ബെന്‍ സ്റ്റോക്സ് തന്റെ ഏറ്റവും മികച്ച ടീം മേറ്റ്, പന്തെറിയാന്‍ ബുദ്ധിമുട്ടിയിട്ടുള്ളത് സ്റ്റീവ് സ്മിത്തിനെതിരെ

സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയുവാന്‍ താന്‍ ഇനിയും മെച്ചപ്പെട്ട രീതികള്‍ കണ്ടെത്തണമെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. സ്മിത്ത് ബൗളര്‍മാരുടെ ജീവിതം ദുരിതത്തിലാക്കുന്നുവെന്നും താരത്തിന് റണ്‍സിനോടുള്ള ദാഹം കാരണം വലിയ സ്കോറുകള്‍ നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും താരത്തിനെ പിടിച്ച് കെട്ടുവാന്‍ വലിയ പ്രയാസമാണെന്നും ബ്രോഡ് പറഞ്ഞു. നിലവില്‍ ടെസ്റ്റില്‍ ഒന്നാം റാങ്ക് ബാറ്റ്സ്മാന്‍ കൂടിയാണ് സ്റ്റീവ് സ്മിത്ത്.

എന്നാല്‍ രസകരമായ കാര്യം സ്മിത്തിന് ബ്രോഡിനെതിരെ അധികം റണ്‍സ് നേടാനായിട്ടില്ലെന്നതാണ്. സ്മിത്തിന്റെ വിക്കറ്റ് 11 തവണയെങ്കിലും ബ്രോഡ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ എട്ട് തവണയും ഏകദിനത്തില്‍ മൂന്ന് തവണയുമാണ് ഈ നേട്ടം ബ്രോഡ് സ്വന്തമാക്കിയിട്ടുള്ളത്.

ബെന്‍ സ്റ്റോക്സ് ആണ് തന്റെ ഏറ്റവും അടുത്ത ഇംഗ്ലണ്ട് ടീം മേറ്റ് എന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി. തന്റെ കരിയറില്‍ കളിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ഇംഗ്ലണ്ട് താരവും സ്റ്റോക്സ് ആണെന്ന് ബ്രോഡ് പറഞ്ഞു. സ്റ്റോക്സിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പും ആഷസും ജയിച്ചതെന്നാണ് ബ്രോഡ് അഭിപ്രായപ്പെട്ടത്. മനസ്സിലേക്ക് ഒരു പിടി താരങ്ങള്‍ വരുന്നുണ്ടെങ്കിലും അവസാനം അത് ബെന്‍ സ്റ്റോക്സിലേക്ക് എത്തി നില്‍ക്കുമെന്നും ബ്രോഡ് വ്യക്തമാക്കി.

എന്റെ മകന്റെ കരിയര്‍ ഏകദേശം നീ അവസാനിപ്പിച്ചു – ആറ് സിക്സുകള്‍ക്ക് ശേഷം സ്റ്റുവര്‍ട് ബ്രോഡിന്റെ അച്ഛന്‍ തന്നോട് പറഞ്ഞത് ഇതെന്ന് യുവരാജ് സിംഗ്

2007ലെ ഉദ്ഘാടന ടി20 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ അവയില്‍ ഓര്‍ത്തെടുക്കാനാകുന്ന പ്രകടനം ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ഒരോവറിലെ ആറ് സിക്സുകളാണ്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ യുവരാജ് അന്ന് നേടിയ സിക്സുകളുടെ കാരണമായത് ആന്‍ഡ്രു ഫ്ലിന്റോഫുമായി ഉണ്ടായ ഗ്രൗണ്ടിലെ ഉരസലായിരുന്നു.

ആ ഓവറിന് തൊട്ടുമുമ്പാണ് ഫ്ലിന്റോഫും യുവരാജ് സിംഗും കോര്‍ത്തത്. പണി കിട്ടിയത് ബ്രോഡിനും. അന്ന് സ്റ്റുവര്‍ട് ബ്രോഡിന്റെ കരിയര്‍ ആരംഭിച്ച സമയമായിരുന്നു. ടൂര്‍ണ്ണമെന്റിലെ മാച്ച് റഫറി കൂടിയായ ക്രിസ് ബ്രോഡ് പിറ്റേ ദിവസം തന്നെ കണ്ട് മകനായ സ്റ്റുവര്‍ട് ബ്രോഡിന് വേണ്ടി തന്റെ ഒപ്പുള്ള ജഴ്സി വാങ്ങുവാന്‍ എത്തിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.

അദ്ദേഹം അന്ന് പറഞ്ഞത് തന്റെ മകന്റെ കരിയര്‍ ഏകദേശം യുവരാജ് സിംഗ് അവസാനിപ്പിച്ചുവെന്നും അതിനാല്‍ തന്നെ ജഴ്സി ഒപ്പിട്ട് നല്‍കണമെന്നുമായിരുന്നുവെന്ന് യുവരാജ് സിംഗ് ഓര്‍ത്തെടുത്ത് പറഞ്ഞു. അതിനാല്‍ തന്നെ ജഴ്സിയില്‍ ഒപ്പിട്ട് താന്‍ ഇപ്രകാരം കുറിച്ച് – “എന്നെ ഒരോവറില്‍ അഞ്ച് സിക്സുകള്‍ അടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ അതെങ്ങനെയെന്ന് എനിക്കറിയാം, ഇംഗ്ലണ്ട് ടീമിലേക്ക് എല്ലാ വിധ ഭാവുകളങ്ങും നേരുന്നു”

സ്റ്റുവര്‍ട് ബ്രോഡ് ആ സംഭവത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ഇന്ന് ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിയെന്നും യുവരാജ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ഒരു ബൗളര്‍ ആണെങ്കില്‍ ഇത്തരത്തില്‍ ആറ് സിക്സ് ഒരോവറില്‍ വഴങ്ങിയ ശേഷം തകര്‍ന്ന് പോയേക്കാമെന്നും ബ്രോഡ് മികച്ച തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയതെന്നും യുവി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനെതിരെ പന്തെറിയുവാന്‍ ഇഷ്ടമല്ലായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ നിര പേസര്‍മാര്‍

ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം ആരെന്നതില്‍ ഒരേ അഭിപ്രായം ആണ് പങ്കുവെച്ചത്.

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ടോപ് ഓര്‍‍ഡര്‍ ബാറ്റ്സ്മാനുമായി ഗ്രെയിം സ്മിത്തിന്റെ പേരാണ് സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ഒരേ സ്വരത്തില്‍ പറഞ്ഞത്. സ്മിത്ത് എന്നും തനിക്ക് പേടി സ്വപ്നമായിരുന്നുവെന്നാണ് ബ്രോഡ് മനസ്സ് തുറന്നത്. ബ്രോഡ് മനസ്സ് തുറന്നതോടെ ആന്‍ഡേഴ്സണും ഇത് സമ്മതിക്കുകയായിരുന്നു. 2003 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടൂര്‍ ചെയ്തപ്പോള്‍ ആദ്യമായി സ്മിത്തിനെ പന്തെറിഞ്ഞത് വളരെ മോശം അനുഭവമായിരുന്നുവെന്ന് ആന്‍ഡേഴ്സണും പറഞ്ഞു.

തനിക്ക് അന്ന് ലെഫ്റ്റ് ഹാന്‍ഡര്‍ക്കെതിരെ എറിയുവാന്‍ ഔട്ട് സ്വിംഗര്‍ ഇല്ലായിരുന്നു ആകെ അറിയാവുന്നത് പന്ത് സ്വിംഗ് ചെയ്യാനാകുകയായിരുന്നുവെന്നും അത് സ്മിത്തിന്റെ ശക്തിയ്ക്ക് അനുസരിച്ച് പന്തെറിയുന്നതിന് തുല്യമായിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

ടീറില്‍ എഡ്ജ്ബാസ്റ്റണില്‍ 277 റണ്‍സും ലോര്‍ഡ്സില്‍ 259 റണ്‍സും അടക്കം രണ്ട് ഇരട്ട ശതകമാണ് സ്മിത്ത് നേടിയത്. ദക്ഷിണാഫ്രിക്കന്‍ ടീം നായകനായി താരത്തിന്റെ ആദ്യ പരമ്പര കൂടിയായിരുന്നു സ്മിത്തിന് അത്. ഇംഗ്ലണ്ടിനെതിരെ 21 ടെസ്റ്റില്‍ നിന്ന് 2051 റണ്‍സ് നേടിയ സ്മിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്.

ട്രെന്റ്ബ്രിഡ്ജിലെയും വാണ്ടറേഴ്സിലെയും തന്റെ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

ടെസ്റ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോളാണ് താരം ഈ പ്രകടനങ്ങളെക്കുറിച്ച് വാചാലനായത്. 2015 ആഷസില്‍ ട്രെന്റ് ബ്രിഡ്ജിലും ദക്ഷിണാഫിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും നടത്തിയ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ചവയെന്ന് താരം വ്യക്തമാക്കി.

2015 ആഷസില്‍ ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ സ്റ്റുവര്‍ട് ബ്രോഡ് 8 വിക്കറ്റാണ് 15 റണ്‍സ് മാത്രം വിട്ട് നല്‍കി നേടിയത്. പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ദിവസത്തെ തന്റെ സ്പെല്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണെന്ന് താരം സൂചിപ്പിച്ചു. ഇതേ മത്സരത്തില്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതെന്നും അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാകുവാന്‍ കഴിഞ്ഞുവെന്നതും തനിക്ക് എന്നും സന്തോഷം നല്‍കുന്നുണ്ടെന്നും ബ്രോഡ് വ്യക്തമാക്കി.

അത് പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ് വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം. മത്സരത്തില്‍ 17 റണ്‍സിന് 6 വിക്കറ്റാണ് തനിക്ക് ലഭിച്ചത്. അവിടുത്തെ സാഹചര്യം അത്ര കണ്ട് പരിചിതമല്ലായിരുന്നു വിക്കറ്റ് ലഭിക്കുക പ്രയാസകരവുമായിരുന്നു അതിനാല്‍ തന്നെ ഈ പ്രകടനവും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നുവെന്ന് ബ്രോഡ് പറഞ്ഞു.

ടെസ്റ്റില്‍ 485 വിക്കറ്റുകളാണ് ഈ താരം ഇതുവരെ നേടിയിട്ടുള്ളത്.

ഞങ്ങള്‍ തമ്മില്‍ യാതൊരു മത്സരവുമില്ല , ആന്‍ഡേഴ്സണുമൊത്തുള്ള വിജയത്തെക്കുറിച്ച് സ്റ്റുവര്‍ട് ബ്രോഡ്

താനും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ യാതൊരുവിധത്തിലുള്ള മത്സരബുദ്ധിയുമില്ലെന്നും അതിനാല്‍ തന്നെയാണ് ഞങ്ങള്‍ക്കുടെ കോമ്പിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. തനിക്കും ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ എന്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്ന് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞു.

നമ്മള്‍ രണ്ട് പേരും മത്സരബുദ്ധിയോടെയാണ് മത്സരങ്ങളെ സമീപിക്കുന്നതെങ്കിലും അത് നമ്മള്‍ തമ്മില്‍ അല്ലെന്നും അത് തന്നെയാണ് ഞങ്ങളുടെ വിജയമെന്നും ബ്രോഡ് പറഞ്ഞു. ടീമിന് വേണ്ടി പത്ത് വിക്കറ്റ് നേടണമെന്ന ചിന്തയോടെയാണ് ഇരുവരും മത്സരത്തില്‍ ഇറങ്ങുന്നത്. പരിശീലനത്തിലും മത്സരത്തിലും ഇതേ സമീപനത്തോടെയാണ് ഞങ്ങള്‍ ഇറങ്ങാറെന്നും ബ്രോഡ് പറഞ്ഞു.

ഇതേ പോലെയായിരുന്നു തന്റെ കരിയറിന്റെ തുടക്കത്തില്‍ ഡാരന്‍ ഗഫും ആന്‍ഡ്രൂ കാഡിക്ക് എന്നും അത് ടീമിന് ഏറെ ഗുണം ചെയ്തുവെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. ഇരുവരും ഇന്‍സ്റ്റാഗ്രാമിലെ ലൈവ് സെഷനിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

ബോര്‍ഡിന്റേത് കടുത്തത് എന്നാല്‍ അനുയോജ്യമായ തീരുമാനം

ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറുവാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരുമാനം വളരെ കടുത്തതെങ്കിലും അനുയോജ്യമായ ഒന്നെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. കൊറോണ ഭീതിയെ തുടര്‍ന്നാണ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറുവാന്‍ തീരുമാനിച്ചത്. ശ്രീലങ്കയില്‍ ആ സമയത്ത് വലിയ തോതില്‍ പ്രശ്നങ്ങളില്ലായിരുന്നുവെങ്കിലും പിന്നീട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.

ലോകമെമ്പാടുമുള്ള കായിക ഇനങ്ങള്‍ മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യം ഉടലെടുത്തപ്പോള്‍ ഇംഗ്ലണ്ട് ബോര്‍ഡും കളിക്കാരുടെയും കാണികളുടെയും സുരക്ഷയെ കരുതി സമാനമായ തീരുമാനമെടുക്കുകയായിരുന്നു. സാമ്പത്തിക വശങ്ങളെ പരിഗണക്കുമ്പോള്‍ ഇരു ബോര്‍ഡുകള്‍ക്കും ഇത് വലിയ നഷ്ടം വരുത്തുന്നതാണ് അതാണ് താന്‍ ഇതിനെ കടുത്ത തീരുമാനമെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ പണമല്ല സുരക്ഷയാണ് പ്രധാനമെന്ന് ബോര്‍ഡ് തെളിയിച്ചുവെന്നും ബ്രോഡ് വ്യക്തമാക്കി.

 

അസഭ്യം പറഞ്ഞ സ്റ്റുവർട്ട് ബ്രോഡിന് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെ അസഭ്യം പറഞ്ഞ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ഐ.സി.സി വിധിച്ചത്. പിഴക്ക് പുറമെ ഒരു ഡിമെരിറ്റ് പോയിന്റും സ്റ്റുവർട്ട് ബ്രോഡിന് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മാസത്തിനിടെ ബ്രോഡിന് ലഭിക്കുന്ന രണ്ടമത്തെ ഡിമെറിറ്റ് പോയിന്റാണ് ഇത്. 24 മാസത്തെകാലയളവിനുള്ളിൽ 4 ഡിമെരിറ്റ് പോയിന്റുകൾ ലഭിച്ചാൽ താരത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡു പ്ലെസിയോടാണ് ബ്രോഡ് അസഭ്യം പറഞ്ഞത്. ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ ആർട്ടിക്കിൾ 2.3ന്റെ ലംഘനമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടത്.

നേരത്തെ ഈ പരമ്പരയിൽ കാഗിസോ റബാഡ, ജോസ് ബട്ലർ, വെർനോൻ ഫിലാണ്ടർ, ബെൻ സ്റ്റോക്സ് എന്നിവർക്കെല്ലാം വിവിധ കുറ്റങ്ങൾക്കായി ഐ.സി.സി പിഴ വിധിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം ആധികാരികമായി ജയിച്ച് ഇംഗ്ലണ്ട് പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നു.

പൊരുതി നിന്ന വെയിഡും വീണു, നിര്‍ണ്ണായ വിക്കറ്റുകള്‍ വീഴ്ത്തി ജോ റൂട്ട്, ഓവലില്‍ ഇംഗ്ലണ്ടിന് ജയം

ഒടുവില്‍ മാത്യൂ വെയിഡും വീണപ്പോള്‍ ഇംഗ്ലണ്ടിന് ജയം തൊട്ടരുകിലെത്തി നില്‍ക്കുന്നു. സ്റ്റീവ് സ്മിത്ത് പരമ്പരയില്‍ ആദ്യമായി പരാജയം ഏറ്റുവാങ്ങിയ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ വലിയ തോല്‍വിയിലേക്ക് വീഴുമെന്ന കരുതിയ നിമിഷത്തിലാണ് വെയിഡിന്റെ ചെറുത്ത് നില്പില്‍ തോല്‍വിയുടെ ഭാരം ഓസ്ട്രേലിയ കുറച്ച് കൊണ്ടുവന്നത്.

നാലാം ദിവസം അതിജീവിക്കുവാന്‍ താരം ഓസ്ട്രേലിയയെ സഹായിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജോ റൂട്ടിന് വിക്കറ്റ് നല്‍കി താരത്തിന്റെ മടക്കം. 117 റണ്‍സ് നേടിയ വെയിഡ് പുറത്തായി അധികം വൈകാതെ ജാക്ക് ലീഷ് ഓസ്ട്രേലിയന്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടി ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം നല്‍കുകയായിരുന്നു.

77 ഓവറില്‍ 263 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷും നാല് വീതം വിക്കറ്റ് നേടി. ഇരു ടീമുകളും രണ്ട് വീതം ടെസ്റ്റുകള്‍ വിജയിച്ചുവെങ്കിലും ആഷസ് ഓസ്ട്രേലിയ നിലനിര്‍ത്തുകയായിരുന്നു.

ഓസ്ട്രേലിയയുടെ തോല്‍വി ഒഴിവാക്കുവാന്‍ മാത്യു വെയിഡ് പൊരുതുന്നു

313/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 329 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം 399 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍. നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ടീം 47 ഓവറില്‍ 167/5 എന്ന നിലയിലാണ്. മാത്യൂ വെയിഡ് 60 റണ്‍സുമായി പൊരുതുമ്പോള്‍ ഒപ്പം 10 റണ്‍സ് നേടിയ ടിം പെയിനാണ് കൂട്ടിനായുള്ളത്. 23 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത്, 24 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവരോടൊപ്പം വെയിഡ് കൂട്ടുകെട്ടുകള്‍ നേടുവാന്‍ ശ്രമിച്ചുവെങ്കിലും വിക്കറ്റുകളുമായി ഇംഗ്ലണ്ട് പ്രതിരോധം സൃഷ്ടിക്കുകയാിയരുന്നു.

അഞ്ച് വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയ വിജയത്തിനായി 232 റണ്‍സ് കൂടി നേടണം. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ജാക്ക് ലീഷ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മഴ വില്ലനായ ഒന്നാം ദിവസത്തെ താരങ്ങളായി സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലാബൂഷാനെയും

ആഷസിലെ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രെയിഗ് ഓവര്‍ട്ടണ്‍ തകര്‍ക്കുകയായിരുന്ന. 67 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക നഷ്ടമായത്. എന്നാല്‍ 26 റണ്‍സ് കൂടി നേടി സ്റ്റീവ് സ്മിത്ത്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് മഴ വില്ലനായി അവതരിച്ചത്.

ആദ്യ ദിവസം 44 ഓവറുകള്‍ മാത്രമാണ് നടന്നത്. സ്റ്റുവര്‍ട് ബ്രോഡിന്റെ പ്രഹരങ്ങളില്‍ ഓപ്പണര്‍മാരെ നഷ്ടമായ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 28/2 എന്ന നിലയിലായിരുന്നു. ഓസ്ട്രേലിയയ്ക്കായി 60 റണ്‍സുമായി സ്റ്റീവ് സ്മിത്തും 18 റണ്‍സ് നേടി ട്രാവിസ് ഹെഡുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

വാര്‍ണറെ വീഴ്ത്തി വീണ്ടും ബ്രോഡ്, ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കി ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട്

28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട്. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് അധികം വൈകാതെ 13 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കിയ ശേഷം 70 റണ്‍സ് കൂട്ടുകെട്ടുമായി ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 49 റണ്‍സുമായി ലാബൂഷാനെയും 28 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും ക്രീസില്‍ നില്‍ക്കുകയാണ്.

പരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ പന്ത് ദേഹത്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

80/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്ത് ആണ് മുന്നില്‍ നിന്ന് നയിച്ചത്. താരം പരിക്കേറ്റ് പുറത്താകുമ്പോള്‍ 80 റണ്‍സാണ് നേടിയത്. ടിം പെയിന്‍ 24 റണ്‍സുമായി സ്മിത്തിനു മികച്ച പിന്തുണ നല്‍കിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം ടെസ്റ്റ് വിക്കറ്റായി പെയിനിനെ സ്വന്തമാക്കി. മാത്യു വെയിഡിനെ നേരത്തെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു.

പീറ്റര്‍ സിഡിലിന്റെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായപ്പോള്‍ പരിക്കേറ്റ സ്മിത്ത് മടങ്ങിയെത്തുകയായിരുന്നു ക്രീസിലേക്ക്. തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയാണ് സ്മിത്ത് തന്റെ മടങ്ങിവരവ് ആഘോഷിച്ചത്. എന്നാല്‍ അധികം വൈകാതെ സ്മിത്ത് 92 റണ്‍സില്‍ പുറത്താകുകയായിരുന്നു. ക്രിസ് വോക്സ് ആണ് സ്മിത്തിനെ പുറത്താക്കിയത്.

94.3 ഓവറില്‍ ഓസ്ട്രേലിയ 250 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 8 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 20 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിനെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് തന്റെ നാലാം വിക്കറ്റ് നേടി ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് സമാപനം കുറിച്ചു. നഥാന്‍ ലയണിനെ ജാക്ക് ലീഷ് ആണ് പുറത്താക്കിയത്.

Exit mobile version