കെസിഎല്‍ സ്പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിദ്ധീകരിച്ച ‘കെസിഎൽ – ദി ഗെയിം ചേഞ്ചർ’ എന്ന കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 7 വരെ നടന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഭാഗമായിട്ടാണ് കെസിഎ പുസ്തകം പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ എന്നിവർ പങ്കെടുത്തു.കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ചയുടെ നാൾവഴികളും, അതിൽ കെസിഎയുടെ നിർണ്ണായക പങ്കും, കേരള ക്രിക്കറ്റ് ലീഗ് എങ്ങനെയാണ് കായികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.

കെസിഎല്ലിലെ വിക്കറ്റ് വേട്ടക്കാരൻ കാലിക്കറ്റിന്റെ സ്വന്തം അഖിൽ സ്‌കറിയ; ഇത്തവണയും പർപ്പിൾ ക്യാപ് താരത്തിന് സ്വന്തം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ ഓൾറൗണ്ടർ അഖിൽ സ്‌കറിയ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ, 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇക്കുറി സ്വന്തം ടീം സെമിയിൽ തോറ്റു പുറത്തായെങ്കിലും വിക്കറ്റ് കൊയ്ത്തിൽ കാൽ സെഞ്ചുറി നേട്ടത്തോടെ പർപ്പിൾ ക്യാപ്പിന് ഈ 26കാരൻ അർഹനാകുകയായിരുന്നു. രണ്ട് തവണയാണ് അഖിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. 14 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് രണ്ടാം സീസണിൽ അഖിലിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

കേരള ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ രണ്ടാം തവണയാണ് അഖിൽ സ്‌കറിയ പർപ്പിൾ ക്യാപ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ സി എല്ലിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളർ എന്ന റെക്കോർഡും അഖിൽ സ്വന്തം പേരിലാക്കി. ബൗളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും വിസ്മയ പ്രകടനമാണ് അഖിൽ പുറത്തെടുത്തത്. ടൂർണമെന്റിൽ ആകെ 314 റൺസ് നേടിയ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ 72 റൺസാണ്.

വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് കൊല്ലം ഏരീസിന്റെ അമൽ എ.ജി ആണ്. 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് അമൽ പേരിലാക്കിയത്.കൊച്ചി ബ്ലുടൈഗേഴ്‌സിന്റെ കെ.എം. ആസിഫ് 16 വിക്കറ്റുമായി മൂന്നാം സ്ഥാനതെത്തി. തൃശൂർ ടൈറ്റൻസ് താരം സിബിൻ ഗിരീഷും പി.എസ് ജെറിൻ എന്നിവർ 15 വീക്കറ്റ് വീതം വീഴ്ത്തി . ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിരയിലാക്കിയ ഒരു സീസണാണ് പരിസമാപ്തിയായത്.

കെ.പി ഫ്ലവറല്ലടാ, ഫയർ! KCL രണ്ടാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായി ട്രിവാൻഡ്രം റോയൽസിന്‍റെ കൃഷ്ണപ്രസാദ്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്‍റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്‍റെ നായകൻ അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിന്‍റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു. കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിന്‍റെ സ്വന്തം ‘കെ.പി,’ പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിന്‍റെ സ്കോർ ഉ‍യർത്തിയും അവസാന ഓവറുകളിൽ ബൗളർമാർക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചു.


പ്രഥമ കെ.സി.എൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തിൽ പിടിച്ചെടുത്തത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു സമ്പാദ്യം. കെ.സി.എല്ലിന് പിന്നാലെ തോളെല്ലിന് പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി ഈ വൈക്കം സ്വദേശിക്ക് നഷ്ടമായി. ഇത്തവണ എന്തുവിലകൊടുത്തും കേരള ടീമിൽ ഇടംപിടിക്കണമെന്ന ലക്ഷ്യവുമായാണ് പരിക്ക് ഭേദമായ ഉടനെ ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്ത് പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്. ടീമിലേക്കുള്ള ആദ്യ പടിയെന്നോണം കെ.സി.എല്ലിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂട്ടിനായി തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന തന്‍റെ സുഹൃത്തുകളും കെ.സി.എല്ലിൽ വിവിധ ടീമുകളിൽ അംഗങ്ങളുമായിട്ടുള്ള അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരെയും ഒപ്പം കൂട്ടി. ഗ്രീൻഫീൽഡിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായിട്ടായിരുന്നു പരിശീലനം. ഒടുവിൽ രാവും പകലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായെന്ന് കൃഷ്ണപ്രസാദ് പറയുന്നു.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള താരം 2022ലാണ് അവസാനമായി കേരളത്തിനായി ട്വന്‍റി-ട്വന്‍റി ടൂർണമെന്‍റായ സെയ്യ്ദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നത്. അന്നുപക്ഷേ മികച്ച പ്രകടനമൊന്നും ബാറ്റിൽനിന്നുണ്ടായില്ല. എന്നാൽ ഇത്തവണ പരിക്കിൽ നിന്ന് മുക്തനായി എത്തിയതിന് പിന്നാലെ തൃശൂർ ടൈറ്റൻസിനെതിരെ 10 സിക്സിന്‍റെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയും (62 പന്തിൽ 119) ആലപ്പി റിപ്പിൾസിനെതിരെ നേടിയ അർധ സെഞ്ച്വറിയുമൊക്ക (52 പന്തിൽ 90) താരത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി


കേരള ക്രിക്കറ്റ് ലീഗ് 2025 ഫൈനലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ 75 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടം സ്വന്തമാക്കി. ഇന്ന് കൊച്ചി ഉയർത്തിയ 182 എന്ന ലക്ഷ്യം പിന്തുടർന്ന കൊല്ലം സൈലേഴ്സ് ബാറ്റിങ് തകർച്ച തന്നെ നേരിട്ടു. അവർ 106 റൺസ് മാത്രമാണ് എടുത്തത്.

17 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി, 10 റൺസ് എടുത്ത വിഷ്ണു വിനോദ് എന്നിവർ നിരാശപ്പെടുത്തിയതോടെ കൊല്ലം തകർന്നു. അവർ 9 ഓവറിൽ 75-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവിടെ നിന്ന് ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കൊച്ചി 20 ഓവറിൽ 8 വിക്കറ്റിന് 181 റൺസ് നേടി. 30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ പ്രകടനമാണ് കൊച്ചി ഇന്നിങ്സിന്റെ പ്രധാന ആകർഷണം. 9 ഫോറുകളും 4 സിക്സറുകളും അടങ്ങിയതായിരുന്നു വിനൂപിന്റെ ഇന്നിങ്സ്. 233.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ച വിനൂപ്, ടീമിന് മികച്ച സ്കോർ സമ്മാനിച്ചു.


ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും അൽഫി ഫ്രാൻസിസ് ജോണിന്റെ 25 പന്തിൽ 47 റൺസ് എന്ന വെടിക്കെട്ട് പ്രകടനം ടീമിന് താങ്ങായി. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ആൽഫി മികച്ച പ്രകടനം പുറത്തെടുത്തു. 3 സിക്സും 5 ഫോറും അടങ്ങുന്നത് ആയിരുന്നു ആൽഫിയുടെ ഇന്നിംഗ്സ്.

KCL ഫൈനൽ; കൊല്ലത്തിന് മുന്നിൽ 182 എന്ന വിജയലക്ഷ്യം വെച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്


കേരള ക്രിക്കറ്റ് ലീഗ് 2025 ഫൈനലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ 8 വിക്കറ്റിന് 181 റൺസ് നേടി. 30 പന്തിൽ 70 റൺസ് നേടിയ വിനൂപ് മനോഹരന്റെ തകർപ്പൻ പ്രകടനമാണ് കൊച്ചി ഇന്നിങ്സിന്റെ പ്രധാന ആകർഷണം. 9 ഫോറുകളും 4 സിക്സറുകളും അടങ്ങിയതായിരുന്നു വിനൂപിന്റെ ഇന്നിങ്സ്. 233.33 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ച വിനൂപ്, ടീമിന് മികച്ച സ്കോർ സമ്മാനിച്ചു.


ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും അൽഫി ഫ്രാൻസിസ് ജോണിന്റെ 25 പന്തിൽ 47 റൺസ് എന്ന വെടിക്കെട്ട് പ്രകടനം ടീമിന് താങ്ങായി. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ആൽഫി മികച്ച പ്രകടനം പുറത്തെടുത്തു. 3 സിക്സും 5 ഫോറും അടങ്ങുന്നത് ആയിരുന്നു ആൽഫിയുടെ ഇന്നിംഗ്സ്.

മുഹമ്മദ് ആഷിഖ് സയലന്റ് കില്ലർ : കെ സി എല്ലിൽ ആദ്യകിരീടം സ്വപ്നം കണ്ട് നീലക്കടുവകൾ

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) 2025 സീസണിലെ കൊല്ലത്തിനെതിരായ ഫൈനൽ പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രതീക്ഷയർപ്പിക്കുന്നത് യുവ ഓൾ റൌണ്ടർ മുഹമ്മദ് ആഷിഖിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ഈ തൃശൂരുകാരനാണ് ഇപ്പോൾ ആരാധകരുടെ ഒന്നടങ്കം ശ്രദ്ധാകേന്ദ്രം. രണ്ടാം സീസണിൽ മിന്നും പ്രകടനമാണ് ആഷിഖ് കാഴ്ചവെച്ചത്.

സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 137 റൺസും , 14 വിക്കറ്റുകളും നേടിയ ആഷിഖ് തന്റെ സമ്പൂർണ ഓൾറൗണ്ടർ മികവ് തെളിയിച്ചു. സമ്മർദ്ദ ഘട്ടങ്ങളിൽ കളിയുടെ ഗതി നിയന്ത്രിക്കാനുള്ള ആഷിഖിന്റെ മികവ് സീസണിലെ പല മത്സരങ്ങളിലും ടീമിനെ വിജയത്തേരേറ്റിയിട്ടുണ്ട്. ശക്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ അവിസ്മരണീയ പ്രകടനമാണ് ഈ തൃശൂരുകാരൻ പുറത്തെടുത്തത്. വെറും 10 പന്തിൽ നിന്ന് 310-ന് മുകളിൽ പ്രഹരശേഷിയോടെ സംഹാര താണ്ഡവമാടിയ ആഷിഖ് 31 റൺസുമായി ടീം സ്കോർ അതിവേഗം ഉയർത്തി. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ആഷിഖ് ഫീൽഡിങ്ങിലും അസാധാരണ പ്രകടനവുമായി കളം നിറഞ്ഞു. നേരിട്ടുള്ള ത്രോയിലൂടെ റൺഔട്ടുകൾ നേടാനുള്ള ആഷിഖിന്റെ കഴിവ് ബ്ലൂടൈഗേഴ്സിന് മുതൽക്കൂട്ടാണ്.

തൃശൂർ നെടുപുഴ സ്വദേശിയായ ഷംഷുദ്ദീന്റെ മകനാണ് മുഹമ്മദ് ആഷിഖ്. കെ.സി.എ അക്കാദമിയിൽ ചേർന്നതും തുടർന്ന് തൃശൂർ ടൈറ്റൻസ് താരം സി.വി. വിനോദ് കുമാറിനെ പരിചയപ്പെട്ടതും, മുഹമ്മദ് ആഷിഖിന്റെ കരിയറിലെ വഴിത്തിരിവായി.

കില്ലർ ഓൾ റൌണ്ട് പ്രകടനങ്ങളിലൂടെ കൊല്ലത്തെ തറപറ്റിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആഷിഖ് കന്നി കിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ക്വീൻസിനെ തോല്പിച്ച് ഏഞ്ചൽസ്

അടുത്ത വർഷം മുതൽ കെസിഎ തുടങ്ങുന്ന വനിതാ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദർശന മൽസരത്തിൽ കെസിഎ ക്വീൻസിനെതിരെ കെസിഎ ഏഞ്ചൽസിന് 12 റൺസ് വിജയം.ആദ്യം ബാറ്റ് ചെയ്ത എഞ്ചൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീൻസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്. ഏഞ്ചൽസിൻ്റെ ക്യാപ്റ്റൻ ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഏഞ്ചൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അഖിലയും അക്ഷയയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഏഞ്ചൽസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. അഖില 24ഉം അക്ഷയ 23ഉം റൺസ് നേടി. അവസാന ഓവറുകളിൽ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ വി ജെ ജോഷിതയുടെ പ്രകടനവും ശ്രദ്ധേയമായി. ജോഷിത 18 പന്തുകളിൽ നിന്ന് 22 റൺസെടുത്തു. ക്വീൻസിന് വേണ്ടി ഇന്ത്യൻ താരങ്ങളായ സജന സജീവനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീൻസിന് തുടക്കത്തിൽ തന്നെ അൻസു സുനിലിൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ സജന സജീവനും വൈഷ്ണയും ചേർന്ന കൂട്ടുകെട്ട് 41 റൺസ് കൂട്ടിച്ചേർത്തു. വൈഷ്ണ 22ഉം സജന 33ഉം റൺസെടുത്തു. എന്നാൽ തുടർന്നെത്തിയവരിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്വീൻസിൻ്റെ മറുപടി 102ൽ അവസാനിച്ചു.ഏഞ്ചൽസിന് വേണ്ടി ക്യാപ്റ്റൻ ഷാനി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീൽഡിങ്ങിലും ഉജ്ജ്വല പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. ഫീൽഡിങ്ങിൽ കൂടുതൽ മികവ് കാട്ടിയ ഏഞ്ചൽസിനെ തേടി വിജയമെത്തുകയും ചെയ്തു.

കെസിഎൽ ഫൈനൽ നാളെ, കൊച്ചിയും കൊല്ലവും നേർക്കുനേർ

കെസിഎൽ ഫൈനൽ പോരാട്ടം നാളെ. കൊച്ചി ബ്ലൂ ടൈഗേഴ്സും കൊല്ലം സെയിലേഴ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മല്സരം.

കളിച്ച പത്ത് മല്സരങ്ങളിൽ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റിനെതിരെ 15 റൺസിൻ്റെ വിജയം. ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസൻ്റെ അഭാവം തീർച്ചയായും കൊച്ചിയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മല്സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നല്കിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. 11 ഇന്നിങ്സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ. സഞ്ജുവിൻ്റെ അഭാവത്തിൽ വിനൂപിനൊപ്പം ഇന്നിങ്സ് തുറന്ന വിപുൽ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

മൊഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിരം നിറം മങ്ങിയ മല്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മൊഹമ്മദ് ആഷിഖും ജെറിൻ പി എസുമടങ്ങിയ ഓൾറൌണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൌളിങ്ങിൽ കെ എം ആസിഫ് തന്നെയാണ് ടീമിൻ്റെ കരുത്ത്. വെറും ഏഴ് മല്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൌളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിൻ്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതൽക്കൂട്ടാവും. അവസാന മല്സരങ്ങളിൽ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൌളിങ് കാഴ്ച വയ്ക്കുന്നുണ്ട്.

മറുവശത്ത് പത്ത് മല്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിൻ്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.മികച്ച ഫോമിലുള്ള ബൌളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മല്സരങ്ങളിലെ വിജയങ്ങളിൽ നിർണ്ണായകമായത്. അഖിൽ സ്കറിയ കഴിഞ്ഞാൽ ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിൻ്റെ അമൽ എ ജിയാണ്.ഇത് വരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.

അമലിനൊപ്പം പവൻ രാജും ഷറഫുദ്ദീനും വിജയ് വിശ്വനാഥും അജയഘോഷും എം എസ് അഖിലുമടങ്ങുന്നതാണ് ബൌളിങ് നിര. ഇവരിലെല്ലാവരും തന്നെ ഓൾ റൌണ്ടർമാരുമാണ്. ബാറ്റിങ്ങിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ പോന്നവരാണ് ആദ്യ നാല് താരങ്ങളും. അഭിഷേക് ജെ നായർ കഴിഞ്ഞ ഏതാനും മല്സരങ്ങളിൽ സ്ഥിരമായി ഫോം നിലനിർത്തുന്നുണ്ട്. കൂറ്റനടകളിലൂടെ സ്കോറുയർത്താൻ കെല്പുള്ളവരാണ് സച്ചിൻ ബേബിയും വിഷ്ണു വിനോദും. അവസാന മല്സരങ്ങളിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ച വച്ച ഭരത് സൂര്യയും വത്സൽ ഗോവിന്ദും കൂടി ചേരുമ്പോൾ അതിശക്തമായ ബാറ്റിങ് നിരയാണ് കൊല്ലത്തിൻ്റേത്.

ഒപ്പത്തിനൊപ്പം നില്കുന്ന കരുത്തുറ്റ രണ്ട് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ നേർക്കുനേരെത്തുന്നത്. ഫൈനലിൻ്റെ സമ്മർദ്ദം മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമിനെത്തേടിയാകും വിജയമെത്തുക. ഒപ്പം ടോസിൻ്റെ ഭാഗ്യവും നിർണ്ണായകമാവും.

വർണാഭമായി വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം ; സംഗീത നിശയും പ്രമുഖ വനിതകള ആദരിക്കലും ശ്രദ്ധേയമായി

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ വനിതാ ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യു.സി.എൽ) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടന്നു. അടുത്ത സീസൺ മുതൽ ആരംഭിക്കുന്ന ലീഗിന്റെ പ്രഖ്യാപന ചടങ്ങ്, താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും അവിസ്മരണീയമാക്കി.

​ചടങ്ങിൽ കേരളത്തിന്റെ അഭിമാനമായ വനിതാ പ്രതിഭകളെ ആദരിച്ചു. ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് ജോഷിത വി.ജെ., ഇന്ത്യൻ നേവി ലഫ്റ്റനന്റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ ദിൽന കെ. എന്നിവർ ആദരവ് ഏറ്റുവാങ്ങി.

​കോഴിക്കോട് സ്വദേശിനിയായ ലഫ്. കമാൻഡർ ദിൽന, മുൻ സംസ്ഥാന അണ്ടർ 19 ക്രിക്കറ്റ് താരം മാത്രമല്ല, ദേശീയ തലത്തിൽ മെഡലുകൾ നേടിയ ഷൂട്ടർ കൂടിയാണ്. അടുത്തിടെ ഐ.എൻ.എസ്.വി താരണി എന്ന പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച് ചരിത്രം കുറിച്ച അവർ, ‘കേപ് ഹോണർ’ എന്ന അപൂർവ ബഹുമതിക്കും അർഹയായി. സമുദ്രത്തിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായ കേപ് ഹോൺ തരണം ചെയ്യുന്നവർക്കാണ് ഈ ബഹുമതി ലഭിക്കുന്നത്.
​കായികരംഗത്തും മറ്റ് മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് തലമുറകൾക്ക് പ്രചോദനമായ ഈ വനിതകളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

​പ്രഖ്യാപന ചടങ്ങുകൾക്ക് ആവേശം പകരാൻ പ്രശസ്ത ഗായികമാരായ ഭദ്ര രജിനും നിത്യ മാമ്മനും നയിച്ച സംഗീത നിശ അരങ്ങേറി. ഇരുവരുടെയും തത്സമയ ബാൻഡ് പ്രകടനം കാര്യവട്ടം സ്റ്റേഡിയത്തിലെ സായാഹ്നത്തെ അവിസ്മരണീയമാക്കി. സംഗീതത്തിന്റെ ആരവങ്ങൾക്കിടയിലാണ് കേരള വനിതാ ക്രിക്കറ്റിന്റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത്.

​“കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നൽകും. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെ.സി.എ പ്രതിജ്ഞാബദ്ധമാണ് ” – കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

​”സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിന് ശക്തമായ ഒരു അടിത്തറയും വളർച്ചയ്ക്കുള്ള അവസരങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. കെ.സി.എൽ മാതൃകയിൽ, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു ‘പ്ലെയർ ഓക്ഷൻ’ നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും,” -കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

​കളിക്കളത്തിൽ മാത്രമല്ല, ഭരണതലത്തിലും വനിതാ ശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യയിൽ സി.ഇ.ഒയും സി.എഫ്.ഒയും വനിതയായിട്ടുള്ള ഏക ക്രിക്കറ്റ് അസോസിയേഷൻ എന്ന ബഹുമതിയും കെ.സി.എക്ക് സ്വന്തമാണ്. മിനു ചിദംബരമാണ് ഈ പദവികൾ വഹിക്കുന്ന വനിത.

​ പരിധികളില്ലാതെ വനിതകൾക്ക് മുന്നേറാനും, പ്രചോദിപ്പിക്കാനും, നേതൃത്വം നൽകാനും സാധിക്കുന്ന ഒരു ഭാവിയാണ് വനിതാ ക്രിക്കറ്റ് ലീഗിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതോടെ, ഈ പുതിയ സംരംഭം കേരളത്തിലെ വനിതാ ക്രിക്കറ്റിന് ഒരു പുതിയ അധ്യായം കുറിക്കുമെന്നുറപ്പാണ്.

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ

കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസിഎല്ലിൻ്റെ ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ കൊല്ലം സെയിലേഴ്സാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ എതിരാളി. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിയ്ക്കായി ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടിയ കാലിക്കറ്റ്, കൊച്ചിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ ആഞ്ഞടിച്ച കൊച്ചിയുടെ ഇന്നിങ്സ് ഇടയ്ക്ക് മന്ദഗതിയിലായി. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും കൂറ്റൻ ഷോട്ടുകൾ വന്നതോടെ മികച്ചൊരു ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. വിനൂപ് മനോഹരനൊപ്പം കൊച്ചിയ്ക്ക് വേണ്ടി ഇന്നിങ്സ് തുറന്നത് വിപുൽ ശക്തിയായിരുന്നു. രണ്ടാം ഓവറിൽ അൻഫലിനെതിരെ തുടരെ നാല് ഫോറുകൾ നേടിയാണ് വിപുൽ കൊച്ചിയുടെ സ്കോറിങ്ങിന് തുടക്കമിട്ടത്. എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും പുറത്താക്കി മനു കൃഷ്ണൻ കാലിക്കറ്റിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. വിനൂപ് 16ഉം മൊഹമ്മദ് ഷാനു ഒരുണ്ണെടുത്തും മടങ്ങി.

പത്താം ഓവറിൽ കൊച്ചിയ്ക്ക് വീണ്ടും രണ്ട് വിക്കറ്റുകൾ നഷ്ടമായി. 37 റൺസെടുത്ത വിപുൽ ശക്തിയെയും സാലി സാംസനെയും ഹരികൃഷ്ണൻ മടക്കി. തുടർന്ന് അജീഷിനും മൊഹമ്മദ് ആഷിക്കിനുമൊപ്പം നിഖിൽ തോട്ടത്തിൻ്റെ കൂട്ടുകെട്ടുകളാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. അജീഷ് 20 പന്തുകളിൽ 24ഉം, മൊഹമ്മദ് ആഷിഖ് പത്ത് പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റൺസും നേടി.36 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 64 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി മനു കൃഷ്ണനും ഇബ്നുൾ അഫ്താബും ഹരികൃഷ്ണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒൻപത് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 12 പന്തുകളിൽ 23 റൺസ് നേടിയ അമീർഷായെ കെ എം ആസിഫ് ക്ലീൻ ബൌൾഡാക്കി. വൈകാതെ 15 റൺസുമായി അജ്നാസും മടങ്ങി. അഖിൽ സ്കറിയയും അൻഫലും ചേർന്ന് നാലാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13ആം ഓവറിൽ അൻഫലിനെയും സച്ചിൻ സുരേഷിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് കളിയുടെ ഗതി കൊച്ചിയ്ക്ക് അനുകൂലമാക്കി.

തുടർന്നെത്തിയ കൃഷ്ണദേവൻ പതിവു പോലെ തകർത്തടിച്ച് മുന്നേറി. 13 പന്തുകളിൽ നിന്ന് 26 റൺസ് നേടിയ കൃഷ്ണദേവൻ ഒരു ഘട്ടത്തിൽ കൊച്ചി ആരാധകരുടെ സമ്മർദ്ദമുയർത്തി. എന്നാൽ ടീമിന് നിർണ്ണായക വഴിത്തിരിവൊരുക്കി മൊഹമ്മദ് ആഷിഖ് വീണ്ടും
രംഗത്തെത്തി. ബൌണ്ടറിക്കരികിൽ നിന്നുള്ള ആഷിഖിൻ്റെ ഡയറക്ട് ത്രോയിൽ കൃഷ്ണദേവൻ റണ്ണൌട്ടാകുമ്പോൾ കൊച്ചിയ്ക്ക് വിജയത്തിലേക്കുള്ള വഴിയൊരുങ്ങി. ഇരുപതാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്സും നേടിയ അഖിൽ സ്കറിയ അവസാനം വരെ പോരാടിയെങ്കിലും കാലിക്കറ്റിൻ്റെ മറുപടി 171 അവസാനിച്ചു. 37 പന്തുകളിൽ 72 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ആഷിഖാണ് കൊച്ചി ബൌളിങ് നിരയിൽ തിളങ്ങിയത്.

തൃശൂരിനെ പത്ത് വിക്കറ്റിന് തകർത്ത് കൊല്ലം ഫൈനലിൽ

ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിൻ്റെ ആധികാരിക വിജയവുമായി കൊല്ലം സെയിലേഴ്സ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കൊല്ലം ഫൈനലിലെത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 17.1 ഓവറിൽ 86 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം പത്താം ഓവറിൽ ലക്ഷ്യത്തിലെത്തി. അമൽ എ ജിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

തൃശൂർ ബാറ്റിങ് നിരയ്ക് എല്ലാം പിഴച്ചൊരു ദിവസം. മറുവശത്ത് അവസരങ്ങളെല്ലാം മുതലാക്കി കൊല്ലം സെയിലേഴ്സും. ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നിൻ്റെ അവിശ്വസനീയമായ തകർച്ചയ്ക്കായിരുന്നു സെമി ഫൈനൽ സാക്ഷ്യം വഹിച്ചത്. ആദ്യ വിക്കറ്റ് തന്നെ ഭാഗ്യം തൃശൂരിനൊപ്പമല്ലെന്ന സൂചന നല്കി. അഹ്മദ് ഇമ്രാൻ്റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത്, ദേഹത്ത് തട്ടിയുരുണ്ട് നീങ്ങി സ്റ്റമ്പിലേക്ക്. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാൻ്റെ മടക്കം. അടുത്തത് ക്യാപ്റ്റൻ ഷോൺ റോജറുടെ ഊഴമായിരുന്നു. ഒരു ബൌണ്ടറിയോടെ തുടക്കമിട്ട ഷോൺ റോജറെ എ ജി അമലാണ് പുറത്താക്കിയത്. നിലയുറപ്പിച്ചെന്ന് തോന്നിച്ച ആനന്ദ് കൃഷ്ണനും ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താകുമ്പോൾ തൃശൂരിൻ്റെ തകർച്ചയുടെ തുടക്കമായി. അഹ്മദ് ഇമ്രാൻ 13ഉം ആനന്ദ് കൃഷ്ണൻ 23ഉം ഷോൺ റോജർ ഏഴു റൺസുമായിരുന്നു നേടിയത്.

അക്ഷയ് മനോഹർ, അജു പൌലോസ്, സിബിൻ ഗിരീഷ്, എ കെ അർജുൻ, വരുൺ നായനാർ. കരുത്തന്മാരടങ്ങുന്ന തൃശൂരിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇമ്രാനും ആനന്ദ് കൃഷ്ണനുമൊഴികെ ആർക്കും രണ്ടക്കം പോലും കടക്കാനായില്ല. കൊല്ലത്തിൻ്റെ ബൌളർമാർ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡിങ്ങുമായി ടീമൊന്നാകെ പിന്തുണ നല്കി. പവൻ രാജ്, എ ജി അമൽ, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിൻ്റെ ബൌളിങ് നിരയ്ക്കായില്ല. കരുതലോടെ തുടങ്ങിയ കൊല്ലത്തിൻ്റെ ഓപ്പണർമാർ പിന്നീട് മികച്ച ഷോട്ടുകളിലൂടെ അനായാസം റണ്ണുയർത്തി. ഭരത് സൂര്യ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ മറുവശത്ത് അഭിഷേക് ജെ നായർ മികച്ച പിന്തുണ നല്കി. 31 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 56 റൺസായിരുന്നു ഭരത് സൂര്യ നേടിയത്. അഭിഷേക് ജെ നായർ 28 പന്തുകളിൽ നിന്ന് 32 റൺസും നേടി.

സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്; ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മിൽ

കെസിഎല്ലിൻ്റെ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിയിൽ തൃശൂർ ടൈറ്റൻസ് കൊല്ലം സെയിലേഴ്സിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെയും നേരിടും.

10 മല്സരങ്ങളിൽ നിന്ന് ആറ് വിജയമടക്കം 12 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരാണ് തൃശൂർ.അഞ്ച് വിജയങ്ങളടക്കം 10 പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്തും. സെമിയിലെ ആദ്യ മല്സരം ബാറ്റിങ് കരുത്തിൻ്റെ പോരാട്ടമായി കൂടി വിശേഷിപ്പിക്കാം. ടൂർണ്ണമെൻ്റിൻ്റെ ആദ്യ പകുതിയിൽ ഏറ്റവും മികച്ച് നിന്ന് ബാറ്റിങ് നിരകളിലൊന്നായിരുന്നു തൃശൂരിൻ്റേത്. അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല ഫോമായിരുന്നു ഇതിൽ നിർണ്ണായകമായത്. അവസാന മല്സരങ്ങളിൽ ആനന്ദ് കൃഷ്ണൻ ഷോൺ റോജർ, അർജുൻ എ കെ തുടങ്ങിയ താരങ്ങളും ഫോമിലേക്ക് ഉയർന്നത് തൃശൂരിന് പ്രതീക്ഷയാണ്. സിബിൻ ഗിരീഷും ആദിത്യ വിനോദും അടങ്ങുന്ന ബൌളിങ് നിരയും ശക്തമാണ്. ടൂർണ്ണമെൻ്റിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സിബിൻ. മറുവശത്ത് മികച്ച ബാറ്റിങ് നിരയാണ് കൊല്ലത്തിൻ്റെയും കരുത്ത്. സച്ചിൻ ബേബിയും വിഷ്ണു വിനോദും, അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും അടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് ഉയർന്നാൽ കൊല്ലത്തെ പിടിച്ചു കെട്ടുക എതിരാളികൾക്ക് ബുദ്ധിമുട്ടാകും. ഷറഫുദ്ദീനും വിജയ് വിശ്വനാഥും, എം എസ് അഖിലുമടങ്ങുന്ന ഓൾ റൌണ്ട് മികവും കൊല്ലത്തിൻ്റെ കരുത്താണ്. ഈ സീസണിൽ ടൂർണ്ണമെൻ്റിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് മല്സരങ്ങളിലും കൊല്ലത്തിനായിരുന്നു വിജയം. ആദ്യ മല്സരത്തിൽ എട്ട് വിക്കറ്റിൻ്റെ ആധികാരിക വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മല്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിജയം.

രണ്ടാം സെമിയിൽ കൊച്ചിയുടെ എതിരാളി കാലിക്കറ്റാണ്. ടൂർണ്ണമെൻ്റിൽ കളിച്ച പത്ത് മല്സരങ്ങളിൽ എട്ടിലും ജയിച്ച് 16 പോയിൻ്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊച്ചി സെമിയിലെത്തിയത്. സഞ്ജു സാംസൻ്റെ സാന്നിധ്യമായിരുന്നു ടീമിൻ്റെ പ്രധാന കരുത്ത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സെമിയുലുണ്ടാകില്ല. എന്നാൽ സഞ്ജുവിൻ്റെ അസാന്നിധ്യത്തിലും കഴിഞ്ഞ മല്സരങ്ങളിൽ ജയിച്ചു മുന്നേറാനായത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും അടക്കമുള്ള കരുത്തർക്കൊപ്പം മൊഹമ്മദ് ആഷിഖും, ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും ജെറിൻ പിഎസുമടക്കമുള്ള ഓൾ റൌണ്ട് മികവും കൊച്ചിയുടെ കരുത്താണ്. കെ എം ആസിഫ് നേതൃത്വം നല്കുന്ന ബൌളിങ് നിരയും ശക്തും. മറുവശത്ത് സൽമാൻ നിസാറിൻ്റെ അഭാവം കാലിക്കറ്റിൻ്റെയും നഷ്ടമാണ്. എന്നാൽ രോഹൻ കുന്നുമ്മലും കൃഷ്ണദേവനും അൻഫലും അജ്നാസും അടങ്ങുന്ന ബാറ്റിങ് നിരയും അഖിൽ സ്കറിയയുടെ ഓൾ റൌണ്ട് മികവും ചേരുമ്പോൾ കൊച്ചിക്ക് കടുത്ത എതിരാളികൾ തന്നെയാണ് കാലിക്കറ്റ്.

Exit mobile version