Picsart 23 04 29 19 45 54 351

180 എല്ലാം നിസ്സാരം, 7 വിക്കറ്റ് വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 180 എന്ന വിജയ ലക്ഷ്യം അനായാസം മറികടന്ന് ഗുജറാത്ത് ടൈറ്റൻസ്‌. 2 ഓവർ ശേഷിക്കെ 7 വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഇന്ന് ചെയ്സ് ആരംഭിച്ച ഗുജറാത്തിന് തുടക്കത്തിൽ 10 റൺസിന് ഓപ്പണർ സാഹയെ നഷ്ടമായെങ്കിലും ബാക്കി എല്ലാവരും ബാറ്റു കൊണ്ട് തിളങ്ങി.

35 പന്തിൽ 49 റൺസെടുത്ത ഗില്ലും 26 റൺസ് എടുത്ത ഹാർദ്ദികും ചെയ്സിന് അടിത്തറ പാകി. പിറകെ വന്ന മില്ലറും ആഞ്ഞടിച്ചപ്പോൾ വിജയത്തിലേക്ക് ഒരു സമ്മർദ്ദവും ഇല്ലാതെ ഗുജറാത്ത് എത്തി. വിജയ് ശങ്കർ 24 പന്തിൽ 51 എടുത്തും, മില്ലർ 18 പന്തിൽ 32 റൺസും എടുത്തു അവരെ വിജയത്തിലേക്ക് നയിച്ചു.

ഇന്ന് ആദ്യം വാറ്റു ചെയ്ത കൊൽക്കത്ത 180 എന്ന വിജയ ലക്ഷ്യം ആയിരുന്നു ഉയർത്തിയത്. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസിന്റെ 81 റൺസിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സ്കോറിൽ എത്തിയത്. ഗുർബാസ് ഖാൻ 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു. ഏഴ് സിക്സുകൾ അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. തന്റെ സഹ ദേശീയ താരമായ റഷീദ് ഖാനെ ആണ് ഗുർബാസ് ഇന്ന് കൂടുതൽ അടിച്ചു തകർത്തത്‌. റഷീദ് ഖാൻ ഇന്ന് 4 ഓവറിൽ നിന്ന് 54 റൺസ് വഴങ്ങി.

കൊൽക്കത്ത നിരയിൽ റസൽ മാത്രമാണ് പിന്നെ ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. റസൽ അവസാന ഓവറുകളിൽ വന്ന് 19 പന്തിൽ 34 റൺസ് എടുത്തു. ജഗദീഷൻ 19, ശർദ്ധുൽ താകൂർ 0, നിതീഷ് റാണ 4, വെങ്കിടേഷ് അയ്യർ 11, റിങ്കു സിംഗ് 19 എന്നിവർ നിരാശപ്പെടുത്തി. കൊൽക്കത്ത ഇന്നിംഗ്സ് 179/6 എന്ന നിലയിലാണ് അവസാനിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജോഷുവ ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. നൂർ 4 ഓവറിൽ 21 റൺസ് മാത്രമെ വഴങ്ങിയുള്ളൂ.

Exit mobile version