ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് വേണ്ടി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനെ സ്വന്തമാക്കി ഹാംഷയര്‍. ബിഗ് ബാഷ് പോലുള്ള ടി20 ടൂര്‍ണ്ണമെന്റില്‍ ടോപ് ഓര്‍ഡറില്‍ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തിന് എന്നാല്‍ ഓസ്ട്രേലിയന്‍ നിരയില്‍ സമാനമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല.

ജൂണ്‍ 9ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന് വേണ്ടിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ ഷോര്‍ട്ട് പാര്‍ട് ടൈം സ്പിന്നറായും ബൗള്‍ ചെയ്യാറുണ്ട്. ഓസ്ട്രേലിയയ്ക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ 31 മത്സരങ്ങളഇല്‍ താരം കളിച്ചിട്ടുണ്ട്.

അതേ സമയം ടി20 ക്രിക്കറ്റില്‍ 3991 റണ്‍സും 48 വിക്കറ്റുമാണ് ഷോര്‍ട്ടിന്റെ നേട്ടം. മുമ്പ് ടി20 ബ്ലാസ്റ്റില്‍ ഡര്‍ഹത്തിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. 2019ല്‍ ആണ് ഇത്. അന്ന് സീസണിലെ നാലാമത്തെ ഉയര്‍ന്ന റണ്‍ സ്കോറര്‍ ആകുവാന്‍ താരത്തിന് സാധിച്ചിരുന്നു.

ടി20 ബ്ലാസ്റ്റില്‍ ഇനി ഹാംഷയര്‍ അറിയുക ഹാംഷയര്‍ ഹോക്സ് എന്ന്

2003ല്‍ ആദ്യമായി ഹാംഷയര്‍ ഉപയോഗിച്ച ഹാംഷയര്‍ ഹോക്സ് എന്ന പേരിലേക്ക് ടി20 ബ്ലാസ്റ്റില്‍ ടീം മടങ്ങുകയാണെന്ന് പറഞ്ഞ് ക്ലബ്. സസ്സെക്സിനെതിരെ 2003ലെ ആദ്യത്തെ ടി20 മത്സരത്തില്‍ കളിക്കുമ്പോളാണ് ഹാംഷയര്‍ ഈ പേര് ഉപയോഗിച്ചത്.

അന്നത്തെ ടീമില്‍ വസീം അക്രം, ജോണ്‍ ക്രോളി, സൈമണ്‍ കാറ്റിച്ച് എന്ന പ്രമുഖ താരങ്ങള്‍ ഹാംഷയറിനായി കളിച്ചിട്ടുണ്ട്. വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ മാത്രമല്ല മറ്റു ടി20 മത്സരങ്ങളിലും ഹാംഷയര്‍ ഇനി ഹോക്സ് എന്ന പേരാവും ഉപയോഗിക്കുക.

ടി20 ബ്ലാസ്റ്റിന് ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍

ന്യൂസിലാണ്ട് താരം കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍. ടി20 ബ്ലാസ്റ്റിലെ അവസാന ഘട്ടത്തിലേക്ക് ആണ് ന്യൂസിലാണ്ട് ഓള്‍റൗണ്ടറുടെ സേവനം ഹാംഷയര്‍ ഉറപ്പാക്കിയിട്ടുള്ളത്. താരം പരിക്ക് മൂലം ഏറെക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

എന്നാല്‍ ആഭ്യന്തര ടൂര്‍ണ്ണമെന്റുകളില്‍ താരം ഈ അടുത്ത് പങ്കെടുത്ത് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെന്ന റോളില്‍ മാത്രം കളിച്ചിരുന്നു. കഴിഞ്ഞ മാസം താരം പൂര്‍ണ്ണമായി പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

മുഹമ്മദ് അമീര്‍ വൈറ്റാലിറ്റി ടി ബ്ലാസ്റ്റിനായി കെന്റിനൊപ്പം ചേരും

ടി20 ബ്ലാസ്റ്റിനായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ എത്തുന്നു. കെന്റിന് വേണ്ടിയാകും താരം കളിക്കുക. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിലാവും താരം ടീമിനൊപ്പം ചേരുക. ഗ്രൂപ്പ് ഘട്ടത്തില്‍ കെന്റിന് വേണ്ടി ഏഴ് മത്സരത്തിലോളം താരം കളിക്കുമെന്നാണ് അറിയുന്നത്.

കെന്റ് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ അതും കളിക്കാന്‍ താരം ഉണ്ടാകുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചിയുടെ മുന്നേറ്റത്തെ ആശ്രയിച്ചായിരിക്കും കെന്റിനൊപ്പം താരം എന്ന് ചേരുമെന്നതില്‍ വ്യക്തത വരികയുള്ളു.

2020ല്‍ ആണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള തീരുമാനം എടുത്തത്. 29 വയസ്സ് മാത്രമാണ് താരത്തിനായിട്ടുള്ളത്.

ജെയിംസ് നീഷമിന് എസ്സെക്സില്‍ കരാര്‍, താരം എത്തുക ടി20 ബ്ലാസ്റ്റിനായി

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷവുമായി കരാറിലെത്തി എസ്സെക്സ്. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിനെ ടീമിന്റെ വിദേശ താരമായി ടീമിലെത്തിച്ചിരിക്കുന്നത്. താരം ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിച്ച ശേഷം പിന്നീട് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാന്‍ ഇന്ത്യയിലേക്ക് യാത്രയാകും. ഐപിഎല്‍ കഴിഞ്ഞ ശേഷം താരം വീണ്ടും ക്ലബിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

മുമ്പ് ഡെര്‍ബിഷയറിനും കെന്റിനും വേണ്ടി കളിച്ചിട്ടുള്ളയാളാണ് ന്യൂസിലാണ്ടിന്റെ 30 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍. ന്യൂസിലാണ്ടിന് വേണ്ടി തന്റെ ഓള്‍റൗണ്ട് മികവ് മൂലം പല മത്സരങ്ങളും വിജയിപ്പിച്ച താരത്തിന്റെ സേവനം ഉറപ്പിക്കുവാന്‍ ആയതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്സെക്സ് മുഖ്യ കോച്ച് ആന്തണി മക്ഗ്രാത്ത് വ്യക്തമാക്കി.

സിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനായി ഓസ്ട്രേലിയന്‍ താരം ബെന്‍ ഡ്വാര്‍ഷൂയിസ് എത്തുന്നു. വോര്‍സ്റ്റര്‍ഷയര്‍ ആണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ബിഗ് ബാഷ് ജേതാക്കളായ സിഡ്നി സിക്സേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു ബെന്‍ ഡ്വാര്‍ഷൂയിസ്. ടൂര്‍ണ്ണമെന്റില്‍ തന്നെ ജൈ റിച്ചാര്‍ഡ്സണ് പിന്നിലായി രണ്ടാം സ്ഥാനത്ത് താരം എത്തിയിരുന്നു.

2020 അവസാനത്തോടെ കൊല്‍പക് കരാര്‍ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാര്‍ണലിന് പകരം ആണ് വോര്‍സ്റ്റര്‍ഷയര്‍ താരത്തെ സ്വന്തമാക്കിത്. പാര്‍ണല്‍ അതേ സമയം നോര്‍ത്താംപ്ടണ്‍ഷയറിന്റെ വിദേശ താരമായി ടി20 ബ്ലാസ്റ്റ് കളിക്കാനെത്തുന്നുണ്ട്.

ലോക്കി ഫെര്‍ഗൂസണ്‍ യോര്‍ക്ക്ഷയറിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കും

2021 ടി20 ബ്ലാസ്റ്റ് സീസണില്‍ ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തുന്നു. താരം യോര്‍ക്ക്ഷയറുമായാണ് കരാറില്‍ എത്തിയത്. നവംബര്‍ മുതല്‍ പരിക്ക് കാരണം താരം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കില്‍ താരം യോര്‍ക്ക്ഷയറിന്റെ നോര്‍ത്ത് ഗ്രൂപ്പ് മത്സരങ്ങള്‍ക്കെല്ലാം തന്നെയുണ്ടാവുമെന്നാണ് ക്ലബ് വ്യക്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഐപിഎല്‍ സീസണിന് ശേഷമാവും താരം യോര്‍ക്ക്ഷയറിനൊപ്പം എത്തുന്നത്. 2018ല്‍ താരം ഡെര്‍ബിഷയറിന് വേണ്ടി കൗണ്ടി സീസണിലും ടി20 ബ്ലാസ്റ്റിലും കളിച്ചിട്ടുണ്ട്. 16 ടി20 വിക്കറ്റുകളാണ് ആ സീസണില്‍ താരം നേടിയത്.

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ ടൂര്‍ണ്ണമെന്റുകളില്‍ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ കളിച്ചിട്ടുണ്ട്.

മുഹമ്മദ് നബിയ്ക്ക് ശേഷം കൗണ്ടിയ്ക്കായി കളിക്കുന്ന രണ്ടാമത്തെ അഫ്ഗാന്‍ അന്താരാഷ്ട്ര താരമാണ് നവീന്‍ ഉള്‍ ഹക്ക്. ജൂണ്‍ 9ന് ആണ് ടി20 ബ്ലാസ്റ്റ് ആരംഭിയ്ക്കുന്നത്.

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ക്ലബിലേക്ക് എത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുജീബ് വ്യക്തമാക്കി.

താരം മിഡില്‍സെക്സിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ടീം നോക്ക്ഔട്ട് ഘട്ടത്തിലെത്തിയാല്‍ അതിലും കളിക്കുമെന്നാണ് അറിയുന്നത്. ടി20 ഫോര്‍മാറ്റില്‍ റഷീദ് ഖാന് തൊട്ടുപിന്നിലായാണ് താരത്തിന്റെ റാങ്ക്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിക്കുന്ന മുജീബ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്.

ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി

2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

ടി20 ക്രിക്കറ്റില്‍ 4118 റണ്‍സും 267 വിക്കറ്റും നേടിയിട്ടുള്ള താരമാണ് മുഹമ്മദ് നബി. കഴിഞ്ഞ ടി20 ബ്ലാസ്റ്റില്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.

സസ്സെക്സുമായി കരാര്‍ പുതുക്കി റഷീദ് ഖാന്‍

2021 ടി20 ബ്ലാസ്റ്റിനായി റഷീദ് ഖാനും എത്തുന്നു. സസ്സെക്സുമായുള്ള തന്റെ കരാര്‍ താരം പുതുക്കുകയായിരുന്നു. 2018ല്‍ ക്ലബുമായി കരാറിലെത്തിയ താരം ഇതുവരെ രണ്ട് സീസണുകളില്‍ ക്ലബിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഐപിഎലില്‍ മിന്നും പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. 20 വിക്കറ്റുകള്‍ വെറും 5.37 എക്കോണമിയിലാണ് താരം സ്വന്തമാക്കിയത്. 18 മത്സരങ്ങളില്‍ നിന്നായി സസ്സെക്സിനായി 24 വിക്കറ്റാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

2020 സീസണില്‍ താരം ക്ലബിനായി കളിക്കാനിരുന്നതാണെങ്കിലും കൊറോണ കാരണം മത്സരങ്ങള്‍ വൈകിയതും. അതേ സമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഐപിഎല്‍ എന്നിവയ്ക്കായി കളിക്കാനായി താരം തിരക്കിലായതും അത് നടക്കാതിരിക്കുവാന്‍ കാരണമായി.

സ്കോട്ലാന്‍ഡ് താരത്തെ സ്വന്തമാക്കി സസ്സെക്സ്, ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

സ്കോട്ലാന്‍ഡ് താരം കാലം മക്ലോഡിനെ സ്വന്തമാക്കി സസ്സെക്സ്. ശേഷിക്കുന്ന ടി20 ബ്ലാസ്റ്റ് മത്സരങ്ങളിലേക്കാണ് താരത്തിന്റെ സേവനം ഇനി ഉപയോഗിക്കുക. സ്കോട്‍ലാന്‍ഡിനായി 49 ടി20യും 66 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സസ്സെക്സിനൊപ്പമെത്തുന്നത്. സസ്സെക്സിന്റെ ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ട് ടീമിലേക്ക് റിസര്‍വ്വായി തിരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ് കാലം മക്ലോഡിനെ തിരഞ്ഞെടുത്തിനിരിക്കുന്നത്.

2018ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള സ്കോട്‍ലാന്‍ഡിന്റെ വിജയത്തില്‍ 94 പന്തില്‍ നിന്ന് പുറത്താകാതെ 140 റണ്‍സ് നേടി മികച്ച് നിന്ന താരമാണ് കാലം മക്ലോഡ്. ഇതിന് മുമ്പ് വാര്‍വിക്ക്ഷയര്‍, ഡര്‍ഹം, ഡര്‍ബിഷയര്‍ എന്നിവര്‍ക്ക് വേണ്ടിയും കാലം കളിച്ചിട്ടുണ്ട്.

Exit mobile version