കാത്തിരിക്കൂ, ആര്‍ച്ചര്‍ കൊടുങ്കാറ്റായി മാറുന്ന ദിവസം വിദൂരമല്ല

എതിര്‍ ടീമുകളുടെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞ് കൊടുങ്കാറ്റായി ജോഫ്ര ആര്‍ച്ചര്‍ മാറുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ ആദ്യ പതിമൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് 6 മെയ്ഡന്‍ ഓവറുകള്‍ ഉണ്ടായിരുന്നു. കൂടാതെ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ പുറത്താക്കി തന്റെ കന്നി ടെസ്റ്റ് വിക്കറ്റും താരം നേടി. കൃത്യതയോടെ പേസോടെ പന്തെറിയുകയായിരുന്നു ജോഫ്ര ആര്‍ച്ചര്‍.

ലോകകപ്പ് ജേതാവായ വിജയിച്ച ക്രിക്കറ്റാണ് ജോഫ്രയെങ്കിലും താരം ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യനായ താരമാണെന്നാണ് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞത്. ലോര്‍ഡ്സില്‍ നാലാമത്തെയും അഞ്ചാമത്തെയും ദിവസത്തിലും താരത്തിന് വേണ്ടത്ര ബൗണ്‍സും ഹൈറ്റും നേടാനാകുമെന്നാണ് തന്റെ വിലയിരുത്തലെന്ന് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു. മികച്ച ബൗണ്‍സറുകളും ലൈനും ലെഗ്ത്തുമെല്ലാം ജോഫ്രയുടെ കരുത്താണെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടി.

വരും കാലത്തില്‍ എതിരാളികളുടെ വിക്കറ്റുകള്‍ കടപുഴകുന്ന കൊടുങ്കാറ്റായി ജോഫ്ര മാറുന്നത് ലോകം കാണുമെന്നും ബ്രോഡ് പറഞ്ഞു. ഇത് ജോഫ്രയുടെ ആദ്യ ടെസ്റ്റ് മാത്രമാണ്. താരം ഇനിയങ്ങോട്ടുള്ള മത്സരങ്ങളില്‍ അനുദിനം മെച്ചപ്പെടുമെന്നത് ഉറപ്പാണെന്നും ബ്രോഡ് കൂട്ടിചേര്‍ത്തു.

ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജ മികച്ച ഫോമിലാണെന്ന സൂചനകള്‍ നല്‍കിയെങ്കിലും താരത്തെ ക്രിസ് വോക്സ് പുറത്താക്കി. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ(13) പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ ട്രാവിസ് ഹെഡിനെ(7) ബ്രോഡ് പുറത്താക്കി.

മാത്യൂ വെയിഡിനെ പൂജ്യത്തിന് ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും താരം തീരുമാനം റിവ്യൂ ചെയ്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 23 പന്തുകള്‍ നേരിട്ടുവെങ്കിലും ഇതുവരെ അക്കൗണ്ട് തുറക്കുവാന്‍ വെയ്ഡിന് സാധിച്ചില്ല. 13 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിലാണ് ഓസീസ് പ്രതീക്ഷകളെല്ലാം നിലകൊള്ളുന്നത്.

വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി നില്‍ക്കുന്നു

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5 റണ്‍സ് നേടി കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ രണ്ട് ടെസ്റ്റുകളായി മൂന്ന് ഇന്നിംഗ്സുകളിലും ബ്രോഡ് തന്നെയാണ് വാര്‍ണറുടെ അന്തകനായി മാറിയത്.

ഇംഗ്ലണ്ടിന്റെ സ്കോറിന് 228 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്.

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. 88 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 44 റണ്‍സ് നേടിയ പീറ്റര്‍ സിഡിലിനെ മോയിന്‍ അലി പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് ഇംഗ്ലണ്ട് തകര്‍ത്തത്. അവസാന വിക്കറ്റില്‍ നഥാന്‍ ലയണിനെ സാക്ഷിയാക്കി തന്റെ ശതകം തികച്ച സ്റ്റീവന്‍ സ്മിത്ത് 74 റണ്‍സാണ് നേടിയത്.  സ്റ്റുവര്‍ട് ബ്രോഡാണ് 144 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീഴ്ത്തിയത്.

സ്റ്റീവന്‍ സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ് 35 റണ്‍സുമായി മറ്റൊരു പ്രധാന സ്കോറര്‍ ആയി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റ് നേടി. ഓസ്ട്രേലിയ 80.4 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടോവറില്‍ നിന്ന് ഇംഗ്ലണ്ട് 10 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്. ജേസണ്‍ റോയ് 6 റണ്‍സും റോറി ബേണ്‍സ് 4 റണ്‍സും  നേടി പുറത്താകാതെ നില്‍ക്കുന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ് സാധ്യമാക്കി സ്മിത്ത്-ഹെഡ് കൂട്ടുകെട്ട്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം സെഷനില്‍ തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അധികം വൈകാതെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണറെയും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെയും സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 17/2 എന്ന നിലയിലേക്ക് വീണു. അതിനു ശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവന്‍ സ്മിത്തും ടീമിന്റെ രക്ഷയ്ക്കെത്തുമെന്ന് കരുതിയെങ്കിലും ക്രിസ് വോക്സ് ഉസ്മാന്‍ ഖവാജയെ(13) പുറത്താക്കി ഓസ്ട്രേലിയയുടെ നില പരുങ്ങലിലാക്കി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ട്രാവിസ് ഹെഡ്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട് നേടിയ 48 റണ്‍സാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് നേടിയിട്ടുള്ളത്. ട്രാവിസ് ഹെഡ് 26 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും നേടി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു.

അയര്‍ലണ്ടിനെ ചുരുട്ടിക്കെട്ടി വോക്സും ബ്രോഡും, ഇംഗ്ലണ്ടിന് 143 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ 182 റണ്‍സ് ലക്ഷ്യം തേടിയിറങ്ങുമ്പോള്‍ ചരിത്രം കുറിയ്ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അയര്‍ലണ്ട്. എന്നാല്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനം ടീം പുറത്തെടുത്തപ്പോള്‍ 15.4 ഓവറില്‍ അയര്‍ലണ്ട് 38 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 143 റണ്‍സിന്റെ വിജയമാണ് ടീം കരസ്ഥമാക്കിയത്. 11 റണ്‍സ് നേടിയ ജെയിംസ് മക്കല്ലോം മാത്രമാണ് അയര്‍ലണ്ട് നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയ താരം.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് ആറ് വിക്കറ്റും സ്റ്റുവര്‍ട് ബ്രോഡ് 4 വിക്കറ്റും നേടിയാണ് അയര്‍ലണ്ടിന്റെ നടുവൊടിച്ചത്.

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 58.2 ഓവറില്‍ 207 റണ്‍സിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് അയര്‍ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. മോയിന്‍ അലിയ്ക്കാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ്.

55 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 36 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ ഒബ്രൈന്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാലറ്റത്തില്‍ ആന്‍ഡി മക്ബ്രൈന്‍(11), ടിം മുര്‍ടാഗ്(16) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഒരോവര്‍ കൂടി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആ ഓവര്‍ ഒരു റണ്‍സും എടുക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

20 വിക്കറ്റുകള്‍ വീണ ആദ്യ ദിവസത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനായി ഇംഗ്ലണ്ട് ഗംഭീര രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുറത്തെടുക്കേണ്ടതായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും

വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ചില്‍ സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലുള്ള താരം ഏകദിന ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ എംസിസിയ്ക്ക് വേണ്ടി കളിക്കാനെത്തുമെന്ന് ഉറപ്പാണ്.

യുഎഇയില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കൗണ്ടി ചാമ്പ്യന്മാര്‍ തിരഞ്ഞെടുത്ത ഒരു ഇലവനുമായി കളിക്കുന്നൊരു ഫിക്സ്ച്ചര്‍ ആണ് വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ച്. മത്സരം മാര്‍ച്ച് 24നു ദുബായിയില്‍ നടക്കും. ചതുര്‍ദിന മത്സരമായാണ് ഈ മത്സരം അരങ്ങേറുക. 2019 എംസിസി സ്ക്വാഡിനെ പതിയെ നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് അറിയുന്നത്.

വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. ഡാരെന്‍ ബ്രാവോ തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 22 റണ്‍സ് നേടി പുറത്തായി. വിന്‍ഡീസ് ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയ ഏക താരം ഡാരെന്‍ ബ്രാവോ ആയിരുന്നു.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

85 റണ്‍സ് ലീഡുമായി വിന്‍ഡീസ്

ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയെങ്കിലും 85 റണ്‍സ് ലീഡോടു കൂടി രണ്ടാം ദിവസം 272/6 എന്ന നിലയില്‍ വിന്‍ഡീസ് കളിയവസാനിപ്പിക്കുകയായിരുന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ്(49)-ജോണ്‍ കാംപെല്‍(47) സഖ്യം ഒന്നാം വിക്കറ്റില്‍ 70 റണ്‍സും ബ്രാത്‍വൈറ്റ്-ഷായി ഹോപ്(44) കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 63 റണ്‍സും നേടിയ ശേഷം വിന്‍ഡീസിനു തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. 133/1 എന്ന നിലയില്‍ നിന്ന് 155/4 എന്ന നിലയിലേക്ക് വീണുവെങ്കിലും ഡാരെന്‍ ബ്രാവോ(33*), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ഷെയിന്‍ ഡോവ്റിച്ച്(31) എന്നിവര്‍ നിര്‍ണ്ണായക സംഭാവനകള്‍ നേടി ടീമിനു ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ 36 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയോടൊപ്പം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍(19*) ആണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. 150നു പുറത്ത് ലീഡ് എത്തിക്കുക എന്നതാവും മൂന്നാം ദിവസം വിന്‍ഡീസിന്റെ ലക്ഷ്യം.

ബാര്‍ബഡോസില്‍ ഹാട്രിക്കുമായി സ്റ്റുവര്‍ട് ബ്രോഡ്

വിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഹാട്രിക് നേട്ടവുമായി സ്റ്റുവര്‍ട് ബ്രോഡ്. അഞ്ച് പന്തുകള്‍ക്കിടയില്‍ നാല് വിക്കറ്റ് നേടിയ ബ്രോഡ് ഇതില്‍ ഹാട്രിക്ക് നേട്ടവും ആഘോഷിച്ചു. ജനുവരി 16 തന്റെ ഭാഗ്യദിനം ആയിരിക്കുമെന്നാണ് ബ്രോഡ് പ്രതികരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസം താന്‍ വാണ്ടറേഴ്സില്‍ 6 വിക്കറ്റുകള്‍ നേടിയിരുന്നു.

നേരത്തെ നിശ്ചയിച്ച പ്രകാരം സന്നാഹ മത്സരത്തിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് പൂര്‍ണ്ണായും ബൗള്‍ ചെയ്യുകയായിരുന്നു. എത്ര വിക്കറ്റുകള്‍ വീണാലും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ദിവസം മുഴുവന്‍ പന്തെറിയാമെന്നായിരുന്നു തീരുമാനം. ഇംഗ്ലണ്ടിനു ആവശ്യത്തിനു മത്സര പരിചയം ലഭിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇംഗ്ലണ്ട് 19 വിക്കറ്റുകളാണ് രണ്ടാം ദിവസം നേടിയത്.

ജെയിംസ് ആന്‍ഡേഴ്സണ് വിശ്രമം, പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമില്‍

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് ജെയിംസ് ആന്‍ഡേഴ്സണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചു. താരത്തിനു പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമില്‍ എത്തുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ശ്രീലങ്കയിലെ നാല് ഇന്നിംഗ്സുകളിലായി 41 ഓവറുകള്‍ മാത്രമാണ് ആന്‍ഡേഴ്സണ്‍ എറിഞ്ഞത്. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കിയ പിച്ചുകളായിരുന്നു ഗോളിലും കാന്‍ഡിയിലും ഒരുക്കപ്പെട്ടത്.

ജാക്ക് ലീഷ്, മോയിന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേരയുമാണ് വിക്കറ്റുകള്‍ ഏറ്റവും അധികം നേടിയിട്ടുള്ളത്. മോയിന്‍ അലിയും പെരേരയും 14 വീതം വിക്കറ്റ് നേടിയപ്പോള്‍ ജാക്ക് ലീഷിനു 13 വിക്കറ്റാണ് ലഭിച്ചത്.

Exit mobile version