ഷഹീന്‍ അഫ്രീദി ഹാംഷയറിലേക്ക്, ടി20 ബ്ലാസ്റ്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര അവസാനിച്ചതോടെ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ എത്തുന്നു. ഹാംഷറയിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച സറേയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ താരത്തിനെ ഈ സീസണില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് വേണ്ടി ക്ലബ് കരാറിലെത്തിച്ചിരുന്നുവെങ്കിലും പിന്നീട് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് എല്ലാം ഒഴിവാക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഷഹീന്‍ അഫ്രീദിയ്ക്ക് ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനുള്ള അനുമതി പാക്കിസ്ഥാന്‍ ബോര്‍ഡും തീരുമാനിച്ചതോടെ താരം ഇംഗ്ലണ്ടില്‍ തങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴോളം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം സോമര്‍സെറ്റിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കുന്നുണ്ട്.

ടി20 ബ്ലാസ്റ്റിലേക്ക് ബാബര്‍ അസം, താരം കളിക്കുക സോമര്‍സെറ്റിനായി

ഈ വര്‍ഷം ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ ബാബര്‍ അസം വീണ്ടും മടങ്ങിയെത്തും. താരം സോമര്‍സെറ്റിനായി കളിക്കുവാന്‍ വേണ്ടിയാവും തിരികെ എത്തുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആവും ബാബര്‍ ടീമിനൊപ്പം ചേരുക. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക്കിസ്ഥാന്‍ ടീമിലെ അംഗമാണ് പരിമിത ഓവര്‍ ടീം നായകന്‍ കൂടിയായ ബാബര്‍ അസം.

ഒക്ടോബര്‍ 4 വരെ താരം ടി20 ബ്ലാസ്റ്റില്‍ കളിക്കും. ടീമിനായി ലീഗിലെ അവസാന ഏഴ് മത്സരങ്ങള്‍ക്കും ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ അവയില്‍ കളിക്കുവാനും ബാബര്‍ അസം ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സോമര്‍സെറ്റിനായി കളിച്ച് 578 റണ്‍സാണ് താരം നേടിയത്.

കൊല്‍ക്കത്തയ്ക്ക് ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ 2020ല്‍ പേസര്‍ ഹാരി ഗുര്‍ണേയുടെ സേവനം നഷ്ടമാകും. ഐപിഎല്‍ കൂടാതെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ നിന്നും പരിക്ക് മൂലം താന്‍ പിന്മാറുകയാണെന്ന് താരം തന്നെയാണ് അറിയിച്ചത്. ടി20 മത്സരങ്ങളില്‍ 190 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

ടി20 ബ്ലോസ്റ്റില്‍ നോട്ടിംഗാംഷയിന് വേണ്ടിയാണ് താരം കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീമിനായി 22 വിക്കറ്റ് നേടിയത താരം ടീമിനായി ഏറ്റവും ്ധികം വിക്കറ്റ് നേടിയ താരം കൂടിയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗാംഷയറിനൊപ്പമായിരുന്നുവെന്നും ഈ സീസണില്‍ അവര്‍ക്കായി കളിക്കാനാകാത്തതില്‍ ഏറെ ദുഖമുണ്ടെന്നും ഗുര്‍ണേ വ്യക്തമാക്കി.

 

ടി20 ബ്ലാസ്റ്റിന് അയര്‍ലണ്ട് നായകനും, ബാല്‍ബിര്‍ണേയെ സ്വന്തമാക്കിയത് ഗ്ലാമോര്‍ഗന്‍

അയര്‍ലണ്ട് നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെ സ്വന്തമാക്കി ഗ്ലാമോര്‍ഗന്‍. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാവും. ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലണ്ട് വിജയം നേടിയപ്പോള്‍ ശതകം നേടിയ പ്രകടനം ആന്‍ഡ്രൂ ബാല്‍ബിര്‍ണേ പുറത്തെടുത്തിരുന്നു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കുന്ന വ്യക്തിയാണ് ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നാണ് ഗ്ലാമോര്‍ഗന്‍ ഡയറക്ടര്‍ മാര്‍ക്ക് വാലസ് പറഞ്ഞത്.

റെഡ് ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും മാറി മാറി കളിക്കാമെന്ന് അറിയിച്ച് ഇംഗ്ലീഷ് കൗണ്ടികള്‍

കൊറോണ മൂലം ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെങ്കിലും സീസണില്‍ വൈറ്റ് ബോള്‍ ടൂര്‍ണ്ണമന്റും റെഡ് ബോള്‍ ടൂര്‍ണ്ണമെന്റും മാറി മാറി കളിക്കാമെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് കൗണ്ടികള്‍. ചുരുക്കിയ സീസണാവും ഈ വര്‍ഷമെന്ന് ഉറപ്പായതോടെ ഒരു ഫോര്‍മാറ്റ് അവസാനിച്ചിട്ട് അടുത്ത ഫോര്‍മാറ്റ് ആരംഭിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട വെച്ചത്.

ഈ തീരുമാനത്തെ വരും ആഴ്ചയില്‍ ഇംഗ്ലണ്ട് ബോര്‍ഡ് അംഗീകരിക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 1ന് ഇംഗ്ലണ്ടിലെ ആഭ്യന്തര സീസണ്‍ ആരംഭിക്കാനാകുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ടി20 ബ്ലാസ്റ്റിനായി ഹാമിഷ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയറിനൊപ്പമെത്തും

ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് എത്തും. വോര്‍സ്റ്റര്‍ഷയറിനൊപ്പമാണ് താരം കരാറിലെത്തിയിരിക്കുന്നത്. കരാര്‍ പ്രകാരം ഈ ടി20 ബ്ലാസ്റ്റ് സീസണ്‍ മുഴുവന്‍ താരം ടീമിനൊപ്പമുണ്ടാകും എന്നാണ് അറിയുന്നത്. ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ടര്‍ണറുടെ അഭാവത്തിലാണ് കൗണ്ടി ഹാമിഷുമായി കരാറിലെത്തിയിരിക്കുന്നത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ കാരണമാണ് ടര്‍ണര്‍ ഈ വര്‍ഷം ടി20 ബ്ലാസ്റ്റിനെത്താത്തത്. കഴിഞ്ഞ ഒക്ടോബറില്‍ 2020 സീസണിലേക്ക് ഹാമിഷ് റൂഥര്‍ഫോര്‍ഡിനെ എല്ലാ ഫോര്‍മാറ്റിലേക്കുമാണ് കൗണ്ടി കരാറിലെത്തിച്ചതെങ്കിലും കൊറോണയുടെ സ്ഥിതി കാരണം താരത്തിനെ ഇപ്പോള്‍ ടി20 ബ്ലാസ്റ്റിന് വേണ്ടി മാത്രമാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം താരം ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ്സിലും ലിസ്റ്റ് എ മത്സരത്തിലും ശതകങ്ങള്‍ നേടിയിരുന്നു. എസ്സെക്സുമായുള്ള ടി20 ബ്ലാസ്റ്റ് ഫൈനല്‍ മത്സരത്തിലും റൂഥര്‍ഫോര്‍ഡ് ടീമിന്റെ ഭാഗമായിരുന്നു. മത്സരത്തില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുന്നതില്‍ വോര്‍സ്റ്റര്‍ഷയര്‍ പരാജയപ്പെടുകയായിരുന്നു.

കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. താരം ഈ ടി20 ബ്ലാസ്റ്റ് സീസണിലെ എല്ലാ മത്സരങ്ങളിലും ടീമിനായി കളിക്കാനിരുന്നതാണ്. ഇരുവരും നിലവിലെ സ്ഥിതിയ്ക്ക് അനുയോജ്യമായ തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും തീരുമാനം അംഗീകരിച്ചതിന് താരത്തോട് നന്ദി പറയുന്നുവെന്നും സോമര്‍സെറ്റ് ഡയറക്ടര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 1 വരെ ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ക്ലബുകളെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തരത്തില്‍ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുകയാണ്.

ആന്‍ഡ്രേ ടൈയുടെയും ഖൈസ് അഹമ്മദിന്റെയും കരാറുകള്‍ റദ്ദാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ ഖൈസ് അഹമ്മദും. ഇരു താരങ്ങളും ഗ്ലൗസ്റ്റര്‍ഷയറില്‍ ടി20 ബ്ലാസ്റ്റിനായി കളിക്കാനിരുന്നിരുന്നവരാണ്. എന്നാല്‍ കൊറോണ വ്യാപനം മൂലം ലീഗ് തന്നെ അനിശ്ചിതത്വത്തിലായപ്പോള്‍ താരങ്ങളുടെ കരാര്‍ റദ്ദാക്കി.

നേരത്തെ ക്ലബ് ഇന്ത്യന്‍ താരം പുജാരയുടെ കൗണ്ടി കരാര്‍ റദ്ദാക്കിയിരുന്നു. ജൂലൈ ഒന്ന് വരെ ഇംഗ്ലണ്ടില്‍ യാതൊരുവിധ ക്രിക്കറ്റും നടക്കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കൗണ്ടിയ്ക്ക് പുറമേ ടി20 ചാമ്പ്യന്‍ഷിപ്പിലെ കരാറുകളും ക്ലബുകള്‍ റദ്ദാക്കുവാന്‍ തുടങ്ങിയത്.

ഇരു താരങ്ങളെയും അടുത്ത വര്‍ഷം ടീമിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡ് ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രഡും അടുത്ത വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

ടി20 ബ്ലാസ്റ്റിന് ലങ്കാഷയറുമായി കരാറിലെത്തി മാക്സ്വെല്‍

ടി20 ബ്ലാസ്റ്റ് 2020ന് വേണ്ടി ലങ്കാഷയറുമായി വീണ്ടും കരാറിലെത്തി ഗ്ലെന്‍ മാക്സ്വെല്‍. ടൂര്‍ണ്ണമെന്റില്‍ എട്ടോളം മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുടെ സേവനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം താരം ദേശീയ ടീമിലേക്ക് മടങ്ങിപ്പോകും. 2019ല്‍ ടീമിനായി എല്ലാ ഫോര്‍മാറ്റിലും കളിച്ച താരമാണ് മാക്സ്വെല്‍. അതോടെ ടീമിന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ഫസ്റ്റ് ഡിവിഷനിലേക്ക് യോഗ്യത നേടാനുമായി.

11 മത്സരങ്ങളില്‍ നിന്ന് 305 റണ്‍സാണ് മാക്സ്വെല്‍ കഴിഞ്ഞ ടി20 ബ്ലാസ്റ്റില്‍ നേടിയത്. ടീമിനായുള്ള ആദ്യ മത്സരത്തില്‍ 30 പന്തില്‍ താരം അര്‍ദ്ധ ശതകവും നേടിയിരുന്നു. ആറ് വിക്കറ്റും നേടിയ താരത്തെ ലങ്കാഷയര്‍ തങ്ങളുടെ 2019ലെ ടി20 താരമായി തിരഞ്ഞെടുക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷ് ടി20 ബ്ലാസ്റ്റിലേക്ക്, മിഡില്‍സെക്സിനായി കളിക്കും

2020 ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മിഡില്‍സെക്സുമായി കരാറിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലേക്കാണ് കരാറിലെത്തിയിരിക്കുന്നതെങ്കിലും ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടന്നാല്‍ കരാര്‍ പുതുക്കുവാനുള്ള ഉപാധി മിച്ചല്‍ മാര്‍ഷിന്റെ കരാറിലുണ്ട്. മിഡില്‍സെക്സിന് കളിക്കുവാനുള്ള അവസരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മിച്ചല്‍ മാര്‍ഷ് അറിയിച്ചു.

മുജീബ് ഉര്‍ റഹ്മാന് ശേഷം മിഡില്‍സെക്സ് കരാറിലത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് മിച്ചല്‍ മാര്‍ഷ്.

ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണ്ണമെന്റിലുടനീളം താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിലെ ആരാധകരുടെ മുന്നില്‍ കളിക്കുക എന്നത് താന്‍ എന്നും ആസ്വദിച്ചിട്ടുള്ള കാര്യമാണെന്നും ഷഹീന്‍ അഫ്രീദി അഭിപ്രായപ്പെട്ടു. തന്റെ കന്നി അനുഭവത്തിനായി താന്‍ ഉറ്റുനോക്കുകയാണെന്നും താരം പറഞ്ഞു.

ഷഹീന്‍ അഫ്രീദിയുടെ വരവ് തന്റെ ടീമിന്റെ ബൗളിംഗ് യൂണിറ്റിനെ ശക്തിപ്പെടുത്തുമെന്ന് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ഗൈല്‍സ് വൈറ്റ് പറഞ്ഞു. ലോക ക്രിക്കറ്റിലെ ഉദിച്ചുയരുന്ന പ്രതിഭയാണ് താരമെന്നും ഗൈല്‍സ് അഭിപ്രായപ്പെട്ടു പാക്കിസ്ഥാനായി ആറ് ടെസ്റ്റ, 19 ഏകദിനം, 10 ടി20 മത്സരങ്ങളില്‍ നിന്നായി 73 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

മിഡില്‍സെക്സിലേക്ക് രണ്ടാം വരവിനായി മുജീബ് എത്തുന്നു

ടി20 ബ്ലാസറ്റില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കി മിഡില്‍സെക്സ്. 2019 സീസണില്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുജീബ്. അന്ന് പത്ത് മത്സരങ്ങളില്‍ ടീമിനായി താരം കളിച്ചപ്പോള്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ ടീം യോഗ്യത നേടുകയാണെങ്കില്‍ താരം ഒപ്പമുണ്ടാകും.

മിഡില്‍സെക്സില്‍ താന്‍ ചിലവഴിച്ച സമയം ആനന്ദകരമായിരുന്നുവെന്നും തിരിച്ചുവരുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും മുജീബ് വ്യക്തമാക്കി. പവര്‍ പ്ലേയില്‍ കണിശതയോടെ പന്തെറിയുവാനുള്ള താരത്തിന്റെ കഴിവ് താരത്തെ വ്യത്യസ്തമാക്കുന്നുവെന്നും ടീമിന് ഒരു മുതല്‍ക്കൂട്ടാണ് താരമെന്നും കോച്ച് സ്റ്റുവര്‍ട് ലോയും അഭിപ്രായപ്പെട്ടു.

Exit mobile version