെ അധികം അലട്ടുന്നില്ലെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ഭുവി പവലിയനിലേക്ക് മടങ്ങിയ ശേഷം ടീം ഫിസിയോ പരിശോധിച്ചാണ് താരത്തിനെ പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

പകരം വിജയ് ശങ്കറും ഹാര്‍ദ്ദിക് പാണ്ഡ്യയും കൂടിയാണ് ഭുവിയുടെ ഓവറുകള്‍ കൂടി എറിയുവാനെത്തിയത്. അതില്‍ തന്നെ തന്റെ ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ ഹക്കിനെ വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ഹാര്‍ദ്ദിക് പുറത്താക്കി. ഇന്നിംഗ്സ് പുരോഗമിക്കവെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി വിജയ് ശങ്കര്‍ തന്റെ രണ്ടാം വിക്കറ്റും നേടി.

ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം

ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ കെഎല്‍ രാഹുല്‍ അവിടേക്ക് മടങ്ങിയെത്തുകയായിരുന്നു. നാലാം നമ്പറില്‍ കാര്യമായ പ്രകടനമൊന്നും രാഹുലിനു പുറത്തെടുക്കേണ്ടി വന്നില്ല.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ശര്‍മ്മയോടൊപ്പം നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് രാഹുല്‍ നേടിയത്. റണ്‍സ് അധികം നേടിയില്ലെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രധാന കൂട്ടുകെട്ടായിരുന്നു അത്. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏതാനും പന്തുകള്‍ മാത്രമാണ് രാഹുലിനു ലഭിച്ചത്.

ഇപ്പോള്‍ ശിഖര്‍ ധവാന്റെ പരിക്ക് ടീമിന്റെ ഓപ്പണിംഗിലേക്ക് രാഹുലിനെ നയിക്കുവാനുള്ള സാധ്യതയാണ് കൂടുതല്‍. അവിടെ രാഹുല്‍ തിളങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെങ്കിലും അതിലും കൂടുതല്‍ ഇന്ത്യയെ അലട്ടുക നാലാം നമ്പറില്‍ ആരെന്ന ചോദ്യമാവും. വിജയ് ശങ്കറിനെ ആ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുമോ അതോ ധോണിയ്ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണോ ചെയ്യുകയെന്ന ചോദ്യം ബാക്കി നില്‍ക്കവെ ധവാന് പകരം ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതും ചോദ്യമാണ്.

ഋഷഭ് പന്തിനാണോ അതോ അമ്പാട്ടി റായിഡുവിനാണോ നറുക്ക് വീഴുക എന്നതും കാത്തിരുന്ന് കാണേണ്ട ചോദ്യങ്ങളാണ്.

3D താരം ഇല്ല, നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍

ഇന്ത്യയുടെ നാലാം നമ്പറിലേക്ക് അമ്പാട്ടി റായിഡുവിനു പകരം എംഎസ്കെ പ്രസാദ് തിരഞ്ഞെടുത്ത ത്രീ ഡയമന്‍ഷണല്‍ പ്ലേയര്‍ വിജയ് ശങ്കര്‍ക്ക് ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇലവനില്‍ സ്ഥാനമില്ല. പകരം സന്നാഹ മത്സരത്തില്‍ മികവ് തെളിയിച്ച കെഎല്‍ രാഹുലിനെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിക്കുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ അവസാന നിമിഷ മാറ്റമില്ലെങ്കില്‍ രാഹുല്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ഇറങ്ങും.

നേരത്തെ അമ്പാട്ടി റായിഡുവിന്റെ മോശം ഫോമാണ് വിജയ് ശങ്കര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ശേഷം വിജയ്‍യും പരാജയപ്പെട്ടതും രാഹുല്‍ ശതകം നേടി ധോണിയ്ക്കൊപ്പം മികവ് കാട്ടിയതും താരത്തിനു അവസരം ലഭിയ്ക്കുവാന്‍ ഇടയാക്കി.

രാഹുലിനെക്കാളും വിജയ് ശങ്കറിനെക്കാളും നാലാം നമ്പറില്‍ അനുയോജ്യന്‍ ധോണി

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവും അനുയോജ്യനായ താരം മഹേന്ദ്ര സിംഗ് ധോണിയെന്ന് അഭിപ്രായപ്പെട്ട് ഹര്‍ഭജന്‍ സിംഗ്. കെഎല്‍ രാഹുല്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ 108 റണ്‍സ് നേടിയ വിജയ് ശങ്കറിന്റെ നാലാം നമ്പര്‍ സ്ഥാനം തട്ടിയെടുക്കുവാന്‍ സാധ്യതയുള്ള പ്രകടനം പുറത്തെടുത്തുവെങ്കിലും ഈ രണ്ട് യുവതാരങ്ങളെക്കാള്‍ അനുയോജ്യന്‍ ധോണിയെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.

വിജയ് ശങ്കറിനെക്കാള്‍ ടീമില്‍ ഇടം ലഭിയ്ക്കുവാന്‍ അര്‍ഹന്‍ രാഹുലാണെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ താരം ധോണിയ്ക്ക് വേണ്ടി നാലാം നമ്പര്‍ സ്ഥാനം വിട്ട് നല്‍കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ധോണിയും രാഹുലും ചേര്‍ന്ന് നേടിയ 164 റണ്‍സാണ് ഇന്ത്യയെ ബംഗ്ലാദേശിനെതിരെ ശക്തമായ നിലയിലേക്ക് എത്തിച്ചത്.

വിജയ് ശങ്കര്‍ നാലാം നമ്പറില്‍ വേണ്ടെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. വിജയിനെക്കാള്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന സ്ട്രോക്കുകള്‍ ഉള്ളത് രാഹുലിനാണെന്ന് പറഞ്ഞു. എന്നാല്‍ തന്റെ നാലാം നമ്പറിലെ പ്രിയതാരം അത് എന്നും ധോണിയാണെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.

വിജയ് ശങ്കറിനു മറക്കാമോ ഇന്ത്യയുടെ നാലാം നമ്പര്‍, കെഎല്‍ രാഹുലാവുമോ ആ സ്ഥാനത്ത് കളിയ്ക്കുക

ഏറെ കാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന് വന്ന ചോദ്യമായിരുന്നു ആരാവും ഇന്ത്യയുടെ നാലാം നമ്പറിലെ താരമെന്നത്. 2018 ഐപിഎലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം പിടിച്ച അമ്പാട്ടി റായിഡു ആ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയതായിരുന്നു എന്നാല്‍ 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് തഴഞ്ഞ് അവസരം വിജയ് ശങ്കറിനു നല്‍കി.

ന്യൂസിലാണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയിലെ ടോപ് ഓര്‍ഡര്‍ ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ടപ്പോള്‍ തനിക്ക് ലഭിച്ച നാലാം നമ്പറിലെ അവസരം കെഎല്‍ രാഹുല്‍ മുതലാക്കുന്നതാണ് ഇന്നലെ കണ്ടത്. ശതകം നേടിയ രാഹുല്‍ ധോണിയ്ക്കൊപ്പം മത്സരത്തിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ് നടത്തിയപ്പോള്‍ മികച്ച പ്രഭാവമുണ്ടാക്കുവാനുള്ള അവസരമാണ് വിജയ് ശങ്കര്‍ നഷ്ടമാക്കിയത്.

7 പന്തുകളഅ‍ നേരിട്ട വിജയ് ശങ്കറിനെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ 99 പന്തില്‍ നിന്ന് 108 റണ്‍സാണ് നേടിയത്. എംഎസ് ധോണിയുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 164 റണ്‍സാണ് ഇന്ത്യയുടെ മത്സരത്തിലേ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചത്. പിന്നീട് അവസാന ഓവറില്‍ എംഎസ് ധോണി കത്തിക്കയറിയപ്പോള്‍ ഇന്ത്യ പടുകൂറ്റന്‍ സ്കോറായ 359/7 എന്ന നിലയിലേക്ക് എത്തി.

ഇതോടെ നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിനു ഏറെക്കുറെ ഇന്ത്യ തേടിയ ഉത്തരം താനാണെന്നാണ് കെഎല്‍ രാഹുല്‍ തന്റെ പ്രകടനത്തിലൂടെ പറയുന്നത്. ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരാകും ടീമിലുണ്ടാകുക എന്നത് വിരാട് കോഹ‍്‍ലിയും രവിശാസ്ത്രിയുമാകും തീരുമാനിക്കുകയെങ്കിലും വിജയ് ശങ്കറിന്റെ നാലാം സ്ഥാനം സുരക്ഷിതമല്ലെന്ന് വേണം വിലയിരുത്തുവാന്‍.

പൊട്ടലുകളില്ല, വിജയ് ശങ്കറിന്റെ കാര്യത്തില്‍ അധികം ആശങ്ക വേണ്ട

പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിന്റെ കാര്യത്തില്‍ അധികം ആശങ്ക വേണ്ടെന്ന് അറിയിച്ച് ബിസിസിഐ. താരത്തിനെ സ്കാനിംഗുകള്‍ക്ക് വിധേയനാക്കിയപ്പോള്‍ പൊട്ടലുകളൊന്നും കണ്ടില്ലെന്നും താരത്തിന്റെ പുരോഗതിയ്ക്കായി ബിസിസിഐ മെഡിക്കല്‍ ടീം സഹായിക്കുമെന്ന് താരത്തിനെ രണ്ടാം സന്നാഹ മത്സരത്തിലോ അതല്ലെങ്കിലും ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിനോ സജ്ജമാക്കുവാനുള്ള ശ്രമങ്ങള്‍ മെഡിക്കല്‍ ടീം തുടരുമെന്നും ബിസിസിഐ അറിയിച്ചു.

ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് വിജയ് ശങ്കര്‍. അമ്പാട്ടി റായിഡുവിനെ പിന്തള്ളിയാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ താരം ഇടം പിടിച്ചത്.

സ്കാനിംഗിനു വിധേയനായി ശങ്കര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ഇന്ത്യന്‍ മാനേജ്മെന്റ്

പരിശീലനത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറുടെ പരിക്ക് ഗുരുതരമാണോ അല്ലെയോ എന്നതില്‍ വ്യക്തത നല്‍കാതെ ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഇന്നലെ താരം നെറ്റ്സില്‍ വലത് കൈയ്യില്‍ പന്ത് അടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മതിയാക്കി സ്കാനിംഗിനു വേണ്ടി മടങ്ങുകയായിരുന്നു. എന്നാല്‍ സ്കാനിംഗിനു ശേഷം താരത്തിന്റെ സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ സംഘം പുറത്ത് വിട്ടിട്ടില്ല.

ഇതോടെ ഇന്ന് നടക്കുന്ന ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ വിജയ് ശങ്കര്‍ കളിയ്ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേ സമയം താരം ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിനു തയ്യാറായിരിക്കുമോ എന്നതിന്റെ ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. താരത്തിന്റെ ലോകകപ്പ് സാധ്യതകളെ ഈ പരിക്ക് എത്രത്തോളം ബാധിക്കുമെന്നതിലും ഒരു യഥാര്‍ത്ഥ ചിത്രം ഇതുവരെ പുറത്ത് വന്നിട്ടില്ല.

പരിക്കിന്റെ ഭീതിയില്‍ ധവാനും, എന്നാല്‍ താരം സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്ന് സൂചന

വിജയ് ശങ്കര്‍ നെറ്റ്സില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്കാനിംഗിനു വിധേയനാകുന്നതിനായി മടങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാനും നെറ്റ്സില്‍ തിരിച്ചടി. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ത്രോ ഡൗണ്‍ ചെയ്ത പന്ത് ഹെല്‍മെറ്റില്‍ വന്നടിച്ചതിനെത്തുടര്‍ന്ന് അല്പം സമയം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് നെറ്റ്സ് സെഷന്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. താരത്തിനു കാര്യമായ പ്രശ്നമൊന്നുമില്ലെന്നും താരം ന്യൂസിലാണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്നുമാണ് അറിയുന്നത്. ഹെല്‍മെറ്റ് ഗ്രില്ലിന്റെ ഇടയിലൂടെ കടന്ന പന്ത് താരത്തിന്റെ താടിയിലും ചുണ്ടിലും വന്ന് പതിയ്ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

അതേ സമയം ഐപിഎലിനിടെ പരിക്കേറ്റ കേധാര്‍ ജാഥവ് ഇന്നലെ നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാല്‍ താരം ഇന്നത്തെ സന്നാഹ മത്സരത്തില്‍ കളിയ്ക്കുമോ എന്നതില്‍ കൃത്യമായ അറിവ് ഇതുവരെ ലഭിച്ചിട്ടില്ല. താരത്തിനെ ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിലാവും ഇന്ത്യ പരീക്ഷിക്കുകയെ്നനാണ് അറിയുന്നത്.

ഇന്ന് ഇന്ത്യന്‍ സമയം മൂന്ന് മണിയ്ക്ക് കെന്നിംഗ്സ്റ്റണ്‍ ഓവലിലാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള സന്നാഹ മത്സരം.

Exit mobile version