രഞ്ജി ട്രോഫി ഫൈനൽ; കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം കേരളത്തിന് മികച്ച തുടക്കം. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. ഇപ്പോൾ 38 റൺസുമായി മലേവാറും 24 റൺസുമായി കരുൺ നായറുമാണ് ക്രീസിൽ ഉള്ളത്‌

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ, ആദ്യ ദിനം ജമ്മു & കശ്മീരിനെ വിറപ്പിച്ച് കേരള ബൗളിംഗ്

പുണെ, ഫെബ്രുവരി 8: പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ ആദ്യ ദിനം 86 ഓവറുകൾ പിന്നിട്ടപ്പോൾ ജമ്മു കാശ്മീർ 228/8 എന്ന നിലയിൽ ആദ്യ ദിനം അവസാനിപ്പിച്ചു.

നിധീഷ് എംഡി കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് വിക്കറ്റ് നേടി ജമ്മി ബാറ്റിംഗ് തകർക്കാൻ നിധീഷിനായി. 5/56 എന്നതാണ് നിധീഷിന്റെ ഇന്നത്തെ ബൗളിംഗ് സ്റ്റാറ്റ്സ്. ബേസിൽ തമ്പിയും എ എ സർവാതെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ജമ്മു & കശ്മീർ ടീമിനായി, കനയ്യ വാധവൻ (80 പന്തിൽ 48), ലോൺ നാസിർ മുസാഫർ (97 പന്തിൽ 44), സാഹിൽ ലോത്ര (125 പന്തിൽ 35) എന്നിവർ ചില ചെറുത്തുനിൽപ്പുകൾ നടത്തി. എന്നിരുന്നാലും, നിർണായക നിമിഷങ്ങളിൽ ടീം വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു, ഇത് ശക്തമായ സ്കോർ സൃഷ്ടിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു.

രണ്ടാം ദിവസം യുധ്വീർ സിംഗ് (17), ഔഖിബ് നബി (5) എന്നിവർ ഇന്നിംഗ്സ് പുനരാരംഭിക്കും, ജമ്മു കശ്മീരിനെ 250നു മുന്നെ ഒതുക്കുക ആകും കേരളത്തിന്റെ ലക്ഷ്യം.

അഞ്ച് വിക്കറ്റുമായി നിധീഷ്! മധ്യപ്രദേശിനെ 160 റൺസിന് പുറത്താക്കി കേരളം ശക്തമായ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്.

രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൌളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻ നിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. ഓപ്പണർ ഹർഷ് ഗാവ്ലിയെയും രജത് പട്ടീദാറിനെയും ഒരേയോവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്തു.

ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ച് നിന്ന ശുഭം ശർമ്മയാണ് വലിയൊരു തകർച്ചയിൽ നിന്ന് മധ്യപ്രദേശിനെ കയകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമ്മയാണ് മധ്യപ്രദേശിൻ്റെ ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ 42 റൺസെടുത്തു. പരിക്കേറ്റ് കളം വിട്ട വെങ്കടേഷ് അയ്യർ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസിൽ എൻ പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് 22ഉം രോഹൻ 25ഉം റൺസ് നേടി ക്രീസിലുണ്ട്.

നിധീഷിന് 5, ബേസിൽ തമ്പിയ്ക്ക് 4, ഗുജറാത്ത് 388 റൺസിന് ഓൾഔട്ട്

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരള ബൗളര്‍മാരുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ദിവസം 334/6 എന്ന നിലയിൽ പുനരാരംഭിച്ച ശേഷം ഗുജറാത്തിനെ 388 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു കേരളം.

ഹെത് പട്ടേൽ 185 റൺസ് നേടി പുറത്തായപ്പോള്‍ കേരളത്തിനായി നിധീഷ് എംഡി 5 വിക്കറ്റും ബേസിൽ തമ്പി നാല് വിക്കറ്റും നേടി. ഇന്നലെ 33/4 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം ഹെത് പട്ടേൽ – കരൺ പട്ടേൽ കൂട്ടുകെട്ടാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

തുടക്കം തകര്‍ച്ചയോടെ, പിന്നെ തിരിച്ചുവരവ്!!! കേരളത്തിനെതിരെ ശക്തമായ നിലയിൽ ഗുജറാത്ത്

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഗുജറാത്ത്. ഇന്ന് ആരംഭിച്ച മത്സരത്തിൽ കേരളം ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 146 റൺസ് നേടിയ ഹെത് പട്ടേലും 120 റൺസ് നേടിയ കരൺ പട്ടേലുമാണ് കേരള ബൗളര്‍മാര്‍ക്ക് തിരിച്ചടി നല്‍കിയത്.

ഒരു ഘട്ടത്തിൽ 4/33 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഹെറ്റ് പട്ടേലും ഉമംഗും(24) ചേര്‍ന്നാണ് ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. 57 റൺസാണ് ഇരുവരും അഞ്ചാം വിക്കറ്റിൽ നേടിയത്.

പിന്നീട് കേരള ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലുള്ള ആഘോഷ നിമിഷവും നല്‍കാതെയാണ് ഗുജറാത്തിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് 234 റൺസ് നേടിയത്. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെ നിധീഷ് എംഡിയാണ് കരൺ പട്ടേലിനെ പുറത്താക്കിയത്.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 334/6 എന്ന നിലയിലാണ്. കേരളത്തിനായി നിധീഷ് എംഡി നാല് വിക്കറ്റ് നേടി.

തിളങ്ങിയത് ജയ് ബിസ്ടയും നേഗിയും മാത്രം, ഉത്തരാഖണ്ഡിനെ 224 റൺസിന് ഒതുക്കി കേരളം

നിധീഷ് എംഡിയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെ 224/9 എന്ന സ്കോറിൽ ഒതുക്കി കേരളം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡിനായി 93 റൺസ് നേടിയ ഓപ്പണറും ക്യാപ്റ്റനും ആണ് ജയ് ബിസ്ട ആണ് ടോപ് സ്കോറര്‍.

ഡി നേഗി 52 റൺസ് നേടിയപ്പോള്‍ ഹിമാന്‍ഷു ബിഷ്ട്(29), ദീപേഷ് നൈൽവാൽ(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കേരളത്തിനായി നിധീഷിന്റെ മൂന്ന് വിക്കറ്റിന് പുറമെ ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് നേടി.

ആവേശം അവസാന ഓവര്‍ വരെ, റെയില്‍വേസിനെതിരെ കേരളത്തിന് 7 റണ്‍സ് വിജയം

കേരളം നല്‍കിയ 352 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ റെയില്‍വേസ് മറികടക്കുമെന്നാണ് കരുതിയതെങ്കിലും നിധീഷ് എംഡിയുടെ ഓവറില്‍ അപകടകാരിയായ ഹര്‍ഷ് ത്യാഗി – അമിത് മിശ്ര കൂട്ടുകെട്ടിനെ തകര്‍ത്ത് 344 റണ്‍സിന് റെയില്‍വേസിനെ ഓള്‍ഔട്ട് ആക്കി കേരളം 7 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇന്ന് റെയില്‍വേസിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ടീമിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ റെയില്‍വേസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൃണാള്‍ ദേവ്ദര്‍(79) – അരിന്ദം ഘോഷ്(64) കൂട്ടുകെട്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് 117 റണ്‍സ് മൂന്നാം വിക്കറഅറില്‍ നേടിയെങ്കിലും അരിന്ദത്തെ പുറത്താക്കി സച്ചിന്‍ ബേബി മത്സരത്തില്‍ കേരളത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കി. അധികം വൈകാതെ ദിനേശ് മോറിനെയും സച്ചിന്‍ ബേബി പുറത്താക്കി. മൃണാള്‍ പുറത്താകുമ്പോള്‍ റെയില്‍വേസ് 30.3 ഓവറില്‍ 177/5 എന്ന നിലയിലായിരുന്നു.

പ്രധാന ബാറ്റ്സ്മാന്മാരെല്ലാം പുറത്തായെങ്കിലും പരാജയം സമ്മതിക്കാതെ റെയില്‍വേസ് പൊരുതുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. സൗരഭ് സിംഗ്(50), കരണ്‍ ശര്‍മ്മ(37) എന്നിവര്‍ റെയില്‍വേസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സൗരഭിനെ ബേസില്‍ എന്‍പി പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയെ ജലജ് സക്സേന മടക്കി. നിധീഷ് എംഡി പ്രദീപ് പോഞ്ഞാറിനെ പുറത്താക്കിയപ്പോള്‍ റെയില്‍വേസ് 285/5 എന്ന നിലയിലായിരുന്നു.

എന്നാല്‍ ഹര്‍ഷ് ത്യാഗിയും അമിത് മിശ്രയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാന്‍ തുടങ്ങിയപ്പോള്‍ കേരളം തോല്‍വി വഴങ്ങുമെന്നാണ് ഏവരും കരുതിയത്. ഹര്‍ഷ് ത്യാഗി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അമിത് മിശ്ര 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടി.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സായിരുന്നു റെയില്‍വേസിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും മൂന്നാം പന്തില്‍ അമിത് മിശ്രയെയും അടുത്ത പന്തില്‍ ഹര്‍ഷ് ത്യാഗിയെയും(58) നഷ്ടമായതോടെ റെയില്‍വേസ് ഇന്നിംഗ്സ് 49.4 ഓവറില്‍ 344 റണ്‍സില്‍ അവസാനിക്കുകായയിരുന്നു.

കേരളത്തിനായി നിധീഷ് മൂന്നും ശ്രീശാന്ത്, എന്‍പി ബേസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ മൂന്നാമത്തെ വിജയം ആണിത്.

കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും – ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍ ടീമുകളില്‍ വിതയ്ക്കുന്ന ഭീതി തന്നെയാണ് രഞ്ജിയില്‍ ഇപ്പോള്‍ ഈ ബൗളിംഗ് സഖ്യം കാഴ്ച വയ്ക്കുന്നത്. ഒപ്പം പിന്തുണയും ചിലപ്പോള്‍ ഇവരെ വെല്ലുന്ന പ്രകടനവുമായി നിധീഷം എംഡിയും. കരുത്താര്‍ന്ന പേസ് നിരയെയാണ് കേരളം വാര്‍ത്തെടുത്തിരിക്കുന്നത്. രഞ്ജിയില്‍ കേരളം തങ്ങളുടെ അഭിമാന നേട്ടം ഇപ്പോള്‍ തന്നെ കുറിച്ച് കഴിഞ്ഞു. ഇനി കിട്ടുന്നതെല്ലാം ബോണസ് ആണ് എന്നാലും ഫൈനലും കിരീടവും ഒരു ജനത മുഴുവന്‍ സ്വപ്നം കാണുന്നുണ്ട്.

Pic Credits: Kerala Cricket Associaion/FB

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെയും കൃഷ്ണഗിരിയില്‍ പേസ് ബൗളിംഗ് കരുത്തിലാണ് കേരളം വിജയിച്ചത്. സെമിയില്‍ കുറച്ച് കൂടി കരുത്തരായ എതിരാളികളാണ് വിദര്‍ഭ. കേരളത്തെ 106 റണ്‍സിനു പുറത്താക്കി കുതിയ്ക്കുകയായിരുന്നു വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍. കൂറ്റന്‍ ലീഡിലേക്ക് വിദര്‍ഭയെന്ന് എഴുതി തയ്യാറാക്കിയ പത്ര റിപ്പോര്‍ട്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിയ ബൗളിംഗ് പ്രകടനത്തിലൂടെയാണ് കേരളം രഞ്ജി ട്രോഫി സെമി മത്സരത്തിലേക്ക് തിരികെ വരുന്നത്.

170/2 എന്ന നിലയില്‍ 171/5 എന്ന നിലയിലേക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ വീണ വിദര്‍ഭയുടെ രണ്ടാം ദിവസത്തെ തുടക്കവും മോശമായിരുന്നു. ഒരു റണ്‍സ് കൂടി നേടുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകള്‍ കൂടി ടീമിനു നഷ്ടമായപ്പോള്‍ 2 റണ്‍സിനിടെ ടീമിനു നഷ്ടമായത് 5 വിക്കറ്റുകള്‍. വലിയ ലീഡില്‍ നിന്ന് ലീഡ് നൂറ് കടക്കുമോയെന്ന പരിഭ്രാന്തിയില്‍ വിദര്‍ഭ ക്യാമ്പ്.

എന്നാല്‍ വിദര്‍ഭയെ 100 റണ്‍സ് ലീഡ് കടക്കുവാന്‍ സഹായിച്ചു വാലറ്റം. ബൗളിംഗില്‍ ഏഴ് വിക്കറ്റ് നേടിയ ഉമേഷ് യാദവ് നിര്‍ണ്ണായകമായ 17 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും ടീം 208 റണ്‍സിനു പുറത്തായി. 102 റണ്‍സ് ലീഡ്. 300നു മേലെ ലീഡ് വിദര്‍ഭ നേടുമെന്ന് ഒരു ഘട്ടത്തില്‍ ഉറപ്പിച്ച ശേഷമാണ് കേരളത്തിന്റെ ഈ തിരിച്ചുവരവിനു പേസ് ബൗളര്‍മാരി വഴി പാകിയത്.

മത്സരം വിജയിക്കുമെന്ന് പറയാനൊന്നും ആയിട്ടില്ലെങ്കില്‍ കേരള ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാള്‍ വരും ദിവസങ്ങളില്‍ കേരള ക്രിക്കറ്റ് കാത്തിരിക്കുന്നത് ചരിത്ര നിമിഷം തന്നെയായിരിക്കും. അതേ, ചരിത്രത്തില്‍ ആദ്യമായി ഒരു രഞ്ജി ട്രോഫി ഫൈനല്‍.

കേരള ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിച്ച പിച്ചില്‍ മെച്ചപ്പെട്ട ബാറ്റിംഗുമായി വിദര്‍ഭ, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് കേരളം

കേരളത്തിനെതിരെ വലിയ സ്കോര്‍ നേടുവാനൊരുങ്ങി വിഭര്‍ഭ. ആദ്യ സെഷനില്‍ തന്നെ കേരളത്തിനു ചുരുട്ടിക്കെട്ടിയ ശേഷം വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ നിന്ന് 171/5 എന്ന നിലയിലാണ്. ഫൈസ് ഫസല്‍ 75 റണ്‍സ് നേടി പുറത്തായി. ഫസലിനെയും അഥര്‍വ ടൈഡേയെയും(23) സന്ദീപ് വാര്യര്‍ പുറത്താക്കിയപ്പോള്‍ നൈറ്റ് വാച്ച്മാന്‍ രജനീഷ് ഗുര്‍ബാനിയെ ബേസില്‍ തമ്പി പുറത്താക്കി. 65 റണ്‍സിന്റെ ലീഡാണ് വിഭര്‍ഭയുടെ കൈവശം ഇപ്പോളുള്ളത്.

ഒരു ഘട്ടത്തില്‍ 170/2 എന്ന നിലയിലായിരുന്നു എന്ന വിഭര്‍ഭയ്ക്ക് ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. വസീം ജാഫര്‍(34), സഞ്ജയ് രാമസ്വാമി(19) എന്നിവരാണ് പുറത്തായ താരങ്ങള്‍. സന്ദീപിനു നിധീഷ് എംഡിയ്ക്കും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു.

നാളെ നൂറ് റണ്‍സ് ലീഡിനു താഴെ വിദര്‍ഭയെ പുറത്താക്കാനായാല്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി മത്സരത്തില്‍ തിരിച്ചുവരവിനു ആവശ്യമുണ്ട്.

ഉമേഷ് യാദവിന്റെ 7 വിക്കറ്റ് നേട്ടമാണ് കേരളത്തിനെ 106 റണ്‍സില്‍ ഒതുക്കുവാന്‍ വിദര്‍ഭയെ സഹായിച്ചത്. രജനീഷ് ഗുര്‍ബാനി മൂന്ന് വിക്കറ്റും നേടി. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് പുറത്താകാതെ 37 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി.

 

23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എംഡി

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി, നിധീഷ് എംഡി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

വാലറ്റത്തില്‍ റൂഷ് കലാരിയയുടെ ചെറുത്ത് നില്പാണ് കേരളത്തിന്റെ വലിയ ലീഡെന്ന സ്വപ്നത്തെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ 107/7 എന്ന നിലയിലേക്ക് വീണ് ഗുജറാത്തിനെ റൂഷിന്റെ 36 റണ്‍സാണ് ലീഡ് 23 റണ്‍സ് മാത്രമായി ഒതുക്കുവാന്‍ സഹായിച്ചത്. 36 റണ്‍സ് നേടിയ റൂഷ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്.

97/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിനു ആദ്യം നഷ്ടമായത് റുജുല്‍ ഭട്ടിനെയായിരുന്നു. 14 റണ്‍സ് നേടിയ താരത്തിനെ സന്ദീപ് വാര്യര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ധ്രുവല്‍ റാവലിനെ(17) ബേസില്‍ തമ്പി പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേലിന്റെ അന്ത്യം സന്ദീപ് വാര്യറുടെ കൈകളിലായിരുന്നു.

എട്ടാം വിക്കറ്റില്‍ 30 റണ്‍സ് നേടി പിയൂഷ് ചൗളയും റൂഷ് കലാരിയയും ഗുജറാത്തിനു ജീവ വായു സമ്മാനിക്കുകയായിരുന്നു. ഗുജറാത്ത് ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റും വീഴ്ത്തി നിധീഷ് എംഡിയും കേരളത്തിനായി തിളങ്ങി.

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

കല്‍സി കസറി, ഹിമാച്ചല്‍ പൊരുതുന്നു, നാല് വിക്കറ്റ് സ്വന്തമാക്കി നിധീഷ്

സീസണിലെ അവസാന രഞ്ജി മത്സരത്തില്‍ കേരളത്തിന്റെ ആദ്യ പ്രഹരങ്ങളെ അതിജീവിച്ച് ഹിമാച്ചല്‍ പ്രദേശ്. 82/4 എന്ന നിലയിലേക്ക് വീണ ശേഷം മധ്യനിരയില്‍ അങ്കിത് കല്‍സിയും ഋഷി ധവാനും ചേര്‍ന്ന് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയും നിധീഷ് എംഡിയുടെ മികവില്‍ ആദ്യ പ്രഹരങ്ങള്‍ ഹിമാച്ചലിനു മേല്‍ ഏല്പിക്കുകയും ചെയ്ത ശേഷമാണ് എതിരാളികള്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഹിമാച്ചല്‍ 257/7 എന്ന നിലയിലാണ്. 58 റണ്‍സ് നേടിയ ഋഷി ധവാന്‍ പുറത്തായപ്പോള്‍ അങ്കിത് കല്‍സി 89 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. ഒപ്പം 11 റണ്‍സുമായി പങ്കജ് ജൈസ്വാല്‍ ക്രീസിലുണ്ട്. അമിത് കുമാര്‍(23), നിഖില്‍ ഗാംഗ്ട്ട(28) എന്നിവര്‍ക്കൊപ്പം പ്രശാന്ത് ചോപ്ര 23 റണ്‍സുമായി ഹിമാച്ചലിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി.

കേരളത്തിനു വേണ്ടി നിധീഷിന്റെ നാല് വിക്കറ്റിനു പുറമെ സന്ദീപ് വാര്യര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി.

Exit mobile version