കെസിഎല്ലിൽ കോട്ടയത്തിൻ്റെ സാന്നിധ്യമായി സിജോമോൻ ജോസഫും ആദിത്യ ബൈജുവും

കോട്ടയം: കോട്ടയത്തെ ക്രിക്കറ്റ് ആരാധകരുടെ ആവേശമായി സിജോ മോൻ ജോസഫും ആദിത്യ ബൈജുവും കെസിഎല്ലിൻ്റെ രണ്ടാം സീസണിലേക്ക്. കേരള ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളാണ് സിജോ മോൻ ജോസഫെങ്കിൽ, ഭാവിയുടെ താരമായി കണക്കാക്കപ്പെടുന്ന താരമാണ് ആദിത്യ ബൈജു.

രണ്ടാം സീസണിലേക്ക് എത്തുമ്പോൾ സിജോമോൻ ജോസഫിനെ കാത്തിരിക്കുന്നത് തൃശൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനം കൂടിയാണ്. 5.20 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സിജോമോൻ ജോസഫിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇടംകയ്യൻ സ്പിന്നിനൊപ്പം ബാറ്റിങ്ങിലും തിളങ്ങുന്ന ഓൾ റൌണ്ടർ. കഴിഞ്ഞ സീസണിൽ കൊച്ചിയ്ക്കൊപ്പമായിരുന്ന സിജോമോൻ ഒരു അർദ്ധ സെഞ്ച്വറിയടക്കം 122 റൺസ് നേടിയിരുന്നു. ബൌളിങ്ങിൽ ഒൻപത് വിക്കറ്റുകൾ നേടുകയും ചെയ്തു. ഈ ഓൾ റൌണ്ട് മികവാണ് താരലേലത്തിൽ സിജോമോൻ്റെ ഡിമാൻഡ് കൂട്ടിയത്. വിവിധ ടീമുകളിലായി കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സിജോമോൻ ഇന്ത്യൻ അണ്ടർ 19 ടീമിനായും കളിച്ചിട്ടുണ്ട്. അണ്ടർ 19 അരങ്ങേറ്റ മല്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റും 68 റൺസും നേടി അന്നത്തെ കോച്ച് ആയിരുന്ന രാഹുൽ ദ്രാവിഡിൻ്റെ പ്രശംസയും നേടിയ താരമായിരുന്നു സിജോ.

കേരളം പ്രതീക്ഷ വയ്ക്കുന്ന യുവ ഫാസ്റ്റ് ബൌറായ ആദിത്യ ഇത്തവണ ആലപ്പി റിപ്പിൾസിനായാണ് ഇറങ്ങുക. ഒന്നര ലക്ഷം രൂപയ്ക്കാണ് റിപ്പിൾസ് ആദിത്യയെ സ്വന്തമാക്കിയത്. എംആർഎഫ് പേസ് ഫൌണ്ടേഷനിൽ പരിശീലനം ലഭിച്ച താരമാണ് ആദിത്യ. 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കുച്ച് ബിഹാർ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. വിനു മങ്കാദ് ട്രോഫിയിൽ ഉത്തരാഖണ്ഡിന് എതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയും ശ്രദ്ധേയനായി. കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോൺ തലം വരെയുള്ള ടീുമകളിൽ കളിച്ചിട്ടുണ്ട്. കെസിഎല്ലിലെ ആദ്യ സീസണിലൂടെ സീനിയർ തലത്തിലും മികവ് തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് ആദിത്യ.

കരുത്തോടെ ഗോവ മുന്നോട്ട്, കേരളത്തിന്റെ ലീഡെന്ന സ്വപ്നം തകരുന്നു!!!

കേരളത്തിന്റെ 265 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഗോവ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 200/5 എന്ന നിലയിൽ. കേരളത്തിന്റെ സ്കോറിനൊപ്പം എത്തുവാന്‍ ഇനി 65 റൺസ് കൂടി മാത്രം ഗോവയ്ക്ക് നേടിയാൽ മതി.

76 റൺസുമായി ഇഷാന്‍ ഗാഡേക്കറും 37 റൺസ് നേടിയ ദര്‍ശന്‍ മിസാലുമാണ് ക്രീസിലുള്ളത്. ഇഷാന്‍ 51 റൺസ് നേടിയ ശേഷം റിട്ടേര്‍ഡ് ഹര്‍ട്ട് ആയെങ്കിലും 5ാം വിക്കറ്റ് വീണ ശേഷം ക്രീസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

കേരളത്തിനായി സിജോമോന്‍ ജോസഫ് 3 വിക്കറ്റ് നേടി. ഇന്ന് കേരളം 247/5 എന്ന നിലയിൽ നിന്ന് തകര്‍ന്നടിഞ്ഞതിന് സമാനമായ ഒരു പ്രകടനം നാളെ ഗോവയിൽ നിന്നുണ്ടാകാത്ത പക്ഷം കേരളത്തിന്റെ ലീഡെന്ന മോഹങ്ങള്‍ മങ്ങിയിരിക്കുകയാണ്.

150 റൺസ് നേടി അക്ഷയ് ചന്ദ്രന്‍, 475 റൺസ് നേടി കേരളം

ജാര്‍ഖണ്ഡിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോര്‍ നേടി കേരളം. മത്സരത്തിന്റെ രണ്ടാം ദിവസം അക്ഷയ് ചന്ദ്രന്‍ – സിജോമോന്‍ ജോസഫ് കൂട്ടുകെട്ടാണ് കേരളത്തിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ് 150 റൺസ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്.

സിജോമോന്‍ 83 റൺസും നേടിയപ്പോള്‍ 146.4 ഓവറിലാണ് കേരളം 475 എന്ന സ്കോര്‍ നേടിയത്. 171 റൺസാണ് അക്ഷയ് – സിജോമോന്‍ കൂട്ടുകെട്ട് നേടിയത്. ജാര്‍ഖണ്ഡിനായി ഷഹ്ബാസ് നദീം അഞ്ച് വിക്കറ്റ് നേടി.

സിജോമോന്‍ ജോസഫിന് 4 വിക്കറ്റ്, ബിഹാറിനെ 201 റൺസിന് എറിഞ്ഞിട്ട് കേരളം

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെ 201 റൺസിന് എറിഞ്ഞൊതുക്കി കേരളം. സിജോമോന്‍ ജോസഫ് 4 വിക്കറ്റും അഖിൽ സ്കറിയ മൂന്ന് വിക്കറ്റും നേടിയാണ് കേരളത്തിനായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്.

49.3 ഓവറിൽ ബിഹാര്‍ ഓള്‍ഔട്ട് ആയപ്പോള്‍ 68 റൺസ് നേടിയ ഘനിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഗൗരവ് 30 റൺസും ശിശിര്‍ സാകേത് 34 റൺസും നേടി. ബിഹാര്‍ ഒരു ഘട്ടത്തിൽ 70/0 എന്ന നിലയിലായിരുന്നു.

ഗൗരവിനെ പുറത്താക്കി അഖിൽ സ്കറിയ ബിഹാറിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ആന്ധ്രയെ 259 റൺസിൽ പിടിച്ച് കെട്ടി കേരളം

കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫിയിൽ ആദ്യം ബാറ്റ് ചെയ്ത് 259/9 എന്ന സ്കോര്‍ നേടി ആന്ധ്ര പ്രദേശ്. റിക്കി ഭുയി നേടിയ 46 റൺസിന്റെയും 31 റൺസ് നേടിയ നിതീഷ് റെഡ്ഡിയുടെയും ബാറ്റിംഗ് മികവിലാണ് ആന്ധ്ര ഈ സ്കോര്‍ നേടിയത്.

അഭിഷേക് റെഡ്ഡി(31), അശ്വിന്‍ ഹെബ്ബാര്‍(26), ശ്രീകര്‍ ഭരത്(24), കരൺ ഷിന്‍ഡേ(28) എന്നിവര്‍ക്കെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. കേരളത്തിനായി സിജോമോന്‍ ജോസഫും ഫൈസൽ ഫനൂസും മൂന്ന് വീതം വിക്കറ്റ് നേടി.

വിജയ് ഹസാരെ ട്രോഫിയിൽ ചണ്ഡിഗഢിനെ 184 റൺസിന് ഒതുക്കി കേരളം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. ഇന്ന് ചണ്ഡിഗഢിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ മികവുറ്റ ബൗളിംഗ് എതിരാളികളെ 184/8 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. 56 റൺസ് നേടിയ മനന്‍ വോറയാണ് ചണ്ഡിഗഢിന്റെ ടോപ് സ്കോറര്‍.

അര്‍പിത് സിംഗ് – സന്ദീപ് ശര്‍മ്മ കൂട്ടുകെട്ട് നേടിയ 46 റൺസാണ് ടീമിന് തുണയായത്. അര്‍പിത് 25 റൺസും സന്ദീപ് 26 റൺസും നേടി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി 2 വിക്കറ്റും നേടി.

ഏകദിന മത്സരങ്ങള്‍ക്കായുള്ള കേരളത്തിന്റെ അണ്ടര്‍ 25 ടീമിനെ പ്രഖ്യാപിച്ചു, സിജോമോന്‍ ജോസഫ് നയിക്കും

അണ്ടര്‍ 25 ഏകദിന മത്സരങ്ങള്‍ക്കായുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ സിജോമോന്‍ ജോസഫ് നയിക്കും. കേരളത്തിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടീമിൽ അംഗങ്ങളായ ഏതാനും താരങ്ങളും ടീമിൽ അംഗങ്ങളാണ്. സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, വത്സൽ ഗോവിന്ദ് എന്നിവരും ടീമിലെ അംഗങ്ങളാണ്.

ഹിമാച്ചൽ പ്രദേശ്, ജമ്മു & കാശ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ 20ന് ആദ്യ മത്സരം കളിക്കുന്ന കേരളത്തിന്റെ അവസാന മത്സരം നവംബര്‍ 26ന് ആണ്.

സിജോമോന്‍ ജോസഫിനു അര്‍ദ്ധ ശതകം, ഹാട്രിക്കുമായി പ്രഹരമേല്പിച്ച് റൂഷ് കലാരിയ, ഗുജറാത്തിനു ജയിക്കുവാന്‍ 195 റണ്‍സ്

മികച്ച സ്കോറിലേക്ക് മുന്നേറുകയായിരുന്നു കേരളത്തിനു വീണ്ടും വിഘ്നം സൃഷ്ടിച്ച് ഗുജറാത്ത്. 96/5 എന്ന നിലയില്‍ നിന്ന് 53 റണ്‍സ് കൂട്ടുകെട്ട് നേടി കേരളത്തിനെ 200നടുത്ത് സ്കോറിലേക്ക് സിജോമോന്‍ ജോസഫും-ജലജ് സക്സേനയും നയിക്കുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്തടുത്ത പന്തില്‍ രണ്ട് വിക്കറ്റുകളുമായി കേരളത്തിനു കടിഞ്ഞാണിടുകയായിരുന്നു റൂഷ് കലാരിയ.

149/5 എന്ന നിലയില്‍ നിന്ന് 149/7 എന്ന നിലയിലേക്ക് കേരളം രണ്ട് പന്തുകള്‍ക്കുള്ളില്‍ വീഴുകയായിരുന്നു. 56 റണ്‍സാണ് സിജോമോന്‍ നേടിയത്. 148 പന്തുകള്‍ പൊരുതി നിന്ന ശേഷമായിരുന്നു സിജോമോന്‍ ജോസഫ് പുറത്തായത്. തൊട്ടടുത്ത പന്തില്‍ ബേസില്‍ തമ്പിയെയും പുറത്താക്കി കലാരിയ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ പരങ്ങലിലാക്കി. തന്റെ ്അടുത്ത ഓവറില്‍ നിധീഷിനെ പുറത്താക്കിയതോടെ കേരളം ഓള്‍ഔട്ട് ഭീഷണിയിലുമായി.

171 റണ്‍സിനു കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ജലജ് സക്സേന പുറത്താകാതെ 44 റണ്‍സുമായി നിന്നപ്പോള്‍ ഒമ്പതാം വിക്കറ്റായി സന്ദീപ് വാര്യറെ പിയൂഷ് ചൗള പുറത്താക്കി. 14 റണ്‍സ് നേടുന്നതിനിടെയാണ് കേരളത്തിന്റെ അവസാന നാല് വിക്കറ്റുകള്‍ വീണത്.

ആദ്യം ബാറ്റിംഗിനിറങ്ങുമെന്ന് കരുതിയിരുന്നില്ലെങ്കിലും പരിക്കേറ്റ സഞ്ജു സാംസണ്‍ ക്രീസിലെത്തിയതോടെ കേരള ഇന്നിംഗ്സിനു അല്പം കൂടി ദൈര്‍ഘ്യം ലഭിയ്ക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ 8 റണ്‍സ് മാത്രമേ കേരളത്തിനു നേടാനായുള്ളുവെങ്കിലും 194 റണ്‍സിന്റെ ലീഡ് ടീമിനു ലഭിച്ചു. റണ്ണൊന്നുമെടുക്കാതെ സഞ്ജു അക്സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കടുങ്ങി പുറത്താകുകയായിരുന്നു.

ദിവസത്തെ അവസാന ഓവറില്‍ സഞ്ജു പുറത്തായതോടെ അടുത്ത ദിവസത്തേക്ക് കളികൊണ്ടെത്തിക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ തകരുകയായിരുന്നു. ഗൂജറാത്തിനു വേണ്ടി റൂഷ് കലാരിയയും അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാഗവാസ്വല്ല രണ്ട് വിക്കറ്റ് നേടി.

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

എറിഞ്ഞ് പിടിച്ച് സിജോമോന്‍ ജോസഫ്, എന്നിട്ടും മുന്നൂറിനടുത്ത് ലീഡുമായി ഹിമാച്ചല്‍

കേരളത്തിനെതിരെ മികച്ച ലീഡ് കൈക്കലാക്കി ഹിമാച്ചല്‍ പ്രദേശ്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 52.1 ഓവറില്‍ നിന്ന് 285 റണ്‍സാണ് ടീം നേടിയത്. അതിവേഗം സ്കോറിംഗ് നടത്തുക വഴി മുന്നൂറിനടുത്ത് ലീഡോടെ മൂന്നാം ദിവസം അവസാനിപ്പിക്കുവാന്‍ ടീമിനായിട്ടുണ്ട്. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 റണ്‍സിനു എറിഞ്ഞിട്ട് 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവശപ്പെടുത്തുവാന്‍ ഹിമാച്ചലിനു ആയിരുന്നു.

സിജോമോന്‍ ജോസഫ് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച് നാല് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി. 85 റണ്‍സ് നേടിയ ഋഷി ധവാനും 64 റണ്‍സ് നേടിയ അങ്കിത് കല്‍സിയുടെയുമൊപ്പം 41 റണ്‍സ് നേടി പ്രശാന്ത് ചോപ്രയും ഹിമാച്ചല്‍ നിരയില്‍ തിളങ്ങി. ഇവരാരും തന്നെ അധികം പന്തുകള്‍ നഷ്ടപ്പെടാതെ ബാറ്റ് വീശിയപ്പോള്‍ തന്നെ വിജയമാണ് ഹിമാച്ചല്‍ ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാകുകയായിരുന്നു.

ഇന്നിംഗ്സ് ജയം സ്വന്തമാക്കി കേരളം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ഇന്നിംഗ്സ് ജയം. ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹിയെ 139 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 41/5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ 154 റണ്‍സ് വരെ എത്തിക്കുവാന്‍ അനുജ് റാവത്ത്(31), ശിവം ശര്‍മ്മ(33), സുബോധ് ഭട്ടി(30) എന്നിവരാണ് പിടിച്ച് നില്‍ക്കുവാന്‍ ശ്രമിച്ചത്.

കേരളത്തിനായി സന്ദീപ് വാര്യറും ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റും ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ട് വീതം വിക്കറ്റും നേടി. ഇന്നിംഗ്സിന്റെയും 27 റണ്‍സിന്റെയും വിജയമാണ് കേരളം സ്വന്തമാക്കിയത്.

കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനെ തിരികെ കൊണ്ടുവന്നു. അടുത്ത ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയും സച്ചിന്‍ ബേബി പൂജ്യത്തിനു പുറത്താകുകയും ചെയ്തതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷും റണ്‍സ് സ്കോര്‍ ചെയ്യാതെ മടങ്ങി.

സഞ്ജു സാംസണ്‍ 77 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ 74 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ കേരളം 195 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിനു കൂട്ടായി 14 റണ്‍സുമായി വിഷ്ണു വിനോദാണ് ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായത് കേരളത്തിനു തിരിച്ചടിയായി മാറിയപ്പോള്‍ മത്സരത്തില്‍ പരാജയം ഒഴിവാക്കുവാന്‍ കേരളം ഒരു സെഷന്‍ അതിജീവിക്കേണ്ടതുണ്ട്. നാല് വിക്കറ്റുകളാണ് ടീമിന്റെ കൈവശമുള്ളത്.

Exit mobile version