സച്ചിനെ റണ്ണൗട്ട് ആക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം – ആരോണ്‍ ഫിഞ്ച്

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അവസരത്തിലുള്ള അനുഭവം പങ്കുവെച്ച് ആരോണ്‍ ഫിഞ്ച്. എംസിസിയ്ക്ക് വേണ്ടി ബൈസെന്റനറി ആഘോഷങ്ങളുടെ ഭാഗമായി കളിച്ചപ്പോള്‍ സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാന്‍ ഫിഞ്ചിന് സാധിച്ചിരുന്നു. റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമിനെതിരെ മത്സരിച്ച് 181 റണ്‍സ് നേടി ഫിഞ്ചാണ് ടീമിനെ മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ചത്.

താന്‍ സച്ചിനെ റണ്ണൗട്ട് ആക്കരുത് എന്ന് മാത്രമായിരുന്നു അന്ന് ചിന്തിച്ചിരുന്നതെന്ന് ആരോണ്‍ ഫിഞ്ച് സംഭവം ഓര്‍ത്തെടുത്തു പറഞ്ഞു. വലിയ ജനക്കൂട്ടമായിരുന്നു അന്നെന്നും ആ മത്സരം തന്റെ ഓര്‍മ്മയില്‍ എന്നുമുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി. സച്ചിന്‍ എംസിസിയെയും ഷെയിന്‍ വോണ്‍ റെസ്റ്റ് ഓഫ് ദി വേള്‍ഡിനെയും ആണ് അന്ന് നയിച്ചത്.

അന്ന് സച്ചിനും ലാറയ്ക്കുമൊപ്പം തനിക്ക് കളിക്കാനായെന്നും അത് വളരെ രസകരമായ അനുഭവമാണെന്നും ഫിഞ്ച് സൂചിപ്പിച്ചു. സച്ചിന്‍ 44 റണ്‍സും ലാറം 23 റണ്‍സുമാണ് അന്ന് നേടിയത്. സച്ചിന് പുറമെ അന്ന് യുവരാജ് സിംഗ്, വിരേന്ദര്‍ സേവാഗ് എന്നിവര്‍ക്കൊപ്പവും ഫിഞ്ചിന് കളിക്കാനായിരുന്നു. ഇവരെല്ലാം എതിര്‍ ടീമിലെ അംഗങ്ങളായിരുന്നു.

ക്ലെയര്‍ കോണ്ണോര്‍ എംസിസിയുടെ അടുത്ത പ്രസിഡന്റ്

എംസിസിയുടെ അടുത്ത പ്രസിഡന്റായി ഇംഗ്ലണ്ട് മുന്‍ വനിത താരം ക്ലെയര്‍ കോണ്ണോര്‍ ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ 233 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റാവും ക്ലെയര്‍. നിലവിലെ പ്രസിഡന്റ് കുമാര്‍ സംഗക്കാരയാണ് ക്ലെയറിന്റെ നോമിനേഷന്‍ ശ്രീലങ്കയില്‍ നിന്ന് വീഡിയോ സന്ദേശം വഴി അറിയിച്ചത്.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് കൂടി സംഗക്കാരയോട് പ്രസിഡന്റായി തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ 2021ലാവും കോണ്ണോര്‍ എംസിസി പ്രസി‍ഡന്റായി ചുമതലയേല്‍ക്കും. 2009ല്‍ ആണ് കോണറിനെ എംസിസിയുടെ ഹോണററി ലൈഫ് മെമ്പര്‍ ആയി പ്രഖ്യാപിച്ചത്.

നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വനിത ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ ആണ് കോണ്ണോര്‍.

പാക്കിസ്ഥാനിലേക്ക് എത്തുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാര നയിക്കും

2020ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാ നയിക്കും. എംസിസിയുടെ ലോക ക്രിക്കറ്റ് കമ്മിറ്റി പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള പര്യടനം ആണിത്. പാക്കിസ്ഥാനിലേക്ക് പത്ത് വര്‍ഷത്തിന് ശേഷം ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങള്‍ക്കായ എത്തിയപ്പോളാണ് രാജ്യത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വീണം മടങ്ങിയെത്തുന്നത്. 2009ലെ ദാരുണമായ സംഭവങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്രതലത്തില്‍ ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്, അപ്പോള്‍ പാക്കിസ്ഥാന്‍ പോലുള്ള രാജ്യത്തെ ക്രിക്കറ്റിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് എംസിസി പ്രസിഡന്റായ സംഗക്കാര പറഞ്ഞു.

എംസിസി ടീമിനെ നയിക്കാനാകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സംഗക്കാര വെളിപ്പെടുത്തി. ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നടക്കുക.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാണ്ടിന്

2019 ലോകകപ്പ് ഫൈനലിന് ശേഷമുള്ള തങ്ങളുടെ സ്പോര്‍ട്ടിംഗായിട്ടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കി ന്യൂസിലാണ്ട്. ബിബിസി ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന അവാര്‍ഡ് എതിരാളികളോടും, സ്വന്തം ക്യാപ്റ്റനോടും ടീമിനോടും അമ്പയര്‍മാരോടും ക്രിക്കറ്റിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന താരത്തിനോ ടീമിനോ നല്‍കി വരുന്ന അവാര്‍ഡാണ്.

ഫൈനലില്‍ നിശ്ചിത 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഒപ്പം നില്‍ക്കുകയായിരുന്നു. അതിന് ശേഷം സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയി അവസാനിച്ചപ്പോള്‍ കിരീടം കൂടുതല്‍ ബൗണ്ടറി നേടിയെന്ന മാനദണ്ഡം അനുസരിച്ച് ഇംഗ്ലണ്ടിന് നല്‍കുകയായിരുന്നു.

ഹാമിള്‍ട്ടണിലെ ഇംഗ്ലണ്ട്-ന്യൂസിലാണ്ട് ടെസ്റ്റിന് ശേഷം വില്യംസണ് അവാര്‍ഡ് നല്‍കുകയായിരുന്നു. 2013 മുതല്‍ എംസിസി(മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്) ആണ് ട്രോഫി നല്‍കി വരുന്നത്.

എംസിസിയുടെ പ്രസിഡന്റായി സംഗക്കാര, ചുമതലയേല്‍ക്കുക 2019 ഒക്ടോബര്‍ മുതല്‍

മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ അടുത്ത പ്രസിഡന്റായി കുമാര്‍ സംഗക്കാര ചുമതലയേല്‍ക്കും. ബ്രിട്ടീഷുകാരനല്ലാത്ത ക്ലബ്ബിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരിക്കും സംഗക്കാര. 2012ല്‍ ആജീവനാന്ത അംഗത്വം ലഭിച്ച സംഗക്കാര ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് ചുമതല വഹിക്കുക.

തന്നെ തേടിയെത്തിയിരിക്കുന്നത് മഹത്തരമായ ഒരു നേട്ടമാണെന്നാണ് സംഗക്കാര ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്. 1787ല്‍ ലോര്‍ഡ്സില്‍ സ്ഥാപിതമായ എംസിസയാണ് ഐസിസി ഇപ്പോള്‍ ഉപയോഗിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനമായവ ക്രമപ്പെടുത്തിയത്.

സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും

വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ചില്‍ സറേയ്ക്കെതിരെ എംസിസിയെ സ്റ്റുവര്‍ട് ബ്രോഡ് നയിക്കും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിക്കുന്ന താരമാണ് സ്റ്റുവര്‍ട് ബ്രോഡ്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനൊപ്പം വിന്‍ഡീസ് പര്യടനത്തിലുള്ള താരം ഏകദിന ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ എംസിസിയ്ക്ക് വേണ്ടി കളിക്കാനെത്തുമെന്ന് ഉറപ്പാണ്.

യുഎഇയില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കൗണ്ടി ചാമ്പ്യന്മാര്‍ തിരഞ്ഞെടുത്ത ഒരു ഇലവനുമായി കളിക്കുന്നൊരു ഫിക്സ്ച്ചര്‍ ആണ് വാര്‍ഷിക ചാമ്പ്യന്‍ കൗണ്ടി മാച്ച്. മത്സരം മാര്‍ച്ച് 24നു ദുബായിയില്‍ നടക്കും. ചതുര്‍ദിന മത്സരമായാണ് ഈ മത്സരം അരങ്ങേറുക. 2019 എംസിസി സ്ക്വാഡിനെ പതിയെ നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് അറിയുന്നത്.

48 വര്‍ഷത്തെ സേവനം, മിക്ക് ഹണ്ടിനെ ആദരിച്ച് ഇംഗ്ലണ്ടും എംസിസിയും

ലോര്‍ഡ്സിലെ മുഖ്യ ഗ്രൗണ്ട്സ്മാനായ മിക്ക് ഹണ്ടിനു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും എംസിസിയുടെയും ആദരം. 48 വര്‍ഷമായി ഗ്രൗണ്ട്സ്മാനായി സേവനം അനുഷ്ഠിച്ചതിനു ഹണ്ടിനു എംസിസി ആജീവനാന്ത അംഗത്വം നല്‍കി ആദരിച്ചപ്പോള്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഹണ്ടിനു താരങ്ങള്‍ ഓട്ടോഗ്രാഫ് ചെയ്ത ബാറ്റ് സമ്മാനമായി നല്‍കുകയായിരുന്നു.

മൂന്നാം ദിവസം കളി ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ അഭിമാന മൂഹൂര്‍ത്തം നടന്നത്. ഈ വര്‍ഷം അവസാനത്തോടെ മിക്ക് ഹണ്ട് തന്റെ സേവനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴയില്‍ മുങ്ങിയ ത്രിരാഷ്ട്ര പരമ്പര, കിരീടം പങ്കുവെച്ച് നേപ്പാളും നെതര്‍ലാണ്ട്സും

ലോര്‍ഡ്സില്‍ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനോട് (എംസിസി) ചരിത്ര മത്സരങ്ങള്‍ക്കിറങ്ങിയ നേപ്പാള്‍ നെതര്‍ലാണ്ട്സ് ടീമുകള്‍ക്ക് മഴയില്‍ കുതിര്‍ന്ന മത്സരാനുഭവം. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളും ആറോവര്‍ മത്സരമായി ചുരുക്കിയപ്പോള്‍ അവസാന മത്സരം ഒരിന്നിംഗ്സിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ എംസിസിയെ 10 റണ്‍സിനു നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് നേപ്പാള്‍ മാര്‍ലിബോണിനെതിരെ നേടിയത്. നേപ്പാള്‍ നെതര്‍ലാണ്ട്സ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. വിജയികള്‍ക്കായുള്ള ട്രോഫി നേപ്പാളും നെതര്‍ലാണ്ട്സും പങ്കുവെച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 6 ഓവറില്‍ നിന്ന് 72/3 എന്ന സ്കോര്‍ നേടുകയായിരുന്നു. തോബിയാസ് വീസേ 23 പന്തില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ എംസിസിയ്ക്ക് 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. വരുണ്‍ ചോപ്ര 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോനാഥന്‍ ട്രോട്ട് 21 റണ്‍സ് നേടി.

നേപ്പാളിനെതിരെ എംസിസി 40 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 6 ഓവറില്‍ നിന്ന് നേടിയത്. 24 റണ്‍സ് നേടി നായകന്‍ മഹേല ജയവര്‍ദ്ധനേ പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. നേപ്പാളിനായി സോംപാല്‍ കാമി രണ്ട് വിക്കറ്റ് നേടി. സുഭാഷ് ഖാകുറേല്‍(16*), ഗ്യാനേന്ദ്ര മല്ല(12*) എന്നിവരോടൊപ്പം അനില്‍ ഷാ(9) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേപ്പാള്‍ 4.4 ഓവറില്‍ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇന്നലത്തെ മൂന്നാമത്തെ മത്സരത്തില്‍ മത്സരം 18 ഓവറാക്കി ചുരുക്കിയെങ്കിലും 16.4 ഓവറുകള്‍ക്ക് ശേഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 174/4 എന്ന സ്കോറില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. വെസ്ലി ബാരേസി(44), റയാന്‍ ടെന്‍ ഡോഷാറ്റേ(38), മൈക്കല്‍ റിപ്പണ്‍(38*), സ്കോട്ട് എഡ്വേര്‍ഡ്സ്(34*) എന്നിവരാണ് ടീമിനായി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version