ശരിയായ ശ്രമങ്ങള്‍ നടത്തുകയെന്നതാണ് താന്‍ ചെയ്യേണ്ടത് – വിജയ് ശങ്കര്‍

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ താന്‍ ശരിയായ ശ്രമങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് വിജയ് ശങ്കര്‍. തന്റെ സ്വതസിദ്ധായ ശൈലിയില്‍ കളിക്കുക എന്നത് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും അല്ലാതെ തന്നെ ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് അനാവശ്യമായി താന്‍ ചിന്തിക്കാറില്ലെന്നും വിജയ് ശങ്കര്‍ പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് പരമ്പര കൊറോണ പരക്കുന്ന സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

താന്‍ ഇതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല, കാരണം അവസാന നിമിഷമാണ് താന്‍ ന്യൂസിലാണ്ട് എ ടൂറിനു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഹാര്‍ദ്ദിക്കിന്റെ പകരക്കാരനായാണ് താന്‍ ടീമിലെത്തുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവസാന നിമിഷം തനിക്ക് ടീമിലേക്കുള്ള വിളി വരുന്നത്.

നടക്കേണ്ട സമയത്ത് നടക്കേണ്ട കാര്യങ്ങള്‍ നടക്കുമെന്ന ചിന്താഗതിക്കാരനാണ് താന്‍, താന്‍ ശരിയായ ശ്രമങ്ങള്‍ മാത്രം നടത്തണമെന്ന് ചിന്തിക്കുന്നു. എന്റെ കളി മെച്ചപ്പെടുത്തുവാന്‍ താന്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. നിരാശനായി ഇരുന്നിട്ട് കാര്യമില്ല ഇത് മറികടക്കുവാനുള്ള കാര്യമാണ് ചെയ്യേണ്ടതെന്നും വിജയ് ശങ്കര്‍ സൂചിപ്പിച്ചു.

Exit mobile version