സ്‌കോട്ട്‌ലൻഡിനായി കളിക്കാൻ ന്യൂസിലാൻഡ് താരം ടോം ബ്രൂസ്


ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ടോം ബ്രൂസ് ഇനിമുതൽ സ്കോട്ട്ലൻഡിന് വേണ്ടി കളിക്കും. ഓഗസ്റ്റ് 27-ന് കാനഡയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരങ്ങളിൽ താരം സ്കോട്ടിഷ് ടീമിനായി ഇറങ്ങും. എഡിൻബർഗിൽ ജനിച്ച പിതാവിലൂടെയാണ് ബ്രൂസിന് സ്കോട്ടിഷ് ടീമിൽ കളിക്കാൻ യോഗ്യത ലഭിച്ചത്.

ന്യൂസിലാൻഡിൽ കരിയർ ആരംഭിക്കുന്നതിന് മുമ്പ് 2016-ൽ ബ്രൂസ് സ്കോട്ട്ലൻഡ് ഡെവലപ്‌മെന്റ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സെൻട്രൽ ഡിസ്ട്രിക്റ്റ്സിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ഈ ടോപ് ഓർഡർ ബാറ്റ്സ്മാൻ, 2017-നും 2020-നും ഇടയിൽ ന്യൂസിലാൻഡ് ടീമിന് വേണ്ടി 17 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഗയാനയിൽ നടന്ന ഗ്ലോബൽ സൂപ്പർ ലീഗിൽ സെൻട്രൽ ഡിസ്ട്രിക്റ്റ്സിനായി കളിച്ചതാണ് താരത്തിന്റെ അവസാന മത്സരം.
സ്കോട്ടിഷ് ടീമിൽ കളിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം പ്രകടിപ്പിച്ച ബ്രൂസ്, ലോകകപ്പിൽ ടീമിനെ എത്തിക്കാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചു. 2015-16 സീസണിൽ സൂപ്പർ സ്മാഷിൽ 140.25 സ്ട്രൈക്ക് റേറ്റിൽ 223 റൺസ് നേടിയതോടെയാണ് 34-കാരനായ ബ്രൂസ് ശ്രദ്ധേയനാകുന്നത്. ഇത് ന്യൂസിലാൻഡ് ടീമിലേക്കുള്ള വഴി തുറന്നു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 122.36 സ്ട്രൈക്ക് റേറ്റിൽ 279 റൺസ് നേടിയ ബ്രൂസിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാകുമെന്നാണ് സ്കോട്ടിഷ് ടീം കോച്ച് ഡഗ് വാട്സൺ പറഞ്ഞത്.

യൂറോ കപ്പ് മത്സരത്തിനു ഇടയിൽ ബോധരഹിതനായി വീണ ഹംഗേറിയൻ താരത്തിന്റെ നില തൃപ്തികരം

യൂറോ കപ്പ് ഗ്രൂപ്പ് എയിൽ സ്കോട്ട്ലന്റും ആയുള്ള മത്സരത്തിനു ഇടയിൽ ബോധരഹിതനായി വീണ ഹംഗേറിയൻ താരം ബർണബാസ് വാർഗയുടെ നില തൃപ്തികരം. മത്സരത്തിൽ 71 മത്തെ മിനിറ്റിൽ ഫ്രീകിക്ക് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനു ഇടയിൽ ഹംഗേറിയൻ മുന്നേറ്റനിര താരമായ വാർഗ സ്‌കോട്ടിഷ് ഗോൾ കീപ്പർ ആഗ്നസ് ഗണും ആയി കൂട്ടിയിടിച്ച് വീഴുക ആയിരുന്നു. തുടർന്ന് ബോധരഹിതനായി വീണ താരത്തിന് ചുറ്റും ഹംഗേറിയൻ താരങ്ങൾ മതിൽ തീർക്കുക ആയിരുന്നു. കളത്തിലെ വൈദ്യസഹായത്തിനു ശേഷം താരത്തെ സ്ട്രെകച്ചറിൽ എടുത്തു കൊണ്ട് പോവുക ആയിരുന്നു.

സ്ട്രെകച്ചർ വരാൻ വൈകുന്നതിൽ പ്രതിഷേധിക്കുന്ന ഹംഗേറിയൻ താരങ്ങളുടെ മുഖഭാവത്തിൽ തന്നെ താരത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമായിരുന്നു. മത്സരത്തിൽ നൂറാം മിനിറ്റിൽ നേടിയ വിജയ ഗോൾ ഹംഗേറിയൻ താരങ്ങൾ വാർഗക്ക് ആണ് സമർപ്പിച്ചത്. മത്സര ശേഷം താരത്തിനെ ആശുപത്രിയിൽ എത്തിച്ചത് ആയും നിലവിൽ താരത്തിന് ബോധം വന്നത് ആയും നില തൃപ്തികരം ആണെന്നും ഹംഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. നിലവിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് എപ്പോൾ ആശുപത്രി വിടാൻ ആവുമെന്ന് ഇപ്പോൾ വ്യക്തമല്ല.

നൂറാം മിനിറ്റിൽ വിജയഗോൾ നേടി ഹംഗറി! സമനില പിടിച്ചു ഗ്രൂപ്പ് ജേതാക്കൾ ആയി ജർമ്മനി

യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ അവസാന മത്സരങ്ങൾക്ക് നാടകീയ അന്ത്യം. ഗ്രൂപ്പിലെ അവസാന മത്സരം സ്വിസർലാന്റിന് എതിരെ കളിക്കാൻ ഇറങ്ങിയ ജർമ്മനിക്ക് ഗ്രൂപ്പിൽ ഒന്നാമത് എത്താൻ സമനില മതിയായിരുന്നു. പന്തിൽ ജർമ്മൻ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ വലിയ അവസരങ്ങൾ ഒന്നും അവർ തുറന്നില്ല. 17 മിനിറ്റിൽ റോബർട്ട് ആന്ദ്രിച്ചിന്റെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ സൊമ്മറിനെ മറികടന്നു എങ്കിലും അതിനു മുമ്പ് മുസിയാല സ്വിസ് താരത്തെ ഫൗൾ ചെയ്തതിനാൽ വാർ പരിശോധനക്ക് ശേഷം റഫറി ഈ ഗോൾ അനുവദിച്ചില്ല. തുടർന്ന് 28 മത്തെ മിനിറ്റിൽ ഉഗ്രൻ നീക്കത്തിന് ഒടുവിൽ സ്വിസ് പട ജർമ്മനിയെ ഞെട്ടിച്ചു. റെമോ ഫ്രവലറിന്റെ ഉഗ്രൻ പാസിൽ നിന്നു ഡാൻ ണ്ടോയെ ഗോൾ നേടിയതോടെ ജർമ്മനി പിന്നിലായി.

തുടർന്ന് സമനിലക്ക് ആയി എല്ലാം മറന്നു പരിശ്രമിക്കുന്ന ജർമ്മനിയെ കണ്ടെങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഉണ്ടാക്കാൻ ആയില്ല. പലപ്പോഴും തനിക്ക് ലഭിച്ച അർധ അവസരങ്ങൾ മുതലാക്കാൻ കായ് ഹാവർട്സിനു ആയില്ല. ഇടക്ക് മുസിയാലയുടെ ഒരു ഷോട്ട് സ്വിസ് ഗോൾ കീപ്പർ രക്ഷിച്ചു. രണ്ടാം പകുതിയിൽ റൂബൻ വർഗാസ് ഉഗ്രൻ ഷോട്ടിലൂടെ ന്യൂയറിനെ മറികടന്നു എങ്കിലും അത് ഓഫ് സൈഡ് ആയത് ജർമ്മനിക്ക് ആശ്വാസം ആയി. തുടർന്ന് ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ഷോട്ട് ന്യൂയർ രക്ഷിക്കുകയും ചെയ്തു. തുടർന്ന് 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലെഫ്റ്റ് ബാക്ക് ഡേവിഡ് റോമിന്റെ ഉഗ്രൻ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ നിക്കോളാസ് ഫുൽകർഗ് ഗോൾ നേടിയതോടെ ജർമ്മനി അട്ടിമറിയിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. സമനിലയോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനവും ജർമ്മനി നേടി.

അതേസമയം തീർത്തും നാടകീയമായ പോരാട്ടം ആണ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാർ ആവാനുള്ള മത്സരത്തിൽ കണ്ടത്. കഴിഞ്ഞ 2 കളിയും തോറ്റ ഹംഗറിയും സ്വിസ് ടീമിനെ സമനിലയിൽ പിടിച്ച സ്‌കോട്ട്ലന്റും തമ്മിലുള്ള മത്സരത്തിൽ സ്‌കോട്ടിഷ് ടീം ആണ് പന്തിൽ ആധിപത്യം കാണിച്ചത്. എന്നാൽ അവസരങ്ങൾ ഉണ്ടാക്കാൻ അവർക്ക് ആയില്ല. ഗോളിനായി കൂടുതൽ ശ്രമങ്ങൾ നടത്തിയത് ഹംഗറി ആയിരുന്നു. ഇടക്ക് സ്‌കോട്ടിഷ് ടീമിന്റെ പെനാൽട്ടിക്കുള്ള അപ്പീലും റഫറി തള്ളി. സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ നൂറാം മിനിറ്റിൽ ആണ് അതിനാടകീയമായ വിജയഗോൾ വന്നത്. കൗണ്ടർ അറ്റാക്കിൽ റോളണ്ട് സല്ലായിയുടെ പാസിൽ നിന്നു കെവിൻ സോബോത്ത് ഹംഗറിക്ക് ചരിത്രജയം നേടി നൽകുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി മൂന്നാമത് ആയ ഹംഗറിക്ക് മികച്ച മൂന്നാം സ്ഥാനക്കാർ ആയി അടുത്ത റൗണ്ടിൽ കടക്കാൻ സാധ്യതയുണ്ട്. അതേസമയം സ്കോട്ട്ലാന്റ് യൂറോ കപ്പിൽ നിന്നു പുറത്തായി.

ടിയേർണി ഇനി യൂറോ കപ്പ് കളിക്കില്ല, സ്കോട്ടിഷ് ക്യാമ്പ് വിട്ടു

യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ സ്വിസർലന്റും ആയുള്ള കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റു പുറത്ത് പോയ സ്കോട്ടിഷ് പ്രതിരോധതാരം കിയരൺ ടിയേർണി ഇനി യൂറോ കപ്പിൽ കളിക്കില്ല. സ്ട്രക്ചറിൽ കളം വിട്ട 27 കാരനായ താരം സ്‌കോട്ട്ലന്റ് ക്യാമ്പ് വിട്ടു. താരം നിലവിൽ തന്റെ ക്ലബ് ആയ ആഴ്‌സണലിലേക്ക് മടങ്ങി. താരത്തിന്റെ പരിക്ക് ആഴ്‌സണൽ പരിശോധിക്കും. പലപ്പോഴും പരിക്ക് അലട്ടുന്ന ടിയേർണിയുടെ അഭാവം സ്കോട്ടിഷ് ടീമിനും തിരിച്ചടിയാണ്.

നിലവിൽ ഹംഗറിയും ആയുള്ള മത്സരം ബാക്കിയുള്ള അവർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആണ്. മികച്ച മൂന്നാം സ്ഥാനക്കാർ ആയെങ്കിലും അടുത്ത റൗണ്ട് കടക്കാൻ സ്കോട്ടിഷ് ടീമിന് ഹംഗറിക്ക് എതിരെ ജയിക്കണം. അതേസമയം കഴിഞ്ഞ സീസണിൽ ലോണിൽ റയൽ സോസിദാഡിൽ കളിച്ച രണ്ടു വർഷത്തെ കരാർ ബാക്കിയുള്ള ആഴ്‌സണലിൽ ബാക്കിയുള്ള ടിയേർണിയുടെ പരിക്ക് ആഴ്‌സണലിന് തിരിച്ചടിയാണ്. താരത്തെ വിൽക്കാൻ ഒരുങ്ങുന്ന ആഴ്‌സണലിന് നിലവിലെ സാഹചര്യത്തിൽ താരത്തെ വിൽക്കുക വലിയ ബുദ്ധിമുട്ട് ആവും.

T20 World Cup; സ്കോട്ട്‌ലൻഡ് ചരിത്രത്തിൽ ആദ്യമായി നമീബിയയെ തോൽപ്പിച്ചു

ലോകകപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സ്കോട്ലൻഡ് നമീബിയയെ പരാജയപ്പെടുത്തി. 6 വിക്കറ്റ് വിജയം ആണ് സ്കോട്ട്‌ലൻഡ് നേടിയത്. ഇതാദ്യമായാണ് സ്കോട്ട്‌ലൻഡ് നമീബിയയെ പരാജയപ്പെടുത്തുന്നത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത നമീബിയ 155 റൺസ് ആണ് എടുത്തത്. 31 പന്തിൽ നിന്ന് 52 റൺസ് നേടിയ ക്യാപ്റ്റൻ എറസ്മസ് മാത്രമാണ് നമീബിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്.

സ്കോട്ലൻഡിനായി വീൽ 3 വിക്കറ്റും ബ്രാഡ്ലി കറി രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്‌ലൻഡ് 18.3 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 35 പന്തിൽ 47 റൺസുമായി ക്യാപ്റ്റൻ ബെരിങ്ടൺ പുറത്താകാതെ നിന്നു‌. മൈക്കിൾ ലെസ്ക് 17 പന്തിൽ നിന്ന് 35 റൺസും എടുത്തു.

സ്കോട്ട്‌ലൻഡിനോട് കണക്കു തീർത്ത് സ്പെയിൻ

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ സ്പെയിന് നിർണായ വിജയം. അവർ സ്കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. മാർച്ചിൽ ഹാംപ്‌ഡൻ പാർക്കിൽ സ്കോട്ട്ലൻഡുകാർ സ്പെയിനിനെ 2-0ന് സ്കോട്ട്‌ലൻഡ് ഞെട്ടിച്ചിരുന്നു‌. അതേ സ്കോറിനാണ് സ്കോട്ട്‌ലൻഡിനെ സ്പെയിൻ ഇന്നലെ തോൽപ്പിച്ചത്‌‌. സ്വന്തം രാജ്യത്ത് ആയിരുന്നിട്ടും സ്പെയിൻ പ്രതീക്ഷിച്ചത് പോലെ എളുപ്പമായിരുന്നില്ല മത്സരം. 73 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു‌.

.

സ്റ്റാർ സ്‌ട്രൈക്കറും ടീം ക്യാപ്റ്റനുമായ അൽവാരോ മൊറാട്ടയിലൂടെ ആണ് സ്‌പെയിൻ 73ആം മിനുട്ടിൽ സമനില തകർത്തത്. പകരക്കാരനായി എത്തിയ ഒയ്ഹാൻ സാൻസെറ്റ് നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ രണ്ടാം ഗോൾ കൂടെ നേടി സ്പെയിനിന്റെ വിജയം ഉറപ്പിച്ചു.

ഇപ്പോഴും സ്കോട്ട്‌ലൻഡ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. അവർക്ക് 15 പോയിന്റ് ഉണ്ട്. സ്പെയിൻ 12 പോയിന്റിൽ നിൽക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ മികവ് പുലര്‍ത്താനാകാതെ സിംബാബ്‍വേ പുറത്ത്!!! സിംബാബ്‍വേയെ വീഴ്ത്തി സ്കോട്‍ലാന്‍ഡ്

ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതിൽ രണ്ടാം തവണയും സിംബാബ്‍വേയും കാലിടറിയപ്പോള്‍ ലോകകപ്പ് യോഗ്യത നേടാനാകാതെ ടീം പുറത്ത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 234/8 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ സിംബാബ്‍വേ 41.1 ഓവറിൽ 203 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

റയാന്‍ ബര്‍ള്‍ 83 റൺസും വെസ്‍ലി മാധേവേരെ 40 റൺസും സിക്കന്ദര്‍ റാസ 34 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. സിംബാബ്‍വേ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് സോള്‍ ആണ് കളിയിലെ താരമായത്.

സ്കോട്‍ലാന്‍ഡിന് വേണ്ടി സോളിനൊപ്പം ബ്രണ്ടന്‍ മക്മുല്ലന്‍, മൈക്കൽ ലീസ്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിംബാബ്‍വേയ്ക്കും സ്കോട്‍ലാന്‍ഡിനും ആറ് പോയിന്റാണെങ്കിലും മികച്ച റൺ റേറ്റ് സ്കോട്‍ലാന്‍ഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ നെതര്‍ലാണ്ട്സ് വലിയ റൺ റേറ്റിൽ വിജയിക്കാത്ത പക്ഷം സ്കോട്‍ലാന്‍ഡ് ശ്രീലങ്കയ്ക്കൊപ്പം ലോകകപ്പിന് യോഗ്യത നേടും.

സ്കോട്‍ലാന്‍ഡിനെ 234 റൺസിലൊതുക്കി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത സൂപ്പര്‍ സിക്സ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. 48 റൺസ് നേടിയ മൈക്കൽ ലീസ്ക് ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. മാത്യു ക്രോസ്(38), ബ്രണ്ടന്‍ മക്മുല്ലന്‍(34), ജോര്‍ജ്ജ് മുന്‍സി(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറുകളിൽ 15 പന്തിൽ നിന്ന് പുറത്താകാതെ 21 റൺസ് നേടിയ മാര്‍ക്ക് വാട്ട് ആണ് സ്കോട്ലാന്‍ഡിനെ ഈ സ്കോറിലേക്ക് നയിച്ചത്. അവസാന രണ്ടോവറിൽ നിന്ന് 28 റൺസാണ് സിംബാബ്‍വേ നേടിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ഷോൺ വില്യംസ് മൂന്നും ടെണ്ടായി ചതാര രണ്ട് വിക്കറ്റും നേടി. ലോകകപ്പ് യോഗ്യത നേടുവാന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഫലം അനുകൂലമാകേണ്ടത് ആവശ്യമാണ്.

163 റൺസിൽ സ്കോട്‍ലാന്‍ഡിനെ ഓള്‍ഔട്ട് ആക്കി, ശ്രീലങ്കയ്ക്ക് 82 റൺസ് വിജയം

ശ്രീലങ്കയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നിൽ തകര്‍ന്നടിഞ്ഞ് സ്കോട്‍ലാന്‍ഡ്. മഹീഷ് തീക്ഷണയും വനിന്‍ഡു ഹസരംഗയും അഞ്ച് വിക്കറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ 29 ഓവറിൽ 163 റൺസിനാണ് സ്കോട്‍ലാന്‍ഡ് ഓള്‍ഔട്ട് ആയത്. തീക്ഷണ 3 വിക്കറ്റും ശ്രീലങ്ക 2 വിക്കറ്റും നേടി.

56 റൺസുമായി പുറത്താകാതെ നിന്ന ക്രിസ് ഗ്രീവ്സ് ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. താരം ബൗളിംഗിൽ നാല് വിക്കറ്റും നേടിയിരുന്നു.

ലങ്കയെ എറിഞ്ഞൊതുക്കി സ്കോട്‍ലാന്‍ഡ്

ലോകകപ്പ് യോഗ്യത മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗിൽ നിരാശ. ഇന്ന് നടന്ന മത്സരത്തിൽ സ്കോട‍്ലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 245 റൺസിന് 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. 75 റൺസ് നേടിയ പതും നിസ്സങ്കയും 63 റൺസ് നേടിയ ചരിത് അസലങ്കയും ഒഴികെ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ലങ്കയുടെ നില പരുങ്ങലിലായി.

സ്കോട്‍ലാന്‍ഡിനായി  ക്രിസ് ഗ്രീവ്സ് നാലും ക്രിസ്റ്റഫര്‍ മക്ബ്രൈഡ്  മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് സോള്‍ രണ്ട് വിക്കറ്റും നേടി.

111 റൺസ് വിജയം, യുഎഇയ്ക്കെതിരെ മിന്നും പ്രകടനവുമായി സ്കോട്‍ലാന്‍ഡ്

യുഎഇയ്ക്കെതിരെ സ്കോട്‍ലാന്‍ഡിന് ലോകകപ്പ് യോഗ്യത മത്സരത്തിൽ മികച്ച വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ഡലാന്‍ഡ് 282 റൺസ് നേടിയപ്പോള്‍ യുഎഇ 171 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 111 റൺസിന്റെ വലിയ വിജയം ആണ് സ്കോട്‍ലാന്‍ഡ് കരസ്ഥമാക്കിയത്.

റിച്ചി ബെറിംഗ്ടൺ 127 റൺസ് നേടിയാണ് സ്കോട്‍ലാന്‍ഡിനെ 282 റൺസിലേക്ക് എത്തിച്ചത്. മാര്‍ക്ക് വാട്ട് 44 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മൈക്കൽ ലീസെക് 41 റൺസ് നേടി. യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കി 3 വിക്കറ്റും അലി നാസ്സര്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് 35.3 ഓവറിൽ 171 റൺസേ നേടാനായുള്ളു. സയ്ഫാന്‍ ഷറീഫ് 4 വിക്കറ്റും ക്രിസ് സോള്‍ മൂന്ന് വിക്കറ്റും നേടി സ്കോട്‍ലാന്‍ഡിനായി തിളങ്ങിയപ്പോള്‍ 36 റൺസ് നേടിയ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്കോറര്‍.

ത്രസിപ്പിക്കും വിജയം, അവസാന പന്തിൽ അയര്‍ലണ്ടിനെ മറികടന്ന് സ്കോട്‍ലാന്‍ഡ്

അയര്‍ലണ്ടിന് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടര്‍ച്ചയായ രണ്ടാം പരാജയം. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിൽ അവസാന പന്തിൽ രണ്ട് റൺസ് വേണ്ടപ്പോള്‍ ബൗണ്ടറി നേടി മൈക്കൽ ലീസ്കാണ് സ്കോട‍്‍ലാന്‍ഡിന്റെ ഒരു വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 286/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ സ്കോട്‍ലാന്‍ഡ് അവസാന പന്തിൽ വിജയം കുറിച്ചു.

61 പന്തിൽ 91 റൺസുമായി പുറത്താകാതെ നിന്ന മൈക്കൽ ലീസ്കിന്റെ നിര്‍ണ്ണായക പ്രകടനത്തിന് മാര്‍ക്ക് വാട്ട്(47), ക്രിസ്റ്റഫര്‍ മക്ബ്രൈഡ്(56) എന്നിവരും പിന്തുണ നൽകിയാണ് സ്കോട്‍‍ലാന്‍ഡിന്റെ വിജയം ഒരുക്കിയത്. അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍ മൂന്നും ജോഷ്വ ലിറ്റിൽ, ജോര്‍ജ്ജ് ഡോക്രൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇതിൽ ജോഷ്വ ലിറ്റിൽ 10 ഓവറിൽ 73 റൺസാണ് വഴങ്ങിയത്.

Exit mobile version