രഹാനെ ലെസ്റ്റർഷെയറുമായി കരാർ ഒപ്പുവെച്ചു

ലെസ്റ്റർഷെയറുമായി കൗണ്ടി സീസണിൻ്റെ രണ്ടാം പകുതിയിൽ കളിക്കാൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ അജിങ്ക്യ രഹാനെ കരാർ ഒപ്പുവച്ചു. ക്ലബ്ബിന് ഒപ്പം ഏകദിന കപ്പിലും അഞ്ച് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും രഹാനെ കളിക്കും. കഴിഞ്ഞ സീസണിലും രഹാനെ ലെസ്റ്റർഷെയറുമായി കരാർ ഒപ്പുവെച്ചിരുന്നു എങ്കിലും കളിച്ചിരുന്നില്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തിയത് കൊണ്ടായിരുന്നു രഹാനെ കഴിഞ്ഞ വേനൽക്കാലത്ത് ലെസ്റ്റർഷെയറിൽ ചേരാതിരുന്നത്.

“അജിങ്ക്യയുടെ നിലവാരമുള്ള ഒരാളെ ലെസ്റ്റർഷെയറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ലെസ്റ്റർഷെയറിൻ്റെ ക്രിക്കറ്റ് ഡയറക്ടർ ക്ലോഡ് ഹെൻഡേഴ്സൺ പറഞ്ഞു.

“കഴിഞ്ഞ വർഷം അജിങ്ക്യയുടെ ഷെഡ്യൂൾ കാരണം ഞങ്ങൾക്ക് ഒപ്പം ചേരാനായില്ല എന്നത് നിർഭാഗ്യകരമാണ്, എന്നാൽ ഈ സീസണിൻ്റെ അവസാനത്തോടെ അദ്ദേഹത്തിൻ്റെ സേവനം ഉറപ്പിക്കാൻ ആയത് ക്ലബിന് ഒരു വലിയ ഉത്തേജനമാണ്.” അദ്ദേഹം പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 45.76 ശരാശരിയിൽ 13,000 റൺസും ലിസ്റ്റ് എയിൽ 39.72 ശരാശരിയിൽ 6475 റൺസും രഹാനെ നേടിയിട്ടുണ്ട്.

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ ടൂര്‍ണ്ണമെന്റുകളില്‍ ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ കളിച്ചിട്ടുണ്ട്.

മുഹമ്മദ് നബിയ്ക്ക് ശേഷം കൗണ്ടിയ്ക്കായി കളിക്കുന്ന രണ്ടാമത്തെ അഫ്ഗാന്‍ അന്താരാഷ്ട്ര താരമാണ് നവീന്‍ ഉള്‍ ഹക്ക്. ജൂണ്‍ 9ന് ആണ് ടി20 ബ്ലാസ്റ്റ് ആരംഭിയ്ക്കുന്നത്.

Exit mobile version